വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്യോന്യം കരുതുന്ന ഒരു ലോകവ്യാപക സമൂഹം

അന്യോന്യം കരുതുന്ന ഒരു ലോകവ്യാപക സമൂഹം

അന്യോന്യം കരുതുന്ന ഒരു ലോകവ്യാപക സമൂഹം

നോക്കെത്താ ദൂരത്തോളം ആളുകളുണ്ട്‌. പലരും പ്രായംചെന്നവരാണ്‌, അവരിൽ ചിലരാകട്ടെ നടക്കാൻപോലും കഴിയാത്തത്ര വൈകല്യമുള്ളവരും. അക്കൂട്ടത്തിൽ ഗർഭിണികളും കുട്ടികളെയുംകൊണ്ട്‌ എത്തിയിരിക്കുന്ന ചെറുപ്പക്കാരായ ദമ്പതികളും ഉണ്ട്‌. ഇവരെല്ലാം​—⁠സ്‌ത്രീകളും പുരുഷന്മാരും കുട്ടികളും​—⁠ആഭ്യന്തര യുദ്ധവും പ്രകൃതി വിപത്തുകളും മറ്റു സാഹചര്യങ്ങളും നിമിത്തം വീടുവിട്ട്‌ അയൽരാജ്യങ്ങളിൽ അഭയം തേടേണ്ടിവന്ന അഭയാർഥികളാണ്‌. ചിലർ നിരവധി പ്രാവശ്യം തങ്ങളുടെ വാസസ്ഥലം ഉപേക്ഷിച്ചു പോകാൻ നിർബന്ധിതരായിട്ടുണ്ട്‌. ആഭ്യന്തര കലാപത്തിന്റെയോ പ്രകൃതിവിപത്തിന്റെയോ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ അവർ കുട്ടികളെയും കൂട്ടി വളരെക്കുറച്ച്‌ ഗൃഹോപകരണങ്ങളുമായി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക്‌ പോകുന്നു. പിന്നെ, സാഹചര്യം സാധാരണ ഗതിയിൽ ആകുമ്പോൾ, മിക്ക അഭയാർഥികളും തിരിച്ചുചെന്ന്‌ വീണ്ടും വീടുവെച്ച്‌ താമസം തുടങ്ങുന്നു.

വർഷങ്ങളായി സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്‌ മറ്റ്‌ അനവധി രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളെ സ്വീകരിച്ചിട്ടുണ്ട്‌. അടുത്തകാലത്തായി, യഹോവയുടെ സാക്ഷികൾ ഉൾപ്പെടെയുള്ള അനേകർക്ക്‌ യുദ്ധബാധിതമായ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽനിന്ന്‌ താരതമ്യേന സുരക്ഷിതമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്കു പലായനം ചെയ്യേണ്ടിവന്നു.

സഹോദരങ്ങൾ സഹായഹസ്‌തം നീട്ടുന്നു

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ സാക്ഷികൾ മനുഷ്യത്വപരമായ സഹായം പ്രദാനം ചെയ്യുന്നത്‌ ഒരു പദവിയായി വീക്ഷിച്ചു. വന്നുചേർന്നുകൊണ്ടിരുന്ന ക്രിസ്‌തീയ സഹോദരങ്ങൾക്കായി അവർ പാർപ്പിട സൗകര്യങ്ങൾ ഒരുക്കി. ആദ്യമായി, സ്വകാര്യഭവനങ്ങളിൽ മുറികൾ ഏർപ്പാടാക്കി. എന്നാൽ അഭയാർഥികളുടെ എണ്ണം വർധിച്ചപ്പോൾ കൂടുതലായ ക്രമീകരണങ്ങൾ ആവശ്യമായിവന്നു. ചില രാജ്യഹാളുകൾ ഡോർമിറ്ററികളായി മാറ്റപ്പെട്ടു. സഹോദരങ്ങൾക്ക്‌ അവിടെ സൗകര്യപ്രദമായി താമസിക്കാൻ, കൂടുതലായി ലൈറ്റുകളും പൈപ്പുകളും പിടിപ്പിക്കാനായി പ്രാദേശിക സാക്ഷികൾ സ്വമേധയാ പ്രവർത്തിച്ചു. അഭയാർഥികളും പ്രാദേശിക സഹോദരങ്ങളോടൊപ്പം ജോലി ചെയ്‌താണ്‌ ഈ താത്‌കാലിക ഷെഡ്ഡുകൾ ഉണ്ടാക്കിയത്‌. അഭയാർഥികളായി എത്തിയവർക്ക്‌ ജീവരക്ഷാകരമായ ആത്മീയ ഭക്ഷണം നൽകാൻ ക്രിസ്‌തീയ യോഗങ്ങൾ പൂർണമായി ലിംഗാല ഭാഷയിൽ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. പ്രാദേശിക സാക്ഷികളുടെയും അവരുടെ അതിഥികളുടെയും ഇടയിലെ നല്ല സഹകരണം സാർവദേശീയ സാഹോദര്യം ഒരു യാഥാർഥ്യമാണെന്നു തെളിയിച്ചു.

അഭയാർഥി കുടുംബങ്ങൾ എല്ലായ്‌പോഴും ഒന്നിച്ചല്ല എത്തിച്ചേർന്നത്‌. പലപ്പോഴും, കൂട്ടംവിട്ടുപോയ കുടുംബാംഗങ്ങൾ ലക്ഷ്യസ്ഥാനത്തുവെച്ച്‌ വീണ്ടും ഒന്നിച്ചിട്ടുണ്ട്‌. സുരക്ഷിതമായി എത്തിച്ചേർന്നവരുടെ ഒരു ലിസ്റ്റ്‌ ഓരോ രാജ്യഹാളിലും സൂക്ഷിച്ചിരുന്നു. ഇതുവരെ കണ്ടെത്താൻ കഴിയാഞ്ഞവരെ കണ്ടുപിടിക്കാനുള്ള ക്രമീകരണങ്ങളും ചെയ്‌തു. ആ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന ബ്രാഞ്ച്‌ ഓഫീസ്‌, യാത്രയിലായിരിക്കുന്ന സാക്ഷികളെ സഹായിക്കാനും കൂട്ടംവിട്ടുപോയവരെ കണ്ടെത്താനും ദിവസവും മൂന്ന്‌ വാഹനങ്ങൾ വിട്ടുകൊടുത്തു. ആ വാഹനങ്ങളിൽ “വാച്ച്‌ടവർ​—⁠യഹോവയുടെ സാക്ഷികൾ” എന്ന്‌ വലിയ അക്ഷരത്തിൽ എഴുതിയിരുന്നു.

മാതാപിതാക്കളിൽനിന്നു കൈവിട്ടുപോയ ഏഴ്‌ അഭയാർഥി കുട്ടികൾ യഹോവയുടെ സാക്ഷികളുടെ ഒരു വാൻ കാണാൻ ഇടയായപ്പോൾ ഉണ്ടായ സന്തോഷം ഒന്നു സങ്കൽപ്പിച്ചുനോക്കൂ. അവർ ഉടനെതന്നെ വാനിന്റെ അടുത്തേക്ക്‌ ഓടിച്ചെന്നിട്ട്‌ തങ്ങൾ യഹോവയുടെ സാക്ഷികളാണെന്ന്‌ അറിയിച്ചു. സഹോദരങ്ങൾ അവരെ വാനിൽ കയറ്റി ഒരു രാജ്യഹാളിൽ എത്തിച്ചു. അവിടെ ഒടുവിൽ തങ്ങളുടെ കുടുംബാംഗങ്ങളുമായി ഒന്നിക്കാൻ അവർക്കു സാധിച്ചു.

ഒന്നല്ല, പല തവണ അത്തരം സാഹചര്യങ്ങളെ തരണം ചെയ്യാൻ ആത്മാർഥഹൃദയരായ ഈ ക്രിസ്‌ത്യാനികളെ പ്രാപ്‌തരാക്കിയത്‌ എന്താണ്‌? തിരുവെഴുത്തുകൾ മുൻകൂട്ടി പറഞ്ഞിരിക്കുന്ന അന്ത്യകാലത്താണ്‌ നാം ജീവിക്കുന്നത്‌ എന്ന്‌ അവർക്കു പൂർണമായി ബോധ്യപ്പെട്ടിരിക്കുന്നു.​—⁠2 തിമൊഥെയൊസ്‌ 3:1-5; വെളിപ്പാടു 6:3-8.

അതുകൊണ്ട്‌, യുദ്ധം, പക, അക്രമം, പോരാട്ടം എന്നിവയ്‌ക്ക്‌ യഹോവയാം ദൈവം പെട്ടെന്നുതന്നെ അറുതി വരുത്തുമെന്ന്‌ അവർക്കറിയാം. അഭയാർഥി പ്രശ്‌നം ഒരു കഴിഞ്ഞകാല സംഗതി ആയിരിക്കും. അതേസമയം, അപ്പൊസ്‌തലനായ പൗലൊസിന്റെ 1 കൊരിന്ത്യർ 12:14-26-ലെ ഉദ്‌ബോധനം അനുസരിച്ച്‌, യഹോവയുടെ സാക്ഷികൾ അന്യോന്യം കരുതൽ പ്രകടമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നദികളും ദേശീയ അതിർത്തികളും ഭാഷകളും ദൂരവും അവരെ വേർപെടുത്തിയിരിക്കുന്നെങ്കിലും, അവർ പരസ്‌പരം കരുതൽ ഉള്ളവരാണ്‌. അതിനാൽ, ആർക്കെങ്കിലും സഹായം ആവശ്യമുള്ളപ്പോൾ അവർ സത്വരം പ്രവർത്തിക്കുന്നു.​—⁠യാക്കോബ്‌ 1:22-27.

[30-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ആഫ്രിക്ക

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്‌

കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.

[30-ാം പേജിലെ ചിത്രങ്ങൾ]

അഭയാർഥികളെ സ്വീകരിക്കാനായി മൂന്നു രാജ്യഹാളുകൾ ഉപയോഗിച്ചു

[31-ാം പേജിലെ ചിത്രം]

പാചകത്തിനുള്ള സൗകര്യങ്ങൾ പെട്ടെന്നുതന്നെ നിർമിക്കപ്പെട്ടു

[31-ാം പേജിലെ ചിത്രം]

അഭയാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു

[31-ാം പേജിലെ ചിത്രങ്ങൾ]

പിറന്നുവീണതേ അഭയാർഥികളായി