വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവവചനം മേല്‌ക്കുമേൽ പരന്നുകൊണ്ടിരുന്നു”

“ദൈവവചനം മേല്‌ക്കുമേൽ പരന്നുകൊണ്ടിരുന്നു”

“ദൈവവചനം മേല്‌ക്കുമേൽ പരന്നുകൊണ്ടിരുന്നു”

“അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു”​—⁠സങ്കീർത്തനം 147:⁠15.

1, 2. യേശു തന്റെ ശിഷ്യന്മാർക്ക്‌ എന്തു നിയമനം നൽകി, അതിൽ എന്തെല്ലാം ഉൾപ്പെട്ടിരുന്നു?

ബൈബിളിലെ ഏറ്റവും ശ്രദ്ധേയമായ പ്രവചനങ്ങളിൽ ഒന്ന്‌ പ്രവൃത്തികൾ 1:​8-ൽ കാണുന്നതാണ്‌. സ്വർഗാരോഹണം ചെയ്യുന്നതിനു മുമ്പ്‌, യേശു തന്റെ വിശ്വസ്‌ത അനുഗാമികളോട്‌ ഇങ്ങനെ പറഞ്ഞു: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു . . . ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.” എത്ര ബൃഹത്തായ ഒരു വേല ആയിരിക്കുമായിരുന്നു അത്‌!

2 ആ നിയമനം ലഭിച്ച ഏതാനുംപോന്ന ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം, ഭൂമിയിൽ എമ്പാടും ദൈവവചനം ഘോഷിക്കുക എന്നത്‌ ഭാരിച്ച ഒരു നിയമനമായി തോന്നിയിരിക്കാം. അതിൽ ഉൾപ്പെട്ടിരുന്നത്‌ എന്താണെന്നു ചിന്തിക്കുക. ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത മനസ്സിലാക്കാൻ അവർ ആളുകളെ സഹായിക്കുമായിരുന്നു. (മത്തായി 24:14) യേശുവിനു സാക്ഷ്യം വഹിക്കുന്നതിൽ, മറ്റുള്ളവരുമായി അവന്റെ ശക്തമായ പഠിപ്പിക്കലുകൾ പങ്കുവെക്കുന്നതും യഹോവയുടെ ഉദ്ദേശ്യത്തിൽ അവനുള്ള സ്ഥാനത്തെ കുറിച്ചു വിശദീകരിക്കുന്നതും ഉൾപ്പെട്ടിരുന്നു. കൂടാതെ, ആളുകളെ സ്‌നാപനപ്പെടുത്തിക്കൊണ്ട്‌ അവരെ ശിഷ്യരാക്കുന്നതും ആ വേലയുടെ ഭാഗമായിരുന്നു. ഇതു ലോകവ്യാപകമായി ചെയ്യേണ്ട ഒരു സംഗതി ആയിരുന്നു!​—⁠മത്തായി 28:​19, 20.

3. യേശു തന്റെ അനുഗാമികൾക്ക്‌ എന്ത്‌ ഉറപ്പു നൽകി, തങ്ങൾക്കു ലഭിച്ച വേലയോട്‌ അവർ എങ്ങനെയാണു പ്രതികരിച്ചത്‌?

3 എന്നിരുന്നാലും, താൻ നൽകിയ വേല നിർവഹിക്കുന്നതിൽ തന്റെ അനുഗാമികൾക്ക്‌ പരിശുദ്ധാത്മാവിന്റെ സഹായം ഉണ്ടായിരിക്കുമെന്ന്‌ യേശു ഉറപ്പു നൽകി. അവർക്കു ലഭിച്ചത്‌ ബൃഹത്തായ ഒരു വേല ആയിരുന്നു, മാത്രമല്ല അവരെ നിശ്ശബ്‌ദരാക്കാൻ ശത്രുക്കൾ തീവ്രമായി ശ്രമിക്കുകയും ചെയ്‌തു. എന്നിട്ടും യേശുവിന്റെ ആദിമ ശിഷ്യന്മാർ തങ്ങൾക്കു ലഭിച്ച മാർഗനിർദേശപ്രകാരം വിജയകരമായി പ്രവർത്തിച്ചു. അതു നിഷേധിക്കാനാവാത്ത ഒരു ചരിത്രവസ്‌തുത ആണ്‌.

4. പ്രസംഗ-പഠിപ്പിക്കൽ നിയമനത്തിൽ യഹോവയുടെ സ്‌നേഹം പ്രകടമായിരുന്നത്‌ എങ്ങനെ?

4 തന്നെ അറിയാത്തവരോട്‌ ദൈവത്തിനുള്ള സ്‌നേഹത്തിന്റെ ഒരു പ്രകടനം ആയിരുന്നു ലോകവ്യാപകമായ പ്രസംഗവും പഠിപ്പിക്കലും. യഹോവയോട്‌ അടുത്തുവരാനും പാപമോചനം നേടാനുമുള്ള ഒരു അവസരം അത്‌ അവർക്കു നൽകി. (പ്രവൃത്തികൾ 26:18) പ്രസംഗ-പഠിപ്പിക്കൽ നിയമനം ആ സന്ദേശം വഹിക്കുന്നവരോടുള്ള ദൈവസ്‌നേഹത്തിന്റെ ഒരു പ്രകടനംകൂടെ ആയിരുന്നു. കാരണം, അതു മുഖാന്തരം യഹോവയോടുള്ള ഭക്തിയും സഹ മനുഷ്യരോടുള്ള സ്‌നേഹവും പ്രകടമാക്കാൻ അവർക്കു കഴിയുന്നു. (മത്തായി 22:37-39) ക്രിസ്‌തീയ ശുശ്രൂഷയെ അതിയായി വിലമതിച്ചിരുന്ന പൗലൊസ്‌ അപ്പൊസ്‌തലൻ അതിനെ ഒരു “നിക്ഷേപം” എന്നു വിളിക്കുകയുണ്ടായി.​—⁠2 കൊരിന്ത്യർ 4:⁠7.

5. (എ) ആദിമ ക്രിസ്‌ത്യാനികളെ കുറിച്ചുള്ള ഏറ്റവും ആശ്രയയോഗ്യമായ ചരിത്രം നമുക്ക്‌ എവിടെ കാണാം, അതിൽ ഏതു വളർച്ചയെ കുറിച്ചു പ്രതിപാദിച്ചിരിക്കുന്നു? (ബി) പ്രവൃത്തികളുടെ പുസ്‌തകം ഇന്നുള്ള ദൈവദാസന്മാർക്ക്‌ അർഥവത്തായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 ആദിമ ക്രിസ്‌ത്യാനികളുടെ പ്രസംഗ പ്രവർത്തനം സംബന്ധിച്ച ഏറ്റവും ആശ്രയയോഗ്യമായ ചരിത്രം അടങ്ങിയിരിക്കുന്നത്‌ ശിഷ്യനായ ലൂക്കൊസ്‌ എഴുതിയ നിശ്വസ്‌ത പുസ്‌തകമായ പ്രവൃത്തികളിൽ ആണ്‌. വിസ്‌മയകരവും ത്വരിതഗതിയിലുള്ളതുമായ വളർച്ചയുടെ ചരിത്രമാണ്‌ അത്‌. ദൈവവചനം സംബന്ധിച്ച പരിജ്ഞാനത്തിന്റെ ഈ വളർച്ച സങ്കീർത്തനം 147:15 നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. ആ വാക്യം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “[യഹോവ] തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു.” പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കപ്പെട്ട ആദിമ ക്രിസ്‌ത്യാനികളെ സംബന്ധിച്ചുള്ള വിവരണം ഇന്നു നമുക്ക്‌ ആവേശം പകരുന്നതും അങ്ങേയറ്റം അർഥവത്തുമാണ്‌. അവരെപ്പോലെതന്നെ യഹോവയുടെ സാക്ഷികളും പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ ഏർപ്പെട്ടിരിക്കുകയാണ്‌, വലിയ ഒരു അളവിൽ ആണെന്നു മാത്രം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ ഉണ്ടായതു പോലുള്ള പ്രശ്‌നങ്ങളും നമ്മെ അഭിമുഖീകരിക്കുന്നു. ആദിമ ക്രിസ്‌ത്യാനികളെ യഹോവ എങ്ങനെ അനുഗ്രഹിക്കുകയും ശക്തീകരിക്കുകയും ചെയ്‌തുവെന്ന്‌ നാം പരിചിന്തിക്കവേ, അവൻ നൽകുന്ന സഹായത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമായിത്തീരുന്നു.

ശിഷ്യന്മാരുടെ എണ്ണത്തിലുള്ള വർധനവ്‌

6. വളർച്ച സംബന്ധിച്ച ഏതു പ്രയോഗം പ്രവൃത്തികളുടെ പുസ്‌തകത്തിൽ മൂന്നു പ്രാവശ്യം കാണാം, അത്‌ എന്തിനെ പരാമർശിക്കുന്നു?

6 പ്രവൃത്തികൾ 1:​8-ന്റെ നിവൃത്തി പരിശോധിക്കുന്നതിനുള്ള ഒരു മാർഗം ‘ദൈവവചനം മേൽക്കുമേൽ പരന്നുകൊണ്ടിരുന്നു’ എന്ന പ്രയോഗത്തെ കുറിച്ചു പരിചിന്തിക്കുന്നതാണ്‌. ചെറിയ വ്യത്യാസങ്ങളോടെ ബൈബിളിൽ മൂന്നു പ്രാവശ്യം മാത്രം കാണുന്ന ആ പ്രയോഗം പ്രവൃത്തികളുടെ പുസ്‌തകത്തിലാണ്‌ ഉള്ളത്‌. (പ്രവൃത്തികൾ 6:7; 12:24; 19:20) ഈ ഭാഗങ്ങളിൽ കാണുന്ന “കർത്താവിന്റെ വചനം” അല്ലെങ്കിൽ, “ദൈവവചനം” സുവാർത്തയെ പരാമർശിക്കുന്നു. ദിവ്യസത്യത്തിന്റെ പുളകപ്രദമായ സന്ദേശമാണ്‌ അത്‌. ജീവനുള്ള, ശക്തമായ ആ സന്ദേശം അതു സ്വീകരിച്ചിട്ടുള്ളവരുടെ ജീവിതത്തിനു മാറ്റം വരുത്തിയിരിക്കുന്നു.​—⁠എബ്രായർ 4:⁠12.

7. പ്രവൃത്തികൾ 6:​7-ൽ ദൈവവചനത്തിന്റെ വളർച്ചയെ എന്തിനോടു ബന്ധപ്പെടുത്തിയിരിക്കുന്നു, പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ എന്തു സംഭവിച്ചു?

7 ദൈവവചനത്തിന്റെ വളർച്ച സംബന്ധിച്ച ആദ്യത്തെ പരാമർശം കാണുന്നത്‌ പ്രവൃത്തികൾ 6:​7-ൽ ആണ്‌. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏററവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തീർന്നു.” ഇവിടെ വളർച്ച ശിഷ്യന്മാരുടെ എണ്ണത്തിലെ വർധനവിനോടു ബന്ധപ്പെട്ടിരിക്കുന്നു. മുമ്പ്‌, അതായത്‌ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ഒരു മാളികമുറിയിൽ കൂടിവന്ന 120-ഓളം ശിഷ്യന്മാരുടെമേൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ പകരപ്പെട്ടിരുന്നു. തദവസരത്തിൽ, പത്രൊസ്‌ അപ്പൊസ്‌തലൻ ആവേശകരമായ ഒരു പ്രസംഗം നടത്തി. ശ്രദ്ധിച്ചവരിൽ ഏകദേശം 3,000 പേർ ആ ദിവസംതന്നെ വിശ്വാസികൾ ആയിത്തീർന്നു. ഏതാണ്ട്‌ 50 ദിവസം മുമ്പ്‌ ഒരു കുറ്റവാളിയെ പോലെ വധിക്കപ്പെട്ട യേശുവിന്റെ നാമത്തിൽ സ്‌നാപനമേൽക്കാൻ യെരൂശലേമിലും പരിസരത്തുമുള്ള കുളങ്ങളിലേക്ക്‌ ആയിരക്കണക്കിന്‌ ആളുകൾ ഒരുമിച്ചു നീങ്ങിയപ്പോൾ അവിടെയാകെ എന്തൊരു ബഹളമായിരുന്നിരിക്കണം!​—⁠പ്രവൃത്തികൾ 2:⁠41.

8. പൊ.യു. 33-ലെ പെന്തെക്കൊസ്‌തിനെ തുടർന്നുള്ള വർഷങ്ങളിൽ ശിഷ്യന്മാരുടെ എണ്ണം വർധിച്ചത്‌ എങ്ങനെ?

8 തീർച്ചയായും, അത്‌ ഒരു തുടക്കം മാത്രമായിരുന്നു. പ്രസംഗ പ്രവർത്തനം നിറുത്താനുള്ള യഹൂദ മതനേതാക്കന്മാരുടെ തുടർച്ചയായ ശ്രമങ്ങൾ പാഴായി. അവരെ നിരാശപ്പെടുത്തിക്കൊണ്ട്‌, “കർത്താവു രക്ഷിക്കപ്പെടുന്ന [ശിഷ്യന്മാരെ] ദിനമ്പ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” (പ്രവൃത്തികൾ 2:47) താമസിയാതെ, “പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.” അതിനുശേഷം, “മേല്‌ക്കുമേൽ അനവധി പുരുഷന്മാരും സ്‌ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.” (പ്രവൃത്തികൾ 4:4; 5:14) ആ കാലഘട്ടത്തെ കുറിച്ചു നാം ഇപ്രകാരം വായിക്കുന്നു: “അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.” (പ്രവൃത്തികൾ 9:31) കുറെ വർഷങ്ങൾക്കു ശേഷം, സാധ്യതയനുസരിച്ച്‌ പൊ.യു. 58-ൽ, ‘ആയിരക്കണക്കിനു വിശ്വാസികളെ’ സംബന്ധിച്ച്‌ പരാമർശിക്കുകയുണ്ടായി. (പ്രവൃത്തികൾ 21:20) അപ്പോഴേക്കും നിരവധി വിജാതീയരും വിശ്വാസികളായിത്തീർന്നിരുന്നു.

9. ആദിമ ക്രിസ്‌ത്യാനികളെ നിങ്ങൾ എങ്ങനെ വിവരിക്കും?

9 വിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടായ ഈ വർധനവ്‌ മുഖ്യമായും അവർ ക്രിസ്‌ത്യാനിത്വം സ്വീകരിച്ചതിന്റെ ഫലമായിരുന്നു. ആ മതം പുതിയത്‌ ആയിരുന്നെങ്കിലും, തികച്ചും ഊർജസ്വലമായിരുന്നു. ശിഷ്യന്മാർ നിഷ്‌ക്രിയരായ സഭാംഗങ്ങൾ ആയിരുന്നില്ല. പകരം അവർ യഹോവയ്‌ക്കും അവന്റെ വചനത്തിനും പൂർണമായി അർപ്പിതരായിരുന്നു. മൃഗീയമായി പീഡിപ്പിക്കപ്പെട്ടവരിൽ നിന്നായിരുന്നു അവരിൽ ചിലർ സത്യം പഠിച്ചത്‌. (പ്രവൃത്തികൾ 16:23, 26-33) യുക്തിസഹവും ബോധപൂർവകവുമായ തീരുമാനത്തിന്റെ ഫലമായാണ്‌ ആളുകൾ ക്രിസ്‌ത്യാനിത്വം സ്വീകരിച്ചത്‌. (റോമർ 12:1) അവർ ദൈവത്തിന്റെ വഴികൾ സംബന്ധിച്ച്‌ പഠിപ്പിക്കപ്പെട്ടവർ ആയിരുന്നു; സത്യം അവരുടെ മനസ്സുകളിലും ഹൃദയങ്ങളിലും ഉണ്ടായിരുന്നു. (എബ്രായർ 8:10, 11) തങ്ങളുടെ വിശ്വാസത്തെപ്രതി മരിക്കാൻ അവർ സന്നദ്ധർ ആയിരുന്നു.​—⁠പ്രവൃത്തികൾ 7:51-60.

10. ആദിമ ക്രിസ്‌ത്യാനികൾ എന്ത്‌ ഉത്തരവാദിത്വം സ്വീകരിച്ചു, ഇക്കാലത്ത്‌ എന്തു സമാന്തരം കാണാം?

10 ക്രിസ്‌തീയ പഠിപ്പിക്കൽ സ്വീകരിച്ചവർ മറ്റുള്ളവരുമായി സത്യം പങ്കുവെക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞു. അതിന്റെ ഫലമായി വിശ്വാസികളുടെ എണ്ണത്തിൽ കൂടുതലായ വർധനവ്‌ ഉണ്ടായി. ഒരു ബൈബിൾ പണ്ഡിതൻ ഇപ്രകാരം പറഞ്ഞു: “തങ്ങളുടെ വിശ്വാസം അറിയിക്കുന്നത്‌ അതീവ തീക്ഷ്‌ണതയുള്ളവരുടെയോ ഔദ്യോഗികമായി നിയമിക്കപ്പെട്ട സുവിശേഷകരുടെയോ മാത്രം കടമയായി കരുതപ്പെട്ടിരുന്നില്ല. സുവിശേഷിക്കൽ ഓരോ സഭാംഗത്തിന്റെയും പദവിയും കടമയും ആയിരുന്നു. . . . മറ്റുള്ളവരുടെ പക്കൽ സുവാർത്ത എത്തിക്കാനുള്ള മുഴു ക്രിസ്‌തീയ സമൂഹത്തിന്റെയും സ്വമനസ്സാലെയുള്ള ഉദ്യമം തുടക്കം മുതലേ അവരുടെ പ്രസ്ഥാനത്തിന്‌ ആക്കം വർധിപ്പിച്ചു.” അദ്ദേഹം കൂടുതലായി ഇങ്ങനെ എഴുതി: “സുവിശേഷിക്കൽ ആദിമ ക്രിസ്‌ത്യാനികളുടെ ജീവരക്തം ആയിരുന്നു.” ഇന്നത്തെ സത്യക്രിസ്‌ത്യാനികളെ സംബന്ധിച്ചും അതുതന്നെ സത്യമാണ്‌.

പ്രദേശപരമായ വളർച്ച

11. പ്രവൃത്തികൾ 12:​24-ൽ എങ്ങനെയുള്ള വളർച്ചയെ കുറിച്ചാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌, ആ വളർച്ച ഉണ്ടായത്‌ എങ്ങനെ?

11 ദൈവവചനത്തിന്റെ വളർച്ച സംബന്ധിച്ച രണ്ടാമത്തെ പരാമർശം പ്രവൃത്തികൾ 12:​24-ൽ കാണാം: “ദൈവവചനം മേല്‌ക്കുമേൽ പരന്നുകൊണ്ടിരുന്നു.” ഇവിടത്തെ ഈ പ്രയോഗം പ്രദേശപരമായ വളർച്ചയോടു ബന്ധപ്പെട്ടിരിക്കുന്നു. ഗവൺമെന്റിന്റെ എതിർപ്പ്‌ ഉണ്ടായിരുന്നിട്ടും, വേല പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവ്‌ ആദ്യം പകരപ്പെട്ടത്‌ യെരൂശലേമിൽ വെച്ചായിരുന്നു. അവിടെനിന്ന്‌ വചനം പെട്ടെന്നു വ്യാപിച്ചു. യെരൂശലേമിൽ പീഡനം ഉണ്ടായതിനെ തുടർന്ന്‌ ശിഷ്യന്മാർ യെഹൂദ്യയുടെയും ശമര്യയുടെയും പല ഭാഗങ്ങളിലേക്ക്‌ ചിതറിക്കപ്പെട്ടു. അതിന്റെ ഫലം എന്തായിരുന്നു? “ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.” (പ്രവൃത്തികൾ 8:1, 4) എത്യോപ്യക്കാരനായ ഒരു മനുഷ്യനു സാക്ഷ്യം നൽകാൻ ഫിലിപ്പൊസിനു നിർദേശം ലഭിച്ചു. സ്‌നാപനമേറ്റ ശേഷം അയാൾ എത്യോപ്യയിൽ സുവാർത്ത എത്തിച്ചു. (പ്രവൃത്തികൾ 8:26-28, 38, 39) ലുദ്ദയിലും ശാരോനിലും യോപ്പയിലും സത്യം എത്തിച്ചേർന്നു. (പ്രവൃത്തികൾ 9:35, 42) പിൽക്കാലത്ത്‌, അപ്പൊസ്‌തലനായ പൗലൊസ്‌ കരയിലും കടലിലും ആയിരക്കണക്കിനു കിലോമീറ്റർ സഞ്ചരിക്കുകയും അനേകം മെഡിറ്ററേനിയൻ രാജ്യങ്ങളിൽ സഭകൾ സ്ഥാപിക്കുകയും ചെയ്‌തു. പത്രൊസ്‌ അപ്പൊസ്‌തലൻ ബാബിലോണിലേക്കു പോയി. (1 പത്രൊസ്‌ 5:13) പെന്തെക്കൊസ്‌തിൽ പരിശുദ്ധാത്മാവ്‌ പകരപ്പെട്ടതിനു ശേഷമുള്ള 30 വർഷത്തിനുള്ളിൽ സുവാർത്ത “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷി”ക്കപ്പെട്ടതായി പൗലൊസ്‌ എഴുതി. അക്കാലത്ത്‌ അറിയപ്പെട്ടിരുന്ന ഭൂവിഭാഗത്തെ ആയിരുന്നിരിക്കാം അവൻ അർഥമാക്കിയത്‌.​—⁠കൊലൊസ്സ്യർ 1:⁠23.

12. ദൈവവചനത്തിന്റെ പ്രദേശപരമായ വ്യാപനത്തെ കുറിച്ച്‌ ക്രിസ്‌ത്യാനിത്വത്തെ എതിർത്തിരുന്നവർ എന്തു സമ്മതിച്ചുപറഞ്ഞു?

12 റോമൻ സാമ്രാജ്യത്തിൽ ഉടനീളം ദൈവവചനം വ്യാപിച്ചതായി ക്രിസ്‌ത്യാനിത്വത്തെ എതിർത്തവർ പോലും സമ്മതിക്കുകയുണ്ടായി. ഉദാഹരണത്തിന്‌, ഉത്തര ഗ്രീസിലെ തെസ്സലൊനീക്കയിൽ ഉണ്ടായിരുന്ന ശത്രുക്കൾ പിൻവരുന്ന പ്രകാരം നിലവിളിച്ചതായി പ്രവൃത്തികൾ 17:6 പറയുന്നു: “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി.” മാത്രമല്ല, ക്രിസ്‌ത്യാനിത്വത്തെ കുറിച്ച്‌ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്ലിനി ദി യംഗർ റോമൻ ചക്രവർത്തിയായ ട്രാജന്‌ ബിഥുന്യയിൽനിന്ന്‌ എഴുതി. അദ്ദേഹം ഇങ്ങനെ പരാതിപ്പെട്ടു: “[ക്രിസ്‌ത്യാനിത്വം] നഗരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല, സമീപ ഗ്രാമങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.”

13. ദൈവവചനത്തിന്റെ പ്രദേശപരമായ വ്യാപനം ഏതു വിധത്തിൽ മനുഷ്യവർഗത്തോടുള്ള ദൈവസ്‌നേഹം ആയിരുന്നു?

13 വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗത്തോടുള്ള യഹോവയുടെ ആഴമായ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു ദൈവവചനത്തിന്റെ പ്രദേശപരമായ വ്യാപനം. വിജാതീയനായ കൊർന്നേല്യൊസിന്റെ മേൽ പരിശുദ്ധാത്മാവ്‌ വരുന്നതു കണ്ട പത്രൊസ്‌ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:34, 35) അതേ, സുവാർത്ത സകലർക്കും വേണ്ടിയുള്ള ഒരു സന്ദേശമായിരുന്നു. ഇന്നും അങ്ങനെതന്നെ ആണ്‌. ദൈവവചനത്തിന്റെ പ്രദേശപരമായ വ്യാപനം എല്ലായിടത്തുമുള്ള ആളുകൾക്ക്‌ ദൈവസ്‌നേഹത്തോടു പ്രതികരിക്കാൻ അവസരമേകി. 21-ാം നൂറ്റാണ്ടിൽ, ദൈവവചനം അക്ഷരീയമായി ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.

നിലനിന്ന വളർച്ച

14. ഏതു തരത്തിലുള്ള വളർച്ചയെ കുറിച്ചാണ്‌ പ്രവൃത്തികൾ 19:20 പറയുന്നത്‌, ദൈവവചനം എന്തിന്മേൽ ജയം നേടി?

14 ദൈവവചനത്തിന്റെ വളർച്ച സംബന്ധിച്ച മൂന്നാമത്തെ പരാമർശം കാണുന്നത്‌ പ്രവൃത്തികൾ 19:​20-ൽ ആണ്‌. “കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു” എന്ന്‌ അവിടെ പറയുന്നു. ഇവിടെ ‘പ്രബലപ്പെടുക’ എന്നതിനു മൂല ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദം ‘ശക്തി പ്രയോഗിക്കുക’ എന്ന ആശയമാണ്‌ നൽകുന്നത്‌. അതിനു മുമ്പുള്ള വാക്യങ്ങൾ, എഫെസൊസിലെ പലരും വിശ്വാസികൾ ആയിത്തീർന്നതായും ആഭിചാരം ചെയ്‌തിരുന്ന പലരും തങ്ങളുടെ മാന്ത്രിക പുസ്‌തകങ്ങൾ എല്ലാവരും കാൺകെ കത്തിച്ചുകളഞ്ഞതായും പറയുന്നു. അങ്ങനെ ദൈവവചനം വ്യാജമത വിശ്വാസങ്ങളുടെമേൽ അതിന്റെ ശക്തി പ്രയോഗിച്ചു. പീഡനം പോലുള്ള മറ്റു പ്രതിബന്ധങ്ങളെയും സുവാർത്ത ജയിച്ചടക്കി. അതിനെ ചെറുക്കാൻ യാതൊന്നിനും കഴിഞ്ഞില്ല. ഇക്കാര്യത്തിലും നമ്മുടെ കാലത്തെ യഥാർഥ ക്രിസ്‌ത്യാനിത്വവുമായി ഒരു സമാന്തരം നാം കാണുന്നു.

15. (എ) ആദിമ ക്രിസ്‌ത്യാനികളെ കുറിച്ച്‌ ഒരു ബൈബിൾ ചരിത്രകാരൻ എന്ത്‌ എഴുതി? (ബി) തങ്ങളുടെ വിജയത്തിന്റെ ബഹുമതി അപ്പൊസ്‌തലന്മാർ ആർക്കാണു നൽകിയത്‌?

15 അപ്പൊസ്‌തലന്മാരും മറ്റ്‌ ആദിമ ക്രിസ്‌ത്യാനികളും സതീക്ഷ്‌ണം ദൈവവചനം ഘോഷിച്ചു. അവരെ കുറിച്ച്‌ ഒരു ബൈബിൾ ചരിത്രകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആളുകൾക്ക്‌ തങ്ങളുടെ കർത്താവിനെ കുറിച്ച്‌ സംസാരിക്കാനുള്ള മനസ്സൊരുക്കം ഉള്ളപ്പോൾ, അതിനുള്ള മാർഗം അവർ എങ്ങനെയും കണ്ടെത്തും. ഈ സ്‌ത്രീപുരുഷന്മാരുടെ പ്രചോദനമാണ്‌ അവർ ഉപയോഗിക്കുന്ന രീതികളെക്കാൾ നമ്മിൽ മതിപ്പ്‌ ഉളവാക്കുന്നത്‌.” ഇനിയും, ശുശ്രൂഷയുടെ വിജയം തങ്ങളുടെ ശ്രമങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നില്ല എന്ന്‌ ആ ആദിമ ക്രിസ്‌ത്യാനികൾ തിരിച്ചറിഞ്ഞു. തങ്ങളുടെ വേല നിർവഹിക്കുന്നതിനുള്ള ദിവ്യനിയമനവും ദിവ്യസഹായവും അവർക്ക്‌ ഉണ്ടായിരുന്നു. ആത്മീയ വളർച്ചയുടെ ഉറവ്‌ ദൈവമാണ്‌. പൗലൊസ്‌ അപ്പൊസ്‌തലൻ കൊരിന്തിലെ സഭയ്‌ക്ക്‌ എഴുതിയ ലേഖനത്തിൽ ഇക്കാര്യം സമ്മതിക്കുകയുണ്ടായി. അവൻ ഇപ്രകാരം എഴുതി: “ഞാൻ നട്ടു, അപ്പൊല്ലോസ്‌ നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു. ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ.”​—⁠1 കൊരിന്ത്യർ 3:6, 9.

പരിശുദ്ധാത്മാവ്‌ പ്രവർത്തനത്തിൽ

16. ധൈര്യത്തോടെ സംസാരിക്കാൻ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാരെ ശക്തിപ്പെടുത്തി എന്ന്‌ എന്തു പ്രകടമാക്കുന്നു?

16 ദൈവവചനത്തിന്റെ വ്യാപനത്തിൽ പരിശുദ്ധാത്മാവ്‌ ഒരു പങ്കു വഹിക്കുമെന്ന്‌ യേശു തന്റെ ശിഷ്യന്മാർക്ക്‌ ഉറപ്പു നൽകിയതായി ഓർക്കുക. പ്രസംഗപ്രവർത്തനത്തിൽ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാർക്കു ശക്തി പകരുമായിരുന്നു. (പ്രവൃത്തികൾ 1:8) എങ്ങനെയാണ്‌ അതു സംഭവിച്ചത്‌? പെന്തെക്കൊസ്‌തു നാളിൽ ശിഷ്യന്മാരുടെമേൽ ആത്മാവ്‌ പകരപ്പെട്ട്‌ അധികനാൾ കഴിയുന്നതിനു മുമ്പ്‌, പത്രൊസിനെയും യോഹന്നാനെയും യഹൂദ സൻഹെദ്രിമിന്റെ മുമ്പാകെ വിളിച്ചുവരുത്തി. ദേശത്തെ പരമോന്നത കോടതിയായ അതിലെ ന്യായാധിപന്മാർ യേശുവിനെ വധിച്ചതിന്‌ ഉത്തരവാദികൾ ആയിരുന്നു. ശത്രുതാമനോഭാവം പുലർത്തിയിരുന്ന ആ ഉന്നത അധികാരികളുടെ മുമ്പാകെ അപ്പൊസ്‌തലന്മാർ പേടിച്ചു വിറയ്‌ക്കുമായിരുന്നോ? ഒരിക്കലുമില്ല! പരിശുദ്ധാത്മാവിന്റെ ശക്തി ലഭിച്ച പത്രൊസും യോഹന്നാനും വളരെ ധൈര്യത്തോടെ സംസാരിച്ചത്‌ ശത്രുക്കളിൽ അതിശയം ഉളവാക്കി. “അവർ യേശുവിനോടുകൂടെ ആയിരുന്നവർ” ആണെന്ന്‌ ആ ശത്രുക്കൾ തിരിച്ചറിഞ്ഞു. (പ്രവൃത്തികൾ 4:8, 13) സൻഹെദ്രിമിന്റെ മുമ്പാകെ സധൈര്യം സാക്ഷ്യം പറയാൻ പരിശുദ്ധാത്മാവ്‌ സ്‌തെഫാനൊസിനെയും ഇടയാക്കി. (പ്രവൃത്തികൾ 6:12; 7:​55, 56) ധൈര്യത്തോടെ പ്രസംഗിക്കാൻ പരിശുദ്ധാത്മാവ്‌ മുമ്പ്‌ ശിഷ്യന്മാരെ പ്രേരിപ്പിച്ചിരുന്നു. ലൂക്കൊസ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിച്ചു.”​—⁠പ്രവൃത്തികൾ 4:⁠31.

17. പരിശുദ്ധാത്മാവ്‌ ശുശ്രൂഷയിൽ ശിഷ്യന്മാരെ മറ്റ്‌ ഏതു വിധങ്ങളിലാണ്‌ സഹായിച്ചത്‌?

17 തന്റെ ശക്തമായ പരിശുദ്ധാത്മാവ്‌ മുഖാന്തരം യഹോവയും പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്‌തുവും പ്രസംഗപ്രവർത്തനത്തിനു മാർഗനിർദേശം നൽകി. (യോഹന്നാൻ 14:28; 15:26) കൊർന്നേല്യൊസിന്റെയും അവന്റെ ചാർച്ചക്കാരുടെയും അടുത്ത സ്‌നേഹിതരുടെയും മേൽ ആത്മാവ്‌ പകരപ്പെട്ടപ്പോൾ, പരിച്ഛേദനയേൽക്കാത്ത വിജാതീയർക്ക്‌ യേശുക്രിസ്‌തുവിന്റെ നാമത്തിൽ സ്‌നാപനമേൽക്കാൻ കഴിയുമെന്ന്‌ പത്രൊസ്‌ അപ്പൊസ്‌തലൻ തിരിച്ചറിഞ്ഞു. (പ്രവൃത്തികൾ 10:24, 44-48) പിന്നീട്‌, ബർന്നബാസിനെയും ശൗലിനെയും (പൗലൊസ്‌ അപ്പൊസ്‌തലൻ) മിഷനറി പ്രവർത്തനത്തിനു നിയമിക്കുന്നതിലും അവർ എവിടേക്കു പോകണം അല്ലെങ്കിൽ പോകരുത്‌ എന്ന മാർഗനിർദേശം കൊടുക്കുന്നതിലും ആത്മാവ്‌ നിർണായകമായ ഒരു പങ്കു വഹിച്ചു. (പ്രവൃത്തികൾ 13:2, 4; 16:​6, 7) തീരുമാനം എടുക്കാൻ യെരൂശലേമിലെ അപ്പൊസ്‌തലന്മാരും പ്രായമേറിയ പുരുഷന്മാരും പിൻപറ്റിയ നടപടിക്രമങ്ങളെ വഴിനയിച്ചതും ദൈവാത്മാവായിരുന്നു. (പ്രവൃത്തികൾ 15:23, 28, 29) ക്രിസ്‌തീയ സഭയിൽ മേൽവിചാരകന്മാരെ നിയമിക്കുന്നതിലും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പ്‌ ഉണ്ടായിരുന്നു.​—⁠പ്രവൃത്തികൾ 20:⁠28.

18. ആദിമ ക്രിസ്‌ത്യാനികൾ എങ്ങനെയാണു സ്‌നേഹം പ്രകടമാക്കിയത്‌?

18 കൂടാതെ, സ്‌നേഹം പോലുള്ള ദൈവിക ഗുണങ്ങൾ ഉളവാക്കിക്കൊണ്ട്‌ ക്രിസ്‌ത്യാനികളിൽത്തന്നെയും പരിശുദ്ധാത്മാവ്‌ പ്രകടമായി. (ഗലാത്യർ 5:22, 23) അന്യോന്യം ഭൗതികമായി സഹായിക്കാൻ സ്‌നേഹം ശിഷ്യന്മാരെ പ്രേരിപ്പിച്ചു. ഉദാഹരണത്തിന്‌, യെരൂശലേമിലെ ശിഷ്യന്മാരുടെ ഭൗതിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി പൊ.യു. 33-ലെ പെന്തെക്കൊസ്‌തിനെ തുടർന്ന്‌ ഒരു പൊതു ഫണ്ട്‌ രൂപീകരിക്കുകയുണ്ടായി. ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “മുട്ടുള്ളവൻ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടുവന്നു അപ്പൊസ്‌തലന്മാരുടെ കാല്‌ക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.” (പ്രവൃത്തികൾ 4:34, 35) സഹവിശ്വാസികളോടു മാത്രമല്ല, മറ്റുള്ളവരോടും ഈ സ്‌നേഹം പ്രകടമാക്കപ്പെട്ടു. സുവാർത്ത പങ്കുവെച്ചുകൊണ്ടും ദയാപ്രവൃത്തികൾ ചെയ്‌തുകൊണ്ടുമാണ്‌ അവർ അതു പ്രകടമാക്കിയത്‌. (പ്രവൃത്തികൾ 28:8, 9) ആത്മത്യാഗപരമായ സ്‌നേഹം തന്റെ അനുഗാമികളുടെ തിരിച്ചറിയൽ അടയാളം ആയിരിക്കുമെന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 13:34, 35) തീർച്ചയായും, ഒന്നാം നൂറ്റാണ്ടിൽ സ്‌നേഹം എന്ന ഈ അതിപ്രധാന ഗുണം ആളുകളെ ദൈവത്തിലേക്ക്‌ അടുപ്പിക്കുകയും വർധനവിനു സഹായിക്കുകയും ചെയ്‌തു. ഇന്നും അതുതന്നെയാണ്‌ സത്യം.​—⁠മത്തായി 5:14, 16.

19. (എ) ഒന്നാം നൂറ്റാണ്ടിൽ ഏതു മൂന്നു വിധങ്ങളിലാണ്‌ യഹോവയുടെ വചനം വളർന്നത്‌? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കുന്നതായിരിക്കും?

19 ‘പരിശുദ്ധാത്മാവ്‌’ എന്ന പ്രയോഗം പ്രവൃത്തികളുടെ പുസ്‌തകത്തിൽ 41 പ്രാവശ്യം കാണാം. വ്യക്തമായും, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ വളർച്ച പരിശുദ്ധാത്മാവിന്റെ ശക്തിയോടും വഴിനടത്തിപ്പിനോടും ബന്ധപ്പെട്ടിരുന്നു. ശിഷ്യന്മാരുടെ എണ്ണം വർധിക്കുകയും വിശാലമായ ഒരു പ്രദേശത്ത്‌ ദൈവവചനം വ്യാപിക്കുകയും അക്കാലത്തെ മതങ്ങളുടെയും തത്ത്വശാസ്‌ത്രങ്ങളുടെയും മേൽ ദൈവവചനം വിജയം വരിക്കുകയും ചെയ്‌തു. ഒന്നാം നൂറ്റാണ്ടിലെ വളർച്ചയ്‌ക്കു സമാന്തരമായ ഒന്ന്‌ ഇക്കാലത്തെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിലും കാണാവുന്നതാണ്‌. ആധുനിക കാലങ്ങളിൽ ഉണ്ടായിട്ടുള്ള ദൈവവചനത്തിന്റെ അത്ഭുതകരമായ ഇത്തരം വളർച്ചയെ കുറിച്ച്‌ അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കുന്നതായിരിക്കും.

നിങ്ങൾ ഓർമിക്കുന്നുവോ?

• ആദിമ ക്രിസ്‌ത്യാനികൾ എണ്ണത്തിൽ വർധിച്ചത്‌ എങ്ങനെ?

• ദൈവവചനം പ്രദേശപരമായി വ്യാപിച്ചത്‌ ഏതു വിധത്തിൽ?

• ഒന്നാം നൂറ്റാണ്ടിൽ ദൈവവചനം വിജയം നേടിയത്‌ എങ്ങനെ?

• ദൈവവചനത്തിന്റെ വളർച്ചയിൽ പരിശുദ്ധാത്മാവ്‌ എന്തു പങ്കു വഹിച്ചു?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

ഫിലിപ്പൊസ്‌ എത്യോപ്യക്കാരനോട്‌ പ്രസംഗിച്ചു, അതു സുവാർത്തയുടെ പ്രദേശപരമായ വ്യാപനത്തിനു സഹായിച്ചു

[13-ാം പേജിലെ ചിത്രം]

യെരൂശലേമിലെ അപ്പൊസ്‌തലന്മാരെയും പ്രായമേറിയ പുരുഷന്മാരെയും പരിശുദ്ധാത്മാവ്‌ വഴിനയിച്ചു

[10-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

മുകളിൽ വലത്തേ കോണിൽ: രണ്ടാമത്തെ ആലയം നിലവിലിരുന്ന കാലത്തെ യെരൂശലേം നഗരത്തിന്റെ പകർപ്പ്‌ - യെരൂശലേമിലെ ഹോളിലാൻഡ്‌ ഹോട്ടലിന്റെ മുറ്റത്ത്‌ സ്ഥാപിച്ചിരിക്കുന്നു