വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്താണ്‌—ആത്മീയ പറുദീസ?

എന്താണ്‌—ആത്മീയ പറുദീസ?

എന്താണ്‌—ആത്മീയ പറുദീസ?

ബ്രസീലിലെ ഒരു ചെറിയ നഗരത്തിലാണു ഗൂസ്റ്റാവൂ വളർന്നത്‌. * ചെറുപ്പം മുതൽ അദ്ദേഹം പഠിച്ചിരുന്നത്‌ നല്ലയാളുകൾ മരണാനന്തരം സ്വർഗത്തിൽ പോകുമെന്നായിരുന്നു. വിശ്വസ്‌ത മനുഷ്യർ ഭൗമിക പറുദീസയിൽ പൂർണ ജീവൻ ആസ്വദിക്കുന്ന ഒരു കാലം വരുമെന്നതു സംബന്ധിച്ച ദൈവോദ്ദേശ്യത്തെ കുറിച്ച്‌ അദ്ദേഹത്തിന്‌ ഒന്നും അറിയില്ലായിരുന്നു. (വെളിപ്പാടു 21:​3-5) അദ്ദേഹത്തിന്‌ അറിഞ്ഞുകൂടാതിരുന്ന മറ്റൊരു കാര്യവുമുണ്ടായിരുന്നു​—⁠ഇപ്പോൾപ്പോലും തനിക്ക്‌ ഒരു ആത്മീയ പറുദീസയിൽ ആയിരിക്കാനാകും എന്നത്‌.

ആ ആത്മീയ പറുദീസയെ കുറിച്ചു നിങ്ങൾ എന്നെങ്കിലും കേട്ടിട്ടുണ്ടോ? അത്‌ എന്താണെന്നും അതിന്റെ ഭാഗമായിരിക്കാൻ എന്താണ്‌ ആവശ്യമായിരിക്കുന്നതെന്നും നിങ്ങൾക്ക്‌ അറിയാമോ? യഥാർഥ സന്തുഷ്ടി കണ്ടെത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും ആ പറുദീസയെ കുറിച്ച്‌ അറിയേണ്ടതുണ്ട്‌.

ആത്മീയ പറുദീസ കണ്ടെത്തൽ

ഇപ്പോൾപ്പോലും ഒരു വ്യക്തിക്കു പറുദീസയിൽ ജീവിക്കാനാകും എന്നത്‌ അയഥാർഥമായി തോന്നിയേക്കാം. തീർച്ചയായും ലോകം ഇന്ന്‌ ഒരു പറുദീസയല്ല. ഒരു പുരാതന എബ്രായ രാജാവിന്റെ പിൻവരുന്ന വാക്കുകൾ തങ്ങളുടെ ജീവിതാവസ്ഥയെ അതേപടി എടുത്തുകാട്ടുന്നു എന്ന്‌ അനേകർ സമ്മതിച്ചു പറയും: “പിന്നെയും ഞാൻ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്‌ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.” (സഭാപ്രസംഗി 4:1) കോടിക്കണക്കിന്‌ ആളുകൾ ഇന്ന്‌ അഴിമതി നിറഞ്ഞ രാഷ്‌ട്രീയ-മത-സാമ്പത്തിക വ്യവസ്ഥകളിൻ കീഴിൽ ബുദ്ധിമുട്ടുകൾ സഹിക്കുകയാണ്‌. അവർ ആശ്വാസത്തിനായി കാംക്ഷിക്കുന്നെങ്കിലും, അവർക്ക്‌ ആശ്വാസമേകാൻ ഒരു ആശ്വാസപ്രദൻ ഇല്ല. വേറെ ചിലർ നിത്യവൃത്തിക്കും കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നതിനും ജീവിതത്തിലെ മറ്റനേകം അത്യാവശ്യ കാര്യങ്ങൾക്കും വേണ്ടി പണം ഉണ്ടാക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നു. തങ്ങൾക്ക്‌ ഒരു “ആശ്വാസപ്രദൻ” ഉണ്ടായിരിക്കാൻ, ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന്‌ ആരെങ്കിലും തങ്ങളെ സഹായിക്കാൻ അവരും ആഗ്രഹിക്കുന്നു. അവരുടെയൊന്നും കാര്യത്തിൽ ജീവിതം ഒരുപ്രകാരത്തിലും പറുദീസാ തുല്യമല്ല.

അങ്ങനെയെങ്കിൽ, ആത്മീയ പറുദീസ എവിടെയാണ്‌? “പറുദീസ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌, എബ്രായ പദങ്ങൾക്ക്‌ വിശ്രമിക്കാനും ഉന്മേഷം വീണ്ടെടുക്കാനുമുള്ള സമാധാനപൂർണമായ ഒരു ഉദ്യാനം അഥവാ പൂന്തോട്ടം എന്ന അർഥമാണ്‌ ഉള്ളത്‌. ഭാവിയിൽ ഭൂമി അക്ഷരാർഥത്തിൽ ഒരു പറുദീസയായി, പാപരഹിതരായ മനുഷ്യവർഗത്തിനു വസിക്കാനുള്ള ഉദ്യാനതുല്യമായ ഒരു ഭവനം ആയിത്തീരുമെന്നു ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു. (സങ്കീർത്തനം 37:10, 11) ഈ വസ്‌തുത മനസ്സിൽ പിടിക്കുന്നെങ്കിൽ ആത്മീയ പറുദീസ എന്താണെന്നു വ്യക്തമാകും. അത്‌ മനസ്സിനു സുഖവും ആശ്വാസവും പ്രദാനം ചെയ്യുന്ന, സഹമനുഷ്യരുമായും ദൈവവുമായും സമാധാനം ആസ്വദിക്കാൻ സാധിക്കുന്ന ഒരു അവസ്ഥയാണ്‌. ഇന്ന്‌ അത്തരമൊരു പറുദീസ നിലവിലുണ്ടെന്നു ഗൂസ്റ്റാവൂ കണ്ടെത്തി. അതിന്റെ ഭാഗമാകുന്നവരുടെ എണ്ണം വർധിച്ചുവരുകയുമാണ്‌.

ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ ആകണമെന്ന്‌ 12 വയസ്സുള്ളപ്പോൾ ഗൂസ്റ്റാവൂ തീരുമാനിച്ചു. മാതാപിതാക്കളുടെ സമ്മതത്തോടെ അദ്ദേഹം ഒരു സെമിനാരിയിൽ ചേർന്നു. അവിടെവെച്ച്‌ സംഗീത, നാടക പരിപാടികളിലും രാഷ്‌ട്രീയത്തിലുമൊക്കെ അദ്ദേഹം ഉൾപ്പെട്ടു. യുവജനങ്ങളെ ആകർഷിക്കുന്നതിനായി പള്ളി അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു പുരോഹിതൻ മറ്റുള്ളവർക്കായി ജീവിതം ഉഴിഞ്ഞുവെക്കണമെന്നും വിവാഹം കഴിക്കാൻ പാടില്ലെന്നും അദ്ദേഹത്തിന്‌ അറിയാമായിരുന്നു. എന്നാൽ, ഗൂസ്റ്റാവൂവിനു പരിചയമുണ്ടായിരുന്ന ചില പുരോഹിതന്മാരും സെമിനാരി അംഗങ്ങളും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അത്തരമൊരു ചുറ്റുപാടിൽ, താമസിയാതെ ഗൂസ്റ്റാവൂ അമിതമായി മദ്യപിക്കാൻ തുടങ്ങി. അദ്ദേഹം അപ്പോൾ ആത്മീയ പറുദീസ കണ്ടെത്തിയിരുന്നില്ല എന്നതു വ്യക്തം.

ഒരിക്കൽ ഗൂസ്റ്റാവൂ ഭൗമിക പറുദീസയെ കുറിച്ചു വിവരിച്ചിരിക്കുന്ന ഒരു ലഘുലേഖ വായിക്കാൻ ഇടയായി. ജീവിതത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചു ചിന്തിക്കാൻ അത്‌ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹം പറയുന്നതു ശ്രദ്ധിക്കൂ: “ഞാൻ പതിവായി ബൈബിൾ വായിക്കാൻ തുടങ്ങി. പക്ഷേ എനിക്കൊന്നും മനസ്സിലായില്ല. ദൈവത്തിന്‌ ഒരു പേരുണ്ടെന്നു പോലും എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല.” സെമിനാരി വിട്ടുപോയ അദ്ദേഹം യഹോവയുടെ സാക്ഷികളെ സമീപിച്ച്‌ ബൈബിൾ മനസ്സിലാക്കുന്നതിന്‌ സഹായം അഭ്യർഥിച്ചു. അതേത്തുടർന്ന്‌ അദ്ദേഹം പെട്ടെന്നു പുരോഗതി വരുത്തുകയും താമസിയാതെ തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കുകയും ചെയ്‌തു. അതേ, ഗൂസ്റ്റാവൂ ആത്മീയ പറുദീസയെ കുറിച്ചു പഠിക്കുകയായിരുന്നു.

ദൈവനാമത്തിനായി ഒരു ജനം

യഹോവ എന്ന ദൈവനാമം ഒരു ബൈബിൾ വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം താത്‌പര്യജനകമായ ഒരു പഠനവിഷയം മാത്രമല്ലെന്ന്‌ ഗൂസ്റ്റാവൂ മനസ്സിലാക്കി. (പുറപ്പാടു 6:3) അത്‌ സത്യാരാധനയുടെ കാതലായ ഒരു ഭാഗമാണ്‌. യേശു തന്റെ അനുഗാമികളെ ഇങ്ങനെ പ്രാർഥിക്കാൻ പഠിപ്പിച്ചു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9) ക്രിസ്‌ത്യാനികളായിത്തീർന്ന വിജാതീയരെ കുറിച്ച്‌ ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ പറഞ്ഞു: ‘ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ കടാക്ഷിച്ചു.’ (പ്രവൃത്തികൾ 15:14) ഒന്നാം നൂറ്റാണ്ടിൽ, ‘ദൈവനാമത്തിനായുള്ള ജനം’ ക്രിസ്‌തീയ സഭ ആയിരുന്നു. ഇന്ന്‌ ദൈവനാമത്തിനായുള്ള ഒരു ജനം ഉണ്ടോ? ഉവ്വ്‌, ആ ജനം യഹോവയുടെ സാക്ഷികളാണെന്നു ഗൂസ്റ്റാവൂ മനസ്സിലാക്കി.

ഇപ്പോൾ, 235 ദേശങ്ങളിൽ യഹോവയുടെ സാക്ഷികൾ പ്രവർത്തനനിരതരാണ്‌. 60 ലക്ഷത്തിലധികം വരുന്ന ആ ശുശ്രൂഷകരോടൊപ്പം താത്‌പര്യക്കാരായ 80 ലക്ഷം ആളുകൾ അവരുടെ യോഗങ്ങൾക്കു ഹാജരാകുന്നു. പരസ്യ ശുശ്രൂഷയ്‌ക്കു പരക്കെ അറിയപ്പെടുന്ന അവർ, യേശുവിന്റെ പിൻവരുന്ന വാക്കുകൾ നിവർത്തിക്കുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും.” (മത്തായി 24:14) യഹോവയുടെ സാക്ഷികളോടൊപ്പം സഹവസിക്കുന്നതിലൂടെ താൻ ആത്മീയ പറുദീസ കണ്ടെത്തിയെന്നു ഗൂസ്റ്റാവൂവിനു ബോധ്യം വന്നത്‌ എന്തുകൊണ്ടാണ്‌? അദ്ദേഹം പറയുന്നതു ശ്രദ്ധിക്കൂ: “ഞാൻ ലോകത്തിന്റെ ഭാഗമായിരിക്കെ, വിശേഷിച്ചും സെമിനാരിയിൽ ആയിരുന്നപ്പോൾ, കണ്ടിരുന്ന കാര്യങ്ങളും യഹോവയുടെ സാക്ഷികൾക്കിടയിൽ കണ്ട കാര്യങ്ങളും തമ്മിൽ താരതമ്യം ചെയ്‌തു നോക്കി. സാക്ഷികൾക്കിടയിലുള്ള സ്‌നേഹം​—⁠അതാണ്‌ അവരെ വ്യത്യസ്‌തരാക്കുന്ന പ്രമുഖ ഘടകം.”

വേറെ പലരും യഹോവയുടെ സാക്ഷികളെ കുറിച്ച്‌ സമാനമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്‌. ബ്രസീൽകാരിയായ മിരിയം എന്ന യുവതിയുടെ കാര്യമെടുക്കാം. അവൾ ഇങ്ങനെ പറഞ്ഞു: “സന്തോഷവതി ആയിരിക്കാൻ കഴിയുന്നത്‌ എങ്ങനെയെന്ന്‌ സ്വന്തം വീട്ടിൽ ആയിരിക്കുമ്പോൾ പോലും എനിക്ക്‌ അറിഞ്ഞുകൂടായിരുന്നു. സ്‌നേഹം പ്രവൃത്തിപഥത്തിൽ ആയിരിക്കുന്നത്‌ ഞാൻ ആദ്യമായി കണ്ടത്‌ യഹോവയുടെ സാക്ഷികൾക്കിടയിലാണ്‌.” ക്രിസ്റ്റ്യാൻ എന്ന ഒരു യുവാവ്‌ പറഞ്ഞു: “ചിലപ്പോഴൊക്കെ ഞാൻ ആത്മവിദ്യയിൽ ഏർപ്പെട്ടിരുന്നെങ്കിലും മതത്തിൽ എനിക്കു താത്‌പര്യമില്ലായിരുന്നു. അതിനെക്കാൾ എനിക്കു പ്രധാനപ്പെട്ടത്‌ സമൂഹത്തിലെ എന്റെ സ്ഥാനമാനങ്ങളും എൻജിനീയർ എന്ന നിലയിലുള്ള എന്റെ തൊഴിലുമായിരുന്നു. എന്നാൽ, എന്റെ ഭാര്യ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളിൽ മാറ്റങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. കൂടാതെ, അവളെ സന്ദർശിക്കാൻ എത്തിയിരുന്ന ക്രിസ്‌തീയ സ്‌ത്രീകളുടെ സന്തോഷവും ശുഷ്‌കാന്തിയും എന്നിൽ മതിപ്പുളവാക്കുകയും ചെയ്‌തു.” യഹോവയുടെ സാക്ഷികളെ കുറിച്ച്‌ ആളുകൾ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്താൻ കാരണമെന്താണ്‌?

എന്താണ്‌ ആത്മീയ പറുദീസ?

ബൈബിൾ പരിജ്ഞാനത്തോടുള്ള വിലമതിപ്പാണ്‌ യഹോവയുടെ സാക്ഷികളെ വ്യതിരിക്തരാക്കുന്ന ഒരു സംഗതി. ബൈബിൾ സത്യമാണെന്നും ദൈവവചനമാണെന്നും അവർ വിശ്വസിക്കുന്നു. തന്മൂലം, തങ്ങളുടെ മതത്തെ കുറിച്ചുള്ള വെറും അടിസ്ഥാന വിവരങ്ങൾ അറിയുന്നതുകൊണ്ട്‌ അവർ സംതൃപ്‌തരാകുന്നില്ല. വ്യക്തിഗത അധ്യയനത്തിനും ബൈബിൾ വായനയ്‌ക്കുമുള്ള തുടർച്ചയായ പരിപാടികൾ അവർക്കുണ്ട്‌. ഒരു വ്യക്തി യഹോവയുടെ സാക്ഷികളോടൊപ്പം എത്രയധികം കാലം സഹവസിക്കുന്നുവോ അത്രയധികമായി ദൈവത്തെയും അവന്റെ ഹിതത്തെയും കുറിച്ച്‌ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന അറിവ്‌ ആ വ്യക്തി നേടിയെടുക്കും.

അത്തരം പരിജ്ഞാനം, അന്ധവിശ്വാസങ്ങളും ഹാനികരമായ ആശയങ്ങളും പോലെ സന്തോഷം കവർന്നെടുക്കുന്ന കാര്യങ്ങളിൽനിന്ന്‌ യഹോവയുടെ സാക്ഷികളെ സ്വതന്ത്രരാക്കുന്നു. ‘സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കും’ എന്ന്‌ യേശു പറഞ്ഞു. അതു ശരിയാണെന്ന്‌ യഹോവയുടെ സാക്ഷികൾ കണ്ടെത്തുന്നു. (യോഹന്നാൻ 8:32) ഒരിക്കൽ ആത്മവിദ്യയിൽ ഏർപ്പെട്ടിരുന്ന ഫെർനാൻഡോ പറയുന്നു: “നിത്യജീവനെ കുറിച്ചു പഠിക്കാൻ കഴിഞ്ഞത്‌ എനിക്ക്‌ അത്യന്തം ആശ്വാസമേകി. എന്റെ മാതാപിതാക്കളിൽ ആരെങ്കിലുമോ ഞാനോ മരിച്ചുപോകുമെന്നുള്ള ഭയം എന്നെ സദാ ഗ്രസിച്ചിരുന്നു.” ആത്മലോകത്തെയും മരണാനന്തര ജീവിതമെന്നു പറയപ്പെടുന്ന കാര്യത്തെയും കുറിച്ചുള്ള ഭയത്തിൽനിന്ന്‌ ബൈബിൾ സത്യം ഫെർനാൻഡോയെ സ്വതന്ത്രനാക്കി.

ബൈബിളിൽ, ദൈവപരിജ്ഞാനം പറുദീസയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. പ്രവാചകനായ യെശയ്യാവ്‌ ഇങ്ങനെ പറഞ്ഞു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്‌കയില്ല.”​—⁠യെശയ്യാവു 11:⁠9.

യെശയ്യാവ്‌ മുൻകൂട്ടിപ്പറഞ്ഞ സമാധാനം കൈവരിക്കാൻ പരിജ്ഞാനം മാത്രം പോരാ. പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കേണ്ടതുണ്ട്‌. ഫെർനാൻഡോ പറയുന്നതു ശ്രദ്ധിക്കൂ: “ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തുമ്പോൾ ഒരു വ്യക്തി ആത്മീയ പറുദീസയ്‌ക്കു സംഭാവന ചെയ്യുകയാണ്‌.” പൗലൊസ്‌ അപ്പൊസ്‌തലന്റെ വാക്കുകളെ പരാമർശിക്കുകയായിരുന്നു ഫെർനാൻഡോ. ഒരു ക്രിസ്‌ത്യാനി നട്ടുവളർത്തേണ്ട നല്ല ഗുണങ്ങളെ പൗലൊസ്‌ ‘ആത്മാവിന്റെ ഫലങ്ങൾ’ എന്നു വിളിച്ചു. “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നിവയാണ്‌ ആ ഫലങ്ങൾ.​—⁠ഗലാത്യർ 5:22, 23.

അത്തരം ഗുണങ്ങൾ നട്ടുവളർത്താൻ കഠിനമായി ശ്രമിക്കുന്ന ഒരു ജനസമൂഹത്തോടൊത്തു സഹവസിക്കുന്നതിനെ ഒരു പറുദീസയിൽ ആയിരിക്കുന്നതിനോടു തുലനം ചെയ്യാൻ കഴിയുന്നത്‌ എങ്ങനെയെന്നു നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? പ്രവാചകനായ സെഫന്യാവു മുൻകൂട്ടിപ്പറഞ്ഞ ആത്മീയ പറുദീസ അത്തരം ആളുകളുടെ ഇടയിലാണു സ്ഥിതി ചെയ്യുന്നത്‌. സെഫന്യാവ്‌ ഇങ്ങനെ പറഞ്ഞു: ‘അവർ നീതികേടു പ്രവർത്തിക്കയില്ല; ഭോഷ്‌കുപറകയുമില്ല; ചതിവുള്ള നാവു അവരുടെ വായിൽ ഉണ്ടാകയില്ല; അവർ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.’​—⁠സെഫന്യാവു 3:⁠13.

സ്‌നേഹത്തിന്റെ സുപ്രധാന പങ്ക്‌

ആത്മാവിന്റെ ഫലങ്ങളുടെ കൂട്ടത്തിൽ പൗലൊസ്‌ ആദ്യം പരാമർശിച്ചത്‌ സ്‌നേഹത്തെയാണ്‌ എന്നതു നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ബൈബിൾ വളരെയധികം ഊന്നൽ നൽകുന്ന ഒരു ഗുണമാണ്‌ അത്‌. യേശു ആ ഗുണത്തെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) തീർച്ചയായും, യഹോവയുടെ സാക്ഷികൾ പൂർണരല്ല. യേശുവിന്റെ അപ്പൊസ്‌തലന്മാർക്കിടയിൽ ഉണ്ടായിരുന്നതു പോലെ അവർക്കിടയിലും ചിലപ്പോഴൊക്കെ വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉയർന്നുവരാറുണ്ട്‌. എങ്കിലും, അവർ വാസ്‌തവമായും അന്യോന്യം സ്‌നേഹിക്കുന്നു. ഈ ഗുണം നട്ടുവളർത്തവെ, പരിശുദ്ധാത്മാവിന്റെ സഹായത്തിനായി അവർ പ്രാർഥിക്കുന്നു.

അത്‌ അവർക്കിടയിലെ സഹവാസത്തെ അനുപമമാക്കുന്നു. വർഗീയ ചിന്താഗതിയോ ഭിന്നിപ്പിക്കുന്ന ദേശീയവാദമോ അവർക്കിടയിൽ ഇല്ല. വാസ്‌തവത്തിൽ, 20-ാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ വർഗീയ വെടിപ്പാക്കലും വംശഹത്യയും നടമാടിയ പ്രദേശങ്ങളിലെ സാക്ഷികൾ സ്വന്തം ജീവൻ പണയം വെച്ചുകൊണ്ടുപോലും പരസ്‌പരം സംരക്ഷണമേകി. “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു”ള്ളവർ ആണെങ്കിലും അവർക്കിടയിൽ ഐക്യം നിലകൊള്ളുന്നു. നേരിട്ട്‌ അനുഭവിച്ചറിഞ്ഞാൽ മാത്രമേ ആ ഐക്യം എന്താണെന്നു നിങ്ങൾക്കു മനസ്സിലാകൂ.​—⁠വെളിപ്പാടു 7:⁠9.

ദൈവഹിതം ചെയ്യുന്നവർക്കിടയിലെ പറുദീസ

ആത്മീയ പറുദീസയിൽ അത്യാഗ്രഹത്തിനും അധാർമികതയ്‌ക്കും സ്വാർഥതയ്‌ക്കും തെല്ലും സ്ഥാനമില്ല. ക്രിസ്‌ത്യാനികൾക്ക്‌ ഈ ഉദ്‌ബോധനം ലഭിച്ചിരിക്കുന്നു: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:2) ശുദ്ധമായ ധാർമിക ജീവിതം നയിക്കുകയും മറ്റു വിധങ്ങളിൽ ദൈവഹിതം അനുഷ്‌ഠിക്കുകയും ചെയ്യുമ്പോൾ ആത്മീയ പറുദീസ കെട്ടുപണി ചെയ്യുന്നതിനു നാം സഹായിക്കുകയാണു ചെയ്യുന്നത്‌. ക്രമത്തിൽ അത്‌ നമ്മുടെ സന്തുഷ്ടിക്കു സംഭാവന ചെയ്യുന്നു. തന്റെ കാര്യത്തിൽ അതു വാസ്‌തവമെന്നു കാർള മനസ്സിലാക്കി. അവർ പറയുന്നു: “സ്വന്തം കാലിൽ നിൽക്കുന്നതിനു കഠിനമായി അധ്വാനിക്കാൻ ഡാഡി എന്നെ പഠിപ്പിച്ചു. സർവകലാശാലാ വിദ്യാഭ്യാസം എനിക്ക്‌ ഒരു പരിധിവരെ സുരക്ഷിതത്വ ബോധം നൽകിയിരുന്നെങ്കിലും ദൈവവചനത്തിലെ പരിജ്ഞാനത്തിലൂടെ മാത്രം ലഭിക്കുന്ന കുടുംബ ഐക്യവും സുരക്ഷിതത്വവും എനിക്ക്‌ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല.”

ആത്മീയ പറുദീസ ആസ്വദിക്കുന്നതിന്റെ അർഥം ജീവിതത്തിൽ ശാരീരികമോ ഭൗതികമോ ആയ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നല്ല. ക്രിസ്‌ത്യാനികൾക്കു രോഗങ്ങൾ പിടിപെടുന്നു. അവർ വസിക്കുന്ന രാഷ്‌ട്രത്തിൽ ഒരുപക്ഷേ ആഭ്യന്തരയുദ്ധം നടക്കുന്നുണ്ടാകും. പലരും പട്ടിണിക്ക്‌ ഇരയാകുന്നു. എങ്കിലും, യഹോവയാം ദൈവവുമായി ഉറ്റ ബന്ധം ഉള്ളതിനാൽ​—⁠അത്‌ ആത്മീയ പറുദീസയുടെ അനിവാര്യ ഘടകമാണ്‌​—⁠പിന്തുണയ്‌ക്കായി നമുക്ക്‌ അവനിലേക്കു നോക്കാൻ കഴിയും. വാസ്‌തവത്തിൽ, ‘നമ്മുടെ ഭാരം അവന്റെമേൽ വെക്കുന്നതിന്‌’ അവൻ നമ്മെ ക്ഷണിക്കുന്നു. അങ്ങേയറ്റം ദുഷ്‌കരമായ സാഹചര്യങ്ങളിലും അത്ഭുതകരമായ വിധത്തിൽ അവൻ പിന്തുണ നൽകിയിരിക്കുന്നതിന്റെ അനുഭവങ്ങൾ പറയാൻ അനേകർക്കും കഴിയും. (സങ്കീർത്തനം 55:22; 86:​16, 17) “കൂരിരുൾതാഴ്‌വരയിൽ” പോലും തന്റെ ആരാധകരോടൊപ്പം ഉണ്ടായിരിക്കുമെന്നു ദൈവം വാഗ്‌ദാനം ചെയ്യുന്നു. (സങ്കീർത്തനം 23:4) നമ്മെ പിന്തുണയ്‌ക്കാനുള്ള ദൈവത്തിന്റെ സന്നദ്ധതയിൽ ഉറച്ച വിശ്വാസമുണ്ടായിരിക്കുന്നത്‌ “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം” ആസ്വദിക്കാൻ നമ്മെ സഹായിക്കും, ആത്മീയ പറുദീസയ്‌ക്ക്‌ അനിവാര്യമായ ഘടകമാണത്‌.​—⁠ഫിലിപ്പിയർ 4:⁠7.

ആത്മീയ പറുദീസയെ പരിപാലിക്കാൻ സഹായിക്കൽ

ഒരു ഉദ്യാനമോ പൂന്തോട്ടമോ സന്ദർശിക്കുന്നതു മിക്കവരും ആസ്വദിക്കുന്ന കാര്യമാണ്‌. അതിലൂടെ നടക്കുകയോ അവിടെയുള്ള ഒരു ബഞ്ചിൽ ഇരിക്കുകയോ ചെയ്‌തുകൊണ്ട്‌ ചുറ്റുമുള്ള മനോഹാരിത നുകരാൻ അവർ ആഗ്രഹിക്കുന്നു. സമാനമായ വിധത്തിൽ, പലരും യഹോവയുടെ സാക്ഷികളോടൊപ്പമുള്ള സഹവാസം ആസ്വദിക്കുന്നു. അതു നവോന്മേഷപ്രദവും സമാധാനപൂർണവും സുഖകരവുമാണെന്ന്‌ അവർ കണ്ടെത്തുന്നു. എന്നിരുന്നാലും, മനോഹരമായ ഒരു ഉദ്യാനം തുടർന്നും അതേ സ്ഥിതിയിൽ ആയിരിക്കുന്നതിന്‌ അതു നന്നായി പരിപാലിക്കേണ്ടതുണ്ട്‌. സമാനമായി, പറുദീസയുടെ ലാഞ്‌ഛനംപോലും ഏൽക്കാത്ത ഈ ലോകത്തിൽ ആത്മീയ പറുദീസ നിലവിലിരിക്കുന്നത്‌ യഹോവയുടെ സാക്ഷികൾ അതു നട്ടുവളർത്തുകയും ദൈവം അവരുടെ ശ്രമങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രമാണ്‌. അങ്ങനെയെങ്കിൽ, ആ പറുദീസയുടെ പുരോഗമനത്തിനുവേണ്ടി ഒരുവന്‌ അർഥവത്തായ വിധത്തിൽ എന്തു ചെയ്യാനാകും?

ഒന്നാമതായി, നിങ്ങൾ യഹോവയുടെ സാക്ഷികളുടെ ഒരു സഭയുമായി സഹവസിക്കുകയും അവരോടൊത്തു ബൈബിൾ പഠിക്കുകയും ആത്മീയ പറുദീസയ്‌ക്ക്‌ അടിസ്ഥാനമായിരിക്കുന്ന ബൈബിൾ പരിജ്ഞാനം സമ്പാദിക്കുകയും ചെയ്യുക. കാർള ഇങ്ങനെ പറയുന്നു: “ആത്മീയ ഭക്ഷണമില്ലാതെ ആത്മീയ പറുദീസയില്ല.” പതിവായി ദൈവവചനം വായിക്കുന്നതും അതേക്കുറിച്ചു ചിന്തിക്കുന്നതും അതിൽ ഉൾപ്പെടുന്നു. അപ്രകാരം നേടുന്ന അറിവ്‌ നിങ്ങളെ യഹോവയാം ദൈവത്തിലേക്ക്‌ അടുപ്പിക്കുന്നു, അങ്ങനെ നിങ്ങൾ അവനെ സ്‌നേഹിക്കാൻ ഇടയാകുന്നു. പ്രാർഥനയിൽ അവനോടു സംസാരിക്കുന്നതിനും അവന്റെ ഹിതം ചെയ്യുന്നതിൽ നിങ്ങളെ പിന്തുണയ്‌ക്കാൻ അവന്റെ മാർഗനിർദേശത്തിനും ആത്‌മാവിനും വേണ്ടി യാചിക്കുന്നതിനും നിങ്ങൾ പഠിക്കും. പ്രാർഥനയിൽ ഉറ്റിരിക്കാൻ യേശു നമ്മോടു പറഞ്ഞു. (ലൂക്കൊസ്‌ 11:9-13) “ഇടവിടാതെ പ്രാർത്ഥിപ്പിൻ” എന്നു പൗലൊസ്‌ അപ്പൊസ്‌തലൻ ഉദ്‌ബോധിപ്പിച്ചു. (1 തെസ്സലൊനീക്യർ 5:17) നിങ്ങളുടെ അപേക്ഷ ദൈവം കൈക്കൊള്ളുന്നു എന്ന പൂർണ വിശ്വാസത്തോടെ പ്രാർഥനയിൽ അവനോടു സംസാരിക്കാനുള്ള പദവി ആത്മീയ പറുദീസയുടെ ഒരു സവിശേഷതയാണ്‌.

സമയം കടന്നുപോകവെ, പഠിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തും. ക്രമേണ, അതേക്കുറിച്ചു മറ്റുള്ളവരോടു പറയാൻ നിങ്ങൾ ആഗ്രഹിക്കും. അപ്പോൾ നിങ്ങൾ യേശുവിന്റെ പിൻവരുന്ന കൽപ്പന പിൻപറ്റാൻ പ്രാപ്‌തരായിരിക്കും: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:16) യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള അറിവ്‌ മറ്റുള്ളവരുമായി പങ്കിടുന്നതും അവർ ഇരുവരും മനുഷ്യവർഗത്തോടു കാണിച്ചിരിക്കുന്ന സ്‌നേഹത്തെ പ്രകീർത്തിക്കുന്നതും അത്യന്തം സന്തുഷ്ടി കൈവരുത്തുന്നു.

മുഴു ഭൂമിയും ഒരു അക്ഷരീയ പറുദീസ​—⁠വിശ്വസ്‌ത മനുഷ്യവർഗത്തിന്‌ അനുയോജ്യമായ മലിനീകരണമില്ലാത്ത, ഉദ്യാനതുല്യമായ ഒരു ഭവനം​—⁠ആയിത്തീരുന്നതിനുള്ള സമയം സമീപിച്ചിരിക്കുന്നു. ഈ “ദുർഘടസമയങ്ങ”ളിൽ ഒരു ആത്മീയ പറുദീസ നിലവിലുണ്ടെന്ന വസ്‌തുത ദൈവത്തിന്റെ ശക്തിയുടെ തെളിവാണ്‌. ഭാവിയിൽ ദൈവത്തിന്‌ എന്തു ചെയ്യാൻ കഴിയുമെന്നും അവൻ എന്തു ചെയ്യുമെന്നും ഉള്ളതിന്റെ ഒരു പൂർവവീക്ഷണവുമാണത്‌.​—⁠2 തിമൊഥെയൊസ്‌ 3:⁠1.

ഇപ്പോൾപ്പോലും, ആത്മീയ പറുദീസ ആസ്വദിക്കുന്നവർ യെശയ്യാവു 49:​10-ന്റെ ആത്മീയ നിവൃത്തി അനുഭവിക്കുന്നുണ്ട്‌. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.” ഴൂസെ ആ സത്യത്തിനു സാക്ഷ്യം വഹിക്കുന്നു. ഒരു സംഗീതജ്ഞൻ എന്ന നിലയിൽ പ്രശസ്‌തനാകാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ, ക്രിസ്‌തീയ സഭയോടൊത്തു സേവിക്കുന്നതിൽ അദ്ദേഹം കൂടുതൽ സംതൃപ്‌തി കണ്ടെത്തി. “ഞാൻ ഇപ്പോൾ അർഥപൂർണമായ ജീവിതം ആസ്വദിക്കുന്നു. ക്രിസ്‌തീയ സഹോദരവർഗത്തോടൊപ്പം ആയിരിക്കുന്നതിനാൽ എനിക്കു സുരക്ഷിതത്വം തോന്നുന്നു. നമുക്ക്‌ ആശ്രയം വെക്കാവുന്ന സ്‌നേഹനിധിയായ പിതാവാണ്‌ യഹോവയെന്നു ഞാൻ മനസ്സിലാക്കുന്നു. ഴൂസെയും അദ്ദേഹത്തെ പോലെയുള്ള മറ്റു ദശലക്ഷക്കണക്കിന്‌ ആളുകളും അനുഭവിക്കുന്ന സന്തോഷം സങ്കീർത്തനം 64:​10-ൽ നന്നായി വർണിച്ചിരിക്കുന്നു: “നീതിമാൻ യഹോവയിൽ ആനന്ദിച്ചു അവനെ ശരണമാക്കും.” ആത്മീയ പറുദീസയെ കുറിച്ചുള്ള എത്ര മനോഹരമായ വർണനയാണത്‌!

[അടിക്കുറിപ്പ്‌]

^ ഖ. 2 ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നവർ യഥാർഥ വ്യക്തികളാണ്‌. എന്നാൽ ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്‌.

[10-ാം പേജിലെ ചിത്രം]

ആത്മീയ പറുദീസ ആസ്വദിക്കവെ, അതു വികസിപ്പിക്കാൻ സഹായിക്കുക!