രാജ്യ പ്രത്യാശയിൽ സന്തോഷിപ്പിൻ!
രാജ്യ പ്രത്യാശയിൽ സന്തോഷിപ്പിൻ!
രണ്ടായിരത്തിയൊന്ന് മാർച്ച് 10. 5,784 പേർ അടങ്ങുന്ന ഒരു സദസ്സ് സന്തോഷകരമായ ഒരു പരിപാടി ആസ്വദിക്കുന്നതിനായി ന്യൂയോർക്കിൽ, അവിടത്തെ വലിയ ബെഥേൽ കുടുംബം ഉപയോഗിക്കുന്ന മൂന്നു സമുച്ചയങ്ങളിലായി കൂടിവന്നു. ഗിലെയാദ് മിഷനറി സ്‌കൂളിന്റെ 110-ാമത്തെ ക്ലാസ്സിന്റെ ബിരുദദാന ചടങ്ങ് ആയിരുന്നു അത്.
എല്ലാവർക്കും സ്വാഗതമരുളിയ ശേഷം യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായ ക്യാരി ബാർബർ പിൻവരുന്ന വാക്കുകളോടെ പരിപാടി ആരംഭിച്ചു: “ഗിലെയാദിന്റെ 110 ക്ലാസ്സുകളിൽ നിന്നുള്ള വിദ്യാർഥികൾ ഇപ്പോൾ മിഷനറി പരിശീലനം ലഭിച്ച് ഗോളത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് നിയമിക്കപ്പെട്ടിരിക്കുന്നു എന്ന അറിവു നമ്മെ സന്തോഷിപ്പിക്കുന്നു.”
സന്തോഷം നിലനിറുത്താൻ കഴിയുന്ന വിധം
ബാർബർ സഹോദരന്റെ പ്രാരംഭ പ്രസ്‌താവനകളെ തുടർന്ന്, ഡോൺ ആഡംസ് ബിരുദം നേടുന്ന 48 വിദ്യാർഥികൾ ഉൾപ്പെടെയുള്ള സദസ്സിനോട് “യഹോവയുടെ അനുഗ്രഹം നമ്മെ സമ്പന്നരാക്കുന്നു” എന്ന വിഷയത്തെ കുറിച്ചു സംസാരിച്ചു. സദൃശവാക്യങ്ങൾ 10:22-നെ ആസ്‌പദമാക്കിയുള്ള പ്രസംഗത്തിലൂടെ യഹോവയുടെ ദാസന്മാർ രാജ്യ താത്‌പര്യങ്ങൾ തങ്ങളുടെ ജീവിതത്തിൽ ഒന്നാമതു വെക്കുമ്പോൾ അവൻ അവരെ പരിപാലിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി. ‘മക്കെദോന്യെയിലേക്കു കടന്നു സഹായിക്കാനുള്ള’ ക്ഷണം ലഭിച്ചപ്പോൾ പൗലൊസ് അപ്പൊസ്‌തലൻ പ്രകടമാക്കിയ അതേ സന്നദ്ധതാ മനോഭാവത്തോടെ തങ്ങളുടെ പുതിയ നിയമനങ്ങൾ സ്വീകരിക്കാൻ അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. (പ്രവൃത്തികൾ 16:9) ബുദ്ധിമുട്ടുകളെ തരണംചെയ്യേണ്ടി വന്നെങ്കിലും നിർദേശിക്കപ്പെട്ടിടത്ത് പ്രസംഗിക്കാനുള്ള പൗലൊസിന്റെ സന്നദ്ധത സന്തോഷകരമായ അനേകം അനുഗ്രഹങ്ങളിൽ കലാശിച്ചു.
ബിരുദം നേടുന്ന ക്ലാസ്സിലെ അംഗങ്ങൾ മിഷനറി പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ അഞ്ചു മാസത്തെ ബൈബിൾ പഠനവും പരിശീലനവും പൂർത്തിയാക്കിയിരുന്നു. എന്നിരുന്നാലും പഠനം തുടർന്നുകൊണ്ടേയിരിക്കാൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗമായ ഡാനിയേൽ സിഡ്‌ലിക് അവരെ പ്രോത്സാഹിപ്പിച്ചു. “യഥാർഥ ശിഷ്യർ ആയിരിക്കുക” എന്ന വിഷയത്തെ കുറിച്ചു സംസാരിക്കവേ അദ്ദേഹം പറഞ്ഞു: “ശിഷ്യരായിരിക്കുക എന്നാൽ യേശുവിന്റെ വാക്കുകൾ തുടർച്ചയായി അനുസരിക്കുക എന്നാണ് അർഥം. അതിൽ, അവന്റെ വാക്കുകൾക്കും സന്ദേശത്തിനും പഠിപ്പിക്കലിനും എപ്പോഴും ശ്രദ്ധ നൽകാനുള്ള നമ്മുടെ മനസ്സൊരുക്കം ഉൾപ്പെട്ടിരിക്കുന്നു.” ക്രിസ്‌തുശിഷ്യർ തങ്ങളുടെ യജമാനന്റെ ശബ്ദത്തിനു ചെവികൊടുക്കാതെ തീരുമാനങ്ങൾ എടുക്കുകയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവ പരിജ്ഞാനം ക്രിസ്‌തുവിന്റെ ജീവിതത്തിൽ അന്തർലീനമാണ്. (കൊലൊസ്സ്യർ 2:3) നമുക്കാർക്കും യേശുവിന്റെ വാക്കുകൾ ഒരിക്കൽ മാത്രം ശ്രദ്ധിച്ചിട്ട് അവനെ കുറിച്ചു സകലതും അറിയാമെന്ന് നിഗമനം ചെയ്യാനാവില്ല. അതുകൊണ്ട് സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന ക്രിസ്‌തീയ സത്യം പഠിക്കുന്നതിലും ബാധകമാക്കുന്നതിലും പഠിപ്പിക്കുന്നതിലും തുടരാൻ സിഡ്‌ലിക് സഹോദരൻ ബിരുദം നേടുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു.—യോഹന്നാൻ 8:31, 32.
ദൈവസേവനത്തിൽ സന്തോഷം നിലനിറുത്താൻ കഴിയണമെങ്കിൽ ശിക്ഷണവും തിരുത്തലും സ്വീകരിക്കാൻ ഒരുവൻ സന്നദ്ധനായിരിക്കേണ്ടതുണ്ട്. ഗിലെയാദ് അധ്യാപകനായ ലോറൻസ് ബോവെൻ “നിങ്ങളുടെ വൃക്കകൾ നിങ്ങളെ തിരുത്തുമോ?” എന്ന ചോദ്യം ഉന്നയിച്ചു. ബൈബിളിൽ ഒരുവന്റെ ഏറ്റവും ആഴത്തിലുള്ള വികാരവിചാരങ്ങളെ കുറിക്കാൻ വൃക്കകളെ ആലങ്കാരിക അർഥത്തിൽ ഉപയോഗിച്ചിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവവചനത്തിലെ നിശ്വസ്‌ത ബുദ്ധിയുപദേശങ്ങൾ ഒരുവന്റെ വ്യക്തിത്വത്തിന്റെ അകത്തളങ്ങളിലേക്ക് സങ്കീർത്തനം 16:7, NW; യിരെമ്യാവു 17:10, NW) ഒരു വ്യക്തിയുടെ വിശ്വസ്‌ത ഗതിക്കു യഹോവയെ പോലും ആഴത്തിൽ സ്‌പർശിക്കാൻ കഴിയും. സദൃശവാക്യങ്ങൾ 23:15, 16 [NW] വായിച്ച ശേഷം പ്രസംഗകൻ ചോദിച്ചു: “നിങ്ങളുടെ വൃക്കകൾ നിങ്ങളെ തിരുത്തുമോ?” തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “തിരുത്തുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. അങ്ങനെ നിങ്ങൾ യഹോവ അങ്ങേയറ്റം സന്തോഷിക്കുന്നതിനു കാരണം നൽകും. നിങ്ങൾ അവന്റെ ആഴമേറിയ വികാരങ്ങളെ ഉണർത്തും. അതേ, നിയമനങ്ങളോടു വിശ്വസ്‌തമായി പറ്റിനിൽക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ വൃക്കകൾ ആഹ്ലാദിക്കുന്നതിന് ഇടയാക്കും.”
ആഴ്‌ന്നിറങ്ങിയിട്ടുണ്ടെങ്കിൽ ഈ ആലങ്കാരിക വൃക്കകൾക്ക് ഒരുവനെ തിരുത്താൻ കഴിയും. (പരിപാടിയുടെ ഈ ഭാഗത്തെ അവസാന പ്രസംഗം നടത്തിയത് ഗിലെയാദ് അധ്യാപകനാകുന്നതിനു മുമ്പ് കെനിയയിൽ മിഷനറി ആയി പ്രവർത്തിച്ച മാർക്ക് നൂമാർ ആയിരുന്നു. “കണ്ണുകൊണ്ട് കാണുന്നത് ഏറെ നല്ലത്” എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം സംതൃപ്‌തി നട്ടുവളർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തു കാണിച്ചു. സഭാപ്രസംഗി 6:9-നോടുള്ള [NW] യോജിപ്പിൽ നൂമാർ സഹോദരൻ ഇങ്ങനെ പറഞ്ഞു: “യാഥാർഥ്യത്തെ അംഗീകരിക്കുക. ‘കണ്ണുകൊണ്ട് കാണുക’ എന്ന പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിലും ഇപ്പോൾ ചെയ്യുന്നില്ലാത്ത എന്തിനെയെങ്കിലും കുറിച്ച് സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്നതിനു പകരം ഇപ്പോഴത്തെ നിങ്ങളുടെ സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു സ്വപ്‌നലോകത്തു കഴിയുന്നതും ന്യായമല്ലാത്ത പ്രതീക്ഷകൾ വെച്ചു പുലർത്തുന്നതും നിങ്ങളുടെ നിയമനത്തിന്റെ നിഷേധാത്മക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഒക്കെ നിങ്ങളെ അസംതൃപ്‌തരാക്കുകയേ ഉള്ളൂ.” അതേ, നാം എവിടെ ആയിരുന്നാലും, നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും ശരി, ദൈവിക സംതൃപ്‌തി നട്ടുവളർത്തുന്നതിലൂടെ നമ്മുടെ മഹാ സ്രഷ്ടാവിനെ സേവിക്കുന്നതിൽ സന്തുഷ്ടരായിരിക്കാൻ നമുക്കു കഴിയും.
രാജ്യസേവനത്തിലെയും ഗിലെയാദിലെയും സന്തോഷപ്രദമായ അനുഭവങ്ങൾ
വളരെയധികം പ്രായോഗിക ബുദ്ധിയുപദേശങ്ങളോടു കൂടിയ പ്രസംഗങ്ങൾക്കു ശേഷം വിദ്യാർഥികൾ അഞ്ചു മാസത്തെ തങ്ങളുടെ കോഴ്‌സിനിടയിൽ പരസ്യശുശ്രൂഷയിൽ ഏർപ്പെട്ടപ്പോൾ ഉണ്ടായ ചില നല്ല അനുഭവങ്ങൾ വിവരിച്ചു. തങ്ങൾ ദൈവത്തിന്റെ ശുശ്രൂഷകർക്കു യോഗ്യമാംവണ്ണം നടന്നത് എങ്ങനെയെന്ന് വിദ്യാർഥികൾ ഗിലെയാദ് സ്‌കൂൾ രജിസ്‌ട്രാറായ വാലസ് ലിവറൻസിന്റെ നേതൃത്വത്തിൽ വിശദീകരിച്ചു. (2 കൊരിന്ത്യർ 4:2, NW) ചിലരുടെ ദൈവദത്ത മനസ്സാക്ഷിയെ ആകർഷിക്കാൻ അവർക്കു കഴിഞ്ഞു. തെരുവിലും വീടുതോറുമുള്ള വേലയിലും മറ്റിടങ്ങളിലും കണ്ടുമുട്ടിയ ആത്മാർഥ ഹൃദയരായ വ്യക്തികളുമായി ബൈബിൾ അധ്യയനങ്ങൾ ആരംഭിച്ചത് എങ്ങനെയെന്ന് വിദ്യാർഥികളുടെ അനുഭവങ്ങൾ കാണിച്ചു. വ്യത്യസ്‌ത സന്ദർഭങ്ങളിൽ, യഹോവയുടെ സംഘടനയുടെ ബൈബിൾ അധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിൽ സത്യത്തിന്റെ ധ്വനി ഉണ്ടെന്ന് താത്‌പര്യക്കാർ അഭിപ്രായപ്പെട്ടു. ഒരു വീട്ടുകാരി ഒരു പ്രത്യേക ബൈബിൾ വാക്യത്തോട് വളരെ അനുകൂലമായി പ്രതികരിച്ചു. അവർ ഇപ്പോൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുകയാണ്.
അടുത്തതായി, ജോയൽ ആഡംസ് മുൻ ഗിലെയാദ് ക്ലാസ്സുകളിൽനിന്നുള്ളവരുമായി അഭിമുഖങ്ങൾ നടത്തി. “പഠനം ഒരിക്കലും അവസാനിപ്പിക്കരുത്, യഹോവയെ സേവിക്കുന്നതും” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. അഭിമുഖങ്ങളിൽ പങ്കെടുത്തവർക്ക് പുതിയ മിഷനറിമാർക്കു നൽകുന്നതിനായി വളരെ സമയോചിതമായ ബുദ്ധിയുപദേശം ഉണ്ടായിരുന്നു. 26-ാമത്തെ ഗിലെയാദ് ക്ലാസ്സിലെ വിദ്യാർഥി ആയിരുന്ന കാലത്തെ കുറിച്ച് അനുസ്‌മരിച്ചുകൊണ്ട് ഹാരി ജോൺസൺ പറഞ്ഞു: “യഹോവ എല്ലായ്‌പോഴും തന്റെ ജനത്തെ നയിച്ചിട്ടുണ്ടെന്നും ഇനിയും നയിക്കുമെന്നും ഞങ്ങൾ പഠിച്ചു. ആ ഉറപ്പ് ഈ വർഷങ്ങളിലെല്ലാം പ്രോത്സാഹനം ആയിരുന്നിട്ടുണ്ട്.” 53-ാമത്തെ ഗിലെയാദ് ക്ലാസ്സിലെ ഒരു അംഗമായ വില്യം നോൺകിസ് വിദ്യാർഥികളെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “എല്ലാറ്റിനും ഉപരി ബൈബിൾ തത്ത്വങ്ങൾ മനസ്സിൽ പിടിക്കുകയും നിങ്ങളുടെ ജീവിതത്തിൽ ഇപ്പോഴും ഭാവിയിലും എടുക്കുന്ന ഏതൊരു തീരുമാനത്തിനും അവ ബാധകമാക്കുകയും ചെയ്യുക. അങ്ങനെയാണെങ്കിൽ നിങ്ങളുടെ നിയമനത്തോടു പറ്റിനിൽക്കാൻ നിങ്ങൾക്കു കഴിയും. യഹോവയുടെ സമൃദ്ധമായ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കും.”
“യഹോവയുടെ ഇഷ്ടം ചെയ്യാൻ ശക്തീകരിക്കപ്പെട്ടവർ” എന്നതായിരുന്നു റിച്ചാർഡ് റൈയൺ സഹോദരൻ തിരഞ്ഞെടുത്ത വിഷയം. അദ്ദേഹം അഭിമുഖം നടത്തിയവരിൽ ഒരാൾ 30-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നു ബിരുദം നേടിയശേഷം 41 വർഷത്തിലധികം സ്‌പെയിനിൽ മിഷനറിയായി പ്രവർത്തിച്ച ജോൺ കുർട്ട്‌സ് ആയിരുന്നു. ഗിലെയാദ് പാഠ്യപദ്ധതിയെ കുറിച്ചു ചോദിച്ചപ്പോൾ കുർട്ട്‌സ് സഹോദരൻ പറഞ്ഞു: “ബൈബിളാണ് മുഖ്യ പാഠപുസ്‌തകം. പിന്നെ ബൈബിൾ മനസ്സിലാക്കാൻ സഹായിക്കുന്നതിന് ബൈബിൾ പഠന സഹായികളുമുണ്ട്. അവ എല്ലാവർക്കും ലഭ്യമാണ്. ഗിലെയാദിൽ രഹസ്യവിവരങ്ങളൊന്നും പ്രദാനം ചെയ്യപ്പെടുന്നില്ല. ഈ കാര്യം ഞാൻ എപ്പോഴും ഊന്നിപ്പറയാറുണ്ട്. കാരണം ഗിലെയാദിൽ പഠിപ്പിക്കുന്ന വിവരങ്ങൾ എല്ലാവർക്കും എളുപ്പം ലഭ്യമാണ്.”
യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗമായ ഗെരിറ്റ് ലോഷ് സഹോദരൻ “യഹോവയുടെ ചിറകിന്മേലും അതിനു കീഴിലും” എന്ന വിഷയത്തെ കുറിച്ചു സംസാരിച്ചുകൊണ്ട് ആത്മീയ പരിപാടി ഉപസംഹരിച്ചു. ദൈവം തന്റെ വിശ്വസ്‌ത ദാസരെ സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന വിധത്തെ ചിത്രീകരിക്കാൻ ബൈബിളിൽ കഴുകന്റെ ചിറക് ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. (ആവർത്തനപുസ്‌തകം 32:11, 12; സങ്കീർത്തനം 91:4) ചില സമയങ്ങളിൽ തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി കഴുകൻ മണിക്കൂറുകളോളം ചിറകു വിരിച്ചു പിടിക്കാറുണ്ട്. ചിലപ്പോൾ കുഞ്ഞുങ്ങളെ തണുത്ത കാറ്റിൽനിന്നു സംരക്ഷിക്കുന്നതിനായി തള്ള കഴുകൻ തന്റെ ചിറകുകൊണ്ട് അവയെ പൊതിയുക പോലും ചെയ്‌തേക്കാം. സമാനമായ ഒരു വിധത്തിൽ, തന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ, യഹോവ തന്റെ വിശ്വസ്‌ത ദാസരുടെ സഹായത്തിന് എത്തുന്നു, പ്രത്യേകിച്ചും അവർ ആത്മീയ പരിശോധനകളെ നേരിടുമ്പോൾ. തന്റെ ദാസന്മാർക്കു സഹിക്കാവുന്നതിനും അപ്പുറം അവർ പരീക്ഷിക്കപ്പെടാൻ യഹോവ അനുവദിക്കുകയില്ല. പരീക്ഷകൾ സഹിക്കാൻ കഴിയേണ്ടതിന് അവൻ അവർക്ക് പോക്കുവഴി ഉണ്ടാക്കിക്കൊടുക്കും. (1 കൊരിന്ത്യർ 10:13) ലോഷ് സഹോദരൻ ഇപ്രകാരം പറഞ്ഞുകൊണ്ട് അവസാനിപ്പിച്ചു: “തുടർച്ചയായ ആത്മീയ സംരക്ഷണം ലഭിക്കുന്നതിന് നാം യഹോവയുടെ ചിറകിൻകീഴിൽത്തന്നെ കഴിയേണ്ടതുണ്ട്. അതിന്റെ അർഥം നാം സ്വാതന്ത്ര്യത്തിന്റെ ആത്മാവ് വളർത്തിയെടുക്കരുത് എന്നാണ്. യഹോവയും അവന്റെ മാതൃ സമാന സംഘടനയും നൽകുന്ന മാർഗനിർദേശത്തിൽനിന്നും സ്‌നേഹപൂർവകമായ ബുദ്ധിയുപദേശത്തിൽനിന്നും നമ്മെത്തന്നെ വേർപെടുത്താതെ നമുക്ക് എപ്പോഴും അവരോട് പറ്റിനിൽക്കാം.”
ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് എത്തിയ ടെലഗ്രാമുകളും ആശംസകളും അധ്യക്ഷൻ വായിച്ചു. അടുത്തതായി വിദ്യാർഥികൾക്കു തങ്ങളുടെ ഡിപ്ലോമകൾ ലഭിച്ചു. ഗിലെയാദ് സ്‌കൂൾ സ്ഥാപിച്ചപ്പോൾ അഞ്ചു വർഷത്തേക്ക് ഏതാനും ക്ലാസ്സുകൾ നടത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാൽ 58 വർഷമായി അതു തുടർന്നുപോകാൻ യഹോവ ഇടയാക്കിയിരിക്കുന്നു. ബാർബർ സഹോദരൻ തന്റെ പ്രാരംഭ പ്രസ്‌താവനകളിൽ പറഞ്ഞതു പോലെ, “1943-ലെ ഗിലെയാദിന്റെ സ്ഥാപനം മുതൽ ഗിലെയാദ് ബിരുദധാരികൾ എത്ര ശ്രേഷ്‌ഠമായ ഒരു രേഖയാണ് പടുത്തുയർത്തിയിരിക്കുന്നത്! അവരുടെ കൂട്ടായ ശ്രമങ്ങൾ അക്ഷരീയമായി ഭൂമിയിലെ ശതസഹസ്രക്കണക്കിന് സൗമ്യർ യഹോവയുടെ മഹത്തായ സംഘടനയുടെ ഭാഗമായിത്തീരാൻ ഇടയാക്കിയിരിക്കുന്നു.” അതേ, ഈ മിഷനറി സ്‌കൂൾ ദശലക്ഷക്കണക്കിന് ആളുകൾ രാജ്യപ്രത്യാശയിൽ സന്തോഷിക്കാൻ ഇടവരുത്തിയിരിക്കുന്നു.
[24-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്
പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 8
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 18
വിദ്യാർഥികളുടെ എണ്ണം: 48
ശരാശരി വയസ്സ്: 34
സത്യത്തിലായിരുന്ന ശരാശരി വർഷം: 18
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13
[25-ാം പേജിലെ ചിത്രം]
വാച്ച്‌ടവർ ഗിലെയാദ് ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 110-ാമത്തെ ക്ലാസ്സ്
ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) വാസെക്ക്, ഇ.; മാഡ്‌ലാൻ, എൽ.; ഇവാൻസ്, ജി.; വാട്ടാനാബെ, കെ. (2) ട്രാഫൊർഡ്, പി.; ടുർഫ, ജെ.; വിൽസൺ, പി.; വില്യംസ്, ആർ.; വെയ്‌ബെർ, എ. (3) ജോൺസൺ, ടി.; ഹാനൗ, കെ.; മോർലൂ, എഫ്.; ഷാർപാൻട്യെ, എഫ്.; പെക്കം, ആർ.; ആൻഡ്രൊസോഫ്, പി. (4) സീഗെഴ്‌സ്, ടി.; സീഗെഴ്‌സ്, ഡി.; ബെയ്‌ലി, പി.; ബെയ്‌ലി, എം.; മാഡ്‌ലാൻ, കെ.; ലിപോൾഡ്, ഇ.; ലിപോൾഡ്, ടി. (5) ഇവാൻസ്, എൻ.; ഗോൾഡ്, ആർ.; ബോൾമൻ, ഐ.; വാസെക്ക്, ആർ.; ഊൺജിയൻ, ജെ.; വിൽസൺ, എൻ. (6) ടുർഫ, ജെ.; സൂദിമ, എൽ.; സൂദിമ, ആർ.; ബേങ്‌റ്റ്‌സോൺ, സി.; ബേങ്‌റ്റ്‌സോൺ, ജെ.; ഗലാനോ, എം.; ഗലാനോ, എൽ. (7) പെക്കം, ടി.; മോർലൂ, ജെ.; ഷാർപാൻട്യെ, സി.; ഗോൾഡ്, എം.; ബോൾമൻ, ആർ.; ഊൺജിയൻ, എഫ്. (8) വെയ്‌ബെർ, ആർ.; ജോൺസൺ, ബി.; ഹാനൗ, ഡി.; വാട്ടാനാബെ, വൈ.; വില്യംസ്, ആർ.; ട്രാഫൊർഡ്, ജി.; ആൻഡ്രൊസോഫ്, ടി.