വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതത്തിൽ ഉടനീളം യഹോവ എന്നെ താങ്ങിനിറുത്തിയിരിക്കുന്നു

ജീവിതത്തിൽ ഉടനീളം യഹോവ എന്നെ താങ്ങിനിറുത്തിയിരിക്കുന്നു

ജീവിത കഥ

ജീവിതത്തിൽ ഉടനീളം യഹോവ എന്നെ താങ്ങിനിറുത്തിയിരിക്കുന്നു

ഫോറസ്റ്റ്‌ ലീ പറഞ്ഞപ്രകാരം

ഞങ്ങളുടെ ഗ്രാമഫോണുകളും ബൈബിൾ സാഹിത്യങ്ങളും പൊലീസുകാർ കണ്ടുകെട്ടിയതേ ഉണ്ടായിരുന്നുള്ളൂ. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കാൻ കാനഡയിലെ പുതുതായി സ്ഥാനമേറ്റ ഗവർണർ ജനറലിനെ സ്വാധീനിക്കാൻ 2-ാം ലോകമഹായുദ്ധം എതിരാളികൾക്ക്‌ ഒരു പഴുതു നൽകി. 1940 ജൂലൈ 4-നായിരുന്നു സംഭവം.

സംഭവിച്ചതൊന്നും ഞങ്ങളെ പിടിച്ചുലച്ചില്ല. സാഹിത്യങ്ങൾ സൂക്ഷിച്ചിരുന്നിടത്തുനിന്നു കൂടുതൽ സാഹിത്യങ്ങൾ എടുത്തുകൊണ്ട്‌ ഞങ്ങൾ പ്രസംഗവേല തുടർന്നു. ആ സന്ദർഭത്തിൽ ഡാഡി പറഞ്ഞ വാക്കുകൾ ഞാൻ ഒരിക്കലും മറക്കില്ല. അദ്ദേഹം പറഞ്ഞു: “അത്ര പെട്ടെന്നൊന്നും നമ്മൾ നിറുത്താൻ പോകുന്നില്ല. പ്രസംഗിക്കാൻ യഹോവ നമ്മോടു കൽപ്പിച്ചിരിക്കുന്നു.” അന്ന്‌ എനിക്ക്‌ പത്തു വയസ്സ്‌. വളരെ ചുറുചുറുക്കുള്ള ഒരു കുട്ടിയായിരുന്നു ഞാൻ. വർഷങ്ങൾ പിന്നിട്ടിട്ടും, ഡാഡിയുടെ ആ നിശ്ചയദാർഢ്യവും ശുശ്രൂഷയിലുള്ള തീക്ഷ്‌ണതയും നമ്മുടെ ദൈവമായ യഹോവ തന്റെ വിശ്വസ്‌ത ദാസരെ എങ്ങനെ താങ്ങിനിറുത്തുന്നു എന്നതിനെ കുറിച്ച്‌ എന്നെ നിരന്തരം ഓർമിപ്പിക്കുന്നു.

അടുത്ത തവണ പൊലീസുകാർ ഞങ്ങളെ പിടികൂടി സാഹിത്യങ്ങൾ പിടിച്ചെടുത്തെന്നു മാത്രമല്ല, ഡാഡിയെ ജയിലിലേക്കു കൊണ്ടുപോകുകയും ചെയ്‌തു. അങ്ങനെ, മമ്മിയും ഞങ്ങൾ നാലു മക്കളും ഒറ്റയ്‌ക്കായി. സസ്‌കാച്ചെവനിൽ വെച്ച്‌ 1940 സെപ്‌റ്റംബറിൽ ആയിരുന്നു സംഭവം. താമസിയാതെ, ബൈബിൾ പരിശീലിത മനസ്സാക്ഷി നിമിത്തം പതാക വന്ദിക്കുകയോ ദേശീയ ഗാനം ആലപിക്കുകയോ ചെയ്യാതിരുന്നതിന്റെ പേരിൽ എന്നെ സ്‌കൂളിൽ നിന്നു പുറത്താക്കി. തുടർന്ന്‌, കറസ്‌പോണ്ടൻസ്‌ കോഴ്‌സിലൂടെ ആയിരുന്നു എന്റെ സ്‌കൂൾ വിദ്യാഭ്യാസം. തന്മൂലം, പ്രസംഗ വേലയിൽ കൂടുതൽ സമയം ചെലവഴിക്കത്തക്കവണ്ണം ഒരു പട്ടിക ഉണ്ടാക്കാൻ എനിക്കു കഴിഞ്ഞു.

1948-ൽ പയനിയർമാർക്ക്‌, യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകർ അങ്ങനെയാണ്‌ അറിയപ്പെടുന്നത്‌, കാനഡയുടെ പൂർവ തീരത്തുപോയി പ്രസംഗിക്കാൻ ആഹ്വാനം നൽകപ്പെട്ടു. തന്മൂലം, ഞാൻ നോവ സ്‌കോഷയിലെ ഹാലിഫാക്‌സിലും പ്രിൻസ്‌ എഡ്‌വേർഡ്‌ ദ്വീപിലെ കേപ്‌ വുൾഫിലും പ്രവർത്തിക്കാനായി പുറപ്പെട്ടു. പിറ്റേ വർഷം യഹോവയുടെ സാക്ഷികളുടെ ടൊറൊന്റോ ബ്രാഞ്ച്‌ ഓഫീസിൽ രണ്ടാഴ്‌ച സേവിക്കുന്നതിന്‌ എനിക്കു ക്ഷണം ലഭിച്ചു. എന്നാൽ, രണ്ടാഴ്‌ചയ്‌ക്കു പകരം ആറിലധികം വർഷം ഞാൻ അവിടെ സേവിക്കുകയുണ്ടായി. സേവനത്തിലെ പ്രതിഫലദായകമായ ഒരു കാലഘട്ടമായിരുന്നു അത്‌. പിന്നീട്‌, ഞാൻ മിർന്നയെ കണ്ടുമുട്ടി. അവളും എന്നെപ്പോലെതന്നെ യഹോവയെ ആഴമായി സ്‌നേഹിക്കുന്നവൾ ആയിരുന്നു. 1955 ഡിസംബറിൽ വിവാഹിതരായ ഞങ്ങൾ ഒൺടേറിയോയിലെ മിൽട്ടണിൽ താമസമാക്കി. താമസിയാതെ, അവിടെ ഒരു പുതിയ സഭ രൂപീകൃതമായി. ഞങ്ങളുടെ വീടിന്റെ ബേസ്‌മെന്റായിരുന്നു രാജ്യഹാൾ.

ഞങ്ങളുടെ സേവനം വിപുലമാക്കാനുള്ള ആഗ്രഹം

തുടർന്നു വന്ന വർഷങ്ങളിൽ, ഏറെ പ്രായവ്യത്യാസമില്ലാതെ ഞങ്ങൾക്ക്‌ ആറു കുട്ടികൾ ജനിച്ചു. മൂത്ത കുട്ടിയുടെ പേര്‌, മിരിയം. തുടർന്ന്‌, ഷാർമെയ്‌ൻ, മാർക്ക്‌, ആനെറ്റ്‌, ഗ്രാന്റ്‌, ഗ്ലെൻ എന്നിവർ ജനിച്ചു. മിക്കവാറും ദിവസങ്ങളിൽ ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ കണ്ടിരുന്നത്‌, തറയിൽ നെരിപ്പോടിനു ചുറ്റുമിരിക്കുന്ന മക്കളെ മിർന്ന ബൈബിൾ വായിച്ചു കേൾപ്പിക്കുന്നതും അവർക്ക്‌ ബൈബിൾ ഭാഗങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതുമാണ്‌. അവരുടെ ഹൃദയങ്ങളിൽ യഹോവയോടുള്ള ആത്മാർഥമായ സ്‌നേഹം നട്ടുവളർത്താൻ അവൾ ശ്രദ്ധിച്ചിരുന്നു. അവളുടെ സ്‌നേഹപുരസ്സരമായ പിന്തുണയുടെ ഫലമായി ഞങ്ങളുടെ മക്കളെല്ലാം നന്നേ ചെറുപ്പത്തിൽത്തന്നെ നല്ല ബൈബിൾ പരിജ്ഞാനം സമ്പാദിച്ചു.

ശുശ്രൂഷയിലുള്ള ഡാഡിയുടെ തീക്ഷ്‌ണത എന്റെ മനസ്സിലും ഹൃദയത്തിലും മായാത്ത മുദ്ര പതിപ്പിച്ചിരുന്നു. (സദൃശവാക്യങ്ങൾ 22:6) അങ്ങനെ 1968-ൽ, പ്രസംഗവേലയിൽ സഹായിക്കാനായി മധ്യ, ദക്ഷിണ അമേരിക്കകളിലേക്കു പോകാൻ യഹോവയുടെ സാക്ഷികളുടെ കുടുംബങ്ങൾക്കു ക്ഷണം ലഭിച്ചപ്പോൾ ആ ക്ഷണം സ്വീകരിക്കാൻ ഞങ്ങളുടെ കുടുംബം ആഗ്രഹിച്ചു. അപ്പോഴേക്കും ഞങ്ങളുടെ മൂത്ത കുട്ടിക്ക്‌ 13 വയസ്സായിരുന്നു, ഇളയ കുട്ടിക്ക്‌ 5-ഉം. ഞങ്ങൾക്കാർക്കും സ്‌പാനിഷ്‌ ഒട്ടും അറിയില്ലായിരുന്നു. ഞങ്ങൾക്കു ലഭിച്ച നിർദേശം അനുസരിച്ച്‌, പല രാജ്യങ്ങളും ഞാൻ സന്ദർശിച്ചു, അവിടങ്ങളിലെ ജീവിതാവസ്ഥകൾ എങ്ങനെയുള്ളതാണെന്നു മനസ്സിലാക്കുകയായിരുന്നു ഉദ്ദേശ്യം. ഞാൻ മടങ്ങിയെത്തിയ ശേഷം, പല രാജ്യങ്ങളെ കുറിച്ചും കുടുംബം ഒത്തൊരുമിച്ച്‌ പ്രാർഥനാപൂർവം പരിചിന്തിച്ചു. ഒടുവിൽ, നിക്കരാഗ്വയിലേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചു.

നിക്കരാഗ്വയിൽ സേവിക്കുന്നു

1970 ഒക്‌ടോബർ ആയപ്പോഴേക്കും ഞങ്ങൾ പുതിയ സ്ഥലത്തു താമസം തുടങ്ങിയിരുന്നു. അവിടെയെത്തി മൂന്നാഴ്‌ചയ്‌ക്കുള്ളിൽ സഭായോഗത്തിൽ ഒരു ചെറിയ പരിപാടി അവതരിപ്പിക്കാൻ എനിക്കു നിയമനം ലഭിച്ചു. സ്‌പാനിഷ്‌ ഭാഷയിലുള്ള നന്നേ പരിമിതമായ അറിവു വെച്ചുകൊണ്ട്‌ ഏറെ ബുദ്ധിമുട്ടി ഞാൻ ആ പരിപാടി അവതരിപ്പിച്ചു. പരിപാടിയുടെ അവസാനം മുഴു സഭയെയും ശനിയാഴ്‌ച രാവിലെ 9.30-ന്‌ സെർവേസായ്‌ക്കായി വീട്ടിലേക്കു ക്ഷണിച്ചു. വാസ്‌തവത്തിൽ, വയൽസേവനം എന്ന അർഥത്തിൽ സെർവീസിയോ എന്നു പറയാനാണു ഞാൻ ഉദ്ദേശിച്ചതെങ്കിലും പറഞ്ഞത്‌ ബിയർ എന്ന്‌ അർഥമുള്ള പദമാണ്‌. ഭാഷ പഠിച്ചെടുക്കുന്നതു തീർച്ചയായും ഒരു വെല്ലുവിളി ആയിരുന്നു!

ആദ്യമൊക്കെ, പ്രസംഗവേലയ്‌ക്കു പോകുമ്പോൾ ഞാൻ ഒരു അവതരണം കയ്യിൽ എഴുതിയിട്ടിരുന്നു. എന്നിട്ട്‌ ഓരോ വീട്ടിലേക്കും പോകുന്നവഴിക്ക്‌ അതു പറഞ്ഞു പരിശീലിച്ചിരുന്നു. “ഈ പുസ്‌തകത്തോടൊപ്പം ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനവും സാധ്യമാണ്‌” എന്നു ഞാൻ വീട്ടുകാരോടു പറയുമായിരുന്നു. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാൻ യോഗങ്ങൾക്കു വരേണ്ടി വന്നു എന്ന്‌ എന്റെ കയ്യിൽനിന്നു പുസ്‌തകം സ്വീകരിച്ച ഒരു വ്യക്തി പിന്നീട്‌ പറയുകയുണ്ടായി. അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു. പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞതുപോലെ, സത്യത്തിന്റെ വിത്ത്‌ താഴ്‌മയുള്ളവരുടെ ഹൃദയത്തിൽ വളരാൻ ഇടയാക്കുന്നതു ദൈവമാണ്‌ എന്നത്‌ എത്രയോ ശരിയാണ്‌!​—⁠1 കൊരിന്ത്യർ 3:⁠7.

തലസ്ഥാന നഗരിയായ മനാഗ്വയിൽ ഏകദേശം രണ്ടു വർഷം സേവനമനുഷ്‌ഠിച്ചു കഴിഞ്ഞപ്പോൾ നിക്കരാഗ്വയുടെ തെക്കു ഭാഗത്തു പ്രവർത്തിക്കാൻ ഞങ്ങൾക്കു നിയമനം ലഭിച്ചു. അവിടെ റിവാസ്‌ സഭയോടും സമീപത്തുള്ള താത്‌പര്യക്കാരുടെ ഒറ്റപ്പെട്ട കൂട്ടങ്ങളോടുമൊപ്പം ഞങ്ങൾ പ്രവർത്തിച്ചു. ഒറ്റപ്പെട്ട കൂട്ടങ്ങളെ സന്ദർശിക്കുമ്പോഴൊക്കെ, പേത്രോ പേന്യേ എന്ന പ്രായംചെന്ന ഒരു വിശ്വസ്‌ത സാക്ഷി എന്നോടൊപ്പം വരുമായിരുന്നു. ഈ കൂട്ടങ്ങളിൽ ഒന്ന്‌ നിക്കരാഗ്വാ തടാകത്തിലെ ഒരു അഗ്നിപർവത ദ്വീപിലായിരുന്നു. യഹോവയുടെ സാക്ഷികളുടെ ഒരു കുടുംബം മാത്രമേ അവിടെ താമസിച്ചിരുന്നുള്ളൂ.

ഭൗതികമായി കാര്യമായൊന്നും ഇല്ലായിരുന്നെങ്കിലും, ഞങ്ങളുടെ സന്ദർശനത്തോട്‌ ആഴമായ വിലമതിപ്പു പ്രകടമാക്കാൻ ആ കുടുംബം വളരെ ശ്രമം ചെയ്‌തു. ഞങ്ങൾ എത്തിയപ്പോഴേക്കും അവർ അത്താഴം തയ്യാറാക്കിയിരുന്നു. ഞങ്ങൾ അവിടെ ഒരാഴ്‌ച താമസിച്ചു. ബൈബിളിനോട്‌ ആഴമായ സ്‌നേഹമുണ്ടായിരുന്ന അവിടത്തെ പല ആളുകളും ഞങ്ങൾക്കുവേണ്ടി ഭക്ഷണമൊരുക്കി. ഞായറാഴ്‌ച ബൈബിളധിഷ്‌ഠിത പരസ്യപ്രസംഗത്തിന്‌ 101 പേർ ഹാജരായതു ഞങ്ങളെ അത്യന്തം സന്തോഷിപ്പിച്ചു.

താങ്ങിനിറുത്തുന്നതിനുള്ള യഹോവയുടെ ശക്തി പ്രകടമായ ഒരു സന്ദർഭം പറയാം. കോസ്റ്ററിക്കയ്‌ക്ക്‌ അടുത്തു കിടക്കുന്ന പർവതപ്രദേശങ്ങളിൽ താമസിക്കുന്ന താത്‌പര്യക്കാരായ ഒരു കൂട്ടം ആളുകളെ സന്ദർശിക്കാനായി പോകേണ്ടിയിരുന്ന ഒരു ദിവസം. എന്നെയും കൂട്ടി അവിടേക്കു പോകാനായി പേത്രോ എന്റെ വീട്ടിലേക്കു വന്നു. പക്ഷേ ഞാൻ മലമ്പനി പിടിച്ചു കിടപ്പിലായിരുന്നു. “എനിക്കു വരാൻ സാധിക്കില്ല പേത്രോ,” ഞാൻ പറഞ്ഞു. എന്റെ നെറ്റിയിൽ തൊട്ടുനോക്കിയിട്ട്‌ അദ്ദേഹം മറുപടി പറഞ്ഞു: “താങ്കൾക്കു നല്ല പനിയുണ്ടല്ലോ. എങ്കിലും താങ്കൾ വന്നേ തീരൂ! സഹോദരങ്ങൾ കാത്തിരിക്കുകയാണ്‌.” തുടർന്ന്‌, അദ്ദേഹം പ്രാർഥിച്ചു. അത്ര ഹൃദയംഗമമായ ഒരു പ്രാർഥന ഞാൻ ജീവിതത്തിൽ ആദ്യമായി കേൾക്കുകയായിരുന്നു.

ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “താങ്കൾ പോയി ഒരു ഫ്രെസ്‌കോ (പഴച്ചാറ്‌) കുടിച്ചിട്ടു വരൂ. പത്തു മിനിട്ടിനുള്ളിൽ ഞാൻ തയ്യാറാകാം.” ഞങ്ങൾ സന്ദർശിച്ച ആ സ്ഥലത്ത്‌ സാക്ഷികളുടെ രണ്ടു കുടുംബങ്ങൾ താമസിച്ചിരുന്നു. അവരും ഞങ്ങളെ വിശിഷ്ടാതിഥികളായി കണക്കാക്കി. പിറ്റേന്നു ഞങ്ങൾ അവരോടൊപ്പം പ്രസംഗവേലയ്‌ക്കു പോയി. അപ്പോഴും എന്റെ പനി വിട്ടുമാറിയിരുന്നില്ല, കൂടാതെ വല്ലാത്ത ക്ഷീണവും. ഞായറാഴ്‌ച യോഗത്തിന്‌ 100-ലധികം ആളുകൾ ഹാജരായത്‌ ഞങ്ങൾക്ക്‌ എത്ര പ്രോത്സാഹനമേകിയെന്നോ!

വീണ്ടും താമസം മാറുന്നു

1975-ൽ ഞങ്ങളുടെ 7-ാമത്തെ കുട്ടി പിറന്നു. വോൺ എന്ന്‌ ഞങ്ങൾ അവനു പേരിട്ടു. പിറ്റേ വർഷം സാമ്പത്തിക കാരണങ്ങളാൽ ഞങ്ങൾക്കു കാനഡയിലേക്കു മടങ്ങേണ്ടിവന്നു. നിക്കരാഗ്വ വിട്ടു പോകുന്നത്‌ അത്ര എളുപ്പമായിരുന്നില്ല. കാരണം, അവിടെ താമസിച്ച സമയത്തെല്ലാം അനവധി സന്ദർഭങ്ങളിൽ യഹോവ ഞങ്ങളെ താങ്ങിനിറുത്തിയിരുന്നു. ഞങ്ങൾ അവിടം വിട്ടപ്പോഴേക്കും ഞങ്ങളുടെ സഭാ പ്രദേശത്തുണ്ടായിരുന്ന 500-ലധികം ആളുകൾ യോഗങ്ങൾക്കു ഹാജരാകുന്നുണ്ടായിരുന്നു.

മുമ്പ്‌, എനിക്കും മകൾ മിരിയാമിനും നിക്കരാഗ്വയിൽ പ്രത്യേക പയനിയർമാരായി നിയമനം ലഭിച്ചപ്പോൾ അവൾ എന്നോട്‌ ഇങ്ങനെ ചോദിച്ചു: “ഡാഡി, എന്നെങ്കിലും ഡാഡിക്കു കാനഡയിലേക്കു മടങ്ങേണ്ടി വന്നാൽ ഇവിടെ തുടർന്നു താമസിക്കാൻ എന്നെ അനുവദിക്കുമോ?” നിക്കരാഗ്വയിൽനിന്നു പോകേണ്ടിവരുമെന്നു ഞാൻ സ്വപ്‌നേപി കരുതിയിരുന്നില്ല. അതുകൊണ്ട്‌ ഞാൻ അവളോടു പറഞ്ഞു: “തീർച്ചയായും!” തന്മൂലം, ഞങ്ങൾ കാനഡയിലേക്കു മടങ്ങിയപ്പോൾ മിരിയം നിക്കരാഗ്വയിൽത്തന്നെ താമസിച്ച്‌ മുഴുസമയ ശുശ്രൂഷയിൽ തുടർന്നു. പിന്നീട്‌, അവൾ ആൻഡ്രൂ റീഡിനെ വിവാഹം കഴിച്ചു. 1984-ൽ അവർ ന്യൂയോർക്കിലെ ബ്രൂക്ലിനിൽവെച്ചു നടത്തിയിരുന്ന യഹോവയുടെ സാക്ഷികളുടെ മിഷനറി സ്‌കൂളായ ഗിലെയാദിന്റെ 77-ാമത്തെ ക്ലാസ്സിൽ പങ്കെടുത്തു. മിരിയം ഇപ്പോൾ ഭർത്താവിനോടൊപ്പം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സേവനമനുഷ്‌ഠിക്കുന്നു. നിക്കരാഗ്വയിലെ കഠിനാധ്വാനികളായ മിഷനറിമാർ അവളിൽ ഉൾനട്ട ആഗ്രഹം അങ്ങനെ സഫലമായി.

“അത്ര പെട്ടെന്നൊന്നും നമ്മൾ നിറുത്താൻ പോകുന്നില്ല” എന്ന ഡാഡിയുടെ വാക്കുകൾ അപ്പോഴും എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. തന്മൂലം 1981-ൽ, ആവശ്യത്തിനു പണം കയ്യിൽ വന്നപ്പോൾ ഞങ്ങൾ വീണ്ടും മധ്യ അമേരിക്കയിലേക്കു താമസം മാറ്റി. ഇത്തവണ കോസ്റ്ററിക്കയാണു ഞങ്ങൾ തിരഞ്ഞെടുത്തത്‌. അവിടെ സേവനം അനുഷ്‌ഠിച്ചുകൊണ്ടിരിക്കെ, അവിടത്തെ പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങളുടെ നിർമാണത്തിൽ സഹായിക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. എന്നാൽ, 1985-ൽ ഞങ്ങളുടെ മകൻ ഗ്രാന്റിന്‌ വൈദ്യചികിത്സ ആവശ്യമായി വന്നതിന്റെ പേരിൽ ഞങ്ങൾ കാനഡയിലേക്കു മടങ്ങി. ഗ്ലെൻ കോസ്റ്ററിക്ക ബ്രാഞ്ചിന്റെ നിർമാണ പ്രവർത്തനത്തിൽ തുടർന്നു. ആനെറ്റും ഷാർമെയ്‌നും പ്രത്യേക പയനിയർമാരായി സേവിച്ചു. കോസ്റ്ററിക്കയിൽനിന്ന്‌ അന്നു പോന്ന ഞങ്ങളാരും അങ്ങോട്ടു മടങ്ങുകയില്ലെന്നു സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

പ്രതികൂല സാഹചര്യത്തെ നേരിടുന്നു

1993 സെപ്‌റ്റംബർ 17. തെളിവുള്ള പ്രഭാതം. പതിവുപോലെ ആത്മീയകാര്യങ്ങൾ സംസാരിച്ചുകൊണ്ട്‌ ഞാനും മൂത്ത മകൻ മാർക്കും ചേർന്ന്‌ ഞങ്ങളുടെ വീടിന്‌ ഓടുമേയുകയായിരുന്നു. പെട്ടെന്ന്‌ എങ്ങനെയോ കാലുതെറ്റി മേൽക്കൂരയിൽനിന്നു ഞാൻ വീണു. ബോധം വീണപ്പോൾ ഞാൻ കാണുന്നത്‌ വെള്ള വസ്‌ത്രം ധരിച്ച ആളുകൾ ചുറ്റും നിൽക്കുന്നതാണ്‌, ശക്തമായ വെളിച്ചവും. അത്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗമായിരുന്നു.

ബൈബിൾ കൽപ്പനയ്‌ക്കു ചേർച്ചയിൽ, എന്റെ ആദ്യ പ്രതികരണം “രക്തം വേണ്ട, രക്തം വേണ്ട” എന്നായിരുന്നു. (പ്രവൃത്തികൾ 15:28, 29) “വിഷമിക്കേണ്ട ഡാഡി, ഞങ്ങളെല്ലാം ഇവിടെയുണ്ട്‌,” എന്ന ഷാർമെയ്‌ന്റെ വാക്കുകൾ എനിക്ക്‌ എത്രമാത്രം ആശ്വാസമേകിയെന്നോ! ഡോക്ടർമാർ എന്റെ വൈദ്യരേഖ കണ്ടിരുന്നെന്നും രക്തപ്പകർച്ച ഒരു വിവാദവിഷയം ആയതേ ഇല്ലെന്നും പിന്നീടു ഞാൻ മനസ്സിലാക്കി. കഴുത്തൊടിഞ്ഞതിന്റെ ഫലമായി എന്റെ ശരീരം മൊത്തം തളർന്നുപോയിരുന്നു, ശ്വസനസഹായി കൂടാതെ ശ്വാസോച്ഛ്വാസം ചെയ്യാൻ എനിക്കു കഴിഞ്ഞിരുന്നില്ല.

സ്വാധീനശേഷി നഷ്ടപ്പെട്ട എനിക്ക്‌ യഹോവയാൽ താങ്ങിനിറുത്തപ്പെടേണ്ടതു പൂർവാധികം ആവശ്യമായിത്തീർന്നു. ശ്വസനത്തിനുവേണ്ടിയുള്ള ഒരു ട്യൂബ്‌ ഘടിപ്പിക്കാൻ നടത്തിയ ശസ്‌ത്രക്രിയ നിമിത്തം സ്വനനാളികളിലേക്കു വായുപ്രവാഹം സാധ്യമായിരുന്നില്ല. തന്മൂലം, എനിക്കു സംസാരിക്കാൻ സാധിക്കാതായി. എന്റെ ചുണ്ടിന്റെ ചലനം നോക്കി വേണമായിരുന്നു ഞാൻ പറയുന്നത്‌ എന്താണെന്നു മറ്റുള്ളവർ മനസ്സിലാക്കാൻ.

ചെലവ്‌ താങ്ങാവുന്നതിലും അധികമായി. ഭാര്യയും മക്കളിൽ മിക്കവരും മുഴുസമയ ശുശ്രൂഷ ചെയ്‌തുകൊണ്ടിരുന്ന സ്ഥിതിക്ക്‌, സാമ്പത്തിക ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക്‌ ആ സേവനം ഉപേക്ഷിക്കേണ്ടിവരുമോ എന്നതായി എന്റെ ചിന്ത. എന്നാൽ, മാർക്കിന്‌ ഒരു പണി കിട്ടി. അങ്ങനെ, വെറും മൂന്നു മാസംകൊണ്ട്‌ ചെലവിന്റെ സിംഹഭാഗവും വഹിക്കാനുള്ള പണം ലഭിച്ചു. തത്‌ഫലമായി, എനിക്കും ഭാര്യയ്‌ക്കും ഒഴികെ എല്ലാവർക്കും മുഴുസമയ ശുശ്രൂഷയിൽ തുടരാൻ കഴിഞ്ഞു.

ആറു രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിനു കാർഡുകളും കത്തുകളും കൊണ്ട്‌ എന്റെ ആശുപത്രി മുറിയുടെ ഭിത്തികൾ നിറഞ്ഞു. തീർച്ചയായും യഹോവ എന്നെ താങ്ങിനിറുത്തുകയായിരുന്നു. ഞാൻ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന അഞ്ചര മാസക്കാലം പലപ്പോഴും എന്റെ കുടുംബാംഗങ്ങൾക്ക്‌ ആവശ്യമായ ഭക്ഷണം ലഭ്യമാക്കിക്കൊണ്ട്‌ സഭയിലെ സഹോദരങ്ങളും സഹായിച്ചു. എല്ലാ ദിവസവും ഉച്ചകഴിഞ്ഞുള്ള സമയം ഒരു ക്രിസ്‌തീയ മൂപ്പൻ ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും വായിച്ചുകേൾപ്പിക്കുകയും പ്രോത്സാഹജനകമായ അനുഭവങ്ങൾ പറയുകയും ചെയ്‌തുകൊണ്ട്‌ എന്നോടൊപ്പം ചെലവഴിച്ചിരുന്നു. എന്റെ കുടുംബാംഗങ്ങളിൽ രണ്ടുപേർ എന്നോടൊപ്പം സഭായോഗങ്ങൾക്കുള്ള എല്ലാ പരിപാടികളും തയ്യാറാകുമായിരുന്നു. അതുകൊണ്ട്‌, ജീവത്‌പ്രധാനമായ ആത്മീയ ഭക്ഷണം എനിക്ക്‌ ഒരിക്കലും നഷ്ടമായില്ല.

ആശുപത്രിയിൽ ആയിരിക്കെ, എനിക്ക്‌ ഒരു പ്രത്യേക സമ്മേളന ദിന പരിപാടിയിൽ ഹാജരാകാനുള്ള ക്രമീകരണങ്ങൾ ആശുപത്രി അധികൃതർ ചെയ്‌തുതന്നു. മുഴു ദിവസവും എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിന്‌ ഒരു രജിസ്റ്റേർഡ്‌ നഴ്‌സിനെയും ശ്വസനയന്ത്രം ഘടിപ്പിക്കുന്നതിനുള്ള ഒരു ടെക്‌നീഷ്യനെയും അവർ അയയ്‌ക്കുകയുണ്ടായി. വീണ്ടും ക്രിസ്‌തീയ സഹോദരങ്ങളോടൊപ്പം ആയിരിക്കാൻ കഴിഞ്ഞത്‌ എനിക്ക്‌ എത്രമാത്രം സന്തോഷമേകിയെന്നോ! എന്നെ അഭിവാദ്യം ചെയ്യാനായി നൂറുകണക്കിനു സഹോദരങ്ങൾ വരിയായി നിന്നത്‌ ഞാൻ ഒരിക്കലും മറക്കില്ല!

ആത്മീയത നിലനിറുത്തുന്നു

അപകടം ഉണ്ടായി ഏകദേശം ഒരു വർഷത്തിനു ശേഷം എനിക്കു വീട്ടിലേക്കു മടങ്ങാൻ കഴിഞ്ഞു. എങ്കിലും, 24 മണിക്കൂറും എനിക്ക്‌ ഒരു നഴ്‌സിന്റെ പരിചരണം ആവശ്യമായിരുന്നു. എന്റെ ആവശ്യങ്ങൾക്ക്‌ അനുസൃതമായ സൗകര്യങ്ങളുള്ള ഒരു വാനിലാണു ഞാൻ യോഗങ്ങൾക്കു പോകുന്നത്‌. ഒരിക്കലുംതന്നെ ഞാൻ യോഗങ്ങൾ മുടക്കാറില്ല. എങ്കിലും, ഒരു സംഗതി സമ്മതിച്ചേ തീരൂ, നല്ല നിശ്ചയദാർഢ്യം ഉണ്ടെങ്കിലേ യോഗങ്ങൾക്കു പോകാനാകൂ. വീട്ടിൽ വന്നതിനു ശേഷം എനിക്ക്‌ എല്ലാ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾക്കും ഹാജരാകാൻ കഴിഞ്ഞിട്ടുണ്ട്‌.

ഒടുവിൽ, 1997 ഫെബ്രുവരിയിൽ എനിക്കു കുറച്ചൊക്കെ സംസാരപ്രാപ്‌തി വീണ്ടുകിട്ടി. എന്റെ ബൈബിളധിഷ്‌ഠിത പ്രത്യാശ ഞാൻ നഴ്‌സുമാരുമായി പങ്കിടാറുണ്ട്‌. അവരിൽ ചിലർ വിലമതിപ്പോടെ അതു ശ്രദ്ധിക്കുന്നു. ഒരു നഴ്‌സ്‌, യഹോവയുടെ സാക്ഷികൾ​—⁠ദൈവരാജ്യ ഘോഷകർ എന്ന പുസ്‌തകം മുഴുവനും മറ്റു വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങളും എന്നെ വായിച്ചു കേൾപ്പിച്ചു. ഒരു കമ്പിന്റെ സഹായത്തോടെ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുകൊണ്ട്‌ ഞാൻ ആളുകളുമായി എഴുത്തുകുത്തുകൾ നടത്തുന്നു. ഈ വിധത്തിൽ ടൈപ്പ്‌ ചെയ്യുന്നത്‌ എന്നെ ക്ഷീണിപ്പിക്കുന്നുവെങ്കിലും ശുശ്രൂഷയിൽ ഏർപ്പെടാൻ സാധിക്കുന്നതു തികച്ചും പ്രതിഫലദായകമാണ്‌.

എനിക്കു ശക്തമായ ഞരമ്പുവേദന അനുഭവപ്പെടാറുണ്ട്‌. എങ്കിലും, മറ്റുള്ളവരുമായി ബൈബിൾ സത്യങ്ങൾ പങ്കിടുമ്പോഴും അത്തരം വിവരങ്ങൾ ആരെങ്കിലും എന്നെ വായിച്ചു കേൾപ്പിക്കുമ്പോഴുമെല്ലാം അൽപ്പം ആശ്വാസം ഉളവാകുന്നതായി എനിക്കു തോന്നുന്നു. എന്നെ അത്യന്തം പിന്തുണയ്‌ക്കുന്ന എന്റെ ഭാര്യയുടെ സഹായത്തോടെ ഞാൻ ഇടയ്‌ക്കൊക്കെ തെരുവു സാക്ഷീകരണത്തിൽ ഏർപ്പെടാറുണ്ട്‌. എനിക്കു കാര്യങ്ങൾ വ്യക്തമാക്കാനാകാത്തപ്പോൾ അവൾ അവ വിശദീകരിച്ചുകൊടുക്കുന്നു. പല തവണ സഹായ പയനിയറായി സേവിക്കാനും എനിക്കു കഴിഞ്ഞിട്ടുണ്ട്‌. ഒരു ക്രിസ്‌തീയ മൂപ്പനായി സേവിക്കാൻ കഴിയുന്നതും സന്തോഷകരമായ ഒരു അനുഭവമാണ്‌, പ്രത്യേകിച്ചും, യോഗങ്ങൾക്കു ചെല്ലുമ്പോഴോ വീട്ടിലായിരിക്കുമ്പോഴോ എന്നെ സമീപിക്കുന്ന സഹോദരങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ സാധിക്കുമ്പോൾ.

എനിക്ക്‌ കൂടെക്കൂടെ വിഷാദം തോന്നാറുണ്ട്‌ എന്നതു സമ്മതിച്ചേ മതിയാകൂ. അപ്പോഴൊക്കെ സന്തോഷം തോന്നാൻ ഇടയാക്കേണമേയെന്ന്‌ ഞാൻ ഉടനടി പ്രാർഥിക്കുന്നു. എന്നെ താങ്ങിനിറുത്തേണമേയെന്നു ദിനരാത്രം ഞാൻ യഹോവയോടു പ്രാർഥിക്കുന്നു. ആരുടെയെങ്കിലും കത്തു ലഭിക്കുകയോ ആരെങ്കിലും എന്നെ സന്ദർശിക്കുകയോ ഒക്കെ ചെയ്യുമ്പോൾ എനിക്കു വളരെ സന്തോഷം തോന്നുന്നു. വീക്ഷാഗോപുരം, ഉണരുക! മാസികകൾ വായിക്കുന്നതു പരിപുഷ്ടിപ്പെടുത്തുന്ന ചിന്തകളാൽ എന്റെ മനസ്സിനെ നിറയ്‌ക്കുന്നു. നഴ്‌സുമാർ മാറി മാറി ഈ മാസികകൾ എന്നെ വായിച്ചുകേൾപ്പിക്കാറുണ്ട്‌. അപകടത്തിനു ശേഷം ഇന്നോളം ഞാൻ മുഴു ബൈബിളിന്റെയും കാസെറ്റുകൾ ഏഴു തവണ കേട്ടിരിക്കുന്നു. യഹോവ എന്നെ താങ്ങിനിറുത്തിയിരിക്കുന്ന അനേകം വിധങ്ങളിൽ ചിലതാണ്‌ ഇവ.​—⁠സങ്കീർത്തനം 41:⁠3.

സാഹചര്യങ്ങളിൽ വന്ന മാറ്റം മൂലം, നമ്മുടെ മഹാ ഉപദേഷ്ടാവായ യഹോവ ജീവിതത്തിൽ നമ്മെ പ്രബോധിപ്പിക്കുന്ന വിധങ്ങളെ കുറിച്ചു ധ്യാനിക്കാൻ എനിക്കു ധാരാളം സമയം ലഭിച്ചിരിക്കുന്നു. യഹോവ നമുക്ക്‌ തന്റെ ഉദ്ദേശ്യവും ഹിതവും സംബന്ധിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനവും അർഥപൂർണമായ ശുശ്രൂഷയും സന്തുഷ്ട കുടുംബ ജീവിതത്തിനുള്ള ബുദ്ധിയുപദേശവും പ്രതികൂല സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന്‌ അറിയാനുള്ള വിവേകവും പ്രദാനം ചെയ്യുന്നു. വിശ്വസ്‌തയും സ്‌നേഹനിധിയുമായ ഒരു ഭാര്യയെ നൽകി യഹോവ എന്നെ അനുഗ്രഹിച്ചിരിക്കുന്നു. എന്റെ മക്കളും വിശ്വസ്‌തതയോടെ എന്നെ പിന്തുണച്ചിരിക്കുന്നു. അവരെല്ലാം മുഴു സമയ ശുശ്രൂഷയിൽ പങ്കുപറ്റിയിരിക്കുന്നു എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം ആനന്ദകരമാണ്‌. 2000 മാർച്ച്‌ 11-ന്‌ എന്റെ മകൻ മാർക്കും ഭാര്യ ആലിസനും 108-ാമത്തെ ഗിലെയാദ്‌ ക്ലാസിൽനിന്നു ബിരുദം നേടി. നിക്കരാഗ്വയിലേക്കായിരുന്നു അവരുടെ നിയമനം. എനിക്കും ഭാര്യയ്‌ക്കും അവരുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചു. പ്രതികൂല സാഹചര്യം എന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്നതു ശരിയാണ്‌, എന്നാൽ എന്റെ ഹൃദയ നിലയ്‌ക്കു മാറ്റം വരുത്താൻ അതിനായില്ല എന്ന്‌ എനിക്കു സത്യസന്ധമായി പറയാനാകും.​—⁠സങ്കീർത്തനം 127:3, 4.

എനിക്കു ലഭിച്ച ആത്മീയ പൈതൃകം എന്റെ കുടുംബത്തിനു കൈമാറാൻ ആവശ്യമായ ജ്ഞാനം നൽകിയതിന്‌ ഞാൻ യഹോവയ്‌ക്കു നന്ദിയേകുന്നു. “അത്ര പെട്ടെന്നൊന്നും നമ്മൾ നിറുത്താൻ പോകുന്നില്ല. പ്രസംഗിക്കാൻ യഹോവ നമ്മോടു കൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ എന്റെ പിതാവിന്റേതിനോടു സമാനമായ മനോഭാവത്തോടെ എന്റെ മക്കൾ തങ്ങളുടെ സ്രഷ്ടാവിനെ സേവിക്കുന്നതായി കാണുന്നത്‌ എന്നെ ബലപ്പെടുത്തുകയും എനിക്കു പ്രോത്സാഹനമേകുകയും ചെയ്യുന്നു. എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ ജീവിതത്തിലുടനീളം യഹോവ താങ്ങിനിറുത്തിയിരിക്കുന്നു എന്ന്‌ എനിക്കു വാസ്‌തവമായും പറയാനാകും.

[24-ാം പേജിലെ ചിത്രം]

പയനിയറിങ്‌ ചെയ്‌തുകൊണ്ടിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന ഞങ്ങളുടെ വാഹന ഭവനത്തിനടുത്ത്‌ ഡാഡിയോടും മൂത്ത സഹോദരന്മാരോടും സഹോദരിയോടുമൊപ്പം. ഞാൻ വലത്തേ അറ്റത്തു നിൽക്കുന്നു

[26-ാം പേജിലെ ചിത്രം]

മിർന്നയോടൊപ്പം

[26-ാം പേജിലെ ചിത്രം]

അടുത്തകാലത്ത്‌ എടുത്ത ഞങ്ങളുടെ ഒരു കുടുംബ ചിത്രം

[27-ാം പേജിലെ ചിത്രം]

ഞാൻ ഇപ്പോഴും കത്തുകളിലൂടെ സാക്ഷീകരിക്കുന്നു