വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സിറിളും മെഥോഡിയസും—ഒരു അക്ഷരമാല ഉണ്ടാക്കിയ ബൈബിൾ പരിഭാഷകർ

സിറിളും മെഥോഡിയസും—ഒരു അക്ഷരമാല ഉണ്ടാക്കിയ ബൈബിൾ പരിഭാഷകർ

സിറിളും മെഥോഡിയസും—ഒരു അക്ഷരമാല ഉണ്ടാക്കിയ ബൈബിൾ പരിഭാഷകർ

“ഞങ്ങളുടെ രാഷ്‌ട്രം സ്‌നാപനമേറ്റതാണ്‌. എന്നിരുന്നാലും ഞങ്ങൾക്ക്‌ ഒരു അധ്യാപകനില്ല. ഞങ്ങൾക്ക്‌ ഗ്രീക്കോ ലത്തീനോ അറിയില്ല. . . . ലിപികളോ അവയുടെ അർഥമോ ഞങ്ങൾക്കു മനസ്സിലാകുന്നില്ല. അതുകൊണ്ട്‌, തിരുവെഴുത്തു വചനങ്ങളും അവയുടെ അർഥവും പറഞ്ഞുതരാൻ കഴിയുന്ന അധ്യാപകരെ ഞങ്ങളുടെ അടുക്കലേക്ക്‌ അയയ്‌ക്കുക.”​—⁠റാസ്‌റ്റിസ്ലാഫ്‌, മൊറേവിയയിലെ രാജാവ്‌, പൊ.യു. 862.

സ്ലാവിക്‌ ഭാഷകൾ സംസാരിക്കുന്ന 43.5 കോടിയിലധികം ആളുകൾക്ക്‌ ഇന്ന്‌ അവരുടെ മാതൃഭാഷയിൽ ബൈബിൾ ലഭ്യമാണ്‌. * അവരിൽ 36 കോടി ആളുകൾ സിറിലിക്‌ അക്ഷരമാലയാണ്‌ ഉപയോഗിക്കുന്നത്‌. എന്നാൽ, 12 നൂറ്റാണ്ടുകൾക്കു മുമ്പ്‌ അവരുടെ പൂർവികർക്ക്‌ ഒരു എഴുത്തുഭാഷയോ അക്ഷരമാലയോ ഉണ്ടായിരുന്നില്ല. ആ അവസ്ഥയ്‌ക്ക്‌ ഒരു മാറ്റം വരുത്താൻ സഹായിച്ചത്‌ ജ്യേഷ്‌ഠാനുജന്മാർ ആയിരുന്ന സിറിളും മെഥോഡിയസും ആണ്‌. ഈ സഹോദരന്മാരുടെ ധീരവും പുരോഗമനാത്മകവുമായ ശ്രമങ്ങൾ ബൈബിളിന്റെ സംരക്ഷണത്തിന്റെയും വ്യാപനത്തിന്റെയും ചരിത്രത്തിലെ രസകരമായ ഒരു അധ്യായമാണെന്ന്‌ ദൈവവചനത്തെ സ്‌നേഹിക്കുന്നവർ കണ്ടെത്തും. ആരായിരുന്നു ഈ പുരുഷന്മാർ? അവർക്ക്‌ എന്തെല്ലാം തടസ്സങ്ങൾ നേരിട്ടു?

‘തത്ത്വചിന്തകനും’ ഗവർണറും

ഗ്രീസിലെ തെസ്സലൊനീക്യയിലുള്ള ഒരു കുലീന കുടുംബത്തിലാണ്‌ സിറിളും (പൊ.യു. 827-869, ആദ്യം കോൺസ്റ്റന്റയ്‌ൻ എന്നായിരുന്നു പേര്‌) മെഥോഡിയസും (പൊ.യു. 825-885) ജനിച്ചത്‌. തെസ്സലൊനീക്യ അന്ന്‌ ഒരു ദ്വിഭാഷാ നഗരമായിരുന്നു. ഗ്രീക്കും സ്ലാവിക്‌ ഭാഷയുടെ ഒരു വകഭേദവുമാണ്‌ അവിടത്തുകാർ സംസാരിച്ചിരുന്നത്‌. നഗരത്തിൽത്തന്നെ ധാരാളം സ്ലാവുകാർ ഉണ്ടായിരുന്നതും ഗ്രീക്കുകാരും സ്ലാവുകാരും തമ്മിൽ അടുത്ത സമ്പർക്കം പുലർത്തിയിരുന്നതും സ്ലാവ്‌ സമൂഹങ്ങൾ ചുറ്റും പാർത്തിരുന്നതും ദക്ഷിണ സ്ലാവുകാരുടെ ഭാഷ അടുത്തറിയാൻ സിറിളിനും മെഥോഡിയസിനും അവസരമേകിയിരിക്കണം. അവരുടെ അമ്മ സ്ലാവിക്‌ ഉത്ഭവമുള്ളവളായിരുന്നെന്നു പോലും മെഥോഡിയസിന്റെ ജീവചരിത്രം എഴുതിയ ഒരാൾ പറയുന്നു.

പിതാവിന്റെ കാലശേഷം സിറിൾ, ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിളിലേക്കു പോയി. അവിടത്തെ രാജസർവകലാശാലയിൽ ചേർന്ന അദ്ദേഹം പ്രഗത്ഭരായ അധ്യാപകരുമായി സഹവസിച്ചിരുന്നു. പൂർവദേശത്തെ ഏറ്റവും പ്രമുഖ സഭാ മന്ദിരമായിരുന്ന ആയിയ സോഫിയയിൽ അദ്ദേഹം ലൈബ്രേറിയൻ ആയിത്തീർന്നു. സിറിളിന്റെ വിദ്യാഭ്യാസപരമായ ഉന്നത നേട്ടങ്ങൾ അദ്ദേഹത്തിന്‌ ‘തത്ത്വചിന്തകൻ’ എന്ന അപരനാമം നേടിക്കൊടുത്തു.

അതിനിടെ മെഥോഡിയസ്‌ തന്റെ പിതാവിന്റെ മാർഗം പിന്തുടർന്ന്‌ ഒരു രാഷ്‌ട്രീയ ഭരണാധികാരിയായി. അനേകം സ്ലാവുകാർ പാർത്തിരുന്ന, അതിർത്തി പ്രദേശത്തുള്ള ഒരു ബൈസാന്റൈൻ ഡിസ്‌ട്രിക്‌റ്റിലെ ആർക്കോൺ (ഗവർണർ) സ്ഥാനത്തുവരെ അദ്ദേഹം എത്തിച്ചേർന്നു. എന്നിരുന്നാലും, അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ച്‌ ഏഷ്യാമൈനറിലെ ബിഥുന്യയിലുള്ള ഒരു ആശ്രമത്തിൽ ചേർന്നു. പൊ.യു. 855-ൽ സിറിളും അവിടെ ഒരംഗമായി.

പൊ.യു. 860-ൽ, കോൺസ്റ്റാന്റിനോപ്പിളിലെ സഭാപിതാവ്‌ ആ സഹോദരന്മാർ ഇരുവർക്കും ഒരു വിദേശ നിയമനം നൽകി. അവരെ കരിങ്കടലിനു തെക്കുകിഴക്കായി പാർത്തിരുന്ന ഖസാറുകളുടെ ഇടയിലേക്ക്‌ അയച്ചു. ഇസ്ലാംമതം, യഹൂദമതം, ക്രിസ്‌തുമതം എന്നിവയിൽ ഏതു തിരഞ്ഞെടുക്കണമെന്നുള്ള സന്ദേഹത്തിലായിരുന്നു ഖസാറുകൾ അപ്പോഴും. അങ്ങോട്ടുള്ള തന്റെ മാർഗമധ്യേ സിറിൾ കുറച്ചു കാലം ക്രിമിയയിലെ കർസൊണിസിൽ തങ്ങി. അവിടെ വെച്ച്‌ അദ്ദേഹം എബ്രായ, ശമര്യ ഭാഷകൾ പഠിച്ചെന്നും ഖസാറുകളുടെ ഭാഷയിലേക്ക്‌ എബ്രായ വ്യാകരണം തർജമ ചെയ്‌തെന്നും ചില പണ്ഡിതന്മാർ കരുതുന്നു.

മൊറേവിയയിൽ നിന്നുള്ള ക്ഷണം

ആദ്യ ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നതു പോലെ, പൊ.യു. 862-ൽ മൊറേവിയയിലെ (ഇന്നത്തെ പൂർവ ചെക്കിയയും പശ്ചിമ സ്ലൊവാക്യയും പശ്ചിമ ഹംഗറിയും ചേർന്ന പ്രദേശം) രാജാവായ റാസ്‌റ്റിസ്ലാഫ്‌ തിരുവെഴുത്തുകൾ പഠിപ്പിക്കാൻ അധ്യാപകരെ അയച്ചുതരണമെന്ന്‌ ബൈസാന്റൈൻ ചക്രവർത്തിയായ മൈക്കിൾ മൂന്നാമനോട്‌ അഭ്യർഥിച്ചു. കിഴക്കൻ ഫ്രാങ്കിഷ്‌ രാജ്യത്തു നിന്നുള്ള (ഇപ്പോഴത്തെ ജർമനിയും ഓസ്‌ട്രിയയും ചേർന്ന പ്രദേശം) മിഷനറിമാർ മൊറേവിയയിലെ സ്ലാവിക്‌ ഭാഷ സംസാരിക്കുന്ന പൗരന്മാരെ സഭാ ഉപദേശങ്ങൾ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ജർമാനിക്‌ ഗോത്രങ്ങളുടെ രാഷ്‌ട്രീയവും സഭാപരവുമായ സ്വാധീനത്തെ കുറിച്ച്‌ റാസ്‌റ്റിസ്ലാഫ്‌ ആശങ്കാകുലനായിരുന്നു. തന്റെ രാജ്യത്തിന്റെ രാഷ്‌ട്രീയവും മതപരവുമായ സ്വാതന്ത്ര്യം നിലനിറുത്താൻ കോൺസ്റ്റാന്റിനോപ്പിളുമായുള്ള മതപരമായ ബന്ധങ്ങൾ സഹായിക്കുമെന്ന്‌ അദ്ദേഹം പ്രത്യാശിച്ചു.

മെഥോഡിയസിനെയും സിറിളിനെയും മൊറേവിയയിലേക്ക്‌ അയയ്‌ക്കാൻ ചക്രവർത്തി തീരുമാനിച്ചു. പ്രസ്‌തുത ദൗത്യത്തിനു നേതൃത്വം നൽകാൻ ആ സഹോദരന്മാർ വിദ്യാഭ്യാസപരമായും ഭാഷാപരമായും സുസജ്ജരായിരുന്നു. “നിങ്ങൾ ഇരുവരും തെസ്സലൊനീക്യ സ്വദേശികളാണ്‌. എല്ലാ തെസ്സലൊനീക്യരും ശുദ്ധമായ സ്ലാവിക്‌ ഭാഷ സംസാരിക്കുന്നവരാണ്‌” എന്ന്‌ ന്യായവാദം ചെയ്‌തുകൊണ്ട്‌ മൊറേവിയയിലേക്കു പോകാൻ ചക്രവർത്തി അവരെ പ്രോത്സാഹിപ്പിച്ചെന്ന്‌ ഒമ്പതാം നൂറ്റാണ്ടിലെ ഒരു ജീവചരിത്രകാരൻ പറയുന്നു.

ഒരു അക്ഷരമാലയുടെയും ബൈബിൾ പരിഭാഷയുടെയും ഉത്ഭവം

മൊറേവിയയിലേക്കുള്ള യാത്രയ്‌ക്കു മുമ്പുള്ള മാസങ്ങളിൽ, സ്ലാവുകാർക്കു വേണ്ടി ഒരു ലിപി വികസിപ്പിച്ചുകൊണ്ട്‌ സിറിൾ തങ്ങളുടെ ദൗത്യത്തിനായി ഒരുങ്ങി. അദ്ദേഹം ഭാഷാശബ്ദശാസ്‌ത്രത്തിൽ വിദഗ്‌ധനായിരുന്നെന്ന്‌ പറയപ്പെടുന്നു. അങ്ങനെ ഗ്രീക്ക്‌-എബ്രായ ലിപികൾ ഉപയോഗിച്ചുകൊണ്ട്‌ അദ്ദേഹം സ്ലാവോനിക്‌ ഭാഷയിലെ ഓരോ ഉച്ചാരണത്തിനും ലിപിയുണ്ടാക്കി. * അത്തരമൊരു അക്ഷരമാല ഉണ്ടാക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കായി അദ്ദേഹം അതിനു മുമ്പുതന്നെ വർഷങ്ങൾ ചെലവഴിച്ചിരുന്നുവെന്ന്‌ ചില ഗവേഷകർ പറയുന്നു. എന്നാൽ സിറിൾ വികസിപ്പിച്ചെടുത്ത അക്ഷരമാല കൃത്യമായും ഏതാണെന്ന്‌ ഇപ്പോഴും ഉറപ്പിച്ചു പറയാൻ കഴിയുന്നില്ല.​—⁠“സിറിലിക്കോ ഗ്ലാഗൊലിഡിക്കോ?” എന്ന ചതുരം കാണുക.

അതേസമയം, സിറിളിന്റെ ബൈബിൾ പരിഭാഷ ത്വരിതഗതിയിലുള്ളതായിരുന്നു. പുതുതായി വികസിപ്പിച്ചെടുത്ത അക്ഷരമാല ഉപയോഗിച്ച്‌ അദ്ദേഹം ആദ്യം യോഹന്നാന്റെ സുവിശേഷത്തിലെ, “ആദിയിൽ വചനം ഉണ്ടായിരുന്നു” എന്ന ആദ്യ വാചകം ഗ്രീക്കിൽനിന്ന്‌ സ്ലാവോനിക്കിലേക്കു പരിഭാഷപ്പെടുത്തി എന്നാണ്‌ പരമ്പരാഗതമായി കരുതപ്പെടുന്നത്‌. തുടർന്ന്‌ സിറിൾ നാലു സുവിശേഷങ്ങളും പൗലൊസിന്റെ ലേഖനങ്ങളും സങ്കീർത്തന പുസ്‌തകവും പരിഭാഷപ്പെടുത്തി.

അദ്ദേഹം ഒറ്റയ്‌ക്ക്‌ ആയിരുന്നോ പ്രവർത്തിച്ചത്‌? തീർച്ചയായും മെഥോഡിയസ്‌ അദ്ദേഹത്തെ സഹായിച്ചിരിക്കണം. തന്നെയുമല്ല, ദ കേംബ്രിഡ്‌ജ്‌ മിഡീവൽ ഹിസ്‌റ്ററി എന്ന ഗ്രന്ഥം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “[സിറിളിനെ] സഹായിക്കാൻ മറ്റ്‌ ആളുകളും ഉണ്ടായിരുന്നിരിക്കാൻ വളരെ സാധ്യതയുണ്ട്‌. അവർ സ്ലാവിക്‌ ഉത്ഭവമുള്ളവരും ഗ്രീക്കിൽ വിദ്യാഭ്യാസം ലഭിച്ചവരും ആയിരുന്നിരിക്കണം. ഏറ്റവും പഴയ പരിഭാഷകൾ പരിശോധിച്ചു നോക്കുകയാണെങ്കിൽ . . . വളരെയേറെ വികാസം പ്രാപിച്ച സ്ലാവോനിക്‌ ഭാഷയുടെ ഉത്തമ തെളിവ്‌ നമുക്കു കാണാനാകും. അത്‌ സ്ലാവുകാരായിരുന്ന സഹപ്രവർത്തകരിൽ നിന്നുള്ള സഹായത്തിന്റെ ഫലമായിരിക്കണം.” നാം കാണാൻ പോകുന്നതുപോലെ, ബൈബിളിന്റെ ശേഷിച്ച ഭാഗം പൂർത്തിയാക്കിയത്‌ മെഥോഡിയസ്‌ ആണ്‌.

“കാക്കകൾ പരുന്തിനെ ആക്രമിക്കുന്നതു പോലെ”

പൊ.യു. 863-ൽ സിറിളും മെഥോഡിയസും മൊറേവിയയിലെ തങ്ങളുടെ ദൗത്യത്തിനു തുടക്കം കുറിച്ചു. അവിടെ അവർക്ക്‌ ഊഷ്‌മളമായ സ്വാഗതമാണു ലഭിച്ചത്‌. ബൈബിളും പ്രാർഥനാ പുസ്‌തകങ്ങളും പരിഭാഷപ്പെടുത്തുന്നതിനു പുറമേ, പുതുതായി ഉണ്ടാക്കിയെടുത്ത സ്ലാവോനിക്‌ ലിപി ഒരു കൂട്ടം തദ്ദേശവാസികളെ പഠിപ്പിക്കുന്നതും അവരുടെ ജോലിയിൽ ഉൾപ്പെട്ടിരുന്നു.

എന്നാൽ ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. മൊറേവിയയിലെ ഫ്രാങ്കിഷ്‌ പുരോഹിതന്മാർ സ്ലാവോനിക്‌ ഭാഷയുടെ ഉപയോഗത്തെ ശക്തമായി എതിർത്തു. ആരാധനയിൽ ലത്തീനും ഗ്രീക്കും എബ്രായയും മാത്രമേ സ്വീകാര്യമായിരിക്കുന്നുള്ളൂ എന്ന്‌ ശഠിച്ചുകൊണ്ട്‌ അവർ ത്രിഭാഷാ സിദ്ധാന്തത്തോടു പറ്റിനിന്നു. അതോടെ, തങ്ങൾ പുതുതായി വികസിപ്പിച്ചെടുത്ത എഴുത്തു ഭാഷയ്‌ക്ക്‌ പാപ്പായുടെ പിന്തുണ തേടി സിറിളും മെഥോഡിയസും പൊ.യു. 867-ൽ റോമിലേക്കു യാത്രയായി.

മാർഗമധ്യേ വെനീസിൽവെച്ച്‌ അവർക്ക്‌ ത്രിഭാഷാ വാദികളായിരുന്ന ലത്തീൻ പുരോഹിതന്മാരുമായി വീണ്ടുമൊരു വാഗ്വാദത്തിൽ ഏർപ്പെടേണ്ടിവന്നു. പ്രാദേശിക ബിഷപ്പുമാരും പുരോഹിതന്മാരും സന്ന്യാസികളും “കാക്കകൾ പരുന്തിനെ ആക്രമിക്കുന്നതു പോലെ” സിറിളിനെ വാക്കുകൾ കൊണ്ട്‌ ആക്രമിച്ചെന്ന്‌ സിറിളിന്റെ ജീവചരിത്രം എഴുതിയ മധ്യയുഗത്തിലെ ഒരു ജീവചരിത്രകാരൻ പറയുന്നു. ആ വിവരണം അനുസരിച്ച്‌, 1 കൊരിന്ത്യർ 14:8, 9 ഉദ്ധരിച്ചുകൊണ്ട്‌ സിറിൾ അവർക്കു ചുട്ട മറുപടി നൽകി. ആ തിരുവെഴുത്ത്‌ ഇങ്ങനെ പറയുന്നു: “കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും? അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാററിനോടു സംസാരിക്കുന്നവർ ആകുമല്ലോ.”

ഒടുവിൽ അവർ റോമിൽ എത്തിയപ്പോൾ, അഡ്രിയാൻ രണ്ടാമൻ പാപ്പാ സ്ലാവോനിക്‌ ഉപയോഗിക്കാൻ അവർക്ക്‌ പൂർണ അനുവാദം നൽകി. ഏതാനും മാസങ്ങൾക്കു ശേഷം, അപ്പോഴും റോമിൽ ആയിരുന്ന സിറിളിന്‌ ഗുരുതരമായ രോഗം ബാധിച്ചു. രണ്ടു മാസത്തിനകം, 42-ാം വയസ്സിൽ അദ്ദേഹം മരിച്ചു.

മൊറേവിയയിലും നിട്രാ പട്ടണത്തിനു ചുറ്റുമുള്ള സ്ഥലങ്ങളിലും (അത്‌ ഇന്നു സ്ലൊവാക്യയുടെ ഭാഗമാണ്‌) പ്രവർത്തിക്കാനായി തിരിച്ചു പോകാൻ അഡ്രിയാൻ രണ്ടാമൻ പാപ്പാ മെഥോഡിയസിനെ പ്രോത്സാഹിപ്പിച്ചു. ആ പ്രദേശത്ത്‌ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാനായി പാപ്പാ, മെഥോഡിയസിന്‌ സ്ലാവോനിക്‌ ഭാഷ ഉപയോഗിക്കാനുള്ള അധികാരപത്രം നൽകുകയും അദ്ദേഹത്തെ ആർച്ച്‌ബിഷപ്പായി വാഴിക്കുകയും ചെയ്‌തു. എന്നിരുന്നാലും, പൊ.യു. 870-ൽ ഫ്രാങ്കിഷ്‌ ബിഷപ്പായ ഹെർമാൻറിച്ച്‌ നിട്രായിലെ ഭരണാധികാരിയായ സ്വാട്ടോപ്ലുക്കിന്റെ സഹായത്തോടെ മെഥോഡിയസിനെ അറസ്റ്റു ചെയ്‌തു. അദ്ദേഹം തെക്കുകിഴക്കൻ ജർമനിയിലെ ഒരു ആശ്രമത്തിൽ രണ്ടര വർഷം തടവിൽ കഴിഞ്ഞു. ഒടുവിൽ, അഡ്രിയാൻ രണ്ടാമന്റെ പിൻഗാമിയായ ജോൺ എട്ടാമൻ പാപ്പാ മെഥോഡിയസിനെ മോചിപ്പിക്കാൻ ഉത്തരവിടുകയും അദ്ദേഹത്തെ തന്റെ ഇടവകയിൽ പുനഃസ്ഥാപിക്കുകയും ആരാധനയിൽ സ്ലാവോനിക്‌ ഭാഷ ഉപയോഗിക്കുന്നതിന്‌ പാപ്പായുടെ പൂർണ അംഗീകാരം ഉറപ്പുനൽകുകയും ചെയ്‌തു.

എങ്കിലും ഫ്രാങ്കിഷ്‌ വൈദികരിൽ നിന്നുള്ള എതിർപ്പു തുടർന്നു. പാഷണ്ഡത സംബന്ധിച്ച ആരോപണങ്ങളെ മെഥോഡിയസ്‌ വിജയകരമായി നേരിട്ടു. ഒടുവിൽ അദ്ദേഹം, പള്ളിയിൽ സ്ലാവോനിക്‌ ഭാഷ ഉപയോഗിക്കുന്നതിന്‌ ജോൺ എട്ടാമൻ പാപ്പായിൽനിന്ന്‌ അദ്ദേഹത്തിന്റെ മുദ്രയോടുകൂടിയ അധികാര പത്രം നേടിയെടുത്തു. ഇപ്പോഴത്തെ പാപ്പായായ ജോൺ പോൾ രണ്ടാമൻ സമ്മതിച്ചു പറഞ്ഞതുപോലെ, മെഥോഡിയസിന്റെ ജീവിതം “യാത്രകളും പട്ടിണിയും ദുരിതങ്ങളും ശത്രുതയും പീഡനവും . . . ക്രൂരമായ ജയിൽവാസത്തിന്റെ ഒരു കാലവും പോലും അടങ്ങിയതാണ്‌.” വിരോധാഭാസമെന്നു പറയട്ടെ, റോമിനെ അനുകൂലിച്ചിരുന്ന ബിഷപ്പുമാരുടെയും പ്രഭുക്കന്മാരുടെയും കൈകളാലാണ്‌ അദ്ദേഹം ഇതെല്ലാം അനുഭവിച്ചത്‌.

ഒരു സമ്പൂർണ ബൈബിൾ പരിഭാഷ

തുടർച്ചയായ എതിർപ്പുകൾ ഗണ്യമാക്കാതെ മെഥോഡിയസ്‌, നിരവധി ഷോർട്ട്‌ഹാൻഡ്‌ എഴുത്തുകാരുടെ സഹായത്തോടെ, ബൈബിളിന്റെ ശേഷിച്ച ഭാഗം സ്ലാവോനിക്കിലേക്കു പരിഭാഷപ്പെടുത്തി. അദ്ദേഹം ഈ ബൃഹത്തായ ജോലി പൂർത്തിയാക്കിയത്‌ വെറും എട്ടു മാസംകൊണ്ടാണ്‌ എന്ന്‌ പൊതുവെ കരുതപ്പെടുന്നു. എന്നാൽ അദ്ദേഹം മക്കബായരുടെ ഉത്തരകാനോനിക ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തിയില്ല.

സിറിളും മെഥോഡിയസും നടത്തിയ പരിഭാഷയുടെ ഗുണനിലവാരം കൃത്യമായി വിലയിരുത്തുക ഇന്ന്‌ അത്ര എളുപ്പമല്ല. ആ പരിഭാഷ നിർവഹിച്ച സമയത്തോട്‌ അടുത്തുള്ള ഏതാനും കയ്യെഴുത്തുപ്രതികളേ ഇപ്പോൾ നിലവിലുള്ളൂ. അപൂർവമായ ആ ആദ്യകാല കയ്യെഴുത്തുപ്രതികൾ പരിശോധിക്കുന്ന ഭാഷാവിദഗ്‌ധർ പറയുന്നത്‌ ആ പരിഭാഷ കൃത്യതയുള്ളതും സ്വാഭാവികത തുടിക്കുന്നതും ആണെന്നാണ്‌. നമ്മുടെ സ്ലാവിക്‌ ബൈബിൾ (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം പറയുന്നതനുസരിച്ച്‌, ആ സഹോദരന്മാർ ഇരുവരും “അനേകം പുതിയ പദങ്ങളും പ്രയോഗങ്ങളും ഉണ്ടാക്കിയെടുക്കേണ്ടതുണ്ടായിരുന്നു. . . . അവർ അതെല്ലാം ചെയ്‌തത്‌ അതിശയകരമായ കൃത്യതയോടെയാണ്‌. അത്‌ സ്ലാവിക്‌ ഭാഷയ്‌ക്ക്‌ അഭൂതപൂർവമായ പദസമ്പത്ത്‌ നേടിക്കൊടുത്തു.”

ഒരു അനശ്വര സമ്മാനം

പൊ.യു. 885-ൽ മെഥോഡിയസ്‌ മരിച്ചതിനെ തുടർന്ന്‌ അദ്ദേഹത്തിന്റെ ശിഷ്യന്മാരെ അവരുടെ ഫ്രാങ്കിഷ്‌ എതിരാളികൾ മൊറേവിയയിൽനിന്നു നാടുകടത്തി. അവർ ബൊഹീമിയയിലും ദക്ഷിണ പോളണ്ടിലും ബൾഗേറിയയിലും അഭയം പ്രാപിച്ചു. അങ്ങനെ സിറിളിന്റെയും മെഥോഡിയസിന്റെയും പരിഭാഷ അതിജീവിക്കുകയും വാസ്‌തവത്തിൽ കൂടുതൽ സ്ഥലങ്ങളിൽ പ്രചരിക്കുകയും ചെയ്‌തു. ആ സഹോദരന്മാർ ഇരുവരും സ്ലാവോനിക്‌ ഭാഷയ്‌ക്ക്‌ സ്ഥായിയായ ഒരു ലിഖിത രൂപം പ്രദാനം ചെയ്‌തതിനെ തുടർന്ന്‌ ആ ഭാഷ തഴച്ചു വളരുകയും വികാസം പ്രാപിക്കുകയും പിന്നീട്‌ വിവിധ ഭാഷകൾ അതിൽനിന്ന്‌ ഉരുത്തിരിയുകയും ചെയ്‌തു. ഇന്ന്‌ സ്ലാവിക്‌ ഭാഷാ കുടുംബത്തിൽ 13 ഭാഷകളും അനേകം ഉപഭാഷകളുമുണ്ട്‌.

തന്നെയുമല്ല, സിറിളിന്റെയും മെഥോഡിയസിന്റെയും ധീരമായ ബൈബിൾ പരിഭാഷാ ശ്രമങ്ങൾ ഇന്ന്‌ ലഭ്യമായ നിരവധി സ്ലാവിക്‌ തിരുവെഴുത്തു പരിഭാഷകളെ സ്വാധീനിക്കുകയും ചെയ്‌തു. സ്ലാവിക്‌ ഭാഷകൾ സംസാരിക്കുന്ന കോടിക്കണക്കിന്‌ ആളുകൾ തങ്ങളുടെ നാട്ടുഭാഷകളിൽ ബൈബിൾ ലഭ്യമായിരിക്കുന്നതിനാൽ പ്രയോജനം അനുഭവിക്കുന്നു. ‘നമ്മുടെ ദൈവത്തിന്റെ വചനം എന്നേക്കും നിലനിൽക്കും’ എന്നുള്ള വാക്കുകൾ കടുത്ത എതിർപ്പുകളുടെ മധ്യേയും എത്രയോ സത്യമെന്നു തെളിഞ്ഞിരിക്കുന്നു!​—⁠യെശയ്യാവു 40:⁠8.

[അടിക്കുറിപ്പുകൾ]

^ ഖ. 3 സ്ലാവിക്‌ ഭാഷകൾ സംസാരിക്കുന്നത്‌ പൂർവ, മധ്യ യൂറോപ്പിലാണ്‌. റഷ്യൻ, യൂക്രേനിയൻ, സെർബിയൻ, പോളീഷ്‌, ചെക്ക്‌, ബൾഗേറിയൻ തുടങ്ങിയ ഭാഷകളും സമാനമായ മറ്റു ഭാഷകളും അവയിൽപ്പെടുന്നു.

^ ഖ. 13 ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന “സ്ലാവോനിക്‌,” സിറിളും മെഥോഡിയസും തങ്ങളുടെ നിയമനത്തിലും എഴുത്തിലും ഉപയോഗിച്ച സ്ലാവിക്‌ ഭാഷാഭേദത്തെ സൂചിപ്പിക്കുന്നു. ഇന്നു ചിലർ അതിന്‌ “പഴയ സ്ലാവോനിക്‌,” “പഴയ സഭാ സ്ലാവോനിക്‌” എന്നീ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു. പൊ.യു. ഒമ്പതാം നൂറ്റാണ്ടിൽ സ്ലാവുകാർ ഒരു പൊതുഭാഷയല്ല ഉപയോഗിച്ചിരുന്നതെന്ന്‌ ഭാഷാ വിദഗ്‌ധർ സമ്മതിക്കുന്നു.

[29-ാം പേജിലെ ചതുരം]

സിറിലിക്കോ ഗ്ലാഗൊലിഡിക്കോ?

സിറിൾ വികസിപ്പിച്ചെടുത്ത അക്ഷരമാലയുടെ ഘടന വളരെയേറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. കാരണം, അത്‌ ഏത്‌ അക്ഷരമാല ആയിരുന്നുവെന്ന കാര്യത്തിൽ ഭാഷാപണ്ഡിതന്മാർക്ക്‌ ഉറപ്പില്ല. സിറിലിക്‌ എന്ന്‌ അറിയപ്പെടുന്ന അക്ഷരമാല ഗ്രീക്ക്‌ അക്ഷരമാലയോട്‌ വളരെ സമാനമാണ്‌. സ്ലാവോനിക്‌ സ്വരങ്ങളെ സൂചിപ്പിക്കാനായി ഉണ്ടാക്കിയെടുത്ത, ഗ്രീക്കു ഭാഷയിൽ ഇല്ലാത്ത ഏകദേശം ഒരു ഡസൻ അക്ഷരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നു മാത്രം. എന്നാൽ, സ്ലാവോനിക്‌ ഭാഷയിലുള്ള ചില ആദ്യകാല കയ്യെഴുത്തുപ്രതികളിൽ ഗ്ലാഗൊലിഡിക്‌ എന്ന്‌ അറിയപ്പെടുന്ന വളരെ വ്യത്യസ്‌തമായ ഒരു ലിപിയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. സിറിൾ വികസിപ്പിച്ചെടുത്ത ലിപി ഇതാണെന്നാണ്‌ മിക്ക പണ്ഡിതന്മാരും കരുതുന്നത്‌. ഗ്ലാഗൊലിഡിക്‌ അക്ഷരങ്ങളിൽ ഏതാനും ചിലത്‌ ഗ്രീക്കിലെയോ എബ്രായയിലെയോ കൂട്ടക്ഷരങ്ങളിൽനിന്നു വന്നിട്ടുള്ളവയാണെന്നു തോന്നുന്നു. മറ്റു ചിലവ ഉച്ചാരണ സൂചകങ്ങളായി മധ്യകാലത്ത്‌ ഉപയോഗിച്ചിരുന്ന ചിഹ്നങ്ങളിൽനിന്നു വന്നിട്ടുള്ളതായിരിക്കാം. എന്നിരുന്നാലും ബഹുഭൂരിപക്ഷവും പുതുതായി ഉണ്ടാക്കിയെടുത്തവയും സങ്കീർണവുമാണ്‌. ഗ്ലാഗൊലിഡിക്‌ വളരെയേറെ വിഭിന്നവും പുതുതായി സൃഷ്ടിച്ചെടുത്തതും ആണെന്നു തോന്നുന്നു. എന്നിരുന്നാലും, സിറിലിക്കിൽ നിന്നാണ്‌ ഇന്നത്തെ റഷ്യൻ, യൂക്രേനിയൻ, സെർബിയൻ, ബൾഗേറിയൻ, മാസിഡോണിയൻ എന്നീ ലിപികൾ രൂപംകൊണ്ടത്‌. സ്ലാവോനിക്‌ അല്ലാത്ത ഭാഷകൾ ഉൾപ്പെടെ മറ്റ്‌ 22 ഭാഷകളും അതിൽനിന്നു വികാസം പ്രാപിച്ചിരിക്കുന്നു.

[ചിത്രം--സിറിലിക്കോ ഗ്ലാഗൊലിഡിക്കോ അക്ഷരങ്ങൾ]

[31-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ബാൾട്ടിക്‌ സമുദ്രം

(പോളണ്ട്‌)

ബൊഹീമിയ (ചെക്കിയ)

മൊറേവിയ (പൂർവ ചെക്കിയ, പശ്ചിമ സ്ലൊവാക്യ, പശ്ചിമ ഹംഗറി)

നിട്രാ

ദക്ഷിണ ഫ്രാങ്കിഷ്‌ രാജ്യം (ജർമനി & ഓസ്‌ട്രിയ)

ഇറ്റലി

വെനീസ്‌

റോം

മധ്യധരണ്യാഴി

ബൾഗേറിയ

ഗ്രീസ്‌

തെസ്സലൊനീക്യ

(ക്രിമിയ)

കരിങ്കടൽ

ബിഥുന്യ

കോൺസ്റ്റാന്റിനോപ്പിൾ (ഈസ്റ്റാൻബുൾ)

[31-ാം പേജിലെ ചിത്രം]

സിറിലിക്‌ ലിപിയിലുള്ള 1581-ലെ ഒരു സ്ലാവോനിക്‌ ബൈബിൾ

[കടപ്പാട്‌]

ബൈബിൾ: Narodna in univerzitetna knjiz̆nica-Slovenija-Ljubljana