കാലത്തിന്റെ പരിശോധനയെ അതിജീവിക്കുന്ന വൃക്ഷങ്ങൾ
കാലത്തിന്റെ പരിശോധനയെ അതിജീവിക്കുന്ന വൃക്ഷങ്ങൾ
ചെങ്കുത്തായ ഒരു പാറക്കെട്ടിൽ വീടു പണിയാൻ നിങ്ങൾ തയ്യാറാകുമോ, പ്രത്യേകിച്ചും അത് ഒരു ഉയർന്ന പർവതമുകളിലാണെങ്കിൽ? സാധ്യതയനുസരിച്ച് ഇല്ല. എന്നാൽ പ്രതികൂല അവസ്ഥകൾക്കു മധ്യേയും ചില വൃക്ഷങ്ങൾ ആൽപ്‌സ് പർവതനിരകളിലെ അത്തരം പാറക്കെട്ടുകളിൽ നിലയുറപ്പിച്ചിരിക്കുന്നു. അവിടെ അവ ശൈത്യകാലത്തെ കൊടും തണുപ്പിനെയും വേനൽക്കാലത്തെ വരണ്ട കാലാവസ്ഥയെയും ചെറുത്തു നിൽക്കുന്നു.
പ്രതികൂല അവസ്ഥകളെ അതിജീവിക്കാൻ കഴിവുള്ള ഈ വൃക്ഷങ്ങൾ സാധാരണഗതിയിൽ കാഴ്‌ചയ്‌ക്ക് താഴ്‌ന്ന പ്രദേശങ്ങളിൽ കഴിയുന്ന അവയുടെ ബന്ധുക്കളുടെയത്ര ഗാംഭീര്യമുള്ളവയല്ല. വളഞ്ഞുപുളഞ്ഞ് വികലമായ തായ്‌ത്തടിയായിരിക്കാം അവയ്‌ക്കുള്ളത്. കൂടാതെ അവയുടെ വളർച്ച വല്ലാതെ മുരടിച്ചു പോകുകയും ചെയ്‌തിരിക്കാം. അവ വളരുന്നിടത്തെ ഉഗ്ര കാലാവസ്ഥയും മണ്ണിന്റെ ദൗർലഭ്യവുമാണ് ഇതിനു കാരണം.
ഭൂമിയിലെ ഏറ്റവും കഠിനമായ പരിസ്ഥിതികളിൽ ഒന്നിൽ കഴിയുന്ന ഈ വൃക്ഷങ്ങൾക്ക് ആയുസ്സ് കുറവായിരിക്കുമെന്ന് നിങ്ങൾ കരുതിയേക്കാം. എന്നാൽ വാസ്‌തവം നേരെ മറിച്ചാണ്. കാലിഫോർണിയയിലെ വൈറ്റ് പർവതനിരയിൽ 3,000 മീറ്റർ ഉയരത്തിൽ വളരുന്ന മെഥൂശലഹ് എന്ന ബ്രിസൽകോൺ പൈൻമരത്തിന്റെ പ്രായം 4,700 വർഷമാണെന്നു കണക്കാക്കപ്പെടുന്നു. ഭൂമിയിലെ ഏറ്റവും പ്രായംകൂടിയ വൃക്ഷമെന്ന നിലയിൽ ഇത് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് 1997-ൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഈ പുരാതന വൃക്ഷങ്ങളെ കുറിച്ചു പഠനം നടത്തിയ എഡ്‌മണ്ട് ഷൂൽമൻ ഇങ്ങനെ പറഞ്ഞു: “ബ്രിസൽകോൺ പൈനിന്റെ അതിജീവനത്തിനു പ്രതികൂല അവസ്ഥ കാരണമായിരിക്കുന്നതു പോലെ കാണപ്പെടുന്നു. വൈറ്റ് പർവതനിരകളിലെ വൃദ്ധന്മാർ [പൈൻ മരങ്ങൾ] എല്ലാം 3,000 മീറ്റർ ഉയരത്തിലുള്ള ഉണങ്ങിയ പാറക്കെട്ടുകളിലാണു കാണപ്പെടുന്നത്.” കൂടാതെ, മറ്റു പൈൻ മരങ്ങളിലെ ഏറ്റവും പ്രായം ചെന്നവയും കഠിനമായ സാഹചര്യങ്ങളിൽ കഴിയുന്നവയാണെന്നു ഷൂൽമാൻ കണ്ടെത്തി.
പ്രതികൂല അവസ്ഥകളെ തരണം ചെയ്യേണ്ടതുണ്ടെങ്കിലും സഹിഷ്‌ണുതയുടെ ഈ മികച്ച ദൃഷ്ടാന്തങ്ങൾ തങ്ങൾക്കുള്ള രണ്ട് ആനുകൂല്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നു. സസ്യജീവൻ അധികമൊന്നും ഇല്ലാത്ത അവയുടെ ഏകാന്ത പരിസരം വളർച്ചയെത്തിയ വൃക്ഷങ്ങളുടെ ഏറ്റവും വലിയ ഭീഷണിയായ കാട്ടുതീയിൽനിന്നുള്ള സംരക്ഷണമായി ഉതകുന്നു. കൂടാതെ, അവയുടെ വേരുകൾ പാറക്കെട്ടുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് അവയെ ഉറപ്പിച്ചു നിറുത്തുന്നു. അതുകൊണ്ട് അവയെ ഒന്നിളക്കണമെങ്കിൽ ഒരു ഭൂകമ്പംതന്നെ വേണ്ടിവന്നേക്കും.
ബൈബിളിൽ ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാരെ വൃക്ഷങ്ങളോട് ഉപമിച്ചിരിക്കുന്നു. (സങ്കീർത്തനം 1:1-3; യിരെമ്യാവു 17:7, 8) അവർക്കും പ്രതികൂല സാഹചര്യങ്ങൾ നേരിട്ടേക്കാം. പീഡനം, മോശമായ ആരോഗ്യം, കൊടും ദാരിദ്ര്യം എന്നിവ നിമിത്തം ഒരുവന്റെ വിശ്വാസം കഠിനമായി പരിശോധിക്കപ്പെട്ടേക്കാം, വിശേഷിച്ചും ഇവയെല്ലാം വർഷങ്ങളോളം തുടരുന്നെങ്കിൽ. എന്നിരുന്നാലും, പ്രതികൂല സാഹചര്യങ്ങളെ ഇത്ര നന്നായി ചെറുത്തു നിൽക്കാനുള്ള ശേഷി മരങ്ങൾക്കു നൽകിയ സ്രഷ്ടാവ് തന്റെ ആരാധകരെ തീർച്ചയായും താങ്ങുമെന്ന് ഉറപ്പു നൽകുന്നു. അടിപതറാതെ നിൽക്കുന്നവരോട് ബൈബിൾ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: ‘നിങ്ങളെ ദൈവം ഉറപ്പിച്ചു ശക്തീകരിക്കും.’—1 പത്രൊസ് 5:9, 10.
ബൈബിളിൽ പലപ്പോഴും “സഹിഷ്‌ണുത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് ക്രിയാപദത്തിന്റെ അർഥം ‘അടിപതറാതെ നിലകൊള്ളുക, ഉറപ്പോടെ നിൽക്കുക, സ്ഥിരോത്സാഹം കാണിക്കുക’ എന്നാണ്. ആൽപ്‌സ് പർവതനിരകളിലെ വൃക്ഷങ്ങളുടെ കാര്യത്തിൽ സത്യമായിരിക്കുന്നതു പോലെ ആഴത്തിലേക്ക് ഇറങ്ങിയ വേരുകളാണ് സഹിഷ്‌ണുതയുടെ താക്കോൽ. ഉറച്ചു നിൽക്കുന്നതിന് ക്രിസ്‌ത്യാനികൾ യേശുക്രിസ്‌തുവിൽ ദൃഢമായി വേരൂന്നിയവർ ആയിരിക്കണം. പൗലൊസ് ഇങ്ങനെ എഴുതി: “നിങ്ങൾ കർത്താവായ ക്രിസ്‌തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്‌മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്‌തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.”—കൊലൊസ്സ്യർ 2:6, 7.
ശക്തമായ ആത്മീയ വേരുകൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം പൗലൊസ് തിരിച്ചറിഞ്ഞു. അവനുതന്നെ ‘ജഡത്തിലെ ഒരു മുള്ളുമായി’ പോരാടേണ്ടത് ഉണ്ടായിരുന്നു. കൂടാതെ, ശുശ്രൂഷയിൽ ഉടനീളം കടുത്ത പീഡനവും അവനു സഹിക്കേണ്ടി വന്നു. (2 കൊരിന്ത്യർ 11:23-27; 12:7, NW) എന്നാൽ ദൈവത്തിന്റെ സഹായത്തോടെ തനിക്കു പിടിച്ചു നിൽക്കാനാകുമെന്ന് അവൻ കണ്ടെത്തി. അവൻ പറഞ്ഞു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”—ഫിലിപ്പിയർ 4:13.
പൗലൊസിന്റെ ദൃഷ്ടാന്തം കാണിക്കുന്നതു പോലെ ക്രിസ്‌തീയ സഹിഷ്‌ണുതയുടെ വിജയം അനുകൂല സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നില്ല. നൂറ്റാണ്ടുകളോളം കൊടുങ്കാറ്റുകളെ വിജയപ്രദമായി അതിജീവിക്കുന്ന ആൽപ്‌സ് പർവതനിരകളിലെ വൃക്ഷങ്ങളെ പോലെ, ക്രിസ്‌തുവിൽ വേരൂന്നിയവരും ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കുന്നവരുമാണെങ്കിൽ നമുക്കും അടിപതറാതെ നിൽക്കാൻ കഴിയും. കൂടാതെ, അവസാനത്തോളം സഹിച്ചു നിൽക്കുകയാണെങ്കിൽ നമുക്ക് പിൻവരുന്ന ദിവ്യ വാഗ്‌ദാനത്തിന്റെയും നിവൃത്തി അനുഭവിക്കാൻ കഴിയും: “എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും.”—യെശയ്യാവു 65:22; മത്തായി 24:13.