വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ പുനരുത്ഥാനം—ചോദ്യം ചെയ്യപ്പെടുന്നു

യേശുവിന്റെ പുനരുത്ഥാനം—ചോദ്യം ചെയ്യപ്പെടുന്നു

യേശുവിന്റെ പുനരുത്ഥാനം—ചോദ്യം ചെയ്യപ്പെടുന്നു

“യേശു ജീവിച്ചിരുന്നു എന്ന്‌ ഉറപ്പാണെങ്കിലും, . . . അവനെ ദൈവം മരിച്ചവരിൽനിന്ന്‌ ഉയിർപ്പിച്ചുവെന്ന്‌ നമുക്കു തീർത്തു പറയാനാവില്ല.” ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിന്റെ മുഖ്യ വൈദികരിൽ ഒരാളായ കാന്റർബറി ആർച്ചുബിഷപ്പിന്റെ പ്രസ്‌താവനയാണ്‌ ഇത്‌.

യേശുവിന്റെ പുനരുത്ഥാനം സംബന്ധിച്ച്‌ അപ്പൊസ്‌തലനായ പൗലൊസിന്‌ അത്തരം സംശയങ്ങളൊന്നും ഇല്ലായിരുന്നു. പുരാതന കൊരിന്തിലെ സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതിയ ഒന്നാമത്തെ നിശ്വസ്‌ത ലേഖനത്തിന്റെ 15-ാം അധ്യായത്തിൽ അവൻ ഇങ്ങനെ പറഞ്ഞു: “ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു . . . എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്‌പിച്ചുതന്നുവല്ലോ.”​—⁠1 കൊരിന്ത്യർ 15:​3-5.

ഗ്രീക്ക്‌-റോമൻ ലോകത്തിലുടനീളം​—⁠“ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ”​—⁠സുവിശേഷം പ്രസംഗിക്കാൻ യേശുവിന്റെ ശിഷ്യന്മാരെ പ്രേരിപ്പിച്ചത്‌ അവന്റെ പുനരുത്ഥാനത്തിലുള്ള വിശ്വാസമായിരുന്നു. (കൊലൊസ്സ്യർ 1:23) വാസ്‌തവത്തിൽ, ക്രിസ്‌തീയ വിശ്വാസത്തിന്റെ അടിത്തറതന്നെ യേശുവിന്റെ പുനരുത്ഥാനമാണ്‌.

എന്നാൽ, തുടക്കം മുതലേ യേശുവിന്റെ പുനരുത്ഥാനത്തിൽ പലർക്കും സംശയവും വിശ്വാസക്കുറവും ഉണ്ടായിരുന്നു. ക്രൂശിക്കപ്പെട്ട ആ മനുഷ്യൻ മിശിഹാ ആണെന്നുള്ള യേശുവിന്റെ അനുഗാമികളുടെ അവകാശവാദം യഹൂദന്മാരെ സംബന്ധിച്ചിടത്തോളം ദൈവദൂഷണപരമായിരുന്നു. ആത്മാവിന്റെ അമർത്ത്യതയിൽ വിശ്വസിച്ചിരുന്ന അഭ്യസ്‌തവിദ്യരായ മിക്ക ഗ്രീക്കുകാർക്കും പുനരുത്ഥാനം എന്ന ആശയം പോലും അറപ്പുളവാക്കുന്നതായിരുന്നു.​—⁠പ്രവൃത്തികൾ 17:32-34.

ആധുനികകാല സംശയാലുക്കൾ

സമീപ കാലത്ത്‌, ക്രിസ്‌ത്യാനികൾ ആണെന്ന്‌ അവകാശപ്പെടുന്ന ചില പണ്ഡിതന്മാർ യേശുവിന്റെ പുനരുത്ഥാനത്തെ ഒരു കെട്ടുകഥയായി ചിത്രീകരിക്കുന്ന പുസ്‌തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ആ വിഷയത്തെ കുറിച്ചുള്ള ചൂടുപിടിച്ച ഒരു സംവാദത്തിനു വഴിമരുന്ന്‌ ഇടുകയും ചെയ്‌തിരിക്കുന്നു. ഒഴിഞ്ഞ ശവക്കല്ലറയെയും പുനരുത്ഥാന ശേഷം യേശു മറ്റുള്ളവർക്കു പ്രത്യക്ഷപ്പെട്ടതിനെയും സംബന്ധിച്ചുള്ള സുവിശേഷ വിവരണങ്ങൾ അവന്റെ സ്വർഗീയ ശക്തിയെ പറ്റിയുള്ള അവകാശവാദങ്ങളെ പിന്താങ്ങാൻ അവന്റെ മരണത്തിനും ദീർഘകാലം കഴിഞ്ഞു മെനഞ്ഞെടുത്ത വെറും കെട്ടുകഥകൾ ആണെന്നാണ്‌ “ചരിത്രത്തിലെ യേശു”വിനെ കുറിച്ച്‌ പഠനം നടത്തുന്ന പല പണ്ഡിതന്മാരുടെയും അഭിമതം.

ഉദാഹരണത്തിന്‌, പുതിയനിയമ പ്രൊഫസറും യേശുവിന്‌ യഥാർഥത്തിൽ സംഭവിച്ചത്‌​—⁠പുനരുത്ഥാനം സംബന്ധിച്ച ചരിത്രപരമായ ഒരു സമീപനം (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിന്റെ എഴുത്തുകാരനുമായ ജർമൻ പണ്ഡിതൻ ഗെർട്ട്‌ ലൂഡമാന്റെ വീക്ഷണം പരിശോധിക്കുക. യേശു പുനരുത്ഥാനം ചെയ്‌തു എന്നത്‌ “അടിസ്ഥാനരഹിതം” ആണെന്നും “ലോകത്തെ കുറിച്ച്‌ ശാസ്‌ത്രീയ വീക്ഷണം” പുലർത്തുന്ന ഏതൊരാളും അതു തള്ളിക്കളയണമെന്നും അദ്ദേഹം വാദിക്കുന്നു.

പുനരുത്ഥാനം ചെയ്‌ത ക്രിസ്‌തു പത്രൊസ്‌ അപ്പൊസ്‌തലന്‌ പ്രത്യക്ഷപ്പെട്ടത്‌, പത്രൊസിന്റെ കഠിന ദുഃഖത്താലും യേശുവിനെ തള്ളിപ്പറഞ്ഞതിന്റെ കുറ്റബോധത്താലും അവന്‌ ഉണ്ടായ ഒരു തോന്നൽ ആണെന്ന്‌ പ്രൊഫസർ ലൂഡമാൻ തറപ്പിച്ചു പറയുന്നു. യേശു ഒരിക്കൽ 500-ലധികം വിശ്വാസികൾക്കു പ്രത്യക്ഷപ്പെട്ടതായി ബൈബിൾ പ്രസ്‌താവിക്കുന്നു. എന്നാൽ ലൂഡമാന്റെ അഭിപ്രായത്തിൽ, അത്‌ കേവലം അവർക്കുണ്ടായ ഒരു “കൂട്ട ഉന്മാദ”ത്തിന്റെ ഫലമായിരുന്നു. (1 കൊരിന്ത്യർ 15:5, 6) ചുരുക്കത്തിൽ, ശിഷ്യന്മാരിൽ ആത്മവിശ്വാസവും മിഷനറി തീക്ഷ്‌ണതയും ഉളവാക്കിയ വസ്‌തുനിഷ്‌ഠമല്ലാത്ത വ്യക്തിഗത അനുഭവങ്ങളുടെ ഒരു പരമ്പര ആയാണ്‌ പുനരുത്ഥാനം പ്രാപിച്ച യേശുവിനെ കുറിച്ചുള്ള ബൈബിൾ വിവരണങ്ങളെ പല പണ്ഡിതരും കാണുന്നത്‌.

ഗഹനമായ സംവാദങ്ങളിൽ പലർക്കും തെല്ലും താത്‌പര്യമില്ലെന്നുള്ളതു ശരിതന്നെ. എന്നിരുന്നാലും, യേശുവിന്റെ പുനരുത്ഥാനം സംബന്ധിച്ച ഒരു ചർച്ചയിൽ നാം എല്ലാവരും താത്‌പര്യമെടുക്കേണ്ടതാണ്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, അവൻ പുനരുത്ഥാനം പ്രാപിച്ചിട്ടില്ലെങ്കിൽ ക്രിസ്‌ത്യാനിത്വത്തിന്റെ അടിസ്ഥാനംതന്നെ വ്യാജമായിരിക്കും. നേരെമറിച്ച്‌, യേശുവിന്റെ പുനരുത്ഥാനം ഒരു ചരിത്രവസ്‌തുത ആണെങ്കിൽ ക്രിസ്‌ത്യാനിത്വം സത്യത്തിൽ വേരൂന്നിയതാണ്‌. സംഗതി അതാണെങ്കിൽ, ക്രിസ്‌തു തന്നെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ മാത്രമല്ല അവൻ നൽകിയ വാഗ്‌ദാനങ്ങളും സാധുതയുള്ളതായിരിക്കും. തന്നെയുമല്ല, പുനരുത്ഥാനം യാഥാർഥ്യമാണെങ്കിൽ മരണം ഒരു ജേതാവല്ല, മറിച്ച്‌ ജയിച്ചടക്കാവുന്ന ഒരു ശത്രുവാണ്‌.​—⁠1 കൊരിന്ത്യർ 15:⁠55.

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

From the Self-Pronouncing Edition of the Holy Bible, containing the King James and the Revised version