വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെളിച്ചം തിരഞ്ഞെടുക്കുന്നവർക്കു രക്ഷ

വെളിച്ചം തിരഞ്ഞെടുക്കുന്നവർക്കു രക്ഷ

വെളിച്ചം തിരഞ്ഞെടുക്കുന്നവർക്കു രക്ഷ

“യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?”​—⁠സങ്കീർത്തനം 27:⁠1.

1. യഹോവ ഏതു ജീവദായക കരുതലുകൾ ചെയ്യുന്നു?

ഭൂമിയിൽ ജീവൻ നിലനിറുത്തുന്ന സൂര്യപ്രകാശത്തിന്റെ ഉറവ്‌ യഹോവയാണ്‌. (ഉല്‌പത്തി 1:2, 14) സാത്താന്റെ ലോകത്തിലെ മാരകമായ അന്ധകാരത്തെ നീക്കംചെയ്യുന്ന ആത്മീയ വെളിച്ചത്തിന്റെ സ്രഷ്ടാവും അവനാണ്‌. (യെശയ്യാവു 60:2; 2 കൊരിന്ത്യർ 4:6; എഫെസ്യർ 5:8-11; 6:12) വെളിച്ചം തിരഞ്ഞെടുക്കുന്നവർക്ക്‌ സങ്കീർത്തനക്കാരനോടൊപ്പം ഇങ്ങനെ പറയാൻ കഴിയും: “യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?” (സങ്കീർത്തനം 27:1എ) എന്നിരുന്നാലും യേശുവിന്റെ നാളിൽ സംഭവിച്ചതുപോലെ, ഇരുളിനെ തിരഞ്ഞെടുക്കുന്നവർക്ക്‌ പ്രതികൂല ന്യായവിധി മാത്രമേ പ്രതീക്ഷിക്കാൻ കഴിയൂ.​—⁠യോഹന്നാൻ 1:​9-11; 3:19-21, 36.

2. പുരാതനകാലത്ത്‌ യഹോവയുടെ വെളിച്ചം നിരസിച്ചവർക്കും അവന്റെ വാക്കു കേട്ടനുസരിച്ചവർക്കും എന്തു സംഭവിച്ചു?

2 യെശയ്യാവിന്റെ നാളിൽ യഹോവയുടെ ഉടമ്പടി ജനതയിലെ മിക്കവരും വെളിച്ചം നിരസിച്ചു. തത്‌ഫലമായി, വടക്കേ ഇസ്രായേൽ രാജ്യം നിർമൂലമായി. യെശയ്യാവ്‌ അതിനു ദൃക്‌സാക്ഷി ആയിരുന്നു. പൊ.യു.മു. 607-ൽ യെരൂശലേമും അതിലെ ആലയവും നശിപ്പിക്കപ്പെടുകയും യഹൂദ നിവാസികൾ പ്രവാസത്തിൽ ആകുകയും ചെയ്‌തു. എന്നിരുന്നാലും, യഹോവയുടെ വചനം ചെവിക്കൊണ്ടവർ അന്നത്തെ വിശ്വാസത്യാഗത്തെ ചെറുത്തുനിൽക്കാൻ തക്കവിധം ബലിഷ്‌ഠരാക്കപ്പെട്ടു. പൊ.യു.മു. 607-ലെ നാശത്തിൽ, തന്റെ വാക്കു കേൾക്കുന്നവർക്ക്‌ യഹോവ അതിജീവനം വാഗ്‌ദാനം ചെയ്‌തിരുന്നു. (യിരെമ്യാവു 21:8, 9) അന്നു സംഭവിച്ചതിൽനിന്ന്‌, വെളിച്ചത്തെ സ്‌നേഹിക്കുന്ന നമുക്കു വളരെയേറെ കാര്യങ്ങൾ പഠിക്കാൻ കഴിയും.​—⁠എഫെസ്യർ 5:⁠5.

വെളിച്ചത്തിൽ വസിക്കുന്നവരുടെ സന്തുഷ്ടി

3. ഇന്ന്‌ നമുക്ക്‌ എന്ത്‌ ഉറപ്പ്‌ ഉണ്ടായിരിക്കാൻ കഴിയും, ഏതു “നീതിയുള്ള ജനത”യെ ആണ്‌ നാം സ്‌നേഹിക്കുന്നത്‌, ആ “ജനത”യുടെ ‘ബലമുള്ള പട്ടണം’ ഏത്‌?

3 “നമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; [ദൈവം] രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു. വിശ്വസ്‌തത കാണിക്കുന്ന നീതിയുള്ള ജാതി [“ജനത,” NW] പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിൻ.” (യെശയ്യാവു 26:1, 2) യഹോവയിൽ ആശ്രയിച്ചവരുടെ ഉല്ലാസ ഘോഷമാണിത്‌. യെശയ്യാവിന്റെ നാളിലെ വിശ്വസ്‌തരായ യഹൂദന്മാർ സുരക്ഷിതത്വത്തിന്റെ ശരിയായ ഏക ഉറവ്‌ എന്ന നിലയിൽ യഹോവയിലേക്കു നോക്കി, ദേശത്തിലെ മറ്റുള്ളവരെപ്പോലെ അവർ വ്യാജദേവന്മാരിൽ ആശ്രയിച്ചില്ല. സുരക്ഷിതത്വത്തിന്റെ ഏക ഉറവ്‌ യഹോവയാണെന്ന്‌ ഇന്ന്‌ നമുക്കും ഉറപ്പുണ്ട്‌. തന്നെയുമല്ല, നാം യഹോവയുടെ “നീതിയുള്ള ജനത”യെ, “ദൈവത്തിന്റെ യിസ്രായേലി”നെ, സ്‌നേഹിക്കുന്നു. (ഗലാത്യർ 6:16; മത്തായി 21:43) യഹോവയും ഈ ജനതയെ അതിന്റെ വിശ്വസ്‌ത നടത്തയെ പ്രതി സ്‌നേഹിക്കുന്നു. അവന്റെ അനുഗ്രഹത്താൽ ദൈവത്തിന്റെ ഇസ്രായേലിന്‌ “ബലമുള്ളോരു പട്ടണം,” അതിനെ പിന്താങ്ങുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പട്ടണസമാന സംഘടന ഉണ്ട്‌.

4. നാം ഏതു മനോഭാവം നട്ടുവളർത്തണം?

4 “സ്ഥിരമാനസൻ [യഹോവയിൽ] ആശ്രയം വെച്ചിരിക്കകൊണ്ടു [യഹോവ] അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” എന്ന്‌ ഈ “പട്ടണ”ത്തിലുള്ളവർക്ക്‌ നന്നായി അറിയാം. യഹോവയിൽ ആശ്രയിക്കാൻ മനസ്സുവെക്കുകയും അവന്റെ നീതിയുള്ള തത്ത്വങ്ങൾക്ക്‌ അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ യഹോവ പിന്താങ്ങുന്നു. അതുകൊണ്ട്‌ യഹൂദയിലെ വിശ്വസ്‌തർ യെശയ്യാവിന്റെ പിൻവരുന്ന ഉദ്‌ബോധനത്തിനു ചെവികൊടുത്തു: “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ.” (യെശയ്യാവു 26:3, 4; സങ്കീർത്തനം 9:10; 37:3; സദൃശവാക്യങ്ങൾ 3:⁠5) ആ മനോഭാവമുള്ളവർ ആശ്രയയോഗ്യമായ ഏക പാറ എന്ന നിലയിൽ ‘യഹോവയാം യാഹി’ലേക്ക്‌ നോക്കുന്നു. അവർ അവനുമായി ‘പൂർണ്ണസമാധാനം’ ആസ്വദിക്കുന്നു.​—⁠ഫിലിപ്പിയർ 1:2; 4:6, 7.

ദൈവത്തിന്റെ ശത്രുക്കൾ അപമാനിതരാകുന്നു

5, 6. (എ) പുരാതന ബാബിലോൺ അപമാനിതയായത്‌ എങ്ങനെ? (ബി) എങ്ങനെയാണ്‌ “മഹാബാബിലോൺ” അപമാനിതയായത്‌?

5 യഹോവയിൽ ആശ്രയിക്കുന്നവർക്ക്‌ ഉപദ്രവം സഹിക്കേണ്ടി വരുന്നെങ്കിലോ? അവർ ഭയപ്പെടേണ്ടതില്ല. ഒരു കാലഘട്ടത്തേക്ക്‌ യഹോവ അത്തരം കാര്യങ്ങൾ അനുവദിക്കുന്നു. എന്നാൽ കാലക്രമത്തിൽ അവൻ അവരെ വിടുവിക്കുകയും അവരെ ഉപദ്രവിക്കുന്നവരുടെമേൽ ന്യായവിധി നടപ്പാക്കുകയും ചെയ്യും. (2 തെസ്സലൊനീക്യർ 1:4-7; 2 തിമൊഥെയൊസ്‌ 1:8-10) ഒരു “ഉന്നതനഗര”ത്തിന്റെ കാര്യം പരിചിന്തിക്കുക. യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “അവൻ ഉയരത്തിൽ പാർക്കുന്നവരെ ഉന്നതനഗരത്തെതന്നേ താഴ്‌ത്തിതള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.” (യെശയ്യാവു 26:5, 6) ഇവിടെ പരാമർശിച്ചിരിക്കുന്ന ഉന്നതനഗരം ബാബിലോൺ ആയിരിക്കാം. ആ നഗരം തീർച്ചയായും ദൈവജനത്തെ പീഡിപ്പിച്ചു. എന്നാൽ ബാബിലോണിന്‌ എന്താണു സംഭവിച്ചത്‌? പൊ.യു.മു. 539-ൽ മേദ്യരും പേർഷ്യക്കാരും ചേർന്ന്‌ ആ നഗരം പിടിച്ചടക്കി. ആ നഗരത്തിന്‌ അത്‌ എന്തൊരു അപമാനം അഥവാ വീഴ്‌ച ആയിരുന്നു!

6 നമ്മുടെ നാളിൽ, യെശയ്യാവിന്റെ പ്രാവചനിക വാക്കുകൾ 1919 മുതൽ “മഹാബാബിലോ”ണിന്‌ സംഭവിച്ചതിനെ നന്നായി വർണിക്കുന്നു. ആ വർഷം യഹോവയുടെ ജനത്തെ ആത്മീയ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കാൻ ആ ഉന്നതനഗരം നിർബന്ധിതയായപ്പോൾ അതിന്‌ അപമാനകരമായ ഒരു വീഴ്‌ച ഉണ്ടായി. (വെളിപ്പാടു 14:⁠8) തുടർന്നു സംഭവിച്ചത്‌ അതിനെക്കാൾ അപമാനകരമായിരുന്നു. ക്രിസ്‌ത്യാനികളുടെ ആ ചെറിയ കൂട്ടം തങ്ങളെ ബന്ദികളാക്കിയവരെ “ചവിട്ടി”മെതിക്കാൻ തുടങ്ങി. വെളിപ്പാടു 8:​7-12-ലെ നാലു ദൂതന്മാരുടെ കാഹളധ്വനികളും വെളിപ്പാടു 9:1–11:​15-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന മൂന്നു കഷ്ടങ്ങളും പരസ്യപ്പെടുത്തിക്കൊണ്ട്‌ 1922 മുതൽ അവർ ക്രൈസ്‌തവലോകത്തിന്റെ ആസന്നമായ അന്ത്യത്തെ കുറിച്ച്‌ ഘോഷിക്കാൻ തുടങ്ങി.

“നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു”

7. യഹോവയുടെ വെളിച്ചത്തിലേക്കു തിരിയുന്നവർക്ക്‌ എന്തു മാർഗനിർദേശം ലഭിക്കുന്നു, അവർ ആരിൽ പ്രത്യാശ വെക്കുകയും എന്തിനെ പ്രിയങ്കരമായി കരുതുകയും ചെയ്യുന്നു?

7 തന്റെ വെളിച്ചത്തിലേക്കു തിരിയുന്നവരെ യഹോവ രക്ഷിക്കുകയും വഴിനയിക്കുകയും ചെയ്യുന്നു എന്ന്‌ യെശയ്യാവ്‌ അടുത്തതായി പ്രകടമാക്കുന്നു: “നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു. അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്‌മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്‌ഛിക്കുന്നു.” (യെശയ്യാവു 26:7, 8) യഹോവ നീതിയുള്ള ദൈവമാണ്‌. അവനെ ആരാധിക്കുന്നവർ അവന്റെ നീതിനിഷ്‌ഠമായ പ്രമാണങ്ങൾ അനുസരിക്കണം. അവർ അങ്ങനെ ചെയ്യുമ്പോൾ, യഹോവ അവരെ നയിക്കുന്നു, അവരുടെ പാതയെ ചൊവ്വായി നിരത്തുന്നു. സൗമ്യരായ ഇവർ അവന്റെ മാർഗനിർദേശം പിൻപറ്റിക്കൊണ്ട്‌, തങ്ങൾ യഹോവയിൽ പ്രത്യാശിക്കുന്നുവെന്നും അവന്റെ നാമത്തെ, “ജ്ഞാപക”ത്തെ അഥവാ “സ്‌മരണ”യെ, പ്രിയങ്കരമായി കരുതുന്നുവെന്നും പ്രകടമാക്കുന്നു.​—⁠പുറപ്പാടു 3:⁠15.

8. യെശയ്യാവ്‌ ഏത്‌ ഉത്തമ മനോഭാവം പ്രകടമാക്കി?

8 യെശയ്യാവ്‌ യഹോവയുടെ നാമത്തെ പ്രിയങ്കരമായി കരുതി. അവന്റെ അടുത്ത വാക്കുകൾ അതു വ്യക്തമാക്കുന്നു: “എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും.” (യെശയ്യാവു 26:⁠9) യെശയ്യാവ്‌ ‘തന്റെ ഉള്ളത്താൽ,’ മുഴു ഹൃദയത്തോടെ യഹോവയെ ആഗ്രഹിച്ചു. തന്റെ ഉള്ളിന്റെയുള്ളിലെ വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ടും യഹോവയുടെ മാർഗനിർദേശം ഉത്സാഹപൂർവം തേടിക്കൊണ്ടും രാത്രിയുടെ ശാന്തമായ യാമങ്ങളിൽ ആ പ്രവാചകൻ യഹോവയോടു പ്രാർഥിക്കുന്നതു വിഭാവന ചെയ്യുക. എന്തൊരു ഉത്തമ മാതൃക! തന്നെയുമല്ല, യഹോവയുടെ ന്യായവിധികളിൽനിന്ന്‌ യെശയ്യാവ്‌ നീതിയെ കുറിച്ചു പഠിച്ചു. അങ്ങനെ, യഹോവയുടെ ഹിതം തിരിച്ചറിയാൻ നിതാന്ത ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യം അവൻ നമ്മെ ഓർമിപ്പിക്കുന്നു.

ചിലർ അന്ധകാരം തിരഞ്ഞെടുക്കുന്നു

9, 10. തന്റെ അവിശ്വസ്‌ത ജനത്തോട്‌ യഹോവ ദയ കാട്ടിയത്‌ എങ്ങനെ, എന്നാൽ അവർ എങ്ങനെ പ്രതികരിച്ചു?

9 യഹോവ യഹൂദയോട്‌ വലിയ സ്‌നേഹദയ കാണിച്ചെങ്കിലും, ദുഃഖകരമെന്നു പറയട്ടെ, എല്ലാവരും അതിനോട്‌ അനുകൂലമായി പ്രതികരിച്ചില്ല. ഭൂരിപക്ഷം പേരും മിക്കപ്പോഴും തിരഞ്ഞെടുത്തത്‌ യഹോവ പ്രദാനം ചെയ്‌ത സത്യത്തിന്റെ വെളിച്ചമല്ല. പ്രത്യുത, മത്സരവും വിശ്വാസത്യാഗവുമാണ്‌. യെശയ്യാവ്‌ ഇങ്ങനെ പറഞ്ഞു: “ദുഷ്ടന്നു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്വം അവൻ കാണുകയുമില്ല.”​—⁠യെശയ്യാവു 26:⁠10.

10 യെശയ്യാവിന്റെ നാളിൽ, യഹോവയുടെ കൈ യഹൂദയെ അവളുടെ ശത്രുക്കളിൽനിന്നു സംരക്ഷിച്ചപ്പോൾ അത്‌ അംഗീകരിക്കാൻ ഭൂരിപക്ഷം പേരും കൂട്ടാക്കിയില്ല. അവൻ സമാധാനം നൽകി അവരെ അനുഗ്രഹിച്ചപ്പോൾ അവർ ഒട്ടും കൃതജ്ഞത പ്രകടിപ്പിച്ചില്ല. അതുകൊണ്ട്‌ അവർ ‘വേറെ കർത്താക്കന്മാരെ’ സേവിക്കേണ്ടതിന്‌ യഹോവ അവരെ കൈവിട്ടു. ഒടുവിൽ, പൊ.യു.മു. 607-ൽ യഹൂദന്മാർ ബാബിലോണിൽ പ്രവാസികളാകാൻ അവൻ അനുവദിച്ചു. (യെശയ്യാവു 26:11-13) എന്നിരുന്നാലും, കാലക്രമത്തിൽ ആ ജനതയുടെ ഒരു ശേഷിപ്പ്‌ ശിക്ഷണത്തിലൂടെ ശുദ്ധീകരിക്കപ്പെട്ട്‌ സ്വദേശത്തേക്കു മടങ്ങിവന്നു.

11, 12. (എ) യഹൂദയെ ബന്ദികളാക്കിയവർക്ക്‌ എന്തു ഭാവിയാണ്‌ ഉണ്ടായിരുന്നത്‌? (ബി) യഹോവയുടെ അഭിഷിക്ത ദാസന്മാരെ മുമ്പു ബന്ദികളാക്കിയവർക്ക്‌ 1919-ൽ എന്തു ഭാവിയാണ്‌ ഉണ്ടായിരുന്നത്‌?

11 യഹൂദയെ ബന്ദികളാക്കിയവർക്ക്‌ എന്തു സംഭവിച്ചു? യെശയ്യാവ്‌ പ്രാവചനികമായി ഇങ്ങനെ ഉത്തരം പറയുന്നു: “മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്‌ക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദർശിച്ചു സംഹരിക്കയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്‌തതു.” (യെശയ്യാവു 26:14) അതേ, പൊ.യു.മു. 539-ലെ നാശത്തെ തുടർന്ന്‌ ബാബിലോണിന്‌ യാതൊരു ഭാവിയും ഉണ്ടായിരുന്നില്ല. കാലക്രമത്തിൽ ആ നഗരം പൂർണമായും നശിക്കുമായിരുന്നു. അവൾ ‘മൃതി’യടയുകയും അവളുടെ ബൃഹത്തായ സാമ്രാജ്യം ചരിത്രത്തിന്റെ ഏടുകളിൽ മാത്രമായി ഒതുങ്ങുകയും ചെയ്യുമായിരുന്നു. ഈ ലോകത്തിലെ പ്രബലന്മാരെ ആശ്രയിക്കുന്നവർക്കുള്ള എത്ര ശക്തമായ ഒരു മുന്നറിയിപ്പ്‌!

12 യഹോവ 1918-ൽ തന്റെ ജനത്തെ ആത്മീയ അടിമത്തത്തിലേക്കു പോകാൻ അനുവദിക്കുകയും പിന്നീട്‌ 1919-ൽ അവരെ മോചിപ്പിക്കുകയും ചെയ്‌തപ്പോൾ ഈ പ്രവചനത്തിന്‌ ഭാഗികമായ ഒരു നിവൃത്തി ഉണ്ടായി. അവരെ മുമ്പ്‌ ബന്ദികളാക്കിയവരുടെ, വിശേഷിച്ചും ക്രൈസ്‌തവലോകത്തിന്റെ, ഭാവി അന്നു മുതൽ ഇരുളടഞ്ഞതായിത്തീർന്നു. എന്നാൽ സമൃദ്ധമായ അനുഗ്രഹങ്ങളാണ്‌ യഹോവയുടെ ജനത്തെ കാത്തിരുന്നത്‌.

“നീ ജനത്തെ വർദ്ധിപ്പിച്ചു”

13, 14. 1919 മുതൽ യഹോവയുടെ അഭിഷിക്ത ദാസന്മാർ ഏതു മഹത്തായ അനുഗ്രഹങ്ങൾ ആസ്വദിച്ചിരിക്കുന്നു?

13 ദൈവം തന്റെ അഭിഷിക്ത ദാസന്മാരുടെ അനുതാപ മനോഭാവത്തെ 1919-ൽ അനുഗ്രഹിക്കുകയും അവരെ വർധിപ്പിക്കുകയും ചെയ്‌തു. ഒന്നാമതായി, ദൈവത്തിന്റെ ഇസ്രായേലിന്റെ അവസാന അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിന്‌ ശ്രദ്ധ നൽകപ്പെട്ടു. തുടർന്ന്‌, “വേറെ ആടു”കളുടെ “മഹാപുരുഷാരം” കൂട്ടിച്ചേർക്കപ്പെടാൻ തുടങ്ങി. (വെളിപ്പാടു 7:9; യോഹന്നാൻ 10:16) യെശയ്യാവിന്റെ പ്രവചനത്തിൽ ഈ അനുഗ്രഹങ്ങളെ കുറിച്ച്‌ മുൻകൂട്ടി പറഞ്ഞിരുന്നു: “നീ ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വർദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്‌താരമാക്കിയിരിക്കുന്നു. യഹോവേ, കഷ്ടതയിൽ അവർ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവർക്കു തട്ടിയപ്പോൾ ജപംകഴിക്കയും ചെയ്‌തു.”​—⁠യെശയ്യാവു 26:15, 16.

14 ഇന്ന്‌ ദൈവത്തിന്റെ ഇസ്രായേലിന്റെ അതിരുകൾ ഭൂമിയിൽ എങ്ങും വ്യാപിച്ചിരിക്കുന്നു. അവരോടു കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന, സുവാർത്ത പ്രസംഗവേലയിൽ ഉത്സാഹപൂർവം പങ്കെടുക്കുന്ന, മഹാപുരുഷാരത്തിലെ അംഗങ്ങളുടെ എണ്ണം ഏകദേശം 60 ലക്ഷമായിരിക്കുന്നു. (മത്തായി 24:14) യഹോവയിൽ നിന്നുള്ള എത്ര മഹത്തായ അനുഗ്രഹം! ഇത്‌ അവന്റെ നാമത്തിന്‌ എത്ര വലിയ മഹത്ത്വമാണ്‌ കൈവരുത്തുന്നത്‌! ആ നാമം ഇന്ന്‌ 235 രാജ്യങ്ങളിൽ മുഴങ്ങിക്കേൾക്കുന്നു. അവന്റെ വാഗ്‌ദാനത്തിന്റെ വിസ്‌മയാവഹമായ ഒരു നിവൃത്തിയാണിത്‌.

15. 1919-ൽ ഏത്‌ ആലങ്കാരിക പുനരുത്ഥാനം നടന്നു?

15 യഹോവയുടെ സഹായം കൂടാതെ യഹൂദയ്‌ക്ക്‌ ബാബിലോണിലെ പ്രവാസത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. (യെശയ്യാവു 26:17, 18) സമാനമായി, ദൈവത്തിന്റെ ഇസ്രായേൽ 1919-ൽ വിടുവിക്കപ്പെട്ടത്‌ യഹോവയുടെ പിന്തുണയുടെ ഒരു തെളിവായിരുന്നു. അവനെ കൂടാതെ അതു സംഭവിക്കുമായിരുന്നില്ല. അവരുടെ അവസ്ഥയിലുണ്ടായ മാറ്റം തികച്ചും അതിശയകരമായിരുന്നതിനാൽ യെശയ്യാവ്‌ അതിനെ ഒരു പുനരുത്ഥാനത്തോടു ഉപമിക്കുന്നു: “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്‌ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ [“മരണത്തിൽ നിഷ്‌ക്രിയരായവരെ,” NW] പ്രസവിക്കുമല്ലോ.” (യെശയ്യാവു 26:19; വെളിപ്പാടു 11:7-11) അതേ, ഒരു ആലങ്കാരിക അർഥത്തിൽ, മരണത്തിൽ നിഷ്‌ക്രിയരായവർ പൂർവാധികം ശക്തിയോടെ പ്രവർത്തിക്കാൻ തക്കവിധം വീണ്ടും ജനിക്കുമായിരുന്നു.

ആപത്‌ഘട്ടങ്ങളിൽ സംരക്ഷണം

16, 17. (എ) ബാബിലോന്റെ വീഴ്‌ചയെ അതിജീവിക്കുന്നതിന്‌ പൊ.യു.മു. 539-ൽ യഹൂദന്മാർ എന്തു ചെയ്യണമായിരുന്നു? (ബി) സാധ്യതയനുസരിച്ച്‌ ഇന്ന്‌ “അറകൾ” എന്താണ്‌, അവ നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

16 യഹോവയുടെ ദാസന്മാർക്ക്‌ എല്ലായ്‌പോഴും അവന്റെ സംരക്ഷണം ആവശ്യമാണ്‌. പെട്ടെന്നുതന്നെ അവൻ സാത്താന്റെ ലോകത്തിന്‌ എതിരെ അവസാനമായി തന്റെ കൈ നീട്ടും. അന്ന്‌ യഹോവയുടെ ആരാധകർക്ക്‌ അവന്റെ സംരക്ഷണം മുമ്പ്‌ എന്നത്തേതിലും ആവശ്യമായിവരും. (1 യോഹന്നാൻ 5:19) ആ ആപത്‌ഘട്ടത്തെ കുറിച്ച്‌ യഹോവ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്‌പനേരത്തേക്കു ഒളിച്ചിരിക്ക. യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദർശിപ്പാൻ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.” (യെശയ്യാവു 26:20, 21; സെഫന്യാവു 1:14) പൊ.യു.മു. 539-ലെ ബാബിലോന്റെ വീഴ്‌ചയെ എങ്ങനെ അതിജീവിക്കാമെന്ന്‌ യഹൂദന്മാർക്കു വ്യക്തമാക്കിക്കൊടുക്കുന്നത്‌ ആയിരുന്നു ഈ മുന്നറിയിപ്പ്‌. സൈനികർ കീഴടക്കിക്കൊണ്ട്‌ തെരുവിലൂടെ മുന്നേറിയ സമയത്ത്‌, മുന്നറിയിപ്പിനു ശ്രദ്ധ കൊടുത്തവർ സുരക്ഷിതരായി തങ്ങളുടെ വീടുകളിൽ കഴിഞ്ഞിരിക്കാം.

17 ഇന്ന്‌, പ്രവചനത്തിലെ ആ ‘അറകൾ’ യഹോവയുടെ ജനത്തിന്റെ ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു സഭകളെ ആയിരിക്കാം ചിത്രീകരിക്കുന്നത്‌. മൂപ്പന്മാരുടെ സ്‌നേഹപൂർവകമായ കരുതലിൻ കീഴിലും സഹോദരന്മാരുടെ ഇടയിലും ക്രിസ്‌ത്യാനികൾ സുരക്ഷിതത്വം കണ്ടെത്തുന്ന സ്ഥലമായ ഈ സഭകൾ ഇപ്പോൾപ്പോലും ഒരു സംരക്ഷണമാണ്‌. (യെശയ്യാവു 32:1, 2; എബ്രായർ 10:24, 25) ഈ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തുവരികയും അതിജീവനം അനുസരണത്തിൽ അധിഷ്‌ഠിതമായിരിക്കുകയും ചെയ്യുന്ന സ്ഥിതിക്ക്‌ ഈ സംരക്ഷണം വിശേഷാൽ പ്രധാനമാണ്‌.​—⁠സെഫന്യാവു 2:⁠3.

18. യഹോവ എങ്ങനെ പെട്ടെന്നുതന്നെ ‘സമുദ്രത്തിലെ മഹാസർപ്പത്തെ കൊന്നുകളയും’?

18 ആ കാലത്തെ കുറിച്ച്‌ യെശയ്യാവു ഇങ്ങനെ പ്രവചിക്കുന്നു: “അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.” (യെശയ്യാവു 27:⁠1) ആധുനിക നാളിലെ ‘ലിവ്യാഥാൻ’ എന്താണ്‌? തെളിവ്‌ അനുസരിച്ച്‌, അത്‌ ‘പഴയ പാമ്പായ’ സാത്താനും ദൈവത്തിന്റെ ഇസ്രായേലിന്‌ എതിരെ യുദ്ധം ചെയ്യാൻ അവൻ ഉപയോഗിക്കുന്ന അവന്റെ ദുഷ്ടവ്യവസ്ഥിതിയുമാണ്‌. (വെളിപ്പാടു 12:9, 10, 17; 13:14, 16, 17) 1919-ൽ ലിവ്യാഥാന്‌ ദൈവജനത്തിന്മേലുള്ള പിടി നഷ്ടപ്പെട്ടു. കാലാന്തരത്തിൽ ലിവ്യാഥാൻ പൂർണമായും നശിപ്പിക്കപ്പെടും. (വെളിപ്പാടു 19:19-21; 20:1-3, 10) അങ്ങനെ, “സമുദ്രത്തിലെ മഹാസർപ്പത്തെ [യഹോവ] കൊന്നുകളയും.” അതിനിടെ ദൈവജനത്തിന്‌ എതിരായി ലിവ്യാഥാൻ നടത്തുന്ന ശ്രമങ്ങളൊന്നും ശാശ്വതമായ വിജയം കാണില്ല. (യെശയ്യാവു 54:17) അക്കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുന്നത്‌ എത്ര ആശ്വാസപ്രദമാണ്‌!

“വീഞ്ഞു നുരയുന്ന ഒരു മുന്തിരിത്തോട്ടം”

19. ഇന്ന്‌ ശേഷിപ്പിന്റെ അവസ്ഥ എന്താണ്‌?

19 യഹോവയിൽനിന്നു ലഭിക്കുന്ന ഈ വെളിച്ചത്തിന്റെ വീക്ഷണത്തിൽ, നമുക്കു സന്തോഷിക്കാൻ സകല കാരണങ്ങളും ഇല്ലേ? തീർച്ചയായും ഉണ്ട്‌! യഹോവയുടെ ജനത്തിന്റെ സന്തോഷം യെശയ്യാവ്‌ മനോഹരമായി വർണിക്കുന്നു: “അന്നു നിങ്ങൾ മനോഹരമായോരു [“വീഞ്ഞു നുരയുന്ന,” NW] മുന്തിരിത്തോട്ടത്തെപ്പററി പാട്ടു പാടുവിൻ. യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.” (യെശയ്യാവു 27:2, 3) യഹോവ തന്റെ “മുന്തിരിത്തോട്ട”ത്തെയും അഥവാ, ദൈവത്തിന്റെ ഇസ്രായേലിന്റെ ശേഷിപ്പിനെയും, അവരുടെ കഠിനാധ്വാനികളായ സഹകാരികളെയും പരിപാലിച്ചിരിക്കുന്നു. (യോഹന്നാൻ 15:1-8) അത്‌ അവന്റെ നാമത്തിന്‌ മഹത്വവും ഭൂമിയിലെ അവന്റെ ദാസന്മാർക്ക്‌ വലിയ സന്തോഷവും ഉളവാക്കിയിരിക്കുന്നു.

20. യഹോവ ക്രിസ്‌തീയ സഭയെ സംരക്ഷിക്കുന്നത്‌ എങ്ങനെ?

20 യഹോവയ്‌ക്ക്‌ തന്റെ അഭിഷിക്ത ദാസന്മാരോട്‌ ആദ്യം കോപം തോന്നിയിരുന്നു. അതുകൊണ്ടാണ്‌ 1918-ൽ അവർ ആത്മീയ പ്രവാസത്തിലേക്കു പോകാൻ അവൻ അനുവദിച്ചത്‌. എന്നാൽ ആ കോപം അവസാനിച്ചതിൽ നമുക്കു സന്തോഷിക്കാം. യഹോവതന്നെ ഇപ്രകാരം പറയുന്നു: “ക്രോധം എനിക്കില്ല; യുദ്ധത്തിൽ പറക്കാരയും മുൾപടർപ്പും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു; ഞാൻ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു. അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്‌തുകൊള്ളട്ടെ; അതേ, അവൻ എന്നോടു സമാധാനം ചെയ്‌തുകൊള്ളട്ടെ.” (യെശയ്യാവു 27:4, 5) തന്റെ മുന്തിരികൾ ‘നുരയുന്ന വീഞ്ഞ്‌’ സമൃദ്ധമായി ഉത്‌പാദിപ്പിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താനായി, അവരെ ദുഷിപ്പിച്ചേക്കാവുന്ന പറക്കാര സമാനമായ ഏതൊരു സ്വാധീനത്തെയും അവൻ തകർത്തു ചുട്ടെരിക്കുന്നു. അതുകൊണ്ട്‌ ആരും ക്രിസ്‌തീയ സഭയുടെ ക്ഷേമത്തെ അപകടപ്പെടുത്താതിരിക്കട്ടെ! എല്ലാവരും യഹോവയുടെ പ്രീതിയും സംരക്ഷണവും തേടിക്കൊണ്ട്‌ അവനെ ‘അഭയം പ്രാപിക്കട്ടെ.’ അപ്രകാരം ചെയ്യുക വഴി നാം ദൈവവുമായി സമാധാനത്തിൽ ആയിത്തീരുന്നു. അതു വളരെ പ്രധാനപ്പെട്ട ഒരു സംഗതി ആയതിനാൽ യെശയ്യാവ്‌ അത്‌ രണ്ടു തവണ ആവർത്തിക്കുന്നു.​—⁠സങ്കീർത്തനം 85:1, 2, 8; റോമർ 5:⁠1.

21. ഭൂതലം “ഫല”പൂർണമായിരിക്കുന്നത്‌ എങ്ങനെ?

21 അനുഗ്രഹങ്ങൾ അതോടെ തീരുന്നില്ല: “വരും കാലത്തു യാക്കോബ്‌ വേരൂന്നുകയും യിസ്രായേൽ തളിർത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാകയും ചെയ്യും.” (യെശയ്യാവു 27:⁠6) യഹോവയുടെ ശക്തിയെ കുറിച്ച്‌ വിസ്‌മയാവഹമായ തെളിവു നൽകിക്കൊണ്ട്‌ 1919 മുതൽ ഈ വാക്യം നിവൃത്തിയേറിയിരിക്കുന്നു. അഭിഷിക്ത ക്രിസ്‌ത്യാനികൾ ഭൂമിയെ ‘ഫലം’കൊണ്ട്‌ അഥവാ പോഷക സമൃദ്ധമായ ആത്മീയ ആഹാരംകൊണ്ട്‌ നിറച്ചിരിക്കുന്നു. ഒരു ദുഷിച്ച ലോകത്തിൽ, അവർ സസന്തോഷം ദൈവത്തിന്റെ ഉന്നത നിലവാരങ്ങൾ പാലിക്കുന്നു. യഹോവ വർധനവു നൽകി അവരെ തുടർന്നും അനുഗ്രഹിക്കുന്നു. തത്‌ഫലമായി അവരുടെ സഹകാരികളായ, ലക്ഷക്കണക്കിനു വരുന്ന വേറെയാടുകൾ “രാപ്പകൽ [ദൈവത്തെ] ആരാധിക്കുന്നു.” (വെളിപ്പാടു 7:15) ‘ഫലം’ അനുഭവിക്കാനും അതു മറ്റുള്ളവരുമായി പങ്കുവെക്കാനുമുള്ള നമ്മുടെ മഹത്തായ പദവി സംബന്ധിച്ച വിലമതിപ്പ്‌ നമുക്ക്‌ ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കാം.

22. വെളിച്ചം സ്വീകരിക്കുന്നവർക്ക്‌ എന്ത്‌ അനുഗ്രഹങ്ങൾ ലഭിക്കുന്നു?

22 അന്ധകാരം ഭൂമിയെയും കൂരിരുട്ട്‌ ജനതകളെയും മൂടിയിരിക്കുന്ന ഈ നിർണായക കാലത്ത്‌ യഹോവ തന്റെ ജനത്തിന്മേൽ ആത്മീയ വെളിച്ചം ചൊരിയുന്നതിൽ നാം നന്ദിയുള്ളവരല്ലേ? (യെശയ്യാവു 60:2; റോമർ 2:19; 13:12) ആ വെളിച്ചം സ്വീകരിക്കുന്നവർക്ക്‌ അത്‌ ഇപ്പോൾ മനഃസമാധാനവും സന്തോഷവും കൈവരുത്തുന്നു, ഭാവിയിൽ നിത്യജീവനും. അതുകൊണ്ട്‌, വെളിച്ചത്തെ സ്‌നേഹിക്കുന്ന നാം യഹോവയെ ഹൃദയംഗമമായി സ്‌തുതിക്കുന്നതും സങ്കീർത്തനക്കാരനോടൊപ്പം പിൻവരുന്ന പ്രകാരം പറയുന്നതും നല്ല കാരണത്തോടെയാണ്‌: “യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.”​—⁠സങ്കീർത്തനം 27:1ബി, 14.

നിങ്ങൾ ഓർമിക്കുന്നുവോ?

• യഹോവയുടെ ജനത്തെ അടിച്ചമർത്തുന്നവരുടെ ഭാവി എന്താണ്‌?

• യെശയ്യാ പുസ്‌തകത്തിൽ ഏതു വർധനവിനെ കുറിച്ചു പ്രവചിച്ചിരിക്കുന്നു?

• നാം ഏത്‌ ‘അറകളിൽ’ കഴിയണം, എന്തുകൊണ്ട്‌?

• യഹോവയുടെ ജനത്തിന്റെ അവസ്ഥ അവനു പുകഴ്‌ച കൈവരുത്തുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ചതുരം]

പുതിയ പ്രസിദ്ധീകരണം

ഈ രണ്ട്‌ അധ്യയന ലേഖനങ്ങളിൽ ചർച്ച ചെയ്‌തിരിക്കുന്ന വിവരങ്ങളിൽ ഏറെയും 2000/2001-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ പരിപാടിയിൽ ഒരു പ്രസംഗമായി അവതരിപ്പിച്ചിരുന്നു. ആ പ്രസംഗത്തിന്റെ ഒടുവിൽ യെശയ്യാ പ്രവചനം​—⁠മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1 എന്ന ശീർഷകത്തോടു കൂടിയ ഒരു പുതിയ പുസ്‌തകം പ്രകാശനം ചെയ്‌തു. 416 പേജുള്ള ഈ പുസ്‌തകത്തിൽ യെശയ്യാ പുസ്‌തകത്തിന്റെ ആദ്യത്തെ 40 അധ്യായങ്ങൾ വാക്യാനുവാക്യം ചർച്ച ചെയ്‌തിരിക്കുന്നു.

[18-ാം പേജിലെ ചിത്രം]

നീതിമാന്മാർക്കു മാത്രമേ യഹോവയുടെ ‘ബലമുള്ള പട്ടണത്തിൽ’ അതായത്‌, അവന്റെ സംഘടനയിൽ പ്രവേശനമുള്ളൂ

[19-ാം പേജിലെ ചിത്രം]

യെശയ്യാവ്‌ “രാത്രിയിൽ” യഹോവയെ അന്വേഷിച്ചു

[21-ാം പേജിലെ ചിത്രം]

യഹോവ തന്റെ ‘മുന്തിരിത്തോട്ടത്തെ’ സംരക്ഷിക്കുകയും ഫലസമൃദ്ധമാക്കുകയും ചെയ്യുന്നു