വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കേട്ടു മറക്കുന്നവർ ആകാതിരിപ്പിൻ

കേട്ടു മറക്കുന്നവർ ആകാതിരിപ്പിൻ

കേട്ടു മറക്കുന്നവർ ആകാതിരിപ്പിൻ

“വചനം കേൾക്ക മാത്രം ചെയ്‌തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.”​—⁠യാക്കോബ്‌ 1:⁠22.

1. പുരാതന കാലത്തെ ഇസ്രായേൽ ജനത്തിന്‌ ഏതെല്ലാം അത്ഭുതങ്ങൾ നേരിൽ കാണാനുള്ള പദവി ലഭിച്ചു?

“അവിസ്‌മരണീയം.” പുരാതന ഈജിപ്‌തിൽ യഹോവ പ്രവർത്തിച്ച അത്ഭുതങ്ങളെ വർണിക്കാൻ അനുയോജ്യമായ ഒരു പദമായിരിക്കും അത്‌. പത്തു ബാധകളിൽ ഓരോന്നും ഭയഗംഭീരമായിരുന്നു എന്നതിനു രണ്ടുപക്ഷമില്ല. തുടർന്ന്‌, വിഭജിക്കപ്പെട്ട ചെങ്കടലിലൂടെ ഇസ്രായേൽ ജനം അത്ഭുതകരമായി വിടുവിക്കപ്പെട്ടു. (ആവർത്തനപുസ്‌തകം 34:10-12) നിങ്ങൾ ആ സംഭവങ്ങളുടെ ഒരു ദൃക്‌സാക്ഷി ആയിരുന്നെങ്കിൽ സാധ്യതയനുസരിച്ച്‌ അവ പ്രവർത്തിച്ചവനെ നിങ്ങൾ ഒരിക്കലും മറക്കുമായിരുന്നില്ല. എങ്കിലും, സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്‌തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ [ഇസ്രായേല്യർ] മറന്നുകളഞ്ഞു.”​—⁠സങ്കീർത്തനം 106:21, 22.

2. ദൈവത്തിന്റെ വീര്യപ്രവൃത്തികളോടുള്ള ഇസ്രായേലിന്റെ വിലമതിപ്പ്‌ ഏറെക്കാലം നിലനിന്നില്ലെന്ന്‌ എന്തു കാണിക്കുന്നു?

2 ചെങ്കടൽ കുറുകെ കടന്നശേഷം ഇസ്രായേല്യർ ‘യഹോവയെ ഭയപ്പെട്ടു, യഹോവയിൽ . . . വിശ്വസിച്ചു.’ (പുറപ്പാടു 14:31) ഇസ്രായേൽ പുരുഷന്മാർ മോശെയോടൊപ്പം യഹോവയ്‌ക്ക്‌ ഒരു ജയഗീതം പാടി. മിര്യാമും മറ്റു സ്‌ത്രീകളും തപ്പുകൊട്ടിയും നൃത്തംചെയ്‌തും കൊണ്ട്‌ അവരോടു ചേർന്നു. (പുറപ്പാടു 15:1, 20) അതേ, ദൈവജനത്തിന്‌ യഹോവയുടെ വീര്യപ്രവൃത്തികളിൽ മതിപ്പുതോന്നി. എന്നാൽ ആ പ്രവൃത്തികൾ ചെയ്‌തവനോടുള്ള അവരുടെ വിലമതിപ്പ്‌ ഏറെക്കാലം നിലനിന്നില്ല. പെട്ടെന്നുതന്നെ, കാര്യമായ എന്തോ ഓർമത്തകരാറ്‌ സംഭവിച്ചതുപോലെ അവരിൽ പലരും പെരുമാറാൻ തുടങ്ങി. അവർ യഹോവയ്‌ക്കെതിരെ പിറുപിറുക്കുന്നവരും ആവലാതി പറയുന്നവരും ആയിത്തീർന്നു. ചിലർ വിഗ്രഹാരാധനയിലും ലൈംഗിക അധാർമികതയിലും ഏർപ്പെട്ടു.​—⁠സംഖ്യാപുസ്‌തകം 14:27; 25:​1-9.

നമ്മെ മറവിയുള്ളവർ ആക്കിയേക്കാവുന്നത്‌ എന്ത്‌?

3. അപൂർണരായതിനാൽ നാം എന്തു മറന്നുകളഞ്ഞേക്കാം?

3 ഇസ്രായേല്യർക്ക്‌ എങ്ങനെ ഇത്ര വിലമതിപ്പില്ലാത്തവർ ആയിത്തീരാൻ കഴിഞ്ഞു എന്നു നാം അതിശയിച്ചേക്കാം. എന്നാൽ നമ്മുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചേക്കാം. ഇസ്രായേല്യർ കണ്ടതുപോലുള്ള ദിവ്യ അത്ഭുതങ്ങൾ നാം കണ്ടിട്ടില്ല എന്നതു ശരിതന്നെ. എങ്കിലും, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ മറക്കാനാവാത്ത സന്ദർഭങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്‌ എന്നതിനു സംശയമില്ല. ബൈബിൾ സത്യം സ്വീകരിച്ച സമയം നമ്മിൽ ചിലർ ഓർമിക്കുന്നുണ്ടായിരിക്കാം. യഹോവയ്‌ക്കു പ്രാർഥനയിൽ നമ്മെത്തന്നെ സമർപ്പിച്ചതും സത്യക്രിസ്‌ത്യാനികൾ എന്ന നിലയിൽ ജലസ്‌നാപനമേറ്റതും ആയിരിക്കാം സന്തോഷകരമായ മറ്റുചില സന്ദർഭങ്ങൾ. ജീവിതത്തിന്റെ മറ്റുചില ഘട്ടങ്ങളിൽ യഹോവ സഹായഹസ്‌തം നീട്ടിത്തന്ന അനുഭവം നമ്മിൽ പലർക്കും ഉണ്ടായിട്ടുണ്ട്‌. (സങ്കീർത്തനം 118:15) സർവോപരി, ദൈവത്തിന്റെ സ്വന്തം പുത്രനായ യേശുക്രിസ്‌തുവിന്റെ ബലിമരണത്തിലൂടെ നമുക്ക്‌ രക്ഷയുടെ പ്രത്യാശ ലഭിച്ചിരിക്കുന്നു. (യോഹന്നാൻ 3:16) എങ്കിലും നാം അപൂർണരായതിനാൽ, തെറ്റായ മോഹങ്ങളെയോ ജീവിത ഉത്‌കണ്‌ഠകളെയോ അഭിമുഖീകരിക്കുമ്പോൾ യഹോവ നമുക്കുവേണ്ടി ചെയ്‌ത നല്ല കാര്യങ്ങളെ നാമും എളുപ്പം മറന്നുകളഞ്ഞേക്കാം.

4, 5. (എ) കേട്ടു മറക്കുന്നവർ ആയിരിക്കുന്നതിന്റെ അപകടത്തെക്കുറിച്ച്‌ യാക്കോബ്‌ മുന്നറിയിപ്പ്‌ നൽകുന്നതെങ്ങനെ? (ബി) യാക്കോബ്‌ ഉപയോഗിക്കുന്ന, കണ്ണാടിയിൽ നോക്കുന്ന ആളിന്റെ ദൃഷ്ടാന്തം നമുക്ക്‌ എങ്ങനെ ബാധകമാക്കാൻ കഴിയും?

4 യേശുവിന്റെ അർധസഹോദരനായ യാക്കോബ്‌ സഹ ക്രിസ്‌ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ കേട്ടു മറക്കുന്നവർ ആയിരിക്കുന്നതിന്റെ അപകടത്തെക്കുറിച്ച്‌ മുന്നറിയിപ്പു നൽകുകയുണ്ടായി. അവൻ ഇങ്ങനെ എഴുതി: “വചനം കേൾക്ക മാത്രം ചെയ്‌തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.” (യാക്കോബ്‌ 1:22-24) യാക്കോബ്‌ എന്താണ്‌ അർഥമാക്കിയത്‌?

5 രാവിലെ എഴുന്നേൽക്കുമ്പോൾ നാം സാധാരണഗതിയിൽ കണ്ണാടിയിൽ നോക്കാറുണ്ട്‌. നമ്മുടെ ബാഹ്യാകാരത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്നു കാണാൻ വേണ്ടിയാണ്‌ നാം അങ്ങനെ ചെയ്യുന്നത്‌. എന്നാൽ നാം വ്യത്യസ്‌ത പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും നമ്മുടെ മനസ്സ്‌ മറ്റു കാര്യങ്ങളിൽ വ്യാപൃതമാകുകയും ചെയ്യുന്നതോടെ നാം കണ്ണാടിയിൽ കണ്ട രൂപത്തെക്കുറിച്ച്‌ ചിന്തിക്കാതാകുന്നു. ആത്മീയ അർഥത്തിലും ഇതുതന്നെ സംഭവിച്ചേക്കാം. ദൈവവചനത്തിലേക്കു നോക്കുമ്പോൾ, നാം ഇപ്പോൾ എങ്ങനെ ആയിരിക്കുന്നുവെന്നതിനെ എങ്ങനെ ആയിരിക്കാനാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌ എന്നതുമായി നമുക്കു തുലനം ചെയ്യാൻ കഴിയുന്നു. അങ്ങനെ, നമുക്ക്‌ നമ്മുടെ ബലഹീനതകളെ നേരിൽ കാണാൻ സാധിക്കുന്നു. ഈ അറിവ്‌ നമ്മുടെ വ്യക്തിത്വത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്‌. എന്നാൽ നാം ദൈനംദിന പ്രവർത്തനങ്ങളിൽ മുഴുകുകയും പ്രശ്‌നങ്ങളുമായി മല്ലിടുകയും ചെയ്യവേ ആത്മീയ കാര്യങ്ങളെ കുറിച്ചു ചിന്തിക്കുന്നത്‌ എളുപ്പം നിറുത്തിക്കളഞ്ഞേക്കാം. (മത്തായി 5:3; ലൂക്കൊസ്‌ 21:34) ദൈവം നമുക്കുവേണ്ടി ചെയ്‌ത സ്‌നേഹ പ്രവൃത്തികളെ മറന്നുകളയുന്നതുപോലെയാണ്‌ അത്‌. ഇതു സംഭവിക്കുന്ന പക്ഷം, നാം പാപ പ്രവണതകൾക്കു വശംവദരായിത്തീരും.

6. ഏതു തിരുവെഴുത്തു ഭാഗം പരിചിന്തിക്കുന്നത്‌ യഹോവയുടെ വചനം മറക്കാതിരിക്കാൻ നമ്മെ സഹായിച്ചേക്കാം?

6 കൊരിന്ത്യർക്കുള്ള തന്റെ ആദ്യത്തെ നിശ്വസ്‌ത ലേഖനത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ മരുഭൂമിയിൽവെച്ച്‌ യഹോവയെ മറന്നുകളഞ്ഞ ഇസ്രായേല്യരെ കുറിച്ച്‌ പരാമർശിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ പൗലൊസിന്റെ വാക്കുകളിൽനിന്ന്‌ പ്രയോജനം അനുഭവിച്ചു. അതുപോലെ, അവൻ എഴുതിയ കാര്യങ്ങൾ പരിശോധിക്കുന്നത്‌ യഹോവയുടെ വചനം മറക്കാതിരിക്കാൻ നമ്മെയും സഹായിച്ചേക്കാം. അതുകൊണ്ട്‌ നമുക്കിപ്പോൾ 1 കൊരിന്ത്യർ 10:1-12 വരെയുള്ള വാക്യങ്ങൾ പരിചിന്തിക്കാം.

ലൗകികമോഹങ്ങൾ പരിത്യജിക്കുക

7.യഹോവയുടെ സ്‌നേഹത്തിന്റെ എന്ത്‌ അനിഷേധ്യമായ തെളിവാണ്‌ ഇസ്രായേല്യർക്കു ലഭിച്ചത്‌?

7 ഇസ്രായേല്യരെ കുറിച്ച്‌ പൗലൊസ്‌ പറയുന്ന കാര്യങ്ങൾ ക്രിസ്‌ത്യാനികൾക്ക്‌ ഒരു മുന്നറിയിപ്പായി ഉതകുന്നു. പൗലൊസ്‌ എഴുതുന്നു, ഭാഗികമായി: “സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്‌നാനം ഏററു മോശെയോടു ചേർന്നു.” (1 കൊരിന്ത്യർ 10:1-4) മോശെയുടെ നാളിലെ ഇസ്രായേൽ ജനം ദൈവത്തിന്റെ ശക്തിയുടെ മഹത്തായ പ്രകടനങ്ങൾ കണ്ടിരുന്നു. പകൽനേരത്ത്‌ അവരെ വഴികാണിക്കുകയും ചെങ്കടലിലൂടെ രക്ഷപ്പെടാൻ അവരെ സഹായിക്കുകയും ചെയ്‌ത ദൈവത്തിന്റെ അത്ഭുതകരമായ മേഘസ്‌തംഭം അതിൽ ഒന്നായിരുന്നു. (പുറപ്പാടു 13:21; 14:​21, 22) അതേ, യഹോവയ്‌ക്ക്‌ അവരോടുള്ള സ്‌നേഹത്തിന്റെ അനിഷേധ്യമായ തെളിവ്‌ ആ ഇസ്രായേല്യർക്കു ലഭിക്കുകയുണ്ടായി.

8. ഇസ്രായേലിന്റെ ആത്മീയ മറവിയുടെ ഭവിഷ്യത്തുകൾ ഏവയായിരുന്നു?

8 “എങ്കിലും,” പൗലൊസ്‌ തുടരുന്നു, “അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 കൊരിന്ത്യർ 10:5) എത്ര സങ്കടകരം! ഈജിപ്‌തിൽനിന്നു പോന്ന ഇസ്രായേല്യരിൽ മിക്കവർക്കും തങ്ങളുടെതന്നെ പ്രവൃത്തികൾ നിമിത്തം വാഗ്‌ദത്ത ദേശത്തു പ്രവേശിക്കാനുള്ള യോഗ്യത നഷ്ടമായി. അവിശ്വാസം നിമിത്തം ദൈവത്തിന്റെ അപ്രീതിക്ക്‌ ഇരയായ അവർ മരുഭൂമിയിൽ വെച്ചു മരണമടഞ്ഞു. (എബ്രായർ 3:16-19) ഇതിൽനിന്ന്‌ എന്തു പാഠമാണ്‌ നമുക്കു പഠിക്കാനുള്ളത്‌? പൗലൊസ്‌ പറയുന്നു: “ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.”​—⁠1 കൊരിന്ത്യർ 10:⁠6.

9. യഹോവ തന്റെ ജനത്തിനുവേണ്ടി ഏതു വിധത്തിൽ കരുതൽ ചെയ്‌തിരുന്നു, എന്നാൽ ഇസ്രായേൽ എങ്ങനെയാണു പ്രതികരിച്ചത്‌?

9 മരുഭൂമിയിലായിരിക്കെ ആത്മീയമായി ശ്രദ്ധ കേന്ദ്രീകരിച്ചു നിലകൊള്ളുന്നതിന്‌ സഹായകമായ ഒട്ടേറെ സംഗതികൾ ഇസ്രായേല്യർക്ക്‌ ഉണ്ടായിരുന്നു. അവർ യഹോവയുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടു. അവർ അവന്റെ സമർപ്പിത ജനതയായിത്തീർന്നു. മാത്രമല്ല, അവർക്ക്‌ ഒരു പുരോഹിതവർഗത്തെയും ആരാധനാ കേന്ദ്രമായി ഒരു സമാഗമന കൂടാരത്തെയും നൽകി. യഹോവയ്‌ക്ക്‌ യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ക്രമീകരണവും അവർക്കു ചെയ്‌തു കൊടുത്തു. എന്നിരുന്നാലും, ഈ ആത്മീയ ദാനങ്ങളെപ്രതി ആഹ്ലാദിക്കുന്നതിനു പകരം ദൈവത്തിന്റെ ഭൗതിക കരുതലുകളിൽ അതൃപ്‌തരായിത്തീരാൻ അവർ തങ്ങളെത്തന്നെ അനുവദിച്ചു.​—⁠സംഖ്യാപുസ്‌തകം 11:​4-6.

10. നമ്മുടെ ചിന്തകളിൽ ദൈവത്തിന്‌ എപ്പോഴും സ്ഥാനമുണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

10 മരുഭൂമിയിലെ ഇസ്രായേല്യരിൽനിന്നു വ്യത്യസ്‌തമായി യഹോവയുടെ ജനം ഇന്ന്‌ ദൈവത്തിന്റെ പ്രീതി ആസ്വദിക്കുന്നു. എന്നിരുന്നാലും, വ്യക്തികളെന്ന നിലയിൽ നമ്മുടെ ചിന്തകളിൽ ദൈവത്തിന്‌ സ്ഥാനമുണ്ടായിരിക്കുന്നതു മർമപ്രധാനമാണ്‌. അത്‌ നമ്മുടെ ആത്മീയ കാഴ്‌ചയ്‌ക്കു മങ്ങൽ ഏൽപ്പിക്കുന്ന സ്വാർഥ മോഹങ്ങളെ പരിത്യജിക്കാൻ നമ്മെ സഹായിക്കും. നാം “ഭക്തികേടും പ്രപഞ്ചമോഹങ്ങളും [“ലൗകികമോഹങ്ങളും,” NW] വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു” ദൃഢചിത്തരായിരിക്കണം. (തീത്തൊസ്‌ 2:13) ശൈശവം മുതൽ ക്രിസ്‌തീയ സഭയോടു സഹവസിച്ചു വരുന്നവർ നമ്മുടെ ഇടയിലുണ്ട്‌. നല്ലത്‌ എന്തൊക്കെയോ നമുക്കു നഷ്ടപ്പെടുകയാണെന്ന്‌ അവർ ഒരിക്കലും വിചാരിക്കാൻ പാടില്ല. അത്തരം എന്തെങ്കിലും ചിന്ത നമ്മുടെ മനസ്സിൽ ഉദിക്കുന്നപക്ഷം, യഹോവയെയും അവൻ നമുക്കു വേണ്ടി ഒരുക്കിവെച്ചിരിക്കുന്ന അത്ഭുതകരമായ അനുഗ്രഹങ്ങളെയും കുറിച്ച്‌ ഓർമിക്കുന്നതു നല്ലതായിരിക്കും.​—⁠എബ്രായർ 12:2, 3.

യഹോവയോടുള്ള സമ്പൂർണ അനുസരണം

11, 12. വിഗ്രഹങ്ങളെ വണങ്ങാതെതന്നെ ഒരു വ്യക്തി വിഗ്രഹാരാധന സംബന്ധിച്ചു കുറ്റക്കാരനായേക്കാവുന്നത്‌ എങ്ങനെ?

11 പൗലൊസ്‌ നമുക്ക്‌ കൂടുതലായ മുന്നറിയിപ്പ്‌ നൽകുന്നു. അവൻ ഇപ്രകാരം എഴുതുന്നു: ‘“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേററു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.’ (1 കൊരിന്ത്യർ 10:7) ഇസ്രായേല്യർ അഹരോനെ കൊണ്ട്‌ നിർബന്ധപൂർവം ഒരു സ്വർണ കാളക്കുട്ടിയെ ഉണ്ടാക്കിച്ച സന്ദർഭത്തെയാണ്‌ പൗലൊസ്‌ ഇവിടെ പരാമർശിക്കുന്നത്‌. (പുറപ്പാടു 32:1-4) നമ്മളാരും അക്ഷരാർഥത്തിൽ വിഗ്രഹങ്ങളെ വണങ്ങാനുള്ള സാധ്യതയില്ല. എങ്കിലും യഹോവയെ പൂർണ ദേഹിയോടെ ആരാധിക്കുന്നതിൽനിന്ന്‌ നമ്മെ വ്യതിചലിപ്പിക്കാൻ നമ്മുടെതന്നെ സ്വാർഥമോഹങ്ങളെ അനുവദിക്കുക വഴി നാമും വിഗ്രഹാരാധികൾ ആയിത്തീർന്നേക്കാം..​—⁠കൊലൊസ്സ്യർ 3:⁠5.

12 ആത്മീയ കാര്യങ്ങൾക്കു പകരം ഭൗതിക കാര്യങ്ങൾക്കു പ്രമുഖ സ്ഥാനം നൽകിയ ചിലരെ കുറിച്ച്‌ മറ്റൊരു സന്ദർഭത്തിൽ പൗലൊസ്‌ എഴുതുകയുണ്ടായി. “ക്രിസ്‌തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്ന”വരെ കുറിച്ച്‌ അവൻ ഇങ്ങനെ എഴുതി: “അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു.” (ഫിലിപ്പിയർ 3:18, 19) അവരുടെ വിഗ്രഹം ഒരു കൊത്തപ്പെട്ട പ്രതിമയായിരുന്നില്ല. അത്‌ ഭൗതിക കാര്യങ്ങളോടുള്ള അവരുടെ മോഹമായിരുന്നു. എല്ലാത്തരം മോഹങ്ങളും തെറ്റായിരിക്കുന്നില്ല എന്നതു ശരിതന്നെ. മനുഷ്യ സഹജമായ ആവശ്യങ്ങളോടും പല തരത്തിലുള്ള ഉല്ലാസങ്ങൾ ആസ്വദിക്കാനുള്ള പ്രാപ്‌തിയോടും കൂടിയാണ്‌ യഹോവ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നാൽ ഉല്ലാസത്തിന്‌ ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെക്കാൾ ഉപരിയായ സ്ഥാനം നൽകുന്നവർ വിഗ്രഹാരാധികൾ ആയിത്തീരുന്നു.​—⁠2 തിമൊഥെയൊസ്‌ 3:1-5.

13. സ്വർണ കാളക്കുട്ടിയെ കുറിച്ചുള്ള വിവരണത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

13 ഈജിപ്‌തിൽനിന്നു പോന്ന ശേഷം ഇസ്രായേല്യർ ആരാധനയ്‌ക്കായി ഒരു സ്വർണ കാളക്കുട്ടിയെ ഉണ്ടാക്കി. വിഗ്രഹാരാധനയ്‌ക്കെതിരെയുള്ള മുന്നറിയിപ്പിനു പുറമേ, പ്രധാനപ്പെട്ട മറ്റൊരു പാഠം ഈ വിവരണത്തിൽ അടങ്ങിയിട്ടുണ്ട്‌. യഹോവയിൽനിന്നുള്ള വ്യക്തമായ നിർദേശത്തോട്‌ ഇസ്രായേല്യർ അനുസരണക്കേടു കാട്ടി. (പുറപ്പാടു 20:4-6) എങ്കിലും, തങ്ങളുടെ ദൈവമെന്ന സ്ഥാനത്തുനിന്ന്‌ യഹോവയെ തള്ളിക്കളയാൻ അവർ ഉദ്ദേശിച്ചില്ല. വാർത്തുണ്ടാക്കിയ കാളക്കുട്ടിക്ക്‌ അവർ യാഗങ്ങൾ അർപ്പിക്കുകയും ആ സന്ദർഭത്തെ ‘യഹോവക്കുള്ള ഉത്സവം’ എന്ന്‌ വിശേഷിപ്പിക്കുകയും ചെയ്‌തു. ദൈവം അവരുടെ അനുസരണക്കേട്‌ കാര്യമാക്കില്ല എന്നു ചിന്തിച്ചുകൊണ്ട്‌ അവർ തങ്ങളെത്തന്നെ വഞ്ചിച്ചു. ഇത്‌ യഹോവയോടുള്ള നിന്ദ ആയിരുന്നു. അത്‌ അവനെ അത്യന്തം രോഷാകുലനാക്കി.​—⁠പുറപ്പാടു 32:5, 7-10; സങ്കീർത്തനം 106:19, 20.

14, 15. (എ) കേട്ടു മറക്കുന്നവർ ആയിത്തീരുന്നതിന്‌ ഇസ്രായേല്യർക്ക്‌ യാതൊരു ഒഴികഴിവും ഇല്ലായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) കേട്ടു മറക്കുന്നവർ ആയിത്തീരാതിരിക്കാൻ നാം ദൃഢചിത്തരാണെങ്കിൽ യഹോവയുടെ കൽപ്പനകളോടുള്ള ബന്ധത്തിൽ നാം എന്തു ചെയ്യും?

14 യഹോവയുടെ സാക്ഷികളിലൊരാൾ ഒരു വ്യാജമതത്തിൽ ചേരുന്നത്‌ വളരെ അസാധാരണമായിരിക്കും. എന്നാൽ, സഭയ്‌ക്കുള്ളിൽ ആയിരുന്നുകൊണ്ടുതന്നെ മറ്റു വിധങ്ങളിൽ ചിലർ യഹോവയുടെ നിർദേശത്തിനു നേരെ പുറംതിരിഞ്ഞേക്കാം. കേട്ടു മറക്കുന്നവർ ആയിത്തീരുന്നതിന്‌ ഇസ്രായേൽ ജനത്തിന്‌ യാതൊരു ഒഴികഴിവും ഇല്ലായിരുന്നു. അവർ പത്തു കൽപ്പനകൾ കേട്ടതാണ്‌. ദൈവത്തിന്റെ പിൻവരുന്ന കൽപ്പന മോശെ അവർക്കു നൽകിയപ്പോഴും അവർ ഹാജരായിരുന്നതാണ്‌: “എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുതു.” (പുറപ്പാടു 20:18, 19, 22, 23) എന്നിട്ടും ഇസ്രായേല്യർ സ്വർണ കാളക്കുട്ടിയെ ആരാധിച്ചു.

15 കേട്ടു മറക്കുന്നവർ ആയിത്തീരുന്ന പക്ഷം നമുക്കും സാധുവായ ഒരു ഒഴികഴിവും ഉണ്ടായിരിക്കില്ല. തിരുവെഴുത്തുകളിൽ, ജീവിതത്തിന്റെ അനേകം മേഖലകളെ സംബന്ധിച്ച ദൈവിക നിർദേശങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, പണം വായ്‌പ വാങ്ങിയിട്ട്‌ തിരികെ കൊടുക്കാത്തതിനെ യഹോവയുടെ വചനം പ്രത്യേകം കുറ്റംവിധിക്കുന്നു. (സങ്കീർത്തനം 37:21) മാതാപിതാക്കളെ അനുസരിക്കാൻ കുട്ടികളോട്‌ കൽപ്പിക്കുന്നു. പിതാക്കന്മാർ മക്കളെ ‘കർത്താവിന്റെ പത്ഥ്യോപദേശത്തിൽ’ വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്‌. (എഫെസ്യർ 6:1-4) ‘കർത്താവിൽ വിശ്വസിക്കുന്നവരെ മാത്രം’ വിവാഹം കഴിക്കാൻ ഏകാകികളായ ക്രിസ്‌ത്യാനികളോടു നിർദേശിക്കുന്നു. ഇനിയും ദൈവത്തിന്റെ വിവാഹിത ദാസീദാസന്മാരോട്‌ ഇങ്ങനെ പറയുന്നു: “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” (1 കൊരിന്ത്യർ 7:39; എബ്രായർ 13:4) കേട്ടു മറക്കുന്നവർ ആയിത്തീരാതിരിക്കാൻ നാം ദൃഢചിത്തരാണെങ്കിൽ ഇവയും ദൈവത്തിൽനിന്നുള്ള മറ്റു മാർഗനിർദേശങ്ങളും നാം വളരെ ഗൗരവത്തോടുകൂടി എടുക്കുകയും അവയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യും.

16. കാളക്കുട്ടിയെ ആരാധിച്ചതിന്റെ ഭവിഷ്യത്തുകൾ ഏവയായിരുന്നു?

16 തങ്ങൾക്കു ബോധിച്ച വിധത്തിൽ തന്നെ ആരാധിക്കുന്നതിനുള്ള ഇസ്രായേല്യരുടെ ശ്രമം യഹോവ അംഗീകരിച്ചു കൊടുത്തില്ല. പകരം അവരിൽ 3,000 പേർ നാശത്തിനിരയായി. സ്വർണ്ണ കാളക്കുട്ടിയെ ആരാധിക്കുന്ന മത്സരാത്മകമായ പ്രവൃത്തിയിൽ പ്രമുഖ പങ്കു വഹിച്ചവരായിരിക്കാം ഒരുപക്ഷേ അവർ. തെറ്റു ചെയ്‌ത ബാക്കിയുള്ളവർ യഹോവയാൽ ദണ്ഡിപ്പിക്കപ്പെട്ടു. (പുറപ്പാടു 32:28, 35) ദൈവവചനം വായിക്കുകയും എന്നാൽ അനുസരണത്തിന്റെ കാര്യത്തിൽ തങ്ങൾക്കു ബോധിച്ചതു തിരഞ്ഞെടുക്കുകയും ചെയ്യുന്നവർക്കുള്ള എത്ര നല്ല പാഠം!

“പരസംഗം വിട്ട്‌ ഓടുവിൻ”

17. 1 കൊരിന്ത്യർ 10:8 ഏതു സംഭവത്തെയാണ്‌ പരാമർശിക്കുന്നത്‌?

17 ജഡിക മോഹങ്ങൾ ആത്മീയ മറവിക്ക്‌ ഇടയാക്കിയേക്കാവുന്ന ഒരു മണ്ഡലം പൗലൊസ്‌ ചൂണ്ടിക്കാണിക്കുന്നു. അവൻ ഇപ്രകാരം പറയുന്നു: “അവരിൽ ചിലർ പരസംഗം ചെയ്‌തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.” (1 കൊരിന്ത്യർ 10:8) ഇസ്രായേലിന്റെ 40 വർഷത്തെ മരുപ്രയാണത്തിന്റെ ഒടുവിൽ മോവാബ്യ സമഭൂമിയിൽ വെച്ചു നടന്ന ഒരു സംഭവത്തെയാണ്‌ പൗലൊസ്‌ ഇവിടെ പരാമർശിക്കുന്നത്‌. യോർദ്ദാനു കിഴക്കുള്ള ദേശങ്ങൾ കീഴടക്കുന്നതിൽ ഇസ്രായേല്യർക്ക്‌ ആയിടെ യഹോവയുടെ സഹായം ലഭിച്ചിരുന്നു. എന്നാൽ പലരും അതൊക്കെ മറക്കുകയും വിലമതിപ്പ്‌ ഇല്ലാത്തവരായിത്തീരുകയും ചെയ്‌തു. വാഗ്‌ദത്ത ദേശത്തിന്റെ കവാടത്തിങ്കൽ വെച്ച്‌ അവർ ലൈംഗിക അധാർമികതയിലേക്കും ബാൽപെയോരിന്റെ അശുദ്ധാരാധനയിലേക്കും വശീകരിക്കപ്പെട്ടു. 24,000-ത്തോളം പേർ നശിപ്പിക്കപ്പെട്ടു. അതിൽ 1,000 പേർ ആ ദുഷ്‌കൃത്യങ്ങൾക്കു ചുക്കാൻ പിടിച്ചവരായിരുന്നു.​—⁠സംഖ്യാപുസ്‌തകം 25:⁠9.

18. ഏതു തരം നടത്ത ലൈംഗിക അധാർമികതയിലേക്കു നയിച്ചേക്കാം?

18 യഹോവയുടെ ഇന്നത്തെ ജനം അവരുടെ ഉയർന്ന ധാർമിക നിലവാരങ്ങൾക്കു പേരുകേട്ടവരാണ്‌. എന്നാൽ, ലൈംഗിക അധാർമികതയ്‌ക്കുള്ള പ്രലോഭനം ഉണ്ടായപ്പോൾ ചില ക്രിസ്‌ത്യാനികൾ ദൈവത്തെ കുറിച്ചും അവന്റെ തത്ത്വങ്ങളെക്കുറിച്ചും ചിന്തിക്കുന്നത്‌ നിറുത്തി കളഞ്ഞിരിക്കുന്നു. അവർ കേട്ടു മറക്കുന്നവർ ആയിത്തീർന്നിരിക്കുന്നു. ആദ്യമൊക്കെ പരസംഗത്തിൽ ഏർപ്പെടാനുള്ള പ്രലോഭനം തോന്നിയെന്നു വരില്ല. അശ്ലീല ചിത്രങ്ങളും മറ്റും നോക്കി രസിക്കാനോ അനുചിതമായ തമാശകൾ പറയാനോ ശൃംഗാരത്തിൽ ഏർപ്പെടാനോ അതുമല്ലെങ്കിൽ ധാർമികമായി ദുർബലരായ വ്യക്തികളോട്‌ അടുത്ത്‌ ഇടപഴകാനോ ഉള്ള പ്രവണതയാകാം ആദ്യം ഉണ്ടാകുക. ഇതെല്ലാം ക്രിസ്‌ത്യാനികളെ പാപപൂർണമായ നടത്തയിലേക്കു നയിച്ചിട്ടുണ്ട്‌.​—⁠1 കൊരിന്ത്യർ 15:​33, NW; യാക്കോബ്‌ 4:⁠4.

19. ഏതു തിരുവെഴുത്തു ബുദ്ധിയുപദേശം ‘പരസംഗം വിട്ട്‌ ഓടാൻ’ നമ്മെ സഹായിക്കുന്നു?

19 അധാർമിക നടത്തയിൽ ഏർപ്പെടാനുള്ള പ്രലോഭനം തോന്നുന്ന പക്ഷം ഒരു കാരണവശാലും നാം യഹോവയെ കുറിച്ചു ചിന്തിക്കുന്നത്‌ നിറുത്തരുത്‌. പകരം, നാം അവന്റെ വചനത്തിലെ ഓർമിപ്പിക്കലുകൾ പിൻപറ്റേണ്ടതുണ്ട്‌. (സങ്കീർത്തനം 119:1, 2, NW) ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നമ്മിൽ മിക്കവരും ധാർമികശുദ്ധി ഉള്ളവരായി നിലകൊള്ളുന്നതിന്‌ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്‌. എന്നാൽ ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യുന്നതിന്‌ തുടർച്ചയായ ശ്രമം ആവശ്യമാണ്‌. (1 കൊരിന്ത്യർ 9:27) റോമിലുള്ള ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ എഴുതി: “നിങ്ങളുടെ അനുസരണം പരക്കെ എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.” (റോമർ 16:19) 24,000 ഇസ്രായേല്യർ തങ്ങളുടെ പാപങ്ങൾ നിമിത്തം വധിക്കപ്പെട്ടതുപോലെ പരസംഗം ചെയ്യുന്നവരും തെറ്റായ മറ്റു പ്രവൃത്തികളിൽ ഏർപ്പെടുന്നവരും പെട്ടെന്നുതന്നെ യഹോവയുടെ പ്രതികൂല ന്യായവിധിക്ക്‌ ഇരയാകും. (എഫെസ്യർ 5:3-6, NW) അതുകൊണ്ട്‌, കേട്ടു മറക്കുന്നവർ ആയിത്തീരുന്നതിനു പകരം നാം “പരസംഗം വിട്ട്‌ ഓടു”ന്നതിൽ തുടരേണ്ടതുണ്ട്‌.​—⁠1 കൊരിന്ത്യർ 6:​18, NW.

യഹോവയുടെ കരുതലുകളെ എല്ലായ്‌പോഴും വിലമതിക്കുക

20. ഇസ്രായേല്യർ യഹോവയെ പരീക്ഷിച്ചത്‌ എങ്ങനെ, ഫലം എന്തായിരുന്നു?

20 ബഹുഭൂരിപക്ഷം ക്രിസ്‌ത്യാനികളും ഒരിക്കലും ലൈംഗിക അധാർമികതയ്‌ക്ക്‌ വഴിപ്പെടുന്നില്ല. എങ്കിലും ദൈവത്തിന്റെ അപ്രീതിക്ക്‌ ഇടയാക്കിക്കൊണ്ട്‌ തുടർച്ചയായ പിറുപിറുപ്പിലേക്കു നയിക്കുന്ന ഒരു ഗതി പിന്തുടരുന്നതിന്‌ നമ്മെത്തന്നെ അനുവദിക്കാതിരിക്കാൻ നാം ശ്രദ്ധയുള്ളവരായിരിക്കണം. പൗലൊസ്‌ നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “അവരിൽ [ഇസ്രായേല്യരിൽ] ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു. അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.” (1 കൊരിന്ത്യർ 10:9, 10) അത്ഭുതകരമായി തങ്ങൾക്ക്‌ പ്രദാനം ചെയ്യപ്പെട്ട മന്നയെക്കുറിച്ചു പരാതി പറഞ്ഞുകൊണ്ട്‌ ഇസ്രായേല്യർ മോശെക്കും അഹരോനും എതിരായി​—⁠അതേ യഹോവയ്‌ക്ക്‌ എതിരായി പോലും​—⁠പിറുപിറുത്തു. (സംഖ്യാപുസ്‌തകം 16:41; 21:⁠5) അവരുടെ പിറുപിറുപ്പ്‌, പരസംഗത്തിന്റെ അത്രയും അവനെ നീരസപ്പെടുത്തിയില്ല എന്നു പറയാൻ കഴിയുമോ? പിറുപിറുപ്പുകാരിൽ അനേകരും സർപ്പങ്ങളുടെ കടിയേറ്റ്‌ മരിച്ചു എന്ന്‌ ബൈബിൾ വിവരണം കാണിക്കുന്നു. (സംഖ്യാപുസ്‌തകം 21:6) അതിനു മുമ്പ്‌ മറ്റൊരവസരത്തിൽ മത്സരികളായ 14,700-ൽപ്പരം പിറുപിറുപ്പുകാർ നശിപ്പിക്കപ്പെടുകയുണ്ടായി. (സംഖ്യാപുസ്‌തകം 16:49) അതുകൊണ്ട്‌ യഹോവയുടെ കരുതലുകളോട്‌ അനാദരവോടെ പെരുമാറിക്കൊണ്ട്‌ നമുക്ക്‌ യഹോവയുടെ ക്ഷമയെ പരീക്ഷിക്കാതിരിക്കാം.

21. (എ) ഏത്‌ ഉദ്‌ബോധനം എഴുതാനാണ്‌ പൗലൊസ്‌ നിശ്വസ്‌തനാക്കപ്പെട്ടത്‌? (ബി) യാക്കോബ്‌ 1:25 പറയുന്ന പ്രകാരം നമുക്ക്‌ യഥാർഥ സന്തുഷ്ടി എങ്ങനെ ആസ്വദിക്കാൻ കഴിയും?

21 സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ, പിൻവരുന്ന പ്രകാരം ഉദ്‌ബോധിപ്പിച്ചുകൊണ്ട്‌ പൗലൊസ്‌ മുന്നറിയിപ്പുകൾ ഉപസംഹരിക്കുന്നു: “ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നില്‌ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.” (1 കൊരിന്ത്യർ 10:11, 12) ഇസ്രായേല്യരെ പോലെ നമുക്ക്‌ യഹോവയിൽനിന്നു നിരവധി അനുഗ്രഹങ്ങൾ ലഭിച്ചിരിക്കുന്നു. എന്നാൽ, അവരിൽനിന്നു വ്യത്യസ്‌തമായി, ദൈവം നമുക്കു വേണ്ടി ചെയ്‌തുകൊണ്ടിരിക്കുന്ന നല്ല കാര്യങ്ങളെ നാം ഒരിക്കലും മറക്കാതിരിക്കട്ടെ, അവയെ വിലമതിക്കാൻ പരാജയപ്പെടാതിരിക്കട്ടെ. ജീവിത ഉത്‌കണ്‌ഠകൾ നമ്മെ ഭാരപ്പെടുത്തുമ്പോൾ അവന്റെ വചനത്തിൽ കാണുന്ന അത്ഭുതകരമായ വാഗ്‌ദാനങ്ങളെ കുറിച്ച്‌ നമുക്കു ധ്യാനിക്കാം. നമുക്ക്‌ യഹോവയുമായുള്ള അമൂല്യ ബന്ധത്തെ കുറിച്ച്‌ ഓർമിക്കുകയും നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന രാജ്യപ്രസംഗ വേല ചെയ്യുന്നതിൽ തുടരുകയും ചെയ്യാം. (മത്തായി 24:14; 28:​19, 20) അങ്ങനെ ചെയ്യുന്ന പക്ഷം തീർച്ചയായും നമുക്ക്‌ യഥാർഥ സന്തുഷ്ടി ആസ്വദിക്കാൻ കഴിയും. കാരണം തിരുവെഴുത്തുകൾ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉററുനോക്കി അതിൽ നിലനില്‌ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW] ആകും.”​—⁠യാക്കോബ്‌ 1:⁠25.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• നമ്മെ കേട്ടു മറക്കുന്നവർ ആക്കിയേക്കാവുന്നത്‌ എന്ത്‌?

• ദൈവത്തോടുള്ള സമ്പൂർണ അനുസരണം അനിവാര്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• നമുക്ക്‌ എങ്ങനെ ‘പരസംഗം വിട്ട്‌ ഓടാൻ’ കഴിയും?

• യഹോവയുടെ കരുതലുകളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

യഹോവ തങ്ങൾക്കുവേണ്ടി ചെയ്‌ത വീര്യപ്രവൃത്തികളെ ഇസ്രായേല്യർ മറന്നുകളഞ്ഞു

[16-ാം പേജിലെ ചിത്രം]

ഉയർന്ന ധാർമിക നിലവാരങ്ങൾ നിലനിറുത്താൻ യഹോവയുടെ ജനം ദൃഢചിത്തരാണ്‌