വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്തിമ വിജയത്തിലേക്കുള്ള മുന്നേറ്റം!

അന്തിമ വിജയത്തിലേക്കുള്ള മുന്നേറ്റം!

അന്തിമ വിജയത്തിലേക്കുള്ള മുന്നേറ്റം!

“അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും [“ജയിച്ചടക്കിക്കൊണ്ടും തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കാനായും,” NW] പുറപ്പെട്ടു.”​—⁠വെളിപ്പാടു 6:⁠2.

1. ഏതു ഭാവി സംഭവങ്ങളാണ്‌ യോഹന്നാൻ ദർശനത്തിൽ കണ്ടത്‌?

ദിവ്യ നിശ്വസ്‌തതയിൽ, 1,800 വർഷത്തിനും അപ്പുറത്തേക്കു നോക്കിക്കൊണ്ട്‌ രാജാവായുള്ള ക്രിസ്‌തുവിന്റെ സിംഹാസനാരോഹണത്തെ കുറിച്ചു വിവരിക്കാൻ യോഹന്നാൻ അപ്പൊസ്‌തലനു കഴിഞ്ഞു. താൻ ദർശനത്തിൽ കണ്ട കാര്യങ്ങൾ സംബന്ധിച്ചു ബോധ്യം ഉണ്ടായിരിക്കാൻ യോഹന്നാന്‌ വിശ്വാസം ആവശ്യമായിരുന്നു. മുൻകൂട്ടി പറയപ്പെട്ട ഈ സിംഹാസനാരോഹണം 1914-ൽ നടന്നു എന്നതിന്‌ നമുക്ക്‌ ഇന്നു വ്യക്തമായ തെളിവുണ്ട്‌. ക്രിസ്‌തുയേശു ‘ജയിച്ചടക്കിക്കൊണ്ടും ജയിച്ചടക്കൽ പൂർത്തിയാക്കാനായും പുറപ്പെടുന്നത്‌’ നാം വിശ്വാസനേത്രങ്ങളാൽ കാണുന്നു.

2. രാജ്യത്തിന്റെ ജനനത്തോടു പിശാച്‌ പ്രതികരിച്ചത്‌ എങ്ങനെ, അത്‌ എന്തിന്റെ തെളിവാണ്‌?

2 രാജ്യത്തിന്റെ ജനനത്തെ തുടർന്ന്‌ സ്വർഗത്തിൽനിന്നു സാത്താനെ പുറത്താക്കി. അവൻ കൂടുതൽ ശക്തമായി, ഉഗ്രകോപത്തോടെ പോരാടാൻ അത്‌ ഇടയാക്കി. എങ്കിലും, ഇത്‌ അവന്റെ വിജയസാധ്യത യാതൊരു പ്രകാരത്തിലും വർധിപ്പിച്ചിട്ടില്ല. (വെളിപ്പാടു 12:7-12) അവന്റെ കോപത്തിന്റെ ഫലമായി ഇന്ന്‌ ലോകാവസ്ഥകൾ അത്യന്തം വഷളായിരിക്കുകയാണ്‌. മനുഷ്യസമൂഹത്തിന്‌ അപക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്നു. യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ രാജാവ്‌ ‘ജയിച്ചടക്കൽ പൂർത്തിയാക്കാൻ’ മുന്നേറുന്നതിന്റെ വ്യക്തമായ തെളിവാണ്‌ ഇത്‌.

ഒരു പുതിയലോക സമുദായം പിറക്കുന്നു

3, 4. (എ) രാജ്യത്തിന്റെ ജനനത്തെ തുടർന്ന്‌ സംഘടനാപരമായ എന്തെല്ലാം മാറ്റങ്ങളാണ്‌ ക്രിസ്‌തീയ സഭയിൽ ഉണ്ടായിരിക്കുന്നത്‌, അവ ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) യെശയ്യാവ്‌ മുൻകൂട്ടി പറഞ്ഞതുപോലെ, ഈ മാറ്റങ്ങൾ എന്തൊക്കെ പ്രയോജനങ്ങളിൽ കലാശിച്ചിരിക്കുന്നു?

3 രാജ്യത്തിന്റെ ജനനത്തോടെ, ഇപ്പോൾ വർധിച്ച രാജ്യ ഉത്തരവാദിത്വങ്ങൾ കൈവന്ന പുനഃസ്ഥിതീകരിക്കപ്പെട്ട ക്രിസ്‌തീയ സഭയെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയുടെ മാതൃകയോടു കൂടുതൽ അനുരൂപമാക്കാനുള്ള സമയം വന്നുചേർന്നു. അങ്ങനെ, വീക്ഷാഗോപുരത്തിന്റെ 1938 ജൂൺ 1-ഉം 15-ഉം ലക്കങ്ങൾ ക്രിസ്‌തീയ സംഘടന പ്രവർത്തിക്കേണ്ട വിധം വിശദമായി ചർച്ച ചെയ്‌തു. പിന്നീട്‌, 1971 ഡിസംബർ 15 ലക്കത്തിലെ (ഇംഗ്ലീഷ്‌) “ഒരു നിയമപരമായ കോർപ്പറേഷനിൽനിന്നു വ്യത്യസ്‌തമായ ഒരു ഭരണസംഘം” എന്ന ലേഖനത്തിൽ ആധുനികകാല ഭരണസംഘത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിശദീകരണം നൽകപ്പെട്ടു. 1972-ൽ, പ്രാദേശിക സഭകൾക്കു സഹായവും മാർഗനിർദേശവും നൽകാൻ മൂപ്പന്മാരുടെ സംഘങ്ങൾ നിയമിക്കപ്പെട്ടു.

4 ഉചിതമായ മേൽനോട്ടം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടത്‌ ക്രിസ്‌തീയ സഭയെ വളരെയേറെ ബലപ്പെടുത്തി. നീതിന്യായ കാര്യങ്ങളിൽ പരിശീലനം നൽകുന്നത്‌ ഉൾപ്പെടെ മൂപ്പന്മാർക്ക്‌ അവരുടെ ചുമതലകൾ സംബന്ധിച്ച്‌ പ്രബോധനം നൽകാൻ ഭരണസംഘം ക്രമീകരണങ്ങൾ ചെയ്‌തതും സഹായകമായി. ദൈവത്തിന്റെ ഭൗമിക സംഘടനാ ക്രമീകരണത്തിലുണ്ടാകുന്ന ക്രമാനുഗതമായ മാറ്റങ്ങളെയും അവയുടെ ക്രിയാത്മക ഫലങ്ങളെയും കുറിച്ച്‌ യെശയ്യാവു 60:​17-ൽ മുൻകൂട്ടി പറഞ്ഞിരുന്നു: “ഞാൻ താമ്രത്തിന്നു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.” ഈ പുരോഗതി ദിവ്യാനുഗ്രഹത്തിന്റെയും തന്റെ രാജ്യത്തെ പിന്താങ്ങുന്നതിൽ തീക്ഷ്‌ണത പ്രകടമാക്കിയവരുടെ മേലുള്ള ദൈവത്തിന്റെ അംഗീകാരത്തിന്റെയും തെളിവ്‌ ആയിരുന്നു.

5. (എ) തന്റെ ജനത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹത്തോട്‌ സാത്താൻ പ്രതികരിച്ചത്‌ എങ്ങനെ? (ബി) ഫിലിപ്പിയർ 1:​7-ന്‌ ചേർച്ചയിൽ സാത്താന്റെ കോപത്തോട്‌ യഹോവയുടെ ജനം എങ്ങനെ പ്രതികരിച്ചിരിക്കുന്നു?

5 രാജ്യത്തിന്റെ ജനനത്തെ തുടർന്ന്‌ ദൈവം തന്റെ ജനത്തിനു നൽകിയ സ്‌നേഹപുരസ്സരമായ ശ്രദ്ധയും മാർഗനിർദേശവും സാത്താൻ ശ്രദ്ധിക്കാതിരുന്നില്ല. പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുക. ക്രിസ്‌ത്യാനികളുടെ ഈ ചെറിയ കൂട്ടം തങ്ങൾ വെറും ബൈബിൾ വിദ്യാർഥികളല്ല എന്ന്‌ 1931-ൽ പരസ്യമായി പ്രഖ്യാപിച്ചു. യെശയ്യാവു 43:​10-ന്‌ ചേർച്ചയിൽ, അവർ യഹോവയുടെ സാക്ഷികൾ എന്ന പേരു സ്വീകരിച്ചു! ഒരുപക്ഷേ അതുകൊണ്ടായിരിക്കാം, പിശാച്‌ അവർക്കെതിരെ ഗോളവ്യാപകമായി, മുമ്പത്തെക്കാളൊക്കെ തീവ്രമായ പീഡനം അഴിച്ചുവിട്ടു. പൊതുവെ മതസ്വാതന്ത്ര്യത്തിനു പേരുകേട്ട ഐക്യനാടുകൾ, കാനഡ, ജർമനി എന്നിങ്ങനെയുള്ള ദേശങ്ങളിൽ പോലും ആരാധനാസ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കുന്നതിന്‌ സാക്ഷികൾക്ക്‌ ആവർത്തിച്ചാവർത്തിച്ച്‌ നിയമയുദ്ധങ്ങൾ നടത്തേണ്ടിവന്നു. 1988 ആയപ്പോഴേക്കും യു.എ⁠സ്‌. സുപ്രീം കോടതിയുടെ മുമ്പാകെ യഹോവയുടെ സാക്ഷികൾ ഉൾപ്പെട്ട 71 കേസുകൾ പരിഗണനയ്‌ക്കു വന്നിരുന്നു, അവയിൽ മൂന്നിൽ രണ്ടിലും അവർക്ക്‌ അനുകൂലമായ വിധി ഉണ്ടായി. ‘സുവാർത്തയ്‌ക്കുവേണ്ടി പ്രതിവാദം നടത്താനും അതു നിയമപരമായി സ്ഥാപിക്കാനും’ ഒന്നാം നൂറ്റാണ്ടിലേതുപോലെ ഇന്നും ലോകമെമ്പാടും നിയമയുദ്ധങ്ങൾ തുടരുന്നു.​—⁠ഫിലിപ്പിയർ 1:⁠7, NW.

6. യഹോവയുടെ ജനത്തിന്റെ മുന്നേറ്റത്തെ തടയാൻ നിരോധനങ്ങൾക്കോ നിയന്ത്രണങ്ങൾക്കോ സാധിച്ചോ? ദൃഷ്ടാന്തീകരിക്കുക.

6 രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള വർഷങ്ങളിൽ, അതായത്‌ 1930-കളിൽ, പല ദേശങ്ങളിലെയും ഏകാധിപത്യ ഭരണകൂടങ്ങൾ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ നിരോധനങ്ങളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തി. അവയിൽ മൂന്നു രാജ്യങ്ങളായിരുന്നു ജർമനിയും സ്‌പെയിനും ജപ്പാനും. എന്നാൽ, 2000-ാം ആണ്ടിൽ ഈ മൂന്നു രാജ്യങ്ങളിൽ മാത്രമായി ദൈവരാജ്യത്തിന്റെ സജീവ ഘോഷകരുടെ എണ്ണം ഏതാണ്ട്‌ 5,00,000 ആയിരുന്നു. 1936-ൽ ലോകത്താകെ ഉണ്ടായിരുന്ന സാക്ഷികളുടെ ഏതാണ്ട്‌ പത്ത്‌ ഇരട്ടി വരും ഇത്‌! വ്യക്തമായും, തങ്ങളുടെ ജയശാലിയാം നേതാവായ യേശുക്രിസ്‌തുവിന്റെ നേതൃത്വത്തിൻ കീഴിൽ മുന്നേറുന്ന യഹോവയുടെ ജനത്തെ തടയാൻ നിരോധനങ്ങൾക്കോ നിയന്ത്രണങ്ങൾക്കോ സാധിക്കുകയില്ല.

7. 1958-ൽ ശ്രദ്ധേയമായ എന്തു സംഭവം നടന്നു, അതേത്തുടർന്ന്‌ എന്തു വലിയ മാറ്റം ഉണ്ടായിരിക്കുന്നു?

7 ഈ മുന്നേറ്റത്തിന്റെ എത്ര വലിയ ഒരു പ്രകടനമായിരുന്നു 1958-ൽ ന്യൂയോർക്ക്‌ നഗരത്തിൽവെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ എക്കാലത്തെയും ഏറ്റവും വലിയ കൺവെൻഷൻ. ആ ദിവ്യഹിത അന്താരാഷ്‌ട്ര സമ്മേളനത്തിന്റെ അത്യുച്ച ഹാജർ 2,53,922 ആയിരുന്നു. 1970 ആയപ്പോഴേക്കും, പൂർവ ജർമനി എന്ന്‌ അറിയപ്പെട്ടിരുന്ന പ്രദേശം ഒഴികെ, മുകളിൽ പരാമർശിച്ച മൂന്നു രാജ്യങ്ങളിലും അവരുടെ പ്രവർത്തനത്തിനുള്ള വാതിലുകൾ തുറന്നു കിട്ടിയിരുന്നു. എന്നാൽ വിശാലമായ സോവിയറ്റ്‌ യൂണിയനിലും വാഴ്‌സോ ഉടമ്പടി പ്രകാരം അതിന്റെ ചേരിയിൽ ഉണ്ടായിരുന്ന മറ്റു രാജ്യങ്ങളിലും സാക്ഷികളുടെ പ്രവർത്തനം നിരോധിക്കപ്പെട്ടിരുന്നു. ഇന്ന്‌ ഈ മുൻ കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സാക്ഷികളുടെ എണ്ണം അഞ്ചു ലക്ഷത്തിലധികമാണ്‌.

8. യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നതിന്റെ ഫലം എന്താണ്‌, 1950-ൽ വീക്ഷാഗോപുരം അതേക്കുറിച്ച്‌ എന്തു പറഞ്ഞു?

8 ‘മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിക്കുന്നതിൽ’ തുടർന്നിരിക്കുന്നതിനാൽ യഹോവയുടെ സാക്ഷികളുടെ എണ്ണം വർധിച്ചിരിക്കുന്നു, അങ്ങനെ അവർ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. (മത്തായി 6:33) യെശയ്യാവിന്റെ പ്രവചനത്തിന്‌ ഇപ്പോൾത്തന്നെ അക്ഷരീയ നിവൃത്തി ഉണ്ടായിരിക്കുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” (യെശയ്യാവു 60:22) വർധന ഇപ്പോഴും തുടരുന്നു. കഴിഞ്ഞ പത്തു വർഷക്കാലം കൊണ്ട്‌ രാജ്യഭരണത്തെ സജീവമായി പിന്താങ്ങുന്നവരുടെ എണ്ണം 17,50,000-ത്തിലധികം വർധിച്ചു! അവർ സ്വമേധയാ, 1950-ൽ വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) മാസിക പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ പരാമർശിച്ച കൂട്ടത്തിന്റെ ഭാഗമായിരിക്കുന്നു: “ദൈവം ഇപ്പോൾ ഒരു പുതിയലോക സമുദായത്തെ ഒരുക്കുകയാണ്‌. . . . അർമഗെദോനെ അതിജീവിക്കുന്നത്‌ ഇവരായിരിക്കും . . . ‘പുതിയ ഭൂമി’യിൽ ആദ്യം പ്രവർത്തനനിരതർ ആകുന്നത്‌ ഇവരായിരിക്കും . . . ഇവർ ദിവ്യാധിപത്യപരമായി സംഘടിതരും സംഘടനയുടെ നടപടിക്രമങ്ങൾ നന്നായി അറിയാവുന്നവരും ആയിരിക്കും.” ആ ലേഖനം ഇങ്ങനെ ഉപസംഹരിച്ചു: “അതുകൊണ്ട്‌, ഒരു പുതിയലോക സമുദായം എന്ന നിലയിൽ നമുക്കെല്ലാം അടിപതറാതെ ഒറ്റക്കെട്ടായി മുന്നേറാം!”

9. വർഷങ്ങൾകൊണ്ട്‌ യഹോവയുടെ സാക്ഷികൾ പഠിച്ചിരിക്കുന്ന കാര്യങ്ങൾ പ്രയോജനകരമെന്നു തെളിഞ്ഞിരിക്കുന്നത്‌ എങ്ങനെ?

9 എണ്ണത്തിൽ സദാ വർധിച്ചുവരുന്ന ഈ പുതിയലോക സമുദായം ഇന്ന്‌ അമൂല്യമെന്നു തെളിഞ്ഞിരിക്കുന്ന വൈദഗ്‌ധ്യങ്ങൾ നേടിയിരിക്കുന്നു. ഒരുപക്ഷേ അവ അർമഗെദോനു ശേഷമുള്ള പുനഃസ്ഥിതീകരണ വേലയിലും പ്രയോജനപ്രദമെന്നു തെളിഞ്ഞേക്കാം. ഉദാഹരണത്തിന്‌, വലിയ കൺവെൻഷനുകൾ സംഘടിപ്പിക്കാനും ദുരിതാശ്വാസ സഹായങ്ങൾ സത്വരം ലഭ്യമാക്കാനും പെട്ടെന്ന്‌ കെട്ടിടങ്ങൾ പണിയാനും അവർ പഠിച്ചിരിക്കുന്നു. മതിപ്പോടും ആദരവോടും കൂടെ സാക്ഷികളെ വീക്ഷിക്കാൻ അവരുടെ ഇത്തരം പ്രവർത്തനങ്ങൾ അനേകരെ പ്രേരിപ്പിച്ചിരിക്കുന്നു.

തെറ്റിദ്ധാരണകൾ തിരുത്തൽ

10, 11. യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തപ്പെട്ടിരിക്കുന്നത്‌ എങ്ങനെ എന്നു ദൃഷ്ടാന്തീകരിക്കുക.

10 എന്നിരുന്നാലും, സമൂഹവുമായി പൊരുത്തപ്പെട്ടു പോകാത്തവർ എന്ന്‌ യഹോവയുടെ സാക്ഷികളെ കുറ്റപ്പെടുത്തുന്നവർ ഉണ്ട്‌. രക്തപ്പകർച്ച, നിഷ്‌പക്ഷത, പുകവലി, ധാർമിക നിലവാരങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ച സാക്ഷികളുടെ ബൈബിളധിഷ്‌ഠിത നിലപാടാണ്‌ അതിനു പ്രധാന കാരണം. എന്നാൽ പൊതുജനങ്ങളിൽ കൂടുതൽ കൂടുതൽ പേർ സാക്ഷികളുടെ വീക്ഷണങ്ങൾ പരിഗണന അർഹിക്കുന്നതാണെന്നു വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്‌, പോളണ്ടിലെ ഒരു ഡോക്‌ടർ യഹോവയുടെ സാക്ഷികളുടെ കാര്യനിർവഹണ ഓഫീസിലേക്ക്‌ ഫോൺ ചെയ്‌തിട്ട്‌, താനും ആശുപത്രിയിലെ സഹപ്രവർത്തകരും മണിക്കൂറുകളോളം രക്തപ്പകർച്ചയെ കുറിച്ച്‌ സംവാദത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു എന്ന്‌ പറഞ്ഞു. പോളിഷ്‌ ദിനപത്രമായ ജാനിക്‌ സാഹോദ്‌നിയിൽ അന്നേ ദിവസം വന്ന ഒരു ലേഖനമാണ്‌ അവരുടെ ചർച്ചയ്‌ക്ക്‌ തിരി കൊളുത്തിയത്‌. “ചികിത്സാരംഗത്ത്‌ രക്തം അമിതമായി ഉപയോഗിക്കുന്നതിൽ വ്യക്തിപരമായി എനിക്കു ഖേദമുണ്ട്‌,” ആ ഡോക്‌ടർ പറഞ്ഞു. “ഈ അവസ്ഥ മാറണം, നിങ്ങൾ ഈ വിഷയം എടുത്തിട്ടതിൽ എനിക്കു സന്തോഷമുണ്ട്‌. ഇതേക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

11 കഴിഞ്ഞ വർഷം നടന്ന ഒരു കോൺഫറൻസിൽ, ഇസ്രായേൽ, ഐക്യനാടുകൾ, കാനഡ, യൂറോപ്പ്‌ എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യശാസ്‌ത്ര വിദഗ്‌ധർ രക്തം കൂടാതെ രോഗികളെ ചികിത്സിക്കുന്നതിൽ ഡോക്‌ടർമാരെ സഹായിക്കാൻ ഉദ്ദേശിച്ചു തയ്യാറാക്കിയിരിക്കുന്ന വിവരങ്ങൾ ചർച്ച ചെയ്‌തു. സ്വിറ്റ്‌സർലൻഡിൽ നടന്ന ഈ യോഗത്തിൽ, പൊതു അഭിപ്രായത്തിൽ നിന്നു ഭിന്നമായി, രക്തം സ്വീകരിക്കുന്ന രോഗികളുടെ ഇടയിലെ മരണനിരക്ക്‌ രക്തം സ്വീകരിക്കാത്ത രോഗികളുടെ ഇടയിലെ മരണനിരക്കിനെക്കാൾ യഥാർഥത്തിൽ കൂടുതൽ ആണെന്ന്‌ ചൂണ്ടിക്കാട്ടപ്പെട്ടു. സാധാരണഗതിയിൽ, രക്തം സ്വീകരിക്കുന്നവരെക്കാൾ വേഗത്തിൽ സാക്ഷികളായ രോഗികൾക്ക്‌ ആശുപത്രി വിടാൻ കഴിയുന്നു. ഫലത്തിൽ ഇതു മിക്കപ്പോഴും ആശുപത്രി ചെലവു ചുരുക്കുകയും ചെയ്യുന്നു.

12. രാഷ്‌ട്രീയ നിഷ്‌പക്ഷത സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ നിലപാടിനെ ചില പ്രമുഖർ പുകഴ്‌ത്തിയിട്ടുള്ളതിന്റെ ഒരു ദൃഷ്ടാന്തം നൽകുക.

12 രണ്ടാം ലോകമഹായുദ്ധ കാലത്തും അതിനു മുമ്പും, നാസികളുടെ ആക്രമണത്തിൻ മുന്നിൽ യഹോവയുടെ സാക്ഷികൾ സ്വീകരിച്ച ധീരമായ നിഷ്‌പക്ഷ നിലപാടിനെ കുറിച്ചും അനേകർ അനുകൂലമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്‌. യഹോവയുടെ സാക്ഷികൾ നിർമിച്ച്‌, ഉചിതമായിത്തന്നെ 1996 നവംബർ 6-ന്‌ ജർമനിയിലെ റാവെൻസ്‌ബ്രൂക്ക്‌ തടങ്കൽപ്പാളയത്തിൽ പ്രഥമ പ്രദർശനം നടത്തിയ യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന വീഡിയോയെ കുറിച്ച്‌ നിരവധി പേർ വളരെ നല്ല അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്‌. 1998 ഏപ്രിൽ 18-ന്‌ കുപ്രസിദ്ധമായ ബെർഗൻ-ബെൽസൺ തടങ്കൽപ്പാളയത്തിൽ നടത്തിയ സമാനമായ ഒരു അവതരണത്തിന്റെ തുടക്കത്തിൽ ലോവർ സാക്‌സണിയിലെ രാഷ്‌ട്രീയ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഡയറക്‌ടറായ ഡോ. വോൾഫ്‌ഗാങ്‌ ഷിൽ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “ക്രിസ്‌തീയ സഭകളുടെതിനെക്കാൾ വളരെ നിശ്ചയദാർഢ്യത്തോടെയാണ്‌ യഹോവയുടെ സാക്ഷികൾ നാസിസത്തെ തള്ളിക്കളഞ്ഞത്‌ എന്നത്‌ ലജ്ജിപ്പിക്കുന്ന ഒരു ചരിത്രസത്യമാണ്‌. . . . യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകളെയും മതതീക്ഷ്‌ണതയെയും കുറിച്ച്‌ നാം എന്തു വിചാരിച്ചാലും ശരി, നാസി ഭരണകാലത്ത്‌ അവർ പ്രകടമാക്കിയ വിശ്വസ്‌തത തീർച്ചയായും ആദരണീയമാണ്‌.”

13, 14. (എ) ആദിമ ക്രിസ്‌ത്യാനികൾക്ക്‌ അനുകൂലമായി അപ്രതീക്ഷിതമായ ഒരു ഉറവിൽനിന്ന്‌ എന്ത്‌ ജ്ഞാനപൂർവകമായ അഭിപ്രായം വന്നു? (ബി) ദൈവജനത്തെ അനുകൂലിക്കുന്ന അഭിപ്രായങ്ങൾക്ക്‌ ആധുനിക ഉദാഹരണങ്ങൾ നൽകുക.

13 വിവാദപരമായ കാര്യങ്ങളിൽ യഹോവയുടെ സാക്ഷികളെ അനുകൂലിച്ചുകൊണ്ട്‌ കോടതികൾ വിധിന്യായം പുറപ്പെടുവിക്കുകയോ പ്രമുഖ വ്യക്തികൾ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയോ ചെയ്യുമ്പോൾ, അതു മുൻവിധികളെ തകർക്കുന്നതിനും സാക്ഷികളെ കുറിച്ചു മെച്ചമായ ഒരു ധാരണ ഉളവാകുന്നതിനും ഇടയാക്കിയേക്കാം. പലപ്പോഴും, മുമ്പ്‌ ശ്രദ്ധിക്കാൻ താത്‌പര്യം കാട്ടാതിരുന്ന വ്യക്തികളുമായി സംഭാഷണം തുടങ്ങാനുള്ള അവസരങ്ങൾ ഇതു തുറക്കുന്നു. അതുകൊണ്ട്‌ അത്തരം നടപടികൾ സ്വാഗതാർഹമാണ്‌. യഹോവയുടെ സാക്ഷികൾ അവയെ തീർച്ചയായും വിലമതിക്കുന്നു. ഇത്‌ ഒന്നാം നൂറ്റാണ്ടിൽ യെരൂശലേമിൽ സംഭവിച്ച ഒരു കാര്യം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. സുവാർത്ത പ്രസംഗിക്കുന്നതിൽ ക്രിസ്‌ത്യാനികൾക്കുള്ള തീക്ഷ്‌ണത നിമിത്തം യഹൂദ ന്യായാധിപ സംഘമായ സൻഹെദ്രിം അവരെ ഒടുക്കിക്കളയാൻ ആഗ്രഹിച്ചപ്പോൾ “സർവ്വജനത്തിന്നും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ” ഗമാലീയേൽ മുന്നറിയിപ്പ്‌ നൽകിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്‌വാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. . . . ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞു കൊൾവിൻ . . . ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ.”​—⁠പ്രവൃത്തികൾ 5:33-39.

14 ഗമാലീയേലിനെ പോലെ, അടുത്ത കാലത്ത്‌ പ്രമുഖ വ്യക്തികൾ യഹോവയുടെ സാക്ഷികളുടെ മതസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, മതവിശ്വാസം പുലർത്താനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അന്താരാഷ്‌ട്ര അക്കാദമിയുടെ മുൻ ചെയർമാൻ ഇങ്ങനെ വാദിച്ചു: “ഒരു മതത്തിന്റെ വിശ്വാസങ്ങൾ സമൂഹം അസ്വീകാര്യമോ പരമ്പരാഗതമല്ലാത്തതോ ആയി കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം അതിന്റെ മതപരമായ അവകാശങ്ങൾ നിഷേധിക്കാൻ പാടില്ല.” ലൈപ്‌സിഗ്‌ യൂണിവേഴ്‌സിറ്റിയിൽ മതത്തെ കുറിച്ചുള്ള ശാസ്‌ത്രീയ പഠന വിഭാഗത്തിലെ ഒരു പ്രൊഫസർ മതഭേദങ്ങൾ എന്നു വിളിക്കപ്പെടുന്നവയെ കുറിച്ച്‌ അന്വേഷണം നടത്താൻ ജർമൻ ഗവൺമെന്റ്‌ ഒരു കമ്മീഷനെ നിയമിച്ചതിനോടുള്ള ബന്ധത്തിൽ പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചു: “ന്യൂനപക്ഷ മതങ്ങളെ മാത്രം എന്തുകൊണ്ട്‌ സൂക്ഷ്‌മ പരിശോധനയ്‌ക്കു വിധേയമാക്കണം, വലിയ സഭകളെ രണ്ടും [റോമൻ കത്തോലിക്കാ സഭയും ലൂഥറൻ സഭയും] എന്തുകൊണ്ട്‌ ഒഴിവാക്കി?” അതിനുള്ള ഉത്തരത്തിന്‌ പിൻവരുന്ന പ്രകാരം എഴുതിയ ഒരു മുൻ ജർമൻ ഉദ്യോഗസ്ഥന്റെ വാക്കുകൾ പരിശോധിച്ചാൽ മാത്രം മതി: “ഗവൺമെന്റ്‌ നിയമിച്ച കമ്മീഷൻ സ്വീകരിച്ച രാഷ്‌ട്രീയ ഗതിയെ സഭകൾക്കുള്ളിലെ മതഭ്രാന്തർ മറഞ്ഞിരുന്ന്‌ നിയന്ത്രിച്ചു എന്നതിന്‌ യാതൊരു സംശയവുമില്ല.”

ആശ്വാസത്തിനായി നാം ആരിലേക്കു നോക്കുന്നു?

15, 16. (എ) ഗമാലീയേലിന്റെ നടപടി പൂർണ ആശ്വാസം കൈവരുത്താഞ്ഞത്‌ എന്തുകൊണ്ട്‌? (ബി) സ്വാധീനമുള്ള മറ്റ്‌ മൂന്നു വ്യക്തികൾക്ക്‌ യേശുവിനു വേണ്ടി കാര്യമായി യാതൊന്നും ചെയ്യാൻ കഴിയാതെ പോയത്‌ എങ്ങനെ?

15 ദൈവത്തിന്റെ പിന്തുണയുള്ള ഒരു വേല പരാജയപ്പെടുകയില്ല എന്ന വസ്‌തുതയെ എടുത്തുകാണിക്കുന്നതാണ്‌ ഗമാലീയേലിന്റെ പ്രസ്‌താവന. സൻഹെദ്രിമിനോട്‌ അദ്ദേഹം പറഞ്ഞ കാര്യത്തിൽനിന്ന്‌ ആദിമ ക്രിസ്‌ത്യാനികൾക്കു നിസ്സംശയമായും പ്രയോജനം ലഭിച്ചു. എന്നാൽ തന്റെ ശിഷ്യന്മാർ പീഡിപ്പിക്കപ്പെടുമെന്ന യേശുവിന്റെ വാക്കുകളും സത്യമാണെന്ന കാര്യം അവർ മറന്നുകളഞ്ഞില്ല. അവരെ നശിപ്പിക്കാനുള്ള മതനേതാക്കന്മാരുടെ ഉദ്ദേശ്യത്തിന്‌ ഗമാലീയേലിന്റെ നടപടി ഒരു തടയായി വർത്തിച്ചു. എന്നാൽ ക്രിസ്‌ത്യാനികളുടെ മേലുള്ള പീഡനം അതോടെ അവസാനിച്ചില്ല. കാരണം, നാം ഇങ്ങനെ വായിക്കുന്നു: “അവർ അവനെ അനുസരിച്ചു: അപ്പൊസ്‌തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്‌പിച്ചു അവരെ വിട്ടയച്ചു.”​—⁠പ്രവൃത്തികൾ 5:⁠40.

16 യേശുവിനെ വിചാരണ ചെയ്‌ത സമയത്ത്‌, അവനിൽ യാതൊരു കുറ്റവും കാണാഞ്ഞ പൊന്തിയൊസ്‌ പീലാത്തൊസ്‌ യേശുവിനെ വിട്ടയയ്‌ക്കാൻ ശ്രമിച്ചു. എന്നാൽ അവന്‌ അതിനു കഴിഞ്ഞില്ല. (യോഹന്നാൻ 18:38, 39; 19:​4, 6, 12-16) സൻഹെദ്രിമിലെ അംഗങ്ങൾ ആയിരുന്ന നിക്കൊദേമൊസും അരിമഥ്യയിലെ യോസേഫും യേശുവിനെ അനുകൂലിച്ചിരുന്നെങ്കിലും, അവനെതിരെ നടപടി എടുക്കുന്നതിൽനിന്നു ന്യായാധിപ സംഘത്തെ തടയാൻ അവർക്കു പോലും കാര്യമായി ഒന്നും ചെയ്യാനായില്ല. (ലൂക്കൊസ്‌ 23:50-52; യോഹന്നാൻ 7:45-52; 19:​38-40) കാരണം എന്തായിരുന്നാലും, യഹോവയുടെ ജനത്തിനു വേണ്ടി പ്രതിവാദം ചെയ്‌തുകൊണ്ട്‌ ആളുകൾ നിലപാടു സ്വീകരിക്കുന്നതിന്റെ ഫലമായുള്ള ആശ്വാസം​—⁠അത്‌ ഏത്‌ ആന്തരത്തോടെയാണെങ്കിലും​—⁠പരിമിതമായിരിക്കും. ക്രിസ്‌തുവിനെ ദ്വേഷിച്ചതുപോലെ അവന്റെ യഥാർഥ അനുഗാമികളെയും ലോകം തുടർന്നും ദ്വേഷിക്കും. സമ്പൂർണ ആശ്വാസം കൈവരുത്താൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ.​—⁠പ്രവൃത്തികൾ 2:24.

17. യഹോവയുടെ സാക്ഷികൾക്ക്‌ വസ്‌തുനിഷ്‌ഠമായ എന്തു വീക്ഷണമാണ്‌ ഉള്ളത്‌, എന്നാൽ സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരാനുള്ള ദൃഢനിശ്ചയത്തിൽ അവർ തളർന്നുപോകാത്തത്‌ എന്തുകൊണ്ട്‌?

17 തങ്ങൾക്കു തുടർന്നും പീഡനം ഉണ്ടാകുമെന്ന്‌ യഹോവയുടെ സാക്ഷികൾ വസ്‌തുനിഷ്‌ഠമായി വിശ്വസിക്കുന്നു. സാത്താന്റെ വ്യവസ്ഥിതി അന്തിമമായി പരാജയപ്പെടുമ്പോൾ മാത്രമേ എതിർപ്പ്‌ ഇല്ലാതാകുകയുള്ളൂ. എന്നാൽ, ഈ പീഡനം സുഖപ്രദമായ ഒന്നല്ലെങ്കിലും രാജ്യത്തെ കുറിച്ചു പ്രസംഗിക്കാനുള്ള തങ്ങളുടെ നിയോഗത്തിൽനിന്ന്‌ അവർ പിന്മാറുന്നതിന്‌ അത്‌ ഇടയാക്കുന്നില്ല. അവർക്കു ദിവ്യ പിന്തുണ ഉള്ള സ്ഥിതിക്ക്‌ അവർ അതിൽനിന്ന്‌ എന്തിനു പിന്മാറണം? ശരിയായ മാതൃക എന്ന നിലയിൽ അവർ തങ്ങളുടെ ധീരനേതാവായ യേശുക്രിസ്‌തുവിലേക്കു നോക്കുന്നു.​—⁠പ്രവൃത്തികൾ 5:17-21, 27-32.

18. യഹോവയുടെ ജനത്തിന്‌ എന്തു കഷ്ടത ഇനിയും സംഭവിക്കാനിരിക്കുന്നു, എന്നാൽ അന്തിമഫലം സംബന്ധിച്ച്‌ അവർക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌?

18 തുടക്കം മുതലേ, സത്യമതത്തിന്‌ ശക്തമായ എതിർപ്പുകൾ നേരിട്ടിട്ടുണ്ട്‌. താമസിയാതെ, സ്വർഗത്തിൽനിന്ന്‌ പുറത്താക്കപ്പെട്ടതു മുതൽ അധമാവസ്ഥയിൽ ആയിരിക്കുന്ന സാത്താനായ ഗോഗ്‌ അതിനെതിരെ സർവശക്തിയോടും കൂടെ ആഞ്ഞടിക്കും. എന്നാൽ സത്യമതം അതിജീവിക്കും. (യെഹെസ്‌കേൽ 38:14-16) സാത്താന്റെ നേതൃത്വത്തിൻ കീഴിൽ ‘സർവ്വഭൂതലത്തിലുമുള്ള രാജാക്കന്മാർ’ “കുഞ്ഞാടിനോടു പോരാടും.” പക്ഷേ, “താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു . . . അവരെ ജയിക്കും.” (വെളിപ്പാടു 16:14; 17:14) അതേ, നമ്മുടെ രാജാവ്‌ അന്തിമ വിജയത്തിലേക്കു മുന്നേറുകയാണ്‌. താമസിയാതെ, അവൻ ‘തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കും.’ “ദൈവം നമുക്കു അനുകൂലം” എന്നു യഹോവയുടെ ആരാധകർ പറയുമ്പോൾ, അതിനെ എതിർക്കുന്നവർ പെട്ടെന്നുതന്നെ നീക്കം ചെയ്യപ്പെടും എന്ന അറിവോടെ അവനോടൊപ്പം മുന്നേറുന്നത്‌ എന്തൊരു പദവിയാണ്‌!​—⁠റോമർ 8:31; ഫിലിപ്പിയർ 1:27, 28.

നിങ്ങൾക്കു വിശദീകരിക്കാമോ?

• രാജ്യത്തിന്റെ ജനനത്തെ തുടർന്ന്‌ ക്രിസ്‌തീയ സഭയെ ബലപ്പെടുത്താൻ യഹോവ എന്തു ചെയ്‌തിരിക്കുന്നു?

• ജയിച്ചടക്കൽ പൂർത്തിയാക്കുന്നതിൽനിന്ന്‌ ക്രിസ്‌തുവിനെ തടയാൻ സാത്താൻ എന്തു ചെയ്‌തിരിക്കുന്നു, അതിന്റെ ഫലങ്ങൾ എന്തെല്ലാം?

• സാക്ഷികൾ അല്ലാത്തവരുടെ അനുകൂലമായ പ്രവർത്തനം സംബന്ധിച്ച്‌ നമുക്ക്‌ സമനിലയുള്ള എന്തു വീക്ഷണം ഉണ്ടായിരിക്കണം?

• സാത്താൻ താമസിയാതെ എന്തു ചെയ്യും, അന്തിമഫലം എന്തായിരിക്കും?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

യഹോവയുടെ ജനത്തിന്റെ മുന്നേറ്റത്തിന്റെ ഒരു പ്രകടനമാണ്‌ കൺവെൻഷനുകൾ

[20-ാം പേജിലെ ചിത്രങ്ങൾ]

രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ സാക്ഷികൾ പ്രകടമാക്കിയ നിഷ്‌പക്ഷത യഹോവയ്‌ക്ക്‌ ഇപ്പോഴും സ്‌തുതി കൈവരുത്തുന്നു