മതങ്ങൾ—ലോകസമാധാനം—കൈവരുത്തുമോ?
മതങ്ങൾ—ലോകസമാധാനം—കൈവരുത്തുമോ?
എഴുപത്തിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം പ്രതിനിധികൾ 2000 ആഗസ്റ്റ് 28-31 തീയതികളിൽ ന്യൂയോർക്ക് നഗരത്തിൽ സമ്മേളിക്കുകയുണ്ടായി. “മത-ആധ്യാത്മിക നേതാക്കന്മാരുടെ ലോകസമാധാന സഹസ്രാബ്ദ ഉച്ചകോടി” നടത്താനാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ ആസ്ഥാനത്ത് അവർ കൂടിവന്നത്. തലപ്പാവ് അണിഞ്ഞവരും കാവിവസ്‌ത്രധാരികളും തൂവൽകൊണ്ട് ശിരസ്സ് അലങ്കരിച്ചവരും കറുത്ത നീളൻ കുപ്പായം ധരിച്ചവരുമായ നേതാക്കന്മാർ നാനാ മതങ്ങളെ പ്രതിനിധീകരിച്ച് അവിടെ എത്തിയിരുന്നു. ഇവയിൽ ഇസ്ലാംമതം, ക്രൈസ്‌തവമതങ്ങൾ, ബഹായ് മതം, ബുദ്ധമതം, താവോമതം, പാഴ്‌സിമതം, ജൈനമതം, യഹൂദമതം, ഷിന്റോമതം, സിക്കുമതം, ഹിന്ദുമതം എന്നിവയൊക്കെ പെടും.
നാലു ദിവസത്തെ സമ്മേളനത്തിന്റെ ആദ്യത്തെ രണ്ടു ദിവസം പ്രതിനിധികൾ ഐക്യരാഷ്‌ട്ര സംഘടനയുടെ ആസ്ഥാനത്ത് ഒന്നിച്ചുകൂടി. എന്നാൽ, ഈ സമ്മേളനം സംഘടിപ്പിച്ചതും അതിന്റെ ചെലവ് വഹിച്ചതും ഐക്യരാഷ്‌ട്രങ്ങൾ അല്ല, വിവിധ ധർമസ്ഥാപനങ്ങൾ ആയിരുന്നു. ദാരിദ്ര്യം, വർഗീയത, പരിസ്ഥിതി പ്രശ്‌നങ്ങൾ, യുദ്ധം, കൂട്ടസംഹാരത്തിനുള്ള ആയുധങ്ങൾ എന്നിവ നിർമാർജനം ചെയ്യാൻ കൂട്ടായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് യുഎൻ നേതാക്കളും മതനേതാക്കളും സംസാരിച്ചു.
കൂടിവന്ന പ്രതിനിധികൾ, “ആഗോള സമാധാനത്തിനുള്ള പ്രതിബദ്ധത” എന്ന ഒരു രേഖയിൽ ഒപ്പിട്ടു. അക്രമവും യുദ്ധവും “ചിലപ്പോഴൊക്കെ മതത്തിന്റെ പേരിൽ നടക്കുന്നു”ണ്ടെങ്കിലും, ഒപ്പിട്ടവർ “ആഗോള സമാധാനത്തിന് . . . ഐക്യരാഷ്‌ട്രങ്ങളുമായി ചേർന്നു പ്രവർത്തിക്കും” എന്ന് ആ രേഖ പ്രഖ്യാപിച്ചു. എന്നിരുന്നാലും, അത് എങ്ങനെ ചെയ്യാം എന്നതു സംബന്ധിച്ച് പ്രത്യേക പ്രമേയങ്ങളൊന്നും അവതരിപ്പിച്ചില്ല.
രണ്ടാം ദിവസം, ഈ ഉച്ചകോടിയുടെ സെക്രട്ടറി ജനറൽ ആയിരുന്ന ബാവ ജെയ്‌ൻ തന്റെ പ്രാരംഭ പ്രസ്‌താവനകൾ ഉപസംഹരിച്ചത്, ഏതാനും വർഷം മുമ്പ് അദ്ദേഹം ഐക്യരാഷ്‌ട്ര സഭയിൽ കണ്ട ഒരു ചിത്രത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ്. ഐക്യരാഷ്‌ട്ര സഭയുടെ സെക്രട്ടറിയേറ്റ് കെട്ടിടത്തെക്കാൾ പൊക്കമുള്ള ഒരു മനുഷ്യനെ അതിൽ കാണിച്ചിരുന്നു. ഒരു കതകിൽ എന്നതുപോലെ അയാൾ ആ കെട്ടിടത്തിൽ മുട്ടുകയായിരുന്നു. അതിന്റെ അടിയിലെ ചിത്രക്കുറിപ്പ് ഇങ്ങനെയായിരുന്നു: “സമാധാനപ്രഭു.” മിസ്റ്റർ ജെയ്‌ൻ ഇങ്ങനെ പറഞ്ഞു: “ആ ചിത്രം കണ്ട മാത്രയിൽ അത് എന്റെ ഉള്ളിൽ തട്ടി. അതിന്റെ അർഥം എന്താണെന്ന് ഞാൻ പലരോടും ചോദിച്ചു. എന്നാൽ ഇന്ന് എനിക്ക് അതിന്റെ ഉത്തരം കിട്ടിയെന്നു കരുതുന്നു. ലോകത്തിലെ ആത്മീയ-മത നേതാക്കളായ നിങ്ങളേവരുടെയും ഈ കൂടിവരവിലൂടെ ആ സമാധാനപ്രഭു ഐക്യരാഷ്‌ട്രങ്ങളുടെ വാതിലിൽ മുട്ടിവിളിക്കുകയാണ് എന്ന് എനിക്കു തോന്നുന്നു.”
എന്നാൽ ഇതിൽനിന്ന് വ്യത്യസ്‌തമായ ഒരു വീക്ഷണമാണ് ബൈബിളിനുള്ളത്. സമാധാന പ്രഭു യേശുക്രിസ്‌തുവാണെന്ന് അത് പറയുന്നു. അവൻ ആഗോള സമാധാനം കൈവരുത്തും. ലോകത്തിലെ മത-രാഷ്‌ട്രീയ നേതാക്കളുടെ ശ്രമങ്ങളിലൂടെ ആയിരിക്കില്ല, മറിച്ച് ദൈവരാജ്യത്തിലൂടെ ആയിരിക്കും. ഈ രാജ്യം—ദൈവത്തിന്റെ സ്വർഗീയ ഗവൺമെന്റ്—ആയിരിക്കും അനുസരണമുള്ള മനുഷ്യവർഗത്തെ വിജയകരമായി ഏകീകരിക്കുകയും ദൈവേഷ്ടം ഭൂമിയിൽ നടപ്പാക്കുകയും ചെയ്യുന്നത്.—യെശയ്യാവു 9:6; മത്തായി 6:9, 10.