വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യന്റെ കഷ്ടപ്പാടുകൾ—ഒരു ആഗോള പ്രശ്‌നം

മനുഷ്യന്റെ കഷ്ടപ്പാടുകൾ—ഒരു ആഗോള പ്രശ്‌നം

മനുഷ്യന്റെ കഷ്ടപ്പാടുകൾ—ഒരു ആഗോള പ്രശ്‌നം

“ദൈവമേ നീ എന്തിനിതു ചെയ്‌തു?” ഏഷ്യാമൈനറിലെ വിനാശകമായ ഒരു ഭൂകമ്പത്തിനുശേഷം ഒരു പ്രമുഖ വർത്തമാനപ്പത്രത്തിന്റെ മുൻപേജിൽ വന്ന തലക്കെട്ടായിരുന്നു അത്‌. തകർന്നുവീണ സ്വന്തം വീടിനുള്ളിൽപ്പെട്ട്‌ പരിക്കേറ്റ പുത്രിയെ വെളിയിലേക്ക്‌ എടുത്തുകൊണ്ടു വരുന്ന സംഭ്രാന്തനായ ഒരു പിതാവിന്റെ ചിത്രവും ഒപ്പം ഉണ്ടായിരുന്നു.

യുദ്ധങ്ങൾ, ക്ഷാമങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിവിപത്തുകൾ എന്നിവയെല്ലാം കഠിനവേദനയ്‌ക്കും വളരെയധികം കണ്ണുനീരിനും അസംഖ്യം മരണങ്ങൾക്കും ഇടയാക്കിയിരിക്കുന്നു. മാത്രമല്ല ബലാത്‌സംഗം, ശിശുദ്രോഹം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്ക്‌ ഇരകളാകുന്നവരുടെ എണ്ണവും വർധിച്ചിരിക്കുന്നു. അപകടങ്ങൾമൂലം പരിക്കേൽക്കുകയും മരിക്കുകയും ചെയ്യുന്നവർ അനവധിയാണ്‌. കൂടാതെ, രോഗവും വാർധക്യവും ഉറ്റവരുടെ വേർപാടും നിമിത്തം ശതകോടിക്കണക്കിന്‌ ആളുകൾ മാനസികവ്യഥ അനുഭവിക്കുന്നു.

ഏറ്റവും കടുത്ത യാതനയ്‌ക്കു സാക്ഷ്യം വഹിച്ചത്‌ ഇരുപതാം നൂറ്റാണ്ടാണ്‌. 1914 മുതൽ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിൽ ഒരു കോടിയോളം സൈനികർക്കു ജീവഹാനി സംഭവിച്ചു. അത്രത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടുവെന്ന്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിലാകട്ടെ, ദശലക്ഷക്കണക്കിന്‌ നിസ്സഹായരായ സ്‌ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെ അഞ്ച്‌ കോടിയോളം സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിൽ ഉടനീളം വേറെയും കോടിക്കണക്കിനാളുകൾ നരഹത്യയ്‌ക്കും വിപ്ലവത്തിനും വംശീയ അക്രമത്തിനും വിശപ്പിനും ദാരിദ്ര്യത്തിനും ഇരകളായി. അത്തരം ‘ജനകീയ പ്രശ്‌നങ്ങളാൽ’ 18 കോടിയിലധികം ആളുകൾ മരിച്ചതായി ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്ര ഭൂപടം കണക്കാക്കുന്നു.

1918/19-ൽ പടർന്നുപിടിച്ച സ്‌പാനീഷ്‌ ഇൻഫ്‌ളുവൻസ രണ്ടു കോടി ആളുകളുടെ ജീവനൊടുക്കി. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളിൽ, എയ്‌ഡ്‌സ്‌ 1.9 കോടിയോളം പേരുടെ അന്തകനായി മാറി. 3.5 കോടിയോളം പേർ ഇപ്പോൾ എയ്‌ഡ്‌സ്‌ വൈറസ്‌ വാഹകരാണ്‌. മാതാപിതാക്കൾ എയ്‌ഡ്‌സ്‌ ബാധിച്ച്‌ മരിക്കുന്നതിന്റെ ഫലമായി ദശലക്ഷക്കണക്കിന്‌ കുട്ടികൾ അനാഥരാകുന്നു. ഗർഭസ്ഥാവസ്ഥയിൽ ആയിരിക്കെതന്നെ എയ്‌ഡ്‌സ്‌ പിടിപെട്ട്‌ മരിക്കുന്ന കുട്ടികളുടെ എണ്ണത്തിന്‌ ഒരു കൈയും കണക്കുമില്ല.

മറ്റു വിധങ്ങളിലും കുട്ടികൾക്കു കഷ്ടം നേരിടുന്നു. ഐക്യരാഷ്‌ട്ര ശിശുക്ഷേമ നിധി നൽകിയ (UNICEF) വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌, 1955-ന്റെ ഒടുവിൽ, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ഗാർഡിയൻ വീക്ക്‌ലി ഇങ്ങനെ പ്രസ്‌താവിച്ചു: “കഴിഞ്ഞ ദശാബ്ദത്തിലെ യുദ്ധങ്ങളിൽ 20 ലക്ഷം കുട്ടികൾ കൊല്ലപ്പെട്ടു, വേറെ 40-50 ലക്ഷം കുട്ടികൾ വികലാംഗരായി. 1.2 കോടി കുട്ടികൾ ഭവനരഹിതരായി, 10 ലക്ഷത്തിലധികം പേർ അനാഥരാകുകയോ മാതാപിതാക്കളിൽനിന്നു വേർപെടുത്തപ്പെടുകയോ ചെയ്‌തു. ഇനി, 1 കോടിയിലധികം കുട്ടികൾക്ക്‌ മാനസിക ആഘാതം നേരിട്ടു.” ഇതിനു പുറമേ, ലോകവ്യാപകമായി ഓരോ വർഷവും 4–5 കോടി ഗർഭച്ഛിദ്രങ്ങളും നടക്കുന്നതായി കണക്കാക്കപ്പെടുന്നു!

ഭാവി എന്തായിരിക്കും?

അനേകരും ഭാവിയെ വീക്ഷിക്കുന്നത്‌ ഭീതിയോടെയാണ്‌. ഒരു കൂട്ടം ശാസ്‌ത്രജ്ഞർ ഇങ്ങനെ പ്രസ്‌താവിച്ചു: “നാം മനസ്സിലാക്കുന്ന തരത്തിലുള്ള ജീവന്റെ നിലനിൽപ്പ്‌ അസാധ്യമാക്കത്തക്കവിധം മനുഷ്യന്റെ പ്രവർത്തനങ്ങൾ . . . ജീവലോകത്തെ മാറ്റിമറിക്കും.” അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇപ്പോൾ അഞ്ചിൽ ഒരാൾ ആവശ്യത്തിന്‌ ഭക്ഷണമില്ലാതെ കൊടും ദാരിദ്ര്യത്തിലാണ്‌, പത്തിൽ ഒരാൾ ഗുരുതരമായ വികലപോഷണത്തിന്റെ പിടിയിലാണ്‌.” “സംഭവിക്കാൻ പോകുന്നതിനെ കുറിച്ച്‌ മനുഷ്യവർഗത്തിന്‌ മുന്നറിയിപ്പു നൽകാൻ” അവർ ഈ അവസരം ഉപയോഗിച്ചു. തുടർന്ന്‌ അവർ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ അനുഭവിക്കുന്ന കൊടിയ ദുരിതം ഇല്ലാതാകുകയും ഈ ഗ്രഹത്തിലെ നമ്മുടെ ആഗോള ഭവനത്തിന്‌ അപരിഹാര്യമാംവിധം ഹാനി തട്ടാതിരിക്കുകയും ചെയ്യണമെങ്കിൽ നാം ഭൂമിയെയും അതിലെ ജീവജാലങ്ങളെയും കൈകാര്യം ചെയ്യുന്ന രീതി പാടേ മാറ്റിയേ തീരൂ.”

ദൈവം ഇത്രയധികം കഷ്ടതയും ദുഷ്ടതയും അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഈ അവസ്ഥയ്‌ക്ക്‌ അവൻ എപ്പോൾ, എങ്ങനെ ഒരു പരിഹാരം വരുത്തും?

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ, വീൽചെയർ: UN/DPI Photo 186410C by P.S. Sudhakaran; മധ്യത്തിൽ, വിശന്നുവലയുന്ന കുട്ടികൾ: WHO/OXFAM; താഴെ, എല്ലും തോലുമായ മനുഷ്യൻ: FAO photo/B. Imevbore