ബൈബിൾ പഠനം—അതു നിങ്ങൾക്കുള്ളതോ?
ബൈബിൾ പഠനം—അതു നിങ്ങൾക്കുള്ളതോ?
“ഒരു പുരോഹിതന്റെ അസാന്നിധ്യത്തിൽ ഇതു വായിക്കരുത്.” ചില കത്തോലിക്കാ ബൈബിളുകളിൽ ഇങ്ങനെയൊരു മുന്നറിയിപ്പ് കാണാറുണ്ട്. “കത്തോലിക്കരായ ഞങ്ങൾക്ക് ബൈബിൾ എപ്പോഴും ലഭ്യമായിരുന്നില്ല. എന്നാൽ, ആ അവസ്ഥയ്ക്ക് ഇപ്പോൾ മാറ്റം വരുകയാണ്,” ലോസാഞ്ചലസിലുള്ള കാത്തലിക്ക് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലെ കെയ് മർഡി പറയുന്നു. വിശുദ്ധ തിരുവെഴുത്തുകൾക്ക് തങ്ങളുടെ ജീവിതത്തിൽ എങ്ങനെ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് മനസ്സിലാകുമ്പോൾ, “അവർ ബൈബിളിനായുള്ള വിശപ്പും ദാഹവും വളർത്തിയെടുക്കുന്നു,” മർഡി പറയുന്നു.
പ്രസ്തുത മാറ്റത്തെക്കുറിച്ചുള്ള ഒരു മതവിദ്യാഭ്യാസ കോ-ഓർഡിനേറ്ററിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, “കത്തോലിക്കർ എന്ന നിലയിൽ തങ്ങൾക്കു വളരെയധികം നഷ്ടമായിരിക്കുന്നുവെന്നും ബൈബിൾ ആത്മീയമായി സമ്പന്നമായ ഒരു ഗ്രന്ഥമാണെന്നും അതിനാൽ തങ്ങൾക്കു നഷ്ടപ്പെട്ടതായി അവർ കരുതുന്ന അതിലെ സമ്പത്തിൽ കുറച്ചു നേടണമെന്ന്” ബൈബിൾ പഠന ക്ലാസ്സുകളിൽ ചേർന്ന കത്തോലിക്കർ വിചാരിക്കുന്നതായി യു.എസ്. കാത്തലിക്ക് എന്ന മാസിക പറയുന്നു.
അത് എന്തുതന്നെ ആയിരുന്നാലും, ബൈബിളിന്റെ ഒരു വിദ്യാർഥിക്ക് എന്ത് ‘ആത്മീയ സമ്പത്താണു’ കണ്ടെത്താനാവുക? ഇതു ചിന്തിക്കുക: അനുദിന ജീവിത ഉത്കണ്ഠകൾ എങ്ങനെ തരണം ചെയ്യാമെന്നറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? നിങ്ങൾക്ക് കുടുംബത്തിൽ എങ്ങനെ സമാധാനം നിലനിറുത്താനാകും? മര്യാദയില്ലാതെയും സാമൂഹികവിരുദ്ധമായും ഇന്ന് അനേകർ പെരുമാറുന്നത് എന്തുകൊണ്ട്? ഇന്നത്തെ യുവജനങ്ങളുടെ ഇടയിലെ അക്രമത്തിനു കാരണം എന്താണ്? ഇവയ്ക്കും കുഴപ്പിക്കുന്ന മറ്റു ചോദ്യങ്ങൾക്കുമുള്ള ആശ്രയയോഗ്യമായ ഉത്തരങ്ങൾ ദൈവവചനമായ ബൈബിൾ പ്രദാനം ചെയ്യുന്നു. അതുകൊണ്ട് അതിന്, കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകാർക്കും മാത്രമല്ല, ബുദ്ധമതക്കാർക്കും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഷിന്റോമതക്കാർക്കും, എന്തിന് നിരീശ്വരവാദികൾക്കും അജ്ഞേയവാദികൾക്കും പോലും, “ആത്മീയ സമ്പന്നത” കൈവരുത്താൻ കഴിയും. ‘ദൈവത്തിന്റെ വചനം തന്റെ കാലിനു ദീപവും പാതെക്കു പ്രകാശവും ആകുന്നു’ എന്നു സങ്കീർത്തനക്കാരൻ പറഞ്ഞു. നിങ്ങൾക്കും അത് അങ്ങനെയായിരിക്കാൻ കഴിയും.—സങ്കീർത്തനം 119:105.