വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങൾ ഒരു ടീം ആയിരുന്നു

ഞങ്ങൾ ഒരു ടീം ആയിരുന്നു

ജീവിത കഥ

ഞങ്ങൾ ഒരു ടീം ആയിരുന്നു

മെൽബാ ബാരി പറഞ്ഞപ്രകാരം

1999 ജൂലൈ 2-ന്‌ ഞാനും ഭർത്താവും യഹോവയുടെ സാക്ഷികളുടെ ഒരു വലിയ കൺവെൻഷനിൽ സംബന്ധിക്കുകയായിരുന്നു. ഞങ്ങളുടെ 57 വർഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ ആയിരക്കണക്കിന്‌ കൂടിവരവുകളിൽ ഞങ്ങൾ സംബന്ധിച്ചിട്ടുണ്ട്‌. അന്നു വെള്ളിയാഴ്‌ച ലോയ്‌ഡ്‌, ഹവായിയിലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ അവസാനത്തെ പ്രസംഗം നടത്തുകയായിരുന്നു. പെട്ടെന്ന്‌ അദ്ദേഹം കുഴഞ്ഞുവീണു. ജീവൻ നിലനിറുത്താൻ കിണഞ്ഞു ശ്രമിച്ചെങ്കിലും, വിജയിച്ചില്ല. *

ആദുരന്തത്തെ തരണം ചെയ്യാൻ ഹവായിയിലെ പ്രിയ ക്രിസ്‌തീയ സഹോദരങ്ങൾ തങ്ങളാലാവുംവിധം എന്നെ സഹായിച്ചു! ലോയ്‌ഡ്‌ അവരിൽ അനേകരുടെയും അതുപോലെ ലോകത്തിനു ചുറ്റുമുള്ള മറ്റു നിരവധി പേരുടെയും ജീവിതത്തെ സ്‌പർശിച്ചിരുന്നു.

അദ്ദേഹം മരിച്ചിട്ട്‌ ഇപ്പോൾ രണ്ടു വർഷത്തോളമായി. ഈ കാലയളവിൽ, ഞങ്ങൾ ഒരുമിച്ചു ചെലവഴിച്ച അമൂല്യമായ വർഷങ്ങളെ കുറിച്ച്‌ ഞാൻ ധ്യാനിക്കുകയുണ്ടായി. വിദേശ മിഷനറി നിയമനത്തിലും അതുപോലെതന്നെ യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ലോക ആസ്ഥാനത്തും നിരവധി വർഷങ്ങൾ ഞങ്ങൾ ചെലവഴിച്ചിട്ടുണ്ട്‌. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള എന്റെ ആദ്യകാല ജീവിതത്തെ കുറിച്ചും രണ്ടാം ലോക മഹായുദ്ധത്തിന്റെ ആ ആദ്യ ഘട്ടത്തിൽ ലോയ്‌ഡും ഞാനും വിവാഹിതരാകാൻ സഹിച്ച പ്രയാസങ്ങളെ കുറിച്ചും ഞാൻ ചിന്തിക്കുകയുണ്ടായി. ആദ്യമായി, ഞാൻ ഒരു സാക്ഷി ആയത്‌ എങ്ങനെയെന്നും 1939-ൽ ലോയ്‌ഡിനെ കണ്ടുമുട്ടിയത്‌ എങ്ങനെയെന്നും നിങ്ങളോടു പറയട്ടെ.

ഒരു സാക്ഷി ആയിത്തീർന്ന വിധം

എന്റെ സ്‌നേഹനിധികളായ മാതാപിതാക്കൾ ആയിരുന്നു ജയിംസ്‌ ജോൺസും ഹെൻട്രിയെറ്റായും. 1932-ൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ എനിക്ക്‌ 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ലോകം അന്ന്‌ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. രണ്ട്‌ ഇളയ സഹോദരിമാർ ഉൾപ്പെടെയുള്ള എന്റെ കുടുംബത്തെ സഹായിക്കാൻ ഞാൻ ജോലിക്കു പോകാൻ തുടങ്ങി. ഏതാനും വർഷംകൊണ്ട്‌ എനിക്കു നല്ല ശമ്പളം കിട്ടിത്തുടങ്ങി. മാത്രമല്ല, എന്റെ കീഴിൽ കുറെ യുവതികൾ ജോലി നോക്കുന്നുമുണ്ടായിരുന്നു.

അതിനിടെ 1935-ൽ, എന്റെ അമ്മയ്‌ക്ക്‌ യഹോവയുടെ സാക്ഷികളിൽ ഒരാളിൽനിന്ന്‌ കുറെ ബൈബിൾ സാഹിത്യങ്ങൾ ലഭിച്ചിരുന്നു. അതു വായിച്ചപ്പോൾത്തന്നെ സത്യം കണ്ടെത്തിയതായി അവർക്കു ബോധ്യപ്പെട്ടു. അമ്മയ്‌ക്കു ഭ്രാന്തു പിടിച്ചെന്നാണ്‌ ഞങ്ങൾ വിചാരിച്ചത്‌. എന്നാൽ, ഒരു ദിവസം മരിച്ചവർ എവിടെ? എന്ന ശീർഷകത്തിലുള്ള ഒരു ചെറുപുസ്‌തകം ഞാൻ കണ്ടു. അതിന്റെ ശീർഷകം എന്റെ ജിജ്ഞാസ ഉണർത്തി. അതുകൊണ്ട്‌ ഞാൻ ആ ചെറുപുസ്‌തകം രഹസ്യമായി വായിച്ചു. അത്‌ എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്‌ ആയിരുന്നു! താമസിയാതെ, മാതൃകാ അധ്യയനം എന്നു വിളിച്ചിരുന്ന ഒരു മധ്യവാര യോഗത്തിന്‌ ഞാൻ അമ്മയോടൊപ്പം പോകാൻ തുടങ്ങി. മാതൃകാ അധ്യയനം എന്നു പേരുള്ള ചെറുപുസ്‌തകത്തിൽ​—⁠പിൽക്കാലത്ത്‌ ഇത്തരത്തിലുള്ള മൂന്നു ചെറുപുസ്‌തകങ്ങൾ ഉണ്ടായിരുന്നു​—⁠ചോദ്യങ്ങളും ഉത്തരങ്ങളും അവയെ പിന്താങ്ങുന്ന തിരുവെഴുത്തുകളും കൊടുത്തിരുന്നു.

ഏതാണ്ട്‌ അക്കാലത്ത്‌, അതായത്‌ 1938 ഏപ്രിലിൽ, യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തുനിന്നുള്ള ഒരു പ്രതിനിധിയായ ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സിഡ്‌നി സന്ദർശിച്ചു. അദ്ദേഹം നടത്തിയ പ്രസംഗമാണ്‌ ഞാൻ ആദ്യമായി ഹാജരാകുന്ന പരസ്യപ്രസംഗം. സിഡ്‌നി ടൗൺ ഹാളിലായിരുന്നു ആ പ്രസംഗം നടത്താൻ പദ്ധതിയിട്ടിരുന്നത്‌. എന്നാൽ, അതു ഞങ്ങൾക്കു തരാതിരിക്കാൻ അധികാരികളെ കൊണ്ട്‌ സമ്മതിപ്പിക്കുന്നതിൽ ശത്രുക്കൾ വിജയിച്ചു. തന്മൂലം, അതിനെക്കാൾ വലിപ്പമുള്ള സിഡ്‌നി സ്‌പോർട്‌സ്‌ ഗ്രൗണ്ടിൽ വെച്ചായിരുന്നു ആ പ്രസംഗം. എതിർപ്പിന്റെ ഫലമായി ലഭിച്ച പ്രചാരവും കൂടി ഉണ്ടായിരുന്നതിനാൽ 10,000-ത്തോളം പേർ ആ പ്രസംഗം കേൾക്കാൻ എത്തി. അന്ന്‌ ഓസ്‌ട്രേലിയയിൽ 1,300 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ എന്നതു കണക്കിലെടുക്കുമ്പോൾ അതു വലിയൊരു സംഖ്യതന്നെ ആയിരുന്നു.

താമസിയാതെ, യാതൊരു പരിശീലനവും ഇല്ലാതെ ഞാൻ ആദ്യമായി വയൽശുശ്രൂഷയിൽ പങ്കെടുത്തു. പ്രസംഗപ്രവർത്തനം നടത്തേണ്ട സ്ഥലത്ത്‌ എത്തിയപ്പോൾ, വേലയ്‌ക്കു നേതൃത്വം വഹിക്കുന്ന സഹോദരൻ എന്നോടു പറഞ്ഞു: “ആ കാണുന്ന വീട്ടിൽ പോയി പ്രവർത്തിച്ചോളൂ.” ഞാൻ അവിടെ ചെന്ന്‌ വാതിലിൽ മുട്ടിയപ്പോൾ ഒരു സ്‌ത്രീ വന്ന്‌ വാതിൽ തുറന്നു. അങ്കലാപ്പ്‌ തോന്നിയ ഞാൻ അവരോടു ചോദിച്ചു: “സമയം എന്തായി എന്നൊന്ന്‌ പറയാമോ?” അവർ അകത്തു പോയി സമയം നോക്കിയിട്ട്‌ തിരിച്ചുവന്ന്‌ അത്‌ എന്നോടു പറഞ്ഞു. അതോടെ എന്റെ സന്ദർശനവും കഴിഞ്ഞു. ഞാൻ തിരിച്ച്‌ കാറിന്റെ അടുത്തേക്കു നടന്നു.

എങ്കിലും, ഞാൻ എന്റെ ശ്രമം ഉപേക്ഷിച്ചില്ല. താമസിയാതെ, ഞാൻ മറ്റുള്ളവരുമായി പതിവായി രാജ്യസന്ദേശം പങ്കുവെക്കാൻ തുടങ്ങി. (മത്തായി 24:14) 1939 മാർച്ചിൽ, എന്റെ അയൽക്കാരിയായ ഡോറത്തി ഹച്ചിംങ്‌സിന്റെ കുളിത്തൊട്ടിയിൽ സ്‌നാപനമേറ്റുകൊണ്ട്‌ ഞാൻ യഹോവയ്‌ക്കുള്ള എന്റെ സമർപ്പണം പ്രതീകപ്പെടുത്തി. സാധാരണഗതിയിൽ ക്രിസ്‌തീയ പുരുഷന്മാർ നിർവഹിക്കേണ്ട സഭാ ഉത്തരവാദിത്വങ്ങൾ സഹോദരന്മാർ ഇല്ലാഞ്ഞതിനാൽ എനിക്കു ലഭിച്ചു.

സ്വകാര്യ ഭവനങ്ങളിലാണ്‌ ഞങ്ങൾ പൊതുവേ യോഗങ്ങൾ നടത്തിയിരുന്നത്‌, എന്നാൽ പരസ്യപ്രസംഗങ്ങൾക്ക്‌ ഹാൾ വാടകയ്‌ക്കെടുത്തിരുന്നു. ഒരിക്കൽ ബെഥേലിൽനിന്ന്‌, അതായത്‌ ബ്രാഞ്ച്‌ ഓഫീസിൽനിന്ന്‌, ഒരു യുവസഹോദരൻ ഞങ്ങളുടെ സഭയിൽ പ്രസംഗം നടത്താൻ എത്തി. അദ്ദേഹത്തിന്‌ എന്നെ കാണുക എന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നു, എനിക്ക്‌ അറിയില്ലായിരുന്നെങ്കിലും. അങ്ങനെയാണ്‌ ഞാൻ ലോയ്‌ഡിനെ പരിചയപ്പെട്ടത്‌.

ലോയ്‌ഡിന്റെ കുടുംബാംഗങ്ങളെ കണ്ടുമുട്ടുന്നു

താമസിയാതെതന്നെ, യഹോവയെ മുഴുസമയം സേവിക്കണമെന്നായി എന്റെ ആഗ്രഹം. എന്നിരുന്നാലും, ഞാൻ മുഴുസമയ പ്രസംഗവേലയായ പയനിയറിങ്ങിന്‌ അപേക്ഷ അയച്ചപ്പോൾ ബെഥേലിൽ സേവിക്കാൻ ആഗ്രഹമുണ്ടോ എന്നു സൊസൈറ്റി ചോദിച്ചു. അങ്ങനെ, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ 1939 സെപ്‌റ്റംബറിൽ സിഡ്‌നിയുടെ പ്രാന്തപ്രദേശത്തുള്ള സ്‌ട്രാത്ത്‌ഫീൽഡിലെ ബെഥേൽ കുടുംബത്തിൽ ഞാൻ ഒരു അംഗമായിത്തീർന്നു.

1939 ഡിസംബറിൽ, ഒരു കൺവെൻഷനു വേണ്ടി ഞാൻ ന്യൂസിലൻഡിലേക്കു പോയി. ലോയ്‌ഡ്‌ ന്യൂസിലൻഡിൽ നിന്നുള്ള ആൾ ആയിരുന്നതിനാൽ അദ്ദേഹവും അവിടേക്കു പോകുന്നുണ്ടായിരുന്നു. ഒരേ കപ്പലിൽ യാത്ര ചെയ്‌ത ഞങ്ങൾ പരസ്‌പരം അടുത്തു മനസ്സിലാക്കി. വെല്ലിങ്‌ടണിൽ നടന്ന ആ കൺവെൻഷനിൽ വെച്ച്‌ ലോയ്‌ഡ്‌ എന്നെ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും പെങ്ങന്മാർക്കും പരിചയപ്പെടുത്തുകയും ക്രൈസ്റ്റ്‌ചർച്ചിലുള്ള തന്റെ വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്‌തു.

സാക്ഷികളുടെ പ്രവർത്തനത്തിനു നിരോധനം

1941 ജനുവരി 18 ശനിയാഴ്‌ച വസ്‌തുവകകൾ കണ്ടുകെട്ടുന്നതിന്‌ ഏകദേശം അര ഡസൻ കറുത്ത ആഡംബര വാനുകളിൽ ഗവൺമെന്റ്‌ ഉദ്യോഗസ്ഥർ ബ്രാഞ്ച്‌ ഓഫീസിൽ എത്തി. ബെഥേലിന്റെ പ്രവേശനകവാടത്തിങ്കലുള്ള റിസപ്‌ഷനിൽ ജോലി ചെയ്‌തിരുന്നതിനാൽ ഞാനാണ്‌ അവരെ ആദ്യം കണ്ടത്‌. അതിനും 18 മണിക്കൂർ മുമ്പ്‌ നിരോധനത്തെ കുറിച്ചുള്ള അറിയിപ്പു ഞങ്ങൾക്കു ലഭിച്ചിരുന്നു. അതിനാൽ സാഹിത്യങ്ങളും ഫയലുകളുമെല്ലാം ബ്രാഞ്ചിൽനിന്നു നീക്കാൻ സമയം കിട്ടി. അതിനടുത്ത വാരം, ലോയ്‌ഡ്‌ ഉൾപ്പെടെ, ബെഥേൽ കുടുംബത്തിലെ അഞ്ച്‌ അംഗങ്ങളെ പോലീസ്‌ തടവിലാക്കി.

തടവിൽ ആയിരിക്കുന്ന സഹോദരന്മാർക്ക്‌ ഏറ്റവും ആവശ്യം ആത്മീയ ഭക്ഷണം ആണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. ലോയ്‌ഡിനെ സഹായിക്കാൻ ഞാൻ അദ്ദേഹത്തിന്‌ “പ്രേമലേഖനങ്ങൾ” എഴുതാൻ തുടങ്ങി. പ്രേമലേഖനം പോലെ ആയിരുന്നു അതിന്റെ തുടക്കം. എന്നിട്ട്‌ ഞാൻ അതിൽ വീക്ഷാഗോപുര ലേഖനങ്ങൾ പകർത്തിയെഴുതി. ഒടുവിൽ പ്രാണസഖി എന്ന്‌ എഴുതി ഒപ്പിട്ടു. നാലര മാസത്തെ ജയിൽവാസത്തിനുശേഷം ലോയ്‌ഡ്‌ മോചിതനായി.

വിവാഹവും തുടർന്നുള്ള സേവനവും

1940-ൽ, ലോയ്‌ഡിന്റെ അമ്മ ഓസ്‌ട്രേലിയ സന്ദർശിക്കാനെത്തി. ഞങ്ങൾ വിവാഹിതരാകാൻ ആഗ്രഹിക്കുന്നതായി ലോയ്‌ഡ്‌ അവരോടു പറഞ്ഞു. വ്യവസ്ഥിതിയുടെ സമാപനം ആസന്നമായതിനാൽ അതു വേണ്ട എന്നായിരുന്നു അവരുടെ പ്രതികരണം. (മത്തായി 24:3-14) തന്റെ ആഗ്രഹം അദ്ദേഹം കൂട്ടുകാരോടും പറഞ്ഞു. എന്നാൽ ഓരോ തവണയും അവർ അദ്ദേഹത്തെ പിന്തിരിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. ഒടുവിൽ, 1942 ഫെബ്രുവരിയിലെ ഒരു ദിവസം ലോയ്‌ഡ്‌ എന്നെയും രഹസ്യം കാത്തുസൂക്ഷിക്കുമെന്ന്‌ വാക്കു കൊടുത്ത നാലു സാക്ഷികളെയും കൂട്ടി മറ്റാരും അറിയാതെ രജിസ്റ്റർ ഓഫീസിൽ എത്തി. അവിടെവെച്ച്‌ ഞങ്ങൾ വിവാഹിതരായി. അക്കാലത്ത്‌, വിവാഹം നടത്തിക്കൊടുക്കുന്നതിന്‌ അംഗീകാരമുള്ള യഹോവയുടെ സാക്ഷികൾ ആരും ഓസ്‌ട്രേലിയയിൽ ഉണ്ടായിരുന്നില്ല.

ദമ്പതികൾ എന്ന നിലയിൽ ബെഥേലിൽ തുടർന്നു സേവിക്കാൻ ഞങ്ങളെ അനുവദിച്ചില്ലെങ്കിലും പ്രത്യേക പയനിയറിങ്‌ നടത്താൻ താത്‌പര്യമുണ്ടോ എന്നു സൊസൈറ്റി ഞങ്ങളോടു ചോദിച്ചു. വാഗ വാഗ എന്ന പട്ടണത്തിലേക്കുള്ള നിയമനം ഞങ്ങൾ സന്തോഷപൂർവം സ്വീകരിച്ചു. സാക്ഷികളുടെ പ്രവർത്തനം അപ്പോഴും നിരോധനത്തിൻ കീഴിൽ ആയിരുന്നു. ഞങ്ങൾക്കു യാതൊരു സാമ്പത്തിക സഹായവും ലഭിച്ചിരുന്നില്ല. അതിനാൽ ഞങ്ങൾ ഭാരമെല്ലാം യഹോവയുടെമേൽ വെച്ചു.​—⁠സങ്കീർത്തനം 55:⁠22.

റ്റാൻഡെം സൈക്കിളിലാണ്‌ (രണ്ടോ അതിലധികമോ പേർക്ക്‌ ഇരിക്കാവുന്ന ഒരുതരം സൈക്കിൾ) ഞങ്ങൾ ഗ്രാമപ്രദേശത്തു കൂടി സഞ്ചരിച്ചത്‌. ഞങ്ങൾ നല്ലവരായ ചിലരെ കണ്ടുമുട്ടുകയും അവരുമായി ദീർഘമായ സംഭാഷണങ്ങൾ നടത്തുകയും ചെയ്‌തു. അധികം പേരൊന്നും ബൈബിൾ അധ്യയനം സ്വീകരിച്ചില്ല. എന്നിരുന്നാലും, ഞങ്ങൾ ചെയ്‌തിരുന്ന വേലയെ ഒരു കടയുടമ വിലമതിക്കുകയും ഞങ്ങൾക്ക്‌ ഓരോ വാരത്തിലും പഴങ്ങളും പച്ചക്കറികളും തരുകയും ചെയ്‌തു. വാഗ വാഗയിൽ ആറു മാസം ചെലവഴിച്ച ഞങ്ങളെ സൊസൈറ്റി തിരിച്ച്‌ ബെഥേലിലേക്കു വിളിച്ചു.

1942 മേയിൽ ബെഥേൽ കുടുംബം സ്‌ട്രാത്ത്‌ഫീൽഡിലെ ഓഫീസ്‌ ഒഴിഞ്ഞുപോരുകയും സ്വകാര്യ ഭവനങ്ങളിൽനിന്നു പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്‌തു. കണ്ടുപിടിക്കപ്പെടാതിരിക്കേണ്ടതിന്‌ രണ്ട്‌ ആഴ്‌ച കൂടുന്തോറും അവർ വീടു മാറിക്കൊണ്ടിരുന്നു. ആഗസ്റ്റിൽ ലോയ്‌ഡും ഞാനും ബെഥേലിൽ മടങ്ങിയെത്തിയപ്പോൾ ആ സ്ഥലങ്ങളിൽ ഒന്നിൽവെച്ച്‌ ഞങ്ങൾ അവരോടു ചേർന്നു. പകൽസമയത്ത്‌ ഞങ്ങളുടെ നിയമനം ഭൂമിക്കടിയിൽ സ്ഥാപിച്ചിരുന്ന ഒരു അച്ചടിശാലയിൽ പ്രവർത്തിക്കുക എന്നതായിരുന്നു. ഒടുവിൽ, 1943 ജൂണിൽ സാക്ഷികളുടെ വേലയുടെ മേലുള്ള നിരോധനം നീക്കം ചെയ്യപ്പെട്ടു.

വിദേശ സേവനത്തിനുള്ള തയ്യാറെടുപ്പ്‌

1947 ഏപ്രിലിൽ, അമേരിക്കയിലെ ന്യൂയോർക്കിലുള്ള സൗത്ത്‌ ലാൻസിങ്ങിൽ സ്ഥിതി ചെയ്യുന്ന വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽ സംബന്ധിക്കുന്നതിനുള്ള പ്രാഥമിക അപേക്ഷാഫാറങ്ങൾ ഞങ്ങൾക്കു ലഭിച്ചു. അതിനിടെ, സഹോദരങ്ങളെ ആത്മീയമായി ബലിഷ്‌ഠരാക്കുന്നതിന്‌ ഓസ്‌ട്രേലിയയിലെ സഭകൾ സന്ദർശിക്കാൻ ഞങ്ങളോട്‌ ആവശ്യപ്പെട്ടു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ, 11-ാമതു ഗിലെയാദ്‌ ക്ലാസ്സിൽ സംബന്ധിക്കാനുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. ഞങ്ങളുടെ കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിനും സാധനങ്ങൾ പായ്‌ക്കു ചെയ്യുന്നതിനും മൂന്ന്‌ ആഴ്‌ച ലഭിച്ചു. 1947 ഡിസംബറിൽ ഞങ്ങൾ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിട്ട്‌, അതേ ക്ലാസ്സിൽ സംബന്ധിക്കാൻ ക്ഷണിക്കപ്പെട്ട ഓസ്‌ട്രേലിയയിൽ നിന്നുള്ള മറ്റ്‌ 15 പേരോടൊപ്പം ന്യൂയോർക്കിലേക്കു തിരിച്ചു.

ഗിലെയാദ്‌ സ്‌കൂളിലെ ചുരുങ്ങിയ ആ മാസങ്ങൾ പെട്ടെന്നു കടന്നുപോയി. അതേത്തുടർന്നു ഞങ്ങൾക്ക്‌ ജപ്പാനിലേക്കു മിഷനറി നിയമനം ലഭിച്ചു. ജപ്പാനിലേക്കു പോകുന്നതിനുള്ള നിയമരേഖകൾ ലഭിക്കാൻ കുറെ സമയം വേണ്ടിവന്നതിനാൽ യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകനായുള്ള നിയമനം ലോയ്‌ഡിനു വീണ്ടും ലഭിച്ചു. ലോസാഞ്ചലസ്‌ നഗരം മുതൽ മെക്‌സിക്കൻ അതിർത്തി വരെയുള്ള പ്രദേശത്തെ സഭകളാണ്‌ ഞങ്ങളുടെ നിയമനത്തിൽ ഉണ്ടായിരുന്നത്‌. ഞങ്ങൾക്ക്‌ സ്വന്തമായി കാർ ഇല്ലാതിരുന്നതിനാൽ, ഓരോ വാരത്തിലും സഹോദരങ്ങൾ ഞങ്ങളെ ഒരു സഭയിൽനിന്ന്‌ മറ്റൊന്നിലേക്കു കൊണ്ടുപോയി വിടുമായിരുന്നു. ആ വിശാലമായ സർക്കിട്ടിനെ ഇപ്പോൾ മൂന്ന്‌ ഇംഗ്ലീഷ്‌ ഡിസ്‌ട്രിക്‌റ്റുകളും മൂന്ന്‌ സ്‌പാനിഷ്‌ ഡിസ്‌ട്രിക്‌റ്റുകളുമായി തിരിച്ചിരിക്കുന്നു, ഈ ഓരോ ഡിസ്‌ട്രിക്‌റ്റിലും ഏകദേശം പത്ത്‌ സർക്കിട്ടുകളുണ്ട്‌!

തുടർന്ന്‌, 1949 ഒക്‌ടോബറിൽ ഞങ്ങൾ ജപ്പാനിലേക്കു പുറപ്പെട്ടു. മുമ്പ്‌ സൈനിക ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന ഒരു കപ്പലിലായിരുന്നു ഞങ്ങളുടെ യാത്ര. കപ്പലിന്റെ ഒരറ്റം പുരുഷന്മാർക്കും മറ്റേ അറ്റം സ്‌ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ളതായിരുന്നു. യോക്കഹാമയിൽ എത്താൻ ഒരു ദിവസം ഉള്ളപ്പോൾ, ഒരു ചുഴലിക്കാറ്റ്‌ ആഞ്ഞുവീശി. അതുകൊണ്ടാകാം അന്തരീക്ഷം വളരെ തെളിഞ്ഞതായിത്തീർന്നു. തന്മൂലം, പിറ്റേന്ന്‌, ഒക്‌ടോബർ 31-ന്‌, സൂര്യൻ ഉദിച്ചപ്പോൾ ഫുജിപർവതം അതിന്റെ സകല പ്രൗഢിയോടും കൂടെ ദർശിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഞങ്ങളുടെ പുതിയ നിയമനത്തിലേക്കുള്ള എത്ര മഹത്തായ ഒരു സ്വാഗതം!

ജപ്പാൻകാരോടൊപ്പം പ്രവർത്തിക്കുന്നു

തുറമുഖത്തോട്‌ അടുത്തപ്പോൾ കറുത്ത തലമുടിക്കാരായ നിരവധി ആളുകളെ കണ്ട്‌ ഞങ്ങൾക്ക്‌ ആശ്ചര്യം തോന്നി. അവർ തമ്മിൽ തമ്മിൽ സംസാരിക്കുന്ന വലിയ ശബ്ദം കേട്ട്‌ ‘ഇവർ എത്ര വായാടികളാണ്‌!’ എന്നു ഞങ്ങൾ ചിന്തിച്ചുപോയി. എല്ലാവരും മെതിയടികൾ ധരിച്ചിരുന്നു. അതുമിട്ട്‌ പലകത്തടിയിലൂടെ നടക്കവെ അതിന്റെ ടക്‌, ടക്‌ ശബ്ദം കേൾക്കാമായിരുന്നു. യോക്കഹാമയിൽ ഒരു രാത്രി തങ്ങിയശേഷം ഞങ്ങൾക്കു മിഷനറി നിയമനം ലഭിച്ചിരുന്ന കോബെയിലേക്കു ഞങ്ങൾ തീവണ്ടി കയറി. ഏതാനും മാസങ്ങൾക്കു മുമ്പ്‌ ജപ്പാനിൽ എത്തിയിരുന്ന ഡോൺ ഹാസ്‌ലെറ്റ്‌ എന്ന ഞങ്ങളുടെ ഗിലെയാദ്‌ സഹപാഠി ഒരു മിഷനറി ഭവനം വാടകയ്‌ക്ക്‌ എടുത്തിരുന്നു. പാശ്ചാത്യ രീതിയിൽ പണിതീർത്ത, രണ്ടുനിലയുള്ള മനോഹരമായ ഒരു വലിയ കെട്ടിടമായിരുന്നു അത്‌. എന്നാൽ അതിൽ ഫർണീച്ചറുകളൊന്നുംതന്നെ ഇല്ലായിരുന്നു.

മുറ്റത്തെ ഉയരമുള്ള പുല്ല്‌ മുറിച്ച്‌ തറയിൽ വിരിച്ച്‌, അതിന്മേലാണ്‌ ഞങ്ങൾ കിടന്നുറങ്ങിയത്‌. അങ്ങനെ ഞങ്ങളുടെ മിഷനറി ജീവിതം തുടങ്ങി. ഏതാനും ബാഗുകളിൽ കൊള്ളാനുള്ള സാധനങ്ങളേ ഞങ്ങൾക്ക്‌ ഉണ്ടായിരുന്നുള്ളൂ. ചൂടു കിട്ടാനും ആഹാരം പാകം ചെയ്യാനും വേണ്ടി, ഹിബാച്ചി എന്നു വിളിക്കുന്ന കരി അടുപ്പുകൾ ഞങ്ങൾ വാങ്ങി. ഒരു ദിവസം രാത്രി ഞങ്ങളുടെ രണ്ട്‌ സഹ മിഷനറിമാരായ പെഴ്‌സി ഇസ്‌ലോബും ഇൽമ ഇസ്‌ലോബും ബോധമില്ലാതെ കിടക്കുന്നത്‌ ലോയ്‌ഡ്‌ കണ്ടു. അദ്ദേഹം ജാലകങ്ങൾ തുറന്നിട്ടു, തണുത്ത ശുദ്ധവായു അകത്തു കടന്നപ്പോൾ ഇരുവർക്കും ബോധം വീണു. കരിയടുപ്പിൽ ആഹാരം പാകപ്പെടുത്തിക്കൊണ്ടിരുന്ന ഒരു സമയത്ത്‌ ഞാനും ബോധം കെട്ടുവീണു. അവിടത്തെ ചില സംഗതികളുമായി പരിചയിക്കാൻ കുറെ സമയമെടുത്തു!

ജാപ്പനീസ്‌ പഠിക്കുന്നതിനാണ്‌ ഞങ്ങൾ മുൻഗണന കൊടുത്തത്‌. ദിവസം 11 മണിക്കൂർവെച്ച്‌ ഒരു മാസത്തേക്ക്‌ ഞങ്ങൾ ആ ഭാഷാപഠനത്തിൽ മുഴുകി. തുടർന്ന്‌, ആളുകളുമായി സംഭാഷണം തുടങ്ങുന്നതിന്‌ ഒന്നു രണ്ടു വാചകങ്ങൾ ജാപ്പനീസിൽ കുറിച്ചിട്ടുകൊണ്ട്‌ ഞങ്ങൾ ശുശ്രൂഷയ്‌ക്കായി പുറപ്പെട്ടു. ആദ്യ ദിവസം ഞാൻ വളരെ നല്ല ഒരു സ്‌ത്രീയെ കണ്ടുമുട്ടി. മിയോ തകഗി എന്നായിരുന്നു അവരുടെ പേര്‌. അവർ എന്നെ സന്തോഷപൂർവം സ്വീകരിച്ചിരുത്തി. മടക്കസന്ദർശന സമയങ്ങളിൽ ഒരു ജാപ്പനീസ്‌-ഇംഗ്ലീഷ്‌ നിഘണ്ടുവിന്റെ സഹായത്തോടെ ഞങ്ങൾ വളരെ ബുദ്ധിമുട്ടിയാണ്‌ കാര്യങ്ങൾ ചർച്ച ചെയ്‌തത്‌. അതു പിന്നീട്‌ വളരെ നല്ല ഒരു അധ്യയനമായി പുരോഗമിച്ചു. 1999-ൽ, പുതുതായി കൂട്ടിച്ചേർത്ത ബ്രാഞ്ച്‌ കെട്ടിടങ്ങളുടെ സമർപ്പണത്തിനു ചെന്നപ്പോൾ ഞാൻ വീണ്ടും മിയോയെയും ഞാൻ ബൈബിൾ പഠിപ്പിച്ച പ്രിയപ്പെട്ടവരായ മറ്റു പലരെയും കണ്ടു. ബൈബിൾ പഠിച്ചത്‌ അമ്പതു വർഷം മുമ്പായിരുന്നെങ്കിലും, അവർ ഇപ്പോഴും തീക്ഷ്‌ണതയുള്ള രാജ്യഘോഷകരാണ്‌. യഹോവയെ സേവിക്കാൻ അവർ തങ്ങളാലാവതു ചെയ്യുന്നു.

1950 ഏപ്രിൽ 1-ന്‌ കോബെയിൽ നടന്ന, ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാഘോഷത്തിന്‌ 180-തോളം പേർ സംബന്ധിച്ചു. പിറ്റേന്നു രാവിലെ വയൽസേവനത്തിന്‌ 35 പേർ എത്തിയപ്പോൾ ഞങ്ങൾക്ക്‌ ആശ്ചര്യം തോന്നി. ഓരോ മിഷനറിയും ഇവരിൽ മൂന്നു നാലു പേരെ കൂട്ടി വയൽസേവനത്തിനു പോയി. ജാപ്പനീസ്‌ വശമില്ലാതിരുന്ന എന്നോടു വീട്ടുകാർ സംസാരിച്ചില്ല, മറിച്ച്‌ എന്നോടൊപ്പം ഉണ്ടായിരുന്ന, സ്‌മാരകത്തിനു ഹാജരായ ആ പുതിയ ആളുകളോടാണ്‌ അവർ സംസാരിച്ചത്‌. അവരുടെ സംഭാഷണം നീണ്ടുപോയി, അവർ എന്തിനെ കുറിച്ചാണു സംസാരിക്കുന്നതെന്ന്‌ എനിക്കു യാതൊരു പിടിയും കിട്ടിയില്ല. എന്നാൽ ആ പുതിയവരിൽ ചിലർ തങ്ങളുടെ പരിജ്ഞാനം വർധിപ്പിക്കുകയും ഇന്നോളം സുവാർത്താ പ്രസംഗത്തിൽ തുടരുകയും ചെയ്‌തിരിക്കുന്നു എന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്‌.

നിരവധി പദവികളും നിയമനങ്ങളും

1952 വരെ ഞങ്ങൾ കോബെയിൽ മിഷനറി വേലയിൽ തുടർന്നു. എന്നാൽ ആ വർഷം ഞങ്ങൾക്കു ടോക്കിയോയിലേക്കു നിയമനം കിട്ടി. അവിടെവെച്ച്‌ ലോയ്‌ഡിന്‌ ബ്രാഞ്ച്‌ ഓഫീസിന്റെ മേൽനോട്ടം ലഭിച്ചു. തുടർന്ന്‌, തന്റെ നിയമനത്തോടു ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അദ്ദേഹത്തിനു ജപ്പാനിൽ ഉടനീളവും മറ്റു രാജ്യങ്ങളിലും പോകേണ്ടിവന്നു. പിന്നീട്‌, ടോക്കിയോയിലെ ഒരു സന്ദർശനവേളയിൽ, ലോക ആസ്ഥാനത്തു നിന്നുള്ള നേഥൻ എച്ച്‌. നോർ എന്നോടു പറഞ്ഞു: “അടുത്ത മേഖലാ സന്ദർശനത്തിനു നിങ്ങളുടെ ഭർത്താവ്‌ എവിടെയാണു പോകുന്നതെന്ന്‌ അറിയാമോ? ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും.” അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “സ്വന്തം ചെലവു വഹിക്കാമെങ്കിൽ നിങ്ങൾക്കും കൂടെ പോകാം.” എനിക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല! വീടുവിട്ട്‌ പോന്നിട്ട്‌ നീണ്ട ഒമ്പതു വർഷങ്ങൾ കഴിഞ്ഞിരുന്നു.

തുടർന്ന്‌ എഴുത്തുകുത്തുകളുടെ ബഹളമായി. യാത്രാ ടിക്കറ്റു തരപ്പെടുത്താൻ അമ്മ എന്നെ സാമ്പത്തികമായി സഹായിച്ചു. നിയമനങ്ങളിൽ തിരക്കോടെ ഏർപ്പെട്ടിരുന്ന ലോയ്‌ഡിനും എനിക്കും വീട്ടുകാരെ സന്ദർശിക്കുന്നതിനുള്ള പണം കൈവശം ഉണ്ടായിരുന്നില്ല. അതിനാൽ ഈ യാത്ര എന്റെ പ്രാർഥനകൾക്കുള്ള ഉത്തരമായിരുന്നു. നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുന്നതുപോലെ, എന്നെ കണ്ടതിൽ അമ്മ വളരെ സന്തോഷവതി ആയിരുന്നു. “മൂന്നു വർഷം കഴിയുമ്പോൾ നിനക്കു വീണ്ടും വരാൻ കഴിയേണ്ടതിന്‌ ഞാൻ കുറെ പണം സമ്പാദിക്കാൻ പോകുകയാണ്‌,” അമ്മ പറഞ്ഞു. അതു മനസ്സിൽ വെച്ചുകൊണ്ട്‌ ഞങ്ങൾ യാത്ര പറഞ്ഞു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, പിറ്റേ ജൂലൈയിൽ അവർ മരണമടഞ്ഞു. പുതിയ ലോകത്തിൽ അവരെ വീണ്ടും കാണാൻ വലിയ ആകാംക്ഷയോടെ ഞാൻ കാത്തിരിക്കുന്നു!

1960 വരെ മിഷനറി സേവനം ആയിരുന്നു എനിക്കുള്ള ഏക നിയമനം. എന്നാൽ ആ വർഷം എനിക്കു പിൻവരുന്ന പ്രകാരം പറയുന്ന ഒരു കത്തു കിട്ടി: “മുഴു ബെഥേൽ കുടുംബത്തിന്റെയും വസ്‌ത്രം അലക്കാനും ഇസ്‌തിരിയിടാനുമുള്ള നിയമനം ഈ തീയതി മുതൽ സഹോദരിക്കാണ്‌.” അക്കാലത്തു ഞങ്ങളുടെ ബെഥേൽ കുടുംബത്തിൽ ഒരു ഡസ്സൻ പേരെ ഉണ്ടായിരുന്നുള്ളൂ. അതിനാൽ, എന്റെ മിഷനറി നിയമനത്തിനു പുറമേ ഈ വേല നിർവഹിക്കാനും എനിക്കു സാധിച്ചു.

1962-ൽ, ജാപ്പനീസ്‌ രീതിയിലുള്ള ഞങ്ങളുടെ കെട്ടിടം പൊളിച്ചുമാറ്റി തത്‌സ്ഥാനത്ത്‌ പിറ്റേ വർഷം ഒരു പുതിയ ആറുനില ബെഥേൽ ഭവനം പണിതു. മുറി വൃത്തിയാക്കാനും പാത്രങ്ങളും മറ്റും കഴുകി വെടിപ്പാക്കാനും ബെഥേലിലെ പുതിയ സഹോദരന്മാരെ സഹായിക്കാനുള്ള നിയമനം എനിക്കു ലഭിച്ചു. ആൺകുട്ടികൾക്ക്‌ അത്തരം വീട്ടുജോലികളിൽ പരിശീലനം നൽകുന്ന രീതി ജപ്പാനിൽ ഇല്ലായിരുന്നു. ലൗകിക വിദ്യാഭ്യാസത്തിനായിരുന്നു ഊന്നൽ; ബാക്കി കാര്യങ്ങളെല്ലാം അവരുടെ അമ്മമാരാണ്‌ ചെയ്‌തുകൊടുത്തിരുന്നത്‌. ഞാൻ അവരുടെ അമ്മ അല്ലെന്ന്‌ അവർ പെട്ടെന്നു മനസ്സിലാക്കി. കാലക്രമത്തിൽ, അവരിൽ പലരും സംഘടനയ്‌ക്കുള്ളിൽ പുതിയ, ഉത്തരവാദിത്വമുള്ള നിയമനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്‌തരായി.

ഒരു വേനൽക്കാല ദിവസം, ഒരു ബൈബിൾ വിദ്യാർഥിനി ബ്രാഞ്ച്‌ സന്ദർശിക്കാൻ എത്തി. ഞാൻ കുളിമുറി തേച്ചുകഴുകുന്നത്‌ അവൾ കണ്ടു. “ഈ ജോലി ചെയ്യാൻ ഞാൻ വേലക്കാരിയെ അയയ്‌ക്കാം, അതിന്റെ ചെലവു ഞാൻ വഹിച്ചുകൊള്ളാം. ഇക്കാര്യം നിങ്ങളുടെ മാനേജരോടൊന്ന്‌ പറയൂ.” അവളുടെ ആ മനസ്സൊരുക്കത്തിന്‌ നന്ദി പറഞ്ഞിട്ട്‌, യഹോവയുടെ സംഘടനയ്‌ക്കുള്ളിലെ ഏതു ജോലിയും ചെയ്യുന്നതിൽ എനിക്ക്‌ അങ്ങേയറ്റം സന്തോഷമേ ഉള്ളൂവെന്ന്‌ ഞാൻ വിശദീകരിച്ചു.

ആ സമയത്ത്‌ 39-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽ സംബന്ധിക്കുന്നതിനുള്ള ക്ഷണം ലോയ്‌ഡിനും എനിക്കും ലഭിച്ചു. 1964-ൽ, 46-ാമത്തെ വയസ്സിൽ വീണ്ടും സ്‌കൂളിൽ പോകുക എന്നത്‌ എന്തൊരു പദവി ആയിരുന്നു! ബ്രാഞ്ച്‌ ഓഫീസുകളിൽ സേവിക്കുന്നവരെ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന്‌ സഹായിക്കാൻ വേണ്ടിയായിരുന്നു പ്രധാനമായും ആ കോഴ്‌സ്‌. പത്തു മാസത്തെ കോഴ്‌സ്‌ പൂർത്തിയായപ്പോൾ ഞങ്ങളെ ജപ്പാനിലേക്കു തിരിച്ചയച്ചു. ആ സമയത്ത്‌ ജപ്പാനിൽ 3,000 രാജ്യഘോഷകർ ഉണ്ടായിരുന്നു.

ആ വളർച്ചയ്‌ക്ക്‌ ആക്കം വർധിച്ച്‌ 1972 ആയപ്പോൾ സാക്ഷികളുടെ എണ്ണം 14,000 ആയിത്തീർന്നു. ടോക്കിയോയുടെ തെക്കുള്ള ന്യുമാസൂവിൽ ഒരു പുതിയ അഞ്ചുനില ബ്രാഞ്ച്‌ ഓഫീസ്‌ നിർമിച്ചു. ഞങ്ങളുടെ ബെഥേൽ കെട്ടിടങ്ങളിൽനിന്ന്‌ ഫുജിപർവതത്തിന്റെ ഗംഭീരമായ ദൃശ്യം കാണാമായിരുന്നു. ഓരോ മാസവും ജാപ്പനീസ്‌ ഭാഷയിൽ പത്തു ലക്ഷത്തിലധികം മാസികകൾ പുതിയ റോട്ടറി അച്ചടിശാലകളിൽനിന്നു പുറത്തുവരാൻ തുടങ്ങി. എന്നാൽ ഞങ്ങൾക്ക്‌ ഇരുവർക്കും ഒരു മാറ്റത്തിനുള്ള സമയം ആയിരുന്നു.

1974-ന്റെ അന്ത്യത്തിൽ, യഹോവയുടെ സാക്ഷികളുടെ ബ്രുക്ലിനിലെ ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്ന്‌ ലോയ്‌ഡിന്‌ ഒരു കത്തു കിട്ടി. ഭരണസംഘത്തിൽ സേവിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു അത്‌. ആദ്യമൊക്കെ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ഇതോടെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം അവസാനിച്ചു. ലോയ്‌ഡിനു സ്വർഗീയ പ്രത്യാശയും എനിക്കു ഭൗമിക പ്രത്യാശയുമാണ്‌ ഉണ്ടായിരുന്നത്‌. ഏതായാലും ഒരു കാലത്തു ഞങ്ങൾ വേർപിരിയണം. ഒരുപക്ഷേ ലോയ്‌ഡ്‌ എന്നെക്കൂടാതെ ബ്രുക്ലിനിലേക്കു പോകണം.’ എന്നാൽ ഞാൻ എന്റെ ചിന്താഗതിക്കു മാറ്റം വരുത്തുകയും 1975 മാർച്ചിൽ ലോയ്‌ഡിനോടൊപ്പം അവിടേക്കു സസന്തോഷം പോകുകയും ചെയ്‌തു.

ആസ്ഥാനത്തെ അനുഗ്രഹങ്ങൾ

ബ്രുക്ലിനിൽ ആയിരുന്നപ്പോഴും ലോയ്‌ഡിന്റെ ചിന്ത മുഴുവനും ജപ്പാനിലെ വേലയെ കുറിച്ചായിരുന്നു. അവിടെ തനിക്കുണ്ടായിട്ടുള്ള അനുഭവങ്ങളെ കുറിച്ച്‌ അദ്ദേഹം എപ്പോഴും പറയുമായിരുന്നു. എന്നാൽ ഇപ്പോൾ വിശാലത പ്രകടമാക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ ലഭിച്ചിരിക്കുന്നു. 24 വർഷമായി ലോയ്‌ഡിനെ മേഖലാ സന്ദർശനത്തിനു വ്യാപകമായി ഉപയോഗിച്ചിരുന്നു, ആഗോള യാത്ര അതിൽ ഉൾപ്പെട്ടിരുന്നു. പല തവണ അദ്ദേഹത്തോടൊപ്പം ഞാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിട്ടുണ്ട്‌.

മറ്റു രാജ്യങ്ങളിലുള്ള ക്രിസ്‌തീയ സഹോദരങ്ങളെ സന്ദർശിച്ചത്‌, അവരിലനേകരും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവസ്ഥകൾ മനസ്സിലാക്കാൻ എന്നെ സഹായിച്ചു. ഉത്തര ആഫ്രിക്കയിൽവെച്ച്‌ ഞാൻ കണ്ട എന്റെല്യ എന്ന പത്തു വയസ്സുകാരിയുടെ മുഖം ഞാൻ ഒരിക്കലും മറക്കുകയില്ല. അവൾ ദൈവനാമം വളരെ പ്രിയപ്പെട്ടിരുന്നു. ഒന്നര മണിക്കൂർ നടന്നാണ്‌ അവൾ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാൻ എത്തിയിരുന്നത്‌. കുടുംബത്തിൽനിന്നു ശക്തമായ എതിർപ്പ്‌ ഉണ്ടായിരുന്നിട്ടും അവൾ തന്നെത്തന്നെ യഹോവയ്‌ക്കു സമർപ്പിച്ച്‌ സ്‌നാപനമേറ്റു. ഞങ്ങൾ അവളുടെ സഭ സന്ദർശിച്ചപ്പോൾ, പ്രസംഗകന്റെ നോട്ടിനു മുകളിലായി താഴ്‌ന്ന വോൾട്ടേജിൽ മങ്ങിക്കത്തുന്ന ഒരു ബൾബ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റെല്ലായിടത്തും കൂരിരുട്ട്‌. എന്നാൽ ആ ഇരുട്ടിലും സഹോദരീസഹോദരന്മാർ മനോഹരമായി പാടുന്നതു കേട്ടപ്പോൾ ഞങ്ങൾ ആകെ വിസ്‌മയംകൂറി.

ഞങ്ങളുടെ ജീവിതത്തിലെ അനുസ്‌മരണീയമായ ഒരു സംഭവം നടന്നത്‌ 1998 ഡിസംബറിൽ ആയിരുന്നു. ആ മാസം, ക്യൂബയിൽ നടന്ന “ദൈവമാർഗത്തിലുള്ള ജീവിതം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾക്ക്‌ പോയവരുടെ കൂട്ടത്തിൽ ലോയ്‌ഡും ഞാനും ഉണ്ടായിരുന്നു. ബ്രുക്ലിനിലെ ഹെഡ്‌ക്വാർട്ടേഴ്‌സിൽ നിന്നുള്ള ചിലർ തങ്ങളെ സന്ദർശിക്കാൻ എത്തിയതിൽ അവിടത്തെ സഹോദരങ്ങൾ എത്ര നന്ദിയും സന്തോഷവും ഉള്ളവർ ആയിരുന്നു! യഹോവയ്‌ക്കു സ്‌തുതി ഘോഷിക്കുന്ന തീക്ഷ്‌ണതയുള്ള പ്രിയപ്പെട്ടവരുമായി കൂടിക്കാണാൻ കഴിഞ്ഞതിന്റെ ഓർമകൾ ഞാൻ വളരെയധികം താലോലിക്കുന്നു.

ദൈവജനവുമായി അടുത്ത ബന്ധത്തിൽ

എന്റെ സ്വദേശം ഓസ്‌ട്രേലിയ ആണെങ്കിലും, യഹോവയുടെ സംഘടന എന്നെ അയയ്‌ക്കുന്നിടങ്ങളിലെ ആളുകളെ സ്‌നേഹിക്കാൻ ഞാൻ പഠിച്ചു. ജപ്പാനിൽ ആയിരുന്നപ്പോൾ അതു സത്യമായിരുന്നു. ഇപ്പോൾ 25-ലധികം വർഷമായി ഞാൻ അമേരിക്കയിലാണ്‌, ഇവിടെയും അവസ്ഥ അതുതന്നെ. ഭർത്താവ്‌ മരിച്ചപ്പോൾ ഓസ്‌ട്രേലിയയിലേക്കു മടങ്ങാനല്ല, മറിച്ച്‌ യഹോവ എന്നെ നിയമിച്ചിരിക്കുന്ന ബ്രുക്ലിൻ ബെഥേലിൽത്തന്നെ കഴിയാനാണ്‌ ഞാൻ ആഗ്രഹിച്ചത്‌.

ഇപ്പോൾ എനിക്ക്‌ 80-ലേറെ വയസ്സായി. മുഴുസമയ ശുശ്രൂഷയിൽ 61 വർഷം പിന്നിട്ട ഞാൻ, യഹോവ ഉചിതമെന്നു വീക്ഷിക്കുന്ന എവിടെയും സേവിക്കാൻ സന്നദ്ധയാണ്‌. അവൻ എന്നെ നന്നായി പരിപാലിച്ചിരിക്കുന്നു. യഹോവയെ സ്‌നേഹിച്ച പ്രിയ പങ്കാളിയായ ലോയ്‌ഡിനോടൊത്തുള്ള 57 വർഷത്തെ ജീവിതത്തെ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു. ഞങ്ങളുടെമേൽ യഹോവയുടെ തുടർച്ചയായ അനുഗ്രഹം ഉണ്ടായിരിക്കുമെന്നും അവൻ ഞങ്ങളുടെ വേലയും അവന്റെ നാമത്തോടു ഞങ്ങൾ കാണിച്ച സ്‌നേഹവും മറന്നുകളയുകയില്ല എന്നും എനിക്ക്‌ ഉറപ്പുണ്ട്‌.​—⁠എബ്രായർ 6:⁠10.

[അടിക്കുറിപ്പ്‌]

[25-ാം പേജിലെ ചിത്രം]

1956-ൽ അമ്മയോടൊപ്പം

[26-ാം പേജിലെ ചിത്രം]

1950-കളുടെ തുടക്കത്തിൽ ലോയ്‌ഡിനോടും ഒരു കൂട്ടം ജാപ്പനീസ്‌ സഹോദരങ്ങളോടും ഒപ്പം

[26-ാം പേജിലെ ചിത്രങ്ങൾ]

ജപ്പാനിലെ എന്റെ ആദ്യത്തെ ബൈബിൾ വിദ്യാർഥിനിയായ മിയോ തകഗിയോടൊപ്പം, 1950-ന്റെ തുടക്കത്തിലും 1999-ലും

[28-ാം പേജിലെ ചിത്രം]

ജപ്പാനിൽ ലോയ്‌ഡിനോടൊപ്പം മാസികാ വേലയിൽ