വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ യഥാർഥമായും—സന്തുഷ്ടരായിരിക്കാൻ കഴിയുമോ?

നിങ്ങൾക്ക്‌ യഥാർഥമായും—സന്തുഷ്ടരായിരിക്കാൻ കഴിയുമോ?

നിങ്ങൾക്ക്‌ യഥാർഥമായും—സന്തുഷ്ടരായിരിക്കാൻ കഴിയുമോ?

ജോർജ്‌ സദാ സുസ്‌മേരവദനനായിരുന്നു. ആസ്വദിക്കേണ്ട വിലയേറിയ ഒരു സമ്മാനമായി അദ്ദേഹം ജീവിതത്തെ കണക്കാക്കി. സന്തുഷ്ടിയും ശുഭാപ്‌തിവിശ്വാസവും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു, പ്രത്യേകിച്ചും പ്രായാധിക്യത്തിന്റെ വിഷമതകൾ അനുഭവിച്ചുകൊണ്ടിരുന്നപ്പോൾ. മരണംവരെ അദ്ദേഹം സന്തുഷ്ടനായിരുന്നു. നിങ്ങൾ ജോർജിനെപ്പോലെ സന്തുഷ്ടനാണോ? ഓരോ പുതിയ ദിവസത്തെയും ആസ്വദിക്കേണ്ട ഒരു സമ്മാനമായി നിങ്ങൾ വീക്ഷിക്കുന്നുണ്ടോ? അതോ നിസ്സംഗതയും ഭയവുമാണോ നിങ്ങൾക്കു നിത്യവും അനുഭവപ്പെടുന്നത്‌? നിങ്ങളുടെ സന്തുഷ്ടി കവർന്നു കളയുന്നതായി എന്തെങ്കിലും ഉണ്ടോ?

താരതമ്യേന സ്ഥായിയായ ക്ഷേമാവസ്ഥ എന്ന്‌ സന്തുഷ്ടിയെ നിർവചിച്ചിട്ടുണ്ട്‌. സംതൃപ്‌തി മുതൽ അഗാധവും അളവറ്റതുമായ സന്തോഷം വരെയുള്ള വികാരങ്ങളും ക്ഷേമാവസ്ഥയിൽ തുടരണമെന്നുള്ള സ്വതഃസിദ്ധമായ ആഗ്രഹവും അതിന്റെ സവിശേഷതയാണ്‌. എന്നാൽ അത്തരത്തിലുള്ള സന്തുഷ്ടി ഇന്നു നിലവിലുണ്ടോ?

വേണ്ടത്ര സമ്പന്നർ ആയിരുന്നാലേ സന്തുഷ്ടരായിരിക്കാൻ കഴിയൂ എന്ന വീക്ഷണത്തെ ഇന്നു സമൂഹം പ്രോത്സാഹിപ്പിക്കുന്നു. ദശലക്ഷക്കണക്കിന്‌ ആളുകൾ സമ്പന്നരാകാനുള്ള പരക്കം പാച്ചലിലാണ്‌. അതിനുള്ള ഭ്രാന്തമായ ശ്രമത്തിനിടയിൽ അനേകർ വ്യക്തിബന്ധങ്ങളും ജീവിതത്തിലെ പ്രധാനപ്പെട്ട മറ്റു പല സംഗതികളും ബലിചെയ്യുന്നു. ചിതൽപുറ്റിലെ ചിതലുകളെ പോലെ അവർ സദാ തിരക്കുപിടിച്ച്‌ ഓടുകയാണ്‌. തങ്ങളുടെ പ്രവൃത്തികളെ കുറിച്ചു ചിന്തിക്കാനോ മറ്റുള്ളവരോടൊപ്പം ചെലവഴിക്കാനോ അവർക്കു സമയമില്ല. ലോസാഞ്ചലസ്‌ ടൈംസിലെ ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “വിഷാദരോഗികളുടെ എണ്ണം പെരുകി വരികയാണ്‌. ഇന്ന്‌ തീരെ ചെറുപ്പത്തിൽത്തന്നെ അത്‌ ആളുകളെ പിടികൂടുന്നു. . . . വിഷാദരോഗത്തിനുള്ള മരുന്നുകളാണ്‌ ഔഷധ വിപണിയിൽ ഏറ്റവും കൂടുതലായി വിറ്റഴിയുന്നത്‌.” ദശലക്ഷക്കണക്കിന്‌ ആളുകൾ മയക്കുമരുന്നുകൾ ദുരുപയോഗം ചെയ്യുകയോ പ്രശ്‌നങ്ങൾക്കു പരിഹാരം എന്ന നിലയിൽ മദ്യപാനത്തിലേക്കു തിരിയുകയോ ചെയ്യുന്നു. വിഷാദം തോന്നുമ്പോൾ ചിലർ കണ്ണിൽക്കാണുന്നതെല്ലാം വാങ്ങിക്കൂട്ടുന്നു. “വിഷാദത്തിനുള്ള പരിഹാരം എന്നവണ്ണം സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള പ്രവണത കൂടുതലും സ്‌ത്രീകൾക്കാണ്‌” എന്ന്‌ ഒരു സർവേയിൽ കണ്ടെത്തിയതായി ദ ഗാർഡിയൻ എന്ന ബ്രിട്ടീഷ്‌ പത്രം പറയുന്നു. “വിഷാദം അനുഭവപ്പെടുമ്പോൾ അവർ ഷോപ്പിങ്ങിനു പോകാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച്‌ മൂന്നിരട്ടിയായിരുന്നു.”

എന്നിരുന്നാലും, ഒരു കടയിലോ മദ്യക്കുപ്പിയിലോ ഗുളികയിലോ സിറിഞ്ചിലോ ബാങ്ക്‌ അക്കൗണ്ടിലോ കണ്ടെത്താൻ കഴിയുന്ന ഒന്നല്ല യഥാർഥ സന്തുഷ്ടി. അതു വിലകൊടുത്തു വാങ്ങാനാവില്ല; അതു സൗജന്യമായി ലഭിക്കുന്നതാണ്‌. ഈ അമൂല്യ സമ്മാനം നമുക്ക്‌ എവിടെ കണ്ടെത്താനാകും? അടുത്ത ലേഖനത്തിൽ നാം അതേക്കുറിച്ചു പരിചിന്തിക്കും.