വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പണമോ ജീവനോ​—⁠നിങ്ങൾക്ക്‌ ഏതാണു വലുത്‌?

പണമോ ജീവനോ​—⁠നിങ്ങൾക്ക്‌ ഏതാണു വലുത്‌?

പണമോ ജീവനോ​—⁠നിങ്ങൾക്ക്‌ ഏതാണു വലുത്‌?

“പണം വേണോ ജീവൻ വേണോ!” ആളുകളുടെ മുഖത്തേക്കു തോക്കു ചൂണ്ടി അങ്ങനെ ചോദിക്കുന്ന കൊള്ളക്കാരെ കുറിച്ചു നിങ്ങൾ കേട്ടിരിക്കും. ഇന്ന്‌ നാമെല്ലാം​—⁠പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ ജീവിക്കുന്നവർ​—⁠അഭിമുഖീകരിക്കുന്ന ഒരു വിഷമപ്രശ്‌നത്തിലും സുപരിചിതമായ ഈ വാക്കുകൾ പ്രതിഫലിച്ചു കാണാം. എന്നാൽ ഇത്തവണ ഏതെങ്കിലും കൊള്ളക്കാരനല്ല, മറിച്ച്‌ സമൂഹം പണത്തിനും ഭൗതിക വിജയത്തിനും നൽകുന്ന അമിത ഊന്നലാണ്‌ നമ്മെ ഇത്തരമൊരു വിഷമസന്ധിയിൽ ആക്കിയിരിക്കുന്നത്‌.

ഈഊന്നൽ ഒരു കൂട്ടം പുതിയ പ്രശ്‌നങ്ങളും ചോദ്യങ്ങളും ഉയർന്നുവരാൻ ഇടയാക്കിയിരിക്കുന്നു. പണവും ഭൗതികവസ്‌തുക്കളും നേടിയെടുക്കാനായി എന്തു വില ഒടുക്കാൻ നാം തയ്യാറാകണം? അൽപ്പംകൊണ്ട്‌ തൃപ്‌തിപ്പെടാൻ നമുക്ക്‌ ആകുമോ? ആളുകൾ വാസ്‌തവത്തിൽ ഭൗതികത്വത്തിന്റെ ബലിപീഠത്തിൽ ‘യഥാർഥ ജീവൻ’ ഹോമിക്കുകയാണോ? പണമാണോ ഒരു സന്തുഷ്ട ജീവിതത്തിലേക്കുള്ള താക്കോൽ?

പണഭ്രാന്ത്‌

മനുഷ്യന്റെ ആഗ്രഹങ്ങൾക്കും വികാരങ്ങൾക്കും​—⁠ന്യായമായവയ്‌ക്കും അല്ലാത്തവയ്‌ക്കും​—⁠ഇടയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനായി പണ സ്‌നേഹം മത്സരിക്കുകയാണ്‌. ലൈംഗികതയ്‌ക്കും ഭക്ഷണത്തിനുമുള്ള ആഗ്രഹത്തിൽനിന്നു വ്യത്യസ്‌തമായി പണഭ്രാന്തിന്‌ സ്ഥിരവും അന്തമില്ലാത്തതും ആയിരിക്കാൻ കഴിയും. പ്രായാധിക്യം ഇതിന്‌ ഒരു ശമനം വരുത്തുന്നതായി കാണുന്നില്ല. നേരെമറിച്ച്‌ പലപ്പോഴും പ്രായം കൂടുന്തോറും ഒരു വ്യക്തിക്ക്‌ പണത്തിലും അതുകൊണ്ട്‌ നേടാനാവുന്ന സംഗതികളിലുമുള്ള താത്‌പര്യം വർധിച്ചേക്കാം.

പണത്തോടുള്ള അത്യാർത്തി വർധിച്ചു വരുന്നതായി കാണപ്പെടുന്നു. ജനപ്രീതിയാർജിച്ച ഒരു സിനിമയിൽ, അതിലെ നായകൻ പിൻവരുന്ന പ്രകാരം പറയുന്ന ഒരു ഭാഗമുണ്ട്‌: “അത്യാഗ്രഹം പ്രായോഗികമാണ്‌. അതു പ്രയോജനപ്രദമാണ്‌.” 1980-കളെ പലരും അത്യാഗ്രഹത്തിന്റെ യുഗമെന്നു വിശേഷിപ്പിച്ചെങ്കിലും അതിനു മുമ്പും പിമ്പുമുള്ള കാലഘട്ടങ്ങൾ പരിശോധിച്ചാൽ പണത്തോടുള്ള മനുഷ്യന്റെ മനോഭാവത്തിന്‌ വർഷങ്ങളിലൂടെ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നു മനസ്സിലാകും.

ഭൗതികമായി കൂടുതൽ സമ്പാദിക്കാനുള്ള ആഗ്രഹത്തെ ഉടനടി തൃപ്‌തിപ്പെടുത്താനുള്ള മാർഗങ്ങൾ കൂടുതൽ പേർ ഇന്നു കണ്ടെത്തുന്നു എന്നതായിരിക്കാം ഇപ്പോഴുള്ള വ്യത്യാസം. ഭൂരിഭാഗം ആളുകളും കൂടുതൽ കൂടുതൽ ഭൗതിക വസ്‌തുക്കളുടെ ഉത്‌പാദനത്തിനും സമ്പാദനത്തിനുമായി തങ്ങളുടെ സമയത്തിന്റെയും ഊർജത്തിന്റെയും ഏറിയപങ്കും ചെലവഴിക്കുന്നതായി കാണപ്പെടുന്നു. ഇന്ന്‌ ആളുകൾ വസ്‌തുവകകൾ സ്വന്തമാക്കുന്നതിലും പണം ചെലവഴിക്കുന്നതിലും ഉത്സാഹപൂർവം ഏർപ്പെടുന്നുവെന്നും അവർ തങ്ങളുടെ ഭാവനയിൽ അധികവും ഇതിനായാണ്‌ ഉപയോഗിക്കുന്നതെന്നും നിങ്ങൾ ഒരുപക്ഷേ സമ്മതിക്കും.

എന്നാൽ ഇതിന്റെ ഫലമായി ആളുകൾ ഇന്ന്‌ കൂടുതൽ സന്തുഷ്ടരാണോ? അതിനുള്ള ഉത്തരം ജ്ഞാനിയും അതിധനികനുമായിരുന്ന ശലോമോൻ രാജാവ്‌ 3,000 വർഷം മുമ്പ്‌ എഴുതിയ വാക്കുകളിൽ കാണാം: “പണത്തെ സ്‌നേഹിക്കുന്നവൻ പണംകൊണ്ടും സമ്പത്തിനെ സ്‌നേഹിക്കുന്നവൻ ലാഭംകൊണ്ടും സംതൃപ്‌തനല്ല. ഇതും വ്യർഥം.” (സഭാപ്രസംഗി 5:​10, ഓശാന ബൈബിൾ) ആധുനികകാല സമൂഹത്തെ കുറിച്ചുള്ള പഠനങ്ങളും ഇതുപോലുള്ള താത്‌പര്യജനകമായ നിഗമനങ്ങളിലാണ്‌ എത്തിച്ചേരുന്നത്‌.

പണവും സന്തുഷ്ടിയും

മനുഷ്യസ്വഭാവ പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുള്ള ഏറ്റവും അതിശയകരമായ കണ്ടെത്തലുകളിൽ ഒന്ന്‌ പണവും ഭൗതിക വസ്‌തുക്കളും സമ്പാദിക്കുന്നതിന്‌ ആനുപാതികമായി ഒരുവന്റെ സംതൃപ്‌തിയും സന്തുഷ്ടിയും വർധിക്കണമെന്നില്ല എന്നതാണ്‌. ഒരു അളവിലുള്ള ധനം സമ്പാദിച്ചു കഴിഞ്ഞാൽ പിന്നെ ഒരു വ്യക്തിക്ക്‌ അനുഭവപ്പെടുന്ന സംതൃപ്‌തിയും സന്തുഷ്ടിയും അയാൾക്ക്‌ എത്ര ഭൗതിക വസ്‌തുക്കൾ ലഭ്യമാണ്‌ എന്നതിനെ ആശ്രയിച്ചിരിക്കുന്നില്ലെന്ന്‌ പല ഗവേഷകരും കണ്ടെത്തിയിരിക്കുന്നു.

അതുകൊണ്ട്‌, പണത്തിന്റെയും വസ്‌തുവകകളുടെയും പിന്നാലെയുള്ള യാതൊരു നിയന്ത്രണവും കൂടാതെയുള്ള പാച്ചൽ ചിലർ ഇങ്ങനെ ചിന്തിക്കാൻ ഇടയാക്കിയിരിക്കുന്നു: ‘നാം വാങ്ങുന്ന ഓരോ പുതിയ സാധനവും നാം ആസ്വദിക്കുന്നതായി തോന്നുന്നു; എന്നാൽ വസ്‌തുതകളെല്ലാം തൂക്കിനോക്കുമ്പോൾ ഈ ആസ്വാദനം നമ്മുടെ സംതൃപ്‌തിയിൽ വർധന വരുത്തുന്നില്ലാത്തത്‌ എന്തുകൊണ്ടാണ്‌?’

സന്തുഷ്ട ജനങ്ങൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ജോനാഥൻ ഫ്രിഡ്‌മൻ പറയുന്നു: “ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം നേടിക്കഴിഞ്ഞാൽ പിന്നെ സന്തുഷ്ടി കൈവരുത്തുന്ന കാര്യത്തിൽ നിങ്ങൾക്ക്‌ എത്ര പണം ഉണ്ടെന്നുള്ളതിന്‌ വലിയ പ്രസക്തിയില്ല. ദാരിദ്ര്യ രേഖയ്‌ക്കു മുകളിൽ വരുമാനവും സന്തുഷ്ടിയും തമ്മിലുള്ള ബന്ധം വളരെ ചെറുതാണ്‌.” ആത്മീയ സമ്പത്തും അർഥപൂർണമായ വേലയും ധാർമിക മൂല്യങ്ങളും ആണ്‌ ഒരു വ്യക്തിയുടെ സന്തുഷ്ടിക്ക്‌ യഥാർഥത്തിൽ ആവശ്യമെന്ന്‌ ഇന്ന്‌ അനേകരും തിരിച്ചറിയാൻ ഇടയായിരിക്കുന്നു. അതുപോലെ, മറ്റുള്ളവരുമായുള്ള നല്ല ബന്ധങ്ങളും നമുക്കുള്ളത്‌ ആസ്വദിക്കുന്നതിൽ നിന്നു നമ്മെ തടഞ്ഞേക്കാവുന്ന കലഹങ്ങളിൽനിന്നും പ്രശ്‌നങ്ങളിൽനിന്നും ഉള്ള സ്വാതന്ത്ര്യവും പ്രധാനമാണ്‌.

യഥാർഥത്തിൽ ആന്തരികമായ പ്രശ്‌നങ്ങൾ ഭൗതിക സമ്പത്ത്‌ ഉപയോഗിച്ച്‌ പരിഹരിക്കാൻ ശ്രമിക്കുന്നതിനുള്ള വർധിച്ചു വരുന്ന ചായ്‌വാണ്‌ ഇന്നത്തെ മിക്ക സാമൂഹിക തിന്മകളുടെയും അടിസ്ഥാന കാരണമെന്ന്‌ പലരും കരുതുന്നു. പൊതുവെ ആളുകളിൽ ശുഭാപ്‌തിവിശ്വാസമില്ലായ്‌മയും അതൃപ്‌തിയും കാണുന്നുവെന്നാണ്‌ ചില സാമൂഹിക വിദഗ്‌ധരുടെ അഭിപ്രായം. അതുപോലെ, വികസിത സമൂഹങ്ങളിലെ ആളുകൾക്കിടയിൽ ചികിത്സകരെ സമീപിക്കാനും ജീവിതത്തിന്‌ അർഥവും മനസ്സിന്‌ ശാന്തിയും നേടാൻ ഗുരുക്കന്മാരെയും ഭക്തിപ്രസ്ഥാനങ്ങളെയും മറ്റുതരം രോഗശാന്തിക്കാരെയും തേടി പോകാനുമുള്ള വർധിച്ചു വരുന്ന ഒരു ചായ്‌വ്‌ അവർ നിരീക്ഷിച്ചിരിക്കുന്നു. ജീവിതത്തിന്‌ യഥാർഥ അർഥം പകരാൻ ഭൗതിക വസ്‌തുക്കൾക്കു സാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്‌ ഇത്‌.

പണത്തിന്റെ ശക്തിയും അശക്തിയും

പണത്തിന്‌ തീർച്ചയായും ശക്തിയുണ്ട്‌. പണം കൊടുത്ത്‌ മനോഹര സൗധങ്ങളും പകിട്ടേറിയ വസ്‌ത്രങ്ങളും മനംകവരുന്ന ഗൃഹോപകരണങ്ങളും സ്വന്തമാക്കാൻ കഴിയും. ആദരവോ അനുസരണമോ മുഖസ്‌തുതിയോ ഇനി ചിലപ്പോൾ നിങ്ങൾക്കു വേണ്ട കാര്യങ്ങൾ ചെയ്‌തു തരാൻ സന്നദ്ധരായ കുറച്ചു താത്‌കാലിക സുഹൃത്തുക്കളെയോ പോലും നേടിത്തരാൻ അതിനു സാധിച്ചേക്കാം. എന്നാൽ ഇത്രയൊക്കെയേ അതുകൊണ്ടു നേടാനാകൂ. നമുക്ക്‌ ഏറ്റവും ആവശ്യമുള്ള കാര്യങ്ങൾ, ഒരു യഥാർഥ സുഹൃത്തിന്റെ സ്‌നേഹം, മനസ്സമാധാനം, മരണസമയത്ത്‌ മനസ്സിന്‌ ഒരിറ്റ്‌ ആശ്വാസം, ഇവയൊന്നും നേടിത്തരാൻ പണത്തിന്‌ ആവില്ല. തങ്ങളുടെ സ്രഷ്ടാവുമായുള്ള ബന്ധത്തിനു വില കൽപ്പിക്കുന്നവരെ സംബന്ധിച്ചാണെങ്കിൽ, പണം കൊടുത്ത്‌ ദൈവത്തിന്റെ അംഗീകാരം നേടിയെടുക്കുക സാധ്യമല്ല.

തന്റെ കാലത്ത്‌ പണംകൊടുത്തു വാങ്ങാൻ കഴിയുമായിരുന്ന സകല നല്ല വസ്‌തുക്കളും സ്വന്തമായി ഉണ്ടായിരുന്ന ശലോമോൻ രാജാവ്‌ ഭൗതിക വസ്‌തുക്കളിലുള്ള ആശ്രയം നിലനിൽക്കുന്ന സന്തുഷ്ടിയിലേക്കു നയിക്കുന്നില്ല എന്നു തിരിച്ചറിഞ്ഞു. (സഭാപ്രസംഗി 5:​12-15) ബാങ്ക്‌ തകർച്ചയോ പണപ്പെരുപ്പമോ പണനഷ്ടത്തിൽ കലാശിച്ചേക്കാം. ശക്തമായ കൊടുങ്കാറ്റിൽ പെട്ട്‌ ഭൂസ്വത്തുക്കൾ നശിച്ചേക്കാം. ഇൻഷ്വറൻസ്‌ പോളിസികൾ ഭാഗികമായി ഭൗതിക നഷ്ടങ്ങൾ നികത്തിയേക്കാമെങ്കിലും വൈകാരിക നഷ്ടങ്ങൾ പരിഹരിക്കാൻ അവയ്‌ക്ക്‌ കഴിയുന്നില്ല. സ്റ്റോക്കുകളും ബോണ്ടുകളും പെട്ടെന്നുള്ള ഒരു വിപണിത്തകർച്ചയിൽ രായ്‌ക്കുരാമാനം വിലയില്ലാത്തതായിത്തീരാം. നല്ല ശമ്പളമുള്ള ഒരു ജോലി പല കാരണങ്ങൾകൊണ്ടു നാളെ ഇല്ലാതായേക്കാം.

അങ്ങനെയെങ്കിൽ, പണത്തെ നമുക്ക്‌ എങ്ങനെ അതിന്റെ സ്ഥാനത്തു നിറുത്താൻ കഴിയും? പണത്തിനും സ്വത്തിനും നമ്മുടെ ജീവിതത്തിൽ എന്തു സ്ഥാനമാണ്‌ ഉണ്ടായിരിക്കേണ്ടത്‌? യഥാർഥ മൂല്യമുള്ള ഒന്ന്‌, ‘യഥാർഥ ജീവൻ’ നേടാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയുമെന്നു കാണാൻ ദയവായി ഈ വിഷയം കൂടുതലായി പരിശോധിക്കുക.

[4-ാം പേജിലെ ചിത്രങ്ങൾ]

നിലനിൽക്കുന്ന സന്തുഷ്ടി പ്രദാനം ചെയ്യാൻ ഭൗതിക സ്വത്തുക്കൾക്ക്‌ ആവില്ല