വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പുതിയലോക ഭാഷാന്തരം 2 പത്രൊസ്‌ 3:​13-ൽ “പുതിയ ആകാശങ്ങളും [ബഹുവചനം] പുതിയ ഭൂമിയും” എന്ന്‌ ഉപയോഗിക്കുമ്പോൾ വെളിപ്പാടു 21:​1-ൽ “പുതിയ ആകാശവും [ഏകവചനം] പുതിയ ഭൂമിയും” എന്ന്‌ ഉപയോഗിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

അടിസ്ഥാനപരമായി ഇത്‌ മൂല ഭാഷകളിലെ വ്യാകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അർഥം കണക്കിലെടുക്കുമ്പോൾ ഇതിന്‌ എന്തെങ്കിലും പ്രത്യേക പ്രാധാന്യം ഉള്ളതായി തോന്നുന്നില്ല.

ആദ്യം, എബ്രായ തിരുവെഴുത്തുകളുടെ കാര്യം എടുക്കാം. മൂല ഭാഷാ പാഠത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ഷാമയിം ആണ്‌. ‘ആകാശം (ഏകവചനം)’ എന്നും ‘ആകാശങ്ങൾ (ബഹുവചനം)’ എന്നും പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന അത്‌ എല്ലായ്‌പോഴും ബഹുവചന രൂപത്തിലാണ്‌. എന്നാൽ ശ്രേഷ്‌ഠതയെ കുറിക്കുന്ന ഒരു ബഹുവചന രൂപമല്ല അത്‌. പകരം വ്യാപിച്ചുകിടക്കുന്ന “അസംഖ്യം വ്യത്യസ്‌ത ഭാഗങ്ങൾ അല്ലെങ്കിൽ സ്ഥാനങ്ങൾ ഉള്ള ഒന്നിനെ” കുറിക്കുന്ന ബഹുവചന രൂപമാണത്‌. ഭൂമിയിൽനിന്ന്‌ അങ്ങ്‌ അകലേക്ക്‌, എല്ലാ ദിശകളിലും വ്യാപിച്ചുകിടക്കുകയും ശതകോടിക്കണക്കിന്‌ നക്ഷത്രങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒന്നാണല്ലോ ഭൗതിക ആകാശം. ഷാമയിമിന്‌ മുമ്പ്‌ നിശ്ചയോപപദം വരുന്ന എല്ലായിടത്തും തന്നെ, പുതിയലോക ഭാഷാന്തരം ബഹുവചന രൂപത്തിലാണ്‌ അത്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. യെശയ്യാവു 66:​22 അതിന്‌ ഒരു ഉദാഹരണമാണ്‌. ഷാമയിമിനു മുമ്പ്‌ നിശ്ചയോപപദം ഇല്ലാത്തപ്പോൾ അത്‌ (പുതിയ ലോക ഭാഷാന്തരത്തിൽ ഉല്‌പത്തി 1:​8; 14:​19, 22; സങ്കീർത്തനം 69:​34 എന്നീ വാക്യങ്ങളിൽ ചെയ്‌തിരിക്കുന്നതുപോലെ) ഏകവചന രൂപത്തിലോ (പുതിയ ലോക ഭാഷാന്തരത്തിൽ ഉല്‌പത്തി 49:​25; ന്യായാധിപന്മാർ 5:​4; ഇയ്യോബ്‌ 9:​8; യെശയ്യാവു 65:​17 എന്നീ വാക്യങ്ങളിൽ ചെയ്‌തിരിക്കുന്നതുപോലെ) ബഹുവചന രൂപത്തിലോ പരിഭാഷപ്പെടുത്താവുന്നതാണ്‌.

യെശയ്യാവു 65:​17-ലും 66:​22-ലും എബ്രായ പദം ബഹുവചന രൂപത്തിലാണ്‌. അതുകൊണ്ട്‌ തത്തുല്യമായ പരിഭാഷ “പുതിയ ആകാശങ്ങളും (ബഹുവചനം) പുതിയ ഭൂമിയും” എന്നാണ്‌.

ഗ്രീക്ക്‌ പദമായ ഉറാനോസ്‌ ഏകവചനമാണ്‌. ‘ആകാശം’ (ഏകവചനം) എന്നാണ്‌ അതിന്റെ അർഥം. ബഹുവചനമായ ഉറാനിയുടെ അർഥമാകട്ടെ ‘ആകാശങ്ങൾ’ (ബഹുവചനം) എന്നും. രസകരമെന്നു പറയട്ടെ, ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ പരിഭാഷകർ യെശയ്യാവു 65:​17-ലും 66:​22-ലും ഏകവചന രൂപമാണ്‌ ഉപയോഗിച്ചത്‌.

ഇനി, ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ “പുതിയ ആകാശങ്ങളും പുതിയ ഭൂമിയും” എന്നും “പുതിയ ആകാശവും പുതിയ ഭൂമിയും” എന്നും രണ്ടു രീതിയിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ എന്തുകൊണ്ടെന്നു നോക്കാം.

2 പത്രൊസ്‌ 3:​13-ൽ അപ്പൊസ്‌തലൻ ഗ്രീക്ക്‌ ബഹുവചന രൂപം ഉപയോഗിച്ചു. അതിനു തൊട്ടു മുമ്പുള്ള വാക്യങ്ങളിൽ (7, 10, 11 വാക്യങ്ങളിൽ) അവൻ ഇന്നത്തെ ദുഷ്ട ‘ആകാശങ്ങളെ’ കുറിച്ചു ബഹുവചന രൂപത്തിൽ പറയുകയുണ്ടായി. ഇതിനു ചേർച്ചയിലാണ്‌ 13-ാം വാക്യത്തിലും അവൻ ബഹുവചനം ഉപയോഗിച്ചത്‌. മാത്രമല്ല, അവൻ മൂലപാഠത്തിലുള്ള യെശയ്യാവു 65:​17-ൽനിന്ന്‌​—⁠അവിടെ എബ്രായ പദം ബഹുവചന രൂപത്തിലാണ്‌​—⁠ഉദ്ധരിക്കുകയായിരുന്നുവെന്നു തോന്നുന്നു. 2 പത്രൊസ്‌ 2:​22-ൽ അവൻ എബ്രായ പാഠത്തിലെ സദൃശവാക്യങ്ങൾ 26:​11-ൽനിന്ന്‌ ഉദ്ധരിച്ചതുപോലെ തന്നെയാണ്‌ ഇത്‌. അങ്ങനെ പത്രൊസ്‌ ‘അവന്റെ [ദൈവത്തിന്റെ] വാഗ്‌ദത്ത പ്രകാരം നാം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളെയും [ബഹുവചനം] പുതിയ ഭൂമിയെയും’ കുറിച്ചു പറഞ്ഞു.

എന്നാൽ അപ്പൊസ്‌തലനായ യോഹന്നാൻ വെളിപ്പാടു 21:​1 എഴുതിയത്‌ തെളിവനുസരിച്ച്‌ യെശയ്യാവു 65:​17-ന്റെ സെപ്‌റ്റുവജിന്റ്‌ പരിഭാഷയെ ആധാരമാക്കിയാണ്‌. സെപ്‌റ്റുവജിന്റിൽ ഇവിടെ, ഏകവചന രൂപത്തിലുള്ള ഗ്രീക്ക്‌ പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്നു നാം കണ്ടുവല്ലോ. അതുകൊണ്ട്‌ യോഹന്നാൻ ഇങ്ങനെ എഴുതി: “ഞാൻ പുതിയ ആകാശവും [ഏകവചനം] പുതിയ ഭൂമിയും കണ്ടു; മുമ്പിലത്തെ ആകാശവും മുമ്പിലത്തെ ഭൂമിയും ഒഴിഞ്ഞുപോയി.”

ഇതെല്ലാം പരിഭാഷയുമായി ബന്ധപ്പെട്ട വ്യാകരണപരമായ വിശദാംശങ്ങളാണ്‌. ‘പുതിയ ആകാശ’മായാലും ‘പുതിയ ആകാശങ്ങൾ’ ആയാലും അർഥത്തിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി കാണപ്പെടുന്നില്ല എന്ന്‌ ഒരിക്കൽക്കൂടി പറഞ്ഞുകൊള്ളട്ടെ. രണ്ടും ഒന്നുതന്നെയാണ്‌ അർഥമാക്കുന്നത്‌.

[31-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

നക്ഷത്രങ്ങൾ: Frank Zullo