വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോവ എനിക്കു വളരെയധികം നന്മ ചെയ്‌തിരിക്കുന്നു!”

“യഹോവ എനിക്കു വളരെയധികം നന്മ ചെയ്‌തിരിക്കുന്നു!”

“യഹോവ എനിക്കു വളരെയധികം നന്മ ചെയ്‌തിരിക്കുന്നു!”

ആയിരത്തിത്തൊള്ളായിരത്തെൺപത്തഞ്ച്‌ മാർച്ചിലെ സന്തോഷകരമായ ഒരു സായാഹ്നം. യഹോവയുടെ സാക്ഷികളുടെ ഹെഡ്‌ക്വാർട്ടേഴ്‌സിലുള്ള (ന്യൂയോർക്ക്‌, യു.എ⁠സ്‌.എ.) എഴുത്തു വിഭാഗത്തിലെ സഹോദരങ്ങൾ ഒരു അവിസ്‌മരണീയ സംഭവത്തിനു സാക്ഷ്യം വഹിച്ചു. കാൾ എഫ്‌. ക്ലൈൻ സഹോദരൻ മുഴുസമയ ശുശ്രൂഷയിൽ 60 വർഷം പൂർത്തിയാക്കിയ ദിവസമായിരുന്നു അത്‌. “യഹോവ എനിക്കു വളരെയധികം നന്മ ചെയ്‌തിരിക്കുന്നു” എന്ന്‌ ആവേശഭരിതനായി കാൾ സഹോദരൻ പറഞ്ഞു. തന്റെ ഇഷ്ടപ്പെട്ട ഒരു ബൈബിൾ വാക്യമാണ്‌ സങ്കീർത്തനം 37:4 എന്ന്‌ അദ്ദേഹം പറയുകയുണ്ടായി. തുടർന്ന്‌ അദ്ദേഹം ചെലോയിൽ (ഒരു സംഗീതോപകരണം) ഒരു സംഗീത വിരുന്നൊരുക്കി കൂടിവന്ന എല്ലാവരെയും ആഹ്ലാദഭരിതരാക്കി.

തുടർന്നുള്ള 15 വർഷക്കാലം കാൾ സഹോദരൻ എഴുത്തു വിഭാഗത്തിലെ ഒരു അംഗം എന്ന നിലയിലും യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗം എന്ന നിലയിലും തന്റെ സേവനം തുടർന്നു. 2001 ജനുവരി 3-ന്‌, 95-ാമത്തെ വയസ്സിൽ, കാൾ ക്ലൈൻ തന്റെ വിശ്വസ്‌ത ഭൗമികജീവിതം പൂർത്തിയാക്കി.

കാൾ ജനിച്ചത്‌ ജർമനിയിലാണ്‌. തുടർന്ന്‌ അദ്ദേഹത്തിന്റെ കുടുംബം ഐക്യനാടുകളിലേക്കു താമസം മാറിയതിനാൽ ഇല്ലിനോയിസിലെ ഷിക്കാഗോയുടെ പ്രാന്തപ്രദേശങ്ങളിലാണ്‌ അദ്ദേഹം വളർന്നുവന്നത്‌. വളരെ ചെറുപ്പത്തിലേതന്നെ കാളും അദ്ദേഹത്തിന്റെ ഇളയ സഹോദരൻ റ്റെഡും ബൈബിളിൽ ആഴമായ താത്‌പര്യം ഉള്ളവരായിത്തീർന്നു. 1918-ൽ കാൾ സ്‌നാപനമേറ്റു. 1922-ൽ, ബൈബിൾ വിദ്യാർഥികളുടെ ഒരു കൺവെൻഷനിൽ കേട്ട പ്രചോദനാത്മകമായ ചില കാര്യങ്ങൾ അദ്ദേഹത്തിൽ വയൽശുശ്രൂഷയോട്‌ ആജീവനാന്ത പ്രിയം വളരാൻ ഇടയാക്കി. വയൽസേവനത്തിൽ പങ്കെടുക്കാതെ ഒരു ആഴ്‌ചപോലും കടന്നുപോകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ജീവിതത്തിന്റെ അവസാന ആഴ്‌ചകളിൽപ്പോലും അദ്ദേഹം അങ്ങനെ ചെയ്യുന്നതിൽ തുടർന്നു.

കാൾ 1925-ൽ ഹെഡ്‌ക്വാർട്ടേഴ്‌സിലെ ഒരു അംഗമായിത്തീർന്നു. ആദ്യം അദ്ദേഹം അച്ചടിശാലയിലാണു ജോലി ചെയ്‌തത്‌. അദ്ദേഹത്തിനു സംഗീതത്തോട്‌ ഒരു പ്രത്യേക കമ്പമുണ്ടായിരുന്നു. സൊസൈറ്റിയുടെ റേഡിയോ നിലയത്തിലെ ഓർക്കെസ്‌ട്ര ഗ്രൂപ്പിൽ ചെലോ വായിച്ചുകൊണ്ട്‌ അദ്ദേഹം ഏതാനും വർഷങ്ങൾ ചെലവഴിച്ചു. അതിനുശേഷം അദ്ദേഹം സേവന വിഭാഗത്തിൽ ജോലി ചെയ്‌തു. ആ വിഭാഗത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ടി. ജെ. സളിവിയനുമായി അദ്ദേഹം നല്ലൊരു ബന്ധം ആസ്വദിച്ചിരുന്നു. ഇതിനിടെ, റ്റെഡ്‌ വിവാഹിതനാകുകയും ഭാര്യ ഡോറിസിനോടൊപ്പം പോർട്ടറിക്കോയിൽ മിഷനറി സേവനം ഏറ്റെടുക്കുകയും ചെയ്‌തു.

കാൽ നൂറ്റാണ്ടോളം കാൾ ക്ലൈൻ എഴുത്തു വിഭാഗത്തിൽ സേവനം ചെയ്‌തു. ഗവേഷണം നടത്തുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. കൂടാതെ ബൈബിളിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ ആഴമായ അറിവുമുണ്ടായിരുന്നു. അതുകൊണ്ട്‌ ആ ഡിപ്പാർട്ടുമെന്റിനു വേണ്ടി ഗണ്യമായ സംഭാവന ചെയ്യുന്നതിന്‌ അദ്ദേഹത്തിനു സാധിച്ചു. ബൊളീവിയയിൽ സേവിച്ചിരുന്ന ഒരു ജർമൻ മിഷനറിയായ മാർഗാരേറ്റയെ 1963-ൽ കാൾ വിവാഹം കഴിച്ചു. ഭാര്യയുടെ സ്‌നേഹപുരസ്സരമായ പിന്തുണ ഉണ്ടായിരുന്നതുകൊണ്ട്‌​—⁠വിശേഷിച്ചും ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടപ്പോൾ​—⁠അദ്ദേഹത്തിന്‌ മിക്ക ആളുകളും റിട്ടയർ ചെയ്യുന്ന പ്രായം കഴിഞ്ഞും വളരെ നാളുകൾ കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിച്ചു. കാളിന്റെ നൈസർഗികമായ നിഷ്‌കപടതയിൽ ഒരു സംഗീതജ്ഞന്റെ ഉത്സാഹം അലിഞ്ഞു ചേർന്നപ്പോൾ കൺവെൻഷനുകളിലെയും സഭകളിലെയും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അവിസ്‌മരണീയമായി. തന്റെ മരണത്തിന്‌ ഏതാനും നാളുകൾക്കു മുമ്പ്‌ അദ്ദേഹം പ്രഭാത ആരാധനയിൽ ആധ്യക്ഷ്യം വഹിച്ചത്‌ ന്യൂയോർക്കിലെ ബെഥേൽ കുടുംബത്തിൽ കൂടിവന്ന എല്ലാവർക്കും പ്രയോജനവും ആഹ്ലാദവും പ്രദാനം ചെയ്‌തു.

വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) ക്രമമായി വായിക്കുന്ന മിക്കവരും 1984 ഒക്‌ടോബർ 1 ലക്കത്തിൽ കാൾ സഹോദരന്റെ ജീവിത കഥ വായിച്ചത്‌ ഓർമിക്കുന്നുണ്ടാവും. അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ ആകർഷകമായ ആ കഥ വായിക്കുന്നത്‌, അല്ലെങ്കിൽ വീണ്ടും വായിക്കുന്നത്‌ നിങ്ങൾ ആസ്വദിക്കും. അത്‌ വായിക്കുമ്പോൾ അതിന്റെ എഴുത്തുകാരൻ പിന്നീടൊരു പതിനഞ്ചു വർഷം കൂടെ ഒരു സമർപ്പിത ക്രിസ്‌ത്യാനിയെന്ന നിലയിൽ വിശ്വസ്‌തതയോടെ തന്റെ സേവനം തുടർന്നു എന്നത്‌ മനസ്സിൽ പിടിക്കുക.

കർത്താവിന്റെ അഭിഷിക്തരിൽ ഒരുവൻ എന്ന നിലയിൽ, ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ വാഴ്‌ച നടത്താൻ ക്ലൈൻ സഹോദരൻ മുഴുഹൃദയാ ആഗ്രഹിച്ചിരുന്നു. യഹോവ ഇപ്പോൾ അദ്ദേഹത്തിന്റെ ആ ആഗ്രഹം സാക്ഷാത്‌കരിച്ചു എന്നു വിശ്വസിക്കുന്നതിന്‌ നമുക്ക്‌ എല്ലാ കാരണങ്ങളുമുണ്ട്‌.​—⁠ലൂക്കൊസ്‌ 22:​28-30.

[31-ാം പേജിലെ ചിത്രം]

കാൾ 1943-ൽ ടി. ജെ. സളിവിയനോടും റ്റെഡ്‌-ഡോറിസ്‌ ദമ്പതിമാരോടും ഒപ്പം

[31-ാം പേജിലെ ചിത്രം]

കാളും മാർഗാരേറ്റയും, 2000 ഒക്‌ടോബറിൽ