വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ജ്ഞാനം മുഖാന്തരം നമ്മുടെ നാളുകൾ വർധിക്കും’

‘ജ്ഞാനം മുഖാന്തരം നമ്മുടെ നാളുകൾ വർധിക്കും’

‘ജ്ഞാനം മുഖാന്തരം നമ്മുടെ നാളുകൾ വർധിക്കും’

ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കാൻ ജ്ഞാനം കൂടിയേ തീരൂ എന്ന വസ്‌തുതയെ ആർക്കാണ്‌ നിഷേധിക്കാനാവുക? അറിവും ഗ്രാഹ്യവും ഉചിതമായി പ്രയോഗിക്കാനുള്ള പ്രാപ്‌തിയാണ്‌ യഥാർഥ ജ്ഞാനം. ഭോഷത്വം, മൂഢത, ബുദ്ധിശൂന്യത എന്നിവയ്‌ക്കു നേർവിപരീതമാണ്‌ അത്‌. അതുകൊണ്ട്‌ ജ്ഞാനം സമ്പാദിക്കാൻ തിരുവെഴുത്തുകൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 4:7) വാസ്‌തവത്തിൽ, സദൃശവാക്യങ്ങൾ എന്ന ബൈബിൾപുസ്‌തകം എഴുതപ്പെട്ടിരിക്കുന്നതിന്റെ മുഖ്യ ഉദ്ദേശ്യം തന്നെ ജ്ഞാനവും ശിക്ഷണവും നൽകുക എന്നതാണ്‌. അതിന്റെ പ്രാരംഭ വാക്കുകൾ പറയുന്നത്‌ ‘യിസ്രായേൽരാജാവായ ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ ജ്ഞാനവും പ്രബോധനവും [“ശിക്ഷണവും,” NW] പ്രാപിപ്പാൻ’ ഉള്ളതാണെന്നാണ്‌.​—⁠സദൃശവാക്യങ്ങൾ 1:1, 2.

സദൃശവാക്യങ്ങളുടെ ആദ്യ അധ്യായങ്ങളിൽ നിന്നുള്ള ഈടുറ്റ ചില ഉപദേശങ്ങൾ നമുക്കൊന്നു പരിചിന്തിക്കാം. സ്‌നേഹവാനായ ഒരു പിതാവ്‌ തന്റെ മകനെ ഉപദേശിക്കുന്നതുപോലെ, ശിക്ഷണം സ്വീകരിക്കാനും ജ്ഞാനത്തിനു ചെവി കൊടുക്കാനും ശലോമോൻ തന്റെ വായനക്കാരെ ഉദ്‌ബോധിപ്പിക്കുന്നു. (1-ഉം 2-ഉം അധ്യായങ്ങൾ) എങ്ങനെ യഹോവയുമായി ഒരു അടുത്ത ബന്ധം നട്ടുവളർത്താമെന്നും നമ്മുടെ ഹൃദയത്തെ കാത്തുകൊള്ളാമെന്നും അവൻ നമുക്കു കാണിച്ചുതരുന്നു. (3-ഉം 4-ഉം അധ്യായങ്ങൾ) ധാർമികശുദ്ധി ഉള്ളവരായി നിലകൊള്ളാൻ നമ്മെ പ്രബോധിപ്പിച്ചിരിക്കുന്നു. (5-ഉം 6-ഉം അധ്യായങ്ങൾ) ഒരു അധാർമിക വ്യക്തിയുടെ പ്രവർത്തനരീതികൾ തുറന്നുകാട്ടിയിരിക്കുന്നത്‌ നമ്മെ സംബന്ധിച്ചിടത്തോളം വളരെ മൂല്യവത്താണ്‌. (അധ്യായം 7) വ്യക്തിത്വം കൽപ്പിക്കപ്പെട്ടിരിക്കുന്ന ജ്ഞാനത്തിന്റെ ആത്മാർഥമായ അഭ്യർഥനകൾ ഏവർക്കും എത്ര ആകർഷകമാണ്‌! (അധ്യായം 8) തുടർന്നുള്ള അധ്യായങ്ങളിലെ അർഥസമ്പുഷ്ടമായ ഓരോ സദൃശവാക്യങ്ങളിലേക്കും കടക്കുന്നതിനു മുമ്പ്‌, ഇതുവരെ പറഞ്ഞ കാര്യങ്ങളുടെ പ്രോത്സാഹജനകമായ ഒരു സംഗ്രഹം ശലോമോൻ രാജാവ്‌ അവതരിപ്പിക്കുന്നു.​—⁠അധ്യായം 9.

‘വരുവിൻ, എന്റെ അപ്പം ഭക്ഷിക്കയും എന്റെ വീഞ്ഞു കുടിക്കയും ചെയ്‌വിൻ’

ഒമ്പതാം അധ്യായത്തിൽ സദൃശവാക്യങ്ങളുടെ ആദ്യ ഭാഗം അവസാനിപ്പിച്ചിരിക്കുന്നത്‌ മുൻ അധ്യായങ്ങളിലെ ഉപദേശങ്ങൾ കേവലം ആവർത്തിച്ചുകൊണ്ടുള്ള ഒരു മുഷിപ്പൻ സംഗ്രഹത്തോടെയല്ല. പിന്നെയോ, ജ്ഞാനമാർഗം പിൻപറ്റാൻ വായനക്കാരെ പ്രബോധിപ്പിക്കുന്ന മനോഹരവും ആവേശജനകവുമായ ഒരു ഉപമ അവതരിപ്പിച്ചുകൊണ്ടാണ്‌.

സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്‌തകത്തിന്റെ 9-ാം അധ്യായം പിൻവരുന്ന വാക്കുകളോടെ ആരംഭിക്കുന്നു: “ജ്ഞാനമായവൾ തനിക്കു ഒരു വീടു പണിതു; അതിന്നു ഏഴു തൂൺ തീർത്തു.” (സദൃശവാക്യങ്ങൾ 9:1) “ഏഴു തൂണുകൾ” എന്ന പ്രയോഗത്തെക്കുറിച്ച്‌ ഒരു പണ്ഡിതൻ അഭിപ്രായപ്പെടുന്നത്‌ “ഇരുവശങ്ങളിലും മുമ്മൂന്നു തൂണുകളും പ്രവേശന കവാടത്തിന്‌ എതിർഭാഗമായ മൂന്നാം വശത്തിന്റെ മധ്യത്തിലായി ഒരു തൂണും സഹിതം ഒരു മുറ്റത്തു പടുത്തുയർത്തിയിരിക്കുന്ന കൊട്ടാരത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌” എന്നാണ്‌. അതെന്തായിരുന്നാലും, യഥാർഥ ജ്ഞാനം നിർമിച്ചിരിക്കുന്ന വീട്‌ ധാരാളം അതിഥികളെ സ്വീകരിക്കാൻ മാത്രം നല്ല ഉറപ്പുള്ള ഒന്നാണ്‌.

സദ്യവട്ടങ്ങളെല്ലാം തയ്യാറായിരിക്കുന്നു. മാംസവും വീഞ്ഞും എല്ലാമുണ്ട്‌. സദ്യയൊരുക്കുന്നതിനും മേശ അലങ്കരിക്കുന്നതിനും ഒക്കെ ജ്ഞാനം വ്യക്തിപരമായ ശ്രദ്ധ നൽകിയിരിക്കുന്നു. “അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.” (സദൃശവാക്യങ്ങൾ 9:2) ശ്രദ്ധാപൂർവമായ പരിഗണന അർഹിക്കുന്ന, ഉണർവേകുന്ന ആത്മീയ ഭക്ഷണം ഈ ആലങ്കാരിക മേശയിൽ ലഭ്യമാണ്‌ എന്നതിനു സംശയമില്ല.​—⁠യെശയ്യാവു 55:1, 2.

യഥാർഥ ജ്ഞാനം ഒരുക്കിയിരിക്കുന്ന സദ്യക്ക്‌ ആരെയാണ്‌ ക്ഷണിക്കുന്നത്‌? “അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു: അല്‌പബുദ്ധിയായവൻ [“അനുഭവജ്ഞാനം കുറഞ്ഞവർ,” NW] ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നതു; വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‌വിൻ! ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ [“ഗ്രാഹ്യത്തിന്റെ,” NW] മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.”​—⁠സദൃശവാക്യങ്ങൾ 9:3-6.

ആളുകളെ ക്ഷണിക്കാൻ ജ്ഞാനം ദാസിമാരെ അയച്ചിരിക്കുന്നു. പരമാവധി ആളുകളെ ക്ഷണിക്കുക എന്ന ലക്ഷ്യത്തിൽ അവർ പൊതുസ്ഥലങ്ങളിലേക്കാണ്‌ പോയിരിക്കുന്നത്‌. “ബുദ്ധിഹീന”ർ അഥവാ ഗ്രാഹ്യമില്ലാത്തവർ, അനുഭവജ്ഞാനമില്ലാത്തവർ തുടങ്ങി എല്ലാവർക്കും ക്ഷണമുണ്ട്‌. (സദൃശവാക്യങ്ങൾ 9:4) ജീവന്റെ വാഗ്‌ദാനം അവർക്കു വെച്ചുനീട്ടിയിരിക്കുന്നു. തീർച്ചയായും, സദൃശവാക്യങ്ങളിലേത്‌ ഉൾപ്പെടെ ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം ഏവർക്കും ലഭ്യമാണ്‌. ഇന്ന്‌, യഥാർഥ ജ്ഞാനത്തിന്റെ സന്ദേശവാഹകർ എന്ന നിലയിൽ, കണ്ടുമുട്ടുന്ന ഏവർക്കും ബൈബിൾ പഠിക്കാനുള്ള ക്ഷണം വെച്ചുനീട്ടുന്നതിൽ യഹോവയുടെ സാക്ഷികൾ തിരക്കുള്ളവരാണ്‌. ഈ ജ്ഞാനം സമ്പാദിക്കുന്നത്‌ തീർച്ചയായും നിത്യജീവനിലേക്കു നയിക്കും.​—⁠യോഹന്നാൻ 17:⁠3.

ക്രിസ്‌ത്യാനികൾ ജ്ഞാനത്തിന്റെ ശിക്ഷണം താഴ്‌മയോടെ സ്വീകരിക്കേണ്ടതുണ്ട്‌. കുട്ടികളുടെയും യഹോവയെക്കുറിച്ച്‌ പുതുതായി പഠിക്കാൻ തുടങ്ങിയവരുടെയും കാര്യത്തിൽ ഇതു പ്രത്യേകിച്ചും ശരിയാണ്‌. ദൈവത്തിന്റെ വഴികളെക്കുറിച്ച്‌ കാര്യമായ അറിവ്‌ ഇല്ലാത്തതിനാൽ അവർ ‘ബുദ്ധിഹീനർ’ ആണെന്നു പറയാം. അതിന്റെ അർഥം അവരുടെ ആന്തരങ്ങളെല്ലാം മോശമാണെന്നല്ല, പിന്നെയോ അവരുടെ ഹൃദയങ്ങൾ യഥാർഥത്തിൽ യഹോവയെ പ്രസാദിപ്പിക്കുന്ന ഒരു അവസ്ഥയിലേക്കു കൊണ്ടുവരാൻ സമയവും ശ്രമവും ആവശ്യമാണെന്നാണ്‌. ഇതിനായി അവർ തങ്ങളുടെ ചിന്തകളും അഭിലാഷങ്ങളും വികാരങ്ങളും ജീവിതലക്ഷ്യങ്ങളും ദൈവഹിതത്തിനു ചേർച്ചയിൽ കൊണ്ടുവരേണ്ടതുണ്ട്‌. അവർ “വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്‌ഛി”ക്കേണ്ടത്‌ എത്ര ജീവത്‌പ്രധാനമാണ്‌.​—⁠1 പത്രൊസ്‌ 2:2, 3.

വാസ്‌തവത്തിൽ, നാമെല്ലാം “ആദ്യവചന”ത്തെക്കുറിച്ചുള്ള അറിവു നേടുന്നതിലുമേറെ പുരോഗമിക്കേണ്ടതല്ലേ? തീർച്ചയായും, നാം ‘ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങളിൽ’ താത്‌പര്യം നട്ടുവളർത്തുകയും പക്വതയുള്ളവർക്കു യോജിച്ച കട്ടിയായ ആഹാരത്തിൽനിന്നു പോഷണം നേടുകയും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. (എബ്രായർ 5:​12–​6:1; 1 കൊരിന്ത്യർ 2:10) യേശുക്രിസ്‌തുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൻ കീഴിലുള്ള “വിശ്വസ്‌തനും വിവേകിയുമായ അടിമ” ശുഷ്‌കാന്തിയോടെ എല്ലാവർക്കും കാലോചിത ആത്മീയഭക്ഷണം പ്രദാനം ചെയ്യുന്നു. (മത്തായി 24:45-47, NW) ദൈവത്തിന്റെ വചനവും അടിമവർഗം പ്രദാനം ചെയ്യുന്ന ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും ഉത്സാഹപൂർവം പഠിക്കുന്നതിലൂടെ നമുക്കും ജ്ഞാനത്തിന്റെ മേശയിൽ ഒരുക്കിയിരിക്കുന്ന വിരുന്നിൽ പങ്കുചേരാം.

‘പരിഹാസിയെ ശാസിക്കരുത്‌’

ജ്ഞാനത്തിന്റെ പഠിപ്പിക്കലുകളിൽ തിരുത്തലും ശാസനയും ഉൾപ്പെടുന്നു. ജ്ഞാനത്തിന്റെ ഈ സവിശേഷത എല്ലാവരുമൊന്നും സ്വാഗതം ചെയ്‌തെന്നു വരില്ല. അതുകൊണ്ടുതന്നെ, സദൃശവാക്യങ്ങളുടെ ആദ്യ ഒമ്പതു പുസ്‌തകങ്ങളുടെ സമാപനഭാഗത്ത്‌ ഒരു മുന്നറിയിപ്പു നൽകിയിരിക്കുന്നു: “പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന്നു കറ പററുന്നു. പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു.”​—⁠സദൃശവാക്യങ്ങൾ 9:7, 8എ.

പരിഹാസിയായ ഒരുവൻ, തന്റെ പാത നേരെയാക്കാൻ സഹായിക്കുന്നവരോട്‌ നീരസവും വെറുപ്പും വെച്ചുപുലർത്തുന്നു. ദുഷ്ടനായ ഒരു വ്യക്തിക്ക്‌ ശാസനയോടു വിലമതിപ്പുണ്ടായിരിക്കുകയില്ല. സത്യത്തെ വെറുക്കുന്ന അല്ലെങ്കിൽ അതിനെ പരിഹസിക്കാൻ മാത്രം ശ്രമിക്കുന്ന ഒരാളെ ദൈവവചനത്തിലെ മനോഹരമായ സത്യം പഠിപ്പിക്കാൻ ശ്രമിക്കുന്നത്‌ എന്തൊരു വിഡ്‌ഢിത്തമാണ്‌! പൗലൊസ്‌ അപ്പൊസ്‌തലൻ അന്ത്യോക്യയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന അവസരത്തിൽ, സത്യത്തോടു യാതൊരു സ്‌നേഹവുമില്ലാത്ത ഒരു സംഘം യഹൂദന്മാരെ കണ്ടുമുട്ടി. അവർ ദൈവദൂഷണം പറഞ്ഞുകൊണ്ട്‌ പൗലൊസിനെ എതിർക്കുകയും അവനെ തർക്കത്തിലേക്കു വലിച്ചിഴയ്‌ക്കാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ പൗലൊസ്‌ ഇത്ര മാത്രമേ പറഞ്ഞുള്ളൂ: “നിങ്ങൾ അതിനെ [ദൈവവചനത്തെ] തള്ളി നിങ്ങളെത്തന്നേ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.”​—⁠പ്രവൃത്തികൾ 13:45, 46.

ആത്മാർഥഹൃദയരായ ആളുകൾക്ക്‌ രാജ്യസുവാർത്ത എത്തിച്ചുകൊടുക്കാൻ യത്‌നിക്കവേ, പരിഹാസികളുമായുള്ള തർക്കങ്ങളിലും സംവാദങ്ങളിലും ഉൾപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കണം. യേശുക്രിസ്‌തു തന്റെ ശിഷ്യന്മാർക്ക്‌ ഈ നിർദേശം നൽകി: “വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ. വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.”​—⁠മത്തായി 10:12-14.

ശാസന ലഭിക്കുമ്പോൾ ജ്ഞാനിയായ ഒരുവന്റെ പ്രതികരണം ഒരു പരിഹാസിയുടേതിനു നേർവിപരീതമായിരിക്കും. ശലോമോൻ ഇങ്ങനെ പറയുന്നു: “ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്‌നേഹിക്കും. ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർദ്ധിക്കും.” (സദൃശവാക്യങ്ങൾ 9:8ബി, 9എ) “യാതൊരു ശിക്ഷണവും തത്‌കാലം സന്തോഷകരമല്ല, മറിച്ചു ദുഃഖകരമാണ്‌ എന്നു തോന്നും; എന്നുവരികിലും അതിനാൽ പരിശീലിപ്പിക്കപ്പെട്ടവർക്ക്‌ അതു പിന്നീടു നീതി എന്ന സമാധാനഫലം കൈവരുത്തും” എന്ന കാര്യം ജ്ഞാനിയായ ഒരു വ്യക്തിക്കറിയാം. (എബ്രായർ 12:​11, NW) ഒരു ബുദ്ധിയുപദേശം ലഭിക്കുമ്പോൾ അതു വേദനാജനകമായി തോന്നിയേക്കാമെങ്കിലും, അതു സ്വീകരിക്കുന്നതു നമ്മെ കൂടുതൽ ജ്ഞാനിയാക്കുമെങ്കിൽ പിന്നെ എന്തിന്‌ നാമതിനെ എതിർക്കുകയോ നിരാകരിക്കുകയോ ചെയ്യണം?

“നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും,” ജ്ഞാനിയായ രാജാവ്‌ തുടർന്നു പറയുന്നു. (സദൃശവാക്യങ്ങൾ 9:9ബി) പഠിക്കേണ്ട ആവശ്യമില്ലാത്ത വിധം ആരും വളരെയേറെ ജ്ഞാനമുള്ളവരോ പ്രായം കടന്നുപോയവരോ അല്ല. തങ്ങളുടെ ജീവിതസായാഹ്നത്തിൽ ആയിരിക്കുന്നവർപോലും സത്യം സ്വീകരിക്കുകയും യഹോവയ്‌ക്കു തങ്ങളുടെ ജീവിതം സമർപ്പിക്കുകയും ചെയ്യുന്നതു കാണുന്നത്‌ എത്ര പുളകപ്രദമാണ്‌! പഠിക്കാനും അങ്ങനെ നമ്മുടെ മനസ്സിനെ കർമനിരതമാക്കി നിറുത്താനും നമുക്കു സ്ഥിരപരിശ്രമം ചെയ്യാം.

“നിനക്കു ദീർഘായുസ്സു ഉണ്ടാകും”

പരിചിന്തിക്കുന്ന വിഷയത്തിന്റെ മുഖ്യ ആശയം ഊന്നിപ്പറഞ്ഞുകൊണ്ട്‌, ജ്ഞാനം നേടുന്നതിന്‌ അത്യന്താപേക്ഷിതമായ ഒരു നിബന്ധന ശലോമോൻ വെക്കുന്നു. അവൻ ഇങ്ങനെ എഴുതുന്നു: “യഹോവാഭക്തി [“യഹോവാഭയം,” NW] ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും [“ഗ്രാഹ്യവും,” NW] ആകുന്നു.” (സദൃശവാക്യങ്ങൾ 9:10) സത്യദൈവത്തോട്‌ ആഴവും ആദരപൂർവകവുമായ ഭയം ഇല്ലാതെ ദൈവികജ്ഞാനം ഉണ്ടായിരിക്കുകയില്ല. ഒരു വ്യക്തിക്ക്‌ ധാരാളം അറിവുണ്ടായിരിക്കാം. പക്ഷേ യഹോവാഭയം ഇല്ലെങ്കിൽ തന്റെ അറിവ്‌ സ്രഷ്ടാവിന്‌ ബഹുമതി കരേറ്റുന്ന വിധത്തിൽ ഉപയോഗിക്കുന്നതിൽ അയാൾ പരാജയപ്പെടും. അയാൾ വ്യക്തമായ വസ്‌തുതകളിൽനിന്നു തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുകയും അങ്ങനെ സ്വയം ഒരു വിഡ്‌ഢിയാക്കിത്തീർക്കുകയും ചെയ്‌തേക്കാം. എന്നാൽ അതിപരിശുദ്ധനായ യഹോവയെ കുറിച്ചുള്ള അറിവ്‌ ജ്ഞാനത്തിന്റെ ഒരു സവിശേഷഗുണമായ ഗ്രാഹ്യം നേടാൻ അനിവാര്യമാണ്‌.

ജ്ഞാനം നേടുന്നതുകൊണ്ടുള്ള ഫലങ്ങൾ എന്തൊക്കെയാണ്‌? (സദൃശവാക്യങ്ങൾ 8:12-21, 35) ഇസ്രായേലിന്റെ രാജാവ്‌ പറയുന്നു: “ഞാൻമുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സു ഉണ്ടാകും.” (സദൃശവാക്യങ്ങൾ 9:11) നാളുകൾ വർധിക്കുകയും ദീർഘായുസ്സ്‌ ഉണ്ടാവുകയും ചെയ്യും എന്നതാണ്‌ ജ്ഞാനവുമായി സഹവസിക്കുന്നതിന്റെ ഫലം. അതേ, “ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു.”​—⁠സഭാപ്രസംഗി 7:12.

ജ്ഞാനം സമ്പാദിക്കാൻ ശ്രമിക്കുന്നത്‌ നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്‌. ഈ വസ്‌തുതയ്‌ക്ക്‌ ഊന്നൽ നൽകിക്കൊണ്ട്‌ ശലോമോൻ ഇങ്ങനെ പറയുന്നു: “നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 9:12) ഒരുവൻ ജ്ഞാനിയാകുന്നെങ്കിൽ അതുകൊണ്ടുള്ള പ്രയോജനം അവനു തന്നെയാണ്‌. അതുപോലെ പരിഹാസിക്കുണ്ടാകുന്ന കഷ്ടപ്പാടുകൾക്ക്‌ അവൻ തന്നെയാണ്‌ ഉത്തരവാദി. വാസ്‌തവത്തിൽ, നാം വിതയ്‌ക്കുന്നതു തന്നേ കൊയ്യും. അതുകൊണ്ട്‌ നമുക്കു ‘ജ്ഞാനത്തിനു ശ്രദ്ധ’ കൊടുക്കാം.​—⁠സദൃശവാക്യങ്ങൾ 2:⁠1, NW.

“ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു”

ഇതിനു നേർവിപരീതമായി, ശലോമോൻ തുടർന്ന്‌ ഇങ്ങനെ പറയുന്നു: ‘ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല. തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു അവൾ പട്ടണത്തിലെ മേടകളിൽ തന്റെ വീട്ടുവാതില്‌ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. അല്‌പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ.’​—⁠സദൃശവാക്യങ്ങൾ 9:13-16എ.

ബഹളക്കാരിയും അച്ചടക്കമില്ലാത്തവളും വിഡ്‌ഢിയുമായ ഒരു സ്‌ത്രീയെയാണ്‌ ഭോഷത്വം കൊണ്ടു ചിത്രീകരിച്ചിരിക്കുന്നത്‌. അവളും ഒരു വീടു പണിതിരിക്കുന്നു. അനുഭവജ്ഞാനമില്ലാത്തവരെ ക്ഷണിക്കുക എന്ന ദൗത്യം അവൾതന്നെ ഏറ്റെടുത്തിരിക്കുകയാണ്‌. അതുകൊണ്ട്‌ അതിലെ കടന്നു പോകുന്നവരുടെ മുമ്പാകെ ഒരു തിരഞ്ഞെടുപ്പുണ്ട്‌. അവർ സ്വീകരിക്കുന്നത്‌ ജ്ഞാനത്തിന്റെ ക്ഷണമായിരിക്കുമോ അതോ ഭോഷത്വത്തിന്റെയോ?

‘മോഷ്ടിച്ച വെള്ളം മധുരം’ ആകുന്നു

ജ്ഞാനവും ഭോഷത്വവും കേൾവിക്കാരെ “ഇങ്ങോട്ടു വരട്ടെ” എന്നു പറഞ്ഞ്‌ ക്ഷണിക്കുന്നു. എന്നിരുന്നാലും, ഈ രണ്ടു ക്ഷണങ്ങളും വ്യത്യസ്‌തങ്ങളാണ്‌. വീഞ്ഞും മാംസവും അപ്പവും ഒക്കെ ഒരുക്കിയിരിക്കുന്ന ഒരു വിരുന്നിനാണ്‌ ജ്ഞാനം ആളുകളെ ക്ഷണിക്കുന്നത്‌. എന്നാൽ ഭോഷത്വം വെച്ചുനീട്ടുന്ന ക്ഷണമാകട്ടെ, ഒരു അധാർമിക സ്‌ത്രീയുടെ രീതികളെയാണ്‌ നമ്മെ ഓർമിപ്പിക്കുന്നത്‌. ശലോമോൻ പറയുന്നു: “ബുദ്ധിഹീനനോടോ അവൾ പറയുന്നതു; മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.”​—⁠സദൃശവാക്യങ്ങൾ 9:16ബി, 17.

കലർത്തിയ വീഞ്ഞിനു പകരം, മോഷ്ടിച്ച വെള്ളമാണ്‌ “ഭോഷത്വമായവൾ” വാഗ്‌ദാനം ചെയ്യുന്നത്‌. (സദൃശവാക്യങ്ങൾ 9:13) ഒരുവൻ തന്റെ പ്രിയങ്കരിയായ ഭാര്യയുമായി ലൈംഗികസുഖം ആസ്വദിക്കുന്നതിനെ നവോന്മേഷപ്രദമായ വെള്ളം കുടിക്കുന്നതിനോടാണ്‌ തിരുവെഴുത്തുകൾ ഉപമിക്കുന്നത്‌. (സദൃശവാക്യങ്ങൾ 5:15-17) അപ്പോൾ, മോഷ്ടിച്ച വെള്ളം സൂചിപ്പിക്കുന്നത്‌ രഹസ്യമായി ഏർപ്പെടുന്ന അധാർമിക ലൈംഗികബന്ധങ്ങളെയാണ്‌. അതു മോഷ്ടിച്ചിരിക്കുന്നതും മറച്ചുവെക്കപ്പെട്ടിരിക്കുന്നതും ആയതിനാൽ വീഞ്ഞിനെക്കാൾ മധുരമുള്ളതായി തോന്നിക്കുന്നു. കുത്സിത മാർഗത്തിലൂടെ നേടിയതായതിനാൽ ഒളിച്ചുതിന്നുന്ന അപ്പത്തിന്‌ ജ്ഞാനം പ്രദാനം ചെയ്യുന്ന അപ്പത്തെക്കാളും മാംസത്തെക്കാളും രുചിയുള്ളതായി തോന്നുന്നു. രഹസ്യമായതിനെയും വിലക്കപ്പെട്ടതിനെയും ആകർഷകമായി വീക്ഷിക്കുന്നത്‌ ഭോഷത്വത്തിന്റെ ലക്ഷണമാണ്‌.

ജ്ഞാനം വെച്ചുനീട്ടുന്ന ക്ഷണത്തിൽ ജീവന്റെ വാഗ്‌ദാനം ഉൾപ്പെടുമ്പോൾ, ഭോഷത്വമായവൾ തന്റെ വഴികൾ പിന്തുടരുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ യാതൊരു സൂചനയും നൽകുന്നില്ല. എന്നാൽ ശലോമോൻ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.” (സദൃശവാക്യങ്ങൾ 9:18) “ഭോഷത്വമായവളുടെ വീട്‌ ഒരു ഭവനമല്ല പിന്നെയോ ശവക്കല്ലറയാണ്‌” എന്ന്‌ ഒരു പണ്ഡിതൻ എഴുതുന്നു. “ഒരിക്കൽ നിങ്ങൾ അതിനുള്ളിൽ കടന്നാൽ ജീവനോടെ പുറത്തു വരില്ല.” ഒരു അധാർമിക ജീവിതരീതി ഒരിക്കലും ജ്ഞാനമായിരിക്കുകയില്ല, അതു മരണത്തിലേക്കു നയിക്കുന്നു.

യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” (മത്തായി 7:13, 14) നമുക്ക്‌ എല്ലായ്‌പോഴും ജ്ഞാനത്തിന്റെ മേശയിൽനിന്നു ഭക്ഷിക്കുകയും ജീവനിലേക്കു നയിക്കുന്ന പാതയിലൂടെ നടക്കുന്നവരോടു ചേർന്നു നടക്കുകയും ചെയ്യാം.

[31-ാം പേജിലെ ചിത്രം]

ജ്ഞാനിയായ വ്യക്തി തിരുത്തലുകൾ സ്വീകരിക്കുന്നു

[31-ാം പേജിലെ ചിത്രം]

ജ്ഞാനം സമ്പാദിക്കുക എന്നത്‌ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്‌