വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുസരണം—പ്രധാനപ്പെട്ട ഒരു ബാല്യകാല പാഠമോ?

അനുസരണം—പ്രധാനപ്പെട്ട ഒരു ബാല്യകാല പാഠമോ?

അനുസരണം—പ്രധാനപ്പെട്ട ഒരു ബാല്യകാല പാഠമോ?

“മാതാപിതാക്കൾക്കു വേണ്ടത്‌ തനതായ വ്യക്തിത്വമുള്ള കുട്ടികളെയാണ്‌, വെറുതെ അനുസരിക്കുക മാത്രം ചെയ്യുന്നവരെയല്ല.” ഒരു പത്രത്തിൽ വന്ന തലക്കെട്ട്‌ ആയിരുന്നു അത്‌. ന്യൂസിലൻഡിൽ നടത്തിയ ഒരു സർവേയുടെ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളത്‌ ആയിരുന്നു ഈ വാർത്താശകലം. ആ സർവേയിൽ പങ്കെടുത്തവരിൽ “22 ശതമാനം മാത്രമാണ്‌ കുട്ടികളെ വീട്ടിൽവെച്ച്‌ അനുസരണം പഠിപ്പിക്കേണ്ടതാണെന്നു കരുതിയത്‌.” നല്ല പെരുമാറ്റരീതികൾ, സ്വാതന്ത്ര്യം, ചുമതലാബോധം എന്നിവ പോലുള്ള കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതാണ്‌ ഏറെ പ്രധാനം എന്ന്‌ ഇന്നത്തെ മാതാപിതാക്കൾ കരുതുന്നതായി ആ സർവേ കണ്ടെത്തി.

വ്യക്തിത്വമാഹാത്മ്യവാദത്തിനും സ്വന്തതാത്‌പര്യങ്ങൾക്കും ഊന്നൽ നൽകുന്ന ഇക്കാലത്ത്‌ അനുസരണത്തെയും കുട്ടികളെ അതു പഠിപ്പിക്കുന്നതിനെയും സംബന്ധിച്ച്‌ മിക്കവരും സംശയാസ്‌പദമായ ഒരു വീക്ഷണം പുലർത്തുന്നതിൽ തെല്ലും അതിശയിക്കാനില്ല. എന്നാൽ കുട്ടികളുടെ അനുസരണത്തെ പഴഞ്ചനോ കാലഹരണപ്പെട്ടതോ ആയി തള്ളിക്കളയേണ്ടതുണ്ടോ? അതോ കുട്ടികൾക്കു പഠിക്കാനും പ്രയോജനം നേടാനും കഴിയുന്ന സുപ്രധാന കാര്യങ്ങളിൽ പെടുന്നതാണോ അത്‌? സർവോപരി, കുടുംബ ക്രമീകരണത്തിന്റെ ഉപജ്ഞാതാവായ യഹോവയാം ദൈവം മാതാപിതാക്കളോടുള്ള അനുസരണത്തെ എങ്ങനെയാണു വീക്ഷിക്കുന്നത്‌? അത്തരം അനുസരണത്തിൽനിന്നു ലഭിക്കുന്ന ചില പ്രയോജനങ്ങൾ ഏവയാണ്‌?​—⁠പ്രവൃത്തികൾ 17:28; എഫെസ്യർ 3:14, 15.

“അതു ന്യായമല്ലോ”

ഒന്നാം നൂറ്റാണ്ടിൽ എഫെസൊസിൽ ഉണ്ടായിരുന്ന ക്രിസ്‌തീയ സഭയ്‌ക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.” (എഫെസ്യർ 6:1) അതുകൊണ്ട്‌ അനുസരണം, ശരിയായതു സംബന്ധിച്ച ദൈവിക നിലവാരത്തിനു ചേർച്ചയിൽ ഉള്ളതാണ്‌. അനുസരണം പ്രകടമാക്കേണ്ടതിന്റെ മുഖ്യ കാരണവും അതുതന്നെയാണ്‌. പൗലൊസ്‌ പറഞ്ഞതുപോലെ, “അതു ന്യായമല്ലോ.”

ഇതിനോടുള്ള ചേർച്ചയിൽ, മാതാപിതാക്കൾ സ്‌നേഹപൂർവം നൽകുന്ന ശിക്ഷണത്തെ മനോഹരമായ, “നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയു”മായ, ‘കർത്താവിൽ പ്രസാദകരമായ’ ഒന്നായി ദൈവവചനം വർണിക്കുന്നു. (സദൃശവാക്യങ്ങൾ 1:8, 9; കൊലൊസ്സ്യർ 3:20) അതിനു കടകവിരുദ്ധമായി, മാതാപിതാക്കളോടുള്ള അനുസരണക്കേട്‌ ദൈവത്തിന്റെ അംഗീകാരമില്ലായ്‌മയിലേക്കു നയിക്കുന്നു.​—⁠റോമർ 1:30, 32.

‘നിനക്കു നന്മ ഉണ്ടാകുവാൻ’

‘“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്‌ദത്തത്തോടുകൂടിയ ആദ്യകല്‌പന ആകുന്നു’ എന്ന്‌ എഴുതിയപ്പോൾ അനുസരണത്തിന്റെ മറ്റൊരു നേട്ടത്തിലേക്ക്‌ പൗലൊസ്‌ വിരൽ ചൂണ്ടുകയായിരുന്നു. (എഫെസ്യർ 6:2, 3; പുറപ്പാടു 20:12) മാതാപിതാക്കളോടുള്ള അനുസരണം നന്മയിൽ കലാശിക്കുന്നത്‌ ഏതെല്ലാം വിധങ്ങളിലാണ്‌?

പ്രായവും അനുഭവജ്ഞാനവും കൂടുതലുള്ളത്‌ മാതാപിതാക്കൾക്കാണ്‌ എന്നതു സത്യമല്ലേ? കമ്പ്യൂട്ടറുകളെയും സ്‌കൂളിൽ പഠിപ്പിക്കുന്ന ചില വിഷയങ്ങളെയും കുറിച്ച്‌ അവർക്കു കാര്യമായ അറിവ്‌ ഇല്ലായിരിക്കാമെങ്കിലും, ജീവിതത്തെയും ജീവിത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനെയും കുറിച്ച്‌ അവർക്കു വളരെ കാര്യങ്ങൾ അറിയാം. അതേസമയം, പക്വതകൊണ്ട്‌ ഉണ്ടാകുന്ന സമനിലയുള്ള ചിന്ത യുവാക്കൾക്ക്‌ ഇല്ല. അതിന്റെ ഫലമായി, അവർ മിക്കപ്പോഴും സമപ്രായക്കാരുടെ മോശമായ സ്വാധീനങ്ങൾക്കു വശംവദരായി തിടുക്കത്തിൽ തീരുമാനങ്ങൾ ചെയ്യുകയും അങ്ങനെ തങ്ങൾക്കുതന്നെ ദ്രോഹം വരുത്തിവെക്കുകയും ചെയ്യുന്നു. വാസ്‌തവിക ബോധത്തോടെ ബൈബിൾ ഇങ്ങനെ പറയുന്നു: “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു.” എന്താണ്‌ അപ്പോൾ പരിഹാരമാർഗം? “ശിക്ഷെക്കുള്ള വടി അതിനെ അവനിൽനിന്നു അകററിക്കളയും.”​—⁠സദൃശവാക്യങ്ങൾ 22:⁠15.

അനുസരണത്തിന്റെ പ്രയോജനങ്ങൾ മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധത്തെയും കവിഞ്ഞുപോകുന്നു. മനുഷ്യസമൂഹം നന്നായും ഫലകരമായും പ്രവർത്തിക്കുന്നതിനു സഹകരണം ആവശ്യമാണ്‌. സഹകരണം കുറെയൊക്കെ അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, ഒരു വിവാഹബന്ധത്തിൽ സമാധാനവും ഐക്യവും സന്തുഷ്ടിയും കൈവരുത്തുന്നത്‌ മറ്റുള്ളവരുടെ അവകാശങ്ങളും വികാരങ്ങളും കണക്കിലെടുക്കാത്ത അധികാരത്തോടെയുള്ള പ്രവർത്തനമല്ല പകരം, വഴങ്ങി കൊടുക്കാനുള്ള മനസ്സൊരുക്കമാണ്‌. ബിസിനസിന്റെ വിജയത്തിന്‌ അനിവാര്യമായ ഒരു ഘടകമാണ്‌ ജോലിസ്ഥലത്ത്‌ തൊഴിലാളികൾ കീഴ്‌പെടൽ പ്രകടമാക്കുന്നത്‌. ഗവൺമെന്റ്‌ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കാര്യത്തിൽ, അനുസരണം ഒരുവനെ ശിക്ഷയിൽനിന്ന്‌ ഒഴിവാക്കുന്നു എന്നു മാത്രമല്ല ഒരളവിലുള്ള സുരക്ഷിതത്വവും സംരക്ഷണവും കൈവരുത്തുകയും ചെയ്യുന്നു.​—⁠റോമർ 13:1-7; എഫെസ്യർ 5:21-25; 6:​5-8.

അധികാരത്തോട്‌ അനുസരണക്കേടു കാണിക്കുന്ന യുവജനങ്ങൾക്കു മിക്കപ്പോഴും സമൂഹവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. അതേസമയം, ബാല്യകാലത്തു പഠിക്കുന്ന അനുസരണം ജീവിതത്തിൽ ഉടനീളം ഒരുവനു പ്രയോജനം ചെയ്യും. അതുകൊണ്ട്‌ ബാല്യകാലത്തിൽത്തന്നെ ഇതു പഠിക്കുന്നത്‌ എത്ര പ്രയോജനപ്രദമാണ്‌!

അനുസരണത്തിന്റെ മഹത്തായ പ്രതിഫലം

അനുസരണം സന്തുഷ്ടമായ കുടുംബ ബന്ധങ്ങളും മറ്റ്‌ ആജീവനാന്ത പ്രയോജനങ്ങളും മാത്രമല്ല, ഏറ്റവും സുപ്രധാനമായ ബന്ധത്തിന്‌, അതായത്‌ ഒരു വ്യക്തിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്‌, ഉള്ള അടിസ്ഥാനവും പ്രദാനം ചെയ്യുന്നു. ‘ജീവന്റെ ഉറവ്‌’ ആയ “മഹാ സ്രഷ്‌ടാവ്‌” എന്ന നിലയിൽ നമ്മുടെ സമ്പൂർണമായ അനുസരണം യഹോവ അർഹിക്കുന്നു.​—⁠സഭാപ്രസംഗി 12:​1, NW; സങ്കീർത്തനം 36:⁠9.

“അനുസരിക്കുക” എന്ന പദത്തിന്റെ വ്യത്യസ്‌ത രൂപങ്ങൾ ബൈബിളിൽ 160-ലധികം പ്രാവശ്യം കാണാം. മാത്രമല്ല, അതിൽ ദൈവത്തിന്റെ നിയമങ്ങളെയും ചട്ടങ്ങളെയും കൽപ്പനകളെയും ന്യായത്തെയും പ്രമാണങ്ങളെയും കുറിച്ചുള്ള നൂറുകണക്കിനു പരാമർശങ്ങളും ഉണ്ട്‌. അതെല്ലാം കീഴ്‌പെടൽ ആവശ്യപ്പെടുന്നു. അനുസരണത്തെ ദൈവാംഗീകാരത്തിനുള്ള ഒരു നിബന്ധനയായി ദൈവം വീക്ഷിക്കുന്നുവെന്നതിനു സംശയമില്ല. യഹോവയുമായി ഒരു ബന്ധം വളർത്തിയെടുക്കുന്നതിന്‌ ഒഴിച്ചുകൂടാനാവാത്ത ഒരു സംഗതിയാണ്‌ അനുസരണം. (1 ശമൂവേൽ 15:22) സങ്കടകരമെന്നു പറയട്ടെ, മനുഷ്യന്റെ സ്വാഭാവിക പ്രവണത അനുസരിക്കാനല്ല അനുസരിക്കാതിരിക്കാനാണ്‌. “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു” എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 8:21) അതിനാൽ അനുസരണം സംബന്ധിച്ച പാഠം ബാല്യകാലത്തു മാത്രമല്ല, ജീവിതകാലത്ത്‌ ഉടനീളം പഠിക്കേണ്ടതാണ്‌. അതു മഹത്തായ പ്രതിഫലം കൈവരുത്തുന്നു.

പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞതുപോലെ, മാതാപിതാക്കളെ അനുസരിക്കുന്നതിനുള്ള കൽപ്പനയോടൊപ്പം ഇരട്ട വാഗ്‌ദാനവും നൽകിയിരിക്കുന്നു. അതായത്‌, “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും” എന്ന്‌. ഈ വാഗ്‌ദാനം സംബന്ധിച്ച ഉറപ്പ്‌ സദൃശവാക്യങ്ങൾ 3:1, 2-ൽ കാണാം: “മകനേ എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്‌പനകളെ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.” അനുസരിക്കുന്നവർക്കുള്ള മഹത്തായ പ്രതിഫലം, ഇപ്പോൾ യഹോവയുമായുള്ള വ്യക്തിപരമായ ഒരു ബന്ധവും സമാധാനപൂർണമായ പുതിയ ലോകത്തിലെ നിത്യജീവനും ആണ്‌.​—⁠വെളിപ്പാടു 21:​3-5എ.

[30, 31  പേജിലെ ചിത്രങ്ങൾ]

അനുസരണം കുടുംബത്തിലും ജോലിസ്ഥലത്തും യഹോവയുമായും ഉള്ള നല്ല ബന്ധങ്ങളിലേക്കു നയിക്കുന്നു