വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹ ഇണയെ തിരഞ്ഞെടുക്കാനുള്ള ദിവ്യ മാർഗനിർദേശം

വിവാഹ ഇണയെ തിരഞ്ഞെടുക്കാനുള്ള ദിവ്യ മാർഗനിർദേശം

വിവാഹ ഇണയെ തിരഞ്ഞെടുക്കാനുള്ള ദിവ്യ മാർഗനിർദേശം

ഞാൻ നിന്നെ ഉപദേശിച്ചു [“നിനക്ക്‌ ഉൾക്കാഴ്‌ച തന്ന്‌,” NW], നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.”​—⁠സങ്കീർത്തനം 32:⁠8.

1. നല്ല ഒരു വിവാഹബന്ധത്തിന്‌ അനിവാര്യമായ ഘടകങ്ങൾ എന്തെല്ലാം?

ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഊഞ്ഞാലിൽ തൂങ്ങിയാടുന്ന ഒരു അഭ്യാസി. അയാൾ അതിവേഗം മുന്നോട്ടു കുതിച്ച്‌, മുട്ടു മടക്കി, വായുവിൽ മലക്കം മറിയുന്നു. ശരീരം പെട്ടെന്ന്‌ നേരെയാക്കിയിട്ട്‌ അയാൾ തന്റെ കരങ്ങൾ മുന്നോട്ട്‌ നീട്ടുന്നു, എതിർവശത്ത്‌ മറ്റൊരു ഊഞ്ഞാലിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന വേറൊരു അഭ്യാസി അയാളെ പിടിക്കുന്നു. ഇനി മറ്റൊരു രംഗം. ഒരു വേദിയിലെ ഐസ്‌ കളത്തിൽ സ്‌കേറ്റിങ്‌ നടത്തുന്ന ഒരു പുരുഷനും സ്‌ത്രീയും. പെട്ടെന്ന്‌ പുരുഷൻ തന്റെ പങ്കാളിയെ എടുത്ത്‌ വായുവിലേക്കു എറിയുന്നു. അവൾ കറങ്ങിത്തിരിഞ്ഞ്‌ വളരെ വിദഗ്‌ധമായി ഒരു കാൽ കുത്തി നിലത്തു നിൽക്കുന്നു. എന്നിട്ട്‌ അയാളോടൊപ്പം ഐസിനു മുകളിലൂടെ തെന്നിനീങ്ങുന്നതിൽ തുടരുന്നു. ഈ രണ്ടു പ്രകടനങ്ങളും അനായാസമെന്നു തോന്നിയേക്കാം. എന്നാൽ, പരിശീലനം കൂടാതെ, പ്രാപ്‌തിയുള്ള ഒരു പങ്കാളി ഇല്ലാതെ, പ്രത്യേകിച്ചും ശരിയായ മാർഗനിർദേശം ഇല്ലാതെ ആരാണ്‌ അത്തരമൊരു സംഗതിക്ക്‌ ഒരുമ്പെടുക? സമാനമായി, ഒരു നല്ല വിവാഹബന്ധവും യാദൃച്ഛികമായി ഉണ്ടാകുന്ന ഒന്നല്ല. ഒരു നല്ല പങ്കാളിയെയും കൂട്ടായ ശ്രമത്തെയും പ്രത്യേകിച്ചും ജ്ഞാനപൂർവമായ ബുദ്ധിയുപദേശത്തെയും ആശ്രയിച്ചിരിക്കുന്നു അതും. തീർച്ചയായും, ശരിയായ മാർഗനിർദേശം അനിവാര്യമാണ്‌.

2. (എ) ആരാണ്‌ വിവാഹക്രമീകരണം ഏർപ്പെടുത്തിയത്‌, എന്ത്‌ ഉദ്ദേശ്യത്തിൽ? (ബി) ചില വിവാഹങ്ങൾ നടത്തപ്പെട്ടിട്ടുള്ളത്‌ എങ്ങനെ?

2 വിവാഹം കഴിക്കാത്ത ഒരു യുവാവോ യുവതിയോ ഒരു വിവാഹ ഇണയെ കുറിച്ച്‌, ഒരു ജീവിതപങ്കാളിയെ കുറിച്ച്‌, ചിന്തിക്കുക സ്വാഭാവികമാണ്‌. യഹോവയാം ദൈവം സ്‌ത്രീയും പുരുഷനും തമ്മിലുള്ള വിവാഹ ക്രമീകരണം ഏർപ്പെടുത്തിയതു മുതൽ അതു മനുഷ്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്നാൽ ആദ്യ മനുഷ്യനായ ആദാം തന്റെ ഭാര്യയെ തിരഞ്ഞെടുക്കുകയായിരുന്നില്ല. യഹോവ സ്‌നേഹപൂർവം അവളെ അവനു നൽകുകയായിരുന്നു. (ഉല്‌പത്തി 2:18-24) ഒടുവിൽ ഭൂമി മനുഷ്യരെക്കൊണ്ട്‌ നിറയുന്നതിന്‌ ആദ്യ ദമ്പതികൾ സന്താനപുഷ്ടിയുള്ളവരായി പെരുകണമായിരുന്നു. ആ ആദ്യ ദമ്പതികളുടെ സംഗമത്തിനു ശേഷം, വധുവിന്റെയും വരന്റെയും മാതാപിതാക്കളാണ്‌ സാധാരണ ഗതിയിൽ വിവാഹ ക്രമീകരണങ്ങൾ നടത്തിയിരുന്നത്‌. ചിലപ്പോൾ അവർ ചെറുക്കന്റെയും പെണ്ണിന്റെയും അഭിപ്രായം ആരാഞ്ഞിരുന്നു. (ഉല്‌പത്തി 21:21; 24:​2-4, 58; 38:6; യോശുവ 15:16, 17) മാതാപിതാക്കൾ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹ ബന്ധങ്ങൾ ചില ദേശങ്ങളിലും സംസ്‌കാരങ്ങളിലും ഇപ്പോഴും സാധാരണമാണെങ്കിലും പലരും ഇന്ന്‌ സ്വന്തമായി ഇണയെ കണ്ടെത്തുകയാണു ചെയ്യുന്നത്‌.

3. ഒരു വിവാഹ ഇണയെ തിരഞ്ഞെടുക്കേണ്ടത്‌ എങ്ങനെയാണ്‌?

3 ഒരു വിവാഹ ഇണയെ എങ്ങനെയാണു തിരഞ്ഞെടുക്കേണ്ടത്‌? ചിലർ ബാഹ്യാകാരത്തിനാണു പ്രാധാന്യം നൽകുന്നത്‌​—⁠കാഴ്‌ചയ്‌ക്ക്‌ ഭംഗിയും ആകർഷകവുമായത്‌ അവർ അന്വേഷിക്കുന്നു. മറ്റു ചിലർ ഭൗതിക നേട്ടങ്ങളാണു നോക്കുന്നത്‌. തങ്ങളെ നന്നായി പരിപാലിക്കാനും തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നടത്തിത്തരാനും കഴിവുള്ള ഒരാളെയാണ്‌ അവർ തേടുന്നത്‌. എന്നാൽ, ഇവയിൽ ഏതെങ്കിലും ഒരു സമീപനം സന്തുഷ്ടവും സംതൃപ്‌തിദായകവുമായ ഒരു ബന്ധത്തിലേക്കു നയിക്കുമോ? “ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്‌ത്രീയോ പ്രശംസിക്കപ്പെടും” എന്നു സദൃശവാക്യങ്ങൾ 31:30 പറയുന്നു. അതിൽ ഒരു പ്രധാന ആശയം അടങ്ങിയിരിക്കുന്നു: വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ, യഹോവ പറയുന്നതിനു ശ്രദ്ധ കൊടുക്കുക.

ദൈവം നൽകുന്ന സ്‌നേഹപുരസ്സരമായ മാർഗനിർദേശം

4. വിവാഹ ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ദൈവം എന്തു സഹായം നൽകുന്നു?

4 സകലത്തിലും മാർഗനിർദേശമായി വർത്തിക്കുന്നതിന്‌ നമ്മുടെ സ്‌നേഹവാനായ സ്വർഗീയ പിതാവായ യഹോവ തന്റെ ലിഖിത വചനം നമുക്കു തന്നിരിക്കുന്നു. അവൻ ഇങ്ങനെ പറയുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” (യെശയ്യാവു 48:17) അതിനാൽ, ഒരു വിവാഹ ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കാലം മാറ്റ്‌ തെളിയിച്ച മാർഗനിർദേശങ്ങൾ ബൈബിളിൽ ഉണ്ടെന്നത്‌ ആശ്ചര്യമല്ല. നമ്മുടെ വിവാഹം നിലനിൽക്കുന്നതും സന്തുഷ്ടവും ആയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതിനാൽ, ഈ മാർഗനിർദേശങ്ങൾ മനസ്സിലാക്കാനും ബാധകമാക്കാനും അവൻ നമുക്കു സഹായം നൽകിയിരിക്കുന്നു. നമ്മുടെ സ്‌നേഹവാനായ സ്രഷ്ടാവിൽനിന്നു നാം പ്രതീക്ഷിക്കുന്നതും അതു തന്നെയല്ലേ?​—⁠സങ്കീർത്തനം 19:⁠8.

5. വിവാഹബന്ധത്തിലെ നിലനിൽക്കുന്ന സന്തുഷ്ടിക്ക്‌ എന്ത്‌ അനിവാര്യമാണ്‌?

5 യഹോവ വിവാഹ ക്രമീകരണം ഏർപ്പെടുത്തിയപ്പോൾ അതു നിലനിൽക്കുന്ന ഒരു ബന്ധമായിരിക്കാൻ അവൻ പ്രതീക്ഷിച്ചു. (മർക്കൊസ്‌ 10:6-12; 1 കൊരിന്ത്യർ 7:10, 11) അതുകൊണ്ടാണ്‌ അവൻ ‘ഉപേക്ഷണം വെറുക്കുന്നത്‌.’ “പരസംഗ”ത്തിന്റെ പേരിൽ മാത്രമേ അവൻ അത്‌ അനുവദിക്കുന്നുള്ളൂ. (മലാഖി 2:13-16; മത്തായി 19:9) അതുകൊണ്ട്‌, ഒരു വിവാഹ ഇണയെ തിരഞ്ഞെടുക്കുക എന്നത്‌ ഏറ്റവും ഗൗരവാവഹമായ പടികളിൽ ഒന്നാണ്‌. അതിനെ നിസ്സാരമായി കാണാൻ പാടില്ല. നമ്മുടെ സന്തുഷ്ടിയെ അനുകൂലമായോ പ്രതികൂലമായോ ബാധിച്ചേക്കാവുന്ന ഇതുപോലുള്ള തീരുമാനങ്ങൾ ഏറെയില്ല. വിവാഹ ഇണയുടെ കാര്യത്തിലുള്ള ഒരു നല്ല തിരഞ്ഞെടുപ്പിന്‌ ഒരുവന്റെ ജീവിതത്തെ സമ്പന്നവും സംതൃപ്‌തവും ആക്കാൻ കഴിയുമെന്നിരിക്കെ, മോശമായ ഒരു തിരഞ്ഞെടുപ്പ്‌ അയാൾക്കു നിത്യദുഃഖം വരുത്തിവെച്ചേക്കാം. (സദൃശവാക്യങ്ങൾ 21:19; 26:21) നിലനിൽക്കുന്ന സന്തുഷ്ടിക്ക്‌, വിവാഹ പങ്കാളിയെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുകയും നിലനിൽക്കുന്ന പ്രതിബദ്ധത ഏറ്റെടുക്കാനുള്ള മനസ്സൊരുക്കം പ്രകടമാക്കുകയും ചെയ്യുന്നത്‌ വളരെ പ്രധാനമാണ്‌. കാരണം, വിവാഹക്രമീകരണം ഐക്യത്തിലും സഹകരണത്തിലും തഴച്ചുവളരുന്ന ഒരു ബന്ധം ആയിരിക്കണമെന്ന ഉദ്ദേശ്യത്തിലാണ്‌ ദൈവം അത്‌ ഏർപ്പെടുത്തിയത്‌.​—⁠മത്തായി 19:⁠6.

6. ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യുവതീയുവാക്കൾ പ്രത്യേകിച്ചും ശ്രദ്ധയുള്ളവർ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌, അവർക്ക്‌ ഏറ്റവും ജ്ഞാനപൂർവകമായ തീരുമാനം എങ്ങനെ എടുക്കാൻ കഴിയും?

6 ഒരു ഇണയെ തിരഞ്ഞെടുക്കുമ്പോൾ ശാരീരിക ആകർഷണമോ തീവ്രമായ വികാരാവേശങ്ങളോ ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള തങ്ങളുടെ പ്രാപ്‌തിയെ വികലമാക്കാതിരിക്കാൻ യുവതീയുവാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. അത്തരം ഘടകങ്ങളിൽ മാത്രം അധിഷ്‌ഠിതമായിരിക്കുന്ന ഒരു ബന്ധം താമസിയാതെ അവജ്ഞയോ വെറുപ്പോ പോലും നിറഞ്ഞ ഒന്നായി അധഃപതിച്ചേക്കാം. (2 ശമൂവേൽ 13:15) നേരെമറിച്ച്‌, ഇണയെ അടുത്തറിയുകയും നമ്മെത്തന്നെ മെച്ചമായി മനസ്സിലാക്കുകയും ചെയ്യുമ്പോൾ നിലനിൽക്കുന്ന സ്‌നേഹം നട്ടുവളർത്താനാകും. നമുക്ക്‌ ഏറ്റവും മെച്ചമായത്‌ ആയിരിക്കണമെന്നില്ല തുടക്കത്തിൽ നമ്മുടെ ഹൃദയം വാഞ്‌ഛിക്കുന്നത്‌ എന്നു നാം തിരിച്ചറിയേണ്ടതുണ്ട്‌. (യിരെമ്യാവു 17:9) ബൈബിളിൽ കാണുന്ന ദിവ്യ മാർഗനിർദേശം അതിപ്രധാനമായിരിക്കുന്നത്‌ അതുകൊണ്ടാണ്‌. ജീവിതത്തിൽ ഏറ്റവും ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എങ്ങനെ എടുക്കാൻ കഴിയുമെന്നു വിവേചിക്കാൻ അതു നമ്മെ സഹായിക്കുന്നു. “ഞാൻ നിന്നെ ഉപദേശിച്ചു [“നിനക്ക്‌ ഉൾക്കാഴ്‌ച തന്ന്‌,” NW], നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും” എന്നു യഹോവ പറയുന്നതായി ദാവീദ്‌ പ്രസ്‌താവിച്ചു. (സങ്കീർത്തനം 32:8; എബ്രായർ 4:12) സ്‌നേഹത്തിനും സഖിത്വത്തിനുമുള്ള നമ്മുടെ സഹജമായ ആവശ്യത്തെ തൃപ്‌തിപ്പെടുത്താൻ വിവാഹത്തിനു കഴിയുമെന്നിരിക്കെ, പക്വതയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യേണ്ട വെല്ലുവിളികളും അത്‌ ഉയർത്തുന്നു.

7. ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ചിലർ ബൈബിൾ അധിഷ്‌ഠിത ബുദ്ധിയുപദേശം നിരസിക്കുന്നത്‌ എന്തുകൊണ്ട്‌, അത്‌ എന്തിലേക്കു നയിച്ചേക്കാം?

7 ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിവാഹ ക്രമീകരണത്തിന്റെ ഉപജ്ഞാതാവ്‌ പറയുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നത്‌ ജ്ഞാനമാണ്‌. എന്നിരുന്നാലും, മാതാപിതാക്കളോ ക്രിസ്‌തീയ മൂപ്പന്മാരോ ബൈബിൾ അധിഷ്‌ഠിത ബുദ്ധിയുപദേശം തരുമ്പോൾ നാം അതു നിരസിച്ചേക്കാം. അവർ നമ്മെ ശരിക്കു മനസ്സിലാക്കുന്നില്ല എന്നു നമുക്കു തോന്നിയേക്കാം. ഹൃദയത്തിന്റെ ചായ്‌വിന്‌ അനുസരിച്ചു പ്രവർത്തിക്കാൻ തീവ്രമായ വൈകാരിക ആഗ്രഹങ്ങൾ നമ്മെ പ്രേരിപ്പിച്ചേക്കാം. എന്നാൽ യാഥാർഥ്യങ്ങളെ നേരിടാൻ തുടങ്ങുന്നതോടെ, നമ്മുടെ നന്മയ്‌ക്കായി അവർ നൽകിയ ജ്ഞാനോപദേശം ചെവിക്കൊള്ളാതിരുന്നതിൽ നമുക്കു ദുഃഖം തോന്നിയേക്കാം. (സദൃശവാക്യങ്ങൾ 23:19; 28:26) സ്‌നേഹശൂന്യമായ ഒരു വിവാഹബന്ധത്തിൽ അകപ്പെട്ടുപോയതായി നാം കണ്ടെത്തിയേക്കാം. ഒരുപക്ഷേ കുട്ടികളെ പരിപാലിക്കാൻ നമുക്കു ബുദ്ധിമുട്ട്‌ നേരിട്ടേക്കാം. അവിശ്വാസിയായ ഒരു ഇണ പോലുമായിരിക്കാം നമുക്കുള്ളത്‌. വളരെയധികം സന്തുഷ്ടി കൈവരുത്താനാകുമായിരുന്ന ഒരു ക്രമീകരണം അങ്ങേയറ്റം വേദനാജനകമായ ഒന്നായിത്തീരുന്നുവെങ്കിൽ, അത്‌ എത്രയധികം സങ്കടകരമാണ്‌!

ദൈവഭക്തി​—⁠ഒരു നിർണായക ഘടകം

8. വിവാഹബന്ധം നിലനിൽക്കുന്നതും സന്തുഷ്ടവുമാക്കാൻ ദൈവഭക്തി സഹായിക്കുന്നത്‌ എങ്ങനെ?

8 പരസ്‌പരമുള്ള ആകർഷണം വിവാഹബന്ധത്തെ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നു എന്നതിൽ സംശയമില്ല. എന്നാൽ വിവാഹബന്ധം നിലനിൽക്കുന്നതിനും അതിൽ സന്തുഷ്ടി ഉണ്ടായിരിക്കുന്നതിനും ഇരുവർക്കും പൊതുവായുള്ള മൂല്യങ്ങൾ ഉണ്ടായിരിക്കുന്നത്‌ ഏറെ പ്രധാനമാണ്‌. യഹോവയാം ദൈവത്തോടുള്ള ഇരുവരുടെയും ഭക്തി നിലനിൽക്കുന്ന വിവാഹബന്ധത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്നു. മറ്റേതൊരു ഘടകത്തെക്കാളും അധികമായി അത്‌ ഐക്യം ഉന്നമിപ്പിക്കുകയും ചെയ്യുന്നു. (സഭാപ്രസംഗി 4:12) ഒരു ക്രിസ്‌തീയ ദമ്പതികൾ യഹോവയുടെ സത്യാരാധനയെ കേന്ദ്രീകരിച്ച്‌ തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുമ്പോൾ, അവർ ആത്മീയവും മാനസികവും ധാർമികവുമായി ഐക്യത്തിലാകുന്നു. അവർ ഒന്നിച്ചു ദൈവവചനം പഠിക്കുന്നു. അവർ ഒന്നിച്ച്‌ പ്രാർഥിക്കുന്നു, ഇത്‌ അവരുടെ ഹൃദയങ്ങളെ ഏകീഭവിപ്പിക്കുന്നു. അവർ ഒന്നിച്ചു ക്രിസ്‌തീയ യോഗങ്ങൾക്കും വയൽസേവനത്തിനും പോകുന്നു. അവരെ പരസ്‌പരം അടുപ്പിക്കുന്ന ഒരു ആത്മീയ ബന്ധം ഉളവാക്കാൻ ഇതെല്ലാം സഹായിക്കുന്നു. അതിലും പ്രധാനമായി, അത്‌ യഹോവയുടെ അനുഗ്രഹത്തിൽ കലാശിക്കുന്നു.

9. യിസ്‌ഹാക്കിന്‌ ഒരു ഭാര്യയെ കണ്ടെത്തുന്നതിന്‌ അബ്രാഹാം എന്തു ചെയ്‌തു, അതിന്റെ ഫലം എന്തായിരുന്നു?

9 ദൈവഭക്തി ഉണ്ടായിരുന്നതു നിമിത്തം, വിശ്വസ്‌ത ഗോത്രപിതാവായ അബ്രാഹാം തന്റെ മകനായ യിസ്‌ഹാക്കിനു വേണ്ടി ഒരു ഭാര്യയെ തിരഞ്ഞെടുക്കേണ്ട സമയമായപ്പോൾ ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിച്ചു. തന്റെ ആശ്രയയോഗ്യനായ ദാസനോട്‌ അബ്രാഹാം ഇങ്ങനെ പറഞ്ഞു: “ചുററും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്‌ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും. . . . യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.” റിബെക്കാ ഒരു ഉത്തമ ഭാര്യ ആണെന്നു തെളിഞ്ഞു, യിസ്‌ഹാക്‌ അവളെ അതിയായി സ്‌നേഹിക്കുകയും ചെയ്‌തു.​—⁠ഉല്‌പത്തി 24:3, 4, 7, 14-21, 67.

10. ഭർത്താവിനും ഭാര്യക്കും എന്തു തിരുവെഴുത്ത്‌ കടമകൾ ഉണ്ട്‌?

10 നാം അവിവാഹിത ക്രിസ്‌ത്യാനികൾ ആണെങ്കിൽ, വിവാഹത്തോടു ബന്ധപ്പെട്ട തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേരുന്നതിനു വേണ്ട ഗുണങ്ങൾ വളർത്തിയെടുക്കാൻ ദൈവഭക്തി നമ്മെ സഹായിക്കും. ഭർത്താവിനും ഭാര്യയ്‌ക്കുമുള്ള കടമകളിൽ ചിലതിനെ കുറിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. . . . ഭർത്താക്കന്മാരേ, ക്രിസ്‌തുവും സഭയെ സ്‌നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിൻ. അവൻ . . . തന്നെത്താൻ അവൾക്കു വേണ്ടി ഏല്‌പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു. . . . ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ സ്‌നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു [“ആഴമായി ബഹുമാനിക്കേണ്ടതാകുന്നു,” NW].” (എഫെസ്യർ 5:22-32) നമുക്കു കാണാൻ കഴിയുന്നതു പോലെ, പൗലൊസിന്റെ നിശ്വസ്‌ത വാക്കുകൾ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യത്തിന്‌ ഊന്നൽ നൽകുന്നു. ഈ ബുദ്ധിയുപദേശം അനുസരിച്ച്‌ പ്രവർത്തിക്കുന്നതിന്‌ യഹോവയോടുള്ള ഭക്തിപൂർവകമായ ഭയം ആവശ്യമാണ്‌. അതിന്‌ അനുകൂല കാലത്തും പ്രതികൂല കാലത്തും മുഴുഹൃദയത്തോടെയുള്ള പ്രതിബദ്ധത ആവശ്യമാണ്‌. വിവാഹത്തെ കുറിച്ച്‌ ആലോചിക്കുന്ന ക്രിസ്‌ത്യാനികൾ ഈ ഉത്തരവാദിത്വം ഏൽക്കാൻ തയ്യാറായിരിക്കണം.

എപ്പോൾ വിവാഹം വേണമെന്നു തീരുമാനിക്കൽ

11. (എ) എപ്പോൾ വിവാഹം കഴിക്കണമെന്നതു സംബന്ധിച്ച്‌ എന്തു ബുദ്ധിയുപദേശം തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്നു? (ബി) 1 കൊരിന്ത്യർ 7:​36-ൽ രേഖപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്തു ബുദ്ധിയുപദേശം പിൻപറ്റുന്നത്‌ ജ്ഞാനമാണെന്ന്‌ ഏതു ദൃഷ്ടാന്തം പ്രകടമാക്കുന്നു?

11 വിവാഹത്തിന്‌ നാം എപ്പോഴാണ്‌ സജ്ജരായിരിക്കുന്നത്‌ എന്ന്‌ അറിയുന്നതു വളരെ പ്രധാനമാണ്‌. ഇത്‌ ഓരോ വ്യക്തിയെയും ആശ്രയിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, തിരുവെഴുത്തുകൾ ഇതിന്‌ ഒരു നിശ്ചിത പ്രായം വെക്കുന്നില്ല. എന്നിരുന്നാലും, നല്ല തീരുമാനങ്ങൾ ചെയ്യാനുള്ള ഒരുവന്റെ പ്രാപ്‌തിയെ വികലമാക്കിയേക്കാവുന്ന ലൈംഗിക വികാരങ്ങൾ തിളച്ചുമറിയുന്ന “നവയൗവന” കാലം പിന്നിടുന്നതുവരെ കാത്തിരിക്കുന്നതാണു നല്ലതെന്ന്‌ അവ പ്രകടമാക്കുകതന്നെ ചെയ്യുന്നു. (1 കൊരിന്ത്യർ 7:​36, NW) “എന്റെ സുഹൃത്തുക്കളിൽ പലരും കൗമാര പ്രായത്തിലേ ഡേറ്റിങ്ങിൽ ഏർപ്പെടുന്നതും വിവാഹം കഴിക്കുന്നതും കണ്ടപ്പോൾ ഈ ബുദ്ധിയുപദേശം ബാധകമാക്കുക ദുഷ്‌കരമാണെന്നു ചിലപ്പോൾ എനിക്കു തോന്നിയിരുന്നു,” മിഷൽ പറയുന്നു. “എന്നാൽ ആ ബുദ്ധിയുപദേശം യഹോവയിൽ നിന്നുള്ളതാണെന്നു ഞാൻ തിരിച്ചറിഞ്ഞു, നമുക്കു പ്രയോജനകരമായതു മാത്രമേ അവൻ പറയുകയുള്ളൂ. തീരെ ചെറുപ്പത്തിലേ വിവാഹം കഴിക്കാതിരിക്കുകവഴി, യഹോവയുമായുള്ള എന്റെ ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരുപക്ഷേ കൗമാരകാലത്ത്‌ ലഭിക്കുക സാധ്യമല്ലാതിരുന്ന ജീവിതാനുഭവം കുറച്ചൊക്കെ നേടാനും എനിക്കു കഴിഞ്ഞു. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ, വിവാഹത്തോടു ബന്ധപ്പെട്ട ചുമതലകളും പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു മെച്ചപ്പെട്ട സ്ഥാനത്ത്‌ ഞാൻ എത്തി.”

12. ചെറുപ്പത്തിലേ തിടുക്കംകൂട്ടി വിവാഹം കഴിക്കാതിരിക്കുന്നത്‌ ജ്ഞാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 ചെറുപ്പത്തിലേ തിടുക്കംകൂട്ടി വിവാഹം കഴിക്കുന്നവർ പലപ്പോഴും, പക്വത പ്രാപിക്കുന്നതോടെ തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും മാറുന്നതായി കണ്ടെത്തുന്നു. അഭികാമ്യമായി തങ്ങൾക്ക്‌ ആദ്യം തോന്നിയിരുന്ന കാര്യങ്ങൾ മേലാൽ അത്ര പ്രധാനമല്ലെന്ന്‌ അവർ മനസ്സിലാക്കുന്നു. 16 വയസ്സാകുമ്പോൾ വിവാഹം കഴിക്കണമെന്ന്‌ ഒരു ക്രിസ്‌തീയ സഹോദരി തീരുമാനിച്ചു. അവളുടെ അമ്മയും വല്യമ്മയും ആ പ്രായത്തിലാണ്‌ വിവാഹം കഴിച്ചത്‌. തനിക്ക്‌ ഇഷ്ടം തോന്നിയ ഒരു പുരുഷൻ ആ സമയത്ത്‌ അവളെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതിനാൽ, സന്നദ്ധനായ മറ്റൊരാളെ അവൾ വിവാഹം കഴിച്ചു. എന്നാൽ, ധൃതികൂട്ടി എടുത്ത ആ തീരുമാനത്തെപ്രതി പിൽക്കാലത്ത്‌ അവൾക്ക്‌ വളരെയധികം വ്യസനിക്കേണ്ടിവന്നു.

13. ചെറുപ്പത്തിലേ തിടുക്കംകൂട്ടി വിവാഹം കഴിക്കുന്നവർക്ക്‌ മിക്കപ്പോഴും എന്തിന്റെ അഭാവമുണ്ട്‌?

13 വിവാഹത്തെ കുറിച്ചു ചിന്തിക്കുമ്പോൾ, ഉൾപ്പെട്ടിരിക്കുന്ന സകല കാര്യങ്ങളെയും കുറിച്ച്‌ പക്വമായ ഗ്രാഹ്യം ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ്‌. ചെറുപ്പത്തിലേ തിടുക്കംകൂട്ടി വിവാഹം കഴിക്കുന്നത്‌, യുവ ദമ്പതികൾക്കു വളരെയേറെ പ്രശ്‌നങ്ങൾ വരുത്തിവെച്ചേക്കാം. അവ അവർക്ക്‌ കൈകാര്യം ചെയ്യാൻ കഴിയുന്നതിനും അപ്പുറമായിരുന്നേക്കാം. ദാമ്പത്യ ജീവിതത്തിന്റെയും കുട്ടികളെ വളർത്തുന്നതിന്റെയും സമ്മർദങ്ങൾ കൈകാര്യം ചെയ്യാനുള്ള അനുഭവജ്ഞാനവും പക്വതയും അവർക്ക്‌ ഇല്ലായിരിക്കാം. നിലനിൽക്കുന്ന ഒരു ബന്ധത്തിന്‌ ശാരീരികവും മാനസികവും ആത്മീയവുമായി സജ്ജരായ ശേഷമേ നാം വിവാഹം കഴിക്കാവൂ.

14. വിവാഹജീവിതത്തിലെ സമ്മർദപൂരിതമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ എന്താണ്‌ ആവശ്യം?

14 വിവാഹം കഴിക്കുന്നവർക്ക്‌ “ജഡത്തിൽ കഷ്ടത ഉണ്ടാകും” എന്ന്‌ പൗലൊസ്‌ എഴുതി. (1 കൊരിന്ത്യർ 7:28) ഇരുവരും വ്യത്യസ്‌ത വ്യക്തിത്വമുള്ളവർ ആയിരിക്കുന്നതിനാൽ പ്രശ്‌നങ്ങൾ ഉയർന്നുവരും. ഇരുവരുടെയും വീക്ഷണങ്ങൾ വ്യത്യസ്‌തമായിരിക്കും. മാനുഷിക അപൂർണത നിമിത്തം വിവാഹ ക്രമീകരണത്തിലെ തിരുവെഴുത്തു ധർമം നിർവഹിക്കാൻ ബുദ്ധിമുട്ട്‌ ഉണ്ടായേക്കാം. (1 കൊരിന്ത്യർ 11:3; കൊലൊസ്സ്യർ 3:18, 19; തീത്തൊസ്‌ 2:4, 5; 1 പത്രൊസ്‌ 3:1, 2, 7) സമ്മർദപൂരിതമായ സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ അവ സ്‌നേഹപൂർവം പരിഹരിക്കുന്നതിനുള്ള ദിവ്യ മാർഗനിർദേശം തേടുന്നതിനും പിൻപറ്റുന്നതിനും പക്വതയും ആത്മീയ സ്ഥിരതയും ആവശ്യമാണ്‌.

15. വിവാഹത്തിനായി മക്കളെ ഒരുക്കുന്നതിൽ മാതാപിതാക്കൾക്ക്‌ എന്തു പങ്കു വഹിക്കാൻ കഴിയും? ദൃഷ്ടാന്തീകരിക്കുക.

15 ദിവ്യ മാർഗനിർദേശം പിൻപറ്റുന്നതിന്റെ പ്രാധാന്യം ഗ്രഹിക്കാൻ മക്കളെ സഹായിച്ചുകൊണ്ട്‌ വിവാഹത്തിനായി മാതാപിതാക്കൾക്ക്‌ അവരെ ഒരുക്കാവുന്നതാണ്‌. അവർ അല്ലെങ്കിൽ അവരുടെ ഭാവി ഇണകൾ വിവാഹ ജീവിതത്തിലെ പ്രതിബദ്ധത ഏറ്റെടുക്കാൻ സജ്ജരാണോ എന്നു കാണാൻ തിരുവെഴുത്തുകളും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളും വിദഗ്‌ധമായി ഉപയോഗിച്ചുകൊണ്ട്‌ മാതാപിതാക്കൾക്ക്‌ മക്കളെ സഹായിക്കാവുന്നതാണ്‌. * പതിനെട്ട്‌ വയസ്സുള്ള ബ്ലോസം തന്റെ സഭയിലെ മുഴുസമയ ശുശ്രൂഷകനായ ഒരു യുവാവുമായി സ്‌നേഹത്തിലായി. അവർ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. മകൾക്ക്‌ വിവാഹത്തിന്‌ ഇനിയും പ്രായമായിട്ടില്ല എന്നു കരുതിയ മാതാപിതാക്കൾ ഒരു വർഷം കൂടി കാത്തിരിക്കാൻ അവളോട്‌ ആവശ്യപ്പെട്ടു. ബ്ലോസം പിന്നീട്‌ ഇപ്രകാരം എഴുതി: “ജ്ഞാനപൂർവകമായ ആ ബുദ്ധിയുപദേശം ചെവിക്കൊണ്ടതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്‌. ആ ഒരു വർഷത്തിനുള്ളിൽ ഞാൻ കുറെയൊക്കെ പക്വത നേടി. ഒരു നല്ല വിവാഹ പങ്കാളി ആയിരിക്കാൻ ആവശ്യമായ ഗുണങ്ങൾ ആ ചെറുപ്പക്കാരന്‌ ഇല്ല എന്നു ഞാൻ മനസ്സിലാക്കാൻ തുടങ്ങി. പിന്നീട്‌ അയാൾ ദൈവത്തിന്റെ സംഘടന ഉപേക്ഷിച്ചു. ജീവിതത്തിൽ ഒരു ദുരന്തം ആയിത്തീരുമായിരുന്ന ഒന്നിൽനിന്ന്‌ ഞാൻ രക്ഷപ്പെട്ടു. ആശ്രയയോഗ്യമായ മാർഗനിർദേശം നൽകുന്ന ജ്ഞാനികളായ മാതാപിതാക്കൾ ഉള്ളത്‌ എത്രയോ വലിയ അനുഗ്രഹമാണ്‌!”

‘കർത്താവിൽ മാത്രം’ വിവാഹം കഴിക്കുക

16. (എ) ‘കർത്താവിൽ വിവാഹം കഴിക്കുന്നത്‌’ സംബന്ധിച്ച്‌ ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെ പരിശോധന നേരിട്ടേക്കാം? (ബി) ഒരു അവിശ്വാസിയെ വിവാഹം കഴിക്കാനുള്ള പ്രലോഭനം ഉണ്ടാകുമ്പോൾ ക്രിസ്‌ത്യാനികൾ എന്തിനെ കുറിച്ചു ചിന്തിക്കേണ്ടതാണ്‌?

16 ക്രിസ്‌ത്യാനികൾക്കുള്ള യഹോവയുടെ മാർഗനിർദേശം വളരെ വ്യക്തമാണ്‌: ‘കർത്താവിൽ മാത്രം’ വിവാഹം കഴിക്കുക. (1 കൊരിന്ത്യർ 7:39) ഇക്കാര്യത്തിൽ ക്രിസ്‌തീയ മാതാപിതാക്കൾക്കും മക്കൾക്കും പരിശോധന ഉണ്ടായേക്കാം. എങ്ങനെ? യുവജനങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിച്ചേക്കാമെങ്കിലും, ക്രിസ്‌തീയ സഭയിൽ ഒരു അനുയോജ്യ പങ്കാളി ഇല്ലാതിരുന്നേക്കാം. പലപ്പോഴും അതാണവസ്ഥ. ചില പ്രദേശങ്ങളിൽ പുരുഷന്മാരുടെ എണ്ണം സ്‌ത്രീകളുടെതിനെക്കാൾ കുറവായിരിക്കാം. അല്ലെങ്കിൽ ഇനി, ഉള്ളവരിൽത്തന്നെ വിവാഹം കഴിക്കാൻ പറ്റിയ ആരും ഇല്ലെന്നും തോന്നിയേക്കാം. സഭയിലെ സമർപ്പിത അംഗമല്ലാത്ത ഒരു വ്യക്തി ഒരു ക്രിസ്‌തീയ യുവതിയിൽ (അല്ലെങ്കിൽ, തിരിച്ച്‌) താത്‌പര്യം പ്രകടമാക്കിയേക്കാം. അപ്പോൾ യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാനുള്ള സമ്മർദം ഉണ്ടാകുന്നു. അത്തരം സാഹചര്യങ്ങളിൽ, അബ്രാഹാമിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുന്നതു നല്ലതായിരിക്കും. അവൻ ദൈവവുമായുള്ള തന്റെ നല്ല ബന്ധം നിലനിറുത്തിയ ഒരു വിധം, തന്റെ പുത്രനായ യിസ്‌ഹാക്‌ യഹോവയെ ആരാധിച്ചിരുന്ന ഒരു സ്‌ത്രീയെ വിവാഹം കഴിക്കുന്നു എന്ന്‌ ഉറപ്പു വരുത്തിക്കൊണ്ടാണ്‌. യിസ്‌ഹാക്‌ തന്റെ പുത്രനായ യാക്കോബിന്റെ കാര്യത്തിലും അങ്ങനെ ചെയ്‌തു. അതിന്‌ ഉൾപ്പെട്ടിരുന്ന എല്ലാവരുടെയും പക്ഷത്ത്‌ ശ്രമം ആവശ്യമായിരുന്നു. എന്നാൽ അതു ദൈവത്തെ പ്രസാദിപ്പിക്കുകയും അവന്റെ അനുഗ്രഹം കൈവരുത്തുകയും ചെയ്‌തു.​—⁠ഉല്‌പത്തി 28:1-4.

17. ഒരു അവിശ്വാസിയെ വിവാഹം കഴിക്കുന്നത്‌ ദാരുണമായിരിക്കാൻ സാധ്യതയുള്ളത്‌ എന്തുകൊണ്ട്‌, ‘കർത്താവിൽ മാത്രം’ വിവാഹം കഴിക്കുന്നതിനുള്ള അതിപ്രധാന കാരണം എന്ത്‌?

17 ചുരുക്കം ചില കേസുകളിൽ, അവിശ്വാസിയായ ഒരു വ്യക്തി പിന്നീട്‌ ഒരു ക്രിസ്‌ത്യാനി ആയിത്തീർന്നിട്ടുണ്ട്‌. എന്നാൽ, അവിശ്വാസികളുമായുള്ള വിവാഹബന്ധങ്ങൾ മിക്കപ്പോഴും ദാരുണമെന്നു തെളിഞ്ഞിരിക്കുന്നു. വിവാഹബന്ധത്തിൽ അസമമായി അമിക്കപ്പെട്ടിട്ടുള്ളവർക്ക്‌ ഒരേ വിശ്വാസങ്ങളും നിലവാരങ്ങളും ലക്ഷ്യങ്ങളും അല്ല ഉള്ളത്‌. (2 കൊരിന്ത്യർ 6:​14, NW) കുടുംബത്തിലെ ആശയവിനിമയത്തെയും ദാമ്പത്യ സന്തുഷ്ടിയെയും ഇതു ഹാനികരമായി ബാധിച്ചേക്കാം. ഉദാഹരണത്തിന്‌, ഇണ അവിശ്വാസി ആയതിനാൽ, പരിപുഷ്ടിപ്പെടുത്തുന്ന ഒരു സഭായോഗത്തിനു ശേഷം തനിക്കു വീട്ടിൽ ചെന്ന്‌ അദ്ദേഹവുമായി ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കാത്തതിൽ ഒരു സഹോദരിക്ക്‌ വലിയ വിഷമം തോന്നി. ‘കർത്താവിൽ വിവാഹം കഴിക്കുന്നതി’ൽ യഹോവയോടുള്ള വിശ്വസ്‌തത ഉൾപ്പെട്ടിരിക്കുന്നു എന്നതാണ്‌ അതിലുമേറെ പ്രധാനം. നാം ദൈവത്തിന്റെ വചനം പറയുന്നത്‌ അനുസരിച്ച്‌ പ്രവർത്തിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങൾ നമ്മെ കുറ്റം വിധിക്കുകയില്ല. കാരണം, നാം “അവന്നു പ്രസാദമുള്ളതു” ആയിരിക്കും ചെയ്യുക.​—⁠1 യോഹന്നാൻ 3:21, 22.

18. വിവാഹത്തെ കുറിച്ചു ചിന്തിക്കുമ്പോൾ, ഏതു പ്രധാന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കണം, എന്തുകൊണ്ട്‌?

18 വിവാഹത്തെ കുറിച്ചു ചിന്തിക്കുമ്പോൾ ഭാവി ഇണയുടെ സ്വഭാവഗുണത്തിനും ആത്മീയതയ്‌ക്കും വേണം പ്രാധാന്യം കൊടുക്കാൻ. ഒരു ക്രിസ്‌തീയ വ്യക്തിത്വവും അതോടൊപ്പം ദൈവത്തോടുള്ള സ്‌നേഹവും അവനോടു മുഴുഹൃദയാ ഉള്ള ഭക്തിയുമാണ്‌ ശാരീരിക ആകർഷകത്വത്തെക്കാൾ വളരെയേറെ പ്രധാനം. ആത്മീയമായി ബലിഷ്‌ഠരായ വിവാഹ പങ്കാളികൾ ആയിരിക്കാനുള്ള തങ്ങളുടെ കടപ്പാടു മനസ്സിലാക്കി അതു നിവർത്തിക്കുന്നവർക്ക്‌ ദൈവത്തിന്റെ അംഗീകാരം ഉണ്ടായിരിക്കും. ദമ്പതികൾ ഇരുവർക്കും സ്രഷ്ടാവിനോട്‌ ഭക്തി ഉണ്ടായിരിക്കുകയും അവർ അവന്റെ മാർഗനിർദേശം പൂർണമായി സ്വീകരിക്കുകയും ചെയ്യുമ്പോഴാണ്‌ അവർക്ക്‌ ഏറ്റവും വലിയ കരുത്ത്‌ ലഭിക്കുന്നത്‌. അങ്ങനെയാകുമ്പോൾ അത്‌ യഹോവയ്‌ക്കു മഹത്ത്വം കരേറ്റും. കൂടാതെ, നിലനിൽക്കുന്ന ഒരു ബന്ധത്തിനു നിദാനമായ ഉറപ്പുള്ള ആത്മീയ അടിസ്ഥാനത്തിൽ വിവാഹബന്ധം ആരംഭിക്കുകയും ചെയ്യും.

[അടിക്കുറിപ്പ്‌]

നിങ്ങളുടെ ഉത്തരമെന്ത്‌?

• ഒരു നല്ല വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കാൻ ദിവ്യ മാർഗനിർദേശം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• വിവാഹബന്ധം ബലിഷ്‌ഠമാക്കാൻ ദൈവഭക്തി എങ്ങനെ സഹായിക്കും?

• മാതാപിതാക്കൾക്ക്‌ തങ്ങളുടെ മക്കളെ വിവാഹത്തിനായി എങ്ങനെ ഒരുക്കാനാകും?

• ‘കർത്താവിൽ മാത്രം’ വിവാഹം കഴിക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രങ്ങൾ]

വിവാഹ ഇണയെ തിരഞ്ഞെടുക്കുന്നതിൽ ദൈവത്തിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നത്‌ വളരെ സന്തുഷ്ടി കൈവരുത്തുന്നു

[18-ാം പേജിലെ ചിത്രങ്ങൾ]

‘കർത്താവിൽ മാത്രം വിവാഹം’ കഴിക്കുന്നതിൽനിന്ന്‌ സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കുന്നു