ഇന്ത്യ—“നാനാത്വത്തിൽ ഏകത്വം”
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ഇന്ത്യ—“നാനാത്വത്തിൽ ഏകത്വം”
ഇന്ത്യയുടെ അഖണ്ഡതയെ വർണിക്കാനാണ് “നാനാത്വത്തിൽ ഏകത്വം” എന്ന ആപ്‌തവാക്യം ഉപയോഗിക്കുന്നത്. സംസ്‌കാരം, ഭാഷ, മതം, വംശം, വസ്‌ത്രധാരണം, ഭക്ഷണം എന്നിവയിൽ വളരെ വൈവിധ്യമുള്ള വിസ്‌തൃതമായ ഈ രാജ്യത്ത് ഐക്യം കൈവരിക്കുക എന്നത് നിസ്സാര കാര്യമല്ല. എന്നിരുന്നാലും, അത്തരം ഐക്യം ഇന്ത്യയിലെ യഹോവയുടെ സാക്ഷികളുടെ ഭരണ കാര്യാലയത്തിൽ ദൃശ്യമാണ്. പല സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്ന സ്വമേധയാ സേവകർ അവിടെ പ്രവർത്തിക്കുന്നുണ്ട്.
• ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ പഞ്ചാബിൽനിന്നുള്ള രാജ്‌റാണി എന്ന യുവതിയെ നമുക്കു പരിചയപ്പെടാം. രാജ്‌റാണി സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് അവളുടെ ഒരു സഹപാഠി യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. രാജ്‌റാണിക്ക് ബൈബിളിൽ താത്‌പര്യമുണർത്താൻ ഈ ചെറുപ്പക്കാരി ശ്രമിച്ചിരുന്നു. ഈ സഹപാഠിക്ക് ഇംഗ്ലീഷ് അത്ര വശമില്ലാഞ്ഞതിനാലും ആ സമയത്ത് വീക്ഷാഗോപുരം പഞ്ചാബി ഭാഷയിൽ ലഭ്യമല്ലാതിരുന്നതിനാലും ആ മാസികയിലെ ആശയങ്ങൾ പരിഭാഷപ്പെടുത്തുന്നതിൽ തന്നെ സഹായിക്കാൻ അവൾ രാജ്‌റാണിയോട് അഭ്യർഥിച്ചു. വീക്ഷാഗോപുരം മാസികയിൽ വായിച്ച കാര്യങ്ങൾ രാജ്‌റാണിയെ വളരെയധികം സ്വാധീനിച്ചു. തത്‌ഫലമായി, മാതാപിതാക്കൾ എതിർത്തിട്ടും അവൾ യഹോവയാം ദൈവത്തിനു തന്റെ ജീവിതം സമർപ്പിക്കുന്ന ഘട്ടത്തോളം പുരോഗതി പ്രാപിച്ചു. ഇപ്പോൾ ഇന്ത്യാ ബെഥേലിൽ സേവിക്കുന്ന രാജ്‌റാണി, സത്യം മനസ്സിലാക്കാൻ തന്നെ സഹായിച്ച അതേ പ്രവൃത്തിയാണു ചെയ്യുന്നത്. അവിടെ അവൾ ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങൾ പഞ്ചാബിയിലേക്കു പരിഭാഷപ്പെടുത്തുന്നു.
• ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള ബിജോയുടെ കാര്യം പരിചിന്തിക്കുക. ദേശഭക്തിപരമായ ചടങ്ങുകളിൽ നിഷ്‌പക്ഷത പാലിച്ചതിന്റെ പേരിൽ അധികാരികൾ ബിജോയെ സ്‌കൂളിൽനിന്നു പുറത്താക്കി. തുടർന്നു നടന്ന ദീർഘമായ നിയമയുദ്ധത്തിൽ നിർമലാരാധനയ്‌ക്ക് ശ്രദ്ധേയമായ വിജയം ലഭിച്ചതോടെ, ബിജോ വീണ്ടും സ്‌കൂളിൽ പോയിത്തുടങ്ങി. * പിന്നീട് കോളെജിലും ചേർന്നു. എന്നാൽ അവിടത്തെ മോശമായ ചുറ്റുപാടിനോടു മനസ്സാക്ഷിപരമായി യോജിക്കാൻ ബിജോയ്‌ക്കു കഴിഞ്ഞില്ല, അതുകൊണ്ട് അധ്യയനവർഷത്തിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ കോളെജിനോടു വിടപറഞ്ഞു. ഉപരി പഠനത്തിൽനിന്നു ലഭിക്കുമായിരുന്നതിനെക്കാൾ പ്രയോജനം, വൈവിധ്യമാർന്നതെങ്കിലും ഐകമത്യമുള്ള ബെഥേൽ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിൽനിന്ന് തനിക്കു ലഭിച്ചിരിക്കുന്നു എന്ന് പത്തിലേറെ വർഷമായി അവിടെ സേവിക്കുന്ന ബിജോ പറയുന്നു.
• 70-ലധികം വയസ്സുള്ളവരാണ് നോർമയും ലില്ലിയും. അവർ വിധവമാരായിട്ട് അനേക വർഷങ്ങളായി. രണ്ടുപേരും 40-ലധികം വർഷം മുഴുസമയ സേവനത്തിൽ ചെലവഴിച്ചിരിക്കുന്നു. ലില്ലി ബ്രാഞ്ചിലെ ഒരു തമിഴ് പരിഭാഷകയായി സേവിക്കാൻ തുടങ്ങിയിട്ട് 20-ഓളം വർഷമായി. നോർമ ബെഥേലിൽ വന്നത് ഭർത്താവിന്റെ മരണശേഷം, അതായത് 13 വർഷം മുമ്പ് ആയിരുന്നു. അവരിരുവരും, ഉത്സാഹത്തോടെയും ശുഷ്‌കാന്തിയോടെയുമുള്ള വേലയുടെ ഉത്തമ മാതൃകകൾ ആണെന്നു മാത്രമല്ല, മുഴു ബെഥേൽ കുടുംബത്തെയും ഏകീകരിക്കുന്ന സ്വാധീനവുമാണ്. സന്ദർശകരെ സത്‌കരിക്കുന്നതിൽ തത്‌പരരായ അവർ ബെഥേലിലെ ചെറുപ്പക്കാരുടെ സഹവാസം ആസ്വദിക്കുകയും ദീർഘകാല ക്രിസ്‌തീയ ജീവിതത്തിന്റെ സന്തോഷം അവരുമായി പങ്കുവെക്കുകയും ചെയ്യുന്നു. ചെറുപ്പക്കാർ അവരെ തങ്ങളുടെ മുറികളിലേക്ക് ക്ഷണിക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം സഹായിക്കുകയും ചെയ്‌തുകൊണ്ട് അതിനോടു പ്രതികരിക്കുന്നു. എത്ര നല്ല മാതൃകകൾ!
മിക്കയിടങ്ങളിലും സംഘട്ടനങ്ങൾക്കും അനൈക്യത്തിനും ഇടയാക്കുന്ന ഭിന്നതകൾ തരണം ചെയ്‌തിരിക്കുന്ന ഈ സ്വമേധയാ സേവകർ മറ്റുള്ളവരെ സേവിക്കാൻ ഇന്ത്യയിലെ ഏകീകൃത ബെഥേൽ കുടുംബത്തിൽ സസന്തോഷം ഒത്തൊരുമിച്ചു വേല ചെയ്യുന്നു.—സങ്കീർത്തനം 133:1.
[അടിക്കുറിപ്പുകൾ]
^ ഖ. 5 1988 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-ാം പേജ് കാണുക.
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
പശ്ചാത്തലം: Mountain High Maps® Copyright © 1997 Digital Wisdom, Inc.