തെറ്റിദ്ധരിക്കപ്പെടുന്നതായി നിങ്ങൾക്കു തോന്നുന്നുവോ?
തെറ്റിദ്ധരിക്കപ്പെടുന്നതായി നിങ്ങൾക്കു തോന്നുന്നുവോ?
ആന്റോണിയോയ്‌ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അവന്റെ നല്ല സുഹൃത്തായ ലേയോണാർഡോ അവനോട് അപരിചിതത്വം കാണിക്കാൻ തുടങ്ങിയത് പെട്ടെന്നായിരുന്നു. * അതിനു യാതൊരു കാരണവും കാണാൻ ആന്റോണിയോയ്‌ക്കു കഴിഞ്ഞില്ല. പലപ്പോഴും അദ്ദേഹത്തിന്റെ അഭിവാദനങ്ങളോട് സുഹൃത്തു പ്രതികരിക്കാതായി. ഒന്നിച്ചായിരുന്നപ്പോൾ അവരുടെ ഇടയിൽ ഒരു മതിൽ ഉള്ളതുപോലെ തോന്നിച്ചു. താൻ ചെയ്‌തതോ പറഞ്ഞതോ ആയ എന്തെങ്കിലും തന്റെ സ്‌നേഹിതൻ തെറ്റിദ്ധരിച്ചിരിക്കാമെന്ന് ആന്റോണിയോ ഭയപ്പെട്ടു. എന്നാൽ എന്തായിരിക്കും അത്?
തെറ്റിദ്ധാരണകൾ ഉണ്ടാകുക സാധാരണമാണ്. പലതും നിസ്സാരവും എളുപ്പം തിരുത്താവുന്നവയുമാണ്. എന്നാൽ, മറ്റു ചിലവ തികച്ചും നിരാശാജനകമാണ്, പ്രത്യേകിച്ചും അവ നീക്കം ചെയ്യാനുള്ള ശ്രമങ്ങളൊക്കെ അസ്ഥാനത്താകുമ്പോൾ. തെറ്റിദ്ധാരണകൾ ഉടലെടുക്കുന്നത് എന്തുകൊണ്ടാണ്? ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെ അവ എങ്ങനെയാണു ബാധിക്കുന്നത്? നിങ്ങളുടെ ഏതെങ്കിലുമൊരു പ്രവർത്തനത്തെ മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നെങ്കിൽ എന്തു ചെയ്യാൻ കഴിയും? ഇനി, മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതു വാസ്‌തവത്തിൽ അത്ര പ്രാധാന്യമുള്ള കാര്യമാണോ?
ഒഴിവാക്കാനാവാത്ത ഒരു യാഥാർഥ്യം
മറ്റുള്ളവർക്ക് നമ്മുടെ ചിന്തകളും ഉദ്ദേശ്യങ്ങളും വായിച്ചറിയാൻ കഴിയാത്തതിനാൽ, ആരെങ്കിലും എപ്പോഴെങ്കിലും നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും തെറ്റിദ്ധരിക്കും എന്നതിനു സംശയമില്ല. തെറ്റിദ്ധാരണയ്‌ക്കുള്ള സാധ്യതകൾ ഇനിയുമുണ്ട്. ചിലപ്പോൾ, നാം നമ്മുടെ ആശയങ്ങൾ വേണ്ടത്ര വ്യക്തമായും കൃത്യമായും പറയുന്നില്ല. അതല്ലെങ്കിൽ ചുറ്റുപാടുമുള്ള ഒച്ചയും മറ്റു കാര്യങ്ങളും മൂലം നമ്മൾ പറയുന്ന കാര്യങ്ങൾക്കു പൂർണ ശ്രദ്ധ കൊടുക്കാൻ മറ്റുള്ളവർക്കു കഴിയാതിരുന്നേക്കാം.
ചില പെരുമാറ്റരീതികളും ശീലങ്ങളും തെറ്റിദ്ധാരണയ്‌ക്ക് ഇടം നൽകിയേക്കാം. ഉദാഹരണത്തിന്, ധൈര്യക്കുറവുള്ള ഒരു വ്യക്തിയെ കുറിച്ച് മറ്റുള്ളവർ സൗഹൃദം ഇല്ലാത്തവനെന്നോ നിസ്സംഗ മനോഭാവക്കാരനെന്നോ അഹങ്കാരി എന്നോ വിചാരിച്ചേക്കാം. മുൻകാല വ്യക്തിഗത അനുഭവങ്ങൾ, ചില സാഹചര്യങ്ങളോടു യുക്തിസഹമായി പ്രതികരിക്കുന്നതിനു പകരം വൈകാരികമായി പ്രതികരിക്കാൻ ഇടയാക്കിയേക്കാം. സാംസ്‌കാരികവും ഭാഷാപരവുമായ ഭിന്നതകൾ ഉള്ളപ്പോൾ പരസ്‌പരം മനസ്സിലാക്കുക ദുഷ്‌കരമായിരിക്കാം. പ്രശ്‌നത്തെ ഒന്നുകൂടി വർധിപ്പിക്കുന്നതാണ് കൃത്യതയില്ലാത്ത റിപ്പോർട്ടുകളും കുശുകുശുപ്പും. പറഞ്ഞതോ ചെയ്‌തതോ ആയ കാര്യങ്ങൾക്ക് ചിലപ്പോഴൊക്കെ ഉദ്ദേശിച്ചതിൽനിന്നു വ്യത്യസ്‌തമായ അർഥങ്ങൾ കൽപ്പിക്കപ്പെടാറുണ്ട്. തങ്ങളുടെ ഉദ്ദേശ്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നു തോന്നുന്ന വ്യക്തികൾക്ക് ഇവയൊക്കെ തീർച്ചയായും വളരെയധികം പ്രയാസം ഉളവാക്കുന്നു.
ഉദാഹരണത്തിന്, സ്ഥലത്തില്ലാതിരുന്ന ഒരു സുഹൃത്തിന്റെ പ്രശസ്‌തിയെ കുറിച്ച് ആന്ന നിർദോഷമായ ഒരു അഭിപ്രായം പറഞ്ഞു. എന്നാൽ അവൾ അത് പറഞ്ഞ സാഹചര്യം വ്യക്തമാക്കപ്പെടാതെ സംഗതി മറ്റുള്ളവരുടെ കാതുകളിൽ എത്തിയപ്പോൾ അതിനു മറ്റു ചില അർഥങ്ങൾ കൈവന്നു. ഒടുവിൽ ഈ തെറ്റായ വാർത്ത അറിഞ്ഞ ആ സുഹൃത്ത്, ഒരു പുരുഷ സുഹൃത്തിൽനിന്ന് തനിക്കു ലഭിക്കുന്ന പ്രത്യേക പരിഗണനയിൽ അവൾക്ക് അസൂയയാണെന്ന് മറ്റുള്ളവരുടെ മുമ്പിൽവെച്ച് ആന്നയുടെമേൽ ആരോപണം ഉന്നയിച്ചു. ആന്ന പറഞ്ഞ കാര്യങ്ങൾ പാടേ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. തനിക്ക് യാതൊരു ദുരുദ്ദേശ്യവും ഇല്ലായിരുന്നു എന്ന് തന്റെ സുഹൃത്തിനെ ബോധ്യപ്പെടുത്താനുള്ള അവളുടെ സകല ശ്രമങ്ങളും പരാജയപ്പെട്ടു. അതു വളരെയധികം മാനസിക വ്യഥ ഉളവാക്കി. വളരെ കാലംകൊണ്ടാണ് തെറ്റിദ്ധാരണ പൂർണമായും മാറ്റിയെടുക്കാൻ ആന്നയ്‌ക്കു കഴിഞ്ഞത്.
നിങ്ങളുടെ ഉദ്ദേശ്യങ്ങളെ കുറിച്ചു മറ്റുള്ളവർക്കുള്ള ഗ്രാഹ്യത്തെ അടിസ്ഥാനമാക്കിയാണ് അവർ മിക്കപ്പോഴും നിങ്ങളെ വിലയിരുത്തുന്നത്. അതിനാൽ ആളുകൾ നിങ്ങളുടെ ആന്തരത്തെ തെറ്റായി വ്യാഖ്യാനിക്കുമ്പോൾ ദുഃഖം തോന്നുക സ്വാഭാവികമാണ്. എന്തിനാണ് മറ്റുള്ളവർ ഈ വിധത്തിൽ തെറ്റിദ്ധരിക്കുന്നത് എന്നു ചിന്തിച്ച് നിങ്ങൾ അമർഷംകൊണ്ടേക്കാം. നിങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം വിലയിരുത്തലുകൾ പക്ഷപാതപരമോ വിമർശനപരമോ തികച്ചും തെറ്റായതോ ആണ്, അവ നിങ്ങളെ വല്ലാതെ വ്രണപ്പെടുത്തുകയും ചെയ്‌തേക്കാം—പ്രത്യേകിച്ചും അത്തരം അനുചിതമായ വിലയിരുത്തലുകൾ നടത്തുന്നവരുടെ അഭിപ്രായത്തിന് നിങ്ങൾ ഏറെ വിലകൽപ്പിക്കുന്നെങ്കിൽ.
ആളുകൾ നിങ്ങളെ വിലയിരുത്തുന്ന വിധത്തിൽ നിങ്ങൾക്കു വിഷമം തോന്നിയേക്കാമെങ്കിലും, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആദരിക്കുന്നത് ഉചിതമാണ്. മറ്റാളുകളുടെ വിചാരങ്ങളെ അവഗണിക്കുന്നതു ക്രിസ്‌തീയമല്ല. നമ്മുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും മറ്റാളുകളുടെമേൽ ഹാനികരമായ ഒരു ഫലം ഉണ്ടായിരിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. (മത്തായി 7:12; 1 കൊരിന്ത്യർ 8:12) നിങ്ങളെ കുറിച്ചു മറ്റുള്ളവർക്കുള്ള തെറ്റിദ്ധാരണകൾ തിരുത്താൻ നിങ്ങൾ ഇടയ്‌ക്കൊക്കെ ശ്രമിക്കേണ്ടതുണ്ട്. എന്നുവരികിലും, അംഗീകാരം ലഭിക്കുന്നതിനുള്ള അമിതമായ ആഗ്രഹം വിപരീത ഫലമേ ഉളവാക്കൂ. അത് ആത്മാഭിമാനം നഷ്ടമാകുന്നതിലേക്കും അവഗണിക്കപ്പെട്ടു എന്ന തോന്നൽ ഉണ്ടാകുന്നതിലേക്കും നയിച്ചേക്കാം. ഇനി, നിങ്ങളുടെ യഥാർഥ മൂല്യം മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്തു വിചാരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല സ്ഥിതി ചെയ്യുന്നത്.
നേരെമറിച്ച്, ചില സാഹചര്യങ്ങളിൽ നിങ്ങൾക്ക് എതിരെയുള്ള വിമർശനത്തിന് ശരിയായ കാരണമുണ്ടെന്ന് നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. അതും നിങ്ങളെ വ്രണപ്പെടുത്തിയേക്കാം. എന്നാൽ നിങ്ങളുടെ ബലഹീനതകൾ നിങ്ങൾ മനസ്സോടെയും സത്യസന്ധമായും അംഗീകരിക്കുന്നെങ്കിൽ, അത്തരം അനുഭവങ്ങൾ നിങ്ങളിൽ ക്രിയാത്മക ഫലം ഉളവാക്കുമെന്നു മാത്രമല്ല, ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.
നിഷേധാത്മക പരിണതഫലങ്ങൾ
തെറ്റിദ്ധാരണകൾ ഗുരുതരമായ ഫലങ്ങളിലേക്കു നയിക്കുകയോ നയിക്കാതിരിക്കുകയോ ചെയ്‌തേക്കാം. ദൃഷ്ടാന്തത്തിന്, ഒരാൾ ഒരു റെസ്റ്ററന്റിലിരുന്ന് ഉച്ചത്തിൽ സംസാരിക്കുകയാണെങ്കിൽ, അയാൾ ഒരു ബഹിർമുഖൻ ആണെന്ന് അല്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം. നിങ്ങളുടെ ധാരണ തെറ്റായിരിക്കാം. ഒരുപക്ഷേ കേൾവിത്തകരാറുള്ള ഒരാളോട് ആയിരിക്കാം അയാൾ സംസാരിക്കുന്നത്. മറ്റൊരു സാഹചര്യം പരിചിന്തിക്കുക. കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കാൻ നിൽക്കുന്ന ഒരു പെൺകുട്ടി പരുക്കൻ സ്വഭാവക്കാരിയാണെന്ന് നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ, അവൾക്കു നല്ല സുഖമില്ലായിരിക്കാം. അത്തരം തെറ്റിദ്ധാരണകൾ ആളുകളെ കുറിച്ചുള്ള ഒരു നിഷേധാത്മക വിലയിരുത്തലിലേക്കു നയിച്ചേക്കാമെങ്കിലും, ഗുരുതരമോ സ്ഥായിയോ ആയ പരിണതഫലങ്ങൾ ഉണ്ടാകണമെന്നില്ല. ചിലപ്പോൾ തെറ്റിദ്ധാരണകൾ ദുരന്തങ്ങൾ വരുത്തിവെച്ചേക്കാം. പുരാതന ഇസ്രായേലിന്റെ ചരിത്രത്തിലെ രണ്ടു സംഭവങ്ങൾ പരിചിന്തിക്കുക.
അമ്മോന്യ രാജാവായ നാഹാശ് മരിച്ചപ്പോൾ, അവന്റെ സ്ഥാനത്തേക്കു വന്ന പുത്രനായ ഹാനൂനെ ആശ്വസിപ്പിക്കാൻ ദാവീദ് ദൂതന്മാരെ അയച്ചു. എന്നാൽ, ആ ദൂതന്മാർ അമ്മോന്യ ദേശം ഒറ്റുനോക്കാൻ വന്നതാണെന്ന് ഹാനൂൻ തെറ്റിദ്ധരിച്ചു. ആയതിനാൽ, അവൻ ആ ദൂതന്മാരെ അവഹേളിക്കുകയും തുടർന്ന് ഇസ്രായേലിനെതിരെ യുദ്ധം നടത്തുകയും ചെയ്‌തു. അതിന്റെ ഫലമായി 47,000 പേരാണു മരിച്ചത്—അതിനെല്ലാം കാരണമോ സദുദ്ദേശ്യങ്ങൾ സംബന്ധിച്ച വെറും തെറ്റിദ്ധാരണയും.—1 ദിനവൃത്താന്തം 19:1-19.
അതിനു മുമ്പ് ഇസ്രായേലിന്റെ ചരിത്രത്തിൽ മറ്റൊരു തെറ്റിദ്ധാരണ വ്യത്യസ്‌തമായ വിധത്തിലാണ് കൈകാര്യം ചെയ്യപ്പെട്ടത്. രൂബേൻ ഗോത്രവും ഗാദ് ഗോത്രവും മനശ്ശെയുടെ പാതിഗോത്രവും ചേർന്ന് യോർദ്ദാൻ നദിക്കരയിൽ വലിയൊരു യാഗപീഠം പണിതു. അതു യഹോവയ്‌ക്ക് എതിരെയുള്ള അവിശ്വസ്‌തതയുടെയും മത്സരത്തിന്റെയും ഒരു പ്രവൃത്തി ആണെന്ന് ബാക്കിയുള്ള ഇസ്രായേല്യ ഗോത്രങ്ങൾ കരുതി. തന്മൂലം അവർ സൈനിക നടപടിക്ക് ഒരുങ്ങി. എന്തെങ്കിലും ഒരു നടപടി എടുക്കുന്നതിനു മുമ്പ്, അവിശ്വസ്‌തതയുടെ ഒരു പ്രവൃത്തിയായി തങ്ങൾ കണ്ട ആ സംഗതിക്ക് എതിരെയുള്ള തങ്ങളുടെ അമർഷം അറിയിക്കാൻ അവർ സന്ദേശവാഹകരെ അയച്ചു. അവർ അങ്ങനെ ചെയ്‌തതു തീർച്ചയായും നന്നായി. കാരണം, യഹോവയുടെ ശുദ്ധാരാധനയിൽനിന്നു പിന്തിരിയാൻ യാതൊരു ഉദ്ദേശ്യവും ഇല്ലെന്ന് യാഗപീഠം പണിതവർ വെളിപ്പെടുത്തി. നേരെമറിച്ച്, യഹോവയോടുള്ള വിശ്വസ്‌തതയുടെ ഒരു സ്‌മാരകമായിട്ടാണ് അവർ അതു പണികഴിപ്പിച്ചത്. ആ തെറ്റിദ്ധാരണ ഒരുപക്ഷേ രക്തച്ചൊരിച്ചിലിലേക്കു നയിക്കുമായിരുന്നു. എന്നാൽ അവർ ജ്ഞാനം പ്രകടമാക്കിയതിന്റെ ഫലമായി അത്തരത്തിലുള്ള പരിണതഫലങ്ങളൊന്നും ഉണ്ടായില്ല.—സ്‌നേഹത്തിന്റെ ആത്മാവിൽ കാര്യങ്ങൾ വ്യക്തമാക്കുക
ഈ വിവരണങ്ങൾ താരതമ്യം ചെയ്യുന്നതിലൂടെ അനവധി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. തീർച്ചയായും, കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കുക എന്നതാണ് ജ്ഞാനപൂർവകമായ ഒരു സംഗതി. അവസാനം ചർച്ച ചെയ്‌ത സംഭവത്തിൽ, ഇരു വിഭാഗക്കാരും കാര്യങ്ങൾ തുറന്നു സംസാരിച്ചതിനാൽ എത്ര പേരുടെ ജീവനായിരിക്കാം രക്ഷിക്കാൻ കഴിഞ്ഞത്! മിക്ക കേസുകളിലും മറ്റൊരാളുടെ യഥാർഥ ആന്തരം ഗ്രഹിക്കാൻ പരാജയപ്പെട്ടു എന്നതിന്റെ പേരിൽ, ആരുടെയും ജീവനൊന്നും അപകടത്തിലാകാൻ പോകുന്നില്ല. എന്നാൽ, സുഹൃദ്‌ബന്ധങ്ങൾ തകർന്നേക്കാം. ആരെങ്കിലും അനുചിതമായി നിങ്ങളോട് ഇടപെട്ടുവെന്ന് തോന്നുന്നെങ്കിൽ, കാര്യങ്ങളെ നിങ്ങൾ ശരിയായിത്തന്നെ മനസ്സിലാക്കിയിരിക്കുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ അതോ നിങ്ങൾ അവയെ തെറ്റായി വ്യാഖ്യാനിക്കുകയാണോ? മറ്റേ വ്യക്തിയുടെ ആന്തരം എന്തായിരുന്നു? അയാളോടു ചോദിക്കുക. തെറ്റിദ്ധരിക്കപ്പെട്ടതായി നിങ്ങൾക്കു തോന്നുന്നുവോ? അതേക്കുറിച്ചു സംസാരിക്കുക. ദുരഭിമാനം നിങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് ഒരു വിലങ്ങുതടി ആകരുത്.
തെറ്റിദ്ധാരണകൾ പരിഹരിക്കാൻ യേശു നല്ല ഉദ്‌ബോധനം നൽകി: “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.” (മത്തായി 5:23, 24) അതിനാൽ, മറ്റു വ്യക്തികളെ ഉൾപ്പെടുത്താതെ മറ്റേ വ്യക്തിയെ സ്വകാര്യമായി കണ്ടു സംസാരിക്കുന്നതാണ് ഉചിതം. തെറ്റു ചെയ്‌ത ആൾ നിങ്ങളുടെ പരാതിയെ കുറിച്ചു മറ്റുള്ളവരിൽനിന്നാണ് ആദ്യം കേൾക്കുന്നതെങ്കിൽ പ്രശ്‌നം ഒന്നുകൂടി വഷളാകുകയേ ഉള്ളൂ. (സദൃശവാക്യങ്ങൾ 17:9) സ്‌നേഹത്തിന്റെ ആത്മാവിൽ സമാധാനം സ്ഥാപിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. വ്യക്തവും ലളിതവുമായ വാക്കുകളിൽ പ്രശ്‌നം ശാന്തമായി അവതരിപ്പിക്കുക. കുറ്റപ്പെടുത്തുന്ന രൂപത്തിൽ ആയിരിക്കരുത്. ആ സാഹചര്യത്തെ കുറിച്ചുള്ള നിങ്ങളുടെ വികാരം വിശദമാക്കുക. എന്നിട്ട് മറ്റേ വ്യക്തിയുടെ വീക്ഷണം വസ്‌തുനിഷ്‌ഠമായി ശ്രദ്ധിച്ചു കേൾക്കുക. അയാൾക്ക് തെറ്റായ ആന്തരമാണ് ഉണ്ടായിരുന്നത് എന്ന് തിടുക്കത്തിൽ പറയാതിരിക്കുക. മറ്റേ വ്യക്തിക്കു സംശയത്തിന്റെ ആനുകൂല്യം നൽകുക. സ്‌നേഹം “എല്ലാം വിശ്വസിക്കുന്നു” എന്ന് ഓർക്കുക.—1 കൊരിന്ത്യർ 13:7.
തീർച്ചയായും തെറ്റിദ്ധാരണകൾ നീങ്ങിയാൽ പോലും വ്രണിത വികാരങ്ങളോ സ്ഥായിയായ നിഷേധാത്മക ഫലങ്ങളോ നിലനിന്നേക്കാം. അപ്പോൾ എന്തു ചെയ്യാൻ കഴിയും? ആവശ്യമായി വരുന്നെങ്കിൽ ആത്മാർഥമായ ക്ഷമാപണം നടത്തുകയും കാര്യങ്ങൾ നേരെയാക്കാൻ സഹായിക്കുന്ന ന്യായമായ മറ്റു നടപടികൾ സ്വീകരിക്കുകയും ചെയ്യുക. അത്തരത്തിലുള്ള എല്ലാ സാഹചര്യങ്ങളിലും വ്രണിത വ്യക്തി പിൻവരുന്ന നിശ്വസ്‌ത ബുദ്ധിയുപദേശം ബാധകമാക്കേണ്ടതുണ്ട്: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.”—കൊലൊസ്സ്യർ 3:13, 14; 1 പത്രൊസ് 4:8.
നാം അപൂർണ വ്യക്തികൾ ആയിരിക്കുന്നിടത്തോളം കാലം തെറ്റിദ്ധാരണകളും വ്രണിത വികാരങ്ങളും ഉണ്ടായിരിക്കും. ആർക്കും തെറ്റു പറ്റാം. അല്ലെങ്കിൽ, ആളുകൾ ചിലപ്പോൾ മറ്റുള്ളവരുടെ വികാരങ്ങൾ കണക്കിലെടുക്കാതെയോ ദയയില്ലാതെയോ സംസാരിച്ചേക്കാം. ബൈബിൾ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.” (യാക്കോബ് 3:2) ഇക്കാര്യത്തെ കുറിച്ച് യഹോവയാം ദൈവത്തിനു നന്നായി അറിയാവുന്നതിനാൽ, അവൻ ഈ നിർദേശങ്ങൾ നമുക്കു നൽകിയിരിക്കുന്നു: “നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു. പറഞ്ഞുകേൾക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുതു; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിന്നു തന്നേ. നീയും പല പ്രാവശ്യം മററുള്ളവരെ ശപിച്ച പ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.”—സഭാപ്രസംഗി 7:9, 21, 22.
‘യഹോവ ഹൃദയങ്ങളെ തൂക്കിനോക്കുന്നു’
നിങ്ങളെ കുറിച്ച് ആർക്കെങ്കിലുമുള്ള തെറ്റിദ്ധാരണ നീക്കുക അസാധ്യമാണെന്ന് തോന്നുന്നെങ്കിലോ? നിരാശപ്പെടരുത്. നിങ്ങളുടെ കഴിവിന്റെ പരമാവധി ക്രിസ്‌തീയ ഗുണങ്ങൾ നട്ടുവളർത്തുന്നതിലും പ്രകടമാക്കുന്നതിലും തുടരുക. ആവശ്യമായിരിക്കുന്ന മണ്ഡലങ്ങളിൽ അഭിവൃദ്ധി വരുത്താൻ സഹായത്തിനായി യഹോവയോട് അപേക്ഷിക്കുക. ഒരു വ്യക്തി എന്ന നിലയിലുള്ള നിങ്ങളുടെ യഥാർഥ മൂല്യം ആത്യന്തികമായി കണക്കാക്കുന്നത് മറ്റു മനുഷ്യരല്ല. കൃത്യമായ വിധത്തിൽ ‘ഹൃദയങ്ങളെ തൂക്കിനോക്കാൻ’ യഹോവയ്‌ക്കു മാത്രമേ കഴിയുകയുള്ളൂ. (സദൃശവാക്യങ്ങൾ 21:2) ആളുകൾ യേശുവിനെ പോലും വിലകുറച്ചു കാണുകയും ദുഷിക്കുകയും ചെയ്‌തു. എന്നാൽ യഹോവ അവനെ വീക്ഷിച്ച വിധത്തിന് അതു മാറ്റം വരുത്തിയില്ല. (യെശയ്യാവു 53:3) ചിലർ നിങ്ങളെ തെറ്റായി വിധിച്ചാലും “നിങ്ങളുടെ ഹൃദയം” യഹോവയുടെ മുന്നിൽ ‘പകരുക.’ “മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്ന ഉറപ്പും ഉണ്ടായിരിക്കുക. (സങ്കീർത്തനം 62:8; 1 ശമൂവേൽ 16:7) നിങ്ങൾ ശരിയായതു ചെയ്യുന്നതിൽ തുടരുന്നെങ്കിൽ, നിങ്ങളെ കുറിച്ചു തെറ്റിദ്ധാരണ വളർത്തിയെടുത്തിരിക്കുന്നവർ കാലക്രമത്തിൽ തെറ്റു തിരിച്ചറിഞ്ഞ് തങ്ങളുടെ അഭിപ്രായം മാറ്റിക്കൊള്ളും.—ഗലാത്യർ 6:9; 2 തിമൊഥെയൊസ് 2:15.
ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച ആന്റോണിയോയെ നിങ്ങൾ ഓർക്കുന്നുണ്ടോ? തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കാനുള്ള ധൈര്യം ആർജിച്ച ആന്റോണിയോ, ലേയോണാർഡോയോടു സംസാരിക്കുകയും താൻ ചെയ്‌ത എന്താണ് അവനിൽ ബുദ്ധിമുട്ട് ഉളവാക്കിയതെന്നു ചോദിക്കുകയും ചെയ്‌തു. ഫലമോ? ലേയോണാർഡോ അമ്പരന്നുപോയി. തന്നെ അസ്വസ്ഥനാക്കുന്ന യാതൊന്നും ആന്റോണിയോ ചെയ്‌തിട്ടില്ലെന്നും തന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ അതു മനപ്പൂർവം അല്ലായിരുന്നു എന്നും ലേയോണാർഡോ പറഞ്ഞു. അവൻ നിസ്സംഗത പ്രകടമാക്കിയെങ്കിൽ, അത് ഒരുപക്ഷേ എന്തിനെ കുറിച്ചെങ്കിലും ചിന്തിച്ചുകൊണ്ടിരുന്നതിനാൽ ആയിരുന്നിരിക്കാം. അറിയാതെയാണെങ്കിലും സ്‌നേഹിതന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതിൽ ലേയോണാർഡോ ക്ഷമ ചോദിക്കുകയും ഇക്കാര്യം തന്റെ ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി പറയുകയും ചെയ്‌തു. ഭാവിയിൽ അതുപോലുള്ള ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ താൻ ശ്രദ്ധിക്കുമെന്നും ലേയോണാർഡോ വ്യക്തമാക്കി. അവർക്കിടയിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. അങ്ങനെ അവർ വീണ്ടും നല്ല സുഹൃത്തുക്കളായി.
മറ്റുള്ളവർ നമ്മെ തെറ്റിദ്ധരിക്കുന്നത് അത്ര സുഖമുള്ള സംഗതിയല്ല. എന്നാൽ നിങ്ങൾ കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കാൻ ആവശ്യമായ പടികൾ സ്വീകരിക്കുകയും സ്‌നേഹവും ക്ഷമയും സംബന്ധിച്ച തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ, സകല സാധ്യതയുമനുസരിച്ച്, നിങ്ങൾക്കും നല്ല ഫലങ്ങൾ ലഭിക്കും.
[അടിക്കുറിപ്പ്]
^ ഖ. 2 ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ചില പേരുകൾ യഥാർഥമല്ല.
[23-ാം പേജിലെ ചിത്രങ്ങൾ]
സ്‌നേഹത്തിന്റെയും ക്ഷമയുടെയും ആത്മാവിൽ കാര്യങ്ങൾ വ്യക്തമാക്കുന്നത് സന്തുഷ്‌ട ഫലങ്ങളിലേക്കു നയിച്ചേക്കാം