വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനാഥരെയും വിധവമാരെയും അവരുടെ ഞെരുക്കങ്ങളിൽ സഹായിക്കുക

അനാഥരെയും വിധവമാരെയും അവരുടെ ഞെരുക്കങ്ങളിൽ സഹായിക്കുക

അനാഥരെയും വിധവമാരെയും അവരുടെ ഞെരുക്കങ്ങളിൽ സഹായിക്കുക

സ്‌നേഹശൂന്യമായ ഒരു ലോകത്തിലാണ്‌ നാം ജീവിക്കുന്നത്‌ എന്നു മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. ‘അന്ത്യകാലത്ത്‌’ ഏതുതരം ആളുകളാണ്‌ ഉണ്ടായിരിക്കുക എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതുകയുണ്ടായി. അവൻ പറഞ്ഞു: ‘ദുർഘടസമയങ്ങൾ വരും. മനുഷ്യർ സ്വസ്‌നേഹികളും വാത്സല്യമില്ലാത്തവരും ആയിരിക്കും.’ (2 തിമൊഥെയൊസ്‌ 3:1-3) അത്‌ എത്രയോ സത്യമാണ്‌!

നമ്മുടെ നാളിലെ ധാർമിക ചുറ്റുപാട്‌, അനേകരുടെയും ഹൃദയങ്ങളിൽ അനുകമ്പ ഇല്ലാതാകുന്നതിന്‌ ഇടയാക്കിയിരിക്കുന്നു. ആളുകൾക്ക്‌ മറ്റുള്ളവരുടെ, ചിലർക്കാണെങ്കിൽ സ്വന്തം കുടുംബാംഗങ്ങളുടെ പോലും, ക്ഷേമത്തിൽ താത്‌പര്യം കുറഞ്ഞുവരികയാണ്‌.

പല കാരണങ്ങളാൽ നിരാലംബരായിത്തീരുന്ന അനേകരെ ഇതു പ്രതികൂലമായി ബാധിക്കുന്നു. യുദ്ധങ്ങൾ, പ്രകൃതി വിപത്തുകൾ എന്നിവ നിമിത്തവും അഭയം തേടിയുള്ള പോക്കിൽ കുടുംബാംഗങ്ങൾ ചിതറി പോകുന്നതു നിമിത്തവും അനാഥരുടെയും വിധവമാരുടെയും എണ്ണം ഒന്നിനൊന്നിന്‌ വർധിച്ചു വരികയാണ്‌. (സഭാപ്രസംഗി 3:19) “10 ലക്ഷത്തിലധികം [കുട്ടികൾ] യുദ്ധത്തിന്റെ ഫലമായി അനാഥരാക്കപ്പെടുകയോ തങ്ങളുടെ കുടുംബങ്ങളിൽനിന്ന്‌ പിഴുതുമാറ്റപ്പെടുകയോ ചെയ്‌തിരിക്കുന്നു” എന്ന്‌ ഐക്യരാഷ്‌ട്ര ശിശുക്ഷേമ നിധിയുടെ ഒരു റിപ്പോർട്ട്‌ പ്രസ്‌താവിക്കുന്നു. സ്വന്തം ജീവിതം തള്ളിനീക്കുന്നതോടൊപ്പം ഒറ്റയ്‌ക്ക്‌ ഒരു കുടുംബത്തെ പോറ്റുന്നതിന്റെ ചുമതല കൂടി ചുമലിലേറ്റുന്ന ഒറ്റക്കാരോ ഉപേക്ഷിക്കപ്പെട്ടവരോ വിവാഹമോചിതരോ ആയ അമ്മമാരുടെ ഭീമമായ എണ്ണത്തെ കുറിച്ചും നിങ്ങൾക്ക്‌ അറിയാം. പൗരന്മാരിൽ പലരും കൊടും ദാരിദ്ര്യത്തിന്റെ കയ്‌പുനീർ കുടിക്കുന്നതിന്‌ ഇടയാക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ചില രാജ്യങ്ങളിൽ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നു.

ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഞെരുക്കം അനുഭവിക്കുന്നവർക്ക്‌ എന്തെങ്കിലും പ്രത്യാശയുണ്ടോ? അനാഥരുടെയും വിധവമാരുടെയും യാതനകൾ എങ്ങനെ ലഘൂകരിക്കാൻ കഴിയും? ഈ പ്രശ്‌നം എന്നെങ്കിലും പൂർണമായി ഇല്ലാതാകുമോ?

ബൈബിൾ കാലങ്ങളിലെ സ്‌നേഹപൂർവകമായ കരുതൽ

അനാഥരുടെയും വിധവമാരുടെയും ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾക്കു വേണ്ടി കരുതുന്നത്‌ എല്ലായ്‌പോഴും ദൈവാരാധനയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നിട്ടുണ്ട്‌. ധാന്യങ്ങളുടെയോ കായ്‌കനികളുടെയോ വിളവെടുപ്പു സമയത്ത്‌ വയലിൽ ശേഷിക്കുന്നത്‌ എടുക്കാൻ അഥവാ കാലാ പെറുക്കാൻ ഇസ്രായേല്യർക്ക്‌ അനുവാദമുണ്ടായിരുന്നില്ല. “അതു പരദേശിക്കും അനാഥന്നും വിധവെക്കും” വേണ്ടിയുള്ളതായിരുന്നു. (ആവർത്തനപുസ്‌തകം 24:19-21) മോശെയുടെ ന്യായപ്രമാണം ഇങ്ങനെ എടുത്തുപറഞ്ഞു: “വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു.” (പുറപ്പാടു 22:22, 23) ബൈബിളിൽ പറഞ്ഞിരിക്കുന്ന അനാഥരും വിധവമാരും ദരിദ്രരായ ആളുകളെ ഉചിതമായി പ്രതിനിധീകരിച്ചു. കാരണം, ഭർത്താവിന്റെയും പിതാവിന്റെയും അല്ലെങ്കിൽ മാതാപിതാക്കൾ രണ്ടുപേരുടെയും മരണത്തോടെ, ശേഷം കുടുംബാംഗങ്ങൾ ആരോരുമില്ലാത്തവരും നിർധനരും ആയിത്തീരാൻ ഇടയുണ്ടായിരുന്നു. പൂർവപിതാവായ ഇയ്യോബ്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “നിലവിളിച്ച എളിയവനെയും അനാഥനെയും തുണയററവനെയും ഞാൻ വിടുവിച്ചു.”​—⁠ഇയ്യോബ്‌ 29:12.

ക്രിസ്‌തീയ സഭയുടെ പ്രാരംഭ നാളുകളിൽ, മാതാപിതാക്കളെയോ ഭർത്താവിനെയോ നഷ്ടമായതു നിമിത്തം ക്ലേശം അനുഭവിക്കുന്നവർക്കും യഥാർഥത്തിൽ സഹായം ആവശ്യമായിരിക്കുന്നവർക്കും വേണ്ടി കരുതുന്നത്‌ സത്യാരാധനയുടെ ഒരു വ്യതിരിക്ത സവിശേഷത ആയിരുന്നു. അത്തരക്കാരുടെ ക്ഷേമത്തിൽ ആഴമായ താത്‌പര്യം പ്രകടമാക്കിക്കൊണ്ട്‌ ശിഷ്യനായ യാക്കോബ്‌ എഴുതി: “പിതാവായ ദൈവത്തിന്റെ മുമ്പിൽ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി [“ആരാധനാ രീതി,” NW] ഇതാണ്‌: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളിൽ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേൽക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക.”​—⁠യാക്കോബ്‌ 1:⁠27, പി.ഒ.സി. ബൈബിൾ.

അനാഥരെയും വിധവമാരെയും കുറിച്ചു പറഞ്ഞതിനു പുറമേ, യാക്കോബ്‌ ദരിദ്രരും അഹോവൃത്തിക്കു വകയില്ലാത്തവരും ആയ മറ്റുള്ളവരോടും ആഴമായ കരുതൽ പ്രകടമാക്കി. (യാക്കോബ്‌ 2:​5, 6, 15, 16) അപ്പൊസ്‌തലനായ പൗലൊസും അതുതന്നെ ചെയ്‌തു. സുവിശേഷ പ്രസംഗത്തിനുള്ള നിയമനം കിട്ടിയ സമയത്ത്‌ അവനും ബർന്നബാസിനും ലഭിച്ച ഒരു നിർദേശം “ദരിദ്രരെ . . . ഓർത്തുകൊള്ളേണം” എന്നതായിരുന്നു. ‘അങ്ങനെ ചെയ്‌വാൻ ഞാൻ ഉത്സാഹിച്ചിരിക്കുന്നു’ എന്ന്‌ ശുദ്ധ മനസ്സാക്ഷിയോടെ പൗലൊസിനു പറയാൻ കഴിഞ്ഞു. (ഗലാത്യർ 2:9, 10) ക്രിസ്‌തീയ സഭ സ്ഥാപിതമായി അധികം കഴിയുന്നതിനു മുമ്പ്‌ അതിന്റെ പ്രവർത്തനങ്ങളെ കുറിച്ച്‌ ഇങ്ങനെ പറയപ്പെട്ടു: “മുട്ടുള്ളവൻ ആരും അവരിൽ ഉണ്ടായിരുന്നില്ല; . . . പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.” (പ്രവൃത്തികൾ 4:34, 35) അതേ, പുരാതന ഇസ്രായേലിൽ ഏർപ്പെടുത്തിയ, അനാഥർക്കും വിധവമാർക്കും നിർധനർക്കും വേണ്ടി കരുതുന്ന ക്രമീകരണം ക്രിസ്‌തീയ സഭയും പിന്തുടർന്നു.

പ്രദാനം ചെയ്‌ത സഹായം മിതമായ അളവിലുള്ളതും ഓരോ സഭയുടെയും പ്രാപ്‌തിക്ക്‌ അനുസൃതവുമായിരുന്നു. പണം വെറുതെ പാഴാക്കി കളഞ്ഞിരുന്നില്ല. യഥാർഥത്തിൽ സഹായം ആവശ്യമായിരുന്നവരെ മാത്രമേ സഹായിച്ചിരുന്നുള്ളൂ. ഒരു ക്രിസ്‌ത്യാനിയും ഈ ക്രമീകരണത്തെ മുതലെടുക്കരുതായിരുന്നു. സഭയുടെമേൽ അനാവശ്യ ഭാരമൊന്നും ചുമത്തപ്പെടാനും പാടില്ലായിരുന്നു. 1 തിമൊഥെയൊസ്‌ 5:​3-16-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ നിർദേശങ്ങളിൽനിന്ന്‌ ഇതു വ്യക്തമായിരുന്നു. സഹായം ആവശ്യമായിരിക്കുന്നവരുടെ ബന്ധുക്കൾക്ക്‌ അവരെ സഹായിക്കാൻ കഴിയുമെങ്കിൽ അവർ ആ ഉത്തരവാദിത്വം വഹിക്കേണ്ടതുണ്ടായിരുന്നു എന്ന്‌ അവിടെ നാം കാണുന്നു. സഹായം ലഭിക്കുന്നതിന്‌ ആവശ്യക്കാരായ വിധവമാർ ചില നിബന്ധനകൾ പാലിക്കണമായിരുന്നു. സഹായം ആവശ്യമായിരിക്കുന്നവർക്കു വേണ്ടി കരുതാൻ യഹോവ ഉപയോഗിക്കുന്ന ജ്ഞാനപൂർവകമായ ക്രമീകരണത്തെ ഇതെല്ലാം പ്രതിഫലിപ്പിക്കുന്നു. ആരും ദയയെ മുതലെടുക്കാതിരിക്കാൻ തക്കവണ്ണം സമനില പാലിക്കേണ്ടതുണ്ടെന്നും അതു പ്രകടമാക്കുന്നു.​—⁠2 തെസ്സലൊനീക്യർ 3:​10-12.

ഇന്ന്‌ അനാഥർക്കും വിധവമാർക്കും വേണ്ടി കരുതൽ

ഞെരുക്കം അനുഭവിക്കുന്നവരോടു കരുതൽ പ്രകടമാക്കുകയും അവർക്കു സഹായമെത്തിക്കുകയും ചെയ്യുന്ന കാര്യത്തിൽ ദൈവത്തിന്റെ കഴിഞ്ഞ കാല ദാസന്മാർ പിൻപറ്റിയിരുന്ന തത്ത്വങ്ങൾ, ഇന്ന്‌ യഹോവയുടെ സാക്ഷികളുടെ സഭകളും ബാധകമാക്കുന്നുണ്ട്‌. യേശു പറഞ്ഞതുപോലെ സഹോദര സ്‌നേഹം ഒരു തിരിച്ചറിയിക്കൽ അടയാളമാണ്‌. അവൻ ഇപ്രകാരം പ്രസ്‌താവിച്ചു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) ഇല്ലായ്‌മ അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, ആരെങ്കിലും യുദ്ധത്തിന്റെയോ ആഭ്യന്തര കലഹത്തിന്റെയോ കെടുതികൾക്കോ വിപത്തിനോ ഇരയായി തീർന്നിരിക്കുന്നെങ്കിൽ അവർക്ക്‌ ആത്മീയവും ഭൗതികവും ആയ സഹായം എത്തിക്കുന്നതിനുള്ള വഴികൾ കണ്ടുപിടിക്കാൻ സാർവദേശീയ സഹോദരവർഗത്തിലെ ശേഷിക്കുന്നവർ ഉത്സുകരാണ്‌. ഇതിനോടുള്ള ബന്ധത്തിൽ എന്താണു ചെയ്‌തു വരുന്നത്‌ എന്നു കാണിക്കുന്ന ചില ആധുനികകാല അനുഭവങ്ങൾ നമുക്കു പരിചിന്തിക്കാം.

പെഡ്രോയ്‌ക്ക്‌ തന്റെ അമ്മയെ അത്ര ഓർമയില്ല. അവനു വെറും ഒന്നര വയസ്സുള്ളപ്പോൾത്തന്നെ അമ്മ മരണമടഞ്ഞു. അഞ്ചു വയസ്സുള്ളപ്പോൾ അച്ഛനും. അങ്ങനെ പെഡ്രോയും അവന്റെ സഹോദരന്മാരും തനിച്ചായി. അവരുടെ അച്ഛനെ സന്ദർശിച്ചുകൊണ്ടിരുന്ന യഹോവയുടെ സാക്ഷികൾ പെഡ്രോയ്‌ക്കും അവന്റെ ജ്യേഷ്‌ഠന്മാർക്കും ഭവന ബൈബിളധ്യയനം ആരംഭിച്ചു.

പെഡ്രോ വിവരിക്കുന്നു: “പിറ്റെ ആഴ്‌ച തന്നെ ഞങ്ങൾ യോഗങ്ങൾക്കു പോയി തുടങ്ങി. സഹോദരങ്ങളോടു സഹവസിക്കവേ അവരുടെ സ്‌നേഹം ഞങ്ങൾക്ക്‌ അനുഭവിച്ചറിയാൻ കഴിഞ്ഞു. സഭ എനിക്ക്‌ ഒരു അഭയ സ്ഥാനമായിരുന്നു. കാരണം സ്വന്തം അച്ഛനമ്മമാരെ പോലെയാണ്‌ സഹോദരീസഹോദരന്മാർ എന്നോടു സ്‌നേഹവും വാത്സല്യവും പ്രകടമാക്കിയത്‌.” ക്രിസ്‌തീയ മൂപ്പന്മാരിലൊരാൾ തന്നെ വീട്ടിലേക്കു ക്ഷണിച്ചിരുന്നത്‌ പെഡ്രോ അനുസ്‌മരിക്കുന്നു. അങ്ങനെ ആ കുടുംബത്തോടൊപ്പം സംസാരിച്ചിരിക്കാനും വിനോദപ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഉള്ള അവസരം അവനു ലഭിച്ചു. “ഇതൊക്കെ ഞാൻ എന്റെ മനസ്സിൽ താലോലിക്കുന്ന ഓർമകളാണ്‌,” പെഡ്രോ പറയുന്നു. 11-ാം വയസ്സിൽ തന്റെ വിശ്വാസത്തെ കുറിച്ചു മറ്റുള്ളവരോടു പ്രസംഗിക്കാൻ തുടങ്ങിയ പെഡ്രോ 15-ാമത്തെ വയസ്സിൽ സ്‌നാപനമേറ്റു. സഭയിലുള്ളവരുടെ സഹായത്തോടെ, അവന്റെ ജ്യേഷ്‌ഠന്മാരും ആത്മീയമായി നല്ല പുരോഗതി കൈവരിച്ചു.

ഡേവിഡിന്റേതാണ്‌ മറ്റൊരു അനുഭവം. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ അവനും അവന്റെ ഇരട്ട സഹോദരിക്കും ആരുമില്ലാതായി. അവരുടെ മുത്തശ്ശീമുത്തശ്ശന്മാരും ഒരു ആന്റിയും കൂടിയാണ്‌ അവരെ വളർത്തിയത്‌. “തിരിച്ചറിവായപ്പോൾ അരക്ഷിതത്വബോധവും ദുഃഖവും ഞങ്ങളെ വേട്ടയാടാൻ തുടങ്ങി. ഒരു താങ്ങായി ഞങ്ങൾക്ക്‌ എന്തെങ്കിലും ആവശ്യമായിരുന്നു. എന്റെ ആന്റി യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു. അതുകൊണ്ട്‌ ഞങ്ങൾക്ക്‌ ബൈബിൾ സത്യം പഠിക്കാനുള്ള അവസരം ലഭിച്ചു. സഹോദരങ്ങൾ ഞങ്ങളോട്‌ വളരെ സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ചു. അവർക്കു ഞങ്ങളെ വലിയ കാര്യമായിരുന്നു. നല്ല ലാക്കുകളിൽ എത്തിച്ചേരാനും യഹോവയ്‌ക്കു വേണ്ടി പ്രവർത്തിക്കുന്നതിൽ തുടരാനും അവർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. എനിക്ക്‌ ഏതാണ്ട്‌ പത്തു വയസ്സുള്ളപ്പോൾ ഒരു ശുശ്രൂഷാ ദാസൻ വന്ന്‌ വയൽ ശുശ്രൂഷയ്‌ക്ക്‌ എന്നെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു. മറ്റൊരു സഹോദരൻ കൺവെൻഷനുകൾക്ക്‌ പോയിവരാനുള്ള എന്റെ എല്ലാ ചെലവുകളും വഹിച്ചു. ഒരു സഹോദരൻ എന്നെ സഹായിച്ചതു നിമിത്തം രാജ്യഹാളിൽ സംഭാവനയിടുന്നതിനു പോലും എനിക്കു കഴിഞ്ഞു.”

ഡേവിഡ്‌ 17-ാം വയസ്സിൽ സ്‌നാപനമേറ്റു. പിന്നീട്‌ അദ്ദേഹം മെക്‌സിക്കോയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽ സേവനം അനുഷ്‌ഠിക്കാൻ തുടങ്ങി. ഇപ്പോൾ പോലും അദ്ദേഹം ഇങ്ങനെ സമ്മതിക്കുന്നു: “പല മൂപ്പന്മാരും എനിക്ക്‌ പ്രായോഗിക നിർദേശങ്ങളും സഹായകമായ ബുദ്ധിയുപദേശവും പ്രദാനം ചെയ്യുന്നു. അങ്ങനെ അരക്ഷിതത്വബോധവും ഏകാന്തതയും തരണം ചെയ്യാൻ എനിക്കു കഴിയുന്നു.”

സഹായം ആവശ്യമായിരിക്കുന്ന അനേകം വിധവമാരുള്ള മെക്‌സിക്കോയിലെ ഒരു സഭയിൽ മൂപ്പനായി സേവിക്കുന്ന ആളാണ്‌ ആബെൽ. അദ്ദേഹം പറയുന്നു: “വിധവമാരുടെ ഏറ്റവും വലിയ ആവശ്യം വൈകാരിക പിന്തുണയാണെന്ന്‌ എനിക്കു ബോധ്യമുണ്ട്‌. ചിലപ്പോൾ അവർ വിഷാദത്തിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. അവർക്ക്‌ ഏകാന്തത അനുഭവപ്പെടുന്നു. അതുകൊണ്ട്‌ അവർക്കു പറയാനുള്ളതു ശ്രദ്ധിച്ചുകൊണ്ട്‌ പിന്തുണയേകുന്നതു വളരെ പ്രധാനമാണ്‌. ഞങ്ങൾ [സഭാ മൂപ്പന്മാർ] അവരെ കൂടെക്കൂടെ സന്ദർശിക്കാറുണ്ട്‌. അവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സമയമെടുക്കുന്നതു പ്രധാനമാണ്‌. ആത്മീയമായി ആശ്വാസം തോന്നുന്നതിന്‌ അത്‌ വളരെയധികം സഹായിക്കുന്നു.” എന്നിരുന്നാലും, ചിലപ്പോഴൊക്കെ അവർക്ക്‌ സാമ്പത്തിക സഹായവും ആവശ്യമായി വരുന്നു. “ഞങ്ങൾ ഇപ്പോൾ വിധവയായ ഒരു സഹോദരിക്കുവേണ്ടി ഒരു വീടു പണിതുകൊണ്ടിരിക്കുകയാണ്‌. ചില ശനിയാഴ്‌ചകളും ആഴ്‌ചയിലെ മറ്റു ചില ദിവസങ്ങളിലെ ഉച്ചകഴിഞ്ഞ സമയവും ഞങ്ങൾ അതിനായി ചെലവഴിക്കുന്നു,” ആബെൽ പറയുകയുണ്ടായി.

മറ്റൊരു സഭാ മൂപ്പൻ അനാഥർക്കും വിധവമാർക്കും സഹായം പ്രദാനം ചെയ്യുന്നതിലെ സ്വന്തം അനുഭവം വിവരിക്കുന്നു: “അനാഥർക്ക്‌ വിധവമാരെക്കാളും കൂടുതലായി ക്രിസ്‌തീയ സ്‌നേഹം ആവശ്യമാണെന്നു ഞാൻ കരുതുന്നു. ഇവർക്ക്‌ മാതാപിതാക്കൾ ഇരുവരും ഉള്ള കുട്ടികളെയും കൗമാരപ്രായക്കാരെയും അപേക്ഷിച്ച്‌ പുറന്തള്ളപ്പെട്ടതായി തോന്നാനുള്ള സാധ്യത കൂടുതലാണ്‌. അവരോട്‌ പല രീതിയിൽ സഹോദര സ്‌നേഹം പ്രകടിപ്പിക്കേണ്ടതുണ്ട്‌. യോഗങ്ങൾക്കു ശേഷം അവരെ കണ്ടുപിടിച്ച്‌ അവരുടെ ക്ഷേമം അന്വേഷിക്കുന്നതു നല്ലതാണ്‌. ഒരു കൊച്ചു കുട്ടിയായിരിക്കെത്തന്നെ മാതാപിതാക്കൾ രണ്ടുപേരെയും നഷ്ടപ്പെട്ട ഒരു സഹോദരനുണ്ട്‌. അദ്ദേഹം ഇപ്പോൾ വിവാഹിതനാണ്‌. അദ്ദേഹത്തെ യോഗസ്ഥലത്തു കണ്ടുമുട്ടുമ്പോഴൊക്കെ ഞാൻ ഊഷ്‌മളമായി അഭിവാദ്യം ചെയ്യാറുണ്ട്‌. അദ്ദേഹമാണെങ്കിൽ എന്നെ കാണുമ്പോഴേ വന്ന്‌ ആലിംഗനം ചെയ്യും. ഇത്‌ യഥാർഥ സഹോദരസ്‌നേഹ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു.”

യഹോവ ‘ദരിദ്രനെ വിടുവിക്കും’

യഹോവയിലുള്ള ആശ്രയം അനാഥരുടെയും വിധവമാരുടെയും സാഹചര്യത്തെ തരണം ചെയ്യുന്നതിന്‌ തികച്ചും അനിവാര്യമാണ്‌. അവനെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു.” (സങ്കീർത്തനം 146:9) ഇത്തരം പ്രശ്‌നങ്ങൾക്കുള്ള സമ്പൂർണ പരിഹാരം യേശുക്രിസ്‌തുവിന്റെ കൈകളിലെ ദൈവരാജ്യത്തിൽ കൂടി മാത്രമേ വരികയുള്ളൂ. മിശിഹായാലുള്ള ആ ഭരണത്തെ പ്രാവചനികമായി വർണിക്കവേ സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.”​—⁠സങ്കീർത്തനം 72:12, 13.

ഈ വ്യവസ്ഥിതിയുടെ അവസാനം അടുത്തു വരവേ, ക്രിസ്‌ത്യാനികൾ പൊതുവെ അഭിമുഖീകരിക്കുന്ന സമ്മർദങ്ങൾ ഏറിവരുമെന്ന്‌ ഉറപ്പാണ്‌. (മത്തായി 24:​9-13) ക്രിസ്‌ത്യാനികൾ എല്ലാ ദിവസവും അന്യോന്യം കൂടുതലായ കരുതൽ പ്രകടമാക്കുകയും “തമ്മിൽ ഉററ സ്‌നേഹം ഉള്ളവരായിരി”ക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്‌. (1 പത്രൊസ്‌ 4:7-10) ക്രിസ്‌തീയ പുരുഷന്മാർ, വിശേഷിച്ചും മൂപ്പന്മാർ, അനാഥരോട്‌ കരുതലും അനുകമ്പയും പ്രകടമാക്കേണ്ടതുണ്ട്‌. വിധവമാർക്ക്‌ വളരെയധികം സഹായം പ്രദാനം ചെയ്യാനും ആശ്വാസത്തിന്റെ ഒരു ഉറവായിരിക്കാനും സഭയിലെ പക്വതയുള്ള സ്‌ത്രീകൾക്കു കഴിയും. (തീത്തൊസ്‌ 2:3-5) വാസ്‌തവത്തിൽ, ഞെരുക്കം അനുഭവിക്കുന്ന മറ്റുള്ളവരോടു കരുതൽ പ്രകടിപ്പിക്കുന്നതിൽ ശുഷ്‌കാന്തിയുള്ളവർ ആയിരുന്നുകൊണ്ട്‌ എല്ലാവർക്കും ഇതിൽ ഒരു പങ്കു വഹിക്കാൻ കഴിയും.

“തന്റെ സഹോദരന്നു മുട്ടുള്ളതു” കാണുമ്പോൾ സത്യക്രിസ്‌ത്യാനികൾ “മനസ്സലിവു കാണിക്കാ”തിരിക്കുന്നില്ല. അപ്പൊസ്‌തലനായ യോഹന്നാന്റെ പിൻവരുന്ന ഉദ്‌ബോധനം അനുസരിക്കേണ്ടതിന്റെ പ്രാധാന്യം അവർ തീർച്ചയായും മനസ്സിലാക്കുന്നു: “കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്‌നേഹിക്കുക.” (1 യോഹന്നാൻ 3:17, 18) അതുകൊണ്ട്‌, നമുക്ക്‌ ‘അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളിൽ അവരുടെ സഹായത്തിനെത്താം.’​—⁠യാക്കോബ്‌ 1:⁠27, പി.ഒ.സി. ബൈ.

[11-ാം പേജിലെ ആകർഷക വാക്യം]

‘നമുക്ക്‌ വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും സ്‌നേഹിക്കാം.’ 1 യോഹന്നാൻ 3:18

[10-ാം പേജിലെ ചിത്രങ്ങൾ]

സത്യ ക്രിസ്‌ത്യാനികൾ അനാഥരെയും വിധവമാരെയും ഭൗതികമായും ആത്മീയമായും വൈകാരികമായും സഹായിക്കുന്നു