വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയമായി കരുത്തുറ്റ ഒരു കുടുംബത്തെ വാർത്തെടുക്കൽ

ആത്മീയമായി കരുത്തുറ്റ ഒരു കുടുംബത്തെ വാർത്തെടുക്കൽ

ആത്മീയമായി കരുത്തുറ്റ ഒരു കുടുംബത്തെ വാർത്തെടുക്കൽ

“അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും വളർത്തിക്കൊണ്ടുവരുവിൻ.”​—⁠എഫെസ്യർ 6:⁠4, NW.

1. കുടുംബത്തെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു, എന്നാൽ എന്തു സംഭവിച്ചു?

‘നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ.’ (ഉല്‌പത്തി 1:28) ആദാമിനോടും ഹവ്വായോടും അങ്ങനെ പറഞ്ഞുകൊണ്ട്‌, യഹോവയാം ദൈവം കുടുംബ ക്രമീകരണത്തിനു തുടക്കമിട്ടു. (എഫെസ്യർ 3:14, 15) ഭാവിയിലേക്കു നോക്കവേ, ആ ആദ്യ ദമ്പതികൾക്ക്‌ തങ്ങളുടെ മക്കളെക്കൊണ്ട്‌ ഭൂമി നിറഞ്ഞിരിക്കുന്നതും പൂർണ വ്യക്തികൾ അടങ്ങിയ ആ വിസ്‌തൃത കുടുംബത്തിലെ സകലരും ഏകീകൃതരായി തങ്ങളുടെ മഹാസ്രഷ്ടാവിനെ ആരാധിച്ചുകൊണ്ട്‌ പറുദീസാ ഭൂമിയിൽ സസന്തോഷം ജീവിക്കുന്നതും ഭാവനയിൽ കാണാൻ കഴിയുമായിരുന്നു. എന്നാൽ ആദാമും ഹവ്വായും പാപം ചെയ്‌തു. തന്മൂലം, ഭൂമി നീതിനിഷ്‌ഠരായ, ദൈവഭയമുള്ള ആളുകളെക്കൊണ്ട്‌ നിറഞ്ഞില്ല. (റോമർ 5:12) അതിനു പകരം, കുടുംബജീവിതം താറുമാറായി, വിദ്വേഷവും അക്രമവും കൊടികുത്തി വാഴാൻ തുടങ്ങി. ‘സ്വാഭാവിക പ്രിയം’ അറ്റുപോയി. ഈ “അന്ത്യനാളുകളിൽ” ഇതു വിശേഷിച്ചും സത്യമായിരിക്കുന്നു.​—⁠2 തിമൊഥെയൊസ്‌ 3:1-5, NW; ഉല്‌പത്തി 4:8, 23; 6:​5, 11, 12.

2. ആദാമിന്റെ മക്കൾക്ക്‌ എന്തു പ്രാപ്‌തികൾ ഉണ്ടായിരുന്നു, എന്നാൽ ആത്മീയമായി കരുത്തുറ്റ ഒരു കുടുംബം വാർത്തെടുക്കാൻ എന്ത്‌ ആവശ്യമായിരുന്നു?

2 ആദാമും ഹവ്വായും സൃഷ്ടിക്കപ്പെട്ടത്‌ ദൈവത്തിന്റെ സ്വരൂപത്തിലാണ്‌. ഒരു പാപി ആയിത്തീർന്നെങ്കിലും, ആദാമിനു മക്കൾ ഉണ്ടാകാൻ യഹോവ അനുവദിച്ചു. (ഉല്‌പത്തി 1:27; 5:​1-4) ആദാമിനെ പോലെതന്നെ അവന്റെ മക്കൾക്കും ധാർമിക പ്രാപ്‌തി ഉണ്ടായിരുന്നു. നന്മയും തിന്മയും വിവേചിച്ചറിയുന്നതിന്‌ അവർക്കു പഠിക്കാൻ കഴിയുമായിരുന്നു. സ്രഷ്ടാവിനെ ആരാധിക്കേണ്ടത്‌ എങ്ങനെ ആണെന്നും അവനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്‌നേഹിക്കുന്നത്‌ എത്ര പ്രധാനമാണെന്നും പഠിക്കാൻ കഴിയുമായിരുന്നു. (മർക്കൊസ്‌ 12:30; യോഹന്നാൻ 4:24; യാക്കോബ്‌ 1:27) മാത്രമല്ല, ‘ന്യായം പ്രവർത്തിപ്പാനും ദയാതല്‌പരർ ആയിരിപ്പാനും ദൈവത്തിന്റെ സന്നിധിയിൽ താഴ്‌മയോടെ നടപ്പാനും’ അവരെ പരിശീലിപ്പിക്കാൻ കഴിയുമായിരുന്നു. (മീഖാ 6:8) എന്നിരുന്നാലും, പാപികളായിത്തീർന്നതിനാൽ ആത്മീയമായി കരുത്തുറ്റ ഒരു കുടുംബം വാർത്തെടുക്കുന്നതിന്‌ അവർ അതീവ ശ്രദ്ധ നൽകണമായിരുന്നു.

സമയം വിലയ്‌ക്കു വാങ്ങുക

3. ക്രിസ്‌തീയ മക്കളെ വളർത്താൻ മാതാപിതാക്കൾക്ക്‌ എങ്ങനെ ‘സമയം വിലയ്‌ക്കു വാങ്ങാൻ’ കഴിയും?

3 നാം ജീവിക്കുന്ന സങ്കീർണവും ദുർഘടവുമായ ഈ നാളുകളിൽ, “യഹോവയെ സ്‌നേഹിക്കുന്ന”വരും യഥാർഥത്തിൽ “ദോഷത്തെ വെറു”ക്കുന്നവരും ആയി കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ കഠിനശ്രമം ആവശ്യമാണ്‌. (സങ്കീർത്തനം 97:10) ജ്ഞാനികളായ മാതാപിതാക്കൾ വെല്ലുവിളി നിറഞ്ഞ ഈ ചുമതല നിർവഹിക്കാൻ ‘സമയം വിലയ്‌ക്കു വാങ്ങും.’ (എഫെസ്യർ 5:15-17, NW) നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, ഇത്‌ എങ്ങനെ ചെയ്യാൻ കഴിയും? ഒന്നാമതായി, കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ”ക്കു ശ്രദ്ധ കൊടുത്തുകൊണ്ട്‌ മുൻഗണനകൾ വെക്കാൻ കഴിയും. (ഫിലിപ്പിയർ 1:10, 11, NW) രണ്ടാമതായി, നിങ്ങളുടെ ജീവിതം ലളിതമാക്കുക. അത്യാവശ്യമില്ലാത്ത പ്രവർത്തനങ്ങൾ നിങ്ങൾ ഒഴിവാക്കേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ, പരിപാലിക്കാൻ വളരെയധികം സമയം ആവശ്യമായിരിക്കുന്ന അനാവശ്യ വസ്‌തുവകകൾ ഒരുപക്ഷേ വേണ്ടെന്നു വെക്കേണ്ടതുണ്ടായിരിക്കാം. ദൈവഭയമുള്ള മക്കളെ വളർത്തുന്നതിന്‌ ആവശ്യമായ ശ്രമം ചെലുത്തിയതിൽ ക്രിസ്‌തീയ മാതാപിതാക്കളായ നിങ്ങൾക്ക്‌ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല.​—⁠സദൃശവാക്യങ്ങൾ 29:15, 17.

4. കുടുംബത്തിൽ എങ്ങനെ ഐക്യം നിലനിറുത്താനാകും?

4 നിങ്ങളുടെ മക്കളോടൊത്ത്‌ സമയം ചെലവഴിക്കുന്നത്‌, പ്രത്യേകിച്ചും ആത്മീയ കാര്യങ്ങളെ കേന്ദ്രീകരിച്ച്‌ ആയിരിക്കുമ്പോൾ, അത്‌ വളരെ മൂല്യമുള്ളതും കുടുംബത്തിന്റെ ഐക്യം നിലനിറുത്താൻ സഹായിക്കുന്ന ഏറ്റവും മികച്ച സംഗതികളിൽ ഒന്നുമാണ്‌. എന്നാൽ, നടക്കുമ്പോൾ നടക്കട്ടെ എന്നു വിചാരിച്ച്‌ തള്ളിക്കളയാവുന്ന ഒന്നല്ല ഇത്‌. ഒരുമിച്ചു ചെലവഴിക്കുന്നതിന്‌ പ്രത്യേക സമയം പട്ടികപ്പെടുത്തുക. ഓരോരുത്തരും സ്വന്തം കാര്യങ്ങൾ ചെയ്‌തുകൊണ്ട്‌ ഒരു വീട്ടിൽ ആയിരിക്കുക എന്നല്ല ഇതിന്റെ അർഥം. കുട്ടികൾക്കു ദിവസവും വ്യക്തിപരമായ ശ്രദ്ധ ലഭിക്കുമ്പോൾ അവർ ഏറ്റവും നന്നായി അഭിവൃദ്ധി പ്രാപിക്കുന്നു. സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്ന കാര്യത്തിൽ പിശുക്ക്‌ കാണിക്കരുത്‌. കുട്ടികൾ വേണമെന്നു തീരുമാനിക്കുന്നതിനു മുമ്പുതന്നെ ദമ്പതികൾ ഈ സുപ്രധാന ഉത്തരവാദിത്വത്തെ കുറിച്ചു ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്‌. (ലൂക്കൊസ്‌ 14:28) അപ്പോൾ കുട്ടികളെ വളർത്തുന്നത്‌ ഒരു മുഷിപ്പൻ ജോലിയായി അവർക്കു തോന്നുകയില്ല. മറിച്ച്‌, ഒരു അനുഗൃഹീത പദവിയായി അവർ അതിനെ വീക്ഷിക്കും.​—⁠ഉല്‌പത്തി 33:5; സങ്കീർത്തനം 127:⁠3.

വാക്കിനാലും മാതൃകയാലും അവരെ പഠിപ്പിക്കുക

5. (എ) യഹോവയെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പിക്കണമെങ്കിൽ മാതാപിതാക്കൾക്കുതന്നെ എന്ത്‌ ഉണ്ടായിരിക്കണം? (ബി) ആവർത്തനപുസ്‌തകം 6:5-7-ൽ മാതാപിതാക്കൾക്ക്‌ എന്തു ബുദ്ധിയുപദേശം നൽകിയിരിക്കുന്നു?

5 യഹോവയെ സ്‌നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കണമെങ്കിൽ ആദ്യം നിങ്ങൾക്കുതന്നെ അവനോടു സ്‌നേഹം ഉണ്ടായിരിക്കണം. ദൈവത്തോടു ശക്തമായ സ്‌നേഹം ഉണ്ടെങ്കിൽ, അവന്റെ എല്ലാ മാർഗനിർദേശങ്ങളും വിശ്വസ്‌തമായി പിൻപറ്റാൻ നിങ്ങൾ പ്രേരിതരാകും. കുട്ടികളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും” വളർത്തിക്കൊണ്ടു വരുന്നത്‌ ഇതിൽ ഉൾപ്പെടുന്നു. (എഫെസ്യർ 6:​4, NW) മാതാപിതാക്കൾ കുട്ടികൾക്കു മാതൃക വെക്കാനും അവരുമായി ആശയവിനിമയം നടത്താനും അവരെ പഠിപ്പിക്കാനും ദൈവം ഉപദേശിക്കുന്നു. ആവർത്തനപുസ്‌തകം 6:5-7 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” കൂടെക്കൂടെ പ്രബോധനം നൽകിക്കൊണ്ടും കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടും നിങ്ങളുടെ മക്കളിൽ ദൈവത്തിന്റെ കൽപ്പനകൾ ഉൾനടാൻ കഴിയും. അങ്ങനെ യഹോവയോട്‌ നിങ്ങൾക്കുള്ള സ്‌നേഹം നിങ്ങളുടെ മക്കൾ തിരിച്ചറിയുകയും അവനുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ അത്‌ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.​—⁠സദൃശവാക്യങ്ങൾ 20:⁠7.

6. കുട്ടികൾ മാതൃക കണ്ട്‌ പഠിക്കുന്നു എന്ന വസ്‌തുതയെ മാതാപിതാക്കൾക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും?

6 കുട്ടികൾ പഠിക്കാൻ ഉത്സാഹമുള്ളവരാണ്‌. ശ്രദ്ധിക്കുന്നതിലും നിരീക്ഷിക്കുന്നതിലും മിടുക്കരായ അവർ നിങ്ങളുടെ മാതൃക പെട്ടെന്ന്‌ അനുകരിക്കാൻ ചായ്‌വുള്ളവരുമാണ്‌. നിങ്ങൾ ഭൗതികത്വ ചിന്താഗതിക്കാർ അല്ലെന്ന്‌ അവർ കാണുമ്പോൾ, യേശുവിന്റെ ബുദ്ധിയുപദേശം പിൻപറ്റാൻ അത്‌ അവർക്ക്‌ ഒരു പ്രോത്സാഹനം ആയിരിക്കും. ഭൗതിക കാര്യങ്ങളെ കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടാതിരിക്കാനും ‘മുമ്പെ ദൈവരാജ്യം’ അന്വേഷിക്കാനും നിങ്ങൾ അവരെ പഠിപ്പിക്കുന്നു. (മത്തായി 6:25-33) ബൈബിൾ സത്യം, ദൈവസഭ, നിയമിത മൂപ്പന്മാർ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച്‌ ആരോഗ്യാവഹവും പരിപുഷ്ടിപ്പെടുത്തുന്നതുമായ വിധത്തിൽ സംസാരിക്കുമ്പോൾ യഹോവയെ ആദരിക്കാനും അവൻ നൽകുന്ന ആത്മീയ കരുതലുകൾ വിലമതിക്കാനും നിങ്ങൾ കുട്ടികളെ പഠിപ്പിക്കുകയായിരിക്കും ചെയ്യുന്നത്‌. വൈരുധ്യങ്ങൾ പെട്ടെന്നു ശ്രദ്ധിക്കുന്നവരാണ്‌ കുട്ടികൾ. അതുകൊണ്ട്‌ പറയുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കേണ്ടത്‌ ആവശ്യമാണ്‌. ആത്മീയ കാര്യങ്ങളോട്‌ ആഴമായ വിലമതിപ്പ്‌ പ്രകടിപ്പിക്കുന്ന വിധത്തിൽ ആയിരിക്കണം നിങ്ങളുടെ പ്രവർത്തനവും മനോഭാവവും. തങ്ങളുടെ നല്ല മാതൃകയുടെ ഫലമായി കുട്ടികൾ യഹോവയോടു മുഴുഹൃദയാ ഉള്ള സ്‌നേഹം നട്ടുവളർത്തിയിരിക്കുന്നു എന്ന്‌ കാണുന്നത്‌ മാതാപിതാക്കൾക്ക്‌ എത്ര വലിയ അനുഗ്രഹമാണ്‌!​—⁠സദൃശവാക്യങ്ങൾ 23:24, 25.

7, 8. നന്നേ ചെറുപ്പത്തിലേ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ മൂല്യം ഏത്‌ അനുഭവം എടുത്തുകാട്ടുന്നു, വിജയത്തിന്റെ ബഹുമതി ആർക്കുള്ളതാണ്‌?

7 നന്നേ ചെറുപ്പത്തിലേ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ മൂല്യം വെനെസ്വേലയിൽ നിന്നുള്ള ഒരു അനുഭവത്തിൽനിന്നു കാണാം. (2 തിമൊഥെയൊസ്‌ 3:14) പയനിയർമാരായ ഫേലിക്‌സ്‌, മയെർലിൻ എന്ന യുവ ദമ്പതികൾക്കു ഫെലിറ്റോ എന്ന പുത്രൻ ജനിച്ചപ്പോൾ, യഹോവയുടെ ഒരു സത്യാരാധകനായി അവനെ വളർത്തിക്കൊണ്ടുവരുന്നതിൽ പരമാവധി ചെയ്യാൻ അവർ ഉത്സാഹിച്ചു. യഹോവയുടെ സാക്ഷികളുടെ ഒരു പ്രസിദ്ധീകരണമായ എന്റെ ബൈബിൾ കഥാ പുസ്‌തകത്തിൽനിന്ന്‌ മയെർലിൻ തന്റെ കുട്ടിക്ക്‌ ഉച്ചത്തിൽ വായിച്ചുകൊടുക്കാൻ തുടങ്ങി. നന്നേ ചെറുപ്പത്തിലേതന്നെ ഫെലിറ്റോ, ആ പുസ്‌തകത്തിൽ കൊടുത്തിരുന്ന മോശെയുടെയും മറ്റു വ്യക്തികളുടെയും ചിത്രങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരുന്നു.

8 കുഞ്ഞായിരിക്കുമ്പോഴേ, ഫെലിറ്റോ മറ്റുള്ളവരോടു സാക്ഷീകരിക്കാൻ തുടങ്ങി. ഒരു രാജ്യപ്രസാധകൻ ആയിത്തീരാനുള്ള തന്റെ ആഗ്രഹം നിറവേറ്റിയ അവൻ പിന്നീട്‌ സ്‌നാപനമേറ്റു. പിൽക്കാലത്ത്‌ അവൻ സാധാരണ പയനിയറിങ്ങും തുടങ്ങി. അവന്റെ മാതാപിതാക്കൾ പറയുന്നു: “ഞങ്ങളുടെ മകന്റെ പുരോഗതിക്ക്‌ ഞങ്ങൾ യഹോവയോടും അവൻ നൽകുന്ന പ്രബോധനത്തോടും കടപ്പെട്ടിരിക്കുന്നു.”

ആത്മീയമായി വളരാൻ കുട്ടികളെ സഹായിക്കുക

9. വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം മുഖാന്തരം നമുക്കു ലഭിക്കുന്ന ആത്മീയ പ്രബോധനത്തിനു നാം നന്ദിയുള്ളവർ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

9 കുട്ടികളെ എങ്ങനെ വളർത്താം എന്നതു സംബന്ധിച്ച്‌ ബുദ്ധിയുപദേശം നൽകുന്ന ഡസൻ കണക്കിനു മാസികകളും നൂറുകണക്കിനു പുസ്‌തകങ്ങളും ആയിരക്കണക്കിനു ഇന്റർനെറ്റ്‌ വെബ്‌ സൈറ്റുകളും ഉണ്ട്‌. പലപ്പോഴും ലഭിക്കുന്ന “ഈ വിവരങ്ങൾ പരസ്‌പരവിരുദ്ധങ്ങൾ ആണ്‌,” കുട്ടികളെ കുറിച്ചുള്ള ഒരു പ്രത്യേക ലക്കത്തിൽ ന്യൂസ്‌വീക്ക്‌ മാസിക പറയുന്നു. “ആശ്രയയോഗ്യമെന്നു നിങ്ങൾ കരുതുന്ന വിവരങ്ങൾ തീർത്തും തെറ്റാണെന്നു തെളിയുമ്പോഴാണ്‌ ഏറെ ആശയക്കുഴപ്പം.” കുടുംബങ്ങളുടെ പ്രബോധനത്തിനും ആത്മീയ വികാസത്തിനും യഹോവ സമൃദ്ധമായി കരുതൽ ചെയ്‌തിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌! വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം മുഖാന്തരം ദൈവം പ്രദാനം ചെയ്യുന്ന എല്ലാ കരുതലുകളും നിങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുന്നുണ്ടോ?​—⁠മത്തായി 24:45-47, NW.

10. ഫലപ്രദമായ ഒരു കുടുംബ ബൈബിൾ അധ്യയനം മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

10 പിരിമുറുക്കമില്ലാത്ത ഒരു അന്തരീക്ഷത്തിൽ നടത്തുന്ന പതിവായ ഒരു കുടുംബ ബൈബിൾ അധ്യയനമാണ്‌ വളരെ പ്രധാനപ്പെട്ട ഒരു സംഗതി. അതു പ്രബോധനാത്മകവും ആസ്വാദ്യവും പ്രോത്സാഹജനകവും ആക്കുന്നതിന്‌ നല്ല തയ്യാറാകൽ ആവശ്യമാണ്‌. ഉള്ളു തുറന്നു സംസാരിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തുകൊണ്ട്‌ മാതാപിതാക്കൾക്ക്‌ കുട്ടികളുടെ മനസ്സിലും ഹൃദയങ്ങളിലും ഉള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. കുടുംബ അധ്യയനം എത്ര ഫലപ്രദമാണ്‌ എന്ന്‌ അറിയുന്നതിനുള്ള ഒരു മാർഗം, കുടുംബത്തിലെ എല്ലാവർക്കും അതു സംബന്ധിച്ച്‌ ആകാംക്ഷ ഉണ്ടോ എന്നു നോക്കുന്നതാണ്‌.

11. (എ) ഏതു ലക്ഷ്യങ്ങൾ വെക്കാൻ മാതാപിതാക്കൾക്കു മക്കളെ സഹായിക്കാവുന്നതാണ്‌? (ബി) ജപ്പാനിലെ ഒരു പെൺകുട്ടി തന്റെ ലക്ഷ്യത്തിനു ചേർച്ചയിൽ പ്രവർത്തിച്ചതിന്റെ ഫലം എന്തായിരുന്നു?

11 ആത്മീയമായി കരുത്തുറ്റ ഒരു കുടുംബം വാർത്തെടുക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ്‌ തിരുവെഴുത്ത്‌ അധിഷ്‌ഠിതമായ ലക്ഷ്യങ്ങൾ വെക്കുന്നത്‌. ഈ കാര്യത്തിൽ മാതാപിതാക്കൾ കുട്ടികളെ സഹായിക്കേണ്ടതുണ്ട്‌. ബൈബിളിന്റെ അനുദിന വായന, സുവാർത്തയുടെ ക്രമമുള്ള ഒരു പ്രസാധകനോ പ്രസാധികയോ ആയിത്തീരൽ, സമർപ്പണവും സ്‌നാപനവും എന്ന പടികളിലേക്കു പുരോഗമിക്കൽ തുടങ്ങിയവ ഉചിതമായ ലക്ഷ്യങ്ങളാണ്‌. പയനിയറിങ്ങോ ബെഥേൽ സേവനമോ മിഷനറി സേവനമോ പോലുള്ള മുഴുസമയ സേവനവും മറ്റു ലക്ഷ്യങ്ങൾ ആക്കാവുന്നതാണ്‌. പ്രാഥമിക വിദ്യാലയത്തിൽ ആയിരുന്നപ്പോൾ ജപ്പാനിലെ ആയൂമി എന്ന പെൺകുട്ടി തന്റെ ക്ലാസ്സിലുള്ള എല്ലാവരോടും സാക്ഷീകരിക്കാൻ ഒരു ലക്ഷ്യമിട്ടു. തന്റെ അധ്യാപികയുടെയും സഹപാഠികളുടെയും താത്‌പര്യം ഉണർത്തുന്നതിന്‌, നിരവധി ബൈബിൾ പ്രസിദ്ധീകരണങ്ങൾ ലൈബ്രറിയിൽ വെക്കാൻ അവൾ അനുമതി വാങ്ങി. തത്‌ഫലമായി, പ്രാഥമിക വിദ്യാലയത്തിൽ പഠിച്ച ആറു വർഷക്കാലം അവൾ 13 ബൈബിൾ അധ്യയനങ്ങൾ നടത്തുകയുണ്ടായി. ആ ബൈബിൾ വിദ്യാർഥികളിൽ ഒരാളും അവളുടെ വീട്ടിലെ മറ്റ്‌ അംഗങ്ങളും സ്‌നാപനമേറ്റ ക്രിസ്‌ത്യാനികൾ ആയിത്തീർന്നു.

12. ക്രിസ്‌തീയ യോഗങ്ങളിൽനിന്ന്‌ കുട്ടികൾക്ക്‌ എങ്ങനെ പരമാവധി പ്രയോജനം നേടാനാകും?

12 ആത്മീയമായി നല്ല ആരോഗ്യം ഉണ്ടായിരിക്കുന്നതിന്‌ പതിവായി യോഗങ്ങളിൽ സംബന്ധിക്കുന്നതും പ്രധാനമാണ്‌. ‘ചിലർ ചെയ്യുന്നതുപോലെ സഭായോഗങ്ങളെ ഉപേക്ഷിക്കാതിരിക്കാൻ’ പൗലൊസ്‌ അപ്പൊസ്‌തലൻ സഹവിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. നമുക്ക്‌ സഭായോഗങ്ങൾ ഉപേക്ഷിക്കാതിരിക്കാം. കാരണം, ക്രിസ്‌തീയ യോഗങ്ങളിൽ പതിവായി സംബന്ധിക്കുന്നതിനാൽ ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ പ്രയോജനം നേടാൻ കഴിയും. (എബ്രായർ 10:24, 25; ആവർത്തനപുസ്‌തകം 31:12) പരിപാടികൾക്കു ദത്ത ശ്രദ്ധ നൽകാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌. യോഗങ്ങൾക്കു തയ്യാറാകുന്നതും വളരെ പ്രധാനമാണ്‌. കാരണം, ഉത്തരങ്ങൾ പറഞ്ഞുകൊണ്ട്‌ യോഗങ്ങളിൽ സജീവമായി പങ്കുപറ്റുമ്പോഴാണ്‌ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത്‌. ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം പറയുകയോ ഒരു ഖണ്ഡികയിലെ ചെറിയൊരു ഭാഗം വായിക്കുകയോ ചെയ്‌തുകൊണ്ട്‌ കൊച്ചുകുട്ടികൾക്കു തുടങ്ങാവുന്നതാണ്‌. എന്നാൽ തനിയെ ഉത്തരങ്ങൾ കണ്ടെത്തി അവ സ്വന്തം വാക്കുകളിൽ പറയാൻ അവർക്കു പരിശീലനം നൽകുന്നതായിരിക്കും ഏറ്റവും പ്രയോജനം ചെയ്യുന്നത്‌. മാതാപിതാക്കളേ, പതിവായി അർഥവത്തായ ഉത്തരങ്ങൾ പറഞ്ഞുകൊണ്ട്‌ നിങ്ങൾതന്നെ മാതൃക വെക്കുന്നുവോ? കുടുംബത്തിലെ ഓരോ അംഗത്തിനും ബൈബിളും പാട്ടുപുസ്‌തകവും തിരുവെഴുത്തു ചർച്ചയ്‌ക്ക്‌ ഉപയോഗിക്കുന്ന പ്രസിദ്ധീകരണത്തിന്റെ പ്രതിയും ഉണ്ടായിരിക്കുന്നതും നല്ലതാണ്‌.

13, 14. (എ) മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടൊത്തു ശുശ്രൂഷയിൽ പ്രവർത്തിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) വയൽശുശ്രൂഷ കുട്ടികൾക്കു പ്രയോജനപ്രദവും സന്തോഷകരവും ആക്കിത്തീർക്കാൻ എന്തു സഹായിക്കും?

13 സുവാർത്താ പ്രസംഗം ജീവിതത്തിന്റെ ഒരു മുഖ്യ ഭാഗം ആക്കിത്തീർക്കാൻ സഹായിച്ചുകൊണ്ട്‌ ജ്ഞാനികളായ മാതാപിതാക്കൾ കുട്ടികളുടെ പ്രസരിപ്പും ഊർജവും യഹോവയുടെ സേവനത്തിലേക്കു തിരിച്ചുവിടും. (എബ്രായർ 13:15) “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത” ശുശ്രൂഷകർ ആയിത്തീരാൻ ആവശ്യമായ പരിശീലനം കുട്ടികൾക്കു ലഭിക്കുന്നുവെന്ന്‌ ഉറപ്പു വരുത്താൻ മാതാപിതാക്കൾ ശുശ്രൂഷയിൽ അവരോടൊത്തു പ്രവർത്തിക്കേണ്ടത്‌ ആവശ്യമാണ്‌. (2 തിമൊഥെയൊസ്‌ 2:15) അപ്പോൾ നിങ്ങളുടെ കാര്യമോ? നിങ്ങൾക്കു കുട്ടികൾ ഉണ്ടെങ്കിൽ വയൽസേവനത്തിനു വേണ്ടി ഒരുങ്ങാൻ നിങ്ങൾ അവരെ സഹായിക്കുന്നുണ്ടോ? അങ്ങനെ ചെയ്യുന്നത്‌ ശുശ്രൂഷ സന്തോഷകരവും അർഥവത്തും ഫലപ്രദവും ആക്കാൻ അവരെ സഹായിക്കും.

14 മാതാപിതാക്കളും മക്കളും ശുശ്രൂഷയിൽ ഒന്നിച്ചു പ്രവർത്തിക്കുന്നത്‌ പ്രയോജനകരം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌? അങ്ങനെ ചെയ്യുമ്പോൾ കുട്ടികൾക്ക്‌ മാതാപിതാക്കളുടെ നല്ല മാതൃക കാണാനും അനുകരിക്കാനും സാധിക്കും. അതേസമയം, മാതാപിതാക്കൾക്ക്‌ തങ്ങളുടെ കുട്ടികളുടെ മനോഭാവവും പെരുമാറ്റവും കഴിവും നിരീക്ഷിക്കാനും സാധിക്കും. ശുശ്രൂഷയുടെ വിവിധ മണ്ഡലങ്ങളിൽ നിങ്ങൾ കുട്ടികളെ കൂടെ കൊണ്ടുപോകുന്നു എന്ന്‌ ഉറപ്പു വരുത്തുക. സാധ്യമെങ്കിൽ, ഓരോ കുട്ടിക്കും ഒരു സാക്ഷീകരണ ബാഗ്‌ ഉണ്ടായിരിക്കണം. അതു വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കാൻ അവരെ പഠിപ്പിക്കുകയും വേണം. തുടർച്ചയായ പരിശീലനവും പ്രോത്സാഹനവും നൽകിക്കൊണ്ട്‌ ശുശ്രൂഷയോടു യഥാർഥ വിലമതിപ്പ്‌ വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കാനാകും. അപ്പോൾ ദൈവത്തോടും അയൽക്കാരനോടും സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമായി കുട്ടികൾ പ്രസംഗപ്രവർത്തനത്തെ കാണും.​—⁠മത്തായി 22:37-39; 28:​19, 20.

ആത്മീയത കാത്തുസൂക്ഷിക്കുക

15. കുടുംബത്തിന്റെ ആത്മീയത കാത്തുസൂക്ഷിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നതിനാൽ, അതു ചെയ്യുന്നതിനുള്ള ചില മാർഗങ്ങൾ ഏവ?

15 കുടുംബത്തിന്റെ ആത്മീയത കാത്തുസൂക്ഷിക്കുന്നത്‌ വളരെ പ്രധാനമാണ്‌. (സങ്കീർത്തനം 119:93) ലഭിക്കുന്ന ഏത്‌ അവസരത്തിലും നിങ്ങളുടെ കുടുംബത്തോടൊത്ത്‌ ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ്‌ അതിനുള്ള ഒരു മാർഗം. നിങ്ങൾ അവരുമായി ദിനവാക്യം ചർച്ച ചെയ്യാറുണ്ടോ? നിങ്ങൾ ‘വഴിനടക്കുമ്പോൾ’ വയൽസേവന അനുഭവങ്ങളോ ഏറ്റവും പുതിയ വീക്ഷാഗോപുരത്തിലെയും ഉണരുക!യിലെയും ആശയങ്ങളോ അവരുമായി പങ്കുവെക്കുന്ന രീതിയുണ്ടോ? ഓരോ ദിവസവും നിങ്ങൾ “കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും” ജീവനെയും യഹോവ നൽകുന്ന സമൃദ്ധമായ ദാനങ്ങളെയും പ്രതി നിങ്ങൾ അവനു നന്ദി കരേറ്റുന്നുവോ? (ആവർത്തനപുസ്‌തകം 6:6-9) നിങ്ങൾ ചെയ്യുന്ന സകലത്തിലും ദൈവത്തോടുള്ള സ്‌നേഹം പ്രതിഫലിച്ചു കാണുമ്പോൾ, സത്യം തങ്ങളുടെ സ്വന്തമാക്കാൻ അത്‌ കുട്ടികളെ സഹായിക്കും.

16. സ്വന്തമായി ഗവേഷണം ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മൂല്യമെന്ത്‌?

16 ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ദുഷ്‌കര സാഹചര്യങ്ങളെയോ പ്രശ്‌നങ്ങളെയോ തരണം ചെയ്യാൻ ചിലപ്പോൾ കുട്ടികൾക്കു മാർഗനിർദേശം ആവശ്യമാണ്‌. എന്തു ചെയ്യണമെന്ന്‌ എപ്പോഴും പറഞ്ഞുകൊടുക്കുന്നതിനു പകരം, സ്വന്തമായി ഗവേഷണം ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ കാര്യങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം എങ്ങനെ കണ്ടെത്താമെന്ന്‌ എന്തുകൊണ്ട്‌ അവർക്കു കാണിച്ചുകൊടുത്തുകൂടാ? ‘വിശ്വസ്‌ത അടിമ’ മുഖാന്തരം ലഭിക്കുന്ന എല്ലാ ഉപകരണങ്ങളും പ്രസിദ്ധീകരണങ്ങളും നന്നായി ഉപയോഗിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നെങ്കിൽ, യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ അത്‌ അവരെ സഹായിക്കും. (1 ശമൂവേൽ 2:21ബി) ബൈബിളിൽ ഗവേഷണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങൾ അവർ കുടുംബത്തിലെ മറ്റ്‌ അംഗങ്ങളുമായി പങ്കുവെക്കുമ്പോൾ, കുടുംബത്തിന്റെ ആത്മീയത പിന്നെയും വർധിക്കുന്നു.

യഹോവയിൽ പൂർണമായി ആശ്രയിക്കുക

17. കുട്ടികളെ ക്രിസ്‌ത്യാനികളായി വളർത്തിക്കൊണ്ടുവരുന്ന കാര്യത്തിൽ, ഒറ്റയ്‌ക്കുള്ള ഒരു മാതാവോ പിതാവോ നിരാശപ്പെടരുതാത്തത്‌ എന്തുകൊണ്ട്‌?

17 മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ കാര്യമോ? കുട്ടികളെ വളർത്തുന്ന കാര്യത്തിൽ അവർ കൂടുതലായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഇണയുടെ സഹായമില്ലാതെ കുട്ടികളെ വളർത്തുന്ന മാതാപിതാക്കളേ, നിരുത്സാഹിതരാകാതിരിക്കുക! വിജയം സാധ്യമാണ്‌. ഇതേ സാഹചര്യത്തെ നേരിട്ടിട്ടുള്ള പലരും ദൈവത്തിൽ ആശ്രയിക്കുകയും അവന്റെ ബുദ്ധിയുപദേശം അനുസരണപൂർവം ബാധകമാക്കുകയും ചെയ്‌തുകൊണ്ട്‌ ആത്മീയമായി ബലിഷ്‌ഠരായ കുട്ടികളെ വളർത്തിക്കൊണ്ടു വന്നിരിക്കുന്നത്‌ അതിന്റെ തെളിവാണ്‌. (സദൃശവാക്യങ്ങൾ 22:6) ഇണയുടെ സഹായമില്ലാതെ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന ക്രിസ്‌ത്യാനികൾ തീർച്ചയായും യഹോവയിൽ പൂർണമായി ആശ്രയിക്കേണ്ടതുണ്ട്‌. അവൻ തങ്ങൾക്കു സഹായം നൽകുമെന്ന വിശ്വാസം അവർക്ക്‌ ഉണ്ടായിരിക്കണം.​—⁠സങ്കീർത്തനം 121:1-3.

18. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഏത്‌ ആവശ്യങ്ങൾക്കു മാതാപിതാക്കൾ ശ്രദ്ധ കൊടുക്കണം, എന്നാൽ എന്തിനായിരിക്കണം ഊന്നൽ നൽകേണ്ടത്‌?

18 ‘ചിരിപ്പാൻ ഒരു കാലമുണ്ട്‌, നൃത്തം ചെയ്‌വാൻ ഒരു കാലമുണ്ട്‌’ എന്ന്‌ ജ്ഞാനികളായ മാതാപിതാക്കൾ തിരിച്ചറിയുന്നു. (സഭാപ്രസംഗി 3:1, 4) ഒരു കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചയ്‌ക്ക്‌ ഒഴിവുവേളകളും സമനിലയോടു കൂടിയ ആരോഗ്യാവഹമായ വിനോദവും ആവശ്യമാണ്‌. കെട്ടുപണി ചെയ്യുന്ന സംഗീതം, പ്രത്യേകിച്ചും ദൈവത്തെ സ്‌തുതിക്കുന്ന ഗീതങ്ങളുടെ ആലാപനം, യഹോവയുമായുള്ള തന്റെ ബന്ധത്തെ ബലപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കാൻ കഴിയുന്ന ആരോഗ്യകരമായ മനോഭാവം വളർത്തിയെടുക്കാൻ ഒരു കുട്ടിയെ സഹായിക്കും. (കൊലൊസ്സ്യർ 3:16) ദൈവഭയമുള്ള ഒരു മുതിർന്ന വ്യക്തിയായി വളർന്നുവരാനുള്ള ഒരു സമയം കൂടിയാണ്‌ യൗവനം. അങ്ങനെ ചെയ്യുന്നതിന്റെ ഫലമായി പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കാൻ കഴിയും.​—⁠ഗലാത്യർ 6:⁠8.

19. കുട്ടികളെ വളർത്തുന്നതിലെ മാതാപിതാക്കളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമെന്ന്‌ അവർക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

19 എല്ലാ ക്രിസ്‌തീയ കുടുംബങ്ങളും ആത്മീയമായി കെട്ടുറപ്പും ഐക്യവും ഉള്ളതായി നിലകൊള്ളാൻ യഹോവ ആഗ്രഹിക്കുന്നു. നാം വാസ്‌തവമായും ദൈവത്തെ സ്‌നേഹിക്കുകയും അവന്റെ വചനം അനുസരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ, അവൻ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കുമെന്നു മാത്രമല്ല അവന്റെ നിശ്വസ്‌ത മാർഗനിർദേശം പിൻപറ്റാൻ ആവശ്യമായ ശക്തി നൽകുകയും ചെയ്യും. (യെശയ്യാവു 48:17; ഫിലിപ്പിയർ 4:13) കുട്ടികളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും നിങ്ങൾക്കുള്ള അവസരം പരിമിതമാണ്‌, അത്‌ ആവർത്തിക്കപ്പെടുകയില്ല എന്നോർക്കുക. ദൈവവചനത്തിലെ ബുദ്ധിയുപദേശം ബാധകമാക്കാൻ പരമാവധി ശ്രമിക്കുക. അപ്പോൾ ആത്മീയമായി കരുത്തുറ്റ ഒരു കുടുംബത്തെ വാർത്തെടുക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ തീർച്ചയായും അനുഗ്രഹിക്കും.

നാം എന്തു പഠിച്ചു?

• കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ സമയം വിലയ്‌ക്കു വാങ്ങുന്നത്‌ വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• മാതാപിതാക്കൾ നല്ല മാതൃക വെക്കേണ്ടത്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ആത്മീയമായി വളരാൻ കുട്ടികളെ സഹായിക്കുന്നതിനുള്ള ചില സുപ്രധാന മാർഗങ്ങൾ ഏവ?

• ഒരു കുടുംബത്തിന്റെ ആത്മീയത എങ്ങനെ കാത്തുസൂക്ഷിക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[24, 25 പേജിലെ ചിത്രങ്ങൾ]

ആത്മീയമായി ശക്തമായ കുടുംബങ്ങൾ പതിവായി ദൈവവചനം പഠിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ശുശ്രൂഷയിൽ ഒരുമിച്ച്‌ പങ്കെടുക്കുകയും ചെയ്യുന്നു