വിസ്‌മയകരമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവനെ കാണുവിൻ!
വിസ്‌മയകരമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവനെ കാണുവിൻ!
“നിശ്ചലമായി നിന്ന് ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുപ്പിൻ.”—ഇയ്യോബ് 37:14, Nw.
1, 2. 1922-ൽ വിസ്‌മയകരമായ എന്തു കണ്ടെത്തൽ നടന്നു, അതിനോടുള്ള പ്രതികരണം എന്തായിരുന്നു?
ഒരു പുരാവസ്‌തു ഗവേഷകനും ഒരു ഇംഗ്ലീഷ് പ്രഭുവും കൂടി നിക്ഷേപം കണ്ടെത്താൻ വർഷങ്ങളോളം ഒത്തൊരുമിച്ചു പ്രവർത്തിച്ചു. ഒടുവിൽ, 1922 നവംബർ 26-ന് പ്രസിദ്ധമായ രാജാക്കന്മാരുടെ താഴ്‌വരയിലെ ഈജിപ്‌ഷ്യൻ ഫറവോന്മാരുടെ ശ്‌മശാനസ്ഥലത്ത് പുരാവസ്‌തു ഗവേഷകനായ ഹൗവാർഡ് കാർട്ടറും കാർനാർവൻ പ്രഭുവും അങ്ങേയറ്റം വിശേഷപ്പെട്ട ഒന്ന്—റ്റൂറ്റാങ്‌ഖാമെൻ ഫറവോന്റെ ശവകുടീരം—കണ്ടെത്തി. അടച്ചുപൂട്ടിയ ഒരു വാതിലിന്റെ അടുത്ത് എത്തിയ അവർ അതു തുരന്ന് ഒരു തുളയുണ്ടാക്കി. എന്നിട്ട് കാർട്ടർ ഒരു മെഴുകുതിരി കടത്തി അകത്തേക്കു സൂക്ഷിച്ചുനോക്കി.
2 കാർട്ടർ പിന്നീട് ഇങ്ങനെ വിവരിച്ചു: “ആകാംക്ഷ അടക്കാനാവാതെ കാർനാർവൻ പ്രഭു ചോദിച്ചു, ‘എന്തെങ്കിലും കാണാമോ?’ അപ്പോൾ ‘വിസ്‌മയകരമായ കാര്യങ്ങൾ’ എന്നു മാത്രമേ എനിക്കു പറയാൻ കഴിഞ്ഞുള്ളൂ.” ആ ശവകുടീരത്തിനകത്തെ ആയിരക്കണക്കിന് നിക്ഷേപങ്ങളിലൊന്ന് സ്വർണം കൊണ്ടുള്ള ഒരു ശവപ്പെട്ടി ആയിരുന്നു. ആ ‘വിസ്‌മയകരമായ കാര്യങ്ങളിൽ’ ചിലത് ചിത്രങ്ങളിലോ മ്യൂസിയങ്ങളിലോ നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കാം. മ്യൂസിയത്തിലെ ആ പ്രദർശന വസ്‌തുക്കൾ വിസ്‌മയകരം ആയിരിക്കാമെങ്കിലും, നിങ്ങളുടെ ജീവിതവുമായി അവയ്‌ക്ക് ബന്ധമുണ്ടായിരിക്കാനിടയില്ല. അതിനാൽ തീർച്ചയായും നിങ്ങളുമായി ബന്ധപ്പെട്ട, നിങ്ങളെ സംബന്ധിച്ചിടത്തോളം മൂല്യമുള്ള വിസ്‌മയകരമായ കാര്യങ്ങളിലേക്കു നമുക്ക് ഇപ്പോൾ ശ്രദ്ധ തിരിക്കാം.
3. നമുക്കു മൂല്യവത്തായിരുന്നേക്കാവുന്ന വിസ്‌മയകരമായ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നാം എവിടെ കാണുന്നു?
3 ഉദാഹരണത്തിന്, അനേകം നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനെ കുറിച്ചു ചിന്തിക്കുക. ഇന്നത്തെ ഏതെങ്കിലും സിനിമാ താരത്തെയോ കായിക പ്രതിഭയെയോ കുലീന വ്യക്തിയെയോ അപേക്ഷിച്ച് വളരെ ശ്രദ്ധേയനായിരുന്നു ആ മനുഷ്യൻ. സകല പൂർവദിഗ്വാസികളിലും മഹാൻ എന്ന് അദ്ദേഹത്തെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് നിങ്ങൾക്ക് അറിയാമായിരിക്കും—ഇയ്യോബ്. ബൈബിളിലെ ഒരു മുഴു പുസ്‌തകവും അദ്ദേഹത്തെ കുറിച്ചുള്ളതാണ്. എന്നിരുന്നാലും, ഇയ്യോബിന് തിരുത്തൽ ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ ഒരു സമകാലീന യുവാവായിരുന്ന എലീഹൂവിനു തോന്നി. ഇയ്യോബ് തനിക്കും തന്റെ ചുറ്റുമുള്ളവർക്കും അമിത ശ്രദ്ധ നൽകുന്നതായി എലീഹൂ പറഞ്ഞു. ഇയ്യോബ് 37-ാം അധ്യായത്തിൽ നമുക്ക് ഓരോരുത്തർക്കും വളരെ ഗുണം ചെയ്‌തേക്കാവുന്ന സ്‌പഷ്ടമായ ചില ജ്ഞാനോപദേശങ്ങൾ കാണാം.—ഇയ്യോബ് 1:1-3; 32:1–33:12.
4. ഇയ്യോബ് 37:14-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഉദ്‌ബോധനം എലീഹൂ നൽകുന്നതിലേക്കു നയിച്ച കാര്യങ്ങൾ ഏവ?
4 ഇയ്യോബിന്റെ സ്‌നേഹിതർ ആണെന്നു നടിച്ച മൂന്നു പേർ, ചിന്തയിലോ പ്രവൃത്തിയിലോ ഇയ്യോബ് തെറ്റു ചെയ്‌തെന്ന് തങ്ങൾക്കു തോന്നിയ കാര്യങ്ങളെ കുറിച്ചു ദീർഘമായി സംസാരിച്ചു. (ഇയ്യോബ് 15:1-6, 16; 22:5-10) അവരുടെ സംഭാഷണം തീരുന്നതുവരെ എലീഹൂ ക്ഷമയോടെ കാത്തിരുന്നു. തുടർന്ന് അവൻ ഉൾക്കാഴ്‌ചയോടും ജ്ഞാനത്തോടും കൂടെ സംസാരിച്ചു. അവൻ മൂല്യവത്തായ പല കാര്യങ്ങളും പറഞ്ഞു. എന്നാൽ അവൻ പറഞ്ഞ വളരെ പ്രമുഖമായ ഈ ആശയം ഒന്നു ശ്രദ്ധിക്കുക: “ഇയ്യോബേ, ഇതിനു ചെവി കൊടുപ്പിൻ; നിശ്ചലമായി നിന്ന് ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുപ്പിൻ.”—ഇയ്യോബ് 37:14, NW.
ആ പ്രവൃത്തികൾ ചെയ്‌തവൻ
5. എലീഹൂ പരാമർശിച്ച ‘ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികളിൽ’ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?
5 ഇയ്യോബ് അവനുതന്നെയോ എലീഹൂവിനോ മറ്റേതെങ്കിലും മനുഷ്യർക്കോ ശ്രദ്ധ കൊടുക്കാനല്ലായിരുന്നു എലീഹൂവിന്റെ നിർദേശം എന്നതു ശ്രദ്ധിക്കുക. യഹോവയാം ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുക്കാൻ അവൻ ജ്ഞാനപൂർവം ഇയ്യോബിനെ ഉദ്‌ബോധിപ്പിച്ചു. അതുതന്നെ ചെയ്യാൻ ഫലത്തിൽ അവൻ നമ്മെയും ഉദ്‌ബോധിപ്പിക്കുകയാണ്. “ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികൾ” എന്ന പ്രയോഗത്തിൽ എന്ത് ഉൾപ്പെടുന്നുവെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? ആരോഗ്യത്തെയും സാമ്പത്തിക സ്ഥിതിയെയും ഭാവിയെയും കുടുംബത്തെയും സഹജോലിക്കാരെയും അയൽക്കാരെയും കുറിച്ചൊക്കെ നിങ്ങൾക്ക് ആകുലതകളുള്ള സ്ഥിതിക്ക് ദൈവത്തിന്റെ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ടാണ്? നിസ്സംശയമായും, യഹോവയാം ദൈവത്തിന്റെ ‘വിസ്‌മയകരമായ പ്രവൃത്തികളിൽ’ അവന്റെ ജ്ഞാനവും നമുക്കു ചുറ്റുമുള്ള ഭൗതിക സൃഷ്ടികളുടെമേൽ അവനുള്ള അധികാരവും ഉൾപ്പെട്ടിരിക്കുന്നു എന്നതു തർക്കമറ്റ സംഗതിയാണ്. (നെഹെമ്യാവു 9:6; സങ്കീർത്തനം 24:1; 104:24; 136:5, 6) ഇതു വ്യക്തമായി മനസ്സിലാക്കാൻ, യോശുവയുടെ പുസ്‌തകത്തിലെ ഒരു ആശയം ശ്രദ്ധിക്കുക.
6, 7. (എ) മോശെയുടെയും യോശുവയുടെയും നാളുകളിൽ വിസ്‌മയകരമായ ഏതു പ്രവൃത്തികളാണ് യഹോവ ചെയ്‌തത്? (ബി) മോശയുടെയും യോശുവയുടെയും കാലത്തെ പ്രവൃത്തികളിൽ ഏതിനെങ്കിലും സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ നിങ്ങളുടെ പ്രതികരണം എന്താകുമായിരുന്നു?
6 യഹോവ പുരാതന ഈജിപ്‌തിന്റെമേൽ ബാധകൾ വരുത്തുകയും തുടർന്ന് മോശെക്ക് ഇസ്രായേല്യരെ സ്വാതന്ത്ര്യത്തിലേക്കു നയിക്കാൻ കഴിയുമാറ് ചെങ്കടൽ വിഭജിക്കുകയും ചെയ്‌തു. (പുറപ്പാടു 7:1–14:31; സങ്കീർത്തനം 106:7, 21, 22) സമാനമായ ഒരു സംഭവം യോശുവ 3-ാം അധ്യായത്തിലും കാണാം. മോശെയുടെ പിൻഗാമി ആയിരുന്ന യോശുവ ദൈവജനത്തെ, മറ്റൊരു ജലാശയത്തിലൂടെ കടത്തി വാഗ്‌ദത്ത ദേശത്തേക്കു നയിക്കേണ്ടിയിരുന്നു. യോശുവ ഇപ്രകാരം പറഞ്ഞു: “നിങ്ങളെത്തന്നേ വിശുദ്ധീകരിപ്പിൻ; എന്തെന്നാൽ നാളെ യഹോവ നിങ്ങളുടെ ഇടയിൽ വിസ്‌മയകരമായ കാര്യങ്ങൾ പ്രവർത്തിക്കും.” (യോശുവ 3:5, NW) വിസ്‌മയകരമായ ഏതു കാര്യങ്ങൾ?
7 ആയിരക്കണക്കിനു സ്‌ത്രീപുരുഷന്മാർക്കും കുട്ടികൾക്കും ഉണങ്ങിയ നിലത്തുകൂടെ കടന്നുപോകാൻ കഴിയത്തക്കവിധം യഹോവ യോർദാൻ നദിയിലെ വെള്ളത്തെ വിഭജിച്ചതായി ആ വിവരണം പറയുന്നു. (യോശുവ 3:7-17) നദി വിഭജിക്കപ്പെടുന്നതും ജനങ്ങൾ എല്ലാവരും സുരക്ഷിതമായി മറുകര കടക്കുന്നതും നിരീക്ഷിച്ചുകൊണ്ട് നാം അപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ, ആ വിസ്‌മയകരമായ സംഭവം നമ്മിൽ മായാത്ത മുദ്ര പതിപ്പിക്കുമായിരുന്നു! സൃഷ്ടികളുടെ മേലുള്ള ദൈവത്തിന്റെ അത്ഭുതകരമായ ശക്തിയുടെ പ്രകടനമായിരുന്നു അത്. എന്നാൽ, നാം ജീവിച്ചിരിക്കുന്ന ഇക്കാലത്തും അതുപോലെ വിസ്‌മയകരമായ പലതും നടക്കുന്നുണ്ട്. അവയിൽ ചിലത് ഏവയാണെന്നും അവയ്‌ക്ക് ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ടാണെന്നും കാണാൻ നമുക്ക് ഇപ്പോൾ ഇയ്യോബ് 37:5-7 പരിചിന്തിക്കാം.
8, 9. ഏതു വിസ്‌മയകരമായ പ്രവൃത്തികളിലേക്ക് ഇയ്യോബ് 37:5-7 വിരൽ ചൂണ്ടുന്നു, നാം അവയെ കുറിച്ചു ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
8 എലീഹൂ ഇങ്ങനെ പ്രഖ്യാപിച്ചു: “ദൈവം തന്റെ നാദം അതിശയമായി [“വിസ്‌മയകരമായ വിധത്തിൽ,” NW] മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.” ദൈവം “വിസ്‌മയകരമായ വിധത്തിൽ” കാര്യങ്ങൾ പ്രവർത്തിക്കുന്നതായി പറഞ്ഞപ്പോൾ എലീഹൂവിന്റെ മനസ്സിൽ എന്താണ് ഉണ്ടായിരുന്നത്? അവൻ ഹിമത്തെയും പെരുമഴയെയും പരാമർശിക്കുന്നു. ഇവ കൃഷിക്കാരന്റെ വയലിലെ വേലയ്‌ക്കു വിരാമമിടുകയും ദൈവത്തിന്റെ പ്രവൃത്തികളെ കുറിച്ചു ധ്യാനിക്കാൻ അവനു സമയവും കാരണവും നൽകുകയും ചെയ്യുമായിരുന്നു. നാം കർഷകർ അല്ലായിരിക്കാം. എങ്കിലും, മഴയും ഹിമവും നമ്മെയെല്ലാം ബാധിച്ചേക്കാം. നാം എവിടെ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ച് അവ നമ്മുടെ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തിയേക്കാം. അത്തരം വിസ്‌മയകരമായ കാര്യങ്ങളുടെ പിന്നിൽ ആരാണെന്നും അതിന്റെ അർഥമെന്താണെന്നും ചിന്തിക്കാൻ നാം സമയമെടുക്കാറുണ്ടോ? നിങ്ങൾ അങ്ങനെ എപ്പോഴെങ്കിലും ചെയ്‌തിട്ടുണ്ടോ?
9 ഇയ്യോബ് 38-ാം അധ്യായത്തിൽ നാം വായിക്കുന്നതുപോലെ, യഹോവയാം ദൈവം ഇയ്യോബിനോട് അർഥവത്തായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ സമാനമായ ന്യായവാദം ഉപയോഗിച്ചു എന്നതു ശ്രദ്ധാർഹമാണ്. സ്രഷ്ടാവ് ഈ ചോദ്യങ്ങൾ ചോദിച്ചത് ഇയ്യോബിനോട് ആണെങ്കിലും, അവയ്‌ക്ക് നമ്മുടെ മനോഭാവത്തെയും നിലനിൽപ്പിനെയും ഭാവിയെയും സ്വാധീനിക്കാനാകും. അതുകൊണ്ട് ദൈവത്തിന്റെ ചോദ്യങ്ങളും അവയുടെ ആന്തരാർഥങ്ങളും നമുക്കു പരിചിന്തിക്കാം. അതേ, ഇയ്യോബ് 37:14 ഉദ്‌ബോധിപ്പിക്കുന്നതു പോലെ നമുക്കു ചെയ്യാം.
10. ഇയ്യോബ് 38-ാം അധ്യായത്തിന് നമ്മുടെമേൽ എന്തു ഫലം ഉണ്ടായിരിക്കണം, ഇത് ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?
10 38-ാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്: “യഹോവ ചുഴലിക്കാററിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്‌തതെന്തെന്നാൽ: അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ? നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.” (ഇയ്യോബ് 38:1-3) ഇത് തുടർന്നുള്ള ചോദ്യങ്ങൾക്കു വഴിയൊരുക്കുന്നു. താൻ പ്രപഞ്ച സ്രഷ്ടാവിന്റെ മുമ്പാകെയാണു നിൽക്കുന്നതെന്നും അവനോടു കണക്കു ബോധിപ്പിക്കേണ്ടതാണെന്നുമുള്ള യാഥാർഥ്യവുമായി തന്റെ ചിന്തയെ പൊരുത്തപ്പെടുത്താൻ അത് ഇയ്യോബിനെ സഹായിച്ചു. അത് നമുക്കും നമ്മുടെ സമകാലികർക്കും ചെയ്യാൻ കഴിയുന്ന ഒരു നല്ല കാര്യമാണ്. തുടർന്ന് എലീഹൂ പറഞ്ഞ തരത്തിലുള്ള കാര്യങ്ങളെ ദൈവം പരാമർശിച്ചു. “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്‌താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? . . . അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?”—ഇയ്യോബ് 38:4-7.
11. ഇയ്യോബ് 38:4-7 ഏതു വസ്‌തുതകൾ നമ്മെ ബോധ്യപ്പെടുത്തേണ്ടതാണ്?
11 ഭൂമി ഉളവായപ്പോൾ ഇയ്യോബ്—നാം ഓരോരുത്തരും—എവിടെ ആയിരുന്നു? ഭൂമിയുടെ ഒരു മാതൃക ഉണ്ടാക്കി അതിനെ അടിസ്ഥാനപ്പെടുത്തി, ഒരു മട്ടക്കോൽ ഉപയോഗിച്ചാലെന്ന പോലെ ഭൂമിയുടെ അളവുകൾ നിർണയിച്ച ശിൽപ്പികൾ നാമായിരുന്നോ? തീർച്ചയായുമല്ല. മനുഷ്യർ അന്ന് അസ്‌തിത്വത്തിൽ പോലും ഇല്ലായിരുന്നു. ഭൂമിയെ ഒരു കെട്ടിടത്തോട് ഉപമിച്ചുകൊണ്ട് ദൈവം ചോദിക്കുന്നു: “അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” മനുഷ്യർക്കു സുഖകരമായി ജീവിക്കാൻ കഴിയത്തക്കവിധം സൂര്യനിൽനിന്നു കൃത്യമായ അകലത്തിലാണ് ഭൂമിയെന്നു നമുക്ക് അറിയാം. അനുയോജ്യമായ വലിപ്പവുമാണ് അതിന് ഉള്ളത്. നമ്മുടെ ഗ്രഹത്തിന് ഇപ്പോഴത്തേതിലും വളരെ കൂടുതൽ വലിപ്പം ഉണ്ടായിരുന്നെങ്കിൽ, ഹൈഡ്രജൻ വാതകം നമ്മുടെ അന്തരീക്ഷത്തിൽനിന്നു പുറത്തേക്കു പോകാതിരിക്കുകയും അങ്ങനെ ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് അസാധ്യമാകുകയും ചെയ്യുമായിരുന്നു. ശരിയായ സ്ഥാനത്തുതന്നെ ആരോ ‘അതിന്റെ മൂലക്കല്ല് ഇട്ടു.’ അതിനുള്ള ബഹുമതിക്ക് അർഹൻ ഇയ്യോബാണോ? നാമാണോ? അതോ യഹോവയാം ദൈവമാണോ?—സദൃശവാക്യങ്ങൾ 3:19; യിരെമ്യാവു 10:12.
ഏതു മനുഷ്യനാണ് ഉത്തരമുള്ളത്?
12. ഇയ്യോബ് 38:7-ലെ ചോദ്യം എന്തിനെ കുറിച്ചു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു?
12 “അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?” എന്നും ദൈവം ചോദിച്ചു. അത് പ്രസക്തമായ ഒരു ചോദ്യമല്ലേ? ഇയ്യോബിന് അറിയില്ലായിരുന്ന ഒരു പദം നമുക്ക് ഒരുപക്ഷേ പരിചിതമായിരിക്കാം—ഗുരുത്വാകർഷണം. ഭീമാകാരമായ സൂര്യന്റെ ഗുരുത്വാകർഷണബലം നമ്മുടെ ഭൂമിയെ അതിന്റെ ശരിയായ സ്ഥാനത്ത് നിറുത്തുന്നുവെന്ന്, അഥവാ ആലങ്കാരികമായി പറഞ്ഞാൽ, അതിനെ അതിന്റെ അടിസ്ഥാനത്തിന്മേൽ ഉറപ്പിച്ചുനിറുത്തുന്നു എന്ന് നമ്മിൽ മിക്കവർക്കും അറിയാം. എന്നാൽ മനുഷ്യരിൽ ആർക്കാണ് ഗുരുത്വാകർഷണത്തെ പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്?
13, 14. (എ) ഗുരുത്വാകർഷണബലം സംബന്ധിച്ച് നാം എന്തു സമ്മതിക്കേണ്ടിയിരിക്കുന്നു? (ബി) ഇയ്യോബ് 38:7 എടുത്തുകാട്ടുന്ന സ്ഥിതിവിശേഷത്തോട് നാം എങ്ങനെ പ്രതികരിക്കണം?
13 ‘പ്രപഞ്ച ശക്തികളിൽ ഏറ്റവും പരിചിതവും എന്നാൽ മനുഷ്യൻ ഏറ്റവും കുറച്ചു മാത്രം മനസ്സിലാക്കിയിട്ടുള്ളതുമായ ഒന്നാണ് ഗുരുത്വാകർഷണബലം’ എന്ന് അടുത്തകാലത്തു പ്രസിദ്ധീകരിക്കപ്പെട്ട പ്രപഞ്ചം വിശദീകരിക്കപ്പെടുന്നു (ഇംഗ്ലീഷ്) എന്ന പുസ്‌തകം പറയുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഗുരുത്വാകർഷണബലം ശൂന്യാകാശത്തിലൂടെ സത്വരം സഞ്ചരിക്കുന്നതായി തോന്നുന്നു, പ്രത്യക്ഷത്തിൽ അതിനുള്ള മാധ്യമങ്ങളൊന്നും ഇല്ലെങ്കിലും. എന്നാൽ, ഗ്രാവിറ്റോണുകൾ എന്നു വിളിക്കപ്പെടുന്ന കണങ്ങളാൽ നിർമിതമായ തരംഗങ്ങളുടെ രൂപത്തിലായിരിക്കാം ഗുരുത്വബലം സഞ്ചരിക്കുന്നതെന്ന് ഈയിടെയായി ഭൗതിക ശാസ്‌ത്രജ്ഞർ ഊഹിക്കുന്നു. . . . എന്നാൽ ഈ ഗ്രാവിറ്റോണുകളുടെ അസ്‌തിത്വം സംബന്ധിച്ച് ആർക്കും അത്ര ഉറപ്പില്ല.” അതിന്റെ അർഥമെന്തെന്നു ചിന്തിച്ചുനോക്കൂ.
14 യഹോവ ഇയ്യോബിനോട് ആ ചോദ്യങ്ങൾ ചോദിച്ചശേഷം 3,000 വർഷത്തെ പുരോഗതി ശാസ്‌ത്രത്തിന് കൈവന്നിരിക്കുന്നു. എന്നിട്ടും, നമുക്ക് ഇവിടെ ജീവിതം ആസ്വദിക്കാൻ കഴിയത്തക്കവിധം ഭൂമിയെ ശരിയായ ഭ്രമണപഥത്തിൽ പിടിച്ചുനിറുത്തുന്ന ഗുരുത്വാകർഷണബലത്തെ പൂർണമായി വിശദീകരിക്കാൻ നമുക്കോ വിദഗ്‌ധരായ ഭൗതികശാസ്‌ത്രജ്ഞർക്കോ കഴിയുന്നില്ല. (ഇയ്യോബ് 26:7; യെശയ്യാവു 45:18) ഗുരുത്വാകർഷണബലത്തിന്റെ നിഗൂഢതകൾ മനസ്സിലാക്കാൻ നാമെല്ലാം കിണഞ്ഞു പരിശ്രമിക്കണമെന്നല്ല പറഞ്ഞുവരുന്നത്. പകരം, ദൈവത്തിന്റെ ഈയൊരൊറ്റ വിസ്‌മയകരമായ പ്രവൃത്തിയെ കുറിച്ചു വിചിന്തനം ചെയ്യുന്നതു പോലും അവനെ കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ ബാധിക്കേണ്ടതുണ്ട്. അവന്റെ ജ്ഞാനത്തോടും അറിവിനോടും നിങ്ങൾക്കു ഭയാദരവ് തോന്നുന്നുണ്ടോ? അവന്റെ ഹിതത്തെ കുറിച്ച് കൂടുതൽ പഠിക്കേണ്ടത് ആവശ്യമാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?
15-17. (എ) ഇയ്യോബ് 38:8-11 എന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് നമ്മെ ഏതു ചോദ്യങ്ങളിലേക്കു നയിക്കുന്നു? (ബി) സമുദ്രങ്ങളെയും അവയുടെ സ്ഥാനങ്ങളെയും സംബന്ധിച്ച അറിവിനെ കുറിച്ച് എന്തു സമ്മതിച്ചു പറയേണ്ടതാണ്?
15 സ്രഷ്ടാവ് തന്റെ ചോദ്യങ്ങൾ തുടർന്നു: “ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ? അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുററാടയും ആക്കി; ഞാൻ അതിന്നു അതിർ നിയമിച്ചു കതകും ഓടാമ്പലും വെച്ചു. ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും എന്നു കല്‌പിച്ചു.”—ഇയ്യോബ് 38:8-11.
16 സമുദ്രത്തെ തടുക്കുന്നതിൽ വൻകരകളും മഹാസമുദ്രങ്ങളും വേലിയേറ്റ-വേലിയിറക്കങ്ങളും ഉൾപ്പെട്ടിരിക്കുന്നു. എത്ര കാലമായി മനുഷ്യൻ ഇവയെയെല്ലാം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്‌തിരിക്കുന്നു? ആയിരക്കണക്കിനു വർഷങ്ങളായി—പ്രത്യേകിച്ചും കഴിഞ്ഞ നൂറ്റാണ്ടിൽ അതീവ ശുഷ്‌കാന്തിയോടെ. ഇവയെ കുറിച്ച് അറിയേണ്ട മിക്കവാറും എല്ലാ കാര്യങ്ങളും ഇപ്പോൾത്തന്നെ അറിഞ്ഞു കഴിഞ്ഞിരിക്കുന്നുവെന്ന് നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ, 2001 എന്ന ഈ വർഷത്തിൽ ആ വിഷയത്തെ കുറിച്ച് ലോകത്തിലെ വൻ ഗ്രന്ഥശാലകളിൽ പരിശോധന നടത്തുകയോ അതിനൂതന വിവരങ്ങൾ അറിയാൻ ഇന്റർനെറ്റിന്റെ വിപുലമായ ഗവേഷണപ്രാപ്‌തി ഉപയോഗിക്കുകയോ ചെയ്‌താൽ നിങ്ങൾ എന്തായിരിക്കും കണ്ടെത്തുക?
17 വ്യാപകമായി അംഗീകരിക്കപ്പെടുന്ന ഒരു പരാമർശ ഗ്രന്ഥം ഇപ്രകാരം സമ്മതിച്ചുപറയുന്നതായി കാണാം: “ഭൗമോപരിതലത്തിലെ വൻകര ഫലകങ്ങളും മഹാസമുദ്ര തലങ്ങളും അതുപോലെതന്നെ പ്രധാനപ്പെട്ട ഭൂതല സവിശേഷതകളും ശാസ്‌ത്രീയ അന്വേഷണത്തിനും സിദ്ധാന്തീകരണത്തിനും കൗതുകമുണർത്തുന്ന വിഷയങ്ങളാണ്.” ഇപ്രകാരം പറഞ്ഞശേഷം, പ്രസ്‌തുത സർവവിജ്ഞാനകോശം സംഭവ്യമായ നാലു വിശദീകരണങ്ങൾ നൽകുന്നു. എന്നാൽ അവ “ചില അനുമാനങ്ങൾ” മാത്രമാണെന്നും അതു പറയുന്നു. നിങ്ങൾക്ക് അറിയാവുന്നതു പോലെ, അനുമാനം എന്നാൽ “വ്യക്തമായ വിശദീകരണം നൽകാൻ പര്യാപ്‌തമായ തെളിവുകളില്ലാത്ത നിഗമനം എന്നാണ് അർഥം.”
18. ഇയ്യോബ് 38:8-11 ഏതു നിഗമനങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു?
18 ഇയ്യോബ് 38:8-11-ൽ നാം കാണുന്ന ചോദ്യം എത്ര കാലോചിതമാണെന്നല്ലേ അത് എടുത്തുകാട്ടുന്നത്? നമ്മുടെ ഗ്രഹത്തിലെ ഈ സവിശേഷതകളെല്ലാം ഒരുക്കിയതിന്റെ ബഹുമതി തീർച്ചയായും നമുക്കുള്ളതല്ല. വേലിയേറ്റ-വേലിയിറക്കങ്ങൾക്ക് ഇടയാക്കുന്ന ചന്ദ്രന്റെ ആകർഷണ ശക്തിയുടെ കാര്യം പരിചിന്തിക്കുക. നമ്മുടെ തീരങ്ങൾക്കോ നമുക്കുതന്നെയോ സാധാരണ ഗതിയിൽ ഹാനികരമല്ലാത്ത വിധത്തിൽ ഈ ആകർഷണശക്തി പ്രയോഗിക്കപ്പെടാൻ തക്ക വിധത്തിൽ ഉചിതമായ സ്ഥാനത്തു ചന്ദ്രനെ ആക്കിവെച്ചത് നമ്മളല്ല. അത് ആരാണു ചെയ്‌തതെന്ന് നിങ്ങൾക്ക് അറിയാം, വിസ്‌മയകരമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവനായ യഹോവ.—സങ്കീർത്തനം 33:7; 89:9; സദൃശവാക്യങ്ങൾ 8:29; പ്രവൃത്തികൾ 4:24; വെളിപ്പാടു 14:7.
യഹോവയ്‌ക്ക് അർഹമായ ബഹുമതി നൽകുക
19. ഇയ്യോബ് 38:12-14-ലെ കാവ്യാത്മക പ്രയോഗങ്ങൾ ഭൂമിയെ സംബന്ധിച്ച ഏതു വസ്‌തുതകളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു?
19 ഇയ്യോബ് 38:12-14-ൽ സൂചിപ്പിച്ചിരിക്കുന്ന ഭൂമിയുടെ ഭ്രമണത്തിനുള്ള ബഹുമതിയും മനുഷ്യർക്കുള്ളതല്ല. അതേ, മിക്കപ്പോഴും പ്രൗഢസുന്ദരമായ അരുണോദയത്തിനു നിദാനം ഭൂമിയുടെ ഈ കറക്കമാണ്. സൂര്യൻ ഉദിച്ചുയരുന്നതോടെ നമ്മുടെ ഗ്രഹത്തിന്റെ സവിശേഷതകൾ കൂടുതൽ കൂടുതൽ വ്യക്തമായിത്തീരുന്നു, മുദ്രയ്‌ക്കു കീഴിലെ അരക്കിൽ മുദ്രയിലെ രൂപം വ്യക്തമായിത്തീരുന്നതുപോലെ. ഭൂമിയുടെ ചലനത്തെ കുറിച്ച് തെല്ലൊന്നു ചിന്തിക്കുക. ആപത്‌കരമായ വിധത്തിൽ ഭൂമി അതിവേഗം കറങ്ങാതിരിക്കുന്നത് നമ്മെ അമ്പരപ്പിക്കേണ്ടിയിരിക്കുന്നു. ഭൂമിയുടെ കറക്കം വളരെ സാവധാനത്തിലുമല്ല. അങ്ങനെയായാൽ ദിനരാത്രങ്ങളുടെ ദൈർഘ്യമേറുകയും മനുഷ്യ ജീവിതം അസാധ്യമാക്കും വിധം കടുത്ത ചൂടും തണുപ്പും ഭൂമിയിൽ അനുഭവപ്പെടുകയും ചെയ്യുമായിരുന്നു. വാസ്‌തവത്തിൽ, ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം കുറെ മനുഷ്യർ നിശ്ചയിക്കുന്നതിനു പകരം, ദൈവംതന്നെ നിശ്ചയിച്ചതിൽ നാം സന്തോഷിക്കുകയാണു വേണ്ടത്.—സങ്കീർത്തനം 148:1-5.
20. ഇയ്യോബ് 38:16, 18-ൽ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങളോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും?
20 ദൈവം കൂടുതലായി ഈ ചോദ്യങ്ങൾ നിങ്ങളോടു ചോദിക്കുന്നതായി കരുതുക: “നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?” ഒരു സമുദ്രശാസ്‌ത്രജ്ഞനു പോലും അതിന് ഉവ്വ് എന്നു തീർത്തു പറയാനാവില്ല! “ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്‌താവിക്ക.” (ഇയ്യോബ് 38:16, 18) ഭൂമിയിലെ എല്ലാ പ്രദേശങ്ങളും—അതിൽ നല്ലൊരു ഭാഗമെങ്കിലും—നിങ്ങൾ സന്ദർശിച്ച് പര്യവേക്ഷണം നടത്തിയിട്ടുണ്ടോ? ഭൂമിയിലെ മനോഹരമായ സ്ഥലങ്ങൾക്കും അതിലെ വിസ്‌മയങ്ങൾക്കും അടുത്ത ശ്രദ്ധ നൽകാൻ നമുക്ക് എത്ര മനുഷ്യായുസ്സുകൾതന്നെ വേണ്ടിവരും? അതിനു കഴിഞ്ഞാൽ, അത് എത്ര മഹത്തരമായിരിക്കും!
21. (എ) ഇയ്യോബ് 38:19-ലെ ചോദ്യങ്ങൾ ഏതു ശാസ്‌ത്രീയ വീക്ഷണങ്ങൾ മുന്നോട്ടു വെച്ചേക്കാം? (ബി) പ്രകാശത്തെ കുറിച്ചുള്ള വസ്‌തുതകൾ എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്?
21 ഇയ്യോബ് 38:19-ലെ ഗഹനമായ ചോദ്യങ്ങളും കാണുക: “വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ പാർപ്പിടവും എവിടെ?” ഒരു കുളത്തിലെ ഓളങ്ങൾപോലെ, തരംഗരൂപത്തിലാണ് പ്രകാശം സഞ്ചരിക്കുന്നതെന്ന് ദീർഘകാലമായി ശാസ്‌ത്രജ്ഞന്മാർ കരുതിപ്പോന്നിരുന്നതായി നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ, വെളിച്ചം ഊർജകണങ്ങൾ ആയിട്ടാണ് വർത്തിക്കുന്നതെന്ന് 1905-ൽ ആൽബർട്ട് ഐൻസ്റ്റീൻ വിശദീകരിച്ചു. ആ വിശദീകരണം ആത്യന്തികമായിരുന്നോ? അടുത്തകാലത്തു പ്രസിദ്ധീകരിച്ച ഒരു വിശ്വവിജ്ഞാനകോശം ഈ ചോദ്യം ഉന്നയിക്കുന്നു: “വെളിച്ചം തരംഗമാണോ അതോ കണമാണോ?” തുടർന്ന് അതുതന്നെ ഈ ഉത്തരം നൽകുന്നു: “പ്രത്യക്ഷത്തിൽ, [പ്രകാശത്തിന്] അവ രണ്ടും ആയിരിക്കാൻ കഴിയില്ല. കാരണം അവ രണ്ടും [അതായത് തരംഗങ്ങളും കണികകളും] വളരെ വ്യത്യസ്‌തങ്ങളാണ്. സൂക്ഷ്‌മമായി പറഞ്ഞാൽ, പ്രകാശം അവ രണ്ടിലും പെടുന്നില്ല എന്നതാണ് ഏറ്റവും മെച്ചമായ ഉത്തരം.” അതുകൊണ്ട്, ഈ സംഗതിയിൽ ദൈവത്തിന്റെ പ്രവൃത്തികൾ മുഴുവനായും വിശദീകരിക്കാൻ മനുഷ്യനു കഴിയില്ലെങ്കിൽ പോലും നമുക്കു സൂര്യനിൽനിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ നിരന്തരം ചൂട് കിട്ടിക്കൊണ്ടിരിക്കുന്നു. സസ്യങ്ങൾ പ്രകാശത്തെ ഉപയോഗപ്പെടുത്തി നമുക്കു ഭക്ഷണവും ഓക്‌സിജനും നൽകുന്നു. പ്രകാശം ഉള്ളതുകൊണ്ട് നമുക്കു വായിക്കാൻ കഴിയുന്നു, പ്രിയപ്പെട്ടവരുടെ മുഖം കാണാൻ സാധിക്കുന്നു, സൂര്യാസ്‌തമയം നിരീക്ഷിക്കാൻ കഴിയുന്നു, അങ്ങനെ പലതും സാധിക്കുന്നു. ഇതൊക്കെ ചെയ്യുമ്പോൾ ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികളെ നാം അംഗീകരിക്കേണ്ടതല്ലേ?—സങ്കീർത്തനം 104:1, 2; 145:5; യെശയ്യാവു 45:7; യിരെമ്യാവു 31:35.
22. ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികളോട് പുരാതന കാലത്തെ ദാവീദ് പ്രതികരിച്ചത് എങ്ങനെ?
22 യഹോവയുടെ വിസ്‌മയകരമായ പ്രവൃത്തികളെ കുറിച്ചു ധ്യാനിക്കുന്നതിന്റെ ലക്ഷ്യം, ഇതിനാലെല്ലാം കേവലം മതിപ്പോ ഭയാദരവോ ഭയഭക്തിയോ തോന്നുക എന്നതാണോ? തീർത്തുമല്ല. ദൈവത്തിന്റെ സകല പ്രവൃത്തികളെയും ഗ്രഹിക്കാനോ അവയെ കുറിച്ചു പറയാനോ സാധ്യമല്ല എന്നു പുരാതന സങ്കീർത്തനക്കാരനായ ദാവീദ് സമ്മതിച്ചു പറഞ്ഞു. അവൻ എഴുതി: ‘എന്റെ ദൈവമായ യഹോവേ, നീ ചെയ്‌ത അത്ഭുതപ്രവൃത്തികൾ ഞാൻ വിവരിച്ചു പ്രസ്‌താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.’ (സങ്കീർത്തനം 40:5) ആ മഹത്തായ പ്രവൃത്തികളെ കുറിച്ച് താൻ മിണ്ടാതിരിക്കുമെന്ന് അവൻ തീർച്ചയായും അർഥമാക്കിയില്ല. അവയെ കുറിച്ചു ഘോഷിക്കാനുള്ള അവന്റെ ദൃഢതീരുമാനം സങ്കീർത്തനം 9:1-ൽ നമുക്കു കാണാം: “ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്‌തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും.”
23. ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികളോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്, നിങ്ങൾക്കു മറ്റുള്ളവരെ എങ്ങനെ സഹായിക്കാൻ കഴിയും?
23 സമാനമായ വികാരങ്ങൾ നമുക്കും തോന്നേണ്ടതല്ലേ? ദൈവത്തിന്റെ മഹത്തായ പ്രവൃത്തികളെ കുറിച്ചുള്ള നമ്മുടെ വിസ്‌മയം അവനെയും അവൻ ചെയ്‌തിരിക്കുന്ന കാര്യങ്ങളെയും അവൻ ചെയ്യാനിരിക്കുന്ന കാര്യങ്ങളെയും കുറിച്ചു സംസാരിക്കാൻ നമ്മെ പ്രചോദിപ്പിക്കേണ്ടതല്ലേ? അതിനുള്ള ഉത്തരം വളരെ വ്യക്തമാണ്—നാം “ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും” ഘോഷിക്കണം. (സങ്കീർത്തനം 96:3-5) അതേ, നാം അവനെ കുറിച്ചു പഠിച്ചിരിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുകവഴി ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികളോടുള്ള എളിയ വിലമതിപ്പു നമുക്കു പ്രകടമാക്കാൻ സാധിക്കും. സ്രഷ്ടാവിലുള്ള വിശ്വാസം തള്ളിക്കളഞ്ഞ ഒരു സമൂഹത്തിലാണ് അവർ വളർന്നുവന്നതെങ്കിൽ പോലും നമ്മുടെ ക്രിയാത്മകവും വിജ്ഞാനപ്രദവുമായ വാക്കുകൾ ദൈവത്തെ അംഗീകരിക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം. അതിലുപരി, “സർവ്വവും” സൃഷ്ടിച്ചവനും വിസ്‌മയകരമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവനുമായ യഹോവയെ കുറിച്ചു പഠിക്കാനും അവനെ സേവിക്കാനും അവർ പ്രേരിതരായേക്കാം.—വെളിപ്പാടു 4:11.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ഇയ്യോബ് 37:14-ൽ കാണുന്ന ഉദ്‌ബോധനം, ദൈവത്തിന്റെ ഏതു പ്രവൃത്തികളെ കുറിച്ചു ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു?
• ശാസ്‌ത്രത്തിനു പൂർണമായി വിശദീകരിക്കാൻ കഴിയാത്ത എന്തെല്ലാം കാര്യങ്ങളാണ് ഇയ്യോബ് 37-ഉം 38-ഉം അധ്യായങ്ങളിൽ എടുത്തു കാണിച്ചിരിക്കുന്നത്?
• ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികൾ സംബന്ധിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു, അത് എന്തു ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[7-ാം പേജിലെ ചിത്രം]
സമുദ്രത്തിനു പരിധി വെക്കുകയും അതിനെ അതിന്റെ സ്ഥാനത്തു നിറുത്തുകയും ചെയ്‌തത് ആരാണ്?
[7-ാം പേജിലെ ചിത്രം]
ദൈവം സൃഷ്ടിച്ച ഭൂമിയിലെ മനോഹരമായ എല്ലാ സ്ഥലങ്ങളും സന്ദർശിക്കാൻ കഴിഞ്ഞിട്ടുള്ളത് ആർക്കാണ്?