വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘കാണ്മിൻ! മഹാപുരുഷാരം!’

‘കാണ്മിൻ! മഹാപുരുഷാരം!’

തികഞ്ഞവരും പൂർണ നിശ്ചയമുള്ളവരുമായി നിൽക്കുക

‘കാണ്മിൻ! മഹാപുരുഷാരം!’

ദശാബ്ദങ്ങളോളം യഹോവയുടെ ദാസന്മാരെ കുഴപ്പിച്ചിട്ടുള്ള ഒരു ചോദ്യമായിരുന്നു അത്‌. അതിന്‌ തിരുവെഴുത്തുപരമായ ഒരു ഉത്തരം കണ്ടെത്താൻ ദീർഘകാലമായി അവർ ശ്രമം നടത്തിയിരുന്നു. ഈ വിഷയം പല ചർച്ചകൾക്കും വഴിതെളിക്കുകയുമുണ്ടായി. ഒടുവിൽ അതിനു തിരുവെഴുത്തുപരമായ ഉത്തരം ലഭിച്ചു. 1935-ൽ വാഷിങ്‌ടൺ ഡി.സി.-യിൽ നടന്ന ഒരു കൺവെൻഷനിൽ സംബന്ധിച്ചവരെയെല്ലാം കോൾമയിർക്കൊള്ളിച്ച ഒന്നായിരുന്നു അത്‌.

ആ ചർച്ചകളുടെയെല്ലാം പൊതുവായ അടിസ്ഥാനം ഈ ചോദ്യമായിരുന്നു: വെളിപ്പാടു 7:​9-ൽ പരാമർശിച്ചിരിക്കുന്ന “മഹാപുരുഷാരം” ആരാണ്‌? വിശ്വാസികളുടെ ഈ കൂട്ടത്തിന്‌ ഒരു സ്വർഗീയ ജീവിതം ആയിരിക്കുമോ ലഭിക്കുക?

ദീർഘകാലമായുള്ള ഒരു ചോദ്യം

അപ്പൊസ്‌തലനായ യോഹന്നാന്റെ കാലം മുതൽ നമ്മുടെ നാളുകൾ വരെ “മഹാപുരുഷാരം” ആരാണ്‌ എന്നതു സംബന്ധിച്ച്‌ ക്രിസ്‌ത്യാനികൾക്ക്‌ വ്യക്തമായ ധാരണയില്ലായിരുന്നു. മഹാപുരുഷാരം ഒരു ഉപസ്വർഗീയ വർഗം ആണെന്ന വീക്ഷണമാണ്‌ ബൈബിൾ വിദ്യാർഥികൾക്ക്‌ ഉണ്ടായിരുന്നത്‌, അതായത്‌ ബൈബിൾ സത്യം അറിയാമെങ്കിലും അത്‌ പ്രചരിപ്പിക്കുന്നതിൽ കാര്യമായൊന്നും പ്രവർത്തിക്കാത്ത ഒരു വർഗമായി അവർ അവരെ വീക്ഷിച്ചുപോന്നു.

എങ്കിലും, അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ചില സഹകാരികൾ സുവാർത്ത പ്രസംഗിക്കുന്നതിൽ വളരെ തീക്ഷ്‌ണത പ്രകടമാക്കിയിരുന്നു. അവർക്കു സ്വർഗത്തിൽ പോകണമെന്ന യാതൊരു ആഗ്രഹവും ഇല്ലായിരുന്നുതാനും. വാസ്‌തവത്തിൽ അവരുടെ പ്രത്യാശ, 1918 മുതൽ 1922 വരെയുള്ള കാലഘട്ടത്തിൽ യഹോവയുടെ സാക്ഷികൾ നടത്തിയ “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന പരസ്യപ്രസംഗത്തോടു ചേർച്ചയിൽ ആയിരുന്നു. അത്തരം ആളുകൾക്കു ലഭിക്കുന്ന അനുഗ്രഹം ഭൂമിയിലെ നിത്യജീവൻ ആയിരിക്കുമായിരുന്നു.

1923 ഒക്‌ടോബർ 15 ലക്കം വീക്ഷാഗോപുരം കോലാടുകളെയും ചെമ്മരിയാടുകളെയും കുറിച്ചുള്ള യേശുവിന്റെ ഉപമ ചർച്ച ചെയ്‌തു. അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ചെമ്മരിയാടുകൾ ആത്മജനനം പ്രാപിച്ചവരെയല്ല, യേശുക്രിസ്‌തുവിനെ കർത്താവായി മനസ്സിൽ അംഗീകരിക്കുകയും അവന്റെ വാഴ്‌ചയിൻ കീഴിലെ നല്ല കാലത്തിനായി പ്രത്യാശയോടെ നോക്കിപ്പാർത്തിരിക്കുകയും ചെയ്യുന്ന ജനതകളിൽനിന്നുള്ള നീതിപ്രകൃതമുള്ള സകലരെയുമാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌.”​—⁠മത്തായി 25:​31-46.

കൂടുതൽ പ്രകാശ കിരണങ്ങൾ

ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തൊന്നിൽ, സംസ്ഥാപനം (ഇംഗ്ലീഷ്‌) ഒന്നാം പുസ്‌തകം യെഹെസ്‌കേൽ 9-ാം അധ്യായം ചർച്ച ചെയ്യുകയും ലോകാവസാനത്തിങ്കൽ അതിജീവനത്തിനായി നെറ്റികളിൽ അടയാളമിടപ്പെട്ടവരെ യേശുവിന്റെ ഉപമയിലെ ചെമ്മരിയാടുകൾ ആയി തിരിച്ചറിയിക്കുകയും ചെയ്‌തു. വ്യാജാരാധകരെ വധിക്കുന്നതിൽ ഇസ്രായേലിന്റെ അഭിഷിക്ത രാജാവായ യേഹുവിന്റെ തീക്ഷ്‌ണത കാണാനായി അവന്റെയൊപ്പം രഥത്തിൽ കയറിപ്പോയ ഇസ്രായേല്യൻ അല്ലാഞ്ഞ യോനാദാബിന്റെ നേരുള്ള ഹൃദയനിലയെ കുറിച്ച്‌ സംസ്ഥാപനം മൂന്നാം പുസ്‌തകം (1932-ൽ പ്രസിദ്ധീകരിച്ചത്‌) ചർച്ച ചെയ്‌തു. (2 രാജാക്കന്മാർ 10:15-28) ആ പുസ്‌തകം ഇങ്ങനെ പറഞ്ഞു: “സാത്താന്റെ സംഘടനയോടു യോജിക്കാത്ത, നീതിയുടെ പക്ഷത്തു നിലകൊള്ളുന്ന, അർമഗെദോന്റെ സമയത്ത്‌ കർത്താവ്‌ സംരക്ഷിച്ച്‌ ഭൂമിയിലെ നിത്യജീവൻ നൽകി അനുഗ്രഹിക്കുന്ന ഒരു ജനവിഭാഗത്തെ യോനാദാബ്‌ പ്രതിനിധാനം ചെയ്‌തു, അഥവാ മുൻനിഴലാക്കി. ഇവരാണ്‌ ‘ചെമ്മരിയാടു’വർഗം.”

ഭൗമിക പ്രത്യാശയുള്ള ക്രിസ്‌ത്യാനികൾ തങ്ങളുടെ ജീവിതം യഹോവയ്‌ക്ക്‌ സമർപ്പിച്ച്‌ സ്‌നാപനമേൽക്കണമെന്ന്‌ 1934-ൽ വീക്ഷാഗോപുരം വ്യക്തമാക്കി. ഈ ഭൗമിക വർഗത്തെ കുറിച്ചുള്ള ഗ്രാഹ്യത്തിന്റെ വെളിച്ചം പൂർവാധികം ശോഭയോടെ പ്രകാശിക്കുകതന്നെ ചെയ്‌തു!​—⁠സദൃശവാക്യങ്ങൾ 4:18.

ഗ്രാഹ്യത്തിന്റെ ഉജ്ജ്വല ശോഭ

വെളിപ്പാടു 7:9-17 സംബന്ധിച്ച ഗ്രാഹ്യം അത്യുജ്ജ്വലമായി പ്രകാശിക്കാൻ സമയമായിരുന്നു. (സങ്കീർത്തനം 97:11) യു.എ⁠സ്‌.എ.-യിലെ വാഷിങ്‌ടൺ ഡി.സി.-യിൽ 1935 മേയ്‌ 30 മുതൽ ജൂൺ 3 വരെ നടത്താൻ പട്ടികപ്പെടുത്തിയിരുന്ന കൺവെൻഷൻ യോനാദാബിനാൽ ചിത്രീകരിക്കപ്പെട്ടവർക്ക്‌ “ഒരു യഥാർഥ ആശ്വാസവും പ്രയോജനവു”മായിരിക്കും എന്ന പ്രത്യാശ വീക്ഷാഗോപുരം പ്രകടിപ്പിച്ചു. അത്‌ അങ്ങനെതന്നെ ഭവിക്കുകയും ചെയ്‌തു!

ഇരുപതിനായിരത്തോളം വന്ന ഒരു സദസ്സിനു മുമ്പാകെ ജെ. എഫ്‌. റഥർഫോർഡ്‌ നടത്തിയ “മഹാപുരുഷാരം” എന്ന ഉജ്ജ്വലമായ ഒരു പ്രസംഗത്തിൽ അദ്ദേഹം വെളിപ്പാടു 7:​9-ലെ “മഹാപുരുഷാരം” ആധുനിക കാലത്തെ “വേറെ ആടുകൾ” തന്നെയാണ്‌ എന്നതിന്‌ തിരുവെഴുത്തുപരമായ തെളിവുകൾ അവതരിപ്പിച്ചു. (യോഹന്നാൻ 10:16) പ്രസംഗത്തിന്റെ ഒടുവിൽ പ്രസംഗകൻ ചോദിച്ചു: “ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്ന എല്ലാവർക്കും ദയവായി എഴുന്നേറ്റു നിൽക്കാമോ?” സദസ്സിൽ വലിയൊരു ഭാഗം എഴുന്നേറ്റു നിന്നപ്പോൾ റഥർഫോർഡ്‌ പ്രഖ്യാപിച്ചു: ‘കാണ്മിൻ! മഹാപുരുഷാരം!’ അൽപ്പനേരത്തെ നിശ്ശബ്ദതയ്‌ക്കു ശേഷം സദസ്യർ ഹർഷാരവം മുഴക്കി. പിറ്റേന്ന്‌ 840 പുതിയ സാക്ഷികൾ സ്‌നാപനമേറ്റു. അവരിൽ ഭൂരിപക്ഷവും തങ്ങൾ മഹാപുരുഷാരത്തിൽ പെട്ടവരാണെന്ന്‌ അവകാശപ്പെട്ടു.

ശ്രദ്ധേയമായ സാന്നിധ്യം

ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തഞ്ചിനു മുമ്പ്‌ ബൈബിൾ സന്ദേശത്തോടു പ്രതികരിച്ച, സുവാർത്ത പ്രസംഗിക്കുന്നതിൽ തീക്ഷ്‌ണത കാട്ടിയിരുന്ന നിരവധി ആളുകൾ പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള താത്‌പര്യം പ്രകടിപ്പിച്ചു. അവർക്ക്‌ സ്വർഗത്തിൽ പോകാനുള്ള ആഗ്രഹമില്ലായിരുന്നു. കാരണം, ദൈവം അവർക്ക്‌ സ്വർഗീയ ജീവന്റെ പ്രത്യാശ നൽകിയിരുന്നില്ല. അവർ തങ്ങളെത്തന്നെ വേറെ ആടുകളുടെ മഹാപുരുഷാരത്തിൽ പെട്ടവരാണെന്നു തിരിച്ചറിയിച്ചത്‌, 1935-ഓടെ 1,44,000 അഭിഷിക്ത ക്രിസ്‌ത്യാനികളുടെ വിളി ഫലത്തിൽ പൂർത്തിയായെന്ന്‌ സൂചിപ്പിച്ചു.​—⁠വെളിപ്പാടു 7:⁠4.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, മഹാപുരുഷാരത്തിന്റെ ഭാഗമായി ആളുകൾ കൂട്ടിച്ചേർക്കപ്പെടുന്നതു തടയാൻ പിശാചായ സാത്താൻ തീവ്രമായി ശ്രമിച്ചു. അനേക രാജ്യങ്ങളും രാജ്യ പ്രസംഗവേലയ്‌ക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആ ഇരുണ്ട ദിനങ്ങളിലും 1942-ൽ മരിക്കുന്നതിനു തൊട്ടു മുമ്പുള്ള സമയത്തും ജെ. എഫ്‌. റഥർഫോർഡ്‌ ഇപ്രകാരം അഭിപ്രായപ്പെട്ടു: “‘മഹാപുരുഷാരം’ ഇനിയും അധികം വർധിക്കുമെന്നു തോന്നുന്നില്ല.”

എങ്കിലും, ദൈവാനുഗ്രഹത്താൽ മറിച്ചാണു സംഭവിച്ചത്‌. ‘തികഞ്ഞവരും പൂർണ നിശ്ചയമുള്ളവരുമായി നിന്നു’കൊണ്ട്‌, അഭിഷിക്തരും അവരുടെ സഹകാരികളായ മഹാപുരുഷാരവും ശിഷ്യരെ ഉളവാക്കാനുള്ള നിയോഗം നിറവേറ്റിക്കൊണ്ടിരിക്കുന്നു. (കൊലൊസ്സ്യർ 4:12; മത്തായി 24:14; 28:​19, 20) 1946 ആയപ്പോഴേക്കും സുവാർത്ത പ്രസംഗിക്കുന്ന സാക്ഷികളുടെ എണ്ണം ലോകവ്യാപകമായി 1,76,456 ആയി വർധിച്ചു. അവരിൽ മിക്കവരും മഹാപുരുഷാരത്തിൽ പെട്ടവർ ആയിരുന്നു. 2000-ാം ആണ്ടിൽ 235 രാജ്യങ്ങളിലായി യഹോവയെ വിശ്വസ്‌തമായി സേവിക്കുന്ന 60 ലക്ഷത്തിലധികം സാക്ഷികൾ ഉണ്ടായിരുന്നു​—⁠തീർച്ചയായും ഒരു മഹാപുരുഷാരംതന്നെ! അവരുടെ എണ്ണമാകട്ടെ ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുന്നു.