‘ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ’
‘ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ’
അദ്ദേഹം ഒരു കവിയും ശിൽപ്പിയും രാജാവുമായിരുന്നു. 1,000 കോടി രൂപയിലധികം വാർഷിക വരുമാനമുണ്ടായിരുന്ന അദ്ദേഹം, ഭൂമിയിലെ ഏതൊരു രാജാവിനെക്കാളും ധനികനായിരുന്നു. ജ്ഞാനി എന്ന കീർത്തിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തെ സന്ദർശിച്ച ഒരു രാജ്ഞിക്ക് പിൻവരുന്നപ്രകാരം പറയത്തക്കവിധം അദ്ദേഹത്തിൽ മതിപ്പുളവായി: “[നിന്നെക്കുറിച്ച്] പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.” (1 രാജാക്കന്മാർ 10:4-9) അത്രയ്‌ക്ക് ശ്രേഷ്‌ഠനായിരുന്നു പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്.
ശലോമോന് ധനവും ജ്ഞാനവും ഉണ്ടായിരുന്നു. അതുകൊണ്ട്, ഇവയിൽ ഏതാണ് യഥാർഥത്തിൽ അനുപേക്ഷണീയമെന്നു തീരുമാനിക്കാൻ അദ്ദേഹത്തോളം യോഗ്യനായ മറ്റാരും ഉണ്ടായിരുന്നില്ല. അദ്ദേഹം എഴുതി: “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്‌തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.”—സദൃശവാക്യങ്ങൾ 3:13-15.
എന്നാൽ, എവിടെനിന്നാണ് ജ്ഞാനം ലഭിക്കുന്നത്? അതു ധനത്തെക്കാൾ വിലയേറിയത് ആയിരിക്കുന്നത് എന്തുകൊണ്ടാണ്? അതിന്റെ സവിശേഷ ഗുണങ്ങൾ എന്തെല്ലാമാണ്? ശലോമോൻ എഴുതിയ സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്‌തകത്തിന്റെ 8-ാം അധ്യായം ഈ ചോദ്യങ്ങൾക്ക് ആകർഷകമായ വിധത്തിൽ ഉത്തരം നൽകുന്നു. സംസാരിക്കാനും പ്രവർത്തിക്കാനും കഴിയുന്ന ഒരു ആളെപ്പോലെ ജ്ഞാനത്തിന് അവിടെ വ്യക്തിത്വം കൽപ്പിച്ചിരിക്കുന്നു. തന്റെ ആകർഷകമായ ഗുണത്തെയും മൂല്യത്തെയും കുറിച്ച് ജ്ഞാനംതന്നെ നമ്മോടു പറയുന്നു.
‘അവൾ ഘോഷിക്കുന്നത്’
ഉത്തരം പ്രതീക്ഷിക്കാത്ത ഒരു ചോദ്യത്തോടെയാണ് സദൃശവാക്യങ്ങൾ 8-ാം അധ്യായത്തിന്റെ തുടക്കംതന്നെ: “ജ്ഞാനമായവൾ [“ജ്ഞാനം,” NW] വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ [“വിവേകം,” NW] തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?” * അതേ, ജ്ഞാനവും വിവേകവും വിളിച്ചുപറയുന്നു. എന്നാൽ, ഇരുണ്ട സ്ഥലങ്ങളിൽ പതുങ്ങിനിന്ന്, ഏകാന്തനും അനുഭവപരിചയം ഇല്ലാത്തവനുമായ ഒരു ചെറുപ്പക്കാരന്റെ കാതിൽ വശീകരണ വാക്കുകൾ മന്ത്രിക്കുന്ന ഒരു അധാർമിക സ്‌ത്രീയെപ്പോലെ അല്ല അത്. (സദൃശവാക്യങ്ങൾ 7:12) ‘അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്‌ക്കുന്നു. അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‌ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നു.’ (സദൃശവാക്യങ്ങൾ 8:1-3) ജ്ഞാനത്തിന്റെ ശക്തവും ധീരവുമായ ശബ്ദം, ഉച്ചത്തിലും വ്യക്തമായും പൊതുസ്ഥലങ്ങളിൽ—പട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും പാതകൾ കൂടുന്നിടത്തും—കേൾക്കാം. ആളുകൾക്ക് തടസ്സം കൂടാതെ ആ ശബ്ദം കേൾക്കാനും അതിനോടു പ്രതികരിക്കാനും കഴിയും.
നിശ്വസ്‌ത വചനമായ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവിക ജ്ഞാനം ഭൂമിയിൽ ആഗ്രഹമുള്ള എല്ലാവർക്കുംതന്നെ ലഭ്യമാണ് എന്ന വസ്‌തുതയെ നിഷേധിക്കാൻ ആർക്കു കഴിയും? ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു: “ചരിത്രത്തിൽ ഏറ്റവും വ്യാപകമായി വായിക്കപ്പെടുന്ന ഗ്രന്ഥമാണ് ബൈബിൾ.” അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “ബൈബിളിന്റെ പ്രതികളാണ് മറ്റേതൊരു ഗ്രന്ഥത്തെക്കാളും അധികം വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. മാത്രമല്ല, ഏറ്റവും കൂടുതൽ പ്രാവശ്യവും ഏറ്റവും
കൂടുതൽ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുള്ള ഗ്രന്ഥവും ബൈബിളാണ്.” ബൈബിൾ മുഴുവനായോ ഭാഗികമായോ 2,100-ലധികം ഭാഷകളിലും ഭാഷാഭേദങ്ങളിലുമായി ലഭ്യമായിരിക്കുന്നതിനാൽ, 90 ശതമാനത്തിലധികം ആളുകൾക്ക് തങ്ങളുടെ മാതൃഭാഷയിൽ ദൈവവചനത്തിന്റെ ഭാഗങ്ങളെങ്കിലും വായിക്കാൻ സാധിക്കും.യഹോവയുടെ സാക്ഷികൾ പരസ്യമായി എല്ലായിടത്തും ബൈബിൾ സന്ദേശം പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 235 ദേശങ്ങളിൽ അവർ, ദൈവരാജ്യ സുവാർത്ത സതീക്ഷ്‌ണം പ്രസംഗിക്കുകയും ദൈവവചനത്തിൽ നിന്നുള്ള സത്യം ആളുകളെ പഠിപ്പിക്കുകയും ചെയ്യുന്നു. അവരുടെ ബൈബിൾ അധിഷ്‌ഠിത മാസികകളായ വീക്ഷാഗോപുരം 140 ഭാഷകളിലും ഉണരുക! 83 ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെടുന്നു. ഇവ ഓരോന്നിന്റെയും രണ്ടു കോടിയിലധികം പ്രതികൾ പ്രതിമാസം അച്ചടിക്കപ്പെടുന്നുണ്ട്. ജ്ഞാനം പൊതുസ്ഥലങ്ങളിൽ അതിന്റെ ഘോഷം തുടർന്നുകൊണ്ടിരിക്കുന്നു എന്നതിന് സംശയമില്ല!
“എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു”
വ്യക്തിത്വം കൽപ്പിക്കപ്പെട്ടിരിക്കുന്ന ജ്ഞാനം സംസാരിച്ചു തുടങ്ങുന്നു: “പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു. അല്‌പബുദ്ധികളേ, സൂക്ഷ്‌മബുദ്ധി ഗ്രഹിച്ചുകൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ [“ഹൃദയത്തെ ഗ്രഹിച്ചുകൊൾവിൻ,” NW].”—സദൃശവാക്യങ്ങൾ 8:4, 5.
ജ്ഞാനത്തിന്റെ ഈ ആഹ്വാനം സാർവത്രികമാണ്. അത് മുഴു മനുഷ്യവർഗത്തിനും തന്റെ ക്ഷണം വെച്ചുനീട്ടുന്നു. അൽപ്പബുദ്ധികളെ സൂക്ഷ്‌മബുദ്ധി അഥവാ വിവേകം നേടാനും മൂഢന്മാരെ ഗ്രാഹ്യം സമ്പാദിക്കാനും അതു ക്ഷണിക്കുന്നു. വാസ്‌തവത്തിൽ, ബൈബിൾ സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥമാണെന്നു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അതിൽ അടങ്ങിയിരിക്കുന്ന ജ്ഞാനമൊഴികൾ കണ്ടെത്തുന്നതിന് അത് അടുത്തു പരിശോധിക്കാൻ അവർ യാതൊരു മുഖപക്ഷവുമില്ലാതെ സകലരെയും പ്രോത്സാഹിപ്പിക്കുന്നു.
‘എന്റെ വായ് സത്യം സംസാരിക്കും’
ജ്ഞാനം അതിന്റെ ആഹ്വാനം തുടരുന്നു: “കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും. എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്കു അറെപ്പാകുന്നു. എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല.” അതേ, ജ്ഞാനത്തിന്റെ പ്രബോധനങ്ങൾ ശ്രേഷ്‌ഠവും നേരുള്ളതും സത്യവും നീതിനിഷ്‌ഠവുമാണ്. അവയിൽ വക്രവും വികടവുമായ യാതൊന്നുമില്ല. “അവയെല്ലാം ബുദ്ധിമാന്നു [“വിവേകിക്ക്,” NW] തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു.”—സദൃശവാക്യങ്ങൾ 8:6-9.
ഉചിതമായും, ജ്ഞാനം ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.” ഈ ആഹ്വാനത്തിൽ കഴമ്പുണ്ട്. എന്തെന്നാൽ, “ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.” (സദൃശവാക്യങ്ങൾ 8:10, 11) അതിന്റെ കാരണമെന്താണ്? ധനത്തെക്കാൾ ജ്ഞാനത്തിനു മൂല്യമുള്ളത് എന്തുകൊണ്ട്?
‘എന്റെ ഫലം പൊന്നിലും നല്ലത്’
ജ്ഞാനത്തിനു ചെവി കൊടുക്കുന്നവർക്ക് അതു നൽകുന്ന പ്രതിഫലം പൊന്നിനെയും വെള്ളിയെയും മുത്തുകളെയുംകാൾ വിലയേറിയതാണ്. അത് എന്തെല്ലാമാണെന്ന് ജ്ഞാനം പറയുന്നു: “ജ്ഞാനം എന്ന ഞാൻ സൂക്ഷ്‌മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടുപിടിക്കുന്നു. യഹോവാഭക്തി [“യഹോവാഭയം,” NW] ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.”—സദൃശവാക്യങ്ങൾ 8:12, 13.
സദൃശവാക്യങ്ങൾ 9:10) അതുകൊണ്ട്, യഹോവ വെറുക്കുന്ന കാര്യങ്ങളെ അയാളും വെറുക്കുന്നു. ഡംഭം, അഹങ്കാരം, ദുർമാർഗം, വക്രതയുള്ള വായ് എന്നിവ അയാൾക്ക് ലവലേശം പോലും ഉണ്ടായിരിക്കുകയില്ല. തന്റെ അധികാരം ദുർവിനിയോഗം ചെയ്യാതിരിക്കാൻ ദോഷത്തോടുള്ള വെറുപ്പ് അയാളെ സഹായിക്കുന്നു. ക്രിസ്‌തീയ സഭയിൽ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും കുടുംബ നാഥന്മാരും ജ്ഞാനം തേടേണ്ടത് എത്ര പ്രധാനമാണ്!
ജ്ഞാനിക്ക് സൂക്ഷ്‌മബുദ്ധിയും ചിന്താപ്രാപ്‌തികളും ഉണ്ടായിരിക്കും. ദൈവിക ജ്ഞാനമുള്ള വ്യക്തിക്ക് ദൈവത്തോട് ഭയാദരവും ഉണ്ടായിരിക്കും. കാരണം, ‘യഹോവാഭക്തി [“യഹോവാഭയം,” NW] ജ്ഞാനത്തിന്റെ ആരംഭമാകുന്നു.’ (ജ്ഞാനം തുടർന്നു പറയുന്നു: “ആലോചനയും പരിജ്ഞാനവും [“പ്രായോഗിക ജ്ഞാനവും,” NW] എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു. ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതിയെ നടത്തുന്നു. ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.” (സദൃശവാക്യങ്ങൾ 8:14-16) ജ്ഞാനത്തിന്റെ ഫലത്തിൽ ഉൾക്കാഴ്‌ച, ഗ്രാഹ്യം, ശക്തി എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ഭരണാധിപന്മാർക്കും ഉന്നത ഉദ്യോഗസ്ഥന്മാർക്കും കുലീനർക്കും അവശ്യം വേണ്ടതാണ് ഇവ. അധികാരികൾക്കും മറ്റുള്ളവരെ ഉപദേശിക്കുന്നവർക്കും ജ്ഞാനം അനുപേക്ഷണീയമാണ്.
യഥാർഥ ജ്ഞാനം ഏവർക്കും ലഭ്യമാണ്. എങ്കിലും എല്ലാവരും അത് കണ്ടെത്തുന്നില്ല. അത് പടിവാതിൽക്കൽ ഉള്ളപ്പോൾപ്പോലും ചിലർ അതിനെ തള്ളിക്കളയുകയോ അവഗണിക്കുകയോ ചെയ്യുന്നു. “എന്നെ സ്‌നേഹിക്കുന്നവരെ ഞാൻ സ്‌നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും” എന്നു ജ്ഞാനം പറയുന്നു. (സദൃശവാക്യങ്ങൾ 8:17) ആത്മാർഥമായി അന്വേഷിക്കുന്നവരേ ജ്ഞാനം കണ്ടെത്തുകയുള്ളൂ.
ജ്ഞാനത്തിന്റെ വഴികൾ നീതിയും നേരും ഉള്ളതാകുന്നു. അതിനെ അന്വേഷിക്കുന്നവർക്ക് അത് പ്രതിഫലം നൽകുന്നു. ജ്ഞാനം പറയുന്നു: “എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു. എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു. എന്നെ സ്‌നേഹിക്കുന്നവർക്കു വസ്‌തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു.”—സദൃശവാക്യങ്ങൾ 8:18-21.
സൂക്ഷ്‌മബുദ്ധി, ചിന്താപ്രാപ്‌തി, എളിമ, ഉൾക്കാഴ്‌ച, പ്രായോഗിക ജ്ഞാനം, ഗ്രാഹ്യം എന്നിങ്ങനെയുള്ള ഉത്തമ ഗുണങ്ങൾ മാത്രമല്ല ധനവും മാനവും ജ്ഞാനത്തിന്റെ പ്രതിഫലങ്ങളാണ്. നീതിമാർഗത്തിലൂടെ ഒരു വ്യക്തിക്ക് ധനം സമ്പാദിക്കാവുന്നതാണ്. അയാൾക്ക് ആത്മീയ അഭിവൃദ്ധി പ്രാപിക്കാനും കഴിയും. (3 യോഹന്നാൻ 2, NW) ജ്ഞാനം ഒരു വ്യക്തിക്ക് മാനവും കൈവരുത്തുന്നു. നേടിയെടുക്കുന്ന കാര്യങ്ങളിൽനിന്ന് അയാൾക്ക് സംതൃപ്‌തി ലഭിക്കുന്നു. കൂടാതെ മനസ്സമാധാനവും ദൈവമുമ്പാകെ ശുദ്ധമായ ഒരു മനസ്സാക്ഷിയും അയാൾക്ക് കൈവരുകയും ചെയ്യുന്നു. അതേ, ജ്ഞാനം കണ്ടെത്തുന്ന മനുഷ്യൻ സന്തുഷ്ടനാകുന്നു. ശുദ്ധി ചെയ്‌തെടുത്ത സ്വർണ്ണത്തെക്കാളും മേത്തരം വെള്ളിയെക്കാളും മെച്ചമാണ് ജ്ഞാനത്തിന്റെ ഫലം.
എങ്ങനെയും എന്തു വിലകൊടുത്തും പണം സമ്പാദിക്കുക എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന ഇന്നത്തെ ഭൗതികാസക്ത ലോകത്തിൽ ജീവിക്കുന്നതിനാൽ, നമ്മെ സംബന്ധിച്ചിടത്തോളം ഈ ബുദ്ധിയുപദേശം എത്ര കാലോചിതമാണ്! അതുകൊണ്ട് നമുക്ക്, ജ്ഞാനം എത്ര വിലപ്പെട്ടതാണെന്നു മറന്നുകളയുകയോ ധനസമ്പാദനത്തിനായി ന്യായരഹിത മാർഗങ്ങൾ അവലംബിക്കുകയോ ചെയ്യാതിരിക്കാം. ക്രിസ്‌തീയ യോഗങ്ങൾ, ബൈബിളിന്റെയും “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന സാഹിത്യങ്ങളുടെയും വ്യക്തിപരമായ പഠനം മത്തായി 24:45-47, NW.
തുടങ്ങി ജ്ഞാനം നേടാൻ നമ്മെ സഹായിക്കുന്ന കരുതലുകൾ പണസമ്പാദനത്തിനായി നാം അവഗണിക്കരുത്.—‘ഞാൻ പുരാതനമേ നിയമിക്കപ്പെട്ടിരിക്കുന്നു’
സദൃശവാക്യങ്ങൾ 8-ാം അധ്യായത്തിൽ ജ്ഞാനത്തിനു വ്യക്തിത്വം കൽപ്പിച്ച് സംസാരിച്ചിരിക്കുന്നു. ഇതിലൂടെ കേവലം ഒരു അമൂർത്ത ഗുണത്തിന്റെ സവിശേഷതകൾ വിവരിക്കുകയല്ല മറിച്ച്, യഹോവയുടെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടിയെ അതുവഴി പ്രതീകാത്മകമായി പരാമർശിക്കുകയാണ് ചെയ്യുന്നത്. ജ്ഞാനം പറയുന്നു: “യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ. പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.”—സദൃശവാക്യങ്ങൾ 8:22-26.
വ്യക്തിത്വം കൽപ്പിക്കപ്പെട്ടിരിക്കുന്ന ജ്ഞാനത്തെ കുറിച്ചുള്ള മേൽപ്പറഞ്ഞ വിവരണം തിരുവെഴുത്തുകളിൽ “വചന”ത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതുമായി എത്ര നന്നായി യോജിക്കുന്നു. അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ഒരു ദൈവം ആയിരുന്നു.” (യോഹന്നാൻ 1:1, NW) വ്യക്തിത്വം കൽപ്പിക്കപ്പെട്ടിരിക്കുന്ന ജ്ഞാനം മനുഷ്യപൂർവ അസ്‌തിത്വത്തിലെ ദൈവപുത്രനായ യേശുക്രിസ്‌തുവിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. *
യേശുക്രിസ്‌തു ‘സർവ്വസൃഷ്ടിക്കും ആദ്യജാതൻ’ ആകുന്നു. എന്തെന്നാൽ “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും . . . സകലവും അവൻമുഖാന്തരം സൃഷ്ടിക്കപ്പെട്ടു.” (കൊലൊസ്സ്യർ 1:15, 16) വ്യക്തിത്വം കൽപ്പിക്കപ്പെട്ടിരിക്കുന്ന ജ്ഞാനം തുടർന്നു പറയുന്നു: “അവൻ [യഹോവ] ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും വെള്ളം അവന്റെ കല്‌പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാൻ അവന്റെ അടുക്കൽ ശില്‌പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു. അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.” (സദൃശവാക്യങ്ങൾ 8:27-31) ആകാശത്തിന്റെയും ഭൂമിയുടെയും അനുപമ സ്രഷ്ടാവായ യഹോവയുടെ ആദ്യജാത പുത്രൻ സജീവമായി പ്രവർത്തിച്ചുകൊണ്ട് തന്റെ പിതാവിനോടൊപ്പം ഉണ്ടായിരുന്നു. യഹോവ ആദ്യ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, ഒരു ശിൽപ്പി എന്ന നിലയിൽ അവൻ പിതാവിനോടൊപ്പം പ്രവർത്തിച്ചു. (ഉല്‌പത്തി 1:26) ദൈവപുത്രനു മനുഷ്യവർഗത്തോട് വളരെയധികം താത്‌പര്യവും സ്‌നേഹവുമുള്ളതിൽ അതിശയിക്കാനില്ല!
“എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ”
വ്യക്തിത്വം കൽപ്പിക്കപ്പെട്ട ജ്ഞാനം എന്ന നിലയിൽ ദൈവപുത്രൻ പറയുന്നു: “ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടു കൊൾവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; അതിനെ ത്യജിച്ചുകളയരുതു. ദിവസംപ്രതി എന്റെ പടിവാതില്‌ക്കൽ ജാഗരിച്ചും എന്റെ വാതില്‌ക്കട്ടളെക്കൽ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.”—സദൃശവാക്യങ്ങൾ 8:32-36.
ദൈവിക ജ്ഞാനത്തിന്റെ സമൂർത്ത ഭാവമാണ് യേശുക്രിസ്‌തു. “അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്‌തമായിട്ടു ഇരിക്കുന്നു.” (കൊലൊസ്സ്യർ 2:3) അതുകൊണ്ട്, നമുക്ക് അവനു നല്ല ശ്രദ്ധ കൊടുക്കുകയും അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുകയും ചെയ്യാം. (1 പത്രൊസ് 2:21) അവനെ തള്ളിക്കളയുകയെന്നാൽ, നാം നമ്മോടുതന്നെ അക്രമം പ്രവർത്തിക്കുന്നുവെന്നും മരണത്തെ സ്‌നേഹിക്കുന്നുവെന്നുമാണ് അർഥം. കാരണം, “മറെറാരുത്തനിലും രക്ഷ ഇല്ല.” (പ്രവൃത്തികൾ 4:12) നമ്മുടെ രക്ഷയ്‌ക്കായി ദൈവം അംഗീകരിച്ചിരിക്കുന്നവൻ എന്ന നിലയിൽ നമുക്ക് യേശുവിനെ സ്വീകരിക്കാം. (മത്തായി 20:28; യോഹന്നാൻ 3:16) അങ്ങനെ, ‘ജീവനെ കണ്ടെത്തി യഹോവയുടെ കടാക്ഷം പ്രാപിക്കുന്നതിൽനിന്ന്’ ഉളവാകുന്ന സന്തോഷം നമുക്ക് ആസ്വദിക്കാൻ കഴിയും.
[അടിക്കുറിപ്പുകൾ]
^ ഖ. 6 ഇവിടെ ഉപയോഗിച്ചിരിക്കുന്ന “ജ്ഞാനം” എന്നതിനുള്ള എബ്രായ പദം സ്‌ത്രീലിംഗ രൂപത്തിലാണ്. അക്കാരണത്താൽ, ചില പരിഭാഷകർ “ജ്ഞാനമായവൾ” എന്നതു പോലുള്ള സ്‌ത്രീലിംഗ സർവനാമങ്ങൾ ഉപയോഗിക്കുന്നു.
^ ഖ. 25 “ജ്ഞാനം” എന്നതിന്റെ എബ്രായ പദം എല്ലായ്‌പോഴും സ്‌ത്രീലിംഗ രൂപത്തിൽ ആണ് എന്നതിനാൽ ദൈവപുത്രനെ കുറിക്കാൻ ആ പദം ഉപയോഗിക്കാൻ പാടില്ല എന്നർഥമില്ല. “ദൈവം സ്‌നേഹം തന്നേ” എന്ന പ്രയോഗത്തിലെ “സ്‌നേഹം” എന്ന ഗ്രീക്ക് പദവും സ്‌ത്രീലിംഗ രൂപത്തിലാണ്. (1 യോഹന്നാൻ 4:8) എങ്കിലും ദൈവത്തെ പരാമർശിക്കാൻ അത് ഉപയോഗിച്ചിരിക്കുന്നു.
[26-ാം പേജിലെ ചിത്രങ്ങൾ]
ഉത്തരവാദിത്വ സ്ഥാനത്തുള്ളവർക്ക് ജ്ഞാനം അനിവാര്യമാണ്
[27-ാം പേജിലെ ചിത്രങ്ങൾ]
ജ്ഞാനം നേടാൻ സഹായിക്കുന്ന കരുതലുകൾ അവഗണിക്കരുത്