‘കർത്താവു വാസ്‌തവമായി—ഉയിർത്തെഴുന്നേറ്റു!’
‘കർത്താവു വാസ്‌തവമായി—ഉയിർത്തെഴുന്നേറ്റു!’
തങ്ങളുടെ കർത്താവായ യേശു വധിക്കപ്പെട്ടപ്പോൾ, അവന്റെ ശിഷ്യന്മാർക്ക് എത്രമാത്രം ദുഃഖം തോന്നിയിരിക്കും എന്നു ചിന്തിക്കുക. അരിമഥ്യയിലെ യോസേഫ് ശവക്കല്ലറയിൽ വെച്ച യേശുവിന്റെ ശരീരംപോലെതന്നെ അവരുടെ പ്രത്യാശയും നിർജീവമായിരിക്കുന്നതായി അവർക്കു തോന്നിയിരിക്കാം. യേശു യഹൂദന്മാരെ റോമൻ നുകത്തിൻ കീഴിൽനിന്നു വിടുവിക്കുമെന്ന പ്രത്യാശയും അതോടെ അസ്‌തമിച്ചു.
കാര്യങ്ങൾ അവിടംകൊണ്ട് അവസാനിച്ചിരുന്നെങ്കിൽ, പല വ്യാജ മിശിഹാമാരുടെയും അനുഗാമികളെപ്പോലെ യേശുവിന്റെ ശിഷ്യന്മാരും രംഗത്തുനിന്ന് അപ്രത്യക്ഷരാകുമായിരുന്നു. എന്നാൽ, യേശു അപ്പോഴും ജീവനോടെ ഇരിപ്പുണ്ടായിരുന്നു! തിരുവെഴുത്തുകൾ പറയുന്ന പ്രകാരം, മരണശേഷം താമസിയാതെ പല അവസരങ്ങളിലും അവൻ തന്റെ ശിഷ്യന്മാർക്കു പ്രത്യക്ഷനായി. അതിനാൽ, “കർത്താവു വാസ്‌തവമായി ഉയിർത്തെഴുന്നേറ്റു” എന്ന് ഉദ്‌ഘോഷിക്കാൻ അവരിൽ ചിലർ പ്രേരിതരായി.—ലൂക്കൊസ് 24:34.
യേശുവാണ് മിശിഹാ എന്ന തങ്ങളുടെ വിശ്വാസത്തെ കുറിച്ച് ശിഷ്യന്മാർക്ക് മറ്റുള്ളവരുടെ മുമ്പാകെ പ്രതിവാദം ചെയ്യേണ്ടതുണ്ടായിരുന്നു. അത്തരം സംവാദങ്ങളിൽ, യേശു മിശിഹാ ആണെന്നുള്ളതിന്റെ ഈടുറ്റ അടിസ്ഥാനമായി അവർ വിശേഷാൽ ചൂണ്ടിക്കാട്ടിയത് മരിച്ചവരിൽനിന്നുള്ള അവന്റെ പുനരുത്ഥാനം ആയിരുന്നു. നിശ്ചയമായും, “അപ്പൊസ്‌തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന്നു സാക്ഷ്യം പറഞ്ഞുവന്നു.”—പ്രവൃത്തികൾ 4:33.
ഒരുപക്ഷേ ശിഷ്യന്മാരിൽ ആരുടെയെങ്കിലും വാക്കാലോ അല്ലെങ്കിൽ യേശുവിന്റെ ശരീരം ശവക്കല്ലറയിൽ കാണപ്പെട്ടു എന്ന് സ്ഥാപിച്ചുകൊണ്ടോ അവന്റെ പുനരുത്ഥാനം വ്യാജമാണെന്ന് ആർക്കെങ്കിലും തെളിയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ക്രിസ്‌ത്യാനിത്വം തുടക്കത്തിലേ പരാജയപ്പെടുമായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. ക്രിസ്‌തു ജീവിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയ ശിഷ്യന്മാർ
എല്ലായിടത്തും അവന്റെ പുനരുത്ഥാനത്തെ കുറിച്ചു ഘോഷിക്കുകയും നിരവധി ആളുകൾ, ഉയിർത്തെഴുന്നേറ്റ ക്രിസ്‌തുവിൽ വിശ്വസിക്കുകയും ചെയ്‌തു.നിങ്ങൾക്കും യേശുവിന്റെ പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ കഴിയും. എന്തുകൊണ്ട്? അത് ഒരു യഥാർഥ സംഭവമാണ് എന്നതിന് എന്തു തെളിവുണ്ട്?
എന്തുകൊണ്ട് തെളിവുകൾ പരിശോധിക്കണം?
നാലു സുവിശേഷ വിവരണങ്ങളും യേശുവിന്റെ പുനരുത്ഥാനത്തെ കുറിച്ച് റിപ്പോർട്ടു ചെയ്യുന്നു. (മത്തായി 28:1-10; മർക്കൊസ് 16:1-8; ലൂക്കൊസ് 24:1-12; യോഹന്നാൻ 20:1-29) * മരിച്ചവരിൽനിന്ന് യേശു പുനരുത്ഥാനം ചെയ്‌തെന്ന് ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ മറ്റു ഭാഗങ്ങളും ഉറപ്പിച്ച് പറയുന്നു.
യേശുവിന്റെ അനുഗാമികൾ അവന്റെ പുനരുത്ഥാനത്തെ കുറിച്ചു ഘോഷിച്ചതിൽ അത്ഭുതപ്പെടാനില്ല! അവനെ ദൈവം വാസ്‌തവമായും ജീവനിലേക്ക് ഉയിർപ്പിച്ചെങ്കിൽ, ലോകത്തിലെ ഏറ്റവും അതിശയകരമായ വാർത്ത അതായിരിക്കുമല്ലോ. ദൈവം സ്ഥിതി ചെയ്യുന്നു എന്നതിന്റെ തെളിവായിരിക്കും അത്. മാത്രമല്ല യേശു ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്റെയും.
അതു നമ്മെ എങ്ങനെയാണു ബാധിക്കുന്നത്? യേശു ഇങ്ങനെ പ്രാർഥിച്ചു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അതേ, നമുക്ക് യേശുവിനെയും അവന്റെ പിതാവിനെയും കുറിച്ചുള്ള ജീവദായക പരിജ്ഞാനം നേടാനാകും. നാം അതു ബാധകമാക്കുന്നെങ്കിൽ നാം മരിച്ചാലും പുനരുത്ഥാനം പ്രാപിക്കും, യേശുവിനെപ്പോലെ. (യോഹന്നാൻ 5:28, 29) ദൈവത്തിന്റെ മഹത്ത്വീകരിക്കപ്പെട്ട പുത്രനും രാജാധിരാജാവുമായ യേശുക്രിസ്‌തുവിന്റെ കൈകളിലെ സ്വർഗീയ ദൈവരാജ്യത്തിൻ കീഴിലുള്ള പറുദീസാ ഭൂമിയിൽ നിത്യജീവൻ നേടുകയെന്ന പ്രത്യാശ നമുക്കുണ്ട്.—യെശയ്യാവു 9:6, 7; ലൂക്കൊസ് 23:43; വെളിപ്പാടു 17:14.
അപ്പോൾ, യേശു വാസ്‌തവത്തിൽ മരിച്ചവരിൽനിന്ന് ഉയിർത്തുവോ എന്ന ചോദ്യം വളരെ നിർണായകമാണ്. അത് നമ്മുടെ ഇപ്പോഴത്തെ ജീവനെ മാത്രമല്ല, ഭാവി പ്രതീക്ഷകളെയും ബാധിക്കുന്നു. അതുകൊണ്ടാണ് യേശു മരിക്കുകയും പുനരുത്ഥാനം പ്രാപിക്കുകയും ചെയ്‌തു എന്നതിന്റെ നാലു തെളിവുകൾ പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത്.
യേശു സ്‌തംഭത്തിൽ വെച്ച് മരിക്കുകതന്നെ ചെയ്‌തു
സ്‌തംഭത്തിലേറ്റപ്പെട്ടെങ്കിലും യേശു അതിൽ കിടന്നു മരിച്ചില്ലെന്ന് ചിലർ പറയുന്നു. അവൻ മരണത്തിന്റെ വക്കോളം മാത്രമേ എത്തിയുള്ളുവെന്നും ശവക്കല്ലറയിലെ തണുപ്പ് അവനെ വീണ്ടും ജീവനിലേക്കു വരുത്തിയെന്നുമാണ് അവരുടെ പക്ഷം. എന്നാൽ ശവക്കല്ലറയിൽ വെച്ചത് യേശുവിന്റെ മൃതശരീരം ആയിരുന്നുവെന്ന് ലഭ്യമായ എല്ലാ തെളിവുകളും വ്യക്തമാക്കുന്നു.
യേശുവിനെ പരസ്യമായി വധിച്ചതിനാൽ, അവൻ വാസ്‌തവത്തിൽ സ്‌തംഭത്തിൽ കിടന്നുതന്നെ മരിച്ചു എന്നതിന് സാക്ഷികൾ ഉണ്ടായിരുന്നു. വധനിർവഹണത്തിന്റെ ചുമതല വഹിച്ചിരുന്ന ശതാധിപൻ അവന്റെ മരണം സ്ഥിരീകരിച്ചു. യേശു വാസ്‌തവത്തിൽ മരിച്ചു എന്ന് ഉറപ്പു വരുത്തുന്നത്, അത്തരം കാര്യങ്ങളിൽ പരിചയസമ്പന്നനായിരുന്ന ആ സൈനിക ഉദ്യോഗസ്ഥന്റെ ജോലിയുടെ ഭാഗമായിരുന്നു. മാത്രമല്ല, യേശു മരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസ് അവന്റെ ശരീരം മറവു ചെയ്യാൻ അരിമഥ്യയിലെ യോസേഫിനു കൈമാറിയത്.—മർക്കൊസ് 15:39-46.
കല്ലറ ശൂന്യമായി കാണപ്പെട്ടു
ശൂന്യമായ കല്ലറ യേശു പുനരുത്ഥാനം ചെയ്യപ്പെട്ടു എന്നതിന്റെ ആദ്യത്തെ തെളിവു ശിഷ്യന്മാർക്കു നൽകി. തർക്കമറ്റതായിരുന്നു ഈ തെളിവ്. ആരും ഒരിക്കലും ഉപയോഗിച്ചിട്ടില്ലാഞ്ഞ ഒരു പുതിയ കല്ലറയിലാണ് യേശുവിനെ അടക്കം ചെയ്‌തത്. അത് യേശുവിനെ വധിച്ച സ്ഥലത്തിന് അടുത്തുതന്നെ ആയിരുന്നു. മാത്രമല്ല, അന്ന് അതു വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാനും കഴിയുമായിരുന്നു. (യോഹന്നാൻ 19:41, 42) യേശുവിന്റെ മരണശേഷം രണ്ടാമത്തെ പ്രഭാതത്തിൽ അവന്റെ സ്‌നേഹിതർ കല്ലറയ്‌ക്കൽ വന്നപ്പോൾ അവന്റെ ശരീരം അവിടെ ഉണ്ടായിരുന്നില്ല എന്ന കാര്യത്തിൽ എല്ലാ സുവിശേഷ വിവരണങ്ങളും യോജിക്കുന്നു.—മത്തായി 28:1-7; മർക്കൊസ് 16:1-7; ലൂക്കൊസ് 24:1-3; യോഹന്നാൻ 20:1-10.
ശൂന്യമായ ശവക്കല്ലറ യേശുവിന്റെ സുഹൃത്തുക്കളെ പോലെതന്നെ അവന്റെ ശത്രുക്കളിലും ആശ്ചര്യമുളവാക്കി. യേശു മരിച്ച് അടക്കപ്പെട്ടുകാണാൻ അവന്റെ ശത്രുക്കൾ ദീർഘകാലമായി ആഗ്രഹിച്ചുപോന്നിരുന്നു. തങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കിയ അവർ ശവക്കല്ലറ അടയ്‌ക്കാനും അതിനു മുന്നിൽ ഭടന്മാരെ കാവൽ നിറുത്താനുമുള്ള ഏർപ്പാടുകൾ ചെയ്‌തു. എന്നിരുന്നാലും, ആഴ്‌ചവട്ടത്തിന്റെ ഒന്നാം ദിവസം പ്രഭാതത്തിൽ അതു ശൂന്യമായി കാണപ്പെട്ടു.
യേശുവിന്റെ സുഹൃത്തുക്കൾ അവന്റെ ശരീരം
എടുത്തുമാറ്റിയതാണോ? അതിനിടയില്ല. എന്തെന്നാൽ അവന്റെ മരണശേഷം അവർ കടുത്ത ദുഃഖത്തിലായിരുന്നുവെന്ന് സുവിശേഷങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല, വഞ്ചനാപരമായ ഒരു സംഗതിയെന്നു തങ്ങൾക്ക് അറിയാവുന്ന ഒന്നിനെ പ്രതി പീഡനവും മരണവും വരുത്തിവെക്കാൻ അവരൊട്ട് ആഗ്രഹിക്കുമായിരുന്നുമില്ല.അപ്പോൾ ആരാണ് യേശുവിന്റെ ശരീരം കല്ലറയിൽനിന്ന് എടുത്തുമാറ്റിയത്? അത് യേശുവിന്റെ ശത്രുക്കൾ ആയിരിക്കാൻ ഒട്ടും സാധ്യതയില്ല. ഇനി അവർ അത് എടുത്തുമാറ്റിയിരുന്നെങ്കിൽ, യേശു പുനരുത്ഥാനം ചെയ്‌ത് ജീവനോടിരിക്കുന്നു എന്ന ശിഷ്യന്മാരുടെ അവകാശവാദം ഖണ്ഡിക്കാനുള്ള ഒരു തെളിവായി അവർ ആ ശരീരം പിന്നീടു ലഭ്യമാക്കുമായിരുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. കാരണം, യേശുവിന്റെ ശരീരത്തെ കല്ലറയിൽനിന്നു മാറ്റിയത് ദൈവമായിരുന്നു.
ആഴ്‌ചകൾക്കു ശേഷം, പത്രൊസ് പിൻവരുന്ന പ്രകാരം സാക്ഷ്യപ്പെടുത്തിയപ്പോൾ യേശുവിന്റെ ശത്രുക്കൾ ശക്തമായ യാതൊരു പ്രതിഷേധവും ഉയർത്തിയില്ല: ‘യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്‌പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്‌പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു. “ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; . . . എന്റെ ജഡവും പ്രത്യാശയോടെ വസിക്കും. നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” . . . എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.’—പ്രവൃത്തികൾ 2:22-27.
പുനരുത്ഥാനം പ്രാപിച്ച യേശുവിനെ കണ്ടവർ അനേകർ
പ്രവൃത്തികളുടെ പുസ്‌തകത്തിൽ സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് ഇങ്ങനെ പ്രസ്‌താവിച്ചു: “[യേശു] കഷ്ടം അനുഭവിച്ചശേഷം നാല്‌പതു നാളോളം [അപ്പൊസ്‌തലന്മാർക്കു] പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.” (പ്രവൃത്തികൾ 1:2, 3) നിരവധി ശിഷ്യന്മാർ പുനരുത്ഥാനം പ്രാപിച്ച യേശുവിനെ പല സന്ദർഭങ്ങളിലായി കണ്ടു—പൂന്തോട്ടത്തിൽ വെച്ചും വഴിയിൽ വെച്ചും ആഹാരസമയത്തും തിബെര്യാസ് കടൽക്കരയിൽ വെച്ചുമൊക്കെ.—മത്തായി 28:8-10; ലൂക്കൊസ് 24:13-43; യോഹന്നാൻ 21:1-23.
വിമർശകർ ഈ പ്രത്യക്ഷപ്പെടലുകളുടെ സത്യതയെ ചോദ്യം ചെയ്യുന്നു. ഇതിനായി അവർ, ആ പ്രത്യക്ഷപ്പെടലുകൾ സംബന്ധിച്ച വിവരണങ്ങൾ എഴുത്തുകാർ കെട്ടിച്ചമച്ചതാണെന്നു പറയുകയോ അവയിലെ പ്രത്യക്ഷമായ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടുകയോ ചെയ്യുന്നു. വാസ്‌തവത്തിൽ, സുവിശേഷ വിവരണങ്ങളിലെ നിസ്സാര വ്യത്യാസങ്ങൾ തെളിയിക്കുന്നത് അവയുടെ എഴുത്തുകാർക്കിടയിൽ രഹസ്യ ധാരണയൊന്നും ഇല്ലായിരുന്നുവെന്നാണ്. ക്രിസ്‌തുവിന്റെ ഭൗമിക ജീവിതത്തിലെ ചില സംഭവങ്ങൾ സംബന്ധിച്ച വിവരണങ്ങൾക്ക് പൂരകമായി വർത്തിക്കുന്ന വിശദാംശങ്ങൾ മറ്റൊരു എഴുത്തുകാരൻ പ്രദാനം ചെയ്യുമ്പോൾ യേശുവിനെ കുറിച്ചുള്ള നമ്മുടെ പരിജ്ഞാനം വർധിക്കുകയാണു ചെയ്യുന്നത്.
പുനരുത്ഥാന ശേഷമുള്ള യേശുവിന്റെ പ്രത്യക്ഷപ്പെടലുകൾ എന്തെങ്കിലും വിഭ്രാന്തിയുടെ ഫലമായി ആളുകൾക്കുണ്ടായ തോന്നലുകളാണോ? അങ്ങനെ സ്ഥാപിക്കാനുള്ള വാദങ്ങൾക്കൊന്നും കഴമ്പില്ല. കാരണം, നിരവധി ആളുകൾക്ക് അവൻ പ്രത്യക്ഷനായി. അക്കൂട്ടത്തിൽ മുക്കുവരും സ്‌ത്രീകളും ഒരു സർക്കാർ ഉദ്യോഗസ്ഥനും സംശയാലുവായ തോമാസ് അപ്പൊസ്‌തലൻ പോലും ഉണ്ടായിരുന്നു. യേശു മരിച്ചവരിൽനിന്ന് ഉയിർത്തു എന്നതിന്റെ അനിഷേധ്യമായ തെളിവു കണ്ടപ്പോൾ മാത്രമാണ് തോമാസിനു വിശ്വാസം വന്നത്. (യോഹന്നാൻ 20:24-29) യേശുവിന്റെ ശിഷ്യന്മാർക്ക് ആദ്യ സമയങ്ങളിൽ പലപ്പോഴും പുനരുത്ഥാനം പ്രാപിച്ച തങ്ങളുടെ കർത്താവിനെ തിരിച്ചറിയാനായില്ല. ഉയിർത്തെഴുന്നേറ്റ അവനെ ഒരു അവസരത്തിൽ 500-ലധികം ആളുകൾ കാണുകയുണ്ടായി. യേശുവിന്റെ പുനരുത്ഥാനം നടന്നു എന്നതിനു തെളിവായി പൗലൊസ് അപ്പൊസ്‌തലൻ ഈ സംഭവം പരാമർശിച്ച അവസരത്തിൽ അവരിൽ മിക്കവരും ജീവിച്ചിരിപ്പുണ്ടായിരുന്നു.—1 കൊരിന്ത്യർ 15:6.
ജീവിച്ചിരിക്കുന്ന യേശു ആളുകളെ സ്വാധീനിക്കുന്നു
ജിജ്ഞാസ നിമിത്തമോ സംവാദം നടത്താനോ പരിശോധിക്കേണ്ട ഒരു വിഷയമായി നാം യേശുവിന്റെ പുനരുത്ഥാനത്തെ കാണരുത്. അവൻ ജീവനോടിരിക്കുന്നു എന്ന വസ്‌തുത എല്ലായിടത്തുമുള്ള ആളുകളെ ക്രിയാത്മകമായ ഒരു വിധത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടു മുതൽ നിരവധി ആളുകൾ ക്രിസ്‌ത്യാനിത്വത്തോടുള്ള നിസ്സംഗതയും ശക്തമായ എതിർപ്പും വെടിഞ്ഞ് അതുതന്നെയാണു സത്യമതം എന്ന പൂർണമായ ഉറപ്പിലേക്കു വന്നിട്ടുണ്ട്. അവരിൽ ഈ പരിവർത്തനം വരുത്തിയത് എന്താണ്? തിരുവെഴുത്തുകളുടെ പഠനം. മഹത്ത്വമാർന്ന ആത്മവ്യക്തി എന്ന നിലയിൽ സ്വർഗീയ ജീവനിലേക്ക് യേശുവിനെ ദൈവം ഉയിർപ്പിച്ചതായി അതിൽനിന്ന് അവർക്കു ബോധ്യമായി. (ഫിലിപ്പിയർ 2:8-11) അവർ യേശുവിലും ക്രിസ്‌തുവിന്റെ മറുവിലയാഗം മുഖാന്തരം രക്ഷയ്‌ക്കായി യഹോവയാം ദൈവം ചെയ്‌തിരിക്കുന്ന കരുതലിലും വിശ്വാസം പ്രകടമാക്കിയിരിക്കുന്നു. (റോമർ 5:8) ദൈവഹിതം ചെയ്‌തുകൊണ്ടും യേശുവിന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ടും അത്തരം വ്യക്തികൾ യഥാർഥ സന്തുഷ്ടി കണ്ടെത്തിയിരിക്കുന്നു.
ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനികൾ ആയിരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരുന്നത് എന്നു ചിന്തിക്കുക. പ്രശസ്‌തിയോ സ്വാധീനമോ സമ്പത്തോ നേടാൻ അത് അവരെ സഹായിച്ചില്ല. പകരം, പല ആദ്യകാല ക്രിസ്‌ത്യാനികളും വിശ്വാസത്തെപ്രതി തങ്ങളുടെ ‘സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ സഹിച്ചു.’ (എബ്രായർ 10:34) ക്രിസ്‌ത്യാനികളുടെ ജീവിതം ത്യാഗവും പീഡനവും ഉൾപ്പെട്ട ഒന്നായിരുന്നു. അവരിൽ പലർക്കും രക്തസാക്ഷിമരണം വരിക്കേണ്ടിവന്നു.
ക്രിസ്‌തുവിന്റെ അനുഗാമികൾ ആയിത്തീരുന്നതിനു മുമ്പ്, ചിലർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങളും സമ്പത്തും നേടിയെടുക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. തർസൊസുകാരനായ ശൗൽ വിഖ്യാതനായ ഗമാലിയേൽ എന്ന നിയമോപദേഷ്ടാവിന്റെ കീഴിലാണ് വിദ്യ അഭ്യസിച്ചത്. അങ്ങനെ അവൻ യഹൂദന്മാരുടെ ദൃഷ്ടിയിൽ ഒരു ഉന്നത സ്ഥാനത്തേക്കു വരാനും തുടങ്ങിയിരുന്നു. (പ്രവൃത്തികൾ 9:1, 2; 22:3; ഗലാത്യർ 1:14) എന്നിട്ടും ശൗൽ, പൗലൊസ് അപ്പൊസ്‌തലൻ ആയിത്തീർന്നു. അവനും മറ്റനേകരും ലോകം വെച്ചുനീട്ടിയ സ്ഥാനമാനങ്ങളും സ്വാധീനവും നിരസിച്ചു. എന്തിനു വേണ്ടി? ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലും യേശുക്രിസ്‌തു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്ന വസ്‌തുതയിലും അധിഷ്‌ഠിതമായ യഥാർഥ പ്രത്യാശയുടെ സന്ദേശം വ്യാപിപ്പിക്കുന്നതിനു വേണ്ടി. (കൊലൊസ്സ്യർ 1:28) സത്യത്തിൽ അധിഷ്‌ഠിതമാണെന്നു തങ്ങൾക്ക് അറിയാവുന്ന ഒന്നിനു വേണ്ടി കഷ്ടം സഹിക്കാൻ അവർ ഒരുക്കമായിരുന്നു.
ദശലക്ഷക്കണക്കിന് ആളുകളുടെ കാര്യത്തിൽ ഇന്നും അതു സത്യമാണ്. ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ നിങ്ങൾക്കവരെ കണ്ടെത്താനാകും. 2001 ഏപ്രിൽ 8 ഞായറാഴ്‌ച സൂര്യാസ്‌തമയശേഷം നടക്കാനിരിക്കുന്ന, ക്രിസ്‌തുവിന്റെ മരണത്തിന്റെ വാർഷിക ആഘോഷത്തിനു സാക്ഷികൾ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുകയാണ്. പ്രസ്‌തുത ആഘോഷത്തിനും അവരുടെ രാജ്യഹാളുകളിൽ നടക്കുന്ന എല്ലാ ബൈബിൾ പഠനയോഗങ്ങൾക്കും നിങ്ങൾ സന്നിഹിതരാകുന്നതിൽ അവർക്കു സന്തോഷമേ ഉള്ളൂ.
യേശുവിന്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചു മാത്രമല്ല, അവന്റെ ജീവിതത്തെയും പഠിപ്പിക്കലുകളെയും കുറിച്ചും എന്തുകൊണ്ട് കൂടുതലായി പഠിച്ചുകൂടാ? തന്റെ അടുക്കലേക്കു വരാൻ അവൻ നമ്മെ ക്ഷണിക്കുന്നു. (മത്തായി 11:28-30) യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം നേടുന്നതിന് ഇപ്പോൾ ശ്രമിക്കുക. അത് ദൈവത്തിന്റെ പ്രിയ പുത്രന്റെ കൈകളിലെ രാജ്യത്തിൻ കീഴിലുള്ള നിത്യജീവനെ അർഥമാക്കും.
[അടിക്കുറിപ്പ്]
^ ഖ. 8 സുവിശേഷ വിവരണങ്ങളുടെ ആധികാരികത സംബന്ധിച്ച തെളിവിന് 2000 മേയ് 15 ലക്കം വീക്ഷാഗോപുരത്തിലെ “സുവിശേഷങ്ങൾ—ചരിത്രമോ കെട്ടുകഥയോ?” എന്ന ലേഖനം കാണുക.
[7-ാം പേജിലെ ചിത്രങ്ങൾ]
യേശുക്രിസ്‌തുവിന്റെ അനുഗാമികൾ എന്ന നിലയിൽ ദശലക്ഷങ്ങൾ യഥാർഥ സന്തുഷ്ടി കണ്ടെത്തുന്നു
[6-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
From the Self-Pronouncing Edition of the Holy Bible, containing the King James and the Revised versions