വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അദ്ദേഹം ‘അവസാനത്തോളം സഹിച്ചുനിന്നു’

അദ്ദേഹം ‘അവസാനത്തോളം സഹിച്ചുനിന്നു’

അദ്ദേഹം ‘അവസാനത്തോളം സഹിച്ചുനിന്നു’

“പൊരുതി മരിക്കുക!” യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തെ പുതിയ അംഗങ്ങൾക്കായി പ്രദർശിപ്പിച്ച 1993-ലെ ഒരു വീഡിയോയിൽ ലൈമൻ അലക്‌സാണ്ടർ സ്വിംഗൾ യഹോവയെ സേവിക്കുന്നതു സംബന്ധിച്ച തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചത്‌ അപ്രകാരമായിരുന്നു.

മറ്റുള്ളവരെ എന്തു ചെയ്യാൻ പ്രോത്സാഹിപ്പിച്ചിരുന്നുവോ അതുതന്നെ 90-കാരനായ സ്വിംഗൾ സഹോദരൻ സ്വന്തം ജീവിതത്തിലും ബാധകമാക്കി. അദ്ദേഹം ‘അവസാനത്തോളം സഹിച്ചുനിന്നു.’ (മത്തായി 24:13) യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായിരുന്ന അദ്ദേഹം തന്റെ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഗണ്യമാക്കാതെ മാർച്ച്‌ 7-ാം തീയതി ബുധനാഴ്‌ച ഭരണസംഘത്തിന്റെ യോഗത്തിൽ സംബന്ധിച്ചു. അടുത്ത ചൊവ്വാഴ്‌ച അദ്ദേഹത്തിന്റെ നില വഷളായി. മാർച്ച്‌ 14-ാം തീയതി വെളുപ്പിന്‌ 4:​26-ന്‌ അദ്ദേഹം മരിച്ചതായി അദ്ദേഹത്തിന്റെ ഡോക്ടർ സ്ഥിരീകരിച്ചു.

ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്ത്‌ സ്വിംഗൾ സഹോദരൻ തന്റെ സേവനം തുടങ്ങിയത്‌ 1930 ഏപ്രിൽ 5-നാണ്‌. അദ്ദേഹം 71 വർഷത്തോളം അവിടെ സേവിച്ചു. സ്വിംഗൾ സഹോദരന്റെ ആദ്യ നിയമനം ബയൻഡിങ്‌ ഡിപ്പാർട്ടുമെന്റിൽ ആയിരുന്നു, തുടർന്ന്‌ അച്ചടിശാലയിലും. അദ്ദേഹം അച്ചടിക്ക്‌ ആവശ്യമായ മഷി ഉണ്ടാക്കുന്നതിലും സഹായിച്ചിരുന്നു. വാസ്‌തവത്തിൽ, 25 വർഷത്തോളം സ്വിംഗൾ സഹോദരൻ മഷി നിർമാണ ഡിപ്പാർട്ടുമെന്റിൽ ചെലവഴിക്കുകയുണ്ടായി. കൂടാതെ, ലോക ആസ്ഥാനത്തെ എഴുത്തു വിഭാഗത്തിൽ അദ്ദേഹം 20 വർഷത്തോളം സേവിച്ചു. ജീവിതത്തിന്റെ അവസാനത്തെ 17 വർഷം അദ്ദേഹം ഖജാൻജിയുടെ ഓഫീസിലാണു സേവനം അനുഷ്‌ഠിച്ചത്‌.

സ്വിംഗൾ സഹോദരൻ ദൈവരാജ്യത്തിന്റെ ഒരു ധീര ഘോഷകൻ ആയിരുന്നു. ബ്രുക്ലിനിലെ ആദ്യ വർഷങ്ങളിൽ അദ്ദേഹം കൂടെ താമസിച്ചിരുന്ന ആർഥർ വോഴ്‌സ്‌ലിയോടൊപ്പം യഹോവയുടെ സാക്ഷികളുടെ ഒരു ബോട്ടിൽ ഹഡ്‌സൻ നദിയിലൂടെ തുഴഞ്ഞുപോകുക പതിവായിരുന്നു. ഉച്ചഭാഷിണി ഉപയോഗിച്ച്‌ നദീതീര വാസികൾക്കു രാജ്യസന്ദേശം എത്തിച്ചുകൊണ്ട്‌ അവർ അനേകം വാരാന്തങ്ങൾ ചെലവഴിച്ചിട്ടുണ്ട്‌.

നെബ്രാസ്‌കയിലെ ലിങ്കണിൽ 1910 നവംബർ 6-നാണ്‌ സ്വിംഗൾ സഹോദരൻ ജനിച്ചത്‌. താമസിയാതെ അദ്ദേഹത്തിന്റെ കുടുംബം യൂട്ടായിലെ സോൾട്ട്‌ ലേക്ക്‌ സിറ്റിയിലേക്കു മാറി. അവിടെവെച്ച്‌, 1913-ൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ബൈബിൾ വിദ്യാർഥികൾ​—⁠യഹോവയുടെ സാക്ഷികളെ അന്ന്‌ അങ്ങനെയാണു വിളിച്ചിരുന്നത്‌​—⁠ആയിത്തീർന്നു. വർഷങ്ങളോളം, സ്വിംഗൾ കുടുംബം ബ്രുക്ലിൻ ആസ്ഥാനത്തു നിന്നുള്ള സന്ദർശക പ്രസംഗകർക്ക്‌ ആതിഥ്യമരുളി. അവർ സ്വിംഗളിന്റെമേൽ ഒരു ക്രിയാത്മക സ്വാധീനം ചെലുത്തിയിരുന്നു. 1923-ൽ, 12-ാമത്തെ വയസ്സിൽ അദ്ദേഹം ദൈവത്തിനുള്ള തന്റെ സമർപ്പണത്തിന്റെ പ്രതീകമായി സ്‌നാപനമേറ്റു.

ഒരു അവിവാഹിതനെന്ന നിലയിൽ 26-ലധികം വർഷം ബ്രുക്ലിനിൽ സേവിച്ചശേഷം 1956 ജൂൺ 8-ന്‌ സ്വിംഗൾ സഹോദരൻ ക്രിസ്റ്റൽ സിർഷെറെ വിവാഹം കഴിച്ചു. അത്‌ അദ്ദേഹത്തിന്റെ ജീവിതത്തെ അങ്ങേയറ്റം സമ്പന്നമാക്കി. 1998-ൽ, ക്രിസ്റ്റലിന്റെ മരണംവരെ അവർ ഒരുമിച്ചു ശുശ്രൂഷയിൽ പങ്കുപറ്റിയിരുന്നു. അവർ ജീവിതകാലം മുഴുവൻ പിരിയാനാകാത്ത സുഹൃത്തുക്കളായി കഴിഞ്ഞു. അതിന്‌ ഏകദേശം മൂന്നു വർഷം മുമ്പ്‌, ക്രിസ്റ്റലിന്‌ മസ്‌തിഷ്‌കാഘാതം ഉണ്ടായി. അത്‌ ഗുരുതരമായ ശാരീരിക വൈകല്യത്തിന്‌ ഇടയാക്കി. അവരെ പരിചരിക്കുന്നതിൽ സ്വിംഗൾ സഹോദരൻ പ്രകടമാക്കിയ ശ്രദ്ധ അർപ്പണമനോഭാവത്തിന്റെ നല്ലൊരു മാതൃകയാണ്‌. അദ്ദേഹത്തെ അറിയാവുന്ന എല്ലാവർക്കും അതു വലിയ പ്രോത്സാഹനം ആയിരുന്നിട്ടുണ്ട്‌, പ്രത്യേകിച്ചും വഴിപോക്കർക്ക്‌ വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കാൻ ക്രിസ്റ്റലിനു കഴിയുമാറ്‌ സ്വിംഗൾ സഹോദരൻ സ്‌നേഹപൂർവം അവരെ വീൽചെയറിൽ തള്ളിക്കൊണ്ടുപോകുന്നതു കണ്ടിട്ടുള്ളവർക്ക്‌.

സ്വിംഗൾ സഹോദരൻ തുറന്നിടപെടുന്ന, ഊഷ്‌മള ഹൃദയനായ ഒരു വ്യക്തിയായിരുന്നു. അത്‌ അദ്ദേഹത്തെ എല്ലാവർക്കും പ്രിയങ്കരനാക്കി. മാതാപിതാക്കളെ പോലെതന്നെ അദ്ദേഹത്തിനും സ്വർഗീയ രാജ്യത്തിൽ യേശുക്രിസ്‌തുവിനോടൊപ്പം ജീവിക്കുന്നതിനുള്ള ബൈബിൾ അധിഷ്‌ഠിത പ്രത്യാശ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ പ്രത്യാശ ഇപ്പോൾ സാക്ഷാത്‌കരിക്കപ്പെട്ടു എന്ന്‌ നമുക്ക്‌ ഉറപ്പുണ്ട്‌.​—⁠1 തെസ്സലൊനീക്യർ 4:​15-18; വെളിപ്പാടു 14:13.

[31-ാം പേജിലെ ചിത്രം]

സ്വിംഗൾ സഹോദരൻ 25 വർഷത്തോളം മഷി നിർമാണ ഡിപ്പാർട്ടുമെന്റിൽ സേവിച്ചു

[31-ാം പേജിലെ ചിത്രം]

സ്വിംഗളും ക്രിസ്റ്റലും പിരിയാനാകാത്ത സുഹൃത്തുക്കളായിരുന്നു