വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വളർത്തപ്പെട്ടത്‌ എങ്ങനെ ആയിരുന്നാലും നിങ്ങൾക്കു വിജയിക്കാൻ കഴിയും

വളർത്തപ്പെട്ടത്‌ എങ്ങനെ ആയിരുന്നാലും നിങ്ങൾക്കു വിജയിക്കാൻ കഴിയും

വളർത്തപ്പെട്ടത്‌ എങ്ങനെ ആയിരുന്നാലും നിങ്ങൾക്കു വിജയിക്കാൻ കഴിയും

കുട്ടിക്കാലം മുതൽ നിക്കോളാസിന്‌ മത്സര സ്വഭാവമുണ്ടായിരുന്നു. * ക്രമേണ, വൈകാരിക സംഘട്ടനം അവനെ മയക്കുമരുന്നു ദുരുപയോഗത്തിലും അമിത മദ്യപാനത്തിലും കൊണ്ടെത്തിച്ചു. നിക്കോളാസ്‌ പറയുന്നു: “എന്റെ അച്ഛൻ ഒരു മദ്യപനായിരുന്നു. എന്നെയും സഹോദരിയെയും വളരെ കഷ്ടപ്പെടുത്തിയിട്ടുമുണ്ട്‌.”

മാലിൻഡയുടെ മാതാപിതാക്കൾ പള്ളിയിൽ പോകുന്നവർ ആയിരുന്നു. ആ പ്രദേശത്തെ ആളുകൾ എല്ലാ പ്രകാരത്തിലും അവരെ ആദരിച്ചിരുന്നു. എങ്കിലും, അവർ ഒരു ഭക്തി പ്രസ്ഥാനത്തിൽ സജീവമായി ഉൾപ്പെട്ടിരുന്നു. “ആ പ്രസ്ഥാനത്തിലെ ചില ആചാരങ്ങൾ ഒരു കുട്ടിയായിരുന്ന എന്നെ മോശമായി സ്വാധീനിക്കുകയും എന്റെ മനോവീര്യം കെടുത്തുകയും ചെയ്‌തു” എന്ന്‌ ഇപ്പോൾ 30-കളിൽ ആയിരിക്കുന്ന മാലിൻഡ ദുഃഖത്തോടെ പറയുന്നു. അവൾ തുടരുന്നു: “നിരാശാബോധവും വിലകെട്ടവളാണെന്ന തോന്നലും ഓർമവെച്ച നാൾ മുതൽ എന്റെ ഭാഗമായിത്തീർന്നിരിക്കുന്നു.”

അക്രമവും ലൈംഗിക ദുഷ്‌പെരുമാറ്റവും മാതാപിതാക്കളുടെ അവഗണനയും മറ്റ്‌ പ്രശ്‌നങ്ങളും നിമിത്തം അനേകരുടെയും ബാല്യകാലം താറുമാറായിരിക്കുന്നു എന്നത്‌ ആർക്കെങ്കിലും നിഷേധിക്കാൻ കഴിയുമോ? അസന്തുഷ്ടമായ ബാല്യകാലത്തിന്റെ മുറിവുകൾ ആഴത്തിലുള്ളതായിരിക്കാം. എന്നാൽ, ദൈവവചനത്തിലെ സത്യം സ്വീകരിച്ച്‌ ഗണ്യമായ അളവിൽ സന്തുഷ്ടി നേടാനുള്ള ഒരുവന്റെ സാധ്യതയെ ഇത്തരം ദ്രോഹങ്ങൾ എന്നേക്കുമായി നശിപ്പിക്കേണ്ടതുണ്ടോ? ബാല്യകാലം എങ്ങനെയുള്ളത്‌ ആയിരുന്നാലും, നിക്കോളാസിനും മാലിൻഡയ്‌ക്കും ദൃഢവിശ്വസ്‌തതാ പാലകർ എന്ന നിലയിൽ വിജയിക്കാൻ കഴിയുമോ? ആദ്യമായി, യഹൂദാ രാജാവായിരുന്ന യോശീയാവിന്റെ കാര്യം പരിചിന്തിക്കുക.

തിരുവെഴുത്തുപരമായ മാതൃക

പൊ.യു.മു. ഏഴാം നൂറ്റാണ്ടിൽ 31 വർഷം യോശീയാവ്‌ യഹൂദയെ ഭരിച്ചു. (പൊ.യു.മു. 659-629) പിതാവ്‌ വധിക്കപ്പെട്ടശേഷം യോശീയാവ്‌ സിംഹാസനസ്ഥനായ സമയത്ത്‌, യഹൂദയിലെ സാഹചര്യം വളരെ മോശമായിരുന്നു. യഹൂദയും യെരൂശലേമും ബാൽ ആരാധകരെയും അമ്മോന്യരുടെ മുഖ്യ ദേവനായ മൽക്കാമിനെച്ചൊല്ലി ആണയിടുന്നവരെയും കൊണ്ട്‌ നിറഞ്ഞിരുന്നു. യഹൂദയിലെ പ്രഭുക്കന്മാർ ‘ഗർജ്ജിക്കുന്ന സിംഹങ്ങളും’ അവിടത്തെ ന്യായാധിപന്മാർ ‘വൈകുന്നേരത്തെ ചെന്നായ്‌ക്കളും’ ആണെന്ന്‌ അക്കാലത്ത്‌ ദൈവത്തിന്റെ ഒരു പ്രവാചകനായിരുന്ന സെഫന്യാവ്‌ പറയുകയുണ്ടായി. തത്‌ഫലമായി ദേശത്ത്‌ അക്രമവും ചതിയും വ്യാപകമായി. “യഹോവ ഗുണമോ ദോഷമോ ചെയ്‌കയില്ല” എന്ന്‌ അനേകർ തങ്ങളുടെ ഹൃദയത്തിൽ പറയുകയായിരുന്നു.​—⁠സെഫന്യാവു 1:3–2:3; 3:​1-5.

യോശീയാവ്‌ എങ്ങനെയുള്ള ഒരു ഭരണാധിപൻ ആയിത്തീർന്നു? ബൈബിൾ വൃത്താന്തകാരനായ എസ്രാ എഴുതുന്നു: “യോശീയാവു . . . യഹോവെക്കു പ്രസാദമായുള്ളതു ചെയ്‌തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.” (2 ദിനവൃത്താന്തം 34:1, 2) വ്യക്തമായും, ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായത്‌ ചെയ്യുന്നതിൽ യോശീയാവ്‌ വിജയിച്ചു. എന്നാൽ അവന്റെ കുടുംബ പശ്ചാത്തലം എങ്ങനെ ഉള്ളത്‌ ആയിരുന്നു?

ബാല്യകാലം​—⁠നല്ലതോ തീയതോ?

പൊ.യു.മു. 667-ൽ യോശീയാവ്‌ ജനിച്ചപ്പോൾ അവന്റെ പിതാവായ ആമോന്‌ പതിനാറ്‌ വയസ്സേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത്‌ യഹൂദ ഭരിച്ചുകൊണ്ടിരുന്നത്‌ യോശീയാവിന്റെ വല്യപ്പനായ മനശ്ശെ ആയിരുന്നു. യഹൂദയിലെ ഏറ്റവും ദുഷ്ടരായ രാജാക്കന്മാരിൽ ഒരാളായിരുന്നു മനശ്ശെ. ബാലിന്‌ ബലിപീഠങ്ങൾ പണിതുയർത്തിക്കൊണ്ട്‌, അവൻ “യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്‌തു.” അവൻ തന്റെ പുത്രന്മാരിൽ ചിലരെ അഗ്നിപ്രവേശം ചെയ്യിച്ചു, മാന്ത്രികവിദ്യ ആചരിച്ചു, ആഭിചാരം ചെയ്‌തു, ആത്മവിദ്യാപരമായ ആചാരങ്ങളെ പ്രോത്സാഹിപ്പിച്ചു, കൂടാതെ, കുറ്റമില്ലാത്ത അനേകരുടെ രക്തവും ചൊരിഞ്ഞു. താൻ നിർമിച്ച വിശുദ്ധ സ്‌തംഭത്തിന്റെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ മനശ്ശെ യഹോവയുടെ ആലയത്തിലേക്ക്‌ കൊണ്ടുവന്നു. “യഹോവ യിസ്രായേൽപുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്‌തതിലും അധികം വഷളത്വം പ്രവർത്തിപ്പാൻ തക്കവണ്ണം” അവൻ യഹൂദയെയും യെരൂശലേമിനെയും വശീകരിച്ചുകളഞ്ഞു.​—⁠2 ദിനവൃത്താന്തം 33:1-9.

അസ്സീറിയൻ രാജാക്കന്മാരുടെ ഒരു രാജകീയ പട്ടണമായിരുന്ന ബാബിലോണിലേക്ക്‌ മനശ്ശെയെ വിലങ്ങുവെച്ച്‌ കൊണ്ടുപോകാൻ യഹോവ ഇടയാക്കത്തക്കവണ്ണം അത്ര വലുതായിരുന്നു അവന്റെ ദുഷ്ടത. തടവിലായിരിക്കെ മനശ്ശെ അനുതപിച്ചു, സ്വയം താഴ്‌ത്തി, യഹോവയുടെ ക്ഷമയ്‌ക്കായി അപേക്ഷിച്ചു. തന്നോട്‌ ദയ കാണിക്കേണമേ എന്നുള്ള അവന്റെ അഭ്യർഥന യഹോവ ശ്രദ്ധിക്കുകയും അവനെ യെരൂശലേമിലെ രാജത്വത്തിലേക്ക്‌ തിരികെ കൊണ്ടുവരികയും ചെയ്‌തു. തുടർന്ന്‌, മനശ്ശെ സ്വീകരിച്ച പരിഷ്‌കാര നടപടികൾ കുറെയൊക്കെ നല്ല ഫലങ്ങൾ ഉളവാക്കി.​—⁠2 ദിനവൃത്താന്തം 33:10-17.

മനശ്ശെയുടെ ദുഷ്ടതയ്‌ക്കും തുടർന്നുള്ള അനുതാപത്തിനും അവന്റെ മകനായ ആമോന്റെ മേൽ എന്തു ഫലമാണുണ്ടായിരുന്നത്‌? അവൻ വളരെയധികം ദുഷ്ടത പ്രവർത്തിച്ചു. മനശ്ശെ അനുതപിച്ച്‌, താൻതന്നെ തുടങ്ങിവെച്ച വ്യാജാരാധന ദേശത്തുനിന്ന്‌ തുടച്ചുനീക്കാൻ നടപടി കൈക്കൊണ്ടപ്പോൾ ആമോൻ പ്രതികരിച്ചില്ല. 22-ാമത്തെ വയസ്സിൽ സിംഹാസനം കിട്ടിയപ്പോൾ അവൻ “തന്റെ അപ്പനായ മനശ്ശെ ചെയ്‌തതു പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു.” യഹോവയുടെ മുമ്പാകെ തന്നെത്താൻ താഴ്‌ത്തുന്നതിനു പകരം, അവൻ “മേൽക്കുമേൽ അകൃത്യം ചെയ്‌തതേയുള്ളൂ.” (2 ദിനവൃത്താന്തം 33:21-23) ആമോൻ യഹൂദയുടെ രാജാവായപ്പോൾ യോശീയാവിന്‌ വെറും ആറു വയസ്സേ ഉള്ളൂ. യോശീയാവിന്റേത്‌ എത്ര മോശമായ ഒരു ബാല്യകാലമായിരുന്നിരിക്കണം!

രണ്ടു വർഷം കഴിഞ്ഞ്‌, ആമോന്റെ ഭൃത്യന്മാർ കൂട്ടുകെട്ടുണ്ടാക്കി അവനെ വധിച്ചതോടെ അവന്റെ ദുഷ്ടഭരണം അവസാനിച്ചു. എന്നാൽ, ദേശത്തിലെ ആളുകൾ ആ ഗൂഢാലോചകരെ കൊല്ലുകയും അവന്റെ പുത്രനായ യോശീയാവിനെ രാജാവാക്കുകയും ചെയ്‌തു.​—⁠2 ദിനവൃത്താന്തം 33:24, 25.

യോശീയാവിന്റെ ബാല്യകാല സാഹചര്യം ദ്രോഹകരമായിരുന്നെങ്കിലും, അവൻ യഹോവയുടെ ദൃഷ്ടിയിൽ നല്ലതു പ്രവർത്തിച്ചുതുടങ്ങി. അവന്റെ ഭരണം വളരെയേറെ വിജയകരമായിരുന്നതിനാൽ ബൈബിൾ പറയുന്നു: “അവനെപ്പോലെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല.”​—⁠2 രാജാക്കന്മാർ 23:19-25.

ദാരുണമായ ബാല്യകാലത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളവർക്ക്‌ യോശീയാവ്‌ എത്ര പ്രോത്സാഹജനകമായ ഒരു മാതൃകയാണ്‌! അവന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? ശരിയായ പാത തിരഞ്ഞെടുക്കാനും അതിൽ നിലനിൽക്കാനും യോശീയാവിനെ സഹായിച്ചത്‌ എന്താണ്‌?

യഹോവയെ അന്വേഷിച്ചു തുടങ്ങുന്നു

ബാല്യകാലത്ത്‌ യോശീയാവിനെ നല്ലരീതിയിൽ സ്വാധീനിച്ച ഒരു മാതൃക അവന്റെ അനുതാപമുണ്ടായിരുന്ന വല്യപ്പനായിരുന്ന മനശ്ശെയുടേതായിരുന്നു. മനശ്ശെ യോശീയാവുമായി എത്രത്തോളം സമ്പർക്കം പുലർത്തിയെന്നോ അവൻ തന്റെ വഴികൾക്ക്‌ മാറ്റം വരുത്തിയപ്പോൾ യോശീയാവിന്‌ എന്തു പ്രായമുണ്ടായിരുന്നെന്നോ ബൈബിൾ പറയുന്നില്ല. യഹൂദ കുടുംബങ്ങൾക്കിടയിൽ നല്ല അടുപ്പമുണ്ടായിരുന്നതിനാൽ, തന്റെ ചെറുമകന്റെ ഹൃദയത്തിൽ സത്യദൈവമായ യഹോവയോടുള്ള ആദരവ്‌ ഉൾനട്ടുകൊണ്ട്‌ ചുറ്റുമുണ്ടായിരുന്ന ദുഷിപ്പിക്കുന്ന സ്വാധീനങ്ങളിൽനിന്ന്‌ അവനെ രക്ഷിക്കാൻ മനശ്ശെ ശ്രമിച്ചിട്ടുണ്ടാകണം. മനശ്ശെ യോശീയാവിന്റെ ഹൃദയത്തിൽ നട്ട സത്യത്തിന്റെ വിത്തുകളെല്ലാം ഒരുപക്ഷേ മറ്റ്‌ ക്രിയാത്മക സ്വാധീനവുമായി ചേർന്ന്‌ ക്രമേണ ഫലം പുറപ്പെടുവിച്ചു. യഹൂദയുടെ സിംഹാസനത്തിലേറി എട്ടാമത്തെ വർഷം, പതിനഞ്ച്‌ വയസ്സുണ്ടായിരുന്ന യോശീയാവ്‌ യഹോവയെ അന്വേഷിക്കാനും അവന്റെ ഹിതം ചെയ്യാനും തുടങ്ങി.​—⁠2 ദിനവൃത്താന്തം 34:1-3.

ചിലർക്ക്‌ തങ്ങളുടെ ബാല്യകാലത്ത്‌ ആത്മീയമായി സമ്പർക്കം പുലർത്താൻ കഴിഞ്ഞത്‌ അകന്ന ബന്ധുവുമായോ പരിചയക്കാരനുമായോ അയൽക്കാരനുമായോ മാത്രം ആയിരുന്നു. എങ്കിലും, പരിചരണം ലഭിക്കുന്നെങ്കിൽ അങ്ങനെ നട്ട വിത്തുകൾക്ക്‌ പിന്നീട്‌ നല്ല ഫലങ്ങൾ ഉത്‌പാദിപ്പിക്കാൻ കഴിയും. നേരത്തേ പറഞ്ഞ മാലിൻഡയ്‌ക്ക്‌ അവളുടെ വീട്ടിൽ ക്രമമായി വീക്ഷാഗോപുരവും ഉണരുക!യും എത്തിച്ചുകൊടുത്തിരുന്ന പ്രായംചെന്ന, ദയാലുവായ ഒരു അയൽക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ സ്‌നേഹപുരസ്സരം സ്‌മരിച്ചുകൊണ്ട്‌ അവൾ പറയുന്നു: “ആ അയൽക്കാരൻ വിശേഷ ദിനങ്ങളൊന്നും ആഘോഷിക്കുമായിരുന്നില്ല എന്നതാണ്‌ എന്നെ ഏറെ ആകർഷിച്ച ഒരു സംഗതി. എന്നെ സംബന്ധിച്ചിടത്തോളം ഇത്‌ പ്രധാനമായിരുന്നു. കാരണം, എന്റെ മാതാപിതാക്കൾ പോയിക്കൊണ്ടിരുന്ന ഭക്തി പ്രസ്ഥാനത്തിൽ ഹാലൊവിനും മറ്റു ചില വിശേഷ ദിനങ്ങളും മതചടങ്ങുകൾക്കുള്ള അവസരങ്ങൾ ആയിരുന്നു.” ഒരു ദശാബ്ദത്തിനു ശേഷം രാജ്യഹാളിലെ ഒരു യോഗത്തിൽ സംബന്ധിക്കാൻ മാലിൻഡയെ ഒരു സുഹൃത്ത്‌ ക്ഷണിച്ചപ്പോൾ അവൾക്ക്‌ ഈ അയൽക്കാരനെ ഓർമവരികയും ക്ഷണം സ്വീകരിക്കുകയും ചെയ്‌തു. സത്യം കണ്ടെത്താനുള്ള അന്വേഷണം നടത്താൻ അവളെ സഹായിച്ചത്‌ അതാണ്‌.

ദൈവമുമ്പാകെ താഴ്‌മയുള്ളവർ ആയിരിക്കുക

യോശീയാവിന്റെ ഭരണകാലത്ത്‌ യഹൂദാ ദേശത്ത്‌ മതപരമായ വൻ നവീകരണ പ്രവർത്തനങ്ങൾ നടന്നു. വിഗ്രഹാരാധന തുടച്ചുനീക്കി യഹൂദയെ ശുദ്ധീകരിക്കാനായി നടത്തിയ ആറു വർഷത്തെ ഒരു പരിപാടിക്കു ശേഷം യോശീയാവ്‌ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കാൻ തുടങ്ങി. പണി നടന്നുകൊണ്ടിരിക്കെ മഹാപുരോഹിതനായ ഹില്‌ക്കീയാവ്‌ എത്ര മൂല്യവത്തായ ഒരു കണ്ടുപിടിത്തമാണ്‌ നടത്തിയത്‌! ‘യഹോവയുടെ ന്യായപ്രമാണ പുസ്‌തകത്തിന്റെ’ മൂല പ്രതി അവൻ കണ്ടെത്തി. അത്‌ ആശ്ചര്യജനകമായിരുന്നു. ഹില്‌ക്കീയാവ്‌ അത്‌ സെക്രട്ടറിയായ ശാഫാനെ ഏൽപ്പിച്ചു. അവൻ സംഭവിച്ച കാര്യങ്ങളെല്ലാം രാജാവിനെ ബോധിപ്പിച്ചു. അത്തരം നേട്ടങ്ങൾ 25-കാരനായ യോശീയാവിനെ അഹങ്കാരിയാക്കിയോ?​—⁠2 ദിനവൃത്താന്തം 34:3-18.

എസ്രാ എഴുതുന്നു: “ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്‌ത്രം കീറി.” ഇത്‌ ദുഃഖത്തിന്റെ ആത്മാർഥമായ പ്രകടനമായിരുന്നു. കാരണം, തങ്ങളുടെ പൂർവപിതാക്കന്മാർ ദൈവത്തിന്റെ എല്ലാ കൽപ്പനകളും അനുസരിച്ചിരുന്നില്ലെന്ന്‌ അവൻ മനസ്സിലാക്കി. താഴ്‌മയുടെ എത്ര നല്ല അടയാളം! ഹുൽദാ പ്രവാചകിയിലൂടെ യഹോവയോട്‌ ആലോചന ചോദിക്കാൻ രാജാവ്‌ പെട്ടെന്നുതന്നെ ഒരു അഞ്ചംഗ സംഘത്തെ നിയോഗിച്ചു. ആ സംഘം ഈ വാർത്തയുമായി തിരിച്ചുവരുന്നു: ‘യഹോവയുടെ നിയമം അനുസരിക്കായ്‌കയാൽ അനർഥം വന്നുഭവിക്കും. എന്നാൽ യോശീയാ രാജാവേ, നീ സ്വയം താഴ്‌ത്തിയതിനാൽ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും, അനർഥം കാണുകയുമില്ല.’ (2 ദിനവൃത്താന്തം 34:19-28) യോശീയാവിന്റെ മനോഭാവം യഹോവയ്‌ക്ക്‌ പ്രസാദകരമായി.

നമ്മുടെ കുടുംബ പശ്ചാത്തലം എന്തുതന്നെ ആയിരുന്നാലും, സത്യദൈവമായ യഹോവയുടെ മുമ്പാകെ നമുക്കും നമ്മെത്തന്നെ താഴ്‌ത്തുകയും അവനോടും അവന്റെ വചനമായ ബൈബിളിനോടും ആദരപൂർവകമായ ഒരു മനോഭാവം പ്രകടമാക്കുകയും ചെയ്യാം. തുടക്കത്തിൽ പരാമർശിച്ച നിക്കോളാസ്‌ അങ്ങനെ ചെയ്‌തു. അവൻ പറയുന്നു: “മയക്കുമരുന്നു ദുരുപയോഗവും അമിത മദ്യപാനവും നിമിത്തം ജീവിതം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ ആയിരുന്നെങ്കിലും, എനിക്കു ബൈബിളിൽ താത്‌പര്യമുണ്ടായിരുന്നു, ജീവിതത്തിന്‌ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുകയും ചെയ്‌തിരുന്നു. ക്രമേണ ഞാൻ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നു. ഞാൻ ജീവിതരീതിക്കു മാറ്റം വരുത്തി, സത്യം സ്വീകരിച്ചു.” അതേ, സാഹചര്യം എന്തുതന്നെ ആയിരുന്നാലും നമുക്കേവർക്കും ദൈവത്തോടും അവന്റെ വചനത്തോടും ആദരവുള്ളവരായിരിക്കാം.

യഹോവയുടെ ക്രമീകരണത്തിൽനിന്ന്‌ പ്രയോജനം നേടുക

യോശീയാവിന്‌ യഹോവയുടെ പ്രവാചകന്മാരോടും ആഴമായ ആദരവ്‌ ഉണ്ടായിരുന്നു. അവൻ ഹുൽദാ പ്രവാചകിയോട്‌ ആലോചന ചോദിക്കുക മാത്രമല്ല അക്കാലത്തെ മറ്റ്‌ പ്രവാചകന്മാരാൽ വളരെ സ്വാധീനിക്കപ്പെടുകയും ചെയ്‌തു. ഉദാഹരണത്തിന്‌, യഹൂദാ ദേശത്തെ വിഗ്രഹാരാധനയെ പരസ്യമായി കുറ്റംവിധിച്ചുകൊണ്ട്‌ പ്രവാചകന്മാരായ യിരെമ്യാവും സെഫന്യാവും തീക്ഷ്‌ണമായി പ്രവർത്തിക്കുകയായിരുന്നു. വ്യാജാരാധനയ്‌ക്കെതിരെ നടപടി കൈക്കൊണ്ട സമയത്ത്‌ ആ പ്രവാചകന്മാരുടെ സന്ദേശത്തിന്‌ ശ്രദ്ധ കൊടുത്തത്‌ അവനെ എത്രമാത്രം ശക്തീകരിച്ചിരിക്കണം!​—⁠യിരെമ്യാവു 1:​1, 2; 3:6-10; സെഫന്യാവു 1:1-6.

“യജമാന”നായ യേശുക്രിസ്‌തു തന്റെ അഭിഷിക്ത അനുഗാമികളുടെ ഒരു സംഘത്തെ​—⁠“വിശ്വസ്‌തനും ബുദ്ധിമാനും ആയ ദാസൻ”​—⁠തക്കസമയത്തു ഭക്ഷണം കൊടുക്കേണ്ടതിനായി നിയമിച്ചിരിക്കുന്നു. (മത്തായി 24:45-47) ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും സഭാക്രമീകരണത്തിലൂടെയും ഈ ദാസൻ വർഗം ബൈബിൾ ബുദ്ധിയുപദേശത്തിന്‌ ചെവികൊടുക്കുന്നതിന്റെ പ്രയോജനങ്ങളിലേക്ക്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. കൂടാതെ, ദൈനംദിന ജീവിതത്തിൽ അവ ബാധകമാക്കുന്നതു സംബന്ധിച്ച പ്രയോഗിക നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ആഴത്തിൽ വേരൂന്നിയിട്ടുള്ള അനാരോഗ്യകരമായ ഏതൊരു മനോഭാവത്തെയും മറികടക്കാൻ നമ്മെ സഹായിക്കുന്നതിനായി യഹോവ ചെയ്‌തിരിക്കുന്ന ക്രമീകരണത്തെ ഉപയോഗപ്പെടുത്തുന്നത്‌ എത്ര ഉചിതമാണ്‌! ചെറുപ്രായം മുതൽ നിക്കോളാസിന്‌ അധികാരത്തോട്‌ ശക്തമായ എതിർപ്പായിരുന്നു. അവൻ ദൈവവചനത്തിലെ സത്യം ഗ്രഹിച്ചശേഷംപോലും യഹോവയെ പൂർണമായി സേവിക്കുന്നതിന്‌ ആ ബലഹീനത ഒരു തടസ്സമായിരുന്നു. എന്നാൽ അവൻ വിജയിച്ചു. എങ്ങനെ? നിക്കോളാസ്‌ വിശദീകരിക്കുന്നു: “സമാനുഭാവമുള്ള രണ്ടു മൂപ്പന്മാരുടെ സഹായത്താൽ ഞാൻ എന്റെ പ്രശ്‌നം തിരിച്ചറിഞ്ഞു. പിന്നീട്‌ അവർ സ്‌നേഹപുരസ്സരം നൽകിയ ബൈബിൾ ബുദ്ധിയുപദേശം ഞാൻ ബാധകമാക്കിത്തുടങ്ങി.” അവൻ കൂട്ടിച്ചേർക്കുന്നു: “വല്ലപ്പോഴുമൊക്കെ അൽപ്പം നീരസം തോന്നുമെങ്കിലും, എന്റെ മത്സര സ്വഭാവം നിയന്ത്രിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.”

ജീവിതത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതുള്ളപ്പോൾ മാലിൻഡയും മൂപ്പന്മാരുടെ ഉപദേശം തേടുന്നു. തന്റെ ബാല്യകാലത്ത്‌ ഉടലെടുത്ത നിരാശാബോധത്തെയും വിലകെട്ടവളാണെന്ന തോന്നലിനെയും കൈകാര്യം ചെയ്യുന്നതിൽ വീക്ഷാഗോപുരത്തിലെയും ഉണരുക!യിലെയും വിവിധ ലേഖനങ്ങൾ പ്രത്യേകാൽ മൂല്യവത്താണെന്ന്‌ അവൾ മനസ്സിലാക്കിയിരിക്കുന്നു. അവൾ പറയുന്നു: “ചിലപ്പോൾ എന്റെ ഉള്ളിൽ തട്ടുന്നത്‌ ഒരു ലേഖനത്തിലെ ഒരു ഖണ്ഡികയോ അതിലെ ഒരു വാചകമോ അതിന്റെ ഭാഗമോ ആണ്‌. ഏതാണ്ട്‌ ഒമ്പത്‌ വർഷംമുമ്പ്‌ മുതൽ ഞാൻ അത്തരം ലേഖനങ്ങൾ പെട്ടെന്ന്‌ എടുത്തുനോക്കാനായി ഒരു ഫയലിൽ സൂക്ഷിച്ചുവെക്കാൻ തുടങ്ങി.” ഇപ്പോൾ അവൾക്ക്‌ അത്തരം മൂന്നു ഫയലുകളിലായി 400-ഓളം ലേഖനങ്ങൾ ഉണ്ട്‌!

ഇല്ല, ആളുകൾ എല്ലായ്‌പോഴും ഒരു മോശം കുടുംബജീവിതത്തിന്റെ ഇരകൾ ആയിരിക്കേണ്ടതില്ല. യഹോവയുടെ സഹായത്താൽ അവർക്ക്‌ ആത്മീയമായി വിജയിക്കാൻ കഴിയും. ഒരു വ്യക്തി നല്ല രീതിയിൽ വളർത്തപ്പെടുന്നത്‌ അയാൾ വിശ്വസ്‌തനായിരിക്കും എന്നതിന്‌ ഉറപ്പു നൽകുന്നില്ലാത്തതുപോലെ, മോശമായ ബാല്യകാലം ഒരു ദൈവഭക്തൻ ആയിത്തീരുന്നതിൽനിന്ന്‌ ഒരു വ്യക്തിയെ തടയുന്നില്ല.

ആലയത്തിന്റെ അറ്റകുറ്റം തീർത്തുകൊണ്ടിരുന്നപ്പോൾ നിയമപുസ്‌തകം കണ്ടെത്തിയതിനെ തുടർന്ന്‌, യോശീയാവ്‌ അതിലെ ‘കല്‌പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചുനടക്കുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്‌തു.’ (2 ദിനവൃത്താന്തം 34:31) മരണം വരെ അവൻ ആ തീരുമാനത്തിൽനിന്നു പിന്മാറിയതുമില്ല. മാലിൻഡയും നിക്കോളാസും യഹോവയാം ദൈവത്തോട്‌ വിശ്വസ്‌തരായി നിൽക്കാനും ദൃഢവിശ്വസ്‌തതാ പാലകരായി വിജയിക്കാനും സമാനമായ വിധത്തിൽ തീരുമാനം എടുത്തിരിക്കുന്നു. ദൈവത്തോട്‌ പറ്റിനിൽക്കുകയും അവനെ വിശ്വസ്‌തമായി സേവിക്കുകയും ചെയ്യുക എന്നതായിരിക്കട്ടെ നിങ്ങളുടെയും തീരുമാനം. വിജയിക്കുമെന്ന കാര്യത്തിൽ നിങ്ങൾക്ക്‌ ഉറപ്പുള്ളവരായിരിക്കാം, എന്തെന്നാൽ യഹോവ വാഗ്‌ദാനം ചെയ്യുന്നു: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.”​—⁠യെശയ്യാവു 41:10, 13.

[അടിക്കുറിപ്പ്‌]

^ ഖ. 2 ചില പേരുകൾ യഥാർഥമല്ല.

[26-ാം പേജിലെ ചിത്രങ്ങൾ]

മോശമായ ഒരു ബാല്യകാലമായിരുന്നു യോശീയാവിന്റേത്‌. എങ്കിലും, അവൻ യഹോവയെ അന്വേഷിച്ചു തുടങ്ങുകയും ജീവിതത്തിൽ വിജയിക്കുകയും ചെയ്‌തു

[28-ാം പേജിലെ ചിത്രം]

ആഴത്തിൽ വേരൂന്നിയിട്ടുള്ള ഒരു സ്വഭാവവിശേഷത്തെ മറികടക്കാൻ മൂപ്പന്മാർക്കു നിങ്ങളെ സഹായിക്കാനാകും

[28-ാം പേജിലെ ചിത്രം]

ദൃഢവിശ്വസ്‌തത നിലനിർത്താൻ “വീക്ഷാഗോപുര”വും “ഉണരുക!”യും നിങ്ങളെ സഹായിക്കും