വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സേവനത്തിലെ നിങ്ങളുടെ സന്തോഷം നിലനിറുത്തുക

യഹോവയുടെ സേവനത്തിലെ നിങ്ങളുടെ സന്തോഷം നിലനിറുത്തുക

യഹോവയുടെ സേവനത്തിലെ നിങ്ങളുടെ സന്തോഷം നിലനിറുത്തുക

“കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.”​—⁠ഫിലിപ്പിയർ 4:⁠4.

1, 2. സ്വന്തമായി ഉണ്ടായിരുന്ന സകലതും നഷ്ടപ്പെട്ടിട്ടും ഒരു സഹോദരനും കുടുംബത്തിനും സന്തോഷം നിലനിറുത്താൻ കഴിഞ്ഞത്‌ എങ്ങനെ?

സിയെറാ ലിയോണിലുള്ള ഒരു ക്രിസ്‌ത്യാനിയാണ്‌ 70-കാരനായ ജയിംസ്‌. തന്റെ ആയുഷ്‌കാലം മുഴുവൻ കഠിനാധ്വാനം ചെയ്‌തിട്ടുള്ള വ്യക്തിയാണ്‌ അദ്ദേഹം. ഒടുവിൽ, നാലു മുറികളുള്ള തരക്കേടില്ലാത്ത ഒരു വീട്‌ വാങ്ങാൻ മാത്രം പണം സ്വരുക്കൂട്ടാൻ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്‌ അനുഭവപ്പെട്ട സന്തോഷം ഒന്നു സങ്കൽപ്പിച്ചു നോക്കൂ! എന്നാൽ ജയിംസും കുടുംബവും ആ വീട്ടിലേക്കു മാറിത്താമസിച്ച്‌ കുറച്ചു കഴിഞ്ഞപ്പോൾ ആ രാജ്യത്ത്‌ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അവരുടെ വീട്‌ തീക്കിരയാക്കി. അവർക്ക്‌ തങ്ങളുടെ വീടു നഷ്ടമായെങ്കിലും സന്തോഷം നഷ്ടമായില്ല. എന്തുകൊണ്ട്‌?

2 ജയിംസും കുടുംബവും തങ്ങൾക്കു നഷ്ടപ്പെട്ട കാര്യങ്ങളിലല്ല, മറിച്ച്‌ അപ്പോഴും ശേഷിച്ചിരുന്ന കാര്യങ്ങളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ജയിംസ്‌ ഇങ്ങനെ വിശദീകരിക്കുന്നു: “ആ ഭീതിദമായ നാളുകളിൽ പോലും ഞങ്ങൾ യോഗങ്ങൾ നടത്തുകയും ബൈബിൾ വായിക്കുകയും ഒരുമിച്ചു പ്രാർഥിക്കുകയും ഞങ്ങളുടെ പക്കലുണ്ടായിരുന്ന അൽപ്പസ്വൽപ്പം ഭൗതിക വസ്‌തുക്കൾ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്‌തു. യഹോവയുമായി ഞങ്ങൾക്കുള്ള അതിശയകരമായ ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ്‌ ഞങ്ങൾക്കു സന്തോഷം നിലനിറുത്താൻ കഴിഞ്ഞത്‌.” തങ്ങൾക്ക്‌ ആസ്വദിക്കാൻ കഴിയുന്ന നല്ല കാര്യങ്ങളെ കുറിച്ച്‌, ഏറ്റവും പ്രധാനമായി യഹോവയുമായുള്ള തങ്ങളുടെ വ്യക്തിപരമായ അടുത്ത ബന്ധത്തെ കുറിച്ച്‌, ചിന്തിച്ചതിനാൽ ആ വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്ക്‌ ‘സന്തോഷം’ നിലനിറുത്താൻ കഴിഞ്ഞു. (2 കൊരിന്ത്യർ 13:11) തീർച്ചയായും അവർക്ക്‌ ഉണ്ടായ ദുരവസ്ഥയിൽ സഹിച്ചുനിൽക്കുക എളുപ്പമായിരുന്നില്ല. എന്നിരുന്നാലും അവർ തുടർന്നും യഹോവയിൽ സന്തോഷം കണ്ടെത്തുകതന്നെ ചെയ്‌തു.

3. ചില ആദിമ ക്രിസ്‌ത്യാനികൾ തങ്ങളുടെ സന്തോഷം നിലനിറുത്തിയത്‌ എങ്ങനെ?

3 ജയിംസിനും കുടുംബത്തിനും നേരിട്ടതിനു സമാനമായ പരിശോധനകൾ ആദിമ ക്രിസ്‌ത്യാനികൾക്കും നേരിട്ടു. എന്നിട്ടും, എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: ‘സമ്പത്തുകളുടെ അപഹാരം നിങ്ങൾ സന്തോഷത്തോടെ സഹിച്ചുവല്ലോ.’ അവരുടെ സന്തോഷത്തിന്റെ ഉറവിനെ കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: ‘സ്വർഗ്ഗത്തിൽ നിലനിൽക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്ക്‌ ഉണ്ട്‌ എന്ന്‌ നിങ്ങൾ അറിഞ്ഞു.’ (എബ്രായർ 10:34) അതേ, ഒന്നാം നൂറ്റാണ്ടിലെ ആ ക്രിസ്‌ത്യാനികൾക്ക്‌ ശക്തമായ ഒരു പ്രത്യാശ ഉണ്ടായിരുന്നു. അപഹരിക്കപ്പെടാനാകാത്ത ഒന്ന്‌, അതായത്‌ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിലെ വാടാത്ത “ജീവകിരീടം,” സ്വീകരിക്കാനായി അവർ ആത്മവിശ്വാസത്തോടെ നോക്കിപ്പാർത്തിരുന്നു. (വെളിപ്പാടു 2:10) ഇന്ന്‌ ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ പോലും സന്തോഷം നിലനിറുത്താൻ നമ്മുടെ ക്രിസ്‌തീയ പ്രത്യാശയ്‌ക്ക്‌, അത്‌ സ്വർഗീയമോ ഭൗമികമോ ആയിരുന്നുകൊള്ളട്ടെ, നമ്മെ സഹായിക്കാനാകും.

“പ്രത്യാശയിൽ സന്തോഷിപ്പിൻ”

4, 5. (എ) “പ്രത്യാശയിൽ സന്തോഷി”ക്കാനുള്ള പൗലൊസിന്റെ ഉപദേശം റോമാക്കാർക്ക്‌ കാലോചിതമായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) ഒരു ക്രിസ്‌ത്യാനിയുടെ പ്രത്യാശ നഷ്ടമാകാൻ എന്ത്‌ ഇടയാക്കിയേക്കാം?

4 നിത്യജീവനെ കുറിച്ചുള്ള “പ്രത്യാശയിൽ സന്തോഷി”ക്കാൻ റോമിലെ സഹവിശ്വാസികളെ പൗലൊസ്‌ അപ്പൊസ്‌തലൻ പ്രോത്സാഹിപ്പിച്ചു. (റോമർ 12:​12, NW) റോമാക്കാർക്ക്‌ അത്‌ കാലോചിതമായ ഉപദേശമായിരുന്നു. പൗലൊസ്‌ അവർക്കു ലേഖനം എഴുതി ഒരു പതിറ്റാണ്ടിനുള്ളിൽ അവർക്കു കടുത്ത പീഡനം അനുഭവിക്കേണ്ടിവന്നു. നീറോ ചക്രവർത്തിയുടെ ഉത്തരവ്‌ അനുസരിച്ച്‌ അവരിൽ ചിലരെ കഠിനമായി പീഡിപ്പിച്ചു കൊല്ലുകയുണ്ടായി. ദൈവം തങ്ങൾക്കു വാഗ്‌ദത്ത ജീവകിരീടം നൽകുമെന്ന വിശ്വാസമാണ്‌ ആ യാതനകൾ സഹിക്കാൻ അവരെ തീർച്ചയായും സഹായിച്ചത്‌. ഇന്ന്‌ നമ്മെ സംബന്ധിച്ചോ?

5 ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാമും പീഡനം പ്രതീക്ഷിക്കുന്നു. (2 തിമൊഥെയൊസ്‌ 3:12) കൂടാതെ, “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” എല്ലാവരെയും ബാധിക്കുന്നുവെന്നും നമുക്ക്‌ അറിയാം. (സഭാപ്രസംഗി 9:​11, NW) നാം സ്‌നേഹിക്കുന്ന ഒരാൾക്ക്‌ അപകടമരണം സംഭവിക്കാം. ഗുരുതരമായ രോഗം ബാധിച്ച്‌ മാതാപിതാക്കളിൽ ഒരാളോ ഒരു അടുത്ത സുഹൃത്തോ മരണമടഞ്ഞേക്കാം. നാം രാജ്യപ്രത്യാശയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെങ്കിൽ, അത്തരം പരിശോധനകൾ ഉണ്ടാകുമ്പോൾ നമുക്ക്‌ ആത്മീയ വിപത്ത്‌ ഉണ്ടായേക്കാം. അതുകൊണ്ട്‌ നാം നമ്മോടുതന്നെ പിൻവരുന്ന പ്രകാരം ചോദിക്കേണ്ടതാണ്‌, ‘ഞാൻ “പ്രത്യാശയിൽ സന്തോഷി”ക്കുന്നുണ്ടോ? അതേക്കുറിച്ച്‌ ധ്യാനിക്കാൻ ഞാൻ എത്ര കൂടെക്കൂടെ സമയം കണ്ടെത്തുന്നു? വരാനിരിക്കുന്ന പറുദീസ എന്നെ സംബന്ധിച്ചിടത്തോളം ഒരു യാഥാർഥ്യമാണോ? അവിടെ ആയിരിക്കുന്നതായി ഞാൻ വിഭാവന ചെയ്യാറുണ്ടോ? സത്യം പഠിച്ചപ്പോൾ ഉണ്ടായിരുന്ന അതേ ഉത്സാഹത്തോടെ ഞാൻ ഇപ്പോഴും ഈ വ്യവസ്ഥിതിയുടെ സമാപനത്തിനായി നോക്കിപ്പാർത്തിരിക്കുന്നുവോ?’ അവസാനത്തെ ചോദ്യം ഗൗരവമായ വിചിന്തനം അർഹിക്കുന്നു. എന്തുകൊണ്ട്‌? കാരണം നമുക്ക്‌ നല്ല ആരോഗ്യവും സുഖമായി ജീവിക്കാൻ വേണ്ട പണവും ഉണ്ടായിരിക്കുകയും നാം ജീവിക്കുന്നത്‌ യുദ്ധമോ ഭക്ഷ്യക്ഷാമമോ പ്രകൃതി വിപത്തുകളോ കാര്യമായി ബാധിക്കാത്ത ഒരു സ്ഥലത്തായിരിക്കുകയും ചെയ്യുന്നെങ്കിൽ, കുറഞ്ഞപക്ഷം ഇപ്പോഴത്തെ അവസ്ഥയിലെങ്കിലും ദൈവത്തിന്റെ പുതിയ ലോകം വരേണ്ടതിന്റെ അടിയന്തിരാവശ്യം നമുക്കു തോന്നാതിരുന്നേക്കാം.

6. (എ) പീഡനം അനുഭവിച്ചപ്പോൾ പൗലൊസും ശീലാസും എന്തിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്‌? (ബി) പൗലൊസിന്റെയും ശീലാസിന്റെയും ദൃഷ്ടാന്തത്തിന്‌ ഇന്നു നമ്മെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും?

6 “കഷ്ടതയിൽ സഹിഷ്‌ണുത കാണി”ക്കാൻ പൗലൊസ്‌ തുടർന്ന്‌ റോമാക്കാരെ ബുദ്ധിയുപദേശിച്ചു. (റോമർ 12:13) പൗലൊസ്‌ അനേകം കഷ്ടപ്പാടുകൾ സഹിച്ചവനായിരുന്നു. “മക്കെദോന്യെക്കു കടന്നുവന്നു” യഹോവയെ കുറിച്ചു പഠിക്കുന്നതിന്‌ അവിടെയുള്ളവരെ സഹായിക്കാൻ ഒരിക്കൽ ദർശനത്തിൽ ഒരു പുരുഷൻ പൗലൊസിനെ ക്ഷണിച്ചു. (പ്രവൃത്തികൾ 16:⁠9) അതോടെ പൗലൊസ്‌ ലൂക്കൊസിനെയും ശീലാസിനെയും തിമൊഥെയൊസിനെയും കൂട്ടി യൂറോപ്പിലേക്കു യാത്രയായി. തീക്ഷ്‌ണതയുള്ള ആ മിഷനറിമാരെ അവിടെ എന്താണ്‌ കാത്തിരുന്നത്‌? പീഡനം! മക്കെദോന്യയിലെ ഒരു നഗരമായ ഫിലിപ്പിയിൽ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെട്ട പൗലൊസിനെയും ശീലാസിനെയും ചാട്ടകൊണ്ട്‌ അടിച്ച ശേഷം തടവിലാക്കി. തീർച്ചയായും, ഫിലിപ്പിയിലെ ചില പൗരന്മാർ രാജ്യസന്ദേശത്തിൽ താത്‌പര്യമില്ലാത്തവർ ആയിരുന്നെന്നു മാത്രമല്ല, അവർ കടുത്ത എതിർപ്പുള്ളവരും ആയിരുന്നു. എന്നാൽ ഈ സംഭവവികാസങ്ങൾ തീക്ഷ്‌ണതയുള്ള ആ ക്രിസ്‌ത്യാനികളുടെ സന്തോഷം നഷ്ടപ്പെടാൻ ഇടയാക്കിയോ? ഇല്ല. അടിയേൽക്കുകയും തടവിലാക്കപ്പെടുകയും ചെയ്‌ത ശേഷം, “അർദ്ധരാത്രിക്കു പൌലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടിസ്‌തുതിച്ചു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (പ്രവൃത്തികൾ 16:25, 26) അടിയുടെ വേദന പൗലൊസിനും ശീലാസിനും തീർച്ചയായും യാതൊരു സന്തോഷവും കൈവരുത്തിയില്ല. എന്നാൽ ആ മിഷനറിമാർ ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചത്‌ അതിൽ ആയിരുന്നില്ല, മറിച്ച്‌, യഹോവയിലും തങ്ങളുടെമേൽ അവൻ ചൊരിയുന്ന അനുഗ്രഹങ്ങളിലും ആയിരുന്നു. സന്തോഷപൂർവം ‘കഷ്ടതയിൽ സഹിഷ്‌ണുത കാണിച്ച’ പൗലൊസും ശീലാസും ഫിലിപ്പിയിലെയും മറ്റുള്ളിടങ്ങളിലെയും സഹോദരങ്ങൾക്ക്‌ ഒരു നല്ല മാതൃക ആയിരുന്നു.

7. നമ്മുടെ പ്രാർഥനകളിൽ നന്ദിപ്രകടനങ്ങൾ ഉൾപ്പെടുത്തേണ്ടത്‌ എന്തുകൊണ്ട്‌?

7 പൗലൊസ്‌ ഇങ്ങനെ എഴുതി: “പ്രാർത്ഥനയിൽ ഉററിരിപ്പിൻ.” (റോമർ 12:13) ഉത്‌കണ്‌ഠ തോന്നുമ്പോൾ നിങ്ങൾ പ്രാർഥിക്കാറുണ്ടോ? നിങ്ങൾ എന്തിനെ കുറിച്ചാണു പ്രാർഥിക്കുന്നത്‌? സാധ്യതയനുസരിച്ച്‌, നിങ്ങളെ അലട്ടുന്ന പ്രശ്‌നം പറഞ്ഞിട്ട്‌ അതിൽ നിങ്ങൾ യഹോവയുടെ സഹായം തേടിയേക്കാം. എന്നാൽ നിങ്ങൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങളെ പ്രതിയുള്ള നന്ദിപ്രകടനവും പ്രാർഥനയിൽ ഉൾപ്പെടുത്താനാകും. പ്രശ്‌നങ്ങൾ ഉളവാകുമ്പോൾ, യഹോവ നമുക്കായി ചെയ്‌തിരിക്കുന്ന നല്ല കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുന്നത്‌ “പ്രത്യാശയിൽ സന്തോഷി”ക്കാൻ നമ്മെ സഹായിക്കുന്നു. ദാവീദിന്റെ ജീവിതം തികച്ചും പ്രശ്‌നപൂരിതമായിരുന്നെങ്കിലും അവൻ ഇങ്ങനെ എഴുതി: “എന്റെ ദൈവമായ യഹോവേ, നീ ചെയ്‌ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്‌താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.” (സങ്കീർത്തനം 40:⁠5) യഹോവയിൽനിന്നു ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച്‌ ദാവീദിനെപ്പോലെ നാമും ദിവസവും ധ്യാനിക്കുന്നെങ്കിൽ, നമുക്കു സന്തോഷിക്കാതിരിക്കാൻ കഴിയില്ലെന്ന്‌ നാം കണ്ടെത്തും.

ഒരു ക്രിയാത്മക മനോഭാവം നിലനിറുത്തുക

8. പീഡനം അനുഭവിക്കുമ്പോൾ സന്തുഷ്ടനായി നിലകൊള്ളാൻ ഒരു ക്രിസ്‌ത്യാനിയെ സഹായിക്കുന്നത്‌ എന്ത്‌?

8 വിവിധ പരിശോധനകൾ ഉണ്ടാകുമ്പോൾ ഒരു ക്രിയാത്മക മനോഭാവം പുലർത്താൻ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിക്കുന്നു. അവൻ ഇങ്ങനെ പറയുന്നു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].” (മത്തായി 5:11) അത്തരം സാഹചര്യങ്ങളിൽ സന്തുഷ്ടരായിരിക്കാൻ നമുക്ക്‌ എന്തു കാരണമാണുള്ളത്‌? എതിർപ്പിനെ ചെറുത്തുനിൽക്കാനുള്ള നമ്മുടെ പ്രാപ്‌തി യഹോവയുടെ ആത്മാവ്‌ നമ്മുടെമേൽ ഉണ്ട്‌ എന്നതിന്റെ തെളിവാണ്‌. തന്റെ നാളിലെ സഹക്രിസ്‌ത്യാനികളോട്‌ പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “ക്രിസ്‌തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW]; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.” (1 പത്രൊസ്‌ 4:13, 14) സഹിച്ചുനിൽക്കാനും അതുവഴി നമ്മുടെ സന്തോഷം നിലനിറുത്താനും തന്റെ ആത്മാവു മുഖാന്തരം യഹോവ നമ്മെ സഹായിക്കും.

9. വിശ്വാസത്തെപ്രതി ജയിലിൽ ആയിരുന്നപ്പോൾ സന്തോഷം കണ്ടെത്താൻ ചില സഹോദരന്മാരെ സഹായിച്ചത്‌ എന്ത്‌?

9 ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ പോലും സന്തോഷിക്കാനുള്ള കാരണങ്ങൾ നമുക്കു കണ്ടെത്താനാകും. അതു സത്യമാണെന്ന്‌ ഒരു ക്രിസ്‌ത്യാനിയായ അഡോൾഫ്‌ മനസ്സിലാക്കി. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം അനേകം വർഷങ്ങളായി നിരോധിക്കപ്പെട്ടിരുന്ന ഒരു രാജ്യത്താണ്‌ അദ്ദേഹം താമസിക്കുന്നത്‌. ബൈബിളധിഷ്‌ഠിത വിശ്വാസങ്ങൾ ത്യജിക്കാൻ വിസമ്മതിച്ചതു നിമിത്തം അധികാരികൾ അഡോൾഫിനെയും നിരവധി സുഹൃത്തുക്കളെയും അറസ്റ്റു ചെയ്‌ത്‌ ദീർഘകാല ജയിൽ ശിക്ഷയ്‌ക്കു വിധിച്ചു. ജയിൽ ജീവിതം കഠിനമായിരുന്നു. എന്നിരുന്നാലും പൗലൊസിനെയും ശീലാസിനെയും പോലെ ദൈവത്തെ സ്‌തുതിക്കാനുള്ള കാരണങ്ങൾ അഡോൾഫും സുഹൃത്തുക്കളും കണ്ടെത്തി. വിശ്വാസം വർധിപ്പിക്കാനും ഉദാരമനസ്‌കത, സമാനുഭാവം, സഹോദരപ്രീതി തുടങ്ങിയ വിലയേറിയ ക്രിസ്‌തീയ ഗുണങ്ങൾ വളർത്തിയെടുക്കാനും ജയിലിലെ അനുഭവങ്ങൾ തങ്ങളെ സഹായിച്ചതായി അവർ പറഞ്ഞു. ദൃഷ്ടാന്തത്തിന്‌, ഒരു തടവുകാരന്‌ വീട്ടിൽനിന്ന്‌ ഒരു പൊതിക്കെട്ട്‌ കിട്ടിയപ്പോൾ അദ്ദേഹം അതു സഹവിശ്വാസികളുമായി പങ്കുവെച്ചു. ഈ പ്രത്യേക കരുതലുകൾ ‘എല്ലാ നല്ല ദാനങ്ങളുടെയും തികഞ്ഞ വരങ്ങളുടെയും’ ആത്യന്തിക ഉറവായ യഹോവയിൽ നിന്നുള്ളതായി അവർ വീക്ഷിച്ചു. അത്തരം ദയാപ്രവൃത്തികൾ ദാതാവിനും സ്വീകർത്താക്കൾക്കും സന്തോഷം കൈവരുത്തി. അങ്ങനെ അവരുടെ വിശ്വാസത്തെ തകർക്കാൻ അവർക്കു നൽകിയ ശിക്ഷതന്നെ അവരെ ആത്മീയമായി കൂടുതൽ ബലിഷ്‌ഠരാക്കുന്ന ഒന്നായി മാറി!​—⁠യാക്കോബ്‌ 1:17; പ്രവൃത്തികൾ 20:⁠35.

10, 11. തുടർച്ചയായ ചോദ്യം ചെയ്യലിനെയും തുടർന്നുള്ള ദീർഘകാല ജയിൽ ശിക്ഷയെയും ഒരു സഹോദരി നേരിട്ടത്‌ എങ്ങനെ?

10 ദീർഘകാലമായി രാജ്യവേല നിരോധിക്കപ്പെട്ടിരുന്ന മറ്റൊരു രാജ്യത്തു താമസിക്കുന്ന എല്ലയെ തന്റെ ക്രിസ്‌തീയ പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെച്ചതിന്റെ പേരിൽ പോലീസ്‌ അറസ്റ്റു ചെയ്യുകയുണ്ടായി. എട്ടുമാസം അധികാരികൾ അവളെ കഠിനമായ ചോദ്യം ചെയ്യലിനു വിധേയയാക്കി. ഒടുവിൽ വിചാരണ ചെയ്‌തപ്പോഴാകട്ടെ അവൾക്കു പത്തു വർഷത്തെ തടവു ശിക്ഷ വിധിച്ചു. അവളെ പാർപ്പിച്ചിരുന്ന ജയിലിൽ യഹോവയുടെ ആരാധകരായി മറ്റാരും ഉണ്ടായിരുന്നില്ല. അന്ന്‌ അവൾക്ക്‌ വെറും 24 വയസ്സേ ഉണ്ടായിരുന്നുള്ളുതാനും.

11 തന്റെ യൗവനകാലം മുഴുവനും ജയിലറയിൽ കഴിയാൻ അവൾ തീർച്ചയായും ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, തന്റെ സാഹചര്യത്തിനു മാറ്റം വരുത്താൻ കഴിയാത്തതിനാൽ ചിന്താഗതിക്കു മാറ്റം വരുത്താൻ അവൾ തീരുമാനിച്ചു. അങ്ങനെ അവൾ ജയിലിനെ തന്റെ വ്യക്തിഗത സാക്ഷീകരണ പ്രദേശമായി വീക്ഷിക്കാൻ തുടങ്ങി. “വളരെയേറെ പ്രസംഗവേല ചെയ്യാൻ ഉണ്ടായിരുന്നതിനാൽ വർഷങ്ങൾ കടന്നുപോയത്‌ അറിഞ്ഞില്ല,” അവൾ പറയുന്നു. അഞ്ചു വർഷം കഴിഞ്ഞപ്പോൾ അധികാരികൾ എല്ലയെ വീണ്ടും ചോദ്യം ചെയ്‌തു. ജയിലഴികൾ അവളുടെ വിശ്വാസത്തെ തകർത്തിട്ടില്ലെന്നു തിരിച്ചറിഞ്ഞ അവർ അവളോട്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്ക്‌ നിന്നെ മോചിപ്പിക്കാൻ കഴിയില്ല; കാരണം നിനക്കു മാറ്റംവന്നിട്ടില്ല.” “എനിക്ക്‌ മാറ്റംവന്നിട്ടുണ്ട്‌!” എന്നായിരുന്നു എല്ലയുടെ ഉറച്ച മറുപടി. “ജയിലിൽ വന്നപ്പോഴത്തെക്കാൾ മെച്ചപ്പെട്ട ഒരു മനോഭാവം ഇന്ന്‌ എനിക്കുണ്ട്‌, എന്റെ വിശ്വാസമാണെങ്കിൽ മുമ്പെന്നത്തെക്കാളും ഏറെ ശക്തവുമാണ്‌!” എന്നിട്ട്‌ അവൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നെ മോചിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, എന്നെ മോചിപ്പിക്കണമെന്ന്‌ യഹോവയ്‌ക്കു തോന്നുന്നിടത്തോളം കാലം ഞാൻ ഇവിടെ കഴിയും.” അഞ്ചര വർഷത്തെ ജയിൽവാസം എല്ലയുടെ സന്തോഷം കവർന്നു കളഞ്ഞിരുന്നില്ല! താൻ എത്തിപ്പെടുന്ന ഏതൊരു സാഹചര്യത്തിലും സംതൃപ്‌ത ആയിരിക്കാൻ അവൾ പഠിച്ചു. അവളുടെ ദൃഷ്ടാന്തത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തെങ്കിലും പഠിക്കാനാകുമോ?​—⁠എബ്രായർ 13:⁠5.

12. പ്രയാസ സാഹചര്യങ്ങളിൽ ഒരു ക്രിസ്‌ത്യാനിക്ക്‌ മനസ്സമാധാനം കൈവരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

12 അത്തരം വെല്ലുവിളികളെ നേരിടാൻ പ്രാപ്‌തയാക്കുന്ന എന്തെങ്കിലും അസാധാരണ കഴിവ്‌ എല്ലയ്‌ക്ക്‌ ഉണ്ടെന്നു നിഗമനം ചെയ്യരുത്‌. ശിക്ഷ ലഭിക്കുന്നതിനു മുമ്പുള്ള മാസങ്ങളിലെ ചോദ്യം ചെയ്യലിന്റെ നാളുകളെ പരാമർശിച്ചുകൊണ്ട്‌ എല്ല ഇങ്ങനെ പറയുന്നു: “എന്റെ പല്ലുകൾ കൂട്ടിയിടിച്ചിരുന്നത്‌ ഞാൻ ഓർമിക്കുന്നു. പേടിച്ചരണ്ട ഒരു കുരുവിയെപ്പോലെ ആയിരുന്നു ഞാൻ.” എന്നിരുന്നാലും, എല്ലയ്‌ക്ക്‌ യഹോവയിൽ ശക്തമായ വിശ്വാസമുണ്ട്‌. അവനിൽ ആശ്രയം വെക്കാൻ അവൾ പഠിച്ചിരിക്കുന്നു. (സദൃശവാക്യങ്ങൾ 3:5-7) തത്‌ഫലമായി ദൈവം മുമ്പെന്നത്തേതിലും അധികമായി അവൾക്ക്‌ ഒരു യാഥാർഥ്യമാണ്‌. അവൾ ഇങ്ങനെ വിശദീകരിക്കുന്നു: “ചോദ്യം ചെയ്യലിനുള്ള മുറിയിൽ പ്രവേശിച്ച ഓരോ തവണയും സമാധാനം എന്റെ മേൽ വരുന്നതായി എനിക്കു തോന്നിയിരുന്നു. . . . സാഹചര്യം ഭീതിദമാകുന്തോറും അതിന്റെ ആഴവും വർധിച്ചിരുന്നു.” യഹോവയായിരുന്നു ആ സമാധാനത്തിന്റെ ഉറവ്‌. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ വിശദീകരിക്കുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.”​—⁠ഫിലിപ്പിയർ 4:6, 7.

13. പീഡനം ഉണ്ടായാൽ അതു സഹിച്ചുനിൽക്കാനുള്ള ശക്തി നമുക്ക്‌ ഉണ്ടായിരിക്കുമെന്നതിന്‌ എന്ത്‌ ഉറപ്പാണുള്ളത്‌?

13 തുടർന്ന്‌ ജയിൽ മോചിതയായ എല്ല കഷ്ടപ്പാടുകളുടെ മധ്യേയും തന്റെ സന്തോഷം നിലനിറുത്തി. അവൾ അതു ചെയ്‌തത്‌ സ്വന്തം ശക്തിയാലല്ല, മറിച്ച്‌ യഹോവ അവൾക്കു നൽകിയ ശക്തിയാലാണ്‌. പൗലൊസ്‌ അപ്പൊസ്‌തലന്റെ കാര്യത്തിലും അതുതന്നെ സത്യമായിരുന്നു. അവൻ ഇങ്ങനെ എഴുതി: “ആകയാൽ ക്രിസ്‌തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. . . . ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.”​—⁠2 കൊരിന്ത്യർ 12:9, 10.

14. ഒരു ക്രിസ്‌ത്യാനിക്ക്‌ പ്രയാസകരമായ ഒരു സാഹചര്യത്തെ കുറിച്ച്‌ ഒരു ക്രിയാത്മകമായ വീക്ഷണം ഉണ്ടായിരിക്കാൻ കഴിയുന്നത്‌ എങ്ങനെയെന്നും അതിന്റെ ഫലം എന്തായിരുന്നേക്കാമെന്നും ദൃഷ്ടാന്തീകരിക്കുക.

14 ഇപ്പോൾ നിങ്ങൾക്കുള്ള വ്യക്തിപരമായ സമ്മർദങ്ങൾ നാം ഇവിടെ പരിചിന്തിച്ചവയിൽനിന്ന്‌ കുറെയൊക്കെ വ്യത്യസ്‌തമായിരിക്കാം. എന്നാൽ, സമ്മർദങ്ങൾ ഏതുതരത്തിലുള്ളവ ആയിരുന്നാലും അവ സഹിച്ചുനിൽക്കാൻ ബുദ്ധിമുട്ടുണ്ട്‌. ദൃഷ്ടാന്തത്തിന്‌, നിങ്ങളുടെ തൊഴിലുടമ നിങ്ങളുടെ ജോലിയെ വളരെ രൂക്ഷമായി വിമർശിച്ചേക്കാം. എന്നാൽ മറ്റു മതവിശ്വാസങ്ങളിലുള്ള ജോലിക്കാരുടെ കാര്യത്തിൽ അദ്ദേഹം അത്രത്തോളം കടുത്ത വിമർശനം നടത്തുന്നില്ലായിരിക്കാം. മറ്റൊരു തൊഴിൽ കണ്ടെത്താൻ നിങ്ങൾക്കു സാധിക്കുന്നുമില്ലായിരിക്കാം. അപ്പോൾ നിങ്ങൾക്ക്‌ എങ്ങനെയാണ്‌ സന്തോഷം നിലനിറുത്താൻ കഴിയുക? ജയിൽ അനുഭവങ്ങൾ മർമപ്രധാനമായ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിച്ച അഡോൾഫിന്റെയും സുഹൃത്തുക്കളുടെയും കാര്യം ഓർമിക്കുക. നിങ്ങളുടെ തൊഴിലുടമയെ​—⁠“തൃപ്‌തിപ്പെടുത്താൻ ബുദ്ധിമുട്ടുള്ള” ഒരുവനെപ്പോലും​—⁠തൃപ്‌തിപ്പെടുത്താൻ നിങ്ങൾ ആത്മാർഥമായ ഒരു ശ്രമം നടത്തുന്നപക്ഷം നിങ്ങളും സഹിഷ്‌ണുതയും ദീർഘക്ഷമയും പോലുള്ള ക്രിസ്‌തീയ ഗുണങ്ങൾ വളർത്തിയെടുക്കും. (1 പത്രൊസ്‌ 2:​18, NW) തന്നെയുമല്ല, ഒരു തൊഴിലാളി എന്ന നിലയിൽ നിങ്ങൾ വളരെ വിലപ്പെട്ടവനായിത്തീർന്നേക്കാം. പിൽക്കാലത്ത്‌ ഏറെ സംതൃപ്‌തികരമായ ഒരു ജോലി കിട്ടാനുള്ള നിങ്ങളുടെ സാധ്യതകൾ വർധിക്കുകയും ചെയ്‌തേക്കാം. യഹോവയുടെ സേവനത്തിൽ നമുക്കു സന്തോഷം നിലനിറുത്താൻ കഴിയുന്ന മറ്റു ചില മാർഗങ്ങൾ നമുക്കിപ്പോൾ ചർച്ച ചെയ്യാം.

ലളിതമാക്കൽ സന്തോഷത്തിലേക്കു നയിക്കുന്നു

15-17. സമ്മർദത്തിന്റെ ഉറവിടം പൂർണമായും നീക്കം ചെയ്യാനാവില്ലെങ്കിലും, എന്തിന്‌ സമ്മർദം കുറയ്‌ക്കാനാകുമെന്ന്‌ ഒരു ദമ്പതികൾ മനസ്സിലാക്കി?

15 നിങ്ങൾ ചെയ്യുന്ന ലൗകിക ജോലിയുടെയോ ജോലിസ്ഥലത്തിന്റെയോ കാര്യത്തിൽ ഇഷ്ടാനുസൃതം ഒരു തിരഞ്ഞെടുപ്പു നടത്താനുള്ള അവസരം നിങ്ങൾക്ക്‌ ഇല്ലായിരിക്കാം. എന്നാൽ നിങ്ങൾക്ക്‌ കുറച്ചൊക്കെ നിയന്ത്രണം ചെലുത്താൻ കഴിയുന്ന ജീവിതത്തിന്റെ മറ്റു ചില വശങ്ങൾ ഉണ്ടായിരുന്നേക്കാം. പിൻവരുന്ന ദൃഷ്ടാന്തം പരിചിന്തിക്കുക.

16 ഒരു ക്രിസ്‌തീയ ദമ്പതികൾ ഒരു മൂപ്പനെ തങ്ങളുടെ വീട്ടിലേക്കു ഭക്ഷണത്തിന്‌ ക്ഷണിച്ചു. അടുത്തയിടെയായി ജീവിത സമ്മർദങ്ങൾ തങ്ങളെ വല്ലാതെ ഭാരപ്പെടുത്തുന്നുവെന്ന്‌ അന്നു വൈകുന്നേരം അവർ ആ മൂപ്പനോടു പറഞ്ഞു. അവരുടേത്‌ ആയാസകരമായ ഒരു മുഴുസമയ ജോലി ആയിരുന്നെങ്കിലും മറ്റൊരു ജോലി അന്വേഷിക്കാൻ പറ്റിയ നിലയിൽ ആയിരുന്നില്ല അവർ. എത്രകാലം ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയുമെന്ന്‌ അവർ ആകുലപ്പെട്ടു.

17 ഉപദേശം ആരാഞ്ഞപ്പോൾ ആ മൂപ്പന്റെ മറുപടി ഇതായിരുന്നു, “ജീവിതം ലളിതമാക്കുക.” എങ്ങനെ? ജോലി സ്ഥലത്തേക്കും തിരിച്ചും ഉള്ള യാത്രയ്‌ക്കായി അവർ ഇരുവരും ദിവസവും മൂന്നു മണിക്കൂർവരെ ചെലവഴിച്ചിരുന്നു. ആയതിനാൽ യാത്രാ സമയം കുറയ്‌ക്കാനായി ജോലിസ്ഥലത്തിന്‌ അടുത്തേക്കു താമസം മാറുന്ന കാര്യം പരിചിന്തിക്കാൻ പ്രസ്‌തുത ദമ്പതികളെ അടുത്ത്‌ അറിയാമായിരുന്ന ആ മൂപ്പൻ നിർദേശിച്ചു. അങ്ങനെ ലാഭിക്കുന്ന സമയം മറ്റു പ്രധാന കാര്യങ്ങൾക്കോ വിശ്രമത്തിനോ ചെലവഴിക്കാൻ കഴിയുമായിരുന്നു. ജീവിത സമ്മർദങ്ങൾ നിങ്ങളുടെ സന്തോഷം കുറെയൊക്കെ കവർന്നു കളയുന്നെങ്കിൽ സാഹചര്യത്തിന്‌ ഒരു പരിഹാരമുണ്ടാക്കാൻ സഹായിക്കുന്ന ചില പൊരുത്തപ്പെടുത്തലുകൾ വരുത്താൻ കഴിയുമോയെന്ന്‌ പരിശോധിക്കരുതോ?

18. ശ്രദ്ധാപൂർവം ചിന്തിച്ച്‌ തീരുമാനങ്ങൾ എടുക്കുന്നത്‌ മർമപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 ശ്രദ്ധാപൂർവം ചിന്തിച്ച്‌ തീരുമാനങ്ങൾ എടുക്കുന്നതാണ്‌ സമ്മർദം കുറയ്‌ക്കാനുള്ള മറ്റൊരു മാർഗം. ദൃഷ്ടാന്തത്തിന്‌, ഒരു ക്രിസ്‌ത്യാനി ഒരു വീടു പണിയാൻ തീരുമാനിച്ചു. മുമ്പ്‌ ഒരിക്കലും ഒരു വീടു പണിതിട്ടില്ലാഞ്ഞ അദ്ദേഹം വളരെ സങ്കീർണമായ ഒരു ഡിസൈനാണ്‌ തിരഞ്ഞെടുത്തത്‌. വീടിന്റെ ഡിസൈൻ തിരഞ്ഞെടുക്കുന്നതിനു മുമ്പ്‌ ‘തന്റെ ചുവടുകൾക്ക്‌ ശ്രദ്ധ നൽകി’യിരുന്നെങ്കിൽ അനാവശ്യമായ പല പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നെന്ന്‌ അദ്ദേഹം ഇപ്പോൾ തിരിച്ചറിയുന്നു. (സദൃശവാക്യങ്ങൾ 14:​15, NW) ഒരു സഹവിശ്വാസിക്കായി ഒരു വായ്‌പയ്‌ക്കു ജാമ്യം നിൽക്കാൻ മറ്റൊരു ക്രിസ്‌ത്യാനി സമ്മതിച്ചു. വായ്‌പ വാങ്ങിയ വ്യക്തിക്ക്‌ അതു തിരിച്ചടയ്‌ക്കാൻ കഴിയുന്നില്ലെങ്കിൽ, ഉടമ്പടി അനുസരിച്ച്‌ ജാമ്യക്കാരൻ അത്‌ അടച്ചു തീർക്കണമായിരുന്നു. ആദ്യമൊക്കെ കാര്യങ്ങൾ ഭംഗിയായി നടന്നു. എന്നാൽ കാലക്രമേണ, വായ്‌പ വാങ്ങിയ വ്യക്തി അതു തിരിച്ചടയ്‌ക്കാതെയായി. അപ്പോൾ, ജാമ്യക്കാരൻ വായ്‌പ മുഴുവൻ തിരിച്ചടയ്‌ക്കണമെന്ന്‌ വായ്‌പ നൽകിയ ആൾ ആവശ്യപ്പെട്ടു. ജാമ്യക്കാരന്‌ അതു വളരെയേറെ സമ്മർദം ഉളവാക്കി. വായ്‌പയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സമ്മതിക്കുന്നതിനു മുമ്പ്‌ അദ്ദേഹം എല്ലാ വിശദാംശങ്ങൾക്കും സൂക്ഷ്‌മ ശ്രദ്ധ നൽകിയിരുന്നെങ്കിൽ സമ്മർദം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ?​—⁠സദൃശവാക്യങ്ങൾ 17:⁠18.

19. ജീവിത സമ്മർദങ്ങൾ കുറയ്‌ക്കാൻ കഴിയുന്ന ചില മാർഗങ്ങൾ ഏവ?

19 നാം ക്ഷീണിതരാകുമ്പോൾ, വ്യക്തിപരമായ ബൈബിൾ പഠനവും വയൽസേവനവും യോഗഹാജരും കുറച്ചുകൊണ്ട്‌ നമ്മുടെമേലുള്ള സമ്മർദം കുറയ്‌ക്കാനും സന്തോഷം വീണ്ടെടുക്കാനും കഴിയുമെന്ന്‌ ഒരിക്കലും നിഗമനം ചെയ്യരുത്‌. എന്തെന്നാൽ യഹോവയുടെ പരിശുദ്ധാത്മാവ്‌ ലഭിക്കാനുള്ള മർമപ്രധാന മാർഗങ്ങളാണ്‌ അവ. പരിശുദ്ധാത്മാവിന്റെ ഫലങ്ങളിൽ ഒന്നാണ്‌ സന്തോഷം എന്നതു മറക്കാതിരിക്കുക. (ഗലാത്യർ 5:22) ക്രിസ്‌തീയ പ്രവർത്തനങ്ങൾ എല്ലായ്‌പോഴും നവോന്മേഷദായകവും സാധാരണഗതിയിൽ അത്യധികമായി ക്ഷീണിപ്പിക്കാത്തവയുമാണ്‌. (മത്തായി 11:28-30) നമുക്കു ക്ഷീണം ഉളവാക്കുന്നത്‌ ഒട്ടുമിക്കപ്പോഴും ലൗകിക-വിനോദ പ്രവർത്തനങ്ങളാണ്‌, ആത്മീയ പ്രവർത്തനങ്ങളല്ല. ന്യായമായും വേണ്ടത്ര നേരത്തേ ഉറങ്ങാൻ പഠിക്കുന്നത്‌ ഉന്മേഷം വീണ്ടെടുക്കാൻ നമ്മെ സഹായിച്ചേക്കും. അൽപ്പം കൂടുതൽ വിശ്രമിക്കുന്നത്‌ വളരെ പ്രയോജനം ചെയ്‌തേക്കാം. തന്റെ മരണംവരെ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായി സേവിച്ച എൻ. എച്ച്‌. നോർ മിഷനറിമാരോട്‌ ഇങ്ങനെ പറയുമായിരുന്നു: “നിങ്ങൾക്കു നിരുത്സാഹം തോന്നുമ്പോൾ ചെയ്യേണ്ട ഒന്നാമത്തെ സംഗതി അൽപ്പം വിശ്രമിക്കുകയാണ്‌. രാത്രിയിൽ സുഖമായൊന്ന്‌ ഉറങ്ങുന്നതോടെ മിക്ക പ്രശ്‌നങ്ങളും അനായാസം പരിഹരിക്കാനാകുന്നതായി തോന്നുന്നു എന്നത്‌ നിങ്ങളെ അതിശയിപ്പിച്ചേക്കാം!”

20. (എ) നമുക്കു സന്തോഷം നിലനിറുത്താൻ കഴിയുന്ന ചില മാർഗങ്ങൾ ചുരുക്കിപ്പറയുക. (ബി) സന്തോഷമുള്ളവരായിരിക്കുന്നതിനുള്ള ഏതെല്ലാം കാരണങ്ങളെ കുറിച്ച്‌ നിങ്ങൾക്കു ചിന്തിക്കാനാകും? (17-ാം പേജിലെ ചതുരം കാണുക.)

20 ക്രിസ്‌ത്യാനികൾക്ക്‌ ‘സന്തുഷ്ടനായ ദൈവത്തെ’ സേവിക്കുകയെന്ന പദവിയുണ്ട്‌. (1 തിമൊഥെയൊസ്‌ 1:​11, NW) നാം കണ്ടുകഴിഞ്ഞതുപോലെ, ഗുരുതരമായ പ്രശ്‌നങ്ങൾ ബാധിക്കുമ്പോൾ പോലും നമുക്ക്‌ സന്തോഷം നിലനിറുത്താൻ കഴിയും. നമുക്ക്‌ രാജ്യപ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. അതുപോലെ ആവശ്യമായി വരുമ്പോൾ നമ്മുടെ വീക്ഷണങ്ങൾക്ക്‌ ക്രമപ്പെടുത്തലുകൾ വരുത്തുകയും ജീവിതം ലളിതമായി സൂക്ഷിക്കുകയും ചെയ്യാം. അങ്ങനെയാകുമ്പോൾ നാം ഏതു സാഹചര്യങ്ങളിൽ ആയിരുന്നാലും, പൗലൊസ്‌ അപ്പൊസ്‌തലന്റെ പിൻവരുന്ന വാക്കുകളോട്‌ നാം അനുകൂലമായി പ്രതികരിക്കും: “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.”​—⁠ഫിലിപ്പിയർ 4:⁠4.

ഈ ചോദ്യങ്ങൾ ശ്രദ്ധാപൂർവം പരിചിന്തിക്കുക:

• ക്രിസ്‌ത്യാനികൾ രാജ്യപ്രത്യാശയിൽ അടുത്ത ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• പ്രയാസ സാഹചര്യങ്ങളിൽ സന്തോഷം നിലനിറുത്താൻ നമ്മെ എന്തു സഹായിക്കും?

• ജീവിതം ലളിതമാക്കാൻ നാം ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ഏതു മണ്ഡലങ്ങളിൽ ചിലർ തങ്ങളുടെ ജീവിതം ലളിതമാക്കിയിരിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

സന്തോഷമുള്ളവരായിരിക്കുന്നതിനുള്ള കൂടുതലായ കാരണങ്ങൾ

ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നമുക്കു സന്തോഷിക്കാൻ അനേക കാരണങ്ങളുണ്ട്‌. പിൻവരുന്നവ പരിചിന്തിക്കുക:

1. നമുക്ക്‌ യഹോവയെ അറിയാം.

2. ദൈവവചനത്തിലെ സത്യം നാം പഠിച്ചിരിക്കുന്നു.

3. യേശുവിന്റെ ബലിയിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ പാപങ്ങളുടെ ക്ഷമ സാധ്യമാണ്‌.

4. ദൈവരാജ്യം ഭരിക്കുന്നു​—⁠പുതിയലോകം പെട്ടെന്നുതന്നെ ഭൂമിയിൽ ആഗതമാകും!

5. യഹോവ നമ്മെ ഒരു ആത്മീയ പറുദീസയിൽ ആക്കിവെച്ചിരിക്കുന്നു.

6. നാം ആരോഗ്യാവഹമായ ക്രിസ്‌തീയ സഹവാസം ആസ്വദിക്കുന്നു.

7. പ്രസംഗ വേലയിൽ പങ്കുപറ്റുകയെന്ന പദവി നമുക്കുണ്ട്‌.

8. നാം ജീവിച്ചിരിക്കുന്നു, നമുക്ക്‌ ഒരു അളവുവരെ ആരോഗ്യവും കഴിവുകളുമുണ്ട്‌.

സന്തോഷിക്കാനുള്ള മറ്റ്‌ എത്ര കാരണങ്ങൾ കൂടെ നിങ്ങൾക്കു പരാമർശിക്കാനാകും?

[13-ാം പേജിലെ ചിത്രം]

പൗലൊസും ശീലാസും തടവിൽ ആയിരുന്നപ്പോൾ പോലും സന്തോഷമുള്ളവരായിരുന്നു

[15-ാം പേജിലെ ചിത്രങ്ങൾ]

നിങ്ങൾ ദൈവത്തിന്റെ പുതിയ ലോകത്തെ കുറിച്ചുള്ള സന്തോഷകരമായ പ്രതീക്ഷകളിൽ ദൃഷ്ടി കേന്ദ്രീകരിച്ചിരിക്കുന്നുവോ?