വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തുഷ്ടനായ ദൈവത്തോടൊപ്പം സന്തോഷിപ്പിൻ

സന്തുഷ്ടനായ ദൈവത്തോടൊപ്പം സന്തോഷിപ്പിൻ

സന്തുഷ്ടനായ ദൈവത്തോടൊപ്പം സന്തോഷിപ്പിൻ

“സഹോദരന്മാരേ, സന്തോഷിപ്പിൻ; . . . സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.”​—⁠2 കൊരിന്ത്യർ 13:⁠11.

1, 2. (എ) അനേകർക്കും ജീവിതത്തിൽ സന്തോഷം ഇല്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) എന്താണ്‌ സന്തോഷം, അതു നമുക്ക്‌ എങ്ങനെ നട്ടുവളർത്താനാകും?

നമ്മുടെ ഈ ദുരന്തപൂർണ നാളുകളിൽ സന്തോഷിക്കാൻ ഈടുറ്റ കാരണങ്ങളൊന്നും അനേകരും കാണുന്നില്ല. തങ്ങൾക്കോ പ്രിയപ്പെട്ടവർക്കോ ഒരു ദുരന്തം ഉണ്ടാകുമ്പോൾ പുരാതനകാലത്തെ ഇയ്യോബിനെ പോലെ അവർ ചിന്തിച്ചേക്കാം. അവൻ ഇങ്ങനെ പറഞ്ഞു: “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.” (ഇയ്യോബ്‌ 14:⁠1) ഈ “ദുർഘടസമയങ്ങ”ളിലെ സമ്മർദങ്ങളിൽനിന്ന്‌ ക്രിസ്‌ത്യാനികൾ ഒഴിവുള്ളവരല്ല. അതുകൊണ്ട്‌, യഹോവയുടെ വിശ്വസ്‌ത ദാസന്മാർക്ക്‌ ചിലപ്പോഴൊക്കെ നിരുത്സാഹം തോന്നുന്നതിൽ അതിശയിക്കാനില്ല.​—⁠2 തിമൊഥെയൊസ്‌ 3:⁠1.

2 എന്നാൽ ക്രിസ്‌ത്യാനികൾക്കു സന്തോഷമുള്ളവർ ആയിരിക്കാൻ കഴിയും, പരിശോധനയിൻ കീഴിൽ ആയിരിക്കുമ്പോൾ പോലും. (പ്രവൃത്തികൾ 5:40, 41) ഇത്‌ എങ്ങനെ സാധ്യമാണെന്നു മനസ്സിലാക്കുന്നതിന്‌, ആദ്യമായി സന്തോഷം എന്താണെന്നു പരിചിന്തിക്കാം. “നന്മ കൈവരുകയോ അതു പ്രതീക്ഷിക്കുകയോ ചെയ്യുന്നതിൽനിന്ന്‌ ഉളവാകുന്ന വികാരം” എന്നു സന്തോഷത്തെ നിർവചിച്ചിട്ടുണ്ട്‌. * അതുകൊണ്ട്‌, നമുക്ക്‌ ഇപ്പോൾ അനുഭവിക്കാൻ കഴിയുന്ന നല്ല കാര്യങ്ങളെ കുറിച്ചും ദൈവത്തിന്റെ പുതിയ ലോകത്തിൽ നമ്മെ കാത്തിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചും ധ്യാനിക്കുന്ന പക്ഷം നമുക്കു സന്തോഷമുള്ളവർ ആയിരിക്കാൻ കഴിയും.

3. എല്ലാവർക്കും സന്തോഷിക്കാൻ ചില കാരണങ്ങൾ ഉണ്ടെന്ന്‌ പറയാവുന്നത്‌ ഏത്‌ അർഥത്തിൽ?

3 കൃതജ്ഞത ഉള്ളവരായിരിക്കാനുള്ള ചില കാരണങ്ങളെങ്കിലും എല്ലാവർക്കുമുണ്ട്‌. ഒരു കുടുംബനാഥന്‌ ജോലി നഷ്ടമാകുമ്പോൾ സ്വാഭാവികമായും അദ്ദേഹം അതേക്കുറിച്ചു വ്യാകുലപ്പെടും. തന്റെ പ്രിയപ്പെട്ടവർക്കായി അദ്ദേഹം ഭൗതികമായി കരുതണം. എന്നിരുന്നാലും, നല്ല ആരോഗ്യമുണ്ടെങ്കിൽ അദ്ദേഹത്തിന്‌ കൃതജ്ഞതയുള്ളവൻ ആയിരിക്കാൻ കഴിയും. കാരണം, ഒരു ജോലി കണ്ടെത്തുന്ന പക്ഷം കഠിനാധ്വാനം ചെയ്യാൻ അദ്ദേഹത്തിനു സാധിക്കുമല്ലോ. മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കുക. ഒരു ക്രിസ്‌തീയ സഹോദരിക്ക്‌ പെട്ടെന്ന്‌ ഗുരുതരമായ ഒരു രോഗം പിടിപെട്ടിരിക്കാം. എങ്കിലും, ആത്മാഭിമാനത്തോടും ധൈര്യത്തോടും കൂടെ ആ രോഗത്തെ നേരിടാൻ തന്നെ സഹായിച്ച സ്‌നേഹനിധികളായ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അവൾ നന്ദി പ്രകാശിപ്പിച്ചേക്കാം. “സന്തുഷ്ട ദൈവ”മായ യഹോവയെയും “സന്തുഷ്ടനും ഏക അധിപനു”മായ യേശുക്രിസ്‌തുവിനെയും അറിയാൻ ലഭിച്ച പദവി നിമിത്തം എല്ലാ സത്യക്രിസ്‌ത്യാനികൾക്കും, തങ്ങളുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും, സന്തോഷിക്കാൻ കഴിയും. (1 തിമൊഥെയൊസ്‌ 1:11; 6:​15, NW) അതേ, യഹോവയാം ദൈവവും യേശുക്രിസ്‌തുവും അതീവ സന്തുഷ്ടരാണ്‌. ഭൂമിയിലെ അവസ്ഥകൾ ആദിയിൽ യഹോവ ഉദ്ദേശിച്ചതിൽനിന്നു വളരെ വ്യത്യസ്‌തമാണെങ്കിലും അവർ തങ്ങളുടെ സന്തോഷം നിലനിറുത്തിയിരിക്കുന്നു. നമ്മുടെ സന്തോഷം എങ്ങനെ നിലനിറുത്താനാകും എന്നതു സംബന്ധിച്ച്‌ അവരുടെ ദൃഷ്ടാന്തത്തിൽനിന്നു നമുക്കു വളരെ പഠിക്കാനാകും.

അവർക്ക്‌ ഒരിക്കലും സന്തോഷം നഷ്ടപ്പെട്ടിട്ടില്ല

4, 5. (എ) ആദ്യ മനുഷ്യർ മത്സരിച്ചപ്പോൾ യഹോവ എങ്ങനെ പ്രതികരിച്ചു? (ബി) ഏതു വിധത്തിലാണ്‌ യഹോവ മനുഷ്യവർഗത്തോട്‌ ഒരു ക്രിയാത്മക മനോഭാവം പ്രകടമാക്കിയത്‌?

4 ഏദെൻ തോട്ടത്തിൽ ആദാമും ഹവ്വായും തികഞ്ഞ ആരോഗ്യം ആസ്വദിച്ചിരുന്നു. അവരുടെ മനസ്സുകൾ പൂർണതയുള്ളതായിരുന്നു. അവർക്കു ഫലദായകമായ വേലയും അതു ചെയ്യാൻ എന്തുകൊണ്ടും അനുയോജ്യമായ ചുറ്റുപാടുകളും ഉണ്ടായിരുന്നു. സർവോപരി, യഹോവയുമായി പതിവായി ആശയവിനിമയം നടത്താനുള്ള പദവിയും അവർക്കുണ്ടായിരുന്നു. അവർക്ക്‌ ഒരു സന്തുഷ്ട ഭാവി ഉണ്ടായിരിക്കണമെന്നതു ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു. എന്നാൽ ആ നല്ല ദാനങ്ങൾ ഒന്നും നമ്മുടെ ആദ്യ മാതാപിതാക്കളെ തൃപ്‌തരാക്കിയില്ല. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷ”ത്തിൽ നിന്നുള്ള വിലക്കപ്പെട്ട ഫലം അവർ മോഷ്ടിച്ചു. അവരുടെ സന്തതികളായ നാം ഇന്ന്‌ അനുഭവിക്കുന്ന സകല അസന്തുഷ്ടിക്കും കാരണം ആ അനുസരണക്കേടാണ്‌.​—⁠ഉല്‌പത്തി 2:15-17; 3:6; റോമർ 5:⁠12.

5 ആദാമും ഹവ്വായും നന്ദിയില്ലായ്‌മ കാട്ടിയെങ്കിലും അതു തന്റെ സന്തുഷ്ടി കവർന്നുകളയാൻ യഹോവ അനുവദിച്ചില്ല. അവരുടെ സന്തതികളിൽ ചിലരുടെയെങ്കിലും ഹൃദയങ്ങൾ തന്നെ സേവിക്കാൻ പ്രചോദിപ്പിക്കപ്പെടുമെന്ന്‌ അവന്‌ ഉറപ്പുണ്ടായിരുന്നു. ഇക്കാര്യത്തിൽ പൂർണ ഉറപ്പുണ്ടായിരുന്നതിനാൽ, ആദാമിനും ഹവ്വായ്‌ക്കും ആദ്യ കുട്ടി ജനിക്കുന്നതിനു മുമ്പുതന്നെ അവരുടെ അനുസരണമുള്ള സന്തതികളെ വീണ്ടെടുക്കാനുള്ള തന്റെ ഉദ്ദേശ്യം യഹോവ പ്രഖ്യാപിച്ചു! (ഉല്‌പത്തി 1:31; 3:15) തുടർന്നുള്ള നൂറ്റാണ്ടുകളിൽ മനുഷ്യവർഗത്തിൽ ബഹുഭൂരിപക്ഷവും ആദാമിന്റെയും ഹവ്വായുടെയും കാലടികൾ പിന്തുടർന്നു. അനുസരണക്കേട്‌ അത്ര വ്യാപകമായിരുന്നെങ്കിലും യഹോവ മനുഷ്യകുടുംബത്തെ തള്ളിക്കളഞ്ഞില്ല. പകരം, തന്നോടുള്ള സ്‌നേഹം നിമിത്തം തന്നെ പ്രസാദിപ്പിക്കാൻ യഥാർഥ ശ്രമം നടത്തിക്കൊണ്ട്‌ ‘തന്റെ ഹൃദയത്തെ’ സന്തോഷിപ്പിച്ച സ്‌ത്രീപുരുഷന്മാരിൽ അവൻ ശ്രദ്ധ കേന്ദ്രീകരിച്ചു.​—⁠സദൃശവാക്യങ്ങൾ 27:11; എബ്രായർ 6:⁠10.

6, 7. സന്തോഷം നിലനിറുത്താൻ യേശുവിനെ സഹായിച്ചത്‌ ഏതു ഘടകങ്ങളാണ്‌?

6 യേശുവിന്റെ കാര്യമോ? അവൻ എങ്ങനെയാണ്‌ തന്റെ സന്തോഷം നിലനിറുത്തിയത്‌? സ്വർഗത്തിലെ ശക്തനായ ഒരു ആത്മവ്യക്തി എന്ന നിലയിൽ യേശുവിന്‌ ഭൂമിയിലെ സ്‌ത്രീപുരുഷന്മാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള എല്ലാ അവസരങ്ങളും ഉണ്ടായിരുന്നു. അവരുടെ അപൂർണതകൾ വളരെ പ്രകടമായിരുന്നിട്ടും, യേശു അവരെ സ്‌നേഹിച്ചു. (സദൃശവാക്യങ്ങൾ 8:31) പിന്നീട്‌ ഭൂമിയിൽ വന്ന്‌ മനുഷ്യരുടെ “ഇടയിൽ പാർത്ത”പ്പോഴും അവരെ കുറിച്ചുള്ള അവന്റെ വീക്ഷണത്തിനു മാറ്റം വന്നില്ല. (യോഹന്നാൻ 1:14) പാപികളായ മനുഷ്യരെ കുറിച്ച്‌ അത്തരമൊരു ക്രിയാത്മക വീക്ഷണം പുലർത്താൻ പൂർണനായ ദൈവപുത്രനെ പ്രാപ്‌തനാക്കിയത്‌ എന്താണ്‌?

7 ഒന്നാമതായി, തന്നെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും യേശുവിന്‌ ന്യായമായ പ്രതീക്ഷകളേ ഉണ്ടായിരുന്നുള്ളൂ. ലോകത്തെ ഒന്നാകെ മാനസാന്തരപ്പെടുത്താൻ തനിക്കാവില്ലെന്ന്‌ അവന്‌ അറിയാമായിരുന്നു. (മത്തായി 10:32-39) അതുകൊണ്ട്‌ ആത്മാർഥതയുള്ള ഒരു വ്യക്തിയെങ്കിലും രാജ്യസന്ദേശത്തോട്‌ അനുകൂലമായി പ്രതികരിച്ചപ്പോൾ അവൻ സന്തോഷിച്ചു. തന്റെ ശിഷ്യന്മാരുടെ നടത്തയും മനോഭാവവും എല്ലായ്‌പോഴും അത്ര തൃപ്‌തികരം അല്ലായിരുന്നെങ്കിലും, ദൈവത്തെ സേവിക്കാൻ അവർ യഥാർഥത്തിൽ ഹൃദയംഗമമായി ആഗ്രഹിച്ചിരുന്നുവെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതു നിമിത്തം അവൻ അവരെ സ്‌നേഹിച്ചു. (ലൂക്കൊസ്‌ 9:46; ലൂക്കൊസ്‌ 22:24, 28-32, 60-62) തന്റെ ശിഷ്യന്മാർ അന്നുവരെയും പ്രകടമാക്കിയ ക്രിയാത്മക ഗതി സംബന്ധിച്ച്‌ സ്വർഗീയ പിതാവിനോടുള്ള പ്രാർഥനയിൽ യേശു ഇങ്ങനെ ചുരുക്കിപ്പറഞ്ഞതു ശ്രദ്ധാർഹമാണ്‌: ‘അവർ നിന്റെ വചനം പ്രമാണിച്ചിരിക്കുന്നു.’​—⁠യോഹന്നാൻ 17:⁠6.

8. സന്തോഷം നിലനിറുത്തുന്ന കാര്യത്തിൽ യഹോവയെയും യേശുവിനെയും നമുക്ക്‌ അനുകരിക്കാൻ കഴിയുന്ന ചില വിധങ്ങൾ പറയുക.

8 ഇക്കാര്യത്തിൽ യഹോവയാം ദൈവവും ക്രിസ്‌തുയേശുവും വെച്ചിരിക്കുന്ന ദൃഷ്ടാന്തത്തെ കുറിച്ചു ശ്രദ്ധാപൂർവം വിചിന്തനം ചെയ്യുന്നത്‌ തീർച്ചയായും നമുക്കേവർക്കും പ്രയോജനം ചെയ്യും. നമ്മുടെ പ്രതീക്ഷ പോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ അമിതമായി ഉത്‌കണ്‌ഠപ്പെടാതിരുന്നുകൊണ്ട്‌ നമുക്ക്‌ യഹോവയെ ഒരുപക്ഷേ പൂർണമായി അനുകരിക്കാൻ കഴിയുമോ? നിലവിലുള്ള നമ്മുടെ സാഹചര്യത്തെ കുറിച്ച്‌ ക്രിയാത്മകമായ ഒരു വീക്ഷണം നിലനിറുത്തിക്കൊണ്ടും നമ്മെക്കുറിച്ചും മറ്റുള്ളവരെ കുറിച്ചും ന്യായമായ പ്രതീക്ഷകൾ മാത്രം വെച്ചുപുലർത്തിക്കൊണ്ടും നമുക്ക്‌ യേശുവിന്റെ കാലടികളെ കൂടുതൽ അടുത്തു പിന്തുടരാൻ കഴിയുമോ? എവിടെയുമുള്ള തീക്ഷ്‌ണരായ ക്രിസ്‌ത്യാനികൾക്ക്‌ വളരെ പ്രിയങ്കരമായ വയൽ ശുശ്രൂഷ എന്ന മണ്ഡലത്തിൽ ഇവയിൽ ചില തത്ത്വങ്ങൾ പ്രായോഗികമായ ഒരു വിധത്തിൽ എങ്ങനെ ബാധകമാക്കാമെന്ന്‌ നമുക്കു പരിശോധിക്കാം.

ശുശ്രൂഷ സംബന്ധിച്ച്‌ ഒരു ക്രിയാത്മക വീക്ഷണം നിലനിറുത്തുക

9. യിരെമ്യാവ്‌ വീണ്ടും സന്തോഷം കൈവരിച്ചത്‌ എങ്ങനെ, അവന്റെ ദൃഷ്ടാന്തം നമുക്ക്‌ എങ്ങനെ സഹായകമാണ്‌?

9 ദൈവസേവനത്തിൽ നാം സന്തുഷ്ടരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. നമ്മുടെ സന്തോഷം നമുക്കു ലഭിക്കുന്ന ഫലങ്ങളെ ആശ്രയിച്ചിരിക്കാൻ പാടില്ല. (ലൂക്കൊസ്‌ 10:17, 20) പ്രവാചകനായ യിരെമ്യാവ്‌ ഫലശൂന്യമായ ഒരു പ്രദേശത്ത്‌ വർഷങ്ങളോളം പ്രസംഗിച്ചു. ആളുകളുടെ നിഷേധാത്മക പ്രതികരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അവനു സന്തോഷം നഷ്ടമായി. (യിരെമ്യാവു 20:⁠8) എന്നാൽ താൻ വഹിച്ച സന്ദേശത്തിന്റെ മേന്മയെ കുറിച്ചു ധ്യാനിച്ചപ്പോൾ അവൻ വീണ്ടും സന്തുഷ്ടനായിത്തീർന്നു. യിരെമ്യാവ്‌ യഹോവയോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.” (യിരെമ്യാവു 15:16) അതേ, ദൈവവചനം പ്രസംഗിക്കാൻ ലഭിച്ച പദവിയിൽ യിരെമ്യാവ്‌ സന്തോഷിച്ചു. നമുക്കും അതു സാധിക്കും.

10. നമ്മുടെ പ്രദേശം ഇപ്പോൾ ഫലദായകമല്ലെങ്കിൽ പോലും നമുക്ക്‌ എങ്ങനെ ശുശ്രൂഷയിൽ സന്തോഷം നിലനിറുത്താനാകും?

10 സുവാർത്തയോട്‌ അനുകൂലമായി പ്രതികരിക്കാൻ ഭൂരിഭാഗം ആളുകളും വിസമ്മതിച്ചാൽ പോലും, വയൽ ശുശ്രൂഷയിൽ സന്തുഷ്ടരായിക്കാൻ നമുക്കു സകല കാരണങ്ങളും ഉണ്ട്‌. തന്നെ സേവിക്കാൻ ചില മനുഷ്യർ പ്രചോദിതരായിത്തീരും എന്ന്‌ യഹോവയ്‌ക്ക്‌ വ്യക്തമായ ഉറപ്പുണ്ടായിരുന്നെന്ന്‌ ഓർമിക്കുക. യഹോവയെപ്പോലെ ആയിരിക്കണം നാമും, അതായത്‌ സാർവത്രിക പരമാധികാരത്തെ കുറിച്ചുള്ള വിവാദ പ്രശ്‌നം ചിലരെങ്കിലും ഒടുവിൽ മനസ്സിലാക്കുകയും രാജ്യസന്ദേശം സ്വീകരിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ നാം ഒരിക്കലും കൈവെടിയരുത്‌. ആളുകളുടെ സാഹചര്യങ്ങൾക്കു മാറ്റം വരുന്നുവെന്നത്‌ നാം മറക്കരുത്‌. അപ്രതീക്ഷിതമായ ഒരു നഷ്ടമോ പ്രതിസന്ധിയോ ഉണ്ടാകുമ്പോൾ, അങ്ങേയറ്റം സ്വയംകൃതാർഥനായ ഒരു വ്യക്തിപോലും ജീവിതത്തിന്റെ അർഥത്തെ കുറിച്ചു കാര്യഗൗരവമായി ചിന്തിച്ചു തുടങ്ങിയേക്കാം. അത്തരമൊരു വ്യക്തി ‘തന്റെ ആത്മീയ ആവശ്യത്തെ കുറിച്ചു ബോധവാൻ’ ആയിത്തീരുമ്പോൾ അയാളെ സഹായിക്കാൻ നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ? (മത്തായി 5:​3, NW) നിങ്ങൾ അടുത്ത പ്രാവശ്യം സന്ദർശിക്കുമ്പോൾ നിങ്ങളുടെ പ്രദേശത്തുള്ള ആരെങ്കിലും ഒരാൾ സുവാർത്ത ശ്രദ്ധിക്കാൻ സന്നദ്ധനായിരുന്നേക്കാം!

11, 12. ഒരു പട്ടണത്തിൽ എന്തു സംഭവിച്ചു, അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

11 നമ്മുടെ പ്രദേശത്തിന്റെ ഘടനയ്‌ക്കും മാറ്റം വരാം. ഒരു ഉദാഹരണം പരിചിന്തിക്കുക. ഒരു ചെറിയ പട്ടണത്തിൽ ചെറുപ്പക്കാരായ മാതാപിതാക്കളുടെ ഒരു ഏകീകൃത കൂട്ടം പാർത്തിരുന്നു. യഹോവയുടെ സാക്ഷികൾ അവരെ സന്ദർശിച്ചപ്പോൾ അവർ എല്ലാവരുടെയും പ്രതികരണം ഒന്നുതന്നെ ആയിരുന്നു, “ഞങ്ങൾക്കു താത്‌പര്യമില്ല!” ഇനി, രാജ്യസന്ദേശത്തിൽ ആരെങ്കിലും താത്‌പര്യം കാട്ടിയാൽത്തന്നെ അവർ സാക്ഷികളുമായി തുടർന്ന്‌ ബന്ധം പുലർത്തുന്നതിനെ അയൽക്കാർ അപ്പോൾത്തന്നെ തടയുമായിരുന്നു. അവിടെ പ്രസംഗിക്കുന്നത്‌ തീർച്ചയായും ഒരു വെല്ലുവിളിതന്നെ ആയിരുന്നു. എന്നിരുന്നാലും സാക്ഷികൾ പിന്മാറിയില്ല. അവർ അവിടെ പ്രസംഗിച്ചുകൊണ്ടേയിരുന്നു. എന്തായിരുന്നു ഫലം?

12 കാലക്രമത്തിൽ, ആ പട്ടണത്തിലെ മിക്ക കുട്ടികളും വളർന്നു വിവാഹിതരായി അവിടെത്തന്നെ താമസമാക്കി. തങ്ങളുടെ ജീവിതരീതി യഥാർഥ സന്തുഷ്ടി കൈവരുത്തുന്നില്ലെന്നു തിരിച്ചറിഞ്ഞ ഈ ചെറുപ്പക്കാരിൽ ചിലർ സത്യം അന്വേഷിക്കാൻ തുടങ്ങി. യഹോവയുടെ സാക്ഷികൾ ഘോഷിച്ച സുവാർത്തയോട്‌ അനുകൂലമായി പ്രതികരിച്ചപ്പോൾ അവർക്ക്‌ അതു കണ്ടെത്താനായി. അങ്ങനെ, അനേകം വർഷങ്ങൾക്കു ശേഷമാണ്‌ അവിടത്തെ ചെറിയ സഭ വളരാൻ തുടങ്ങിയത്‌. തങ്ങളുടെ ശ്രമം ഉപേക്ഷിക്കാതിരുന്ന ആ രാജ്യപ്രസാധകർക്ക്‌ ഉണ്ടായ സന്തോഷം ഒന്നു സങ്കൽപ്പിച്ചു നോക്കൂ! മഹത്ത്വപൂർണമായ രാജ്യസന്ദേശം പങ്കുവെക്കുന്നതിലെ സ്ഥിരോത്സാഹം നമുക്കും സന്തോഷം കൈവരുത്തട്ടെ!

സഹവിശ്വാസികൾ നിങ്ങളെ പിന്താങ്ങും

13. നിരുത്സാഹം തോന്നുമ്പോൾ നമുക്ക്‌ ആരിലേക്ക്‌ തിരിയാൻ കഴിയും?

13 സമ്മർദം വർധിക്കുമ്പോൾ അല്ലെങ്കിൽ ഒരു ദുരന്തത്തിന്‌ ഇരയാകുമ്പോൾ ആശ്വാസത്തിനായി നിങ്ങൾക്ക്‌ എങ്ങോട്ടു തിരിയാനാകും? ദശലക്ഷക്കണക്കിന്‌ യഹോവയുടെ സാക്ഷികൾ ആദ്യം പ്രാർഥനയിൽ യഹോവയിലേക്കും തുടർന്ന്‌ അവരുടെ ക്രിസ്‌തീയ സഹോദരങ്ങളിലേക്കും തിരിയുന്നു. ഭൂമിയിൽ ആയിരിക്കെ യേശു പോലും തന്റെ ശിഷ്യന്മാരുടെ പിന്തുണയെ അങ്ങേയറ്റം വിലമതിച്ചു. തന്റെ മരണത്തിന്റെ തലേ രാത്രിയിൽ അവൻ അവരെ കുറിച്ച്‌ “എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ” എന്നു പറഞ്ഞു. (ലൂക്കൊസ്‌ 22:28) തീർച്ചയായും ശിഷ്യന്മാർ അപൂർണരായിരുന്നു. എന്നാൽ അവരുടെ വിശ്വസ്‌തത ദൈവപുത്രന്‌ ഒരു ആശ്വാസമായിരുന്നു. നമുക്കും സഹാരാധകരിൽനിന്നു കരുത്ത്‌ ആർജിക്കാൻ കഴിയും.

14, 15. തങ്ങളുടെ പുത്രൻ മരിച്ചപ്പോൾ സഹിച്ചുനിൽക്കാൻ ഒരു ദമ്പതികളെ സഹായിച്ചത്‌ എന്ത്‌, അവരുടെ അനുഭവത്തിൽനിന്ന്‌ നിങ്ങൾ എന്തു പഠിക്കുന്നു?

14 സഹോദരങ്ങളുടെ പിന്തുണ എത്ര വിലയേറിയതാണെന്നു തിരിച്ചറിഞ്ഞവരാണ്‌ ക്രിസ്‌തീയ ദമ്പതികളായ മീഷെലും ഡയനും. അവരുടെ മകനായ ജോനാഥാന്‌ തലച്ചോറിൽ ഒരു മുഴ ഉണ്ടെന്ന്‌ വൈദ്യപരിശോധനയിൽ തെളിഞ്ഞു. 20-കാരനായ ആ ക്രിസ്‌ത്യാനി ഊർജസ്വലനും ഭാവിയുടെ വാഗ്‌ദാനവുമായിരുന്നു. ജോനാഥാന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കഠിന ശ്രമം നടത്തിയെങ്കിലും അവന്റെ ആരോഗ്യസ്ഥിതി ഒന്നിനൊന്നു വഷളായിക്കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ അവൻ മരണമടഞ്ഞു. അത്‌ മീഷെലിനെയും ഡയനെയും ആകെ തകർത്തുകളഞ്ഞു. അന്നു വൈകുന്നേരത്തെ സേവനയോഗം ഏതാണ്ടു തീരാറായി എന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. എങ്കിലും, അങ്ങേയറ്റം ആശ്വാസം ആവശ്യമായിരുന്ന അവർ കൂടെ ഉണ്ടായിരുന്ന മൂപ്പനോട്‌ തങ്ങളോടൊപ്പം രാജ്യഹാളിലേക്കു വരാൻ പറഞ്ഞു. ജോനാഥാന്റെ മരണവാർത്ത സഭയെ അറിയിക്കുന്ന സമയത്താണ്‌ അവർ അവിടെ എത്തിച്ചേർന്നത്‌. യോഗം തീർന്നപ്പോൾ, നിറകണ്ണുകളോടെ നിന്നിരുന്ന ആ മാതാപിതാക്കളെ സഹോദരീസഹോദരന്മാർ ആലിംഗനം ചെയ്യുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു. ഡയൻ ഇങ്ങനെ അനുസ്‌മരിക്കുന്നു: “ഹാളിൽ എത്തിയ സമയത്ത്‌ ഞങ്ങൾ ആകെ തകർന്ന അവസ്ഥയിലായിരുന്നു. എന്നാൽ സഹോദരങ്ങൾ ഞങ്ങൾക്ക്‌ എത്രമാത്രം ആശ്വാസവും ഉണർവുമാണു പകർന്നുതന്നത്‌! അവർക്ക്‌ ഞങ്ങളുടെ വേദന നീക്കാനാവില്ലെങ്കിലും, ആ സമ്മർദത്തിൽ കീഴിൽ സഹിച്ചുനിൽക്കാൻ അവർ ഞങ്ങളെ സഹായിച്ചു!”​—⁠റോമർ 1:11, 12; 1 കൊരിന്ത്യർ 12:21-26.

15 മീഷെലും ഡയനും തങ്ങളുടെ സഹോദരങ്ങളോട്‌ കൂടുതൽ അടുക്കാൻ ആ ദുരന്തം ഇടയാക്കി. അവർ പരസ്‌പരം കൂടുതൽ അടുക്കാനും അത്‌ സഹായിച്ചു. മീഷെൽ പറയുന്നു: “എന്റെ പ്രിയപ്പെട്ട ഭാര്യയോട്‌ കൂടുതൽ വാൽസല്യപൂർവം ഇടപെടാൻ ഞാൻ പഠിച്ചിരിക്കുന്നു. നിരാശ തോന്നുന്ന നിമിഷങ്ങളിൽ, ബൈബിൾ സത്യത്തെയും യഹോവ ഞങ്ങളെ പരിപാലിക്കുന്ന വിധത്തെയും കുറിച്ച്‌ ഞങ്ങൾ പരസ്‌പരം സംസാരിക്കുന്നു.” ഡയൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “രാജ്യപ്രത്യാശ ഞങ്ങൾക്ക്‌ ഇപ്പോൾ കൂടുതൽ അർഥവത്താണ്‌.”

16. നമ്മുടെ ആവശ്യങ്ങളെ കുറിച്ച്‌ സഹോദരങ്ങളെ അറിയിക്കുന്നതിൽ മുൻകൈ എടുക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 അതേ, നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാർക്ക്‌, ജീവിതത്തിലെ വിഷമകരമായ സമയങ്ങളിൽ “ബലപ്പെടുത്തുന്ന ഒരു സഹായം” ആയിരിക്കാനും അതുവഴി സന്തോഷം നിലനിറുത്താൻ നമ്മെ സഹായിക്കാനും കഴിയും. (കൊലൊസ്സ്യർ 4:​11, NW) തീർച്ചയായും അവർക്കു നമ്മുടെ മനസ്സു വായിക്കാനാവില്ല. അതുകൊണ്ട്‌ നമുക്കു സഹായം ആവശ്യമുള്ളപ്പോൾ അത്‌ അവരോടു പറയുന്നതു നല്ലതാണ്‌. തുടർന്ന്‌ നമ്മുടെ സഹോദരങ്ങൾ നൽകുന്ന ഏതൊരു ആശ്വാസത്തെയും യഹോവയിൽനിന്നു വരുന്നതായി വീക്ഷിച്ചുകൊണ്ട്‌ നമുക്ക്‌ യഥാർഥ വിലമതിപ്പു പ്രകടിപ്പിക്കാൻ കഴിയും.​—⁠സദൃശവാക്യങ്ങൾ 12:25; 17:⁠17.

നിങ്ങളുടെ സഭയെ അടുത്തു നിരീക്ഷിക്കുക

17. ഒറ്റയ്‌ക്കുള്ള ഒരു മാതാവ്‌ ഏതു വെല്ലുവിളികളെ നേരിടുന്നു, അവരെ പോലുള്ളവരെ നാം എങ്ങനെ വീക്ഷിക്കുന്നു?

17 സഹവിശ്വാസികളെ നിങ്ങൾ എത്ര അടുത്തു നിരീക്ഷിക്കുന്നുവോ അത്രയധികം നിങ്ങൾ അവരെ വിലമതിക്കുകയും അവരുടെ സഹവാസത്തിൽനിന്നു സന്തോഷം കണ്ടെത്തുകയും ചെയ്യും. നിങ്ങളുടെ സഭയെ ഒന്നു നിരീക്ഷിക്കുക. നിങ്ങൾ എന്താണു കാണുന്നത്‌? തന്റെ കുട്ടികളെ സത്യത്തിൽ വളർത്തിക്കൊണ്ടുവരാൻ പാടുപെടുന്ന ഒറ്റയ്‌ക്കുള്ള ഒരു മാതാവ്‌ ഉണ്ടോ? ആ സഹോദരി വെക്കുന്ന നല്ല മാതൃകയെ കുറിച്ചു നിങ്ങൾ കാര്യമായി ചിന്തിച്ചിട്ടുണ്ടോ? അവർ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങൾ മനസ്സിൽ കാണാൻ ശ്രമിക്കുക. ജെനിൻ എന്നു പേരുള്ള ഒറ്റയ്‌ക്കുള്ള ഒരു മാതാവ്‌ അവയിൽ ചിലത്‌ എന്തൊക്കെയാണെന്നു പറയുന്നു: ഏകാന്തത, ജോലിസ്ഥലത്തെ പുരുഷന്മാരുടെ ശല്യം, സാമ്പത്തിക പരാധീനത. എന്നാൽ ഏറ്റവും വലിയ വെല്ലുവിളി കുട്ടികളുടെ വൈകാരിക ആവശ്യങ്ങൾക്കായി കരുതുന്നതാണെന്ന്‌ അവർ പറയുന്നു. കാരണം, ഓരോ കുട്ടിയുടെയും വൈകാരിക ആവശ്യങ്ങൾ വ്യത്യസ്‌തം ആയിരിക്കും. മറ്റൊരു പ്രശ്‌നത്തെ കുറിച്ച്‌ ജെനിൻ ഇങ്ങനെ പറയുന്നു: “ഭർത്താവിന്റെ അഭാവം നികത്താനായി മകനെ കുടുംബ ചുമതല ഏൽപ്പിക്കാനുള്ള പ്രവണതയെ ചെറുത്തു നിൽക്കുന്നത്‌ ഒരു യഥാർഥ വെല്ലുവിളിയാണ്‌. എനിക്ക്‌ ഒരു മകളുണ്ട്‌. എന്റെ പ്രശ്‌നങ്ങളെല്ലാം പറഞ്ഞ്‌ അവളെ ഭാരപ്പെടുത്തരുതെന്നുള്ളത്‌ ഞാൻ പലപ്പോഴും മറന്നുപോകുന്നു.” ദൈവഭയമുള്ള ഒറ്റയ്‌ക്കുള്ള ആയിരക്കണക്കിനു മാതാക്കളെയോ പിതാക്കന്മാരെയോ പോലെ ജെനിനും ഒരു മുഴുസമയ ജോലി ചെയ്‌ത്‌ തന്റെ കുടുംബത്തെ പോറ്റുന്നു. കൂടാതെ ജെനിൻ മക്കളോടൊപ്പം ബൈബിൾ പഠിക്കുകയും അവരെ ശുശ്രൂഷയിൽ പരിശീലിപ്പിക്കുകയും സഭായോഗങ്ങൾക്കു കൊണ്ടുപോകുകയും ചെയ്യുന്നു. (എഫെസ്യർ 6:⁠4) വിശ്വസ്‌തത പാലിക്കാനുള്ള ഈ കുടുംബത്തിന്റെ ശ്രമം ദിവസവും നിരീക്ഷിക്കുന്നതിൽ യഹോവ എത്ര സന്തുഷ്ടനായിരിക്കും! അത്തരം ആളുകൾ നമ്മുടെ ഇടയിൽ ഉണ്ടായിരിക്കുന്നത്‌ നമുക്കു സന്തോഷം കൈവരുത്തുന്നില്ലേ? തീർച്ചയായും.

18, 19. സഭാംഗങ്ങളോടുള്ള വിലമതിപ്പ്‌ നമുക്ക്‌ എങ്ങനെ ആഴമുള്ളതാക്കാമെന്ന്‌ ദൃഷ്ടാന്തീകരിക്കുക.

18 വീണ്ടും നിങ്ങളുടെ സഭയെ നിരീക്ഷിക്കുക. ഒരിക്കലും യോഗങ്ങൾ മുടക്കാത്ത വിശ്വസ്‌തരായ വിധവമാരെയോ വിഭാര്യരെയോ നിങ്ങൾ കണ്ടേക്കാം. (ലൂക്കൊസ്‌ 2:37) ചില അവസരങ്ങളിൽ അവർക്ക്‌ ഏകാന്തത അനുഭവപ്പെടുന്നുണ്ടോ? തീർച്ചയായും ഉണ്ട്‌. തങ്ങളുടെ ഇണയുടെ നഷ്ടം അവർക്ക്‌ ശരിക്കും അനുഭവപ്പെടുന്നുണ്ട്‌. എന്നിരുന്നാലും, അവർ യഹോവയുടെ സേവനത്തിൽ തിരക്കോടെ തുടരുകയും മറ്റുള്ളവരിൽ വ്യക്തിപരമായ താത്‌പര്യമെടുക്കുകയും ചെയ്യുന്നു. അവരുടെ അചഞ്ചലവും ക്രിയാത്മകവുമായ മനോഭാവം സഭയിലുള്ളവരുടെ സന്തോഷം വർധിപ്പിക്കുന്നു! 30-ലേറെ വർഷം മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ട ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “അനേകം പരിശോധനകളെ അഭിമുഖീകരിച്ചിട്ടുള്ള പ്രായമായ സഹോദരീസഹോദരന്മാർ ഇപ്പോഴും യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നത്‌ കാണുന്നതാണ്‌ എന്നെ ഏറ്റവും സന്തുഷ്ടയാക്കുന്ന കാര്യങ്ങളിൽ ഒന്ന്‌!” അതേ, നമ്മുടെ ഇടയിലെ പ്രായമേറിയ ക്രിസ്‌ത്യാനികൾ ചെറുപ്പക്കാർക്ക്‌ വലിയൊരു പ്രോത്സാഹനമാണ്‌.

19 അടുത്തകാലത്തു മാത്രം സഭയോടൊത്തു സഹവസിക്കാൻ തുടങ്ങിയിട്ടുള്ള പുതിയവരുടെ കാര്യമോ? അവർ യോഗങ്ങളിൽ തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുമ്പോൾ അതു നമുക്ക്‌ ഉണർവേകുന്നില്ലേ? ബൈബിൾ പഠിക്കാൻ തുടങ്ങിയതു മുതൽ അവർ വരുത്തിയ പുരോഗതിയെ കുറിച്ചു ചിന്തിക്കുക. യഹോവ അവരിൽ വളരെയധികം സംപ്രീതനായിരിക്കണം. നാമോ? അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ നാം നമ്മുടെ അംഗീകാരം പ്രകടമാക്കുന്നുണ്ടോ?

20. ഓരോ സഭാംഗവും സഭയിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നുവെന്ന്‌ പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

20 നിങ്ങൾ വിവാഹിതരോ ഏകാകികളോ അല്ലെങ്കിൽ ഇണ നഷ്ടപ്പെട്ട മാതാവോ പിതാവോ ആണോ? നിങ്ങൾ അച്ഛൻ (അല്ലെങ്കിൽ അമ്മ) ഇല്ലാത്ത ഒരു കുട്ടിയോ വിധവയോ വിഭാര്യനോ ആണോ? നിങ്ങൾ വളരെക്കാലമായി സഭയോടൊത്തു സഹവസിക്കുന്ന അല്ലെങ്കിൽ അടുത്ത കാലത്തു മാത്രം സഹവസിച്ചു തുടങ്ങിയ ആളാണോ? നിങ്ങളുടെ വിശ്വസ്‌ത മാതൃക ഞങ്ങൾക്ക്‌ എല്ലാവർക്കും പ്രോത്സാഹജനകമാണെന്ന്‌ ഉറപ്പുണ്ടായിരിക്കുക. രാജ്യഗീതം ആലപിക്കുന്നതിൽ നിങ്ങൾ പങ്കുചേരുമ്പോൾ, അല്ലെങ്കിൽ യോഗത്തിൽ നിങ്ങൾ ഒരു അഭിപ്രായം പറയുകയോ ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിൽ ഒരു വിദ്യാർഥി നിയമനം നടത്തുകയോ ചെയ്യുമ്പോൾ അത്‌ ഞങ്ങളുടെ സന്തോഷം പിന്നെയും വർധിപ്പിക്കുന്നു. അതിലും പ്രധാനമായി, അത്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

21. നമുക്ക്‌ എന്തിന്‌ നിരവധി കാരണങ്ങളുണ്ട്‌, എന്നാൽ ഏതു ചോദ്യങ്ങൾ ഉയർന്നുവരുന്നു?

21 അതേ, ഈ പ്രക്ഷുബ്ധ നാളുകളിൽ പോലും നമ്മുടെ സന്തുഷ്ടനായ ദൈവത്തെ ആരാധിക്കുന്നതിൽ നമുക്കു സന്തോഷമുള്ളവരായിരിക്കാൻ കഴിയും. പൗലൊസിന്റെ പിൻവരുന്ന പ്രോത്സാഹനത്തോടു പ്രതികരിക്കാൻ നമുക്കു സകല കാരണങ്ങളുമുണ്ട്‌: “സന്തോഷിപ്പിൻ; . . . സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.” (2 കൊരിന്ത്യർ 13:11) എന്നാൽ നാം ഒരു പ്രകൃതി വിപത്തോ പീഡനമോ കടുത്ത സാമ്പത്തിക ക്ലേശമോ അനുഭവിക്കുന്നെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ പോലും നമ്മുടെ സന്തോഷം നിലനിറുത്താനാകുമോ? അടുത്ത ലേഖനം പരിചിന്തിച്ചുകൊണ്ട്‌ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരുക.

[അടിക്കുറിപ്പ്‌]

^ ഖ. 2 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ചയുടെ (ഇംഗ്ലീഷ്‌) 2-ാം വാല്യത്തിലെ 119-ാം പേജ്‌ കാണുക.

നിങ്ങൾക്ക്‌ ഉത്തരം പറയാമോ?

• സന്തോഷത്തെ എങ്ങനെയാണു വിവരിച്ചിരിക്കുന്നത്‌?

• ഒരു ക്രിയാത്മക മനോഭാവം നിലനിറുത്തുന്നത്‌ സന്തോഷമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

• നമ്മുടെ സഭാപ്രദേശത്തെ കുറിച്ച്‌ ഒരു ക്രിയാത്മക വീക്ഷണം ഉണ്ടായിരിക്കാൻ എന്തിനു നമ്മെ സഹായിക്കാനാകും?

• സഭയിലെ സഹോദരീസഹോദരന്മാരെ നിങ്ങൾ ഏതു വിധങ്ങളിൽ വിലമതിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രങ്ങൾ]

നമ്മുടെ പ്രദേശത്തുള്ള ആളുകൾക്കു മാറ്റം വന്നേക്കാം

[12-ാം പേജിലെ ചിത്രം]

നിങ്ങളുടെ സഭയിലുള്ളവർ ഏതു വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു?