വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിഷേധാത്മക വികാരങ്ങളെ എങ്ങനെ തരണം ചെയ്യാം?

നിഷേധാത്മക വികാരങ്ങളെ എങ്ങനെ തരണം ചെയ്യാം?

നിഷേധാത്മക വികാരങ്ങളെ എങ്ങനെ തരണം ചെയ്യാം?

● ആസാഫ്‌ പരാതിപ്പെട്ടു: “എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്‌മയിൽ കഴുകിയതും വ്യർത്ഥമത്രേ. ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.”​—⁠സങ്കീർത്തനം 73:13, 14.

● ബാരൂക്ക്‌ നെടുവീർപ്പിട്ടു: “യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല.”​—⁠യിരെമ്യാവു 45:⁠3.

● നൊവൊമി വിലപിച്ചു: “സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു. നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്‌തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?”​—⁠രൂത്ത്‌ 1:20, 21.

നിരുത്സാഹത്തിന്റെ തോന്നലുകളാൽ ചിലപ്പോഴൊക്കെ ആകുലചിത്തരായ യഹോവയുടെ വിശ്വസ്‌ത ആരാധകരുടെ അനവധി ദൃഷ്ടാന്തങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. അപൂർണ മനുഷ്യരായ നമുക്കെല്ലാം ചില സമയങ്ങളിൽ അത്തരം വികാരങ്ങൾ അനുഭവപ്പെടുന്നുണ്ട്‌ എന്നതാണ്‌ വസ്‌തുത. കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള നമ്മിൽ ചിലർ മറ്റുള്ളവരെ അപേക്ഷിച്ച്‌ നിരുത്സാഹത്തിന്‌​—⁠ഒരുപക്ഷേ ഒരളവിലുള്ള ആത്മാനുകമ്പയ്‌ക്ക്‌​—⁠കൂടുതൽ വശംവദരായേക്കാം.

എന്നാൽ, നിയന്ത്രിക്കാത്തപക്ഷം ഇത്തരം വികാരങ്ങൾക്ക്‌ യഹോവയുമായും മറ്റുള്ളവരുമായും ഉള്ള നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കാൻ കഴിയും. ആത്മാനുകമ്പ തോന്നാറുള്ള ഒരു ക്രിസ്‌തീയ സ്‌ത്രീ സമ്മതിച്ചുപറയുന്നു: “സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള അനേകം ക്ഷണങ്ങൾ ഞാൻ നിരസിച്ചു. കാരണം, സഭയിലെ മറ്റുള്ളവരുമൊത്ത്‌ സഹവസിക്കാനുള്ള യോഗ്യത ഇല്ല എന്ന്‌ എനിക്കു തോന്നി.” അത്തരം വികാരങ്ങൾക്ക്‌ ഒരാളുടെ ജീവിതത്തിന്മേൽ എത്ര വിനാശകമായ ഫലമായിരിക്കും ഉണ്ടായിരിക്കുക! അതിൽനിന്ന്‌ രക്ഷനേടാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

യഹോവയോട്‌ അടുത്തുചെല്ലുക

തന്റെ സംഭ്രാന്തിയെക്കുറിച്ച്‌ ആസാഫ്‌, സങ്കീർത്തനം 73-ാം അധ്യായത്തിൽ വ്യക്തമായി എഴുതിയിട്ടുണ്ട്‌. ദുഷ്ടന്മാരുടെ ആയാസരഹിതമായ ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്‌തപ്പോൾ അവന്‌ അസൂയ തോന്നി. അഭക്തരായവർ അഹങ്കാരികളും അക്രമികളും ആയിരിക്കുകയും ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നതായി അവൻ നിരീക്ഷിച്ചു. അതുകൊണ്ട്‌, തന്റെ ജീവിതത്തിൽ നീതി പിന്തുടരുന്നതിന്റെ മൂല്യത്തെ കുറിച്ച്‌ അവൻ സംശയം പ്രകടിപ്പിച്ചു.​—⁠സങ്കീർത്തനം 73:3-9, 13, 14.

തങ്ങളുടെ ദുഷ്‌ചെയ്‌തികൾ മറകൂടാതെ ചെയ്യുന്ന ദുഷ്ടന്മാരുടെ പ്രകടമായ വിജയം ആസാഫിനെപ്പോലെ നിങ്ങളും കണ്ടിട്ടുണ്ടോ? തന്റെ ഹാനികരമായ വികാരങ്ങളെ ആസാഫ്‌ തരണം ചെയ്‌തത്‌ എങ്ങനെയാണ്‌? അവൻ തുടരുന്നു: “ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി; ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.” (സങ്കീർത്തനം 73:16, 17) പ്രാർഥനയിൽ യഹോവയിലേക്ക്‌ തിരിഞ്ഞുകൊണ്ട്‌ ആസാഫ്‌ ക്രിയാത്മക നടപടികൾ സ്വീകരിച്ചു. പൗലൊസിന്റെ വാക്കുകളിൽ പറഞ്ഞാൽ, ആസാഫ്‌ തന്റെ ഉള്ളിലെ ‘ആത്മിക മനുഷ്യനെ’ ഉണർത്തിക്കൊണ്ട്‌ ‘പ്രാകൃതമനുഷ്യനെ’ അടിച്ചമർത്തി. പുതിയ ആത്മീയ വീക്ഷണം ലഭിച്ചതോടെ അവൻ, യഹോവ ദോഷത്തെ വെറുക്കുന്നുവെന്നും തക്ക സമയത്ത്‌ ദുഷ്ടർ ശിക്ഷിക്കപ്പെടുമെന്നും മനസ്സിലാക്കി.​—⁠1 കൊരിന്ത്യർ 2:14, 15.

ജീവിത യാഥാർഥ്യങ്ങൾ ഏറെ മെച്ചമായി മനസ്സിലാക്കുന്നതിൽ നിങ്ങൾ സഹായിക്കാൻ ബൈബിളിനെ അനുവദിക്കുന്നത്‌ എത്ര പ്രധാനമാണ്‌! ദുഷ്ടർ ചെയ്യുന്ന കാര്യങ്ങൾ തനിക്ക്‌ മറവായിരിക്കുന്നില്ല എന്ന്‌ യഹോവ നമ്മെ ഓർമിപ്പിക്കുന്നു. ബൈബിൾ പഠിപ്പിക്കുന്നു: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. . . നന്മ ചെയ്‌കയിൽ നാം മടുത്തുപോകരുതു.” (ഗലാത്യർ 6:7-9) യഹോവ ദുഷ്ടന്മാരെ ‘വഴുവഴുപ്പിൽ’ നിറുത്തുകയും അവരെ ‘നാശത്തിലേക്ക്‌ തള്ളിയിടുകയും’ ചെയ്യും. (സങ്കീർത്തനം 73:18) എല്ലായ്‌പോഴും ആത്യന്തികമായി വിജയിക്കുന്നത്‌ ദിവ്യ നീതി ആയിരിക്കും.

യഹോവയുടെ ആത്മീയ മേശയിൽനിന്ന്‌ തുടർച്ചയായി ഭക്ഷിക്കുന്നതിനുള്ള ക്രമീകരണവും ദൈവജനവുമായുള്ള ആരോഗ്യാവഹമായ സഹവാസവും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനും നിരുത്സാഹത്തെയോ മറ്റ്‌ നിഷേധാത്മക വികാരങ്ങളെയോ തരണം ചെയ്യുന്നതിനും നിങ്ങളെ സഹായിക്കും. (എബ്രായർ 10:25) ആസാഫിനെപ്പോലെ ദൈവത്തോട്‌ പറ്റിനിന്നുകൊണ്ട്‌ നിങ്ങൾക്കും അവന്റെ സ്‌നേഹപുരസ്സരമായ പിന്തുണ അനുഭവിക്കാൻ കഴിയും. ആസാഫ്‌ തുടർന്നു പറയുന്നു: “എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.” (സങ്കീർത്തനം 73:23, 24) ഒരു കുട്ടിയായിരിക്കെ ശാരീരിക ദ്രോഹത്തിന്‌ ഇരയായ ഒരു ക്രിസ്‌ത്യാനി ഈ വാക്കുകളിലെ ജ്ഞാനം മനസ്സിലാക്കി. അവൾ പറയുന്നു: “സഭയുമായി അടുത്തു സഹവസിച്ചതുകൊണ്ട്‌ ജീവിതത്തെ സംബന്ധിച്ച്‌ വ്യത്യസ്‌തമായ ഒരു വീക്ഷണം എനിക്കു ലഭിച്ചു. ക്രിസ്‌തീയ മൂപ്പന്മാർ സ്‌നേഹമുള്ളവർ ആണെന്നും അവർ പോലീസുകാരല്ല മറിച്ച്‌ ഇടയന്മാരാണെന്നും ഞാൻ മനസ്സിലാക്കി.” അതേ, ദ്രോഹകരമായ വികാരങ്ങളെ മറികടക്കുന്നതിൽ സഹാനുഭൂതിയുള്ള ക്രിസ്‌തീയ മൂപ്പന്മാർ മർമപ്രധാനമായ ഒരു പങ്ക്‌ വഹിക്കുന്നു.​—⁠യെശയ്യാവു 32:1, 2; 1 തെസ്സലൊനീക്യർ 2:7, 8.

യഹോവ നൽകുന്ന ബുദ്ധിയുപദേശം സ്വീകരിക്കുക

യിരെമ്യാ പ്രവാചകന്റെ സെക്രട്ടറിയായ ബാരൂക്ക്‌ തന്റെ നിയമനത്തിലെ വൈകാരിക പിരിമുറുക്കം നിമിത്തം നെടുവീർപ്പിട്ടു. എന്നിരുന്നാലും, യാഥാർഥ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യഹോവ ദയാപുരസ്സരം അവനെ സഹായിച്ചു. “എന്നാൽ നീ നിനക്കായിട്ടു വലിയകാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു; ഞാൻ സർവ്വജഡത്തിന്നും അനർത്ഥം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു; എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ള പോലെതരും എന്നിങ്ങനെ നീ അവനോടു പറയേണം എന്നു യഹോവ അരുളിച്ചെയ്യുന്നു.”​—⁠യിരെമ്യാവു 45:2-5.

ബാരൂക്കിന്റെതന്നെ സ്വാർഥാഭിലാഷങ്ങളാണ്‌ അവന്റെ നിരാശയ്‌ക്ക്‌ കാരണമെന്ന്‌ വ്യക്തമായ ഭാഷയിൽ യഹോവ അവനോടു പറഞ്ഞു. തനിക്കുവേണ്ടി വലിയ കാര്യങ്ങൾ തേടുമ്പോൾത്തന്നെ ദൈവദത്ത നിയമനത്തിൽ സന്തുഷ്ടി കണ്ടെത്താൻ ബാരൂക്കിനു കഴിയുമായിരുന്നില്ല. നിരുത്സാഹത്തെ തരണം ചെയ്യാനുള്ള യഥാർഥവും ഫലകരവുമായ മാർഗം ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കുകയും ദൈവിക സംതൃപ്‌തിയിൽനിന്ന്‌ ലഭിക്കുന്ന മനസ്സമാധാനം കൈക്കൊള്ളുകയും ചെയ്യുക എന്നതാണെന്ന്‌ നിങ്ങളും കണ്ടെത്തിയേക്കാം.​—⁠ഫിലിപ്പിയർ 4:6, 7.

ഭർത്താവിനെയും രണ്ടു പുത്രന്മാരെയും നഷ്ടപ്പെട്ട്‌, വിധവയായി മോവാബിൽ കഴിഞ്ഞിരുന്ന നൊവൊമി, തന്നെ നിരുത്സാഹിതയാക്കാൻ കഷ്ടപ്പാടുകളെ അനുവദിച്ചില്ല. എന്നിരുന്നാലും, തന്നെക്കുറിച്ചുതന്നെയും രണ്ടു മരുമക്കളെ കുറിച്ചും അവൾക്ക്‌ കുറെക്കാലത്തേക്ക്‌ വ്യസനം ഉണ്ടായിരുന്നുവെന്നതിനു സൂചനയുണ്ട്‌. അവരെ പറഞ്ഞയച്ചപ്പോൾ നൊവൊമി പറഞ്ഞു: “യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാൻ വളരെ വ്യസനിക്കുന്നു.” വീണ്ടും ബെത്‌ലഹേമിൽ ചെന്നപ്പോൾ അവൾ ഇങ്ങനെ നിർബന്ധം പിടിച്ചു: “നൊവൊമി [“എന്റെ പ്രസന്നത”] എന്നല്ല മാറാ [“കയ്‌പ്‌”] എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.”​—⁠രൂത്ത്‌ 1:13, 20.

എന്നിരുന്നാലും, നൊവൊമി വിലപിച്ചുകൊണ്ട്‌ തന്നെത്തന്നെ യഹോവയിൽനിന്നും അവന്റെ ജനത്തിൽനിന്നും ഒറ്റപ്പെടുത്തിയില്ല. മോവാബ്‌ ദേശത്ത്‌ വെച്ച്‌ അവൾ, ‘യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തു’ എന്ന്‌ കേട്ടിരുന്നു. (രൂത്ത്‌ 1:6) യഹോവയുടെ ജനത്തോടൊപ്പം ആയിരിക്കുന്നതാണ്‌ തനിക്ക്‌ ഉത്തമം എന്ന്‌ അവൾ മനസ്സിലാക്കി. തുടർന്ന്‌, തന്റെ മരുമകളായ രൂത്തിനെയും കൂട്ടി നൊവൊമി യഹൂദയിലേക്ക്‌ മടങ്ങിപ്പോകുകയും വീണ്ടെടുപ്പുകാരനും ബന്ധുവുമായ ബോവസിനോട്‌ എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച്‌ രൂത്തിന്‌ വിദഗ്‌ധമായ നിർദേശങ്ങൾ നൽകുകയും ചെയ്‌തു.

സമാനമായി ഇന്ന്‌, ഇണയെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുള്ള വിശ്വസ്‌തരായവർ ക്രിസ്‌തീയ സഭയ്‌ക്കുള്ളിൽ തിരക്കുള്ളവർ ആയിരുന്നുകൊണ്ട്‌ തങ്ങളുടെ വൈകാരിക സമ്മർദത്തെ വിജയകരമായി നേരിടുന്നു. അവർ ദൈവവചനം ദിവസവും വായിച്ചുകൊണ്ട്‌ നൊവൊമിയെപ്പോലെ ആത്മീയ കാര്യങ്ങളിൽ സതീക്ഷ്‌ണം ഏർപ്പെടുന്നു.

ദൈവിക ജ്ഞാനം ബാധകമാക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങൾ

നിഷേധാത്മക വികാരങ്ങളുടെ ഫലങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതു സംബന്ധിച്ച ഉൾക്കാഴ്‌ച ഈ ബൈബിൾ വിവരണങ്ങൾ നൽകുന്നു. ആസാഫ്‌ യഹോവയുടെ വിശുദ്ധ മന്ദിരത്തിൽ സഹായം തേടുകയും ക്ഷമയോടെ യഹോവയ്‌ക്കായി കാത്തിരിക്കുകയും ചെയ്‌തു. ബാരൂക്ക്‌ ബുദ്ധിയുപദേശത്തിന്‌ ചെവികൊടുക്കുകയും ഭൗതികത്വപരമായ ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കുകയും ചെയ്‌തു. യുവതിയായ രൂത്തിനെ സത്യദൈവമായ യഹോവയെ ആരാധിക്കുന്നതിലുള്ള പദവികൾക്കായി ഒരുക്കിക്കൊണ്ട്‌ നൊവൊമി യഹോവയുടെ ജനത്തിനിടയിൽ പ്രവർത്തനനിരതയായിരുന്നു.​—⁠1 കൊരിന്ത്യർ 4:7; ഗലാത്യർ 5:26; 6:⁠4.

യഹോവ തന്റെ ജനത്തിന്‌ വ്യക്തിപരമായും ഒരു കൂട്ടമെന്ന നിലയിലും നൽകിയിരിക്കുന്ന ദിവ്യവിജയങ്ങളെ കുറിച്ച്‌ ധ്യാനിച്ചുകൊണ്ട്‌ നിരുത്സാഹത്തെയും മറ്റ്‌ നിഷേധാത്മക വികാരങ്ങളെയും മറികടക്കാൻ നിങ്ങൾക്കു കഴിയും. അതിനായി, നിങ്ങൾക്കു മറുവില പ്രദാനം ചെയ്‌തതിലെ യഹോവയുടെ ഏറ്റവും വലിയ സ്‌നേഹപ്രവൃത്തിയെ കുറിച്ച്‌ ധ്യാനിക്കുക. ക്രിസ്‌തീയ സഹോദരവർഗത്തിന്റെ നിഷ്‌കളങ്കമായ സ്‌നേഹത്തെ വിലമതിക്കുക. തൊട്ടു മുന്നിലുള്ള ദൈവരാജ്യത്തിൽ നിങ്ങളുടെ ജീവിതം കേന്ദ്രീകരിക്കുക. എങ്കിൽ നിങ്ങൾ ആസാഫിനെപ്പോലെ പ്രതികരിച്ചേക്കാം: “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.”​—⁠സങ്കീർത്തനം 73:⁠28.