വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ഒറ്റ വാല്യത്തിൽ

ബൈബിൾ ഒറ്റ വാല്യത്തിൽ

ബൈബിൾ ഒറ്റ വാല്യത്തിൽ

ബൈബിളിന്റെ പകർപ്പുകൾ ഉണ്ടാക്കാനായി, ചുരുളുകൾക്കു പകരം പുസ്‌തക രൂപത്തിലുള്ള കോഡെക്‌സുകൾ നിർമിക്കുന്നതിൽ മുന്നിട്ടുനിന്നത്‌ ആദിമ ക്രിസ്‌ത്യാനികളാണ്‌. എന്നിരുന്നാലും, അവർ ഉടനടി ബൈബിളിലെ മുഴു പുസ്‌തകങ്ങളും ഒറ്റ വാല്യമായി ഉത്‌പാദിപ്പിച്ചു തുടങ്ങിയില്ല. ഒറ്റ വാല്യത്തിലുള്ള ബൈബിളുകൾ വ്യാപകമായി ഉത്‌പാദിപ്പിക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പ്‌ നടത്തിയത്‌ ആറാം നൂറ്റാണ്ടിലെ ഫ്‌ളേവിയസ്‌ കാസിയോഡറസ്‌ ആയിരുന്നു.

ഫ്‌ളേവിയസ്‌ മാഗ്‌നസ്‌ ഔറേലിയസ്‌ കാസിയോഡറസ്‌ പൊ.യു.മു. ഏതാണ്ട്‌ 485-490 കാലയളവിൽ, ഇന്നത്തെ ഇറ്റലിയുടെ ദക്ഷിണ മുനമ്പിലുള്ള കാലാബ്രിയയിലെ ഒരു സമ്പന്ന കുടുംബത്തിലാണു ജനിച്ചത്‌. ആദ്യം ഗോഥ്‌ വംശജരും പിന്നീട്‌ ബൈസന്റിയക്കാരും ആ ഉപദ്വീപ്‌ കൈയടക്കിയ, ഇറ്റലിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. ഏതാണ്ട്‌ 60-70 വയസ്സുണ്ടായിരുന്നപ്പോൾ കാസിയോഡറസ്‌, കാലാബ്രിയയിലെ സ്‌കില്ലാസിലുള്ള തന്റെ വീടിന്‌ അടുത്തായി വിവേറിയം ആശ്രമവും ലൈബ്രറിയും സ്ഥാപിച്ചു.

ശ്രദ്ധാലുവായ ബൈബിൾ എഡിറ്റർ

ആളുകൾക്ക്‌ ബൈബിൾ എങ്ങനെ ലഭ്യമാക്കാം എന്നതായിരുന്നു കാസിയോഡറസിന്റെ മുഖ്യ ചിന്തകളിൽ ഒന്ന്‌. ചരിത്രകാരനായ പീറ്റർ ബ്രൗൺ എഴുതുന്നു: “കാസിയോഡറസിന്റെ അഭിപ്രായത്തിൽ, തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്താനായി മുഴു ലത്തീൻ സാഹിത്യവും ഉപയോഗപ്പെടുത്തണമായിരുന്നു. ക്ലാസിക്‌ പാഠങ്ങൾ വായിച്ചു മനസ്സിലാക്കി പകർത്തുന്നതിന്‌ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന എല്ലാ സഹായങ്ങളും തിരുവെഴുത്തുകൾ മനസ്സിലാക്കാനും അവയെ വിദഗ്‌ധമായി പകർത്താനും ഉപയോഗിക്കണമായിരുന്നു. പുതുതായി രൂപംകൊണ്ട ഒരു ഗ്രഹവ്യൂഹം പോലെ, ലത്തീൻ സംസ്‌കാരം ദൈവവചനമാകുന്ന വലിയ സൂര്യനു ചുറ്റും ഭ്രമണം ചെയ്യണമായിരുന്നു.”

മുഴു ബൈബിളും താരതമ്യപഠനം നടത്തി സമാഹരിക്കുന്നതിന്‌ കാസിയോഡറസ്‌ വിവേറിയം ആശ്രമത്തിൽ വിവർത്തകരെയും വൈയാകരണന്മാരെയും നിയമിക്കുകയും തികച്ചും ശ്രമകരമായ എഡിറ്റോറിയൽ വേലയുടെ മേൽനോട്ടം വഹിക്കുകയും ചെയ്‌തു. പണ്ഡിതരായ ഏതാനും പേരെ മാത്രമാണ്‌ അദ്ദേഹം ജോലി ഭരമേൽപ്പിച്ചത്‌. പകർത്തി എഴുതിയപ്പോൾ സംഭവിച്ചതെന്നു കരുതുന്ന തെറ്റുകൾ അവർ തിടുക്കത്തിൽ തിരുത്തരുതായിരുന്നു. വ്യാകരണത്തെ കുറിച്ച്‌ എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കിൽ, അംഗീകൃത ലത്തീൻ പ്രയോഗത്തെക്കാൾ പുരാതന ബൈബിൾ കൈയെഴുത്തു പ്രതികളെ കൂടുതൽ ആധികാരികത ഉള്ളതായി കരുതണമായിരുന്നു. കാസിയോഡറസ്‌ നിർദേശിച്ചു: “ദൈവനിശ്വസ്‌തമായി അറിയപ്പെടുന്ന ഒരു പാഠത്തിൽ തെറ്റുകൾ കയറിക്കൂടാൻ പാടില്ലാത്തതിനാൽ, . . . വ്യാകരണപരമായ പ്രത്യേകതകൾ . . . നിലനിറുത്തണം. ബൈബിളിലെ ആഖ്യാനരീതികൾ, അലങ്കാരം, ശൈലി എന്നിവ ലത്തീൻ മാനദണ്ഡമനുസരിച്ച്‌ വിചിത്രമാണെങ്കിൽപ്പോലും അവയ്‌ക്കു മാറ്റം വരുത്തരുത്‌. സംജ്ഞാനാമങ്ങളുടെ ‘എബ്രായ’ രൂപങ്ങളുടെ കാര്യത്തിലും അങ്ങനെതന്നെ ചെയ്യണം.”​—⁠ദ കേംബ്രിഡ്‌ജ്‌ ഹിസ്‌റ്ററി ഓഫ്‌ ദ ബൈബിൾ.

ഗ്രാൻഡിയർ കോഡെക്‌സ്‌

ലത്തീൻ ഭാഷയിൽ ബൈബിളിന്റെ വ്യത്യസ്‌തങ്ങളായ മൂന്നു പതിപ്പുകളെങ്കിലും ഇറക്കാനായി വിവേറിയം ആശ്രമത്തിലെ പകർപ്പെഴുത്തുകാർ നിയോഗിക്കപ്പെട്ടു. ഒമ്പതു വാല്യങ്ങളായി പുറത്തിറക്കിയ അവയിൽ ഒന്ന്‌ സാധ്യതയനുസരിച്ച്‌ രണ്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലുള്ള പഴയ ലത്തീൻ പാഠത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. രണ്ടാമത്തെ പതിപ്പിൽ അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ജെറോം പൂർത്തിയാക്കിയ ലാറ്റിൻ വൾഗേറ്റ്‌ അടങ്ങിയിരുന്നു. മൂന്നാമത്തേതായ, “വലിയ കോഡെക്‌സ്‌” എന്ന്‌ അർഥമുള്ള ഗ്രാൻഡിയർ കോഡെക്‌സ്‌ മൂന്നു ബൈബിൾ പാഠങ്ങളിൽനിന്ന്‌ തയ്യാറാക്കിയതായിരുന്നു. അവസാനത്തെ ഈ രണ്ടു പതിപ്പുകളിലും ബൈബിളിലെ എല്ലാ പുസ്‌തകങ്ങളും ഒറ്റ വാല്യത്തിൽ ആക്കിയിരുന്നു.

പാൻഡെക്ട എന്ന പേരിൽ ഒറ്റ വാല്യത്തിലുള്ള ലത്തീൻ ബൈബിളുകൾ ആദ്യമായി നിർമിച്ചത്‌ കാസിയോഡറസ്‌ ആണെന്നു തോന്നുന്നു. * നിസ്സംശയമായും, ബൈബിൾ പുസ്‌തകങ്ങൾ എല്ലാം ഒറ്റ വാല്യത്തിൽ ആക്കുന്നതിന്റെ പ്രായോഗിക മൂല്യം അദ്ദേഹം കണ്ടു. അങ്ങനെ, അനേകം വാല്യങ്ങൾ എടുത്തുനോക്കുന്നതിന്റെ സമയ നഷ്ടം ഇല്ലാതായി.

ദക്ഷിണ ഇറ്റലിയിൽനിന്ന്‌ ബ്രിട്ടീഷ്‌ ദ്വീപുകളിലേക്ക്‌

കാസിയോഡറസിന്റെ മരണത്തെ തുടർന്ന്‌ (പൊ.യു. 583-ൽ ആയിരിക്കണം) താമസിയാതെ ഗ്രാൻഡിയർ കോഡെക്‌സ്‌ അതിന്റെ യാത്ര ആരംഭിച്ചു. ആ സമയത്ത്‌, വിവേറിയം ലൈബ്രറിയുടെ ഒരു ഭാഗം റോമിലെ ലാറ്റേറൻ ലൈബ്രറിയിലേക്കു മാറ്റിയതായി കരുതപ്പെടുന്നു. പൊ.യു. 678-ൽ ചാൽഫ്രിത്‌ എന്ന ഒരു ആംഗ്ലോ-സാക്‌സൺ മഠാധിപൻ റോമിൽനിന്ന്‌ മടങ്ങവേ, ബ്രിട്ടീഷ്‌ ദ്വീപുകളിലേക്കു കോഡെക്‌സും കൂടെക്കൊണ്ടുപോന്നു. അങ്ങനെ അത്‌ ചാൽഫ്രിത്തിന്റെ മേൽനോട്ടത്തിലുള്ള ഇരട്ട മഠങ്ങളായ വിയർമോത്തിലും ജാരോയിലും എത്തി. ഇംഗ്ലണ്ടിലെ ഇപ്പോഴത്തെ നോർത്തുമ്പ്രിയയിൽ ആയിരുന്നു അവ.

കാസിയോഡറസിന്റെ ഒറ്റ വാല്യത്തിലുള്ള ബൈബിൾ ഉപയോഗിക്കാൻ വളരെ സൗകര്യപ്രദമായിരുന്നു എന്നത്‌ ചാൽഫ്രിത്തിനെയും അദ്ദേഹത്തിന്റെ സന്യാസികളെയും ആകർഷിച്ചിരിക്കണം. അങ്ങനെ ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ, അവർ ഒറ്റ വാല്യത്തിലുള്ള മറ്റു മൂന്നു സമ്പൂർണ ബൈബിളുകൾ നിർമിച്ചു. ഇവയിൽ കാലത്തെ അതിജീവിച്ച ഒരേയൊരു പകർപ്പ്‌ അമിയാറ്റിനസ്‌ കോഡെക്‌സ്‌ എന്ന വലിയ ഒരു കൈയെഴുത്തുപ്രതിയാണ്‌. ചർമപത്രത്തിൽ നിർമിച്ച അതിന്‌ 51 സെന്റീ മീറ്റർ നീളവും 33 സെന്റീ മീറ്റർ വീതിയുമുള്ള 2,060 പേജുകളുണ്ട്‌. പുറംചട്ട ഉൾപ്പെടെ 25 സെന്റീ മീറ്റർ കനമുള്ള ഇതിന്‌ 34 കിലോഗ്രാം ഭാരവുമുണ്ട്‌. ഒറ്റ വാല്യത്തിലുള്ള സമ്പൂർണ ബൈബിളിന്റെ ഇപ്പോൾ നിലവിലുള്ള ഏറ്റവും പഴക്കമേറിയ പ്രതിയാണ്‌ ഇത്‌. 19-ാം നൂറ്റാണ്ടിലെ വിഖ്യാത ബൈബിൾ പണ്ഡിതനായ ഫെന്റൺ ജെ. എം. ഹോട്ട്‌ 1887-ൽ അത്‌ കണ്ടെത്തി. ഹോട്ട്‌ പറഞ്ഞു: “ഈ പ്രതി കണ്ടിട്ടുള്ള, ആധുനിക കാലത്തെ ഒരാളിൽപ്പോലും ആദരാതിശയങ്ങൾ ജനിപ്പിക്കത്തക്കവിധം ഗംഭീരമാണ്‌ ഇത്‌.”

തിരിച്ച്‌ ഇറ്റലിയിലേക്ക്‌

കാസിയോഡറസ്‌ പുറത്തിറക്കിയ മൂല ഗ്രാൻഡിയർ കോഡെക്‌സ്‌ ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു. എന്നാൽ അതിന്റെ ആംഗ്ലോ-സാക്‌സൻ പിൻഗാമിയായ അമിയാറ്റിനസ്‌ കോഡെക്‌സ്‌ പൂർത്തിയായ ഉടൻതന്നെ ഇറ്റലിയിലേക്കുള്ള അതിന്റെ മടക്കയാത്ര തുടങ്ങി. മരണത്തിന്‌ തൊട്ടുമുമ്പായി റോമിലേക്ക്‌ തിരിച്ചുപോകാൻ ചാൽഫ്രിത്‌ തീരുമാനിച്ചു. ഗ്രിഗറി രണ്ടാമൻ പാപ്പായ്‌ക്ക്‌ സമ്മാനിക്കാനായി അദ്ദേഹം തന്റെ മൂന്നു ലത്തീൻ കൈയെഴുത്തുപ്രതികളിൽ ഒരെണ്ണം കൂടെക്കൊണ്ടുപോയി. യാത്രയിലായിരിക്കെ പൊ.യു. 716-ൽ ഫ്രാൻസിലെ ലാൻഗ്രെസിൽവെച്ച്‌ ചാൽഫ്രിത്‌ മരണമടഞ്ഞു. എങ്കിലും, അദ്ദേഹത്തിന്റെ സഹയാത്രികരോടൊപ്പം ആ ബൈബിൾ അതിന്റെ യാത്ര തുടർന്നു. ക്രമേണ അത്‌ മധ്യ ഇറ്റലിയിലെ മോണ്ട്‌ അമിയാറ്റയിലുള്ള ആശ്രമത്തിലെ ലൈബ്രറിയുടെ ഭാഗമായി. അവിടെനിന്നാണ്‌ അതിന്‌ കോഡെക്‌സ്‌ അമിയാറ്റിനസ്‌ എന്ന പേർ ലഭിച്ചത്‌. 1782-ൽ ഈ കൈയെഴുത്തുപ്രതി ഇറ്റലിയിലെ മെഡീഷ്യൻ-ലോറൻഷ്യൻ ലൈബ്രറിയിലേക്കു മാറ്റപ്പെട്ടു. അവിടത്തെ ഏറ്റവും വിലപിടിപ്പുള്ള നിധികളിൽ ഒന്നായി അത്‌ അവിടെ തുടരുന്നു.

ഗ്രാൻഡിയർ കോഡെക്‌സ്‌ നമ്മെ എങ്ങനെയാണു ബാധിച്ചിട്ടുള്ളത്‌? കാസിയോഡറസിന്റെ കാലം മുതൽ, പകർപ്പെഴുത്തുകാരും അച്ചടിക്കാരും ഒറ്റ വാല്യമുള്ള ബൈബിളുകൾ ഉണ്ടാക്കുന്നതിനെ വളരെയധികം അനുകൂലിച്ചിട്ടുണ്ട്‌. ഇത്തരം ബൈബിളുകൾ ആളുകൾക്ക്‌ എടുത്തുനോക്കാൻ എളുപ്പമാണ്‌. അങ്ങനെ അതിന്റെ ശക്തിയിൽനിന്ന്‌ അവർക്ക്‌ എളുപ്പം പ്രയോജനം അനുഭവിക്കാൻ കഴിഞ്ഞിരിക്കുന്നു.​—⁠എബ്രായർ 4:12.

[അടിക്കുറിപ്പ്‌]

^ ഖ. 9 നാലാമത്തെയോ അഞ്ചാമത്തെയോ നൂറ്റാണ്ടു മുതലാണ്‌ ഗ്രീക്കിലുള്ള സമ്പൂർണ ബൈബിൾ പ്രചാരത്തിലായത്‌ എന്നു കരുതപ്പെടുന്നു.

[29-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഗ്രാൻഡിയർ കോഡെക്‌സിന്റെ യാത്ര

വിവേറിയം ആശ്രമം

റോം

ജാരോ

വിയർമോത്ത്‌

അമിയാറ്റിനസ്‌ കോഡെക്‌സിന്റെ യാത്ര

ജാരോ

വിയർമോത്ത്‌

മോണ്ട്‌ അമിയാറ്റ

ഫ്‌ളോറൻസ്‌

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.

[30-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: അമിയാറ്റിനസ്‌ കോഡെക്‌സ്‌ ഇടത്ത്‌: അമിയാറ്റിനസ്‌ കോഡെക്‌സിൽ എസ്രായെ ചിത്രീകരിച്ചിരിക്കുന്നു

[കടപ്പാട്‌]

Biblioteca Medicea Laurenziana, Firenze