വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ സന്തുഷ്ടി എങ്ങനെ കണ്ടെത്താം?

യഥാർഥ സന്തുഷ്ടി എങ്ങനെ കണ്ടെത്താം?

യഥാർഥ സന്തുഷ്ടി എങ്ങനെ കണ്ടെത്താം?

ബുദ്ധമത നേതാവായ ദലൈലാമ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യംതന്നെ സന്തുഷ്ടി കണ്ടെത്തുക എന്നതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു.” മനസ്സിന്റെയും ഹൃദയത്തിന്റെയും പരിശീലനത്തിലൂടെ അല്ലെങ്കിൽ ശിക്ഷണത്തിലൂടെ സന്തുഷ്ടി കൈവരിക്കാനാകുമെന്നു താൻ വിശ്വസിക്കുന്നതായി അദ്ദേഹം തുടർന്നു വിശദീകരിച്ചു. “സമ്പൂർണ സന്തുഷ്ടി കൈവരിക്കാൻ നമുക്കാവശ്യമായ ഏക അടിസ്ഥാന സംഗതി മനസ്സാണ്‌,” എന്ന്‌ അദ്ദേഹം പറഞ്ഞു. ദൈവവിശ്വാസം അനാവശ്യമാണെന്ന്‌ അദ്ദേഹം കരുതുന്നു. *

നേരെമറിച്ച്‌, ദൈവത്തിൽ ശക്തമായ വിശ്വാസം ഉണ്ടായിരുന്ന, തന്റെ പഠിപ്പിക്കലുകളിലൂടെ നൂറ്റാണ്ടുകളിൽ ഉടനീളം കോടിക്കണക്കിന്‌ ആളുകളെ സ്വാധീനിച്ച, യേശുവിനെ കുറിച്ചു ചിന്തിക്കുക. അവൻ മനുഷ്യരുടെ സന്തുഷ്ടിയിൽ തത്‌പരനായിരുന്നു. തന്റെ വിഖ്യാതമായ ഗിരിപ്രഭാഷണത്തിന്റെ തുടക്കത്തിൽ അവൻ ഉച്ചരിച്ച ഒമ്പത്‌ ധന്യവചനങ്ങളിലും “. . . സന്തുഷ്ടരാകുന്നു” എന്ന പ്രയോഗം നാം കാണുന്നു. (മത്തായി 5:1-12, NW) അതേ പ്രഭാഷണത്തിൽത്തന്നെ, തങ്ങളുടെ മനസ്സുകളെയും ഹൃദയങ്ങളെയും പരിശോധിക്കാനും നിർമലീകരിക്കാനും അവയ്‌ക്കു ശിക്ഷണം നൽകാനും അവൻ തന്റെ ശ്രോതാക്കളെ ഉപദേശിച്ചു. കൂടാതെ, അക്രമാസക്തവും അധാർമികവും സ്വാർഥവുമായ ചിന്തകളുടെ സ്ഥാനത്ത്‌ സമാധാനപരവും ശുദ്ധവും സ്‌നേഹമസൃണവുമായ ചിന്തകൾ ഉൾനടാനും അവൻ പ്രോത്സാഹിപ്പിച്ചു. (മത്തായി 5:21, 22, 27, 28; 6:19-21) അവന്റെ ശിഷ്യന്മാരിൽ ഒരാൾ പിൽക്കാലത്ത്‌ ഉദ്‌ബോധിപ്പിച്ചതുപോലെ, നാം ‘സത്യവും ഘനവും നീതിയും നിർമ്മലവും രമ്യവും സല്‌ക്കീർത്തിയും സൽഗുണവും പുകഴ്‌ചയും ആയ കാര്യങ്ങൾ ചിന്തിച്ചു’കൊണ്ടിരിക്കണം.​—⁠ഫിലിപ്പിയർ 4:⁠8.

യഥാർഥ സന്തുഷ്ടിയിൽ മറ്റുള്ളവരുമായുള്ള ബന്ധം ഉൾപ്പെട്ടിരിക്കുന്നുവെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. മനുഷ്യൻ പ്രകൃത്യാ ഒരു സമൂഹജീവിയാണ്‌. അതുകൊണ്ട്‌, നാം നമ്മെത്തന്നെ ഒറ്റപ്പെടുത്തുകയോ ചുറ്റുമുള്ള ആളുകളുമായി എപ്പോഴും കലഹത്തിലായിരിക്കുകയോ ചെയ്‌താൽ നമുക്ക്‌ യഥാർഥമായും സന്തുഷ്ടരായിരിക്കാൻ കഴിയില്ല. സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടായിരിക്കുകയും ചെയ്‌താൽ മാത്രമേ നമുക്കു സന്തുഷ്ടരായിരിക്കാൻ കഴിയൂ. യേശു പഠിപ്പിച്ചതുപോലെ, അത്തരം സ്‌നേഹത്തിന്റെ അടിസ്ഥാനം ദൈവവുമായുള്ള നമ്മുടെ ബന്ധമാണ്‌. വിശേഷാൽ ഇവിടെ, യേശുവിന്റെ പഠിപ്പിക്കലുകൾ ദലൈലാമയുടെ പഠിപ്പിക്കലുകളിൽനിന്നു ഭിന്നമാണ്‌. എന്തെന്നാൽ ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട്‌, യഥാർഥ സന്തോഷം ആസ്വദിക്കാൻ മനുഷ്യർക്കാവില്ലെന്ന്‌ യേശു പഠിപ്പിച്ചു. എന്തുകൊണ്ടാണ്‌ അത്‌ അപ്രകാരമായിരിക്കുന്നത്‌?​—⁠മത്തായി 4:4; 22:37-39.

നിങ്ങളുടെ ആത്മീയ ആവശ്യങ്ങളെ കുറിച്ചു ചിന്തിക്കുക

യേശു പറഞ്ഞ ധന്യവചനങ്ങളിൽ ഒന്ന്‌ ഇതായിരുന്നു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.” (മത്തായി 5:​3, NW) യേശു അങ്ങനെ പറഞ്ഞത്‌ എന്തുകൊണ്ടാണ്‌? കാരണം, മൃഗങ്ങളിൽനിന്നു വ്യത്യസ്‌തമായി നമുക്ക്‌ ആത്മീയ ആവശ്യങ്ങൾ ഉണ്ട്‌. ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട നമുക്ക്‌ സ്‌നേഹം, നീതി, കരുണ, ജ്ഞാനം തുടങ്ങിയ ദിവ്യ ഗുണങ്ങൾ ഒരു പരിധിവരെ നട്ടുവളർത്താൻ കഴിയും. (ഉല്‌പത്തി 1:27; മീഖാ 6:8; 1 യോഹന്നാൻ 4:⁠8) നമ്മുടെ ആത്മീയ ആവശ്യങ്ങളിൽ ജീവിതത്തിന്‌ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കുന്നതും ഉൾപ്പെടുന്നു.

നമുക്ക്‌ എങ്ങനെയാണ്‌ അത്തരം ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ കഴിയുക? അതീന്ദ്രിയ ധ്യാനത്തിലൂടെയോ വെറും ആത്മപരിശോധനയിലൂടെയോ അല്ല അതു സാധിക്കുന്നത്‌. പകരം യേശു ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (മത്തായി 4:⁠4) നമ്മുടെ ജീവന്‌ മർമപ്രധാനമായ “സകലവചന”ത്തിന്റെയും ഉറവിടം ദൈവമാണെന്ന്‌ യേശു പറഞ്ഞത്‌ ശ്രദ്ധിക്കുക. ചില ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുന്നതിനു നമ്മെ സഹായിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. ജീവിതത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചും സന്തുഷ്ടിക്കുള്ള മാർഗത്തെ കുറിച്ചും പ്രതിപാദിക്കുന്ന എണ്ണമറ്റ സിദ്ധാന്തങ്ങളുള്ള ഇന്ന്‌ അതു തിരിച്ചറിയുന്നതു വിശേഷാൽ പ്രധാനമാണ്‌. വായനക്കാർക്ക്‌ ആരോഗ്യവും സമ്പത്തും സന്തുഷ്ടിയും വാഗ്‌ദാനം ചെയ്യുന്ന പുസ്‌തകങ്ങൾക്കായി ബുക്ക്‌ സ്റ്റാളുകൾ ഗണ്യമായ സ്ഥലം നീക്കിവെക്കുന്നു. സന്തുഷ്ടിയെ കുറിച്ചു വിശേഷാൽ പ്രതിപാദിക്കുന്ന ഇന്റർനെറ്റ്‌ സൈറ്റുകളുമുണ്ട്‌.

എന്നിരുന്നാലും, ഈ മണ്ഡലങ്ങളിലെ മാനുഷ ചിന്ത മിക്കപ്പോഴും വഴിതെറ്റിക്കുന്നതാണ്‌. അതു പൊതുവെ സ്വാർഥതയെയും അഹന്തയെയും പ്രോത്സാഹിപ്പിക്കുന്നു. പരിമിതമായ അറിവിലും അനുഭവത്തിലും അധിഷ്‌ഠിതമായ അവ മിക്കപ്പോഴും തെറ്റായ സങ്കൽപ്പങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്‌. ദൃഷ്ടാന്തത്തിന്‌, പ്രായോഗിക ഉപദേശങ്ങൾ വാഗ്‌ദാനം ചെയ്യുന്ന പുസ്‌തകങ്ങൾ എഴുതുന്നവരുടെ ഇടയിൽ “പരിണാമ മനഃശാസ്‌ത്ര” സിദ്ധാന്തത്തിൽ തങ്ങളുടെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്താനുള്ള ഒരു പ്രവണത വർധിച്ചുവരികയാണ്‌. മനുഷ്യന്റെ വികാരങ്ങൾ അവന്റെ പൂർവികരെന്നു കരുതപ്പെടുന്ന മൃഗങ്ങളിൽ വേരൂന്നിയതാണെന്നുള്ള സങ്കൽപ്പത്തിൽ അധിഷ്‌ഠിതമാണ്‌ ആ മനഃശാസ്‌ത്ര സിദ്ധാന്തം. നമ്മുടെ സ്രഷ്ടാവിന്റെ പങ്കിനെ അവഗണിക്കുന്ന ഒരു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ സന്തുഷ്ടി കണ്ടെത്താനായി നടത്തുന്ന യാതൊരു ശ്രമവും ഫലവത്തായിരിക്കില്ല എന്നതാണു വാസ്‌തവം. അത്തരം ശ്രമങ്ങൾ ഒടുവിൽ നിരാശയിലേക്കേ നയിക്കൂ. ഒരു പുരാതന പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “ജ്ഞാനികൾ ലജ്ജിച്ചു . . . പോകും; അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവർക്കു എന്തൊരു ജ്ഞാനമുള്ളു?”​—⁠യിരെമ്യാവു 8:⁠9.

യഹോവയാം ദൈവത്തിന്‌ നമ്മുടെ പ്രകൃതവും നമ്മെ യഥാർഥത്തിൽ സന്തുഷ്ടരാക്കുന്നത്‌ എന്താണെന്നും അറിയാം. കൂടാതെ, താൻ മനുഷ്യനെ ഭൂമിയിൽ ആക്കിവെച്ചത്‌ എന്തിനാണെന്നും ഭാവി എന്തു കൈവരുത്തുമെന്നും അവന്‌ അറിയാം. ബൈബിളിലൂടെ അവൻ അതു നമുക്കു വെളിപ്പെടുത്തിത്തരുന്നു. ആ നിശ്വസ്‌ത പുസ്‌തകത്തിലൂടെ അവൻ വെളിപ്പെടുത്തുന്ന കാര്യങ്ങൾ ശരിയായ മനോനിലയുള്ള ആളുകളിൽ അനുകൂലമായ പ്രതികരണവും സന്തുഷ്ടിയും ഉളവാക്കുന്നു. (ലൂക്കൊസ്‌ 10:21; യോഹന്നാൻ 8:32) യേശുവിന്റെ രണ്ട്‌ അപ്പൊസ്‌തലന്മാരുടെ കാര്യത്തിൽ അതു സത്യമായിരുന്നു. അവന്റെ മരണത്തെ തുടർന്ന്‌ അവർ വളരെ നിരാശരായിത്തീർന്നു. മനുഷ്യവർഗത്തിന്റെ രക്ഷയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിൽ തനിക്കുള്ള പങ്കിനെ കുറിച്ച്‌ പുനരുത്ഥാനം പ്രാപിച്ച യേശുവിൽനിന്നുതന്നെ കേട്ട ശേഷം അവർ ഇങ്ങനെ പറഞ്ഞു: “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ”?​—⁠ലൂക്കൊസ്‌ 24:⁠32.

നമ്മുടെ ജീവിതത്തിന്‌ ഒരു വഴികാട്ടിയായിരിക്കാൻ നാം ബൈബിൾ സത്യത്തെ അനുവദിക്കുമ്പോൾ അത്തരം സന്തോഷം വർധിക്കുന്നു. ഇക്കാര്യത്തിൽ സന്തുഷ്ടിയെ ഒരു മഴവില്ലിനോട്‌ ഉപമിക്കാൻ കഴിയും. സാഹചര്യം അനുകൂലമായിരിക്കുമ്പോൾ അതു പ്രത്യക്ഷപ്പെടുന്നു. എന്നാൽ സാഹചര്യം ഏറ്റവും മെച്ചമായിരിക്കുമ്പോൾ അത്‌ കൂടുതൽ പ്രകാശമാനമാകുന്നു, ചിലപ്പോൾ ഒരു ഇരട്ട മഴവില്ലുപോലും പ്രത്യക്ഷപ്പെടുന്നു. ബൈബിൾ പഠിപ്പിക്കലുകൾ ബാധകമാക്കുന്നത്‌ നമ്മുടെ സന്തുഷ്ടി വർധിപ്പിക്കുന്നത്‌ എങ്ങനെ ആണെന്നുള്ളതിന്റെ ചില ദൃഷ്ടാന്തങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.

ജീവിതം ലളിതമാക്കുക

ഒന്നാമതായി, സമ്പത്തിനെ കുറിച്ചുള്ള യേശുവിന്റെ ബുദ്ധിയുപദേശം പരിചിന്തിക്കുക. പണസമ്പാദനം ജീവിതത്തിലെ മുഖ്യ സംഗതിയാക്കുന്നതിന്‌ എതിരെ മുന്നറിയിപ്പു നൽകിയ ശേഷം അവൻ അസാധാരണമായ ഒരു പ്രസ്‌താവന നടത്തി. അവൻ ഇങ്ങനെ പറഞ്ഞു: “കണ്ണു ചൊവ്വുള്ളതെങ്കിൽ [“ലളിതമാണെങ്കിൽ,” NW] നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.” (മത്തായി 6:19-22) സമ്പത്തോ അധികാരമോ സാധാരണമായുള്ള മറ്റു ലക്ഷ്യങ്ങളോ നാം അതിവാഞ്‌ഛയോടെ പിന്തുടർന്നാൽ, അതിലും പ്രധാനപ്പെട്ട കാര്യങ്ങൾ നമുക്കു നഷ്ടമാകും എന്നാണ്‌ അവൻ അടിസ്ഥാനപരമായി പറഞ്ഞത്‌. കാരണം യേശു മറ്റൊരു അവസരത്തിൽ പറഞ്ഞതുപോലെ, “ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു.” (ലൂക്കൊസ്‌ 12:15) ദൈവവുമായുള്ള നമ്മുടെ ബന്ധം, കുടുംബ കാര്യങ്ങൾ, ബന്ധപ്പെട്ട മറ്റു സംഗതികൾ എന്നിങ്ങനെ യഥാർഥത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ നാം ഒന്നാമതു വെക്കുന്നെങ്കിൽ നമ്മുടെ “കണ്ണു” സങ്കീർണമായിരിക്കില്ല, മറിച്ച്‌ “ലളിത”മായിരിക്കും.

യേശു ഇവിടെ സന്ന്യാസത്തെയോ അതിരുകവിഞ്ഞ ആത്മപരിത്യാഗത്തെയോ പ്രോത്സാഹിപ്പിക്കുക ആയിരുന്നില്ല. യേശുതന്നെയും ഒരു സന്ന്യാസി ആയിരുന്നില്ല. (മത്തായി 11:19; യോഹന്നാൻ 2:1-11) പകരം, സമ്പത്തു കുന്നുകൂട്ടുന്നതിനായി മാത്രം ജീവിതത്തെ വിനിയോഗിക്കുന്നവർ ഫലത്തിൽ ജീവിതത്തിലെ നല്ല അവസരങ്ങൾ കളഞ്ഞുകുളിക്കുകയാണെന്നാണ്‌ അവൻ പഠിപ്പിച്ചത്‌.

ചെറുപ്പത്തിൽത്തന്നെ വളരെ ധനികരായിത്തീർന്ന ചിലരെ കുറിച്ച്‌ യു.എ⁠സ്‌.എ-യിലെ സാൻഫ്രാൻസിസ്‌കോയിലുള്ള ഒരു മനഃശാസ്‌ത്രവിദഗ്‌ധൻ പറഞ്ഞത്‌, അവരെ സംബന്ധിച്ചിടത്തോളം പണം “സമ്മർദത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും മൂലകാരണം” ആണെന്നാണ്‌. അവർ “രണ്ടോ മൂന്നോ വീടുകൾ, ഒരു കാറ്‌ തുടങ്ങി അനേകം സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു. അത്‌ അവരെ തൃപ്‌തിപ്പെടുത്താതെ വരുമ്പോൾ അവർക്കു വിഷാദവും ശൂന്യതാബോധവും ജീവിതംകൊണ്ട്‌ എന്തു ചെയ്യണമെന്നുള്ള അനിശ്ചിതത്വവും അനുഭവപ്പെടുന്നു” എന്ന്‌ അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നേരെമറിച്ച്‌, ഭൗതികമായി ലളിതമായ ഒരു ജീവിതം നയിക്കാനും ആത്മീയ കാര്യങ്ങൾക്ക്‌ ഇടമുണ്ടാക്കാനുമുള്ള യേശുവിന്റെ ഉപദേശം പിൻപറ്റുന്ന ആളുകൾ യഥാർഥ സന്തുഷ്ടി കണ്ടെത്താൻ വളരെയേറെ സാധ്യതയുണ്ട്‌.

ഹവായിയിൽ താമസിക്കുന്ന ഒരു കെട്ടിട നിർമാതാവായ ടോം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പസഫിക്‌ ദ്വീപുകളിൽ ആരാധനാ സ്ഥലങ്ങൾ പണിയാൻ സ്വമേധയാ സഹായിച്ചു. അവിടത്തെ എളിയ ആളുകളിൽ ടോം ഒരു കാര്യം നിരീക്ഷിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ ദ്വീപുകളിലെ എന്റെ ക്രിസ്‌തീയ സഹോദരീസഹോദരന്മാർ യഥാർഥമായും സന്തുഷ്ടരായിരുന്നു. സന്തുഷ്ടിയുടെ അടിസ്ഥാനം പണമോ വസ്‌തുവകകളോ അല്ലെന്ന്‌ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ അവർ എന്നെ സഹായിച്ചു.” ആ ദ്വീപുകളിൽ തന്നോടൊപ്പം സ്വമേധയാ ജോലി ചെയ്‌തുകൊണ്ടിരുന്ന മറ്റുള്ളവർ എത്ര സന്തുഷ്ടരാണെന്നും അദ്ദേഹം നിരീക്ഷിച്ചു. “അവർക്കു വേണമെങ്കിൽ ധാരാളം പണം ഉണ്ടാക്കാമായിരുന്നു,” ടോം പറഞ്ഞു. “എന്നാൽ ആത്മീയ കാര്യങ്ങൾ ഒന്നാം സ്ഥാനത്തു വെക്കാനും ലളിതമായ ഒരു ജീവിതരീതി പിൻപറ്റാനും അവർ തീരുമാനിച്ചു.” ഈ ദൃഷ്ടാന്തങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ടോം, കുടുംബത്തിനും ആത്മീയ കാര്യങ്ങൾക്കും വേണ്ടി കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുമാറ്‌ തന്റെ ജീവിതം ലളിതമാക്കി. ആ തീരുമാനത്തെ പ്രതി അദ്ദേഹം ഒരിക്കലും ഖേദിച്ചിട്ടില്ല.

സന്തുഷ്ടിയും ആത്മാഭിമാനവും

സ്വന്തം മാന്യതയെ കുറിച്ചുള്ള ബോധം അല്ലെങ്കിൽ ആത്മാഭിമാനം സന്തുഷ്ടിക്ക്‌ അനിവാര്യമാണ്‌. മാനുഷ അപൂർണതയും തത്‌ഫലമായുള്ള ദൗർബല്യങ്ങളും നിമിത്തം ചിലർക്ക്‌ തങ്ങളെ കുറിച്ചുതന്നെ ഒരു നിഷേധാത്മക വീക്ഷണമാണുള്ളത്‌. അനേകർക്കും കുട്ടിക്കാലം മുതലേ ഉള്ളതാണ്‌ അത്തരം വികാരങ്ങൾ. ആഴത്തിൽ വേരൂന്നിയിരിക്കുന്ന വികാരങ്ങൾ തരണംചെയ്യാൻ ബുദ്ധിമുട്ടായിരിക്കാം, പക്ഷേ അത്‌ അസാധ്യമല്ല. ദൈവവചനം ബാധകമാക്കുന്നതാണ്‌ അതിനുള്ള മാർഗം.

സ്രഷ്ടാവ്‌ നമ്മെ കുറിച്ച്‌ എന്തു വിചാരിക്കുന്നുവെന്നു ബൈബിൾ വിശദമാക്കുന്നു. അവന്റെ വീക്ഷണമല്ലേ സഹമനുഷ്യരുടെയോ നമ്മുടെതന്നെയോ വീക്ഷണങ്ങളെക്കാൾ പ്രധാനം? സ്‌നേഹത്തിന്റെ മൂർത്തിമദ്‌ഭാവമായ ദൈവം നമ്മെ നോക്കുന്നത്‌ മുൻവിധിയോടെയോ ദ്രോഹബുദ്ധിയോടെയോ അല്ല. നാം എങ്ങനെയുള്ളവരാണെന്നും നമുക്ക്‌ എങ്ങനെയുള്ളവരായിത്തീരാൻ കഴിയുമെന്നും ആണ്‌ അവൻ നോക്കുന്നത്‌. (1 ശമൂവേൽ 16:7; 1 യോഹന്നാൻ 4:⁠8) വാസ്‌തവത്തിൽ, തന്നെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ അവൻ, അവരുടെ അപൂർണതകൾ ഗണ്യമാക്കാതെ അമൂല്യരായി, അതേ അഭികാമ്യരായി വീക്ഷിക്കുന്നു.​—⁠ദാനീയേൽ 9:23; ഹഗ്ഗായി 2:​7; NW.

നമ്മുടെ ദൗർബല്യങ്ങളെയും പാപങ്ങളെയും ദൈവം തീർച്ചയായും അവഗണിക്കുന്നില്ല. ശരിയായതു ചെയ്യുന്നതിനു നാം കഠിനമായി പരിശ്രമിക്കാൻ അവൻ പ്രതീക്ഷിക്കുന്നു, നാം അപ്രകാരം ചെയ്യുമ്പോൾ അവൻ നമ്മെ പിന്താങ്ങുകയും ചെയ്യുന്നു. (ലൂക്കൊസ്‌ 13:24) ബൈബിൾ ഇങ്ങനെ പറയുന്നു: “അപ്പന്നു മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.” അത്‌ ഇങ്ങനെയും പറയുന്നു: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്‌ക്കും? എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം [“മാപ്പ്‌,” NW] ഉണ്ടു.”​—⁠സങ്കീർത്തനം 103:13; 130:3, 4.

അതുകൊണ്ട്‌ ദൈവത്തിന്റെ കണ്ണിലൂടെ നിങ്ങളെത്തന്നെ നോക്കിക്കാണാൻ പഠിക്കുക. ദൈവത്തെ സ്‌നേഹിക്കുന്നവർ തങ്ങളെത്തന്നെ അയോഗ്യരായി കരുതിയാലും അവൻ അവരെ അഭികാമ്യരായി വീക്ഷിക്കുന്നുവെന്നും അവന്‌ അവരിൽ വിശ്വാസമുണ്ടെന്നും അറിയുന്നത്‌ ഒരുവന്റെ സന്തുഷ്ടി വളരെയേറെ വർധിപ്പിക്കുന്നു.​—⁠1 യോഹന്നാൻ 3:19, 20.

പ്രത്യാശ​—⁠സന്തുഷ്ടിക്ക്‌ അനിവാര്യം

അടുത്തകാലത്ത്‌ ജനപ്രീതി ആർജിച്ച ഒരു സങ്കൽപ്പമായ ക്രിയാത്മക മനഃശാസ്‌ത്രം അനുസരിച്ച്‌, ക്രിയാത്മക ചിന്തയിലും വ്യക്തിഗതമായ കഴിവുകളിലും അധിഷ്‌ഠിതമായ ശുഭാപ്‌തിവിശ്വാസത്തിന്‌ ഒരുവനെ സന്തുഷ്ടിയിലേക്കു നയിക്കാനാകും. ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള ശുഭാപ്‌തിവിശ്വാസം നമ്മുടെ സന്തോഷം വർധിപ്പിക്കുമെന്ന കാര്യം ആരുംതന്നെ നിഷേധിക്കുകയില്ല. എന്നിരുന്നാലും, അത്തരം ശുഭാപ്‌തിവിശ്വാസം വ്യാമോഹത്തിൽ അല്ല മറിച്ച്‌ വസ്‌തുതകളിൽ അധിഷ്‌ഠിതമായിരിക്കണം. കൂടാതെ, എത്രതന്നെ ശുഭാപ്‌തിവിശ്വാസമോ ക്രിയാത്മക ചിന്തയോ ഉണ്ടായിരുന്നാലും അതിന്‌, അനേകരുടെയും സന്തുഷ്ടി കവർന്നുകളയുന്ന യുദ്ധം, പട്ടിണി, രോഗം, മലിനീകരണം, വാർധക്യം, മരണം എന്നിങ്ങനെയുള്ള കാര്യങ്ങൾ നീക്കം ചെയ്യാനാവില്ല. എന്നിരുന്നാലും, ശുഭാപ്‌തിവിശ്വാസത്തിന്‌ അതിന്റേതായ സ്ഥാനമുണ്ട്‌.

രസാവഹമായി, ബൈബിളിൽ ശുഭാപ്‌തിവിശ്വാസം എന്ന പദം ഇല്ല. എന്നാൽ അതിലും ശക്തമായ ഒരു പദപ്രയോഗം അതിലുണ്ട്‌​—⁠പ്രത്യാശ. ബൈബിളിലെ “പ്രത്യാശ” എന്ന പദത്തെ വൈൻസ്‌ കംപ്ലീറ്റ്‌ എക്‌സ്‌പോസിറ്ററി ഡിക്‌ഷനറി “അനുകൂലവും ഉറപ്പുള്ളതുമായ പ്രതീക്ഷ, . . . നല്ലതിനായി സന്തോഷത്തോടെയുള്ള കാത്തിരിപ്പ്‌” എന്നിങ്ങനെ നിർവചിക്കുന്നു. ഒരു സാഹചര്യത്തെ സംബന്ധിച്ച്‌ ശുഭാപ്‌തിവിശ്വാസം ഉണ്ടായിരിക്കുന്നതിനെക്കാൾ ഏറെ കാര്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. ഒരുവന്റെ പ്രത്യാശ എന്തിൽ കേന്ദ്രീകരിച്ചിരിക്കുന്നുവോ അതിനെയും അതു സൂചിപ്പിക്കുന്നു. (എഫെസ്യർ 4:4; 1 പത്രൊസ്‌ 1:⁠3, 5) ദൃഷ്ടാന്തത്തിന്‌, കഴിഞ്ഞ ഖണ്ഡികയിൽ പറഞ്ഞ അഹിതകരമായ സകല കാര്യങ്ങളും ഇല്ലായ്‌മ ചെയ്യപ്പെടുമെന്നുള്ളത്‌ ക്രിസ്‌തീയ പ്രത്യാശയുടെ ഭാഗമാണ്‌. (സങ്കീർത്തനം 37:9-11, 29) എന്നാൽ അതു മാത്രമല്ല പ്രത്യാശയിൽ ഉൾപ്പെട്ടിരിക്കുന്നത്‌.

വിശ്വസ്‌തരായ മനുഷ്യർക്ക്‌ ഒരു പറുദീസാ ഭൂമിയിൽ പൂർണതയുള്ള ജീവൻ ലഭിക്കുന്ന സമയത്തിനായി ക്രിസ്‌ത്യാനികൾ നോക്കിപ്പാർത്തിരിക്കുന്നു. (ലൂക്കൊസ്‌ 23:42, 43) ആ പ്രത്യാശയെ കുറിച്ച്‌ കൂടുതലായി വിശദീകരിച്ചുകൊണ്ട്‌, വെളിപ്പാടു 21:3-5 ഇങ്ങനെ പറയുന്നു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; . . . അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”

അത്തരമൊരു ഭാവിപ്രതീക്ഷയുള്ള ഏതൊരുവനും സന്തുഷ്ടനായിരിക്കാൻ സകല കാരണങ്ങളും ഉണ്ട്‌, ഇപ്പോഴത്തെ സാഹചര്യങ്ങൾ ആഗ്രഹിക്കുന്നത്ര മെച്ചമല്ലെങ്കിൽപ്പോലും. (യാക്കോബ്‌ 1:12) ആയതിനാൽ ബൈബിൾ പരിശോധിച്ച്‌ നിങ്ങൾക്ക്‌ അതിൽ വിശ്വസിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ടെന്ന്‌ കണ്ടെത്തരുതോ? ബൈബിൾ വായിക്കാനായി ഓരോ ദിവസവും സമയം ചെലവഴിച്ചുകൊണ്ട്‌ നിങ്ങളുടെ പ്രത്യാശ ബലിഷ്‌ഠമാക്കുക. അതു നിങ്ങളെ ആത്മീയമായി പരിപുഷ്ടിപ്പെടുത്തുകയും സന്തോഷം കവർന്നുകളയുന്ന കാര്യങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ സംതൃപ്‌തി വർധിപ്പിക്കുകയും ചെയ്യും. അതേ, യഥാർഥ സന്തുഷ്ടിയുടെ ആത്യന്തിക അടിസ്ഥാനം ദൈവേഷ്ടം ചെയ്യുന്നതാണ്‌. (സഭാപ്രസംഗി 12:13) ബൈബിൾ തത്ത്വങ്ങളിൽ അധിഷ്‌ഠിതമായ ഒരു ജീവിതം സന്തുഷ്ട ജീവിതമാണ്‌. എന്തെന്നാൽ യേശു പറഞ്ഞു: “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].”​—⁠ലൂക്കൊസ്‌ 11:⁠28.

[അടിക്കുറിപ്പ്‌]

^ ഖ. 2 ഒരു ബുദ്ധമതവിശ്വാസി ആയിരിക്കുന്നതിന്‌ ദൈവവിശ്വാസം അനിവാര്യമല്ല.

[5-ാം പേജിലെ ചിത്രങ്ങൾ]

സമ്പത്ത്‌ കുന്നുകൂട്ടുന്നതിലൂടെയോ സ്വയം ഒറ്റപ്പെടുത്തുന്നതിലൂടെയോ മനുഷ്യന്റെ പരിമിതമായ അറിവിൽ ആശ്രയിക്കുന്നതിലൂടെയോ സന്തുഷ്ടി കണ്ടെത്താനാവില്ല

[6-ാം പേജിലെ ചിത്രം]

ദൈവവചനത്തിൽ അധിഷ്‌ഠിതമായ ഒരു ജീവിതം സന്തുഷ്ട ജീവിതമാണ്‌

[7-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ പ്രത്യാശ സന്തുഷ്ടി കൈവരുത്തുന്നു