വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാവിന്റെ ചിന്തയുള്ളവരായി ജീവിക്കുക!

ആത്മാവിന്റെ ചിന്തയുള്ളവരായി ജീവിക്കുക!

ആത്മാവിന്റെ ചിന്തയുള്ളവരായി ജീവിക്കുക!

‘ആത്മാവിന്റെ ചിന്തയോ ജീവൻ തന്നേ.’​—⁠റോമർ 8:⁠6.

1, 2. ‘ജഡവും’ ‘ആത്മാവും’ തമ്മിൽ ബൈബിൾ എന്തു വ്യത്യാസം കൽപ്പിക്കുന്നു?

ജഡാഭിലാഷങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിനെ മഹത്ത്വീകരിക്കുന്ന ഒരു അധമ സമൂഹത്തിൽ ദൈവ മുമ്പാകെ ശുദ്ധമായ ധാർമിക നില കാത്തുസൂക്ഷിക്കുക എളുപ്പമല്ല. എന്നിരുന്നാലും, പാപഗ്രസ്‌തമായ ജഡത്താൽ ഭരിക്കപ്പെടാൻ അനുവദിക്കുന്നതിന്റെ ദാരുണമായ ഭവിഷ്യത്തുകളും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിനു കീഴ്‌പെടുന്നതിന്റെ അനുഗൃഹീത ഫലങ്ങളും വ്യക്തമായി വേർതിരിച്ചു കാണിച്ചുകൊണ്ട്‌ തിരുവെഴുത്തുകൾ “ജഡ”ത്തെയും “ആത്മാവി”നെയും തമ്മിൽ വിപരീത താരതമ്യം ചെയ്യുന്നു.

2 ദൃഷ്ടാന്തത്തിന്‌, യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.” (യോഹന്നാൻ 6:63) ഗലാത്യയിലെ ക്രിസ്‌ത്യാനികൾക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. . . . അവ തമ്മിൽ പ്രതികൂലമല്ലോ.” (ഗലാത്യർ 5:17) പൗലൊസ്‌ ഇങ്ങനെയും പറഞ്ഞു: “ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും.”​—⁠ഗലാത്യർ 6:⁠8.

3. തെറ്റായ മോഹങ്ങളിൽനിന്നും ചായ്‌വുകളിൽനിന്നും സ്വതന്ത്രരാകുന്നതിന്‌ എന്ത്‌ ആവശ്യമാണ്‌?

3 അശുദ്ധ “ജഡമോഹങ്ങളെ”യും പാപഗ്രസ്‌തമായ നമ്മുടെ ജഡത്തിന്റെ വിനാശക ആധിപത്യത്തെയും ഫലപ്രദമായി പിഴുതെറിയാൻ യഹോവയുടെ പ്രവർത്തനനിരത ശക്തിയായ പരിശുദ്ധാത്മാവിനു കഴിയും. (1 പത്രൊസ്‌ 2:11) തെറ്റായ ചായ്‌വുകളുടെ ചങ്ങല പൊട്ടിച്ചെറിയാൻ നമുക്കു ദൈവാത്മാവിന്റെ സഹായം അത്യാവശ്യമാണ്‌. എന്തെന്നാൽ പൗലൊസ്‌ ഇങ്ങനെ എഴുതി: “ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.” (റോമർ 8:⁠6) ആത്മാവിന്റെ ചിന്ത ഉണ്ടായിരിക്കുക എന്നാൽ എന്താണ്‌ അർഥം?

“ആത്മാവിന്റെ ചിന്ത”

4. “ആത്മാവിന്റെ ചിന്ത” ഉണ്ടായിരിക്കുന്നത്‌ എന്ത്‌ അർഥമാക്കുന്നു?

4 പൗലൊസ്‌ “ആത്മാവിന്റെ ചിന്ത”യെ കുറിച്ച്‌ എഴുതിയപ്പോൾ, “ചിന്താരീതി, മാനസിക ചായ്‌വ്‌, . . . ലക്ഷ്യം, അഭിവാഞ്‌ഛ, പരിശ്രമം” എന്നൊക്കെ അർഥം വരുന്ന ഒരു ഗ്രീക്കു പദമാണ്‌ ഉപയോഗിച്ചത്‌. അതിനോടു ബന്ധപ്പെട്ട ഒരു ക്രിയാപദത്തിന്റെ അർഥം “ചിന്തിക്കുക, ഒരു പ്രത്യേക മാനസിക ചായ്‌വുണ്ടായിരിക്കുക” എന്നൊക്കെയാണ്‌. അതുകൊണ്ട്‌ ആത്മാവിന്റെ ചിന്ത ഉണ്ടായിരിക്കുന്നത്‌ യഹോവയുടെ പ്രവർത്തനനിരതമായ ശക്തിയാൽ നിയന്ത്രിക്കപ്പെടുകയും ഭരിക്കപ്പെടുകയും പ്രചോദിപ്പിക്കപ്പെടുകയും ചെയ്യുന്നതിനെ അർഥമാക്കുന്നു. നമ്മുടെ ചിന്തയെയും ചായ്‌വുകളെയും അഭിവാഞ്‌ഛകളെയും മനസ്സോടെ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനെ അതു സൂചിപ്പിക്കുന്നു.

5. പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിനു നാം ഏത്‌ അളവുവരെ കീഴ്‌പെടണം?

5 “ആത്മാവിന്റെ അടിമകൾ” ആയിരിക്കുന്നതിനെ കുറിച്ചു പൗലൊസ്‌ പറഞ്ഞു. പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിനു നാം ഏത്‌ അളവുവരെ കീഴ്‌പെടണമെന്ന്‌ അതു വ്യക്തമാക്കുന്നു. (റോമർ 7:​6, NW) യേശുവിന്റെ മറുവില യാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ക്രിസ്‌ത്യാനികൾ പാപത്തിന്റെ മേധാവിത്വത്തിൽനിന്നു സ്വതന്ത്രരാകുകയും അതിന്റെ അടിമകൾ എന്ന നിലയിലുള്ള തങ്ങളുടെ പഴയ അവസ്ഥ സംബന്ധിച്ചു ‘മരിക്കുക’യും ചെയ്‌തിരിക്കുന്നു. (റോമർ 6:2, 11) അങ്ങനെ ആലങ്കാരികമായി മരിച്ചവരെങ്കിലും അവർ ശാരീരികമായി ഇപ്പോഴും ജീവിക്കുന്നു. “നീതിയുടെ അടിമകൾ” എന്ന നിലയിൽ ക്രിസ്‌തുവിനെ അനുഗമിക്കാൻ തക്കവിധം അവർ ഇപ്പോൾ സ്വതന്ത്രരുമാണ്‌.​—⁠റോമർ 6:18-20, NW.

ഒരു സമഗ്ര പരിവർത്തനം

6. “നീതിയുടെ അടിമകൾ” ആയിത്തീരുന്നവർക്ക്‌ എന്തു പരിവർത്തനം സംഭവിക്കുന്നു?

6 “പാപത്തിന്റെ അടിമകൾ” എന്ന നിലയിൽനിന്നും ദൈവത്തെ സേവിക്കുന്നവരായ “നീതിയുടെ അടിമകൾ” എന്ന നിലയിലേക്കുള്ള പരിവർത്തനം തീർച്ചയായും ശ്രദ്ധേയമാണ്‌. അത്തരമൊരു പരിവർത്തനത്തിനു വിധേയരായ ചിലരെ കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “നിങ്ങൾ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.”​—⁠റോമർ 6:17, 18; 1 കൊരിന്ത്യർ 6:11.

7. കാര്യങ്ങൾ സംബന്ധിച്ച യഹോവയുടെ വീക്ഷണം ഉണ്ടായിരിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

7 അത്തരമൊരു സമഗ്ര പരിവർത്തനം ഉണ്ടാകണമെങ്കിൽ നാം ആദ്യംതന്നെ കാര്യങ്ങൾ സംബന്ധിച്ച യഹോവയുടെ വീക്ഷണം പഠിക്കണം. നൂറ്റാണ്ടുകൾക്കു മുമ്പ്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ ദൈവത്തോട്‌ തീക്ഷ്‌ണമായി ഇങ്ങനെ അപേക്ഷിച്ചു: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ . . . നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ.” (സങ്കീർത്തനം 25:4, 5) യഹോവ ദാവീദിന്റെ അപേക്ഷ കേട്ടു. തന്റെ ആധുനികകാല ദാസന്മാരുടെ സമാനമായ പ്രാർഥനകൾക്ക്‌ ഉത്തരം നൽകാനും അവനു കഴിയും. ദൈവത്തിന്റെ വഴികളും അവന്റെ സത്യവും, നിർമലവും വിശുദ്ധവും ആയതിനാൽ അവയെ കുറിച്ചു ധ്യാനിക്കുന്നത്‌ ജഡാഭിലാഷങ്ങളെ തൃപ്‌തിപ്പെടുത്താനുള്ള പ്രലോഭനം ഉണ്ടാകുമ്പോൾ നമുക്കു ഗുണം ചെയ്യും.

ദൈവവചനത്തിന്റെ മർമപ്രധാന പങ്ക്‌

8. നാം ബൈബിൾ പഠിക്കുന്നത്‌ അത്യന്താപേക്ഷിതം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 ദൈവവചനമായ ബൈബിൾ ദൈവാത്മാവിന്റെ ഒരു ഉത്‌പന്നമാണ്‌. അതുകൊണ്ട്‌, സാധ്യമെങ്കിൽ ദിവസവും ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതാണ്‌ നമ്മിൽ പ്രവർത്തിക്കുന്നതിന്‌ ആ ആത്മാവിനെ അനുവദിക്കാനുള്ള പ്രധാന മാർഗം. (1 കൊരിന്ത്യർ 2:10, 11; എഫെസ്യർ 5:18) നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ബൈബിൾ സത്യങ്ങളും തത്ത്വങ്ങളുംകൊണ്ടു നിറയ്‌ക്കുന്നത്‌ ആത്മീയതയ്‌ക്കു നേരെയുള്ള ആക്രമണങ്ങളെ ചെറുത്തു നിൽക്കാൻ നമ്മെ സഹായിക്കും. അതേ, അധാർമിക പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ, ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ അരക്കിട്ടുറപ്പിക്കാൻ കഴിയുന്ന തിരുവെഴുത്തുപരമായ ഓർമിപ്പിക്കലുകളും മാർഗനിർദേശക തത്ത്വങ്ങളും നമ്മുടെ ഓർമയിലേക്കു കൊണ്ടുവരാൻ ദൈവാത്മാവിനു സാധിക്കും. (സങ്കീർത്തനം 119:1, 2, 99; യോഹന്നാൻ 14:26) അപ്പോൾ, ഒരു തെറ്റായ ഗതിയിലേക്കു നാം വഞ്ചിതരായി വീണുപോകില്ല.​—⁠2 കൊരിന്ത്യർ 11:⁠3.

9. യഹോവയുമായുള്ള നമ്മുടെ ബന്ധം കാത്തുസൂക്ഷിക്കാനുള്ള നമ്മുടെ തീരുമാനത്തെ ബൈബിൾ പഠനം ബലപ്പെടുത്തുന്നത്‌ എങ്ങനെ?

9 ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ നാം തിരുവെഴുത്തുകൾ ആത്മാർഥമായും ഉത്സാഹപൂർവകവും പഠിക്കുന്നതിൽ തുടരുമ്പോൾ യഹോവയുടെ നിലവാരങ്ങളോടുള്ള നമ്മുടെ ആദരവു വളരാൻ ഇടയാക്കിക്കൊണ്ട്‌ ദൈവാത്മാവ്‌ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും സ്വാധീനിക്കുന്നു. ദൈവവുമായുള്ള നമ്മുടെ ബന്ധം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയായി മാറുന്നു. പ്രലോഭനം ഉണ്ടാകുമ്പോൾ, ദുഷ്‌പ്രവൃത്തിയിൽ ഏർപ്പെടുന്നത്‌ എത്ര ഉല്ലാസകരം ആയിരുന്നേക്കാമെന്നു നാം ചിന്തിക്കുന്നില്ല. പകരം, നമ്മുടെ സത്വര ചിന്ത യഹോവയോടുള്ള അചഞ്ചല വിശ്വസ്‌തത നിലനിറുത്തുന്നതിനെ കുറിച്ചാണ്‌. അവനുമായുള്ള നമ്മുടെ ബന്ധത്തെ സംബന്ധിച്ച ആഴമായ വിലമതിപ്പ്‌, അതിനെ ക്ഷതപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്‌തേക്കാവുന്ന ഏതൊരു പ്രവണതയ്‌ക്കും എതിരെ പോരാടാൻ നമ്മെ ഉത്തേജിപ്പിക്കുന്നു.

“നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം”!

10. ആത്മാവിന്റെ ചിന്ത ഉണ്ടായിരിക്കുന്നതിന്‌ യഹോവയുടെ നിയമം അനുസരിക്കുന്നത്‌ അനിവാര്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 നമുക്ക്‌ ആത്മാവിന്റെ ചിന്ത ഉണ്ടായിരിക്കാൻ ദൈവവചനത്തെ കുറിച്ചുള്ള അറിവു മാത്രം പോരാ. യഹോവയുടെ നിലവാരങ്ങളെ കുറിച്ച്‌ ശലോമോൻ രാജാവിന്‌ നല്ല ഗ്രാഹ്യമുണ്ടായിരുന്നു. എന്നാൽ തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അത്‌ അനുസരിച്ചു ജീവിക്കാൻ അവനു കഴിഞ്ഞില്ല. (1 രാജാക്കന്മാർ 4:29, 30; 11:​1-6) നാം ആത്മീയ മനസ്‌കരാണെങ്കിൽ ബൈബിൾ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യം മാത്രമല്ല ദൈവ നിയമം മുഴുഹൃദയത്തോടെ അനുസരിക്കേണ്ടതിന്റെ ആവശ്യവും നാം തിരിച്ചറിയും. യഹോവയുടെ നിലവാരങ്ങളെ കുറിച്ചു ബോധപൂർവകമായ ഒരു പരിശോധന നടത്തുകയും അവ പിൻപറ്റാൻ ഉത്സാഹപൂർവം ശ്രമിക്കുകയും ചെയ്യുന്നത്‌ അതിൽ ഉൾപ്പെടുന്നു. സങ്കീർത്തനക്കാരന്‌ അത്തരമൊരു മനോഭാവം ഉണ്ടായിരുന്നു. അവൻ ഇങ്ങനെ പാടി: “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോപ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.” (സങ്കീർത്തനം 119:97) ദൈവനിയമം അനുസരിക്കുന്നതിൽ യഥാർഥമായും ശ്രദ്ധവെക്കുമ്പോൾ, നാം ദൈവിക ഗുണങ്ങൾ പ്രകടിപ്പിക്കാൻ പ്രേരിതരാകും. (എഫെസ്യർ 5:1, 2) നിസ്സഹായരായി ദുഷ്‌പ്രവൃത്തിയിലേക്ക്‌ ആകർഷിക്കപ്പെടുന്നതിനു പകരം നാം ആത്മാവിന്റെ ഫലം പ്രകടമാക്കുന്നു. യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം ‘ജഡത്തിന്റെ ദുഷിച്ച പ്രവൃത്തി’കളിൽനിന്നു നമ്മെ അകറ്റുകയും ചെയ്യുന്നു.​—⁠ഗലാത്യർ 5:16, 19-23; സങ്കീർത്തനം 15:1, 2.

11. പരസംഗത്തെ വിലക്കുന്ന യഹോവയുടെ നിയമം നമുക്ക്‌ ഒരു സംരക്ഷണമാണെന്നുള്ളത്‌ നിങ്ങൾ എങ്ങനെ വിശദീകരിക്കും?

11 നമുക്ക്‌ യഹോവയുടെ നിയമത്തോട്‌ ആഴമായ ആദരവും സ്‌നേഹവും എങ്ങനെ വളർത്തിയെടുക്കാൻ കഴിയും? ദൈവ നിയമത്തിന്റെ മൂല്യം ശ്രദ്ധാപൂർവം പരിശോധിക്കുന്നതാണ്‌ ഒരു മാർഗം. ലൈംഗിക ബന്ധത്തെ വിവാഹത്തിനുള്ളിൽ മാത്രമായി പരിമിതപ്പെടുത്തുകയും പരസംഗത്തെയും വ്യഭിചാരത്തെയും വിലക്കുകയും ചെയ്യുന്ന ദൈവനിയമത്തെ കുറിച്ചു ചിന്തിക്കുക. (എബ്രായർ 13:⁠4) ഈ നിയമം അനുസരിക്കുന്നത്‌ നമ്മിൽനിന്ന്‌ എന്തെങ്കിലും നന്മ കവർന്നുകളയുന്നുണ്ടോ? പ്രയോജനപ്രദമായ എന്തെങ്കിലും നമുക്കു നിഷേധിക്കുന്ന ഒരു നിയമം സ്‌നേഹവാനായ സ്വർഗീയ പിതാവ്‌ ഉണ്ടാക്കുമോ? തീർച്ചയായും ഇല്ല! യഹോവയുടെ ധാർമിക നിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാത്തവരുടെ ജീവിതത്തിന്‌ എന്തു സംഭവിക്കുന്നുവെന്ന്‌ നോക്കുക. ആഗ്രഹിക്കാത്ത ഗർഭധാരണം പലപ്പോഴും ഗർഭച്ഛിദ്രങ്ങളിലേക്കോ വേണ്ടത്ര തയ്യാറെടുപ്പില്ലാത്തതും അസന്തുഷ്ടവുമായ വിവാഹ ബന്ധത്തിലേക്കോ അവരെ നയിക്കുന്നു. അനേകർക്കും ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ പിന്തുണയില്ലാതെ ഒരു കുട്ടിയെ വളർത്തേണ്ടിവരുന്നു. തന്നെയുമല്ല, പരസംഗം ചെയ്യുന്നവർ ലൈംഗികമായി പകരുന്ന രോഗങ്ങൾ സ്വയം വരുത്തിവെക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 6:18) യഹോവയുടെ ഒരു ദാസൻ പരസംഗം ചെയ്യുന്നെങ്കിൽ, വൈകാരിക ഭവിഷ്യത്ത്‌ മാരകമായിരുന്നേക്കാം. മനസ്സാക്ഷിക്കുത്തിനെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഫലം നിദ്രാവിഹീന രാത്രികളും മാനസിക വ്യഥയും ആയിരിക്കാം. (സങ്കീർത്തനം 32:​3, 4; 51:⁠3) അപ്പോൾ, പരസംഗത്തെ വിലക്കുന്ന യഹോവയുടെ നിയമം നമ്മുടെ സംരക്ഷണാർഥം ഉണ്ടാക്കിയിട്ടുള്ളതാണെന്നു വ്യക്തമല്ലേ? അതേ, ധാർമിക ശുദ്ധി നിലനിറുത്തുന്നതിനാൽ തീർച്ചയായും വലിയ പ്രയോജനമുണ്ട്‌!

യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുക

12, 13. പാപഗ്രസ്‌തമായ ആഗ്രഹങ്ങളാൽ ചുറ്റപ്പെടുമ്പോൾ പ്രാർഥിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 ആത്മാവിന്റെ ചിന്തയുണ്ടായിരിക്കുന്നതിന്‌ ഹൃദയംഗമമായ പ്രാർഥന തീർച്ചയായും ആവശ്യമാണ്‌. ദൈവാത്മാവിന്റെ സഹായത്തിനു വേണ്ടി പ്രാർഥിക്കുന്നത്‌ ഉചിതമാണ്‌. കാരണം യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും”! (ലൂക്കൊസ്‌ 11:13) നമ്മുടെ ബലഹീനതകളുടെ കാര്യത്തിൽ സഹായത്തിനായി നാം ആത്മാവിനെ ആശ്രയിക്കുന്നുവെന്ന്‌ നമുക്കു പ്രാർഥനയിൽ പ്രകടമാക്കാവുന്നതാണ്‌. (റോമർ 8:26, 27) പാപപൂർണമായ ആഗ്രഹങ്ങളും മനോഭാവങ്ങളും നമ്മെ ബാധിക്കുന്നതായി നാം തിരിച്ചറിയുകയോ സ്‌നേഹമുള്ള ഒരു സഹവിശ്വാസി അതു നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്യുന്നെങ്കിൽ, പ്രാർഥനയിൽ പ്രസ്‌തുത പ്രശ്‌നത്തെ പ്രത്യേകം പരാമർശിക്കുകയും ആ പ്രവണതകളെ തരണം ചെയ്യാനായി ദൈവത്തിന്റെ സഹായം തേടുകയും ചെയ്യുന്നത്‌ ജ്ഞാനമായിരിക്കും.

13 നീതിനിഷ്‌ഠവും നിർമലവും സദ്‌ഗുണപൂർണവും സ്‌തുത്യർഹവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യഹോവയ്‌ക്കു നമ്മെ സഹായിക്കാനാകും. “ദൈവസമാധാനം” നമ്മുടെ ഹൃദയങ്ങളെയും മനസ്സുകളെയും കാത്തുകൊള്ളേണ്ടതിന്‌ അവനോടു തീവ്രമായി അപേക്ഷിക്കുന്നത്‌ എത്രയോ ഉചിതമാണ്‌! (ഫിലിപ്പിയർ 4:6-8) അതുകൊണ്ട്‌, “നീതി, ഭക്തി, വിശ്വാസം, സ്‌നേഹം ക്ഷമ, സൌമ്യത എന്നിവയെ പിന്തുട”രാനുള്ള സഹായത്തിനായി നമുക്കു യഹോവയോടു പ്രാർഥിക്കാം. (1 തിമൊഥെയൊസ്‌ 6:11-14) നമ്മുടെ സ്വർഗീയ പിതാവിന്റെ സഹായമുള്ളപ്പോൾ, ആകുലതകളും പ്രലോഭനങ്ങളും നിയന്ത്രണാതീതമായ അളവോളം വർധിക്കില്ല. പകരം, ദൈവദത്ത സമാധാനം നമ്മുടെ ജീവിതത്തിൽ വ്യാപരിക്കും.

ആത്മാവിനെ ദുഃഖിപ്പിക്കരുത്‌

14. ദൈവാത്മാവ്‌ വിശുദ്ധിയുടെ ഒരു പ്രേരക ശക്തിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 യഹോവയുടെ പക്വതയുള്ള ദാസന്മാർ പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം വ്യക്തിപരമായി ബാധകമാക്കുന്നു: “ആത്മാവിനെ കെടുക്കരുതു.” (1 തെസ്സലൊനീക്യർ 5:19) ദൈവാത്മാവ്‌ “വിശുദ്ധിയുടെ ആത്മാവു” ആയതിനാൽ അത്‌ ശുദ്ധവും നിർമലവും പാവനവുമാണ്‌. (റോമർ 1:⁠5) ആ ആത്മാവ്‌ നമ്മിൽ പ്രവർത്തിക്കുമ്പോൾ അത്‌ വിശുദ്ധിയുടെ ഒരു പ്രേരക ശക്തിയായി വർത്തിക്കുന്നു. ദൈവത്തോടുള്ള അനുസരണം മുഖമുദ്രയായ ഒരു ശുദ്ധ ജീവിതം നയിക്കാൻ അതു നമ്മെ സഹായിക്കുന്നു. (1 പത്രൊസ്‌ 1:⁠2) ഏതൊരു അശുദ്ധ നടപടിയും ആത്മാവിനെ അനാദരിക്കുന്നതിനു തുല്യമാണ്‌. അതിന്റെ ഫലം വിപത്‌കരമായിരിക്കാം. എങ്ങനെ?

15, 16. (എ) നാം ദൈവാത്മാവിനെ ദുഃഖിപ്പിച്ചേക്കാവുന്നത്‌ എങ്ങനെ? (ബി) യഹോവയുടെ ആത്മാവിനെ ദുഃഖിപ്പിക്കുന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാക്കാനാകും?

15 പൗലൊസ്‌ ഇങ്ങനെ എഴുതി: “ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.” (എഫെസ്യർ 4:30) തിരുവെഴുത്തുകൾ യഹോവയുടെ ആത്മാവിനെ വിശ്വസ്‌ത അഭിഷിക്ത ക്രിസ്‌ത്യാനികൾക്കുള്ള ഒരു മുദ്രയായി അഥവാ അവർക്കു ‘വരാനിരുന്നതിന്റെ ഒരു സൂചന’യായി തിരിച്ചറിയിക്കുന്നു. അമർത്ത്യ സ്വർഗീയ ജീവിതമാണ്‌ അത്‌. (2 കൊരിന്ത്യർ 1:​22, NW; 1 കൊരിന്ത്യർ 15:50-57; വെളിപ്പാടു 2:10) ഒരു വിശ്വസ്‌ത ജീവിതം നയിക്കാനും പാപപ്രവൃത്തികൾ ഒഴിവാക്കാനും അഭിഷിക്തരെയും ഭൗമിക പ്രത്യാശയുള്ള അവരുടെ കൂട്ടാളികളെയും സഹായിക്കാൻ ദൈവാത്മാവിനു കഴിയും.

16 വ്യാജം പറയാനും മോഷ്ടിക്കാനും ലജ്ജാകരമായ നടത്തയിൽ ഏർപ്പെടാനുമൊക്കെയുള്ള പ്രവണതകൾക്ക്‌ എതിരെ പൗലൊസ്‌ അപ്പൊസ്‌തലൻ മുന്നറിയിപ്പു നൽകി. അത്തരം കാര്യങ്ങളിലേക്ക്‌ ആകർഷിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിച്ചാൽ നാം ദൈവവചനത്തിന്റെ ആത്മനിശ്വസ്‌ത ബുദ്ധിയുപദേശത്തിന്‌ എതിരായി പ്രവർത്തിക്കുക ആയിരിക്കും. (എഫെസ്യർ 4:17-29; 5:​1-5) അപ്പോൾ ഒരു പരിധിവരെ, നാം ദൈവാത്മാവിനെ ദുഃഖിപ്പിക്കുകയാണ്‌. തീർച്ചയായും അത്‌ ഒഴിവാക്കാൻ നാം ആഗ്രഹിക്കുന്നു. അക്കാര്യത്തിൽ യഹോവയുടെ വചനത്തിലെ ബുദ്ധിയുപദേശം നാം ആരെങ്കിലും അവഗണിച്ചു തുടങ്ങിയാൽ, മനപ്പൂർവ പാപത്തിലും ദൈവപ്രീതി പൂർണമായും നഷ്ടപ്പെടുന്നതിലും കലാശിച്ചേക്കാവുന്ന മനോഭാവങ്ങളോ പ്രവണതകളോ നാം വളർത്തിയെടുത്തേക്കാം. (എബ്രായർ 6:4-6) നാം ഇപ്പോൾ പാപം ചെയ്‌തുകൊണ്ടിരിക്കുന്നില്ലെങ്കിലും നാം പാപത്തിലേക്കുള്ള പാതയിൽ ആയിരുന്നേക്കാം. തുടർച്ചയായി ആത്മാവിന്റെ വഴിനയിക്കലിനു വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ നാം ആത്മാവിനെ ദുഃഖിപ്പിക്കുക ആയിരിക്കും ചെയ്യുന്നത്‌. അങ്ങനെ, പരിശുദ്ധാത്മാവിന്റെ ഉറവായ യഹോവയാം ദൈവത്തെയും നാം ചെറുക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യും. ദൈവത്തെ സ്‌നേഹിക്കുന്നവരായ നാം ഒരിക്കലും അതിന്‌ ആഗ്രഹിക്കുന്നില്ല. ദൈവത്തിന്റെ ആത്മാവിനെ ദുഃഖിപ്പിക്കുന്നതിനു പകരം ആത്മാവിന്റെ ചിന്തയുള്ളവർ ആയിരുന്നുകൊണ്ട്‌ അവന്റെ വിശുദ്ധ നാമത്തിനു മഹത്ത്വം കൈവരുത്താൻ പ്രാപ്‌തരായിരിക്കേണ്ടതിന്‌ യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുന്നത്‌ ഉചിതമാണ്‌.

ആത്മാവിന്റെ ചിന്തയിൽ തുടരുക

17. നമുക്കു വെക്കാവുന്ന ചില ആത്മീയ ലക്ഷ്യങ്ങൾ ഏവ, അവ നേടാനായി പ്രവർത്തിക്കുന്നത്‌ ജ്ഞാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 ആത്മാവിന്റെ ചിന്തയിൽ തുടരാനുള്ള ഒരു പ്രധാന മാർഗം ആത്മീയ ലക്ഷ്യങ്ങൾ വെക്കുകയും അവ നേടാനായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്‌. നമ്മുടെ ആവശ്യങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ, പഠന ശീലങ്ങൾ മെച്ചപ്പെടുത്തുക, പ്രസംഗവേലയിലെ പങ്ക്‌ വർധിപ്പിക്കുക അല്ലെങ്കിൽ മുഴുസമയ പയനിയർ ശുശ്രൂഷ, ബെഥേൽ സേവനം, മിഷനറി വേല തുടങ്ങിയ പ്രത്യേക സേവനപദവികൾ എത്തിപ്പിടിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ നമുക്കു വെക്കാവുന്നതാണ്‌. ഇത്‌ നമ്മുടെ മനസ്സിനെ ആത്മീയ താത്‌പര്യങ്ങളിൽ കേന്ദ്രീകരിക്കുകയും മാനുഷ ബലഹീനതകൾക്കോ ഈ വ്യവസ്ഥിതിയിൽ സാധാരണമായിരിക്കുന്ന ഭൗതികത്വ ലക്ഷ്യങ്ങൾക്കോ തിരുവെഴുത്തു വിരുദ്ധമായ ആഗ്രഹങ്ങൾക്കോ അടിമപ്പെടുന്നതിനെ ചെറുത്തുനിൽക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും. തീർച്ചയായും അതാണ്‌ ജ്ഞാനപൂർവകമായ ഗതി. എന്തെന്നാൽ യേശു ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.”​—⁠മത്തായി 6:19-21.

18. ഈ അന്ത്യകാലത്ത്‌ ആത്മാവിന്റെ ചിന്തയിൽ തുടരുന്നത്‌ വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 ആത്മാവിന്റെ ചിന്ത ഉണ്ടായിരിക്കുന്നതും ഭൗതികത്വ ആഗ്രഹങ്ങളെ അടിച്ചമർത്തുന്നതുമാണ്‌ ഈ “അന്ത്യകാലത്തു” ജ്ഞാനപൂർവകമായ ഗതി. (2 തിമൊഥെയൊസ്‌ 3:1-5) ഏതായാലും “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകു”കയാണല്ലോ. “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:15-17) ദൃഷ്ടാന്തത്തിന്‌, ഒരു യുവ ക്രിസ്‌ത്യാനി മുഴുസമയ സേവനം ലക്ഷ്യം വെക്കുന്നെങ്കിൽ, വെല്ലുവിളിപരമായ കൗമാര-യൗവന കാലത്ത്‌ അത്‌ ഒരു മാർഗദീപമായി വർത്തിച്ചേക്കാം. വിട്ടുവീഴ്‌ച ചെയ്യാനുള്ള സമ്മർദം ഉണ്ടാകുമ്പോൾ, യഹോവയുടെ സേവനത്തിൽ താൻ എന്താണു നിർവഹിക്കാൻ ആഗ്രഹിക്കുന്നത്‌ എന്ന കാര്യത്തിൽ അത്തരമൊരു വ്യക്തിക്കു വ്യക്തമായ ഒരു വീക്ഷണം ഉണ്ടായിരിക്കും. ഭൗതിക അനുധാവനങ്ങൾക്കോ പാപം വാഗ്‌ദാനം ചെയ്യുന്ന സുഖങ്ങൾക്കോ വേണ്ടി ആത്മീയ ലക്ഷ്യങ്ങൾ അവഗണിക്കുന്നതിനെ അത്തരമൊരു ആത്മീയ വ്യക്തി ബുദ്ധിശൂന്യവും വിഡ്‌ഢിത്തവുമായി കരുതും. ആത്മീയ മനസ്‌കനായിരുന്ന മോശെ “പാപത്തിന്റെ തല്‌ക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു” എന്ന്‌ ഓർമിക്കുക. (എബ്രായർ 11:24, 25) നാം ചെറുപ്പക്കാരോ പ്രായമുള്ളവരോ ആയിരുന്നാലും, പാപഗ്രസ്‌തമായ ജഡത്തിന്റെ ചിന്തയ്‌ക്കു പകരം ആത്മാവിന്റെ ചിന്ത പിന്തുടരുമ്പോൾ നാമും സമാനമായ ഒരു തിരഞ്ഞെടുപ്പു നടത്തുകയാണ്‌.

19. ആത്മാവിന്റെ ചിന്തയിൽ തുടർന്നാൽ നാം എന്തു പ്രയോജനങ്ങൾ ആസ്വദിക്കും?

19 “ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു.” അതേസമയം “ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.” (റോമർ 8:6, 7) ആത്മാവിന്റെ ചിന്തയിൽ തുടരുന്നെങ്കിൽ, നാം അമൂല്യ സമാധാനം ആസ്വദിക്കും. നമ്മുടെ ഹൃദയവും മാനസിക പ്രാപ്‌തികളും നമ്മുടെ പാപപൂർണമായ അവസ്ഥയുടെ സ്വാധീനത്തിൽനിന്ന്‌ കൂടുതൽ പൂർണമായി സംരക്ഷിക്കപ്പെടും. ദുഷ്‌പ്രവൃത്തിയിൽ ഏർപ്പെടാനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ നാം കൂടുതൽ പ്രാപ്‌തരായിരിക്കും. ജഡവും ആത്മാവും തമ്മിലുള്ള അനുസ്യൂത പോരാട്ടത്തെ നേരിടാൻ നമുക്ക്‌ ദിവ്യസഹായം ലഭിക്കുകയും ചെയ്യും.

20. ജഡവും ആത്മാവും തമ്മിലുള്ള പോരാട്ടത്തിൽ വിജയം വരിക്കാനാകുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

20 ആത്മാവിന്റെ ചിന്തയിൽ തുടർന്നുകൊണ്ട്‌, നാം ജീവന്റെയും പരിശുദ്ധാത്മാവിന്റെയും ഉറവായ യഹോവയുമായി ഒരു മർമപ്രധാന ബന്ധം നിലനിറുത്തുന്നു. (സങ്കീർത്തനം 36:9; 51:11) യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധം തകർക്കാൻ തങ്ങളെക്കൊണ്ട്‌ സാധിക്കുന്നതെല്ലാം പിശാചായ സാത്താനും അവന്റെ പിണയാളികളും ചെയ്യുന്നു. നമ്മുടെ മനസ്സിന്റെ മേൽ നിയന്ത്രണം നേടാൻ അവർ ശ്രമിക്കുന്നു. നാം അതിനു വഴങ്ങിക്കൊടുത്താൽ അതു കാലക്രമേണ നമ്മെ ദൈവവുമായുള്ള ശത്രുതയിലേക്കും മരണത്തിലേക്കും നയിക്കുമെന്ന്‌ അവർക്ക്‌ അറിയാം. എന്നിരുന്നാലും ജഡവും ആത്മാവും തമ്മിലുള്ള പോരാട്ടത്തിൽ നമുക്ക്‌ വിജയം വരിക്കാനാകും. അതായിരുന്നു പൗലൊസിന്റെ അനുഭവം. എന്തെന്നാൽ സ്വന്തം പോരാട്ടത്തെ കുറിച്ച്‌ എഴുതവെ, അവൻ ആദ്യം ഇങ്ങനെ ചോദിച്ചു: “മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?” ആ വിടുതൽ സാധ്യമാണെന്നു പ്രകടമാക്കിക്കൊണ്ട്‌ അവൻ തുടർന്ന്‌ ഇങ്ങനെ ഉദ്‌ഘോഷിച്ചു: “നമ്മുടെ കർത്താവായ യേശുക്രിസ്‌തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു.” (റോമർ 7:21-25) മാനുഷ ബലഹീനതകൾ തരണം ചെയ്യാനും നിത്യജീവന്റെ വിസ്‌മയകരമായ പ്രത്യാശയോടെ ആത്മാവിന്റെ ചിന്തയിൽ തുടരാനും വേണ്ട സഹായങ്ങൾ ചെയ്‌തുതരുന്നതിന്‌ ക്രിസ്‌തു മുഖാന്തരം നമുക്കും ദൈവത്തിനു നന്ദി പറയാം.​—⁠റോമർ 6:⁠23.

നിങ്ങൾ ഓർമിക്കുന്നുവോ?

• ആത്മാവിന്റെ ചിന്തയുണ്ടായിരിക്കുന്നത്‌ എന്ത്‌ അർഥമാക്കുന്നു?

• നമ്മിൽ പ്രവർത്തിക്കാൻ യഹോവയുടെ ആത്മാവിനെ നമുക്ക്‌ അനുവദിക്കാൻ കഴിയുന്നത്‌ എങ്ങനെ?

• പാപത്തിന്‌ എതിരായ പോരാട്ടത്തിൽ, ബൈബിൾ പഠിക്കുന്നതും യഹോവയുടെ നിയമം അനുസരിക്കുന്നതും അവനോടു പ്രാർഥിക്കുന്നതും പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടെന്നു വിശദീകരിക്കുക.

• ആത്മീയ ലക്ഷ്യങ്ങൾ വെക്കുന്നതു ജീവമാർഗത്തിൽ നിലകൊള്ളാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചിത്രം]

നമ്മുടെ ആത്മീയതയുടെ നേരെയുള്ള ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ ബൈബിൾ പഠനം നമ്മെ സഹായിക്കുന്നു

[17-ാം പേജിലെ ചിത്രം]

പാപപൂർണമായ ആഗ്രഹങ്ങളെ തരണംചെയ്യാൻ യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുന്നത്‌ ഉചിതമാണ്‌

[18-ാം പേജിലെ ചിത്രങ്ങൾ]

ആത്മീയ ലക്ഷ്യങ്ങൾ വെക്കുന്നത്‌ ആത്മാവിന്റെ ചിന്തയിൽ തുടരാൻ നമ്മെ സഹായിക്കും