വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രണ്ടു വിധവമാരുടെ അനുഭവകഥകൾ

രണ്ടു വിധവമാരുടെ അനുഭവകഥകൾ

രണ്ടു വിധവമാരുടെ അനുഭവകഥകൾ

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു വിധവയാണ്‌ സാൻഡ്ര. ഏതാനും വർഷം മുമ്പ്‌ ഭർത്താവു മരിച്ചത്‌ ഇടിവെട്ടേറ്റതു പോലുള്ള ഒരു അനുഭവമായിരുന്നു അവർക്ക്‌. “എന്റെ ജീവിതപങ്കാളിയും ഉറ്റ മിത്രവും ആയിരുന്ന ആളെ ഓർക്കാപ്പുറത്തു നഷ്ടപ്പെട്ടപ്പോൾ ഞാനാകെ തളർന്നുപോയി. അന്ന്‌ ആശുപത്രിയിൽനിന്ന്‌ എങ്ങനെ വീട്ടിൽ തിരിച്ചെത്തിയെന്നോ തുടർന്ന്‌ എന്തൊക്കെ ചെയ്‌തെന്നോ എനിക്ക്‌ ഒരോർമയുമില്ല. അടുത്ത ഏതാനും ആഴ്‌ചകളിൽ എനിക്ക്‌ ഭയങ്കര പേടിയും ഉത്‌കണ്‌ഠയുമൊക്കെ തോന്നിയിരുന്നു. അത്‌ പല ശാരീരിക അസ്വാസ്ഥ്യങ്ങളിലേക്കും നയിച്ചു.”

സാൻഡ്രയെക്കാൾ പ്രായമുള്ള അവരുടെ ഒരു സുഹൃത്താണ്‌ ഇലേൻ. അവർ വിധവയായിട്ട്‌ ഇപ്പോൾ ഏകദേശം ആറു വർഷമായി. ഭർത്താവ്‌ ഡേവിഡ്‌ കാൻസർ ബാധിച്ച്‌ രോഗശയ്യയിൽ ആയിരുന്ന ആറ്‌ മാസക്കാലം ഇലേൻ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അദ്ദേഹത്തിന്റെ വേർപാട്‌ അവരിൽ താങ്ങാനാവാത്ത ഹൃദയവേദന ഉളവാക്കി. തന്മൂലം, ഭർത്താവു മരിച്ച്‌ അധികം കഴിയുന്നതിനു മുമ്പ്‌ ഇലേന്‌ താത്‌കാലിക അന്ധത പിടിപെട്ടു. രണ്ടു വർഷത്തിനു ശേഷം ഒരു പൊതുസ്ഥലത്ത്‌ ഇലേൻ കുഴഞ്ഞുവീണു. ഇലേനിൽ എന്തെങ്കിലും ശാരീരിക അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ അവരെ പരിശോധിച്ച ഡോക്ടർക്കു കഴിഞ്ഞില്ല. എന്നാൽ, ഇലേൻ തന്റെ ദുഃഖം മുഴുവനും ഉള്ളിൽ അമർത്തി വെച്ചിരിക്കുകയാണെന്ന്‌ ഡോക്ടർക്കു മനസ്സിലായി. അതുകൊണ്ട്‌ വീട്ടിൽച്ചെന്ന്‌ ശ്രമം ചെയ്‌താണെങ്കിലും ഒന്നു കരയാൻ അദ്ദേഹം ഇലേനോടു നിർദേശിച്ചു. “എന്റെ ദുഃഖത്തെ തരണം ചെയ്യാൻ വളരെ സമയം എടുത്തു” എന്ന്‌ ഇലേൻ സമ്മതിക്കുന്നു. ഏകാന്തത അനുഭവപ്പെടുമ്പോൾ “ഞാൻ കിടപ്പുമുറിയിൽ ചെന്ന്‌ ഡേവിഡിന്റെ വസ്‌ത്രങ്ങളിൽ മുഖം പൂഴ്‌ത്തുക പോലും ചെയ്‌തിരുന്നു,” അവർ പറയുന്നു.

അതേ, തങ്ങളുടെ പ്രിയപ്പെട്ട ജീവിതപങ്കാളിയുടെ മരണം പലരെയും പലവിധങ്ങളിലാണു ബാധിക്കുന്നത്‌. കാരണം, വൈധവ്യത്തിൽ യഥാർഥത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ ഒരു ഭർത്താവിനെ കൂടാതെയുള്ള ജീവിതം മാത്രമല്ല. ഉദാഹരണത്തിന്‌, സാൻഡ്രയ്‌ക്ക്‌ കുറേക്കാലത്തേക്ക്‌ തന്റെ വ്യക്തിത്വംതന്നെ നഷ്ടപ്പെട്ടതായി തോന്നി. അടുത്തകാലത്ത്‌ വിധവമാരായിത്തീർന്ന മറ്റനേകരെയും പോലെ അവരുടെ ഉള്ളിൽ അരക്ഷിതത്വത്തിന്റെ വികാരങ്ങൾ ഉറഞ്ഞുകൂടി. സാൻഡ്ര പറയുന്നു: “അന്തിമ തീരുമാനങ്ങളെല്ലാം എടുത്തിരുന്നത്‌ എന്റെ ഭർത്താവാണ്‌. പെട്ടെന്ന്‌ ആ തീരുമാനങ്ങളെല്ലാം ഞാൻ ഒറ്റയ്‌ക്ക്‌ എടുക്കേണ്ടതായി വന്നു. എനിക്ക്‌ ഉറക്കം നഷ്ടപ്പെട്ടു. ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടു. എന്തു ചെയ്യണമെന്ന്‌ എനിക്ക്‌ ഒരു എത്തും പിടിയും ഇല്ലായിരുന്നു.”

എന്നാൽ സാൻഡ്രയ്‌ക്കും ഇലേനും മാത്രമല്ല ഇത്തരം അനുഭവങ്ങൾ ഉള്ളത്‌. രോഗം, അപകടം, യുദ്ധം, വർഗീയ വെടിപ്പാക്കൽ, പൊതുവെയുള്ള അക്രമം എന്നിവയുടെയൊക്കെ ഫലമായി ലോകവ്യാപകമായി വൈധവ്യത്തിന്റെ കയ്‌പുനീർ കുടിക്കേണ്ടി വരുന്നവരുടെ എണ്ണം ദിനമ്പ്രതി വർധിക്കുകയാണ്‌. * ഇവരിൽ അനേകരും എന്തു ചെയ്യണമെന്ന്‌ അറിയാതെ നിശ്ശബ്ദം തങ്ങളുടെ ദുഃഖം സഹിക്കുകയാണ്‌. വൈധവ്യത്തോടു പൊരുത്തപ്പെടാൻ ശ്രമിക്കുന്നവരെ സഹായിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്തു ചെയ്യാനാകും? അടുത്ത ലേഖനത്തിൽ നൽകിയിരിക്കുന്ന ചില നിർദേശങ്ങൾ സഹായകമായിരുന്നേക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 5 ഭർത്താക്കന്മാർ ഉപേക്ഷിച്ചു പോയതിനാൽ വിധവമാരുടേതിനോടു സമാനമായ സാഹചര്യത്തിലായിരിക്കുന്ന സ്‌ത്രീകളുമുണ്ട്‌. വേർപിരിയലിനും വിവാഹമോചനത്തിനും തനതായ പല പ്രശ്‌നങ്ങളും ഉണ്ടെങ്കിലും, അടുത്ത ലേഖനത്തിൽ ചർച്ച ചെയ്‌തിട്ടുള്ള തത്ത്വങ്ങളിൽ പലതും അവർക്കും സഹായകമായിരുന്നേക്കാം.