രാജ്യസുവാർത്ത—അത് എന്താണ്?
രാജ്യസുവാർത്ത—അത് എന്താണ്?
അത് മറ്റുള്ളവരെ അറിയിക്കാൻ കഴിഞ്ഞ വർഷം ലോകത്തിനു ചുറ്റും 235 രാജ്യങ്ങളിലായി ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ 60,35,564 പേർ 117,12,70,425 മണിക്കൂർ ചെലവഴിച്ചു. ആളുകളോടു നേരിട്ടു സംസാരിക്കുന്നതിനു പുറമേ, അതു പരസ്യപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്ന 70 കോടിയിലധികം അച്ചടിച്ച പ്രസിദ്ധീകരണങ്ങളും അവർ വിതരണം ചെയ്‌തു. കൂടാതെ അത് ആളുകളെ അറിയിക്കാൻ ആയിരക്കണക്കിന് ഓഡിയോ-വീഡിയോ കാസെറ്റുകളും വിതരണം ചെയ്യുകയുണ്ടായി. ‘അത്’ എന്താണ്?
‘അത്’ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത അഥവാ സുവിശേഷം ആണ്. വാസ്‌തവത്തിൽ, മാനവ ചരിത്രത്തിൽ മുമ്പൊരിക്കലും നാം ഇന്നു കാണുന്നത്ര വിപുലമായി “രാജ്യത്തിന്റെ ഈ സുവിശേഷം” പ്രസംഗിക്കപ്പെട്ടിട്ടില്ല.—മത്തായി 24:14.
ഈ ലോകവ്യാപക പ്രസംഗ-പഠിപ്പിക്കൽ വേല ചെയ്യുന്ന എല്ലാവരും സ്വമേധയാ സേവകരാണ്. മതേതര വീക്ഷണത്തിൽ, ഈ വേല നിർവഹിക്കാനുള്ള യോഗ്യത അവർക്ക് ഇല്ലെന്നു തോന്നാം. അപ്പോൾപ്പിന്നെ അവരുടെ ധൈര്യത്തിനും വിജയത്തിനും കാരണം എന്താണ്? രാജ്യസുവാർത്തയുടെ ശക്തിയാണ് ഒരു പ്രധാന ഘടകം. എന്തെന്നാൽ മനുഷ്യവർഗത്തിനു വരാൻപോകുന്ന അനുഗ്രഹങ്ങളെ കുറിച്ചുള്ള വാർത്തയാണ് അത്. എല്ലാ ആളുകളും അതിയായി ആഗ്രഹിക്കുന്ന അനുഗ്രഹങ്ങളാണ് അവ. സന്തുഷ്ടി, സാമ്പത്തിക പരാധീനതകളിൽനിന്നുള്ള വിടുതൽ, സത്‌ഭരണം, സമാധാനം, സുരക്ഷിതത്വം എന്നിവയെല്ലാം അതിൽ പെടുന്നു. പലർക്കും അവിശ്വസനീയമെന്നു തോന്നുന്ന ഒരു സംഗതിയും അതിൽ ഉൾപ്പെടുന്നു—നിത്യജീവൻ! ജീവിതത്തിന്റെ അർഥവും ഉദ്ദേശ്യവും തേടുന്ന ആളുകൾക്ക് ഇതു തീർച്ചയായും ഒരു സുവാർത്തയാണ്. രാജ്യസുവാർത്താ ഘോഷണത്തോട് നിങ്ങൾ അനുകൂലമായി പ്രതികരിക്കുന്നെങ്കിൽ ഇതും ഇതിൽക്കൂടുതലുമുള്ള അനുഗ്രഹങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാനാകും.
എന്താണ് രാജ്യം?
എന്നാൽ സുവാർത്തയായി ഘോഷിക്കപ്പെടുന്ന ഈ രാജ്യം എന്താണ്? കോടിക്കണക്കിന് ആളുകൾ പഠിക്കുകയും ഉരുവിടുകയും ചെയ്‌തിട്ടുള്ള പരിചിതമായ ഈ പ്രാർഥനയിൽ പറഞ്ഞിരിക്കുന്ന രാജ്യമാണ് അത്: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:9, 10.
അത് എബ്രായ പ്രവാചകനായ ദാനീയേൽ 25-ൽപ്പരം നൂറ്റാണ്ടുകൾക്കു മുമ്പ് പരാമർശിച്ച രാജ്യമാണ്. അവൻ ഇങ്ങനെ എഴുതി: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”—ദാനീയേൽ 2:44.
അതുകൊണ്ട്, സകല ദുഷ്ടതയും തുടച്ചു നീക്കുകയും തുടർന്നു മുഴു ഭൂമിയിലും സമാധാനത്തോടെ ഭരിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ രാജ്യത്തെ അഥവാ ഗവൺമെന്റിനെ കുറിച്ചുള്ളതാണ് ഈ സുവാർത്ത. മനുഷ്യവർഗത്തെയും ഭൂമിയെയും ഉല്‌പത്തി 1:28.
കുറിച്ചുള്ള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം അതിലൂടെ യാഥാർഥ്യമാകും.—‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’
ഏതാണ്ട് 2,000 വർഷം മുമ്പ്, ആകാരംകൊണ്ടും പെരുമാറ്റംകൊണ്ടും വളരെ ശ്രദ്ധേയനായിത്തീർന്ന ഒരു അർപ്പിത വ്യക്തിയാണ് ആദ്യം രാജ്യസുവാർത്ത പരസ്യമായി ഘോഷിച്ചത്. യഹൂദ പുരോഹിതനായ സെഖര്യാവിന്റെയും ഭാര്യ എലീശബെത്തിന്റെയും മകനായ യോഹന്നാൻ സ്‌നാപകൻ ആയിരുന്നു അത്. തന്നെ മുൻനിഴലാക്കിയ പ്രവാചകനായ ഏലീയാവിന്റെ വസ്‌ത്രത്തിനു സമാനമായി, യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ധരിച്ചിരുന്നു. എന്നാൽ അവന്റെ സന്ദേശമാണ് മിക്കവരുടെയും ശ്രദ്ധ ആകർഷിച്ചത്. “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്ന് അവൻ പ്രഖ്യാപിച്ചു.—മത്തായി 3:1-6.
സത്യദൈവമായ യഹോവയുടെ ആരാധകരെന്ന് അവകാശപ്പെട്ടിരുന്ന യഹൂദന്മാരായിരുന്നു യോഹന്നാന്റെ ശ്രോതാക്കൾ. ഒരു ജനതയെന്ന നിലയിൽ, യോഹന്നാന്റെ കാലത്തിനും ഏതാണ്ട് 1,500 വർഷം മുമ്പ് അവർക്കു ന്യായപ്രമാണ ഉടമ്പടി ലഭിക്കുകയുണ്ടായി. ന്യായപ്രമാണ പ്രകാരം യാഗങ്ങൾ അർപ്പിച്ചിരുന്ന പ്രൗഢഗംഭീരമായ ആലയം അപ്പോഴും യെരൂശലേമിൽ ഉണ്ടായിരുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ തങ്ങളുടെ ആരാധന ശരിയാണെന്ന് യഹൂദന്മാർ ഉറച്ചു വിശ്വസിച്ചു.
എന്നാൽ, യോഹന്നാന്റെ വാക്കുകൾ കേട്ടപ്പോൾ തങ്ങളുടെ മതം തങ്ങൾ കരുതിയിരുന്നതു പോലുള്ള ഒന്നല്ലെന്ന് ചില ആളുകൾ തിരിച്ചറിയാൻ തുടങ്ങി. ഗ്രീക്കു സംസ്‌കാരവും തത്ത്വചിന്തയും യഹൂദ മത പഠിപ്പിക്കലുകളിൽ നുഴഞ്ഞു കയറിയിരുന്നു. ദൈവത്തിൽനിന്ന് മോശെയിലൂടെ ലഭിച്ച നിയമം മാനുഷ നിർമിത വിശ്വാസങ്ങളാലും പാരമ്പര്യങ്ങളാലും ദുഷിപ്പിക്കപ്പെടുകയും അസാധുവാകുകയും ചെയ്‌തിരുന്നു. (മത്തായി 15:6) ഹൃദയം തഴമ്പിച്ചവരും നിർദയരുമായ മതനേതാക്കന്മാരാൽ വഴിതെറ്റിക്കപ്പെട്ടതു നിമിത്തം മിക്ക ആളുകളും ദൈവത്തെ സ്വീകാര്യമായ വിധത്തിൽ ആയിരുന്നില്ല സേവിച്ചിരുന്നത്. (യാക്കോബ് 1:27) ദൈവത്തിനും ന്യായപ്രമാണത്തിനും എതിരായ തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച് അവർ അനുതപിക്കേണ്ടതുണ്ടായിരുന്നു.
അക്കാലത്ത് മിക്ക യഹൂദന്മാരും വാഗ്‌ദത്ത മിശിഹായുടെ അഥവാ ക്രിസ്‌തുവിന്റെ ആഗമനം കാത്തിരിക്കുക ആയിരുന്നതിനാൽ ചിലർ യോഹന്നാനെ കുറിച്ച് “അവൻ ക്രിസ്‌തുവോ” എന്നു സംശയിച്ചു. എന്നാൽ യോഹന്നാൻ അതു നിഷേധിച്ചു. പകരം, “അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല” എന്നു യോഹന്നാൻ പറഞ്ഞ മറ്റൊരുവനിലേക്ക് അവൻ അവരെ നയിച്ചു. (ലൂക്കൊസ് 3:15, 16) യേശുവിനെ തന്റെ ശിഷ്യന്മാർക്കു പരിചയപ്പെടുത്തിക്കൊണ്ട് യോഹന്നാൻ പ്രഖ്യാപിച്ചു: “ഇതാ ലോകത്തിന്റെ പാപം ചുമക്കുന്ന [“നീക്കം ചെയ്യുന്ന,” NW] ദൈവത്തിന്റെ കുഞ്ഞാടു.”—യോഹന്നാൻ 1:29.
അതു തീർച്ചയായും സുവാർത്ത ആയിരുന്നു. കാരണം ജീവനിലേക്കും സന്തുഷ്ടിയിലേക്കുമുള്ള വഴിയായ, “ലോകത്തിന്റെ പാപം നീക്കം ചെയ്യുന്ന,” യേശുവിലേക്കായിരുന്നു ഫലത്തിൽ യോഹന്നാൻ സകലരെയും നയിച്ചത്. ആദാമിന്റെയും ഹവ്വായുടെയും മക്കൾ എന്ന നിലയിൽ സകല മനുഷ്യരും ജനിച്ചത് പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലാണ്. റോമർ 5:19 ഇങ്ങനെ വിശദീകരിക്കുന്നു: “ഏകമനുഷ്യന്റെ [ആദാം] അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ [യേശു] അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.” യാഗത്തിനുള്ള ഒരു കുഞ്ഞാടിനെ പോലെ യേശു “പാപം നീക്കം ചെയ്യു”കയും മനുഷ്യന്റെ പരിതാപകരമായ അവസ്ഥയ്‌ക്കു മാറ്റം വരുത്തുകയും ചെയ്യണമായിരുന്നു. ബൈബിൾ അത് ഇങ്ങനെ വിശദീകരിക്കുന്നു: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ നിത്യജീവൻതന്നേ.”—റോമർ 6:23.
പൂർണനായ ഒരു മനുഷ്യനും ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനും ആയിരുന്ന യേശു സുവാർത്ത പ്രസംഗം ഏറ്റെടുത്തു. മർക്കൊസ് 1:14, 15-ലെ ബൈബിൾ വിവരണം നമ്മോട് ഇങ്ങനെ പറയുന്നു: “എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു: കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.”
യേശുവിന്റെ സന്ദേശത്തോടു പ്രതികരിക്കുകയും സുവാർത്തയിൽ വിശ്വാസം അർപ്പിക്കുകയും ചെയ്‌തവർ അത്യധികം അനുഗ്രഹിക്കപ്പെട്ടു. യോഹന്നാൻ 1:12 ഇങ്ങനെ പറയുന്നു: “[യേശുവിനെ] കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” ദൈവത്തിന്റെ മക്കൾ അഥവാ പുത്രന്മാർ എന്ന നിലയിൽ, അവർ നിത്യജീവനാകുന്ന പ്രതിഫലം സ്വീകരിക്കാൻ കഴിയുന്ന സ്ഥാനത്ത് ആയിരുന്നു.—1 യോഹന്നാൻ 2:25.
എന്നാൽ രാജ്യാനുഗ്രഹങ്ങൾ സ്വീകരിക്കാനുള്ള പദവി ഒന്നാം നൂറ്റാണ്ടിലെ ആളുകൾക്കു മാത്രമല്ല ഉണ്ടായിരുന്നത്. മുമ്പു പ്രസ്‌താവിച്ചതുപോലെ, ദൈവരാജ്യ സുവാർത്ത ഇന്ന് മുഴു നിവസിത ഭൂമിയിലും പ്രസംഗിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് രാജ്യാനുഗ്രഹങ്ങൾ ഇപ്പോഴും ലഭ്യമാണ്. അത്തരം അനുഗ്രഹങ്ങൾ ലഭിക്കാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? അടുത്ത ലേഖനം അതു വിശദീകരിക്കും.