വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജ്യാനുഗ്രഹങ്ങൾ—നിങ്ങൾക്ക്‌ അതു നേടാനാകും

രാജ്യാനുഗ്രഹങ്ങൾ—നിങ്ങൾക്ക്‌ അതു നേടാനാകും

രാജ്യാനുഗ്രഹങ്ങൾ—നിങ്ങൾക്ക്‌ അതു നേടാനാകും

ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസിന്‌ തന്റെ നാളിലെ ചില പ്രമുഖ ഭാഷകൾ ഒഴുക്കോടെ സംസാരിക്കാൻ കഴിഞ്ഞിരുന്നു. ഇന്നത്തെ സർവകലാശാലാ ബിരുദത്തിനു തുല്യമായ വിദ്യാഭ്യാസം അവനുണ്ടായിരുന്നു. ഒരു റോമൻ പൗരനുള്ള എല്ലാ നേട്ടങ്ങളും അവകാശങ്ങളും അവൻ ആസ്വദിച്ചിരുന്നു. (പ്രവൃത്തികൾ 21:37-40; 22:3, 28) ഈ യോഗ്യതകൾ നിമിത്തം ധനികനും പ്രസിദ്ധനും ആയിത്തീരാൻ അവനു കഴിയുമായിരുന്നു. എങ്കിലും, അവൻ ഇങ്ങനെ പറഞ്ഞു: “എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്‌തുനിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. . . . ഞാൻ ഇപ്പോഴും [അവയെ] ചേതം എന്നു എണ്ണുന്നു.” (ഫിലിപ്പിയർ 3:7, 8) പൗലൊസ്‌ അത്തരമൊരു പ്രസ്‌താവന നടത്തിയത്‌ എന്തുകൊണ്ടാണ്‌?

തർസൊസുകാരനായ ശൌൽ എന്ന പേരിലും “മാർഗ്ഗക്കാരായ” ആളുകളെ പീഡിപ്പിക്കുന്നവൻ എന്ന നിലയിലും ഒരിക്കൽ അറിയപ്പെട്ടിരുന്ന പൗലൊസ്‌ ഒരു വിശ്വാസിയായത്‌, പുനരുത്ഥാനം പ്രാപിക്കുകയും മഹത്ത്വീകരിക്കപ്പെടുകയൂം ചെയ്‌ത യേശുവിന്റെ ഒരു ദർശനം ലഭിച്ച ശേഷമാണ്‌. (പ്രവൃത്തികൾ 9:1-19) ദമസ്‌കൊസിലേക്കുള്ള വഴിയിൽവെച്ച്‌ ഉണ്ടായ ഈ അനുഭവം, യേശു വാഗ്‌ദത്ത രാജ്യത്തിന്റെ ഭാവി രാജാവായ വാഗ്‌ദത്ത മിശിഹാ അഥവാ ക്രിസ്‌തു ആണെന്നുള്ള ഉറച്ച ബോധ്യം പൗലൊസിൽ ഉളവാക്കി. മേൽപ്രസ്‌താവിച്ച അവന്റെ ശക്തമായ പ്രസ്‌താവന സൂചിപ്പിക്കുന്നതു പോലെ, അത്‌ പൗലൊസിന്റെ ജീവിതഗതിക്ക്‌ സമഗ്രമായ മാറ്റം വരുത്തുകയും ചെയ്‌തു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആത്മാർഥതയും ഹൃദയപരമാർഥതയും ഉണ്ടായിരുന്ന പൗലൊസ്‌ അനുതപിച്ചു.​—⁠ഗലാത്യർ 1:13-16.

ബൈബിളിൽ ‘അനുതപിക്കുക’ എന്ന ക്രിയാപദം പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ “പിന്നറിവ്‌” എന്ന്‌ അക്ഷരീയ അർഥമുള്ള ഒരു ഗ്രീക്കു പദത്തിൽനിന്നാണ്‌. “മുന്നറിവ്‌” എന്നതിന്‌ നേരെ വിപരീതമായ ആശയമാണ്‌ അതിനുള്ളത്‌. ആയതിനാൽ, ഒരുവന്റെ മനസ്സിലോ മനോഭാവത്തിലോ ലക്ഷ്യത്തിലോ മാറ്റം വരുത്തുന്നത്‌, അതായത്‌ മുൻപ്രവർത്തനഗതിയെ അതൃപ്‌തികരമായി കണ്ട്‌ തള്ളിക്കളയുന്നത്‌ അനുതാപത്തിൽ ഉൾപ്പെട്ടിരിക്കുന്നു. (പ്രവൃത്തികൾ 3:19; വെളിപ്പാടു 2:⁠5) പൗലൊസിന്റെ കാര്യത്തിൽ, ദമസ്‌കൊസിലേക്കുള്ള വഴിയിൽ വെച്ച്‌ ഉണ്ടായ ആ സുപ്രധാന സംഭവം വൈകാരികമോ ആത്മീയമോ ആയ ഒരു അനുഭവമായി മാത്രം തുടരാൻ അവൻ അനുവദിച്ചില്ല. ക്രിസ്‌തുവിനെ സംബന്ധിച്ച അജ്ഞതയിലുള്ള തന്റെ മുൻജീവിതരീതി വ്യർഥമാണെന്ന്‌ അത്‌ അവനെ ബോധ്യപ്പെടുത്തി. ക്രിസ്‌തുവിനെ കുറിച്ച്‌ തനിക്കു പുതുതായി ലഭിച്ച അറിവിൽനിന്ന്‌ പ്രയോജനം നേടണമെങ്കിൽ തന്റെ ജീവിതഗതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത്‌ ആവശ്യമാണെന്ന്‌ അവൻ തിരിച്ചറിഞ്ഞു.​—⁠റോമർ 2:4; എഫെസ്യർ 4:⁠24.

അനുഗ്രഹങ്ങൾ കൈവരുത്തിയ ഒരു മാറ്റം

മുമ്പ്‌, ദൈവത്തെ കുറിച്ചുള്ള അറിവ്‌ പൗലൊസിനു പ്രധാനമായും ലഭിച്ചിരുന്നത്‌ അവൻ അംഗമായിരുന്ന പരീശ മതഭേദത്തിൽനിന്നാണ്‌. മാനുഷ തത്ത്വചിന്തയും പാരമ്പര്യങ്ങളും വളരെയേറെ ഉൾക്കൊണ്ടതായിരുന്നു അവരുടെ വിശ്വാസങ്ങൾ. മതപരമായ മുൻവിധികൾ ഹേതുവായി പൗലൊസിന്റെ തീക്ഷ്‌ണതയും ശ്രമങ്ങളും തെറ്റായ ദിശയിലായിരുന്നു. താൻ ദൈവത്തെ സേവിക്കുന്നുവെന്നാണ്‌ അവൻ കരുതിയിരുന്നതെങ്കിലും വാസ്‌തവത്തിൽ അവൻ ദൈവത്തിന്‌ എതിരെ പോരാടുകയായിരുന്നു.​—⁠ഫിലിപ്പിയർ 3:5, 6.

ക്രിസ്‌തുവിനെയും ദൈവോദ്ദേശ്യത്തിൽ അവനുള്ള പങ്കിനെയും കുറിച്ചു സൂക്ഷ്‌മ പരിജ്ഞാനം കിട്ടിക്കഴിഞ്ഞപ്പോൾ താൻ ഒരു തീരുമാനം എടുക്കേണ്ടതുണ്ടെന്ന്‌ പൗലൊസിനു കാണാൻ കഴിഞ്ഞു. തന്റെ സ്ഥാനമാനങ്ങൾ ആസ്വദിച്ചുകൊണ്ട്‌ ഒരു പരീശനായി തുടരണമോ അതോ തന്റെ ജീവിതരീതിക്ക്‌ മാറ്റം വരുത്തിക്കൊണ്ട്‌ ദൈവാംഗീകാരം നേടാൻ ശ്രമിക്കണമോ എന്നതായിരുന്നു അത്‌. സന്തോഷകരമെന്നു പറയട്ടെ പൗലൊസ്‌ ശരിയായ തീരുമാനം എടുത്തു. എന്തെന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.” (റോമർ 1:16) അവൻ ക്രിസ്‌തുവിനെയും രാജ്യത്തെയും കുറിച്ചുള്ള സുവാർത്തയുടെ തീക്ഷ്‌ണതയുള്ള ഒരു പ്രസംഗകനായിത്തീർന്നു.

അനേകം വർഷങ്ങൾക്കു ശേഷം പൗലൊസ്‌ തന്റെ സഹക്രിസ്‌ത്യാനികളോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്‌തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്ക്‌ ഓടുന്നു.” (ഫിലിപ്പിയർ 3:13, 14) പൗലൊസ്‌ സുവാർത്തയിൽനിന്നു പ്രയോജനം അനുഭവിച്ചു. കാരണം തന്നെ ദൈവത്തിൽനിന്ന്‌ അന്യപ്പെടുത്തിയിരുന്ന കാര്യങ്ങൾ അവൻ ത്യജിക്കുകയും ദൈവോദ്ദേശ്യത്തിനു ചേർച്ചയിലുള്ള ലക്ഷ്യങ്ങൾ മുഴുഹൃദയത്തോടെ പിന്തുടരുകയും ചെയ്‌തു.

നിങ്ങൾ എന്തു ചെയ്യും?

ഒരുപക്ഷേ ഈ അടുത്തയിടെ മാത്രമായിരിക്കാം നിങ്ങൾ രാജ്യസുവാർത്ത കേട്ടത്‌. പൂർണതയുള്ള ഒരു പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ നിങ്ങൾക്ക്‌ ആകർഷകമാണോ? എങ്കിൽ അതു സ്വാഭാവികം മാത്രമാണ്‌. കാരണം സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനുള്ള ആഗ്രഹം നമുക്ക്‌ എല്ലാവർക്കും ജന്മസിദ്ധമാണ്‌. ദൈവം “നിത്യത” നമ്മുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നുവെന്ന്‌ ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:11) അതുകൊണ്ട്‌ ആളുകൾക്ക്‌ സമാധാനത്തിലും സന്തുഷ്ടിയിലും എന്നേക്കും ജീവിക്കാൻ കഴിയുന്ന ഒരു സമയം നാം പ്രതീക്ഷിക്കുന്നത്‌ സ്വാഭാവികമാണ്‌. രാജ്യസുവാർത്ത വാഗ്‌ദാനം ചെയ്യുന്നതും അതുതന്നെ.

എന്നാൽ ആ പ്രത്യാശ ഒരു യാഥാർഥ്യമാക്കുന്നതിന്‌, സുവാർത്ത എന്താണെന്ന്‌ നിങ്ങൾ അന്വേഷിച്ചു കണ്ടെത്തണം. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: ‘നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിവിൻ.’ (റോമർ 12:⁠2) അതുകൊണ്ട്‌ പൗലൊസിനെ പോലെ, അറിവും ഗ്രാഹ്യവും നേടിക്കഴിയുമ്പോൾ നിങ്ങൾ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്‌.

അതേസമയം, ഭാവിയെ കുറിച്ച്‌ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ ചില വിശ്വാസങ്ങൾ ഉണ്ടായിരിക്കാം. ഒരു അപ്പൊസ്‌തലൻ ആയിത്തീരുന്നതിനു മുമ്പ്‌ പൗലൊസിന്‌ ദൈവഹിതത്തെ കുറിച്ച്‌ തന്റേതായ ചില വീക്ഷണങ്ങൾ ഉണ്ടായിരുന്നെന്ന്‌ ഓർമിക്കുക. എന്നാൽ ദൈവത്തിൽനിന്ന്‌ അത്ഭുതകരമായ ഒരു വെളിപ്പാടു പ്രതീക്ഷിക്കുന്നതിനു പകരം കാര്യങ്ങൾ വസ്‌തുനിഷ്‌ഠമായി പരിശോധിച്ചു നോക്കരുതോ? സ്വയം ഇങ്ങനെ ചോദിക്കുക: ‘മനുഷ്യരെയും ഭൂമിയെയും കുറിച്ചുള്ള ദൈവഹിതം എന്താണെന്ന്‌ എനിക്കു യഥാർഥത്തിൽ അറിയാമോ? എന്റെ വിശ്വാസങ്ങൾ ശരിയാണെന്നു സ്ഥാപിക്കാൻ എനിക്ക്‌ എന്തു തെളിവുകളാണു നിരത്താനുള്ളത്‌? ദൈവവചനമായ ബൈബിളിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ ഞാൻ നിരത്തുന്ന തെളിവുകൾ സാധുതയുള്ളതായി നിലനിൽക്കുമോ?’ നിങ്ങളുടെ മതവിശ്വാസങ്ങളെ ഈ വിധത്തിൽ പരിശോധിക്കുന്നതുകൊണ്ട്‌ നിങ്ങൾക്കു യാതൊന്നും നഷ്ടപ്പെടാൻ പോകുന്നില്ല. വാസ്‌തവത്തിൽ നിങ്ങൾ അങ്ങനെ ചെയ്യേണ്ടതാണ്‌. കാരണം ബൈബിൾ നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “സകലവും ശോധന ചെയ്‌തു നല്ലതു മുറുകെ പിടിപ്പിൻ.” (1 തെസ്സലൊനീക്യർ 5:21) തന്നെയുമല്ല, ദൈവത്തിന്റെ അംഗീകാരമല്ലേ ഏറ്റവും പ്രധാനം?​—⁠യോഹന്നാൻ 17:3; 1 തിമൊഥെയൊസ്‌ 2:3, 4.

മതനേതാക്കന്മാർ നമുക്ക്‌ ഒരു നിത്യഭാവി വാഗ്‌ദാനം ചെയ്‌തേക്കാം. എന്നാൽ ആ വാഗ്‌ദാനം ബൈബിൾ പഠിപ്പിക്കലുകളിൽ അധിഷ്‌ഠിതമല്ലെങ്കിൽ ദൈവരാജ്യ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ അതു നമ്മെ സഹായിക്കില്ല. തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ യേശു ശക്തമായ ഈ മുന്നറിയിപ്പു നൽകി: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.”​—⁠മത്തായി 7:⁠21.

ദൈവരാജ്യത്തിലെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതാണെന്ന്‌ യേശു ഊന്നിപ്പറയുന്നതു ശ്രദ്ധിക്കുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവഭക്തിയുടെ ഒരു ഭാവം ഉണ്ടെന്നു കരുതി ദൈവാംഗീകാരം ലഭിക്കണമെന്നില്ല. വാസ്‌തവത്തിൽ യേശു തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്‌തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും.” (മത്തായി 7:22, 23) ദൈവരാജ്യ സുവാർത്ത കൃത്യമായി അറിയാമെന്ന്‌ ഉറപ്പുവരുത്തുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്‌ തീർച്ചയായും പ്രധാനപ്പെട്ട സംഗതി.​—⁠മത്തായി 7:24, 25.

സഹായം ലഭ്യം

യഹോവയുടെ സാക്ഷികൾ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കാൻ തുടങ്ങിയിട്ട്‌ ഇപ്പോൾ 100-ലേറെ വർഷങ്ങളായി. ദൈവരാജ്യം എന്താണെന്നും അത്‌ എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തുമെന്നും അവ ആസ്വദിക്കാൻ ഒരുവൻ എന്തു ചെയ്യണമെന്നുമുള്ള സൂക്ഷ്‌മ പരിജ്ഞാനം നേടാൻ അച്ചടിച്ച പ്രസിദ്ധീകരണങ്ങളിലൂടെയും വാമൊഴിയായും അവർ ലോകമെമ്പാടുമുള്ള ആളുകളെ സഹായിക്കുന്നു.

യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്ന സന്ദേശത്തോടു പ്രതികരിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌. സുവാർത്ത സ്വീകരിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾക്ക്‌ മഹത്തായ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും​—⁠ഇപ്പോൾ മാത്രമല്ല, ദൈവരാജ്യം മുഴുഭൂമിയിലും വാഴ്‌ച നടത്തുന്ന ഭാവിയിലും.​—⁠1 തിമൊഥെയൊസ്‌ 4:⁠8.

ഇപ്പോൾത്തന്നെ പ്രവർത്തിക്കുക, കാരണം ദൈവരാജ്യ അനുഗ്രഹങ്ങൾ വളരെ അടുത്തിരിക്കുന്നു!

[7-ാം പേജിലെ ചിത്രങ്ങൾ]

അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചും വാമൊഴിയായും യഹോവയുടെ സാക്ഷികൾ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നു