വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അദൃശ്യനായവനെ കാണുന്നതുപോലെ ഉറച്ചുനിൽക്കുക!

അദൃശ്യനായവനെ കാണുന്നതുപോലെ ഉറച്ചുനിൽക്കുക!

അദൃശ്യനായവനെ കാണുന്നതുപോലെ ഉറച്ചുനിൽക്കുക!

‘[മോശെ] അദൃശ്യദൈവത്തെ കണ്ടതുപോലെ [“അദൃശ്യനായവനെ കാണുന്നതുപോലെ,” Nw] ഉറെച്ചുനിന്നു.’​—⁠എബ്രായർ 11:​27.

1. യേശു തന്റെ ഗിരിപ്രഭാഷണത്തിൽ ദൈവത്തെ കുറിച്ച്‌ ഏതു ശ്രദ്ധേയമായ പ്രസ്‌താവന നടത്തി?

യഹോവ അദൃശ്യനായ ദൈവമാണ്‌. അവന്റെ തേജസ്സ്‌ തനിക്കു കാണിച്ചുതരേണമേ എന്ന്‌ മോശെ ആവശ്യപ്പെട്ടപ്പോൾ, “നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല” എന്നായിരുന്നു അവന്റെ മറുപടി. (പുറപ്പാടു 33:20) അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” (യോഹന്നാൻ 1:18) ഭൂമിയിൽ ഒരു മനുഷ്യനായി ജീവിച്ച സമയത്ത്‌ യേശുക്രിസ്‌തുവിനു പോലും ദൈവത്തെ കാണാൻ കഴിഞ്ഞില്ല. എങ്കിലും, തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പറയുകയുണ്ടായി: “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.” (മത്തായി 5:8) എന്താണ്‌ യേശു അർഥമാക്കിയത്‌?

2. നമുക്ക്‌ ഭൗതിക നേത്രങ്ങൾ കൊണ്ട്‌ ദൈവത്തെ കാണാൻ കഴിയാത്തത്‌ എന്തുകൊണ്ട്‌?

2 തിരുവെഴുത്തുകൾ യഹോവയെ ഒരു അദൃശ്യ ആത്മാവായിട്ടാണ്‌ തിരിച്ചറിയിക്കുന്നത്‌. (യോഹന്നാൻ 4:24; കൊലൊസ്സ്യർ 1:15; 1 തിമൊഥെയൊസ്‌ 1:⁠17) അതുകൊണ്ട്‌ മനുഷ്യരായ നാം ഭൗതിക നേത്രങ്ങൾ കൊണ്ട്‌ യഹോവയെ യഥാർഥമായി കാണുന്നതിനെയല്ല യേശു അർഥമാക്കിയത്‌. വാസ്‌തവത്തിൽ, ആത്മസൃഷ്ടികളായി പുനരുത്ഥാനം പ്രാപിച്ചു സ്വർഗത്തിൽ ചെല്ലുന്ന അഭിഷിക്ത ക്രിസ്‌ത്യാനികൾ യഹോവയാം ദൈവത്തെ കാണും എന്നതു ശരിതന്നെ. എന്നാൽ, “ഹൃദയശുദ്ധിയുള്ളവ”രും ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള പ്രത്യാശയുള്ളവരും ആയ മനുഷ്യർക്കും ദൈവത്തെ ‘കാണാൻ’ കഴിയും. അതെങ്ങനെയാണ്‌ സാധിക്കുക?

3. മനുഷ്യർക്ക്‌ ദൈവത്തിന്റെ ഗുണങ്ങളിൽ ചിലതു മനസ്സിലാക്കാൻ കഴിയുന്നത്‌ എങ്ങനെ?

3 യഹോവയുടെ സൃഷ്ടികളെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നതിലൂടെ നാം അവനെ കുറിച്ച്‌ ചിലതൊക്കെ പഠിക്കുന്നു. അങ്ങനെ നമുക്ക്‌ അവന്റെ ശക്തിയിൽ മതിപ്പു തോന്നുകയും സ്രഷ്ടാവായ ദൈവമായി അവനെ അംഗീകരിക്കാൻ നാം പ്രേരിതരാകുകയും ചെയ്‌തേക്കാം. (എബ്രായർ 11:3; വെളിപ്പാടു 4:11) ഇതിനോടുള്ള ബന്ധത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ [ദൈവത്തിന്റെ] അദൃശ്യലക്ഷണങ്ങൾ [“അദൃശ്യ ഗുണങ്ങൾ,” NW] ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ [“ഉണ്ടാക്കപ്പെട്ട കാര്യങ്ങളാൽ,” NW] ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു.” (റോമർ 1:20) അതുകൊണ്ട്‌ ദൈവത്തെ കാണുന്നതു സംബന്ധിച്ച യേശുവിന്റെ വാക്കുകളിൽ യഹോവയുടെ ഗുണങ്ങളിൽ ചിലതു മനസ്സിലാക്കാനുള്ള പ്രാപ്‌തി ഉൾപ്പെടുന്നു. അത്തരം കാഴ്‌ച സൂക്ഷ്‌മ പരിജ്ഞാനത്തിൽ അധിഷ്‌ഠിതമാണ്‌. “ഹൃദയദൃഷ്ടി”കൊണ്ട്‌ ആത്മീയമായി കാണുന്നതിനെയാണ്‌ അത്‌ അർഥമാക്കുന്നത്‌. (എഫെസ്യർ 1:17) അതുപോലെതന്നെ, യേശുവിന്റെ വാക്കുകളും പ്രവൃത്തികളും ദൈവത്തെ കുറിച്ച്‌ വളരെയേറെ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. അതുകൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.” (യോഹന്നാൻ 14:9) യേശു യഹോവയുടെ വ്യക്തിത്വത്തെ പൂർണമായും പ്രതിഫലിപ്പിച്ചു. അതുകൊണ്ട്‌ യേശുവിന്റെ ജീവിതത്തെയും പഠിപ്പിക്കലുകളെയും കുറിച്ചുള്ള അറിവിന്‌ ദൈവത്തിന്റെ ഗുണങ്ങളിൽ ചിലതു കാണാൻ അല്ലെങ്കിൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കാനാകും.

ആത്മീയത അനിവാര്യം

4. ആത്മീയതയില്ലായ്‌മ ഇന്നു പലരും പ്രകടിപ്പിക്കുന്നത്‌ എങ്ങനെ?

4 വിശ്വാസവും യഥാർഥ ആത്മീയതയും ഇന്നു വളരെ വിരളമാണ്‌. “വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ” എന്ന്‌ പൗലൊസ്‌ പറയുകയുണ്ടായി. (2 തെസ്സലൊനീക്യർ 3:2) പലരും വ്യക്തിപരമായ അനുധാവനങ്ങളിൽ പൂർണമായി മുഴുകിയിരിക്കുകയാണ്‌, അവർക്ക്‌ ദൈവത്തിൽ ഒരു വിശ്വാസവുമില്ല. അവരുടെ പാപപൂർണമായ നടത്തയും ആത്മീയതയില്ലായ്‌മയും ഗ്രാഹ്യ കണ്ണുകൾ കൊണ്ട്‌ ദൈവത്തെ കാണുന്നതിൽനിന്ന്‌ അവരെ തടയുന്നു. കാരണം അപ്പൊസ്‌തലനായ യോഹന്നാൻ ഇപ്രകാരം എഴുതുകയുണ്ടായി: “തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല.” (3 യോഹന്നാൻ 11) തങ്ങളുടെ ഭൗതിക നേത്രങ്ങൾകൊണ്ട്‌ അവർക്കു ദൈവത്തെ കാണാനാവാത്തതിനാൽ അവർ ചെയ്യുന്നതൊന്നും ദൈവവും കാണുന്നില്ലെന്ന മട്ടിലാണ്‌ അവരുടെ പെരുമാറ്റം. (യെഹെസ്‌കേൽ 9:9) ആത്മീയ കാര്യങ്ങളെ അവജ്ഞയോടെ വീക്ഷിക്കുന്നതുകൊണ്ട്‌ അവർക്കു “ദൈവപരിജ്ഞാനം” സമ്പാദിക്കാൻ കഴിയുന്നില്ല. (സദൃശവാക്യങ്ങൾ 2:5) പൗലൊസ്‌ ഉചിതമായിത്തന്നെ ഇപ്രകാരം എഴുതുന്നു: “പ്രാകൃതമനുഷ്യൻ [‘ലൗകികമനുഷ്യൻ,’ പി.ഒ.സി. ബൈബിൾ] ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.”​—⁠1 കൊരിന്ത്യർ 2:⁠14.

5. ആത്മീയ മനസ്‌കരായ ആളുകൾ ഏതു വസ്‌തുത സംബന്ധിച്ച്‌ ബോധവാന്മാരാണ്‌?

5 എന്നാൽ, നാം ആത്മീയ മനസ്‌കരാണെങ്കിൽ, യഹോവ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഒരു ദൈവം അല്ലെങ്കിലും തെറ്റായ ചിന്തകൾക്കും മോഹങ്ങൾക്കും അനുസൃതമായി നാം പ്രവർത്തിക്കുമ്പോൾ അവൻ അത്‌ തീർച്ചയായും അറിയുന്നു എന്ന വസ്‌തുത സംബന്ധിച്ച്‌ എല്ലായ്‌പോഴും ബോധവാന്മാരായിരിക്കും. “മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.” (സദൃശവാക്യങ്ങൾ 5:21) നാം പാപത്തിൽ വീണുപോകുന്ന പക്ഷം അനുതപിക്കാനും യഹോവയുടെ ക്ഷമയ്‌ക്കായി യാചിക്കാനും നാം പ്രേരിതരാകുന്നു. കാരണം നാം അവനെ സ്‌നേഹിക്കുന്നു. അവനെ വേദനിപ്പിക്കാൻ നാം ആഗ്രഹിക്കുന്നില്ല.​—⁠സങ്കീർത്തനം 78:​41, NW; 130:⁠3.

ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നതെന്ത്‌?

6. ഉറച്ചുനിൽക്കുക എന്നതിന്റെ അർഥമെന്താണ്‌?

6 നമ്മുടെ കണ്ണുകൾക്ക്‌ യഹോവ അദൃശ്യനാണെങ്കിലും അവനു നാം ദൃശ്യരാണ്‌ എന്ന്‌ നമുക്ക്‌ എല്ലായ്‌പോഴും ഓർമയുള്ളവരായിരിക്കാം. അവന്റെ അസ്‌തിത്വം സംബന്ധിച്ച അവബോധവും തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും അവൻ സമീപസ്ഥനാണെന്ന ബോധ്യവും ഉറച്ചുനിൽക്കാൻ, അതായത്‌ അവനോടുള്ള വിശ്വസ്‌തതയിൽ ഉറപ്പുള്ളവരും കുലുങ്ങാത്തവരും ആയി നിൽക്കാൻ, നമ്മെ സഹായിക്കും. (സങ്കീർത്തനം 145:18) നമുക്ക്‌ മോശെയെപ്പോലെ ആയിരിക്കാൻ കഴിയും. അവനെ കുറിച്ച്‌ പൗലൊസ്‌ എഴുതി: “വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ [“അദൃശ്യനായവനെ കാണുന്നതുപോലെ,” NW] ഉറെച്ചുനില്‌ക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.”​—⁠എബ്രായർ 11:⁠27.

7, 8. ഫറവോന്റെ മുമ്പാകെ ധൈര്യം തോന്നാൻ മോശെയെ സഹായിച്ചത്‌ എന്ത്‌?

7 ഇസ്രായേല്യരെ ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന്‌ വിടുവിച്ചുകൊണ്ടുവരാനുള്ള ദൈവദത്ത നിയോഗം നിറവേറ്റവേ, മതപ്രമാണിമാരും സൈനിക പ്രധാനികളും നിറഞ്ഞ രാജസദസ്സിൽ നിഷ്‌ഠുരനായ ഫറവോനു മുമ്പാകെ മോശെക്ക്‌ പലതവണ ഹാജരാകേണ്ടി വന്നു. സാധ്യതയനുസരിച്ച്‌, ആ രാജകൊട്ടാരത്തിന്റെ ചുവരുകൾ വിഗ്രഹങ്ങളെ കൊണ്ട്‌ മൂടപ്പെട്ടിരുന്നു. എന്നാൽ, ഈജിപ്‌തിലെ ജീവനില്ലാത്ത ദൈവങ്ങളെ പ്രതിനിധീകരിക്കുന്ന ആ വിഗ്രഹങ്ങളിൽനിന്നെല്ലാം വ്യത്യസ്‌തമായി, യഹോവ അദൃശ്യനായിരുന്നെങ്കിലും മോശെക്ക്‌ യഥാർഥമായിരുന്നു. വെറുതെയല്ല, മോശെ ഫറവോനു മുന്നിൽ പേടിച്ചുവിറയ്‌ക്കാതിരുന്നത്‌!

8 മോശെക്ക്‌, ഫറവോനു മുമ്പാകെ പലതവണ ഹാജരാകാനുള്ള ധൈര്യം നൽകിയത്‌ എന്താണ്‌? “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” എന്ന്‌ തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. (സംഖ്യാപുസ്‌തകം 12:3) വ്യക്തമായും, ശക്തമായ ആത്മീയതയും ദൈവം തന്നോടൊപ്പം ഉണ്ടെന്നുള്ള ബോധ്യവും ഈജിപ്‌തിന്റെ നിർദയനായ രാജാവിനു മുന്നിൽ ‘അദൃശ്യനായവന്റെ’ പ്രതിനിധിയായി ചെല്ലാനുള്ള മനസ്സുറപ്പ്‌ മോശെക്കു പ്രദാനം ചെയ്‌തു. അദൃശ്യ ദൈവത്തെ “കാണുന്ന”വർ ഇന്ന്‌ അവനിലുള്ള വിശ്വാസം പ്രകടമാക്കുന്ന ചില വിധങ്ങൾ ഏതെല്ലാമാണ്‌?

9. നമുക്ക്‌ ഉറച്ചുനിൽക്കുന്നുവെന്നു തെളിയിക്കാൻ കഴിയുന്ന ഒരു മാർഗം എന്ത്‌?

9 വിശ്വാസം പ്രകടമാക്കാനും അദൃശ്യനായവനെ കാണുന്നതുപോലെ ഉറച്ചുനിൽക്കുന്നുവെന്നു തെളിയിക്കാനും ഉള്ള ഒരു മാർഗം പീഡനത്തിൻ മധ്യേയും പ്രസംഗപ്രവർത്തനത്തിൽ ധൈര്യപൂർവം ഏർപ്പെടുന്നതാണ്‌. യേശു തന്റെ ശിഷ്യന്മാർക്ക്‌ ഇങ്ങനെ മുന്നറിയിപ്പു നൽകി: “എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.” (ലൂക്കൊസ്‌ 21:17) അവൻ അവരോട്‌ ഇങ്ങനെയും പറഞ്ഞു: “ദാസൻ യജമാനനെക്കാൾ വലിയവനല്ല . . . അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.” (യോഹന്നാൻ 15:20) യേശു പറഞ്ഞപ്രകാരം അവന്റെ മരണ ശേഷം അധികം താമസിയാതെ, ഭീഷണികളുടെയും അറസ്റ്റുകളുടെയും മർദനങ്ങളുടെയും രൂപത്തിൽ അവന്റെ അനുഗാമികൾ പീഡനം അനുഭവിച്ചു. (പ്രവൃത്തികൾ 4:​1-3, 18-21; 5:​17, 18, 40) പീഡനത്തിന്റെ തിര ആഞ്ഞടിച്ചപ്പോഴും യേശുവിന്റെ അപ്പൊസ്‌തലന്മാരും മറ്റു ശിഷ്യന്മാരും സുവാർത്ത ധൈര്യപൂർവം പ്രസംഗിക്കുന്നതിൽ തുടർന്നു.​—⁠പ്രവൃത്തികൾ 4:29-31.

10. യഹോവയുടെ സംരക്ഷണാത്മക കരുതലിലുള്ള ഉറച്ച വിശ്വാസം ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നതെങ്ങനെ?

10 മോശെയെ പോലെതന്നെ യേശുവിന്റെ ആദിമ അനുഗാമികളും ദൃശ്യരായ തങ്ങളുടെ അനവധി ശത്രുക്കളെ കണ്ട്‌ പേടിച്ചുവിറച്ചില്ല. യേശുവിന്റെ ശിഷ്യന്മാർക്ക്‌ ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. തത്‌ഫലമായി, കടുത്ത പീഡനംപോലും സഹിക്കാൻ അവർക്കു കഴിഞ്ഞു. അതേ, അവർ അദൃശ്യനായവനെ കാണുന്നതുപോലെ ഉറച്ചുനിന്നു. ഇന്ന്‌, യഹോവയുടെ സംരക്ഷണാത്മക കരുതൽ സംബന്ധിച്ച്‌ എല്ലായ്‌പോഴും ബോധവാന്മാരായിരിക്കുന്നത്‌ നമ്മെ ധൈര്യമുള്ളവരാക്കുന്നു. രാജ്യപ്രസംഗ വേലയിൽ തെല്ലും ഭയംകൂടാതെ ഏർപ്പെടാൻ അതു നമ്മെ പ്രാപ്‌തരാക്കുന്നു. “മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും” എന്ന്‌ ദൈവവചനം പറയുന്നു. (സദൃശവാക്യങ്ങൾ 29:25) അതുകൊണ്ട്‌, പീഡനം പേടിച്ചു നാം പിൻവലിയുന്നില്ല. നമ്മുടെ ശുശ്രൂഷയെപ്രതി നമുക്ക്‌ ലജ്ജയും തോന്നുന്നില്ല. അയൽക്കാരോടും സഹജോലിക്കാരോടും സഹപാഠികളോടും മറ്റെല്ലാവരോടും സധൈര്യം സാക്ഷീകരിക്കുന്നതിന്‌ നമ്മുടെ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു.​—⁠റോമർ 1:14-16.

അദൃശ്യനായവൻ തന്റെ ജനത്തെ നയിക്കുന്നു

11. പത്രൊസും യൂദായും പറയുന്ന പ്രകാരം, ക്രിസ്‌തീയ സഭയോടു സഹവസിച്ചിരുന്ന ചിലർ ആത്മീയത ഇല്ലായ്‌മ പ്രകടമാക്കിയതെങ്ങനെ?

11 യഹോവയെ, തന്റെ ഭൗമിക സംഘടനയെ നയിക്കുന്നവനായി കാണാൻ വിശ്വാസം നമ്മെ സഹായിക്കുന്നു. അങ്ങനെ സഭയിൽ ഉത്തരവാദിത്വം വഹിക്കുന്നവരോടു വിമർശന മനോഭാവം പ്രകടമാക്കുന്നതു നാം ഒഴിവാക്കുന്നു. ക്രിസ്‌ത്യാനികൾക്കിടയിൽ നേതൃത്വം വഹിക്കുന്ന പുരുഷന്മാരെ ദുഷിക്കുന്ന അളവോളം ആത്മീയത ഇല്ലാത്തവരായിരുന്ന ചിലരെ കുറിച്ച്‌ അപ്പൊസ്‌തലനായ പത്രൊസും യേശുവിന്റെ അർധസഹോദരനായ യൂദായും മുന്നറിയിപ്പു നൽകുകയുണ്ടായി. (2 പത്രൊസ്‌ 2:9-12; യൂദാ 8) തെറ്റുകണ്ടുപിടിക്കാൻ നടന്ന അവർക്ക്‌ യഹോവ ഭൗതികമായി ദൃശ്യനായിരുന്നെങ്കിൽ അവന്റെ മുമ്പാകെ അവർ ആ രീതിയിൽ സംസാരിക്കുമായിരുന്നോ? ഒരിക്കലും ഇല്ല! എന്നാൽ ദൈവം അദൃശ്യനായതിനാൽ അവനോടു തങ്ങൾ കണക്കു ബോധിപ്പിക്കേണ്ടതാണെന്ന കാര്യം കണക്കിലെടുക്കാൻ ആ ജഡിക മനുഷ്യർ പരാജയപ്പെട്ടു.

12. സഭയിൽ നേതൃത്വം എടുക്കുന്നവരോട്‌ നാം ഏതു രീതിയിലുള്ള മനോഭാവം പ്രകടമാക്കണം?

12 ക്രിസ്‌തീയ സഭയിലുള്ളവർ അപൂർണരാണ്‌ എന്നതു ശരിതന്നെ. മൂപ്പന്മാരായി സേവിക്കുന്നവർ പിശകുകൾ വരുത്തുന്നു. ചിലപ്പോഴൊക്കെ അവ നമ്മെ വ്യക്തിപരമായി ബാധിച്ചെന്നും വരാം. എന്നിരുന്നാലും, യഹോവ ആ പുരുഷന്മാരെ തന്റെ ആട്ടിൻകൂട്ടത്തിന്റെ ഇടയന്മാരായി ഉപയോഗിക്കുന്നു. (1 പത്രൊസ്‌ 5:​1, 2) യഹോവ തന്റെ ജനത്തെ നയിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്‌ അവർ എന്ന്‌ ആത്മീയ മനസ്‌കരായ സ്‌ത്രീപുരുഷന്മാർ തിരിച്ചറിയുന്നു. അതുകൊണ്ട്‌, ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാം വിമർശനത്തിന്റെയും പരാതി പറച്ചിലിന്റെയുമായ ഒരു മനോഭാവം ഒഴിവാക്കുകയും ദൈവത്തിന്റെ ദിവ്യാധിപത്യ ക്രമീകരണങ്ങളോട്‌ ആദരവ്‌ പ്രകടമാക്കുകയും ചെയ്യുന്നു. നമ്മുടെയിടയിൽ നേതൃത്വം എടുക്കുന്നവരോട്‌ അനുസരണം ഉള്ളവരായിരുന്നുകൊണ്ട്‌ അദൃശ്യനായവനെ നാം കാണുന്നു എന്നു നാം പ്രകടമാക്കുന്നു.​—⁠എബ്രായർ 13:​17, NW.

ദൈവത്തെ നമ്മുടെ മഹാ പ്രബോധകനായി കാണൽ

13, 14. യഹോവയെ മഹാ പ്രബോധകനായി കാണുന്നത്‌ നിങ്ങൾക്ക്‌ എന്ത്‌ അർഥമാക്കുന്നു?

13 ആത്മീയ കാഴ്‌ച ആവശ്യമായിരിക്കുന്ന മറ്റൊരു മേഖലയുണ്ട്‌. യെശയ്യാവു ഇപ്രകാരം പ്രവചിച്ചു: “നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ [“മഹാ പ്രബോധകനെ,” NW] കണ്ടുകൊണ്ടിരിക്കും.” (യെശയ്യാവു 30:20) തന്റെ ഭൗമിക സംഘടനയിലൂടെ നമ്മെ പഠിപ്പിക്കുന്നത്‌ യഹോവയാണെന്നു തിരിച്ചറിയാൻ വിശ്വാസം ആവശ്യമാണ്‌. (മത്തായി 24:45-47) ദൈവത്തെ നമ്മുടെ മഹാ പ്രബോധകനായി കാണുന്നത്‌, നല്ല ബൈബിൾ പഠന ശീലങ്ങൾ നിലനിറുത്തുന്നതിലും ക്രിസ്‌തീയ യോഗങ്ങളിൽ പതിവായി പങ്കെടുക്കുന്നതിലും കൂടുതൽ അർഥമാക്കുന്നു. ദൈവത്തിന്റെ ആത്മീയ കരുതലുകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിനെ അത്‌ അർഥമാക്കുന്നു. ഉദാഹരണത്തിന്‌, യേശുവിലൂടെ യഹോവ പ്രദാനം ചെയ്യുന്ന മാർഗനിർദേശത്തിന്‌ നാം സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്‌, ഇത്‌ ആത്മീയമായി ഒഴുകിപ്പോകാതിരിക്കാൻ നമ്മെ സഹായിക്കും.​—⁠എബ്രായർ 2:​1, NW.

14 ആത്മീയ ആഹാരത്തിൽനിന്നു പൂർണ പ്രയോജനം നേടുന്നതിന്‌ ചിലപ്പോൾ പ്രത്യേക ശ്രമം വേണ്ടിവരുന്നു. ഉദാഹരണത്തിന്‌, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ചില ബൈബിൾ വിവരണങ്ങൾ ഓടിച്ചു വായിച്ചുവിടാൻ നാം പ്രവണത കാണിച്ചേക്കാം. വീക്ഷാഗോപുരം, ഉണരുക! മാസികകൾ വായിക്കുന്ന സമയത്ത്‌ നമുക്ക്‌ അത്ര താത്‌പര്യമില്ലാത്ത വിഷയങ്ങളെ കുറിച്ചുള്ള ചില ലേഖനങ്ങൾ വായിക്കാതെ വിട്ടുകളയുകപോലും ചെയ്‌തേക്കാം. അല്ലെങ്കിൽ ക്രിസ്‌തീയ യോഗങ്ങളിൽ നമ്മുടെ മനസ്സുകളെ അലഞ്ഞുതിരിയാൻ നാം അനുവദിച്ചേക്കാം. എന്നിരുന്നാലും പരിചിന്തിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങൾ അവധാനപൂർവം ചിന്തിച്ചു മനസ്സിലാക്കുന്ന പക്ഷം നമുക്ക്‌ ശ്രദ്ധാശൈഥില്യം കൂടാതെ ഇരിക്കാൻ കഴിയും. നമുക്കു ലഭിക്കുന്ന ആത്മീയ പ്രബോധനത്തോടുള്ള ആഴമായ വിലമതിപ്പ്‌ യഹോവയെ നാം നമ്മുടെ മഹാ പ്രബോധകനായി തിരിച്ചറിയുന്നു എന്നു കാണിക്കുന്നു.

നാം കണക്കു ബോധിപ്പിക്കേണ്ടിയിരിക്കുന്നു

15. യഹോവ തങ്ങളെ കാണുന്നില്ല എന്ന മട്ടിൽ ചിലർ പ്രവർത്തിച്ചിരിക്കുന്നത്‌ എങ്ങനെ?

15 ഈ “അന്ത്യകാല”ത്ത്‌ ദുഷ്ടത വിപുലവ്യാപകമായതിനാൽ അദൃശ്യനായവനിലുള്ള വിശ്വാസം പ്രത്യേകിച്ചും അനിവാര്യമാണ്‌. (ദാനീയേൽ 12:4) സത്യസന്ധതയില്ലായ്‌മയും ലൈംഗിക അധാർമികതയും കൊടികുത്തിവാഴുകയാണ്‌. മനുഷ്യർക്ക്‌ നമ്മെ കാണാൻ കഴിയാത്തപ്പോൾ പോലും യഹോവ നമ്മുടെ പ്രവൃത്തികൾ നിരീക്ഷിക്കുന്നുണ്ടെന്ന്‌ ഓർമിക്കുന്നതു ജ്ഞാനമാണ്‌. ചിലർ ഈ വസ്‌തുത മറന്നുപോയിരിക്കുന്നു. മറ്റുള്ളവർ കാണാത്തപ്പോൾ അവർ തിരുവെഴുത്തു വിരുദ്ധമായ നടത്തയിൽ ഏർപ്പെട്ടേക്കാം. ഉദാഹരണത്തിന്‌, ഇന്റർനെറ്റിലും ടെലിവിഷനിലും മറ്റ്‌ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചും ദ്രോഹകരമായ വിനോദവും അശ്ലീലവും നിരീക്ഷിക്കാനുള്ള പ്രലോഭനത്തെ ചിലർ ചെറുത്തു നിന്നിട്ടില്ല. അത്തരം കാര്യങ്ങൾ സ്വകാര്യമായി ചെയ്യാൻ കഴിയുമെന്നതിനാൽ, തങ്ങളുടെ നടത്ത യഹോവ കാണുന്നില്ല എന്ന മട്ടിൽ ചിലർ പ്രവർത്തിച്ചിരിക്കുന്നു.

16. യഹോവയുടെ ഉന്നത നിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതിന്‌ നമ്മെ എന്തു സഹായിക്കണം?

16 അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകൾ മനസ്സിൽ പിടിക്കുന്നത്‌ നല്ലതാണ്‌: “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.” (റോമർ 14:12) ഓരോ തവണ പാപം ചെയ്യുമ്പോഴും നാം യഹോവയോടാണ്‌ പാപം ചെയ്യുന്നതെന്ന കാര്യം മനസ്സിൽ പിടിക്കേണ്ടതുണ്ട്‌. ഈ അറിവ്‌ അവന്റെ ഉന്നത നിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതിനും അശുദ്ധമായ നടത്ത ഒഴിവാക്കുന്നതിനും നമ്മെ സഹായിക്കണം. ബൈബിൾ നമ്മെ ഇപ്രകാരം അനുസ്‌മരിപ്പിക്കുന്നു: “അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു [“നാം കണക്കുബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്‌,” പി.ഒ.സി. ബൈബിൾ].” (എബ്രായർ 4:13) ദൈവത്തോട്‌ നാം കണക്കു ബോധിപ്പിക്കേണ്ടിയിരിക്കുന്നു എന്നതു സത്യമാണ്‌. എങ്കിലും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനും അവന്റെ നീതിപൂർവകമായ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കുന്ന മുഖ്യ സംഗതി അവനോടുള്ള നമ്മുടെ ആഴമായ സ്‌നേഹമാണ്‌. അതുകൊണ്ട്‌, വിനോദം സംബന്ധിച്ച തിരഞ്ഞെടുപ്പ്‌, എതിർ ലിംഗത്തിൽപ്പെട്ടവരോടുള്ള പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിലൊക്കെ നമുക്കു വിവേകം പ്രകടമാക്കാം.

17. യഹോവ ഏതു തരത്തിലുള്ള താത്‌പര്യത്തോടെയാണ്‌ നമ്മെ നിരീക്ഷിക്കുന്നത്‌?

17 യഹോവ നമ്മിൽ അത്യന്തം തത്‌പരനാണ്‌. എന്നാൽ നമ്മെ ശിക്ഷിക്കാൻ തക്കവണ്ണം നാം തെറ്റുകൾ വരുത്താനായി അവൻ നോക്കിയിരിക്കുന്നുവെന്നല്ല ഇതിനർഥം. മറിച്ച്‌, തന്റെ അനുസരണമുള്ള കുട്ടികൾക്ക്‌ പ്രതിഫലം നൽകാൻ ആഗ്രഹിക്കുന്ന ഒരു പിതാവിനെ പോലെ, സ്‌നേഹപൂർവകമായ താത്‌പര്യത്തോടെ അവൻ നമ്മെ നിരീക്ഷിക്കുന്നു. നമ്മുടെ സ്വർഗീയ പിതാവ്‌ നമ്മുടെ വിശാസത്തിൽ പ്രസാദിക്കുന്നുവെന്നും “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു”വെന്നും അറിയുന്നത്‌ എത്രയോ സാന്ത്വനദായകമാണ്‌! (എബ്രായർ 11:6) നമുക്ക്‌ യഹോവയിൽ സമ്പൂർണ വിശ്വാസം പ്രകടമാക്കുകയും ‘അവനെ പൂർണ്ണഹൃദയത്തോടെ സേവിക്കയും’ ചെയ്യാം.​—⁠1 ദിനവൃത്താന്തം 28:⁠9.

18. യഹോവ നമ്മെ നിരീക്ഷിക്കുകയും നമ്മുടെ വിശ്വസ്‌തത കാണുകയും ചെയ്യുന്നതുകൊണ്ട്‌ എന്ത്‌ ഉറപ്പാണ്‌ നമുക്കു തിരുവെഴുത്തുകളിൽനിന്നു ലഭിക്കുന്നത്‌?

18 സദൃശവാക്യങ്ങൾ 15:3 ഇപ്രകാരം പറയുന്നു: “യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.” അതേ, ദൈവം ആകാത്തവരെ നോക്കിക്കൊണ്ടിരിക്കുകയും അവരുടെ നടത്തയ്‌ക്ക്‌ അനുസരിച്ച്‌ അവരോട്‌ പെരുമാറുകയും ചെയ്യുന്നു. എന്നാൽ, നാം ‘നല്ലവരുടെ’ കൂട്ടത്തിലാണെങ്കിൽ യഹോവ നമ്മുടെ വിശ്വസ്‌ത പ്രവൃത്തികൾ കാണുന്നുണ്ടെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. ‘നമ്മുടെ പ്രയത്‌നം കർത്താവിൽ വ്യർത്ഥമല്ല’ എന്നും അദൃശ്യനായവൻ ‘നമ്മുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകള’യില്ല എന്നും അറിയുന്നത്‌ നമ്മുടെ വിശ്വാസത്തെ എത്രമാത്രം ബലപ്പെടുത്തുന്നു!​—⁠1 കൊരിന്ത്യർ 15:58; എബ്രായർ 6:⁠10.

നമ്മെ പരിശോധിക്കാൻ യഹോവയെ ക്ഷണിക്കൽ

19. യഹോവയിലുള്ള ശക്തമായ വിശ്വാസം കൈവരുത്തുന്ന ചില പ്രയോജനങ്ങൾ എന്തെല്ലാം?

19 യഹോവയുടെ വിശ്വസ്‌ത ദാസന്മാരെന്ന നിലയിൽ നാം അവനു വിലപ്പെട്ടവരാണ്‌. (മത്തായി 10:29-31) അദൃശ്യനാണെങ്കിലും അവൻ നമുക്ക്‌ യഥാർഥമായിരിക്കാൻ കഴിയും. അവനുമായുള്ള വിലപ്പെട്ട ബന്ധത്തെ നമുക്കു പ്രിയങ്കരമായി കരുതാൻ കഴിയും. നമ്മുടെ സ്വർഗീയ പിതാവിനോട്‌ അത്തരം ഒരു മനോഭാവം ഉണ്ടായിരിക്കുന്നത്‌ നമുക്ക്‌ അനേകം പ്രയോജനങ്ങൾ കൈവരുത്തുന്നു. നമ്മുടെ ശക്തമായ വിശ്വാസം യഹോവയുടെ മുമ്പിൽ ഒരു ശുദ്ധ ഹൃദയവും നല്ല മനസ്സാക്ഷിയും ഉണ്ടായിരിക്കുന്നതിന്‌ നമ്മെ സഹായിക്കുന്നു. നിർവ്യാജ വിശ്വാസം ഒരു കപട ജീവിതം നയിക്കുന്നതിൽ നിന്ന്‌ നമ്മെ തടയുകയും ചെയ്യുന്നു. (1 തിമൊഥെയൊസ്‌ 1:5, 18, 19) ദൈവത്തിലുള്ള നമ്മുടെ അചഞ്ചല വിശ്വാസം നല്ലൊരു മാതൃകയായി വർത്തിക്കുന്നു. അതിന്‌ നമുക്കു ചുറ്റുമുള്ളവരുടെ മേൽ ഗുണകരമായ ഒരു ഫലം ഉളവാക്കാൻ കഴിയും. (1 തിമൊഥെയൊസ്‌ 4:12) മാത്രമല്ല, അത്തരം വിശ്വാസം ദൈവിക നടത്തയെ ഉന്നമിപ്പിക്കുന്നു, അതാകട്ടെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.​—⁠സദൃശവാക്യങ്ങൾ 27:⁠11.

20, 21. (എ) യഹോവയുടെ ജാഗരൂകമായ കണ്ണ്‌ നമ്മുടെമേൽ ഉണ്ടായിരിക്കുന്നത്‌ അഭികാമ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) സങ്കീർത്തനം 139:​23, 24 നാം നമുക്കു തന്നെ ബാധകമാക്കിയേക്കാവുന്നത്‌ എങ്ങനെ?

20 നാം യഥാർഥത്തിൽ ജ്ഞാനികളാണെങ്കിൽ യഹോവ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിൽ നാം സന്തുഷ്ടരായിരിക്കും. അവൻ നമ്മെ കാണാൻ മാത്രമല്ല, പിന്നെയോ നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും സമഗ്രമായി പരിശോധിക്കാനും നാം ആഗ്രഹിക്കും. നമ്മെ ശോധന ചെയ്യാനും അനുചിതമായ ചായ്‌വുകൾ എന്തെങ്കിലും നമുക്കുണ്ടോ എന്നു കണ്ടുപിടിക്കാനും പ്രാർഥനയിൽ നാം യഹോവയെ ക്ഷണിക്കുന്നതു നല്ലതായിരിക്കും. നമ്മുടെ പ്രശ്‌നങ്ങളെ തരണം ചെയ്യാനും ആവശ്യമായ ക്രമപ്പെടുത്തലുകൾ വരുത്താനും അവനു തീർച്ചയായും നമ്മെ സഹായിക്കാൻ കഴിയും. സങ്കീർത്തനക്കാരനായ ദാവീദ്‌ ഉചിതമായിത്തന്നെ ഇങ്ങനെ പാടി: “ദൈവമേ, എന്നെ ശോധന ചെയ്‌തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു [“പരിശോധിച്ച്‌,” NW] എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.”​—⁠സങ്കീർത്തനം 139:23, 24.

21 തന്നിൽ “വ്യസനത്തിന്നുള്ള മാർഗ്ഗം” ഉണ്ടോ എന്നു നോക്കാൻ തന്നെ ശോധന ചെയ്യേണമേ എന്ന്‌ ദാവീദ്‌ യഹോവയോട്‌ അപേക്ഷിച്ചു. സങ്കീർത്തനക്കാരനെ പോലെ, ദൈവം നമ്മുടെ ഹൃദയങ്ങളെ ശോധന ചെയ്യാനും നമുക്ക്‌ അനുചിതമായ ആന്തരങ്ങൾ ഉണ്ടോ എന്നു നോക്കാനും നാം വാഞ്‌ഛിക്കുന്നില്ലേ? അങ്ങനെയെങ്കിൽ നമ്മെ പരിശോധിക്കാനായി നമുക്ക്‌ യഹോവയോടു വിശ്വാസത്തോടെ അപേക്ഷിക്കാം. എന്നാൽ ഏതെങ്കിലും തെറ്റിനെപ്രതി നാം ഉത്‌കണ്‌ഠാകുലരായിരിക്കുകയോ നമ്മുടെയുള്ളിൽ ദ്രോഹകരമായ എന്തെങ്കിലും ഉണ്ടായിരിക്കുകയോ ചെയ്യുന്നെങ്കിലെന്ത്‌? അങ്ങനെയെങ്കിൽ നമുക്ക്‌ നമ്മുടെ സ്‌നേഹവാനാം ദൈവമായ യഹോവയോട്‌ നിരന്തരം മുട്ടിപ്പായി പ്രാർഥിക്കാം. അവന്റെ പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിനും അവന്റെ വചനം നൽകുന്ന ബുദ്ധിയുപദേശത്തിനും താഴ്‌മയോടെ കീഴ്‌പെടാം. അവൻ നമ്മുടെ സഹായത്തിനെത്തും എന്നും നിത്യജീവനിലേക്കു നയിക്കുന്ന ഒരു ഗതി പിന്തുടരുന്നതിന്‌ നമ്മെ സഹായിക്കുമെന്നും നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും.​—⁠സങ്കീർത്തനം 40:11-13.

22. അദൃശ്യനായവനോടുള്ള ബന്ധത്തിൽ നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?

22 അതേ, യഹോവയുടെ നിബന്ധനകൾ അനുസരിക്കുന്ന പക്ഷം നിത്യജീവൻ തന്ന്‌ അവൻ നമ്മെ അനുഗ്രഹിക്കും. തീർച്ചയായും, അവന്റെ ശക്തിയും അധികാരവും നാം അംഗീകരിക്കേണ്ടതുണ്ട്‌, അപ്പൊസ്‌തലനായ പൗലൊസ്‌ ചെയ്‌തതുപോലെ. അവൻ ഇങ്ങനെ എഴുതി. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1 തിമൊഥെയൊസ്‌ 1:17) നാം എല്ലായ്‌പോഴും യഹോവയോട്‌ അത്തരം ഹൃദയംഗമമായ ഭക്ത്യാദരവ്‌ പ്രകടമാക്കുമാറാകട്ടെ. എന്തു വന്നാലും, അദൃശ്യനായവനെ കാണുന്നതുപോലെ ഉറച്ചുനിൽക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിൽനിന്ന്‌ നമുക്ക്‌ ഒരിക്കലും വ്യതിചലിക്കാതിരിക്കാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• മനുഷ്യർക്ക്‌ എങ്ങനെ ദൈവത്തെ കാണാൻ സാധിക്കും?

• യഹോവ നമുക്ക്‌ യഥാർഥമാണെങ്കിൽ പീഡനത്തിന്‌ ഇരയാകുന്ന സമയത്ത്‌ നാം എങ്ങനെ പ്രവർത്തിക്കും?

• യഹോവയെ നമ്മുടെ മഹാ പ്രബോധകനായി കാണുന്നത്‌ എന്ത്‌ അർഥമാക്കുന്നു?

• യഹോവ നമ്മെ പരിശോധിക്കാൻ നാം ആഗ്രഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

ഫറവോനെ ഭയപ്പെടാതെ, അദൃശ്യ ദൈവമായ യഹോവയെ തനിക്കു കാണാൻ കഴിയുന്നതുപോലെ മോശെ പ്രവർത്തിച്ചു

[21-ാം പേജിലെ ചിത്രം]

നാം ചെയ്യുന്നത്‌ യഹോവയ്‌ക്ക്‌ കാണാൻ കഴിയുന്നില്ല എന്ന മട്ടിൽ നമുക്ക്‌ ഒരിക്കലും പ്രവർത്തിക്കാതിരിക്കാം

[23-ാം പേജിലെ ചിത്രം]

നാം ദൈവത്തെ നമ്മുടെ മഹാ പ്രബോധകനായി കാണുന്നതുകൊണ്ട്‌ ഉത്സാഹത്തോടെ ദൈവപരിജ്ഞാനം തേടുന്നു