വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ദാനീയേൽ 9:​24-ൽ മുൻകൂട്ടി പറഞ്ഞ ‘അതിപരിശുദ്ധമായതിന്റെ’ അഭിഷേകം നടന്നത്‌ എപ്പോഴാണ്‌?

ദാനീയേൽ 9:​24-27 ‘അഭിഷിക്തനായ പ്രഭു’വിന്റെ അതായത്‌ മിശിഹായുടെ പ്രത്യക്ഷത സംബന്ധിച്ചുള്ള ഒരു പ്രവചനമാണ്‌. അപ്പോൾ, ഇവിടെ മുൻകൂട്ടി പറഞ്ഞിരിക്കുന്ന ‘അതിപരിശുദ്ധമായതിന്റെ’ അഭിഷേകം യെരൂശലേമിലെ ആലയത്തിന്റെ അതിവിശുദ്ധത്തെ അഭിഷേകം ചെയ്യുന്നതിനെ അല്ല പരാമർശിക്കുന്നത്‌. മറിച്ച്‌, ‘അതിപരിശുദ്ധം’ എന്ന പ്രയോഗം യഹോവയുടെ വലിയ ആത്മീയ ആലയത്തിലെ അവന്റെ സ്വർഗീയ വിശുദ്ധ മന്ദിരത്തെ​—⁠സ്വർഗീയ അതിവിശുദ്ധത്തെ​—⁠ആണു പരാമർശിക്കുന്നത്‌. *​—⁠എബ്രായർ 8:​1-5; 9:2-10, 23.

ദൈവത്തിന്റെ ആത്മീയ ആലയം പ്രവർത്തനം ആരംഭിച്ചത്‌ എപ്പോഴാണ്‌? പൊ.യു. 29-ൽ യേശു സ്‌നാപനമേറ്റപ്പോൾ നടന്നത്‌ എന്താണെന്നു പരിചിന്തിക്കുക. ആ സമയം മുതൽ യേശുവിൽ സങ്കീർത്തനം 40:​6-8-ന്‌ നിവൃത്തി ഉണ്ടായി. “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു” എന്ന്‌ യേശു ദൈവത്തോടുള്ള പ്രാർഥനയിൽ പറഞ്ഞതായി അപ്പൊസ്‌തലനായ പൗലൊസ്‌ പിന്നീടു സൂചിപ്പിച്ചു. (എബ്രായർ 10:⁠5) യെരൂശലേമിലെ ആലയത്തിൽ തുടർന്നും മൃഗബലികൾ നടത്തപ്പെടാൻ ദൈവം ‘ഇച്ഛിക്കുന്നില്ല’ എന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. പകരം, യാഗമായി അർപ്പിക്കാൻ യഹോവ യേശുവിന്‌ പൂർണതയുള്ള ഒരു മനുഷ്യ ശരീരം ഒരുക്കിയിരുന്നു. തന്റെ ഹൃദയാഭിലാഷം വെളിപ്പെടുത്തിക്കൊണ്ട്‌ യേശു ഇങ്ങനെ തുടർന്നു: “ഇതാ, ഞാൻ വരുന്നു; പുസ്‌തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു.” (എബ്രായർ 10:⁠7) യഹോവയുടെ പ്രതികരണം എന്തായിരുന്നു? മത്തായിയുടെ സുവിശേഷത്തിൽ നാം വായിക്കുന്നു: “യേശു സ്‌നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.”​—⁠മത്തായി 3:​16, 17.

യാഗാർപ്പണത്തിനായി യേശു തന്റെ ശരീരം സമർപ്പിച്ചപ്പോൾ ദൈവം അതു സ്വീകരിച്ചതിലൂടെ യെരൂശലേമിലെ ആലയത്തിൽ ഉണ്ടായിരുന്ന അക്ഷരീയ യാഗപീഠത്തെക്കാളും വലിയ ഒരു യാഗപീഠം നിലവിൽ വന്നെന്ന്‌ പ്രകടമാക്കപ്പെട്ടു. ഇത്‌ ദൈവത്തിന്റെ ‘ഇഷ്ടം’ ആകുന്ന യാഗപീഠം ആയിരുന്നു, അതായത്‌ ബലിയായി യേശുവിന്റെ മനുഷ്യ ജീവൻ സ്വീകരിക്കുന്നതിനുള്ള ഒരു ക്രമീകരണം. (എബ്രായർ 10:10) യേശുവിനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്‌തത്‌ ദൈവം ഇപ്പോൾ മുഴു ആത്മീയ ആലയക്രമീകരണവും പ്രവർത്തനപഥത്തിൽ കൊണ്ടുവന്നെന്ന്‌ അർഥമാക്കി. * അങ്ങനെ യേശുവിന്റെ സ്‌നാപന സമയത്ത്‌ ദൈവത്തിന്റെ സ്വർഗീയ വാസസ്ഥലം വലിയ ആത്മീയ ആലയ ക്രമീകരണത്തിലെ ‘അതിവിശുദ്ധ’മായി അഭിഷേകം ചെയ്യപ്പെട്ടു അഥവാ വേർതിരിക്കപ്പെട്ടു.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ദൈവത്തിന്റെ ആത്മീയ ആലയത്തിന്റെ വിവിധ സവിശേഷതകളെ കുറിച്ചുള്ള വിവരങ്ങൾക്കായി 1996 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 14-19 പേജുകൾ കാണുക.

^ ഖ. 5 ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ 195-ാം പേജിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണാം.

[27-ാം പേജിലെ ചിത്രം]

യേശു സ്‌നാപനമേറ്റപ്പോൾ ‘അതിപരിശുദ്ധമായത്‌’ അഭിഷേകം ചെയ്യപ്പെട്ടു