വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൗലൊസ്‌ വിശുദ്ധന്മാർക്കായി ദുരിതാശ്വാസ സംഭാവനകൾ സമാഹരിക്കുന്നു

പൗലൊസ്‌ വിശുദ്ധന്മാർക്കായി ദുരിതാശ്വാസ സംഭാവനകൾ സമാഹരിക്കുന്നു

പൗലൊസ്‌ വിശുദ്ധന്മാർക്കായി ദുരിതാശ്വാസ സംഭാവനകൾ സമാഹരിക്കുന്നു

സത്യ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ആത്മീയ താത്‌പര്യങ്ങളാണ്‌ പരമപ്രധാനം. എന്നിരുന്നാലും, മറ്റുള്ളവരുടെ ഭൗതിക ആവശ്യങ്ങളിലും അവർ തത്‌പരരാണ്‌. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സഹക്രിസ്‌ത്യാനികൾക്ക്‌ അവർ മിക്കപ്പോഴും സഹായം എത്തിച്ചിട്ടുണ്ട്‌. അതിന്‌ അവരെ പ്രേരിപ്പിക്കുന്നത്‌ സഹോദര സ്‌നേഹമാണ്‌.​—⁠യോഹന്നാൻ 13:34, 35.

അഖായ, ഗലാത്യ, മക്കദോന്യ, ആസ്യ എന്നിവിടങ്ങളിലെ സഭകളിൽനിന്ന്‌ സംഭാവന ശേഖരിക്കാനുള്ള ഒരു ക്രമീകരണം ചെയ്യാൻ അപ്പൊസ്‌തലനായ പൗലൊസിനെ പ്രേരിപ്പിച്ചത്‌ ആത്മീയ സഹോദരങ്ങളോടുള്ള അവന്റെ സ്‌നേഹമായിരുന്നു. അത്തരമൊരു ക്രമീകരണം അത്യാവശ്യമായിവന്നത്‌ എന്തുകൊണ്ടാണ്‌? ദുരിതാശ്വാസ പദ്ധതി സംഘടിപ്പിച്ചത്‌ എങ്ങനെയായിരുന്നു? അതിനോടുള്ള സഹോദരങ്ങളുടെ പ്രതികരണം എന്തായിരുന്നു? അന്നു സംഭവിച്ച കാര്യങ്ങളിൽ നാം തത്‌പരരായിരിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌?

യെരൂശലേം സഭയുടെ അവസ്ഥ

പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ശിഷ്യന്മാരായിത്തീർന്ന മറ്റു സ്ഥലങ്ങളിൽനിന്നുള്ള യഹൂദന്മാരും യഹൂദ മതപരിവർത്തിതരും സത്യവിശ്വാസത്തെ കുറിച്ച്‌ കൂടുതൽ പഠിക്കാൻ യെരൂശലേമിൽ കുറെനാൾകൂടി തങ്ങി. ആ സമയത്തെ അവരുടെ ഭൗതികാവശ്യങ്ങളിൽ സഹക്രിസ്‌ത്യാനികൾ അവരെ സന്തോഷപൂർവം സഹായിച്ചു. (പ്രവൃത്തികൾ 2:​7-11, 41-44; 4:​32-37) യഹൂദ ദേശീയവാദികൾ വിപ്ലവവും കൂട്ടമായ അക്രമവും ഇളക്കിവിട്ടതു നിമിത്തമുണ്ടായ ആഭ്യന്തര സംഘർഷാവസ്ഥ കൂടുതലായ സഹായം പ്രദാനം ചെയ്യേണ്ട ഒരു സാഹചര്യം സൃഷ്ടിച്ചിരിക്കാം. ക്രിസ്‌തുവിന്റെ അനുഗാമികൾ ആരും പട്ടിണി കിടക്കുന്നില്ല എന്ന്‌ ഉറപ്പു വരുത്താൻ ദരിദ്ര വിധവമാർക്ക്‌ ദിനംതോറും ഭക്ഷ്യവിഹിതം എത്തിച്ചുകൊടുത്തിരുന്നു. (പ്രവൃത്തികൾ 6:1-6) ഹെരോദാവ്‌ ക്രിസ്‌തീയ സഭയെ കഠിനമായി പീഡിപ്പിച്ചു. മാത്രമല്ല, പൊ.യു. 40-കളുടെ മധ്യേ യെഹൂദ്യ ക്ഷാമത്തിന്റെ പിടിയിൽ അമരുകയും ചെയ്‌തു. ക്രിസ്‌തുവിന്റെ അനുഗാമികളെ സംബന്ധിച്ചിടത്തോളം, ഇതെല്ലാമായിരിക്കാം പൗലൊസ്‌ ‘പീഡകൾ,’ ‘കഷ്ടങ്ങൾ,’ ‘സമ്പത്തുക്കളുടെ അപഹാരം’ എന്നൊക്കെ വിളിച്ച അവസ്ഥയിൽ കലാശിച്ചത്‌.​—⁠എബ്രായർ 10:32-34; പ്രവൃത്തികൾ 11:​27–12:⁠1.

പൊ.യു. 49-നോട്‌ അടുത്ത സമയം ആയപ്പോഴും പ്രസ്‌തുത സാഹചര്യത്തിന്‌ മാറ്റം വന്നിരുന്നില്ല. അതുകൊണ്ട്‌, വിജാതീയരോട്‌ പ്രസംഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പൗലൊസിനെ നിയമിച്ച ശേഷം, ‘ദരിദ്രരെ ഓർത്തുകൊള്ളാൻ’ പത്രൊസും യാക്കോബും യോഹന്നാനും അവനെ പ്രോത്സാഹിപ്പിച്ചു. പൗലൊസ്‌ ചെയ്യാൻ ശ്രമിച്ചതും അതുതന്നെ ആയിരുന്നു.​—⁠ഗലാത്യർ 2:7-10.

സംഭാവന ശേഖരിക്കാനുള്ള ക്രമീകരണം

യെഹൂദ്യയിലെ ദരിദ്ര ക്രിസ്‌ത്യാനികൾക്കായി പണം ശേഖരിക്കുന്നതിൽ പൗലൊസ്‌ നേതൃത്വം വഹിച്ചു. പൊ.യു. 55-നോടടുത്ത്‌ അവൻ കൊരിന്തിലെ ക്രിസ്‌ത്യാനികളോട്‌ പറഞ്ഞു: “വിശുദ്ധന്മാർക്കു വേണ്ടിയുള്ള ധർമ്മശേഖരത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. . . ആഴ്‌ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം. ഞാൻ എത്തിയശേഷം നിങ്ങളുടെ ധർമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും.” (1 കൊരിന്ത്യർ 16:1-3) മക്കദോന്യയിലെയും അഖായയിലെയും സഭകൾ സംഭാവന നൽകുന്നതിൽ പങ്കുചേർന്നെന്ന്‌ ഒരു വർഷത്തിനുശേഷം പൗലൊസ്‌ പറയുകയുണ്ടായി. ശേഖരിച്ച സംഭാവന യെരൂശലേമിലേക്ക്‌ അയച്ചപ്പോൾ, ആസ്യയിൽ നിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നു എന്നത്‌ ആ പ്രദേശത്തെ സഭകളും സംഭാവന ചെയ്‌തു എന്നു സൂചിപ്പിക്കുന്നു.​—⁠പ്രവൃത്തികൾ 20:4; 2 കൊരിന്ത്യർ 8:1-4; 9:​1, 2.

കഴിവിനപ്പുറം നൽകാൻ ആരെയും നിർബന്ധിച്ചില്ല. പകരം, ഒരു സമത്വീകരണമാണ്‌ അവിടെ നടന്നത്‌, അതായത്‌, സഹോദരങ്ങളുടെ പക്കൽ മിച്ചം വന്ന പണം യെരൂശലേമിലും യെഹൂദ്യയിലും ഉള്ള വിശുദ്ധന്മാരുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കപ്പെട്ടു. (2 കൊരിന്ത്യർ 8:13-15) പൗലൊസ്‌ പറഞ്ഞു: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.”​—⁠2 കൊരിന്ത്യർ 9:⁠7.

ഔദാര്യമുള്ളവർ ആയിരിക്കേണ്ടതിന്റെ നല്ല കാരണം അപ്പൊസ്‌തലൻ കൊരിന്ത്യർക്കു വ്യക്തമാക്കിക്കൊടുത്തു. ‘അവർ സമ്പന്നർ ആകേണ്ടതിന്‌ യേശു ദരിദ്രനായിത്തീർന്നിരുന്നു.’ (2 കൊരിന്ത്യർ 8:9) തീർച്ചയായും, അവർ യേശുവിന്റെ ആ കൊടുക്കൽ മനോഭാവത്തെ അനുകരിക്കാൻ ആഗ്രഹിക്കുമായിരുന്നു. കൂടാതെ, “ഔദാര്യം ഒക്കെയും” നിമിത്തം ദൈവം അവരെ സമ്പന്നരാക്കുകയായിരുന്നു. അതിനാൽ, വിശുദ്ധന്മാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവർ സഹായം നൽകുന്നത്‌ ഉചിതമായിരുന്നു.​—⁠2 കൊരിന്ത്യർ 9:10-12.

സംഭാവന ചെയ്‌തവരുടെ മനോഭാവം

വിശുദ്ധന്മാർക്കായി ഒന്നാം നൂറ്റാണ്ടിൽ നടത്തിയ ദുരിതാശ്വാസ പദ്ധതിയിൽ പങ്കെടുത്തവരുടെ മനോഭാവം പരിചിന്തിക്കുന്നതിലൂടെ സ്വമേധയായുള്ള സംഭാവനകളെ കുറിച്ച്‌ വളരെ കാര്യങ്ങൾ പഠിക്കാൻ കഴിയും. യഹോവയെ ആരാധിച്ചിരുന്ന ദരിദ്രരായ വ്യക്തികളോടുള്ള താത്‌പര്യം മാത്രമല്ല അതിലൂടെ പ്രകടമായത്‌. യഹൂദ ക്രിസ്‌ത്യാനികൾക്കും വിജാതീയ ക്രിസ്‌ത്യാനികൾക്കും ഇടയിൽ സഹോദരബന്ധം ഉണ്ടായിരുന്നുവെന്ന്‌ അതു സൂചിപ്പിക്കുന്നു. സംഭാവന നൽകി എന്നതും അതു സ്വീകരിച്ചു എന്നതും യഹൂദന്മാർക്കും വിജാതീയർക്കും ഇടയിലുള്ള സൗഹൃദത്തെയും ഐക്യത്തെയും അർഥമാക്കി. ആത്മീയവും ഭൗതികവുമായി പങ്കുവെക്കുന്നതിൽ അവർ ഉൾപ്പെട്ടു.​—⁠റോമർ 15:26, 27.

സംഭാവന നൽകാൻ മക്കദോന്യയിലെ ക്രിസ്‌ത്യാനികളോട്‌ പൗലൊസ്‌ ആദ്യം ആവശ്യപ്പെട്ടില്ലായിരിക്കാം. കാരണം, അവരും കടുത്ത ദാരിദ്ര്യത്തിൽ ആയിരുന്നു. എന്നിരുന്നാലും, ‘വിശുദ്ധന്മാർക്കു സഹായം നൽകാനുള്ള’ പദവിക്കായി ‘അവർ അപേക്ഷിച്ചു.’ ‘കഷ്ടത എന്ന കഠിന ശോധനയിൽ’ ആയിരുന്നിട്ടും അവർ സന്തോഷത്തോടെ തങ്ങളുടെ ‘പ്രാപ്‌തിക്കു മീതെ കൊടുത്തു.’ (2 കൊരിന്ത്യർ 8:1-4) അവരുടെ കഠിന ശോധനയിൽ, വ്യക്തമായും റോമൻ നിയമത്തിനു വിരുദ്ധമായ ഒരു മതം ആചരിക്കുന്നതായുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട്‌ സമാനമായ കഷ്ടപ്പാട്‌ അനുഭവിക്കുകയായിരുന്ന യെഹൂദ്യയിലെ തങ്ങളുടെ സഹോദരങ്ങളോട്‌ അവർക്കു സഹാനുഭൂതി തോന്നി എന്നത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ.​—⁠പ്രവൃത്തികൾ 16:20, 21; 17:​5-9; 1 തെസ്സലൊനീക്യർ 2:14.

സംഭാവന ചെയ്യുന്ന കാര്യത്തിൽ മക്കദോന്യക്കാരെ പ്രോത്സാഹിപ്പിക്കാൻ പൗലൊസ്‌, കൊരിന്ത്യർ ഇക്കാര്യത്തിൽ ആദ്യം കാട്ടിയ തീക്ഷ്‌ണതയെ ഉപയോഗിച്ചെങ്കിലും കൊരിന്ത്യരുടെ ആ ഉത്സാഹം പിന്നീട്‌ തണുത്തുപോയി. ആയതിനാൽ, അപ്പൊസ്‌തലൻ കൊരിന്ത്യരെ പ്രോത്സാഹിപ്പിക്കാനായി മക്കദോന്യക്കാരുടെ ഔദാര്യത്തെ പരാമർശിച്ചു. അവർ ഒരു വർഷം മുമ്പു തുടങ്ങിവെച്ചത്‌ പൂർത്തിയാക്കാറായെന്ന്‌ അവരെ ഓർമിപ്പിക്കേണ്ടത്‌ അത്യാവശ്യമാണെന്നും അവൻ കണ്ടെത്തി. എന്തു സംഭവിച്ചിരുന്നു?​—⁠2 കൊരിന്ത്യർ 8:​10, 11, NW; 9:​1-5.

കൊരിന്തിൽ തീത്തൊസ്‌ സംഭാവന ശേഖരിക്കാൻ തുടങ്ങിയെങ്കിലും, ഒരുപക്ഷേ അവന്റെ ശ്രമങ്ങൾക്ക്‌ തടസ്സമായിത്തീർന്ന പ്രശ്‌നങ്ങൾ തലപൊക്കി. മക്കദോന്യയിൽ ആയിരുന്ന പൗലൊസുമായി ആലോചിച്ചശേഷം, കൊരിന്തിലെ സഭയെ ശക്തിപ്പെടുത്താനും സംഭാവനാ ശേഖരണം പൂർത്തിയാക്കാനുമായി മറ്റ്‌ രണ്ടു പേരുടെകൂടെ തീത്തൊസ്‌ അങ്ങോട്ട്‌ മടങ്ങി. പൗലൊസ്‌ കൊരിന്ത്യരെ ചൂഷണം ചെയ്യാൻ ശ്രമിച്ചെന്ന്‌ ചിലർ പരോക്ഷമായി ആരോപിച്ചിരിക്കാം. അതുകൊണ്ടായിരിക്കണം സംഭാവനാ ശേഖരണം പൂർത്തിയാക്കാൻ അവൻ മൂന്നു പുരുഷന്മാരെ അയയ്‌ക്കുകയും അവർ ഓരോരുത്തരെയും സംബന്ധിച്ച്‌ നല്ല റിപ്പോർട്ടു നൽകുകയും ചെയ്‌തത്‌. ‘ഞങ്ങൾ നടത്തിവരുന്ന ഈ ധർമ്മശേഖരകാര്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുന്നു’ എന്ന്‌ പൗലൊസ്‌ പറഞ്ഞു. കാരണം, “ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുൻകരുതുന്നു.”​—⁠2 കൊരിന്ത്യർ 8:6, 18-23; 12:⁠18.

സംഭാവന എത്തിച്ചുകൊടുക്കൽ

പൊ.യു. 56-ലെ വസന്തകാലം ആയപ്പോഴേക്കും സംഭാവനയായി ലഭിച്ച പണം യെരൂശലേമിലേക്കു കൊണ്ടുപോകാൻ തയ്യാറായിരുന്നു. സംഭാവന ചെയ്‌തവർ തിരഞ്ഞെടുത്തവരോടൊപ്പം പൗലൊസ്‌ പോകുമായിരുന്നു. പ്രവൃത്തികൾ 20:4 പറയുന്നു: “ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്‌തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.” അക്കൂട്ടത്തിൽ ഫിലിപ്പിയിലെ ക്രിസ്‌ത്യാനികളുടെ പ്രതിനിധി എന്ന നിലയിൽ ലൂക്കൊസും ഉണ്ടായിരുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നു. അങ്ങനെ, കുറഞ്ഞപക്ഷം ഒമ്പത്‌ പുരുഷന്മാർ ഈ ദൗത്യത്തിൽ ഉണ്ടായിരുന്നു.

പണ്ഡിതനായ ഡീറ്റർ ഗേയോർഗി പറയുന്നു: “സംഭാവനയായി ശേഖരിച്ച പണം നല്ലൊരു തുക ഉണ്ടായിരുന്നിരിക്കാം. അല്ലായിരുന്നെങ്കിൽ, പൗലൊസും മറ്റനേകം പ്രതിനിധികളും ഉൾപ്പെട്ട അന്തിമ ശ്രമങ്ങൾ അവർക്കുണ്ടായ ബുദ്ധിമുട്ടുകൾക്കും ചെലവുകൾക്കും തക്ക പ്രയോജനമുള്ളത്‌ ആകുമായിരുന്നില്ല.” പൗലൊസിനോടൊപ്പം ഉണ്ടായിരുന്ന ഇവർ സുരക്ഷ ഉറപ്പാക്കാൻ മാത്രമല്ല, പൗലൊസ്‌ തട്ടിപ്പു നടത്തിയെന്ന ആരോപണമൊന്നും ഉണ്ടാകാതിരിക്കാനും സഹായിച്ചു. അയയ്‌ക്കപ്പെട്ടവർ യെരൂശലേമിലെ വിശുദ്ധന്മാരുടെ മുമ്പാകെ വിജാതീയ സഭകളെ പ്രതിനിധാനം ചെയ്‌തു.

കൊരിന്തിൽനിന്ന്‌ സിറിയയിലേക്ക്‌ കടൽമാർഗം യാത്ര ചെയ്‌താൽ, പെസഹായുടെ സമയമാകുമ്പോഴേക്കും അവർ അവിടെ എത്തുമായിരുന്നു. എന്നാൽ, പൗലൊസിനെ കൊല്ലാനുള്ള ഒരു ഗൂഢാലോചനയെ കുറിച്ച്‌ അറിഞ്ഞ അവർ പദ്ധതിക്കു മാറ്റം വരുത്തി. (പ്രവൃത്തികൾ 20:3) സാധ്യതയനുസരിച്ച്‌, കടലിൽവെച്ച്‌ പൗലൊസിനെ കൊന്നുകളയാനായിരിക്കാം അവന്റെ ശത്രുക്കൾ ഉദ്ദേശിച്ചത്‌.

പൗലൊസിനെ ആകുലപ്പെടുത്തിയ മറ്റു കാര്യങ്ങളും ഉണ്ടായിരുന്നു. അവിടെനിന്ന്‌ പോകുന്നതിന്‌ മുമ്പായി, ‘യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യിൽനിന്നു തന്നെ രക്ഷിക്കേണ്ടതിന്നും യെരൂശലേമിലേക്കു ഞാൻ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാർക്കു പ്രസാദമായിത്തീരേണ്ടതിനുമായി’ പ്രാർഥിക്കാൻ അവൻ റോമിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതി. (റോമർ 15:30, 31) വിശുദ്ധന്മാർ ആഴമായ വിലമതിപ്പോടെ സംഭാവന സ്വീകരിക്കുമായിരുന്നെങ്കിലും, തന്റെ വരവ്‌ പൊതുവിൽ യഹൂദന്മാരുടെ ഇടയിൽ ഉണ്ടാക്കാൻ ഇടയുള്ള പ്രശ്‌നത്തെ കുറിച്ച്‌ അവൻ ഉത്‌കണ്‌ഠാകുലനായിരുന്നിരിക്കാം.

അപ്പൊസ്‌തലൻ വ്യക്തമായും ദരിദ്രരെ ഓർക്കുകയുണ്ടായി. സംഭാവന എപ്പോഴാണ്‌ കൈമാറിയതെന്ന്‌ ബൈബിൾ പറയുന്നില്ലെങ്കിലും, അത്‌ ഐക്യത്തെ ഊട്ടിയുറപ്പിക്കുകയും യെഹൂദ്യയിലെ സഹവിശ്വാസികളിൽനിന്ന്‌ തങ്ങൾക്കു ലഭിച്ച ആത്മീയ ധനത്തിനു നന്ദി പ്രകടിപ്പിക്കാൻ വിജാതീയ ക്രിസ്‌ത്യാനികൾക്ക്‌ അവസരമേകുകയും ചെയ്‌തു. യെരൂശലേമിലെത്തി അധികം താമസിയാതെ ആലയത്തിലേക്കുള്ള അവന്റെ വരവ്‌ ഒരു ലഹളയ്‌ക്ക്‌ വഴിമരുന്നിടുകയും അത്‌ അവന്റെ അറസ്റ്റിലേക്കു നയിക്കുകയും ചെയ്‌തു. എന്നാൽ അന്തിമമായി അത്‌, ദേശാധിപതിമാരോടും രാജാക്കന്മാരോടും സാക്ഷീകരിക്കാനുള്ള അവസരം അവനു നൽകി.​—⁠പ്രവൃത്തികൾ 9:15; 21:​17-36; 23:11; 24:​1–26:⁠32.

സംഭാവനകൾ ഇന്ന്‌

ഒന്നാം നൂറ്റാണ്ടിലേതിൽനിന്ന്‌ വളരെ വ്യത്യസ്‌തമാണ്‌ ഇന്നത്തെ സാഹചര്യമെങ്കിലും, അടിസ്ഥാന തത്ത്വങ്ങൾക്കു മാറ്റം വന്നിട്ടില്ല. പണപരമായ ആവശ്യങ്ങളെ കുറിച്ച്‌ ക്രിസ്‌ത്യാനികൾക്ക്‌ യഥാസമയം അറിവ്‌ ലഭിക്കുന്നുണ്ട്‌. സഹായം ആവശ്യമുള്ളവർക്കായി ചെയ്യുന്ന ഏതൊരു സംഭാവനയും സ്വമേധയാ ഉള്ളതും ദൈവത്തോടും സഹമനുഷ്യനോടും ഉള്ള സ്‌നേഹത്താൽ പ്രേരിതവും ആയിരിക്കണം.​—⁠മർക്കൊസ്‌ 12:28-31.

ഒന്നാം നൂറ്റാണ്ടിൽ വിശുദ്ധന്മാർക്കു വേണ്ടി നടത്തിയ ദുരിതാശ്വാസ നടപടികൾ, അത്തരം സംഭാവനകൾ കൈകാര്യം ചെയ്യുന്നത്‌ സുസംഘടിതവും തീർത്തും സത്യസന്ധവുമായ രീതിയിലായിരിക്കണമെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. തീർച്ചയായും യഹോവയാം ദൈവം തന്റെ ദാസന്മാരുടെ ആവശ്യങ്ങൾ സംബന്ധിച്ച്‌ ബോധവാനാണ്‌, ബുദ്ധിമുട്ടുകളിന്മധ്യേയും അവർക്ക്‌ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരുന്നതിന്‌ ആവശ്യമായ കരുതലുകൾ അവൻ ചെയ്യുന്നു. (മത്തായി 6:25-34) സാമ്പത്തിക നില എന്തായിരുന്നാലും, നമുക്കേവർക്കും ഇതിൽ ഒരു പങ്ക്‌ വഹിക്കാൻ കഴിയും. അങ്ങനെ ചെയ്യുന്നെങ്കിൽ, ‘ഏറെ ഉള്ളവന്‌ ഏറെയും കുറച്ച്‌ ഉള്ളവന്‌ കുറവും ഉണ്ടായിരിക്കില്ല.’​—⁠2 കൊരിന്ത്യർ 8:⁠15, NW.