വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊടുക്കുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരുക!

കൊടുക്കുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരുക!

കൊടുക്കുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരുക!

“സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌.” ​—⁠പ്രവൃത്തികൾ 20:⁠35, Nw.

1. കൊടുക്കുന്നതിൽ താൻ സന്തോഷം കണ്ടെത്തുന്നുവെന്ന്‌ യഹോവ പ്രകടമാക്കുന്നതെങ്ങനെ?

സത്യം അറിയുന്നതിന്റെ സന്തോഷവും ആ അറിവു കൈവരുത്തുന്ന അനുഗ്രഹങ്ങളും ദൈവത്തിൽനിന്നുള്ള അമൂല്യ സമ്മാനങ്ങളാണ്‌. യഹോവയെ അറിയാൻ ഇടയായിരിക്കുന്നവർക്കു സന്തോഷിക്കാൻ നിരവധി കാരണങ്ങളുണ്ട്‌. എങ്കിലും, സമ്മാനം സ്വീകരിക്കുന്നതുപോലെ തന്നെ സന്തോഷകരമായ ഒരു അനുഭവമാണ്‌ കൊടുക്കുന്നതും. യഹോവ “എല്ലാ നല്ല ദാനവും [“സമ്മാനവും,” NW] തികഞ്ഞ വരം ഒക്കെയും” കൊടുക്കുന്നവനാണ്‌. അവൻ “ധന്യനായ [“സന്തുഷ്ടനായ,” NW] ദൈവ”വുമാണ്‌. (യാക്കോബ്‌ 1:17; 1 തിമൊഥെയൊസ്‌ 1:11) ശ്രദ്ധിക്കാൻ മനസ്സു കാണിക്കുന്ന ഏവർക്കും അവൻ ആരോഗ്യാവഹമായ പഠിപ്പിക്കലുകൾ പ്രദാനം ചെയ്യുന്നു. സ്‌നേഹപുരസ്സരം തങ്ങൾ നൽകുന്ന നിർദേശങ്ങൾ മക്കൾ പാലിക്കുന്നതു കാണുമ്പോൾ മാതാപിതാക്കൾ സന്തോഷിക്കുന്നതുപോലെതന്നെ, തന്റെ പ്രബോധനങ്ങൾ സ്വീകരിക്കുന്നവർ പ്രകടമാക്കുന്ന അനുസരണയിൽ യഹോവയും സന്തോഷിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 27:⁠11.

2. (എ) കൊടുക്കുന്നതിനെ കുറിച്ച്‌ യേശു എന്തു പറഞ്ഞു? (ബി) മറ്റുള്ളവരെ ബൈബിൾ സത്യം പഠിപ്പിക്കുമ്പോൾ നമുക്ക്‌ എന്തു സന്തോഷം ലഭിക്കുന്നു?

2 സമാനമായി, യേശു ഭൂമിയിലായിരിക്കെ ആളുകൾ തന്റെ പഠിപ്പിക്കലിനോടു ക്രിയാത്മകമായി പ്രതികരിച്ചപ്പോൾ സന്തോഷിച്ചു. അവൻ പിൻവരുന്ന പ്രകാരം പറഞ്ഞതായി അപ്പൊസ്‌തലനായ പൗലൊസ്‌ പ്രസ്‌താവിച്ചു: സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌.” (പ്രവൃത്തികൾ 20:​35, NW) മറ്റുള്ളവരെ ബൈബിൾ സത്യം പഠിപ്പിക്കുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം ആരെങ്കിലും നമ്മുടെ മത വിശ്വാസങ്ങളുമായി യോജിക്കുന്നതിൽ നിന്നുണ്ടാകുന്ന കേവല സംതൃപ്‌തിയല്ല. പിന്നെയോ, യഥാർഥ മൂല്യമുള്ളതും സ്ഥായിയായ പ്രയോജനം കൈവരുത്തുന്നതുമായ ഒന്നാണ്‌ നാം കൊടുക്കുന്നത്‌ എന്ന്‌ അറിയുന്നതിൽ നിന്നുണ്ടാകുന്ന ആഹ്ലാദമാണ്‌ അത്‌. ആത്മീയമായി കൊടുക്കുക വഴി, ഇപ്പോൾ മാത്രമല്ല, നിത്യതയിലെങ്ങും പ്രയോജനം നേടാൻ നമുക്ക്‌ ആളുകളെ സഹായിക്കുന്നതിനു കഴിയും.​—⁠1 തിമൊഥെയൊസ്‌ 4:⁠8.

കൊടുക്കുന്നത്‌ സന്തോഷം കൈവരുത്തുന്നു

3. (എ) മറ്റുള്ളവരെ ആത്മീയമായി സഹായിക്കുന്നതിലുള്ള തങ്ങളുടെ സന്തോഷം അപ്പൊസ്‌തലന്മാരായ പൗലൊസും യോഹന്നാനും വാക്കുകളിലൂടെ പ്രകടിപ്പിച്ചതെങ്ങനെ? (ബി) നമ്മുടെ മക്കളെ ബൈബിൾ സത്യം പഠിപ്പിക്കുന്നത്‌ സ്‌നേഹത്തിന്റെ ഒരു പ്രകടനം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 അതേ, ആത്മീയ സമ്മാനങ്ങൾ നൽകുന്നതിൽ, യഹോവയെയും യേശുക്രിസ്‌തുവിനെയും പോലെതന്നെ ക്രിസ്‌ത്യാനികളും സന്തോഷിക്കുന്നു. ദൈവവചനത്തിലെ സത്യം മനസ്സിലാക്കാൻ താൻ മറ്റുള്ളവരെ സഹായിച്ചു എന്ന അറിവ്‌ അപ്പൊസ്‌തലനായ പൗലൊസിന്‌ സന്തോഷം കൈവരുത്തി. തെസ്സലൊനീക്യയിലെ സഭയ്‌ക്ക്‌ അവൻ ഇങ്ങനെ എഴുതി: “നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ? ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങൾ തന്നേ.” (1 തെസ്സലൊനീക്യർ 2:19, 20) സമാനമായി, അപ്പൊസ്‌തലനായ യോഹന്നാൻ തന്റെ ആത്മീയ മക്കളെ പരാമർശിച്ചുകൊണ്ട്‌ ഇങ്ങനെ എഴുതി: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹന്നാൻ 4) സ്വന്തം മക്കളെത്തന്നെ നമ്മുടെ ആത്മീയ മക്കളായിത്തീരാൻ സഹായിക്കുന്നതിലെ സന്തോഷത്തെ കുറിച്ചും ചിന്തിക്കുക! മക്കളെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” വളർത്തിക്കൊണ്ടുവരുന്നത്‌ മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ ഒരു പ്രകടനമാണ്‌. (എഫെസ്യർ 6:4) അപ്രകാരം ചെയ്യുക വഴി, മക്കളുടെ നിത്യക്ഷേമത്തിൽ തങ്ങൾ തത്‌പരരാണെന്നു മാതാപിതാക്കൾ പ്രകടമാക്കുന്നു. ഇവർ അനുകൂലമായി പ്രതികരിക്കുമ്പോൾ മാതാപിതാക്കൾ വലിയ സന്തോഷവും സംതൃപ്‌തിയും അനുഭവിക്കുന്നു.

4. ആത്മീയ കൊടുക്കൽ സന്തോഷം കൈവരുത്തുന്നുവെന്ന്‌ ഏത്‌ അനുഭവം പ്രകടമാക്കുന്നു?

4 അഞ്ചു മക്കളുടെ അമ്മയായ ഡെൽ ഒരു മുഴുസമയ പയനിയർ ശുശ്രൂഷകയാണ്‌. ഡെൽ പറയുന്നു: “അപ്പൊസ്‌തലനായ യോഹന്നാന്റെ വാക്കുകളുടെ പിന്നിലെ വികാരങ്ങൾ എനിക്കു ശരിക്കും മനസ്സിലാക്കാൻ കഴിയും. കാരണം എന്റെ മക്കളിൽ നാലു പേർ ‘സത്യത്തിൽ നടക്കുന്ന’തിൽ അങ്ങേയറ്റം സന്തോഷിക്കുന്നവളാണ്‌ ഞാൻ. കുടുംബങ്ങൾ സത്യാരാധനയിൽ ഏകീകരിക്കപ്പെട്ടിരിക്കുമ്പോൾ അത്‌ യഹോവയ്‌ക്കു മഹത്ത്വവും ബഹുമാനവും കൈവരുത്തുന്നു എന്ന്‌ എനിക്കറിയാം. അതുകൊണ്ട്‌, മക്കളിൽ സത്യം ഉൾനടാനുള്ള എന്റെ ശ്രമങ്ങളുടെമേൽ അവൻ അനുഗ്രഹം ചൊരിയുന്നതു കാണുമ്പോൾ എനിക്ക്‌ അതിയായ സംതൃപ്‌തി തോന്നുന്നു. എന്റെ കുടുംബത്തോടൊപ്പം പറുദീസയിൽ നിത്യമായി ജീവിക്കുന്നതിനുള്ള മഹത്തായ പ്രതീക്ഷ എന്നിൽ പ്രത്യാശ നിറയ്‌ക്കുന്നു. ബുദ്ധിമുട്ടുകൾക്കും പ്രതിബന്ധങ്ങൾക്കും മധ്യേ സഹിച്ചുനിൽക്കാൻ അത്‌ എന്നെ പ്രേരിപ്പിക്കുന്നു.” സങ്കടകരമെന്നു പറയട്ടെ, ഡെല്ലിന്റെ പെൺമക്കളിൽ ഒരാൾ ക്രിസ്‌തീയമല്ലാത്ത നടത്ത നിമിത്തം സഭയിൽനിന്നു പുറത്താക്കപ്പെട്ടു. എന്നിട്ടും, ശുഭാപ്‌തിവിശ്വാസത്തോടുകൂടിയ ഒരു മനോഭാവം നിലനിറുത്താൻ ഡെൽ കഠിനശ്രമം ചെയ്യുന്നു. “ഒരു ദിവസം എന്റെ മകൾ താഴ്‌മയോടെയും ആത്മാർഥതയോടെയും യഹോവയിലേക്കു മടങ്ങിവരുമെന്ന്‌ ഞാൻ പ്രത്യാശിക്കുന്നു,” അവർ പറയുന്നു. “എന്നാൽ എന്റെ കുട്ടികളിൽ മിക്കവരും ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരുന്നതിൽ ഞാൻ അവനു നന്ദി പറയുന്നു. ഞാൻ അനുഭവിക്കുന്ന സന്തോഷം എനിക്കെപ്പോഴും ബലം പകരുന്നു.”​—⁠നെഹെമ്യാവു 8:⁠10.

നിത്യ സ്‌നേഹിതരെ സമ്പാദിക്കൽ

5. ശിഷ്യരാക്കൽ വേലയ്‌ക്ക്‌ നാം നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോൾ എന്ത്‌ അറിവ്‌ നമുക്ക്‌ സംതൃപ്‌തി പകരുന്നു?

5 ക്രിസ്‌തീയ ശിഷ്യരെ ഉളവാക്കാനും യഹോവയെയും അവന്റെ നിബന്ധനകളെയും കുറിച്ച്‌ അവരെ ഉപദേശിക്കാനും യേശു തന്റെ അനുഗാമികൾക്കു നിർദേശം നൽകി. (മത്തായി 28:19, 20) യഹോവയും യേശുവും സത്യത്തിന്റെ മാർഗം പഠിക്കാൻ ആളുകളെ നിസ്വാർഥമായി സഹായിച്ചിരിക്കുന്നു. അതുകൊണ്ട്‌ ശിഷ്യരാക്കൽ വേലയ്‌ക്ക്‌ നാം നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോൾ ആദിമ ക്രിസ്‌ത്യാനികളെ പോലെ നാമും യഹോവയുടെയും യേശുവിന്റെയും മാതൃക അനുകരിക്കുകയാണെന്ന്‌ അറിയുന്നതിന്റെ സംതൃപ്‌തി നമുക്ക്‌ ആസ്വദിക്കാൻ കഴിയുന്നു. (1 കൊരിന്ത്യർ 11:1) ഇപ്രകാരം നാം സർവശക്തനായ ദൈവത്തോടും അവന്റെ പ്രിയപുത്രനോടും സഹകരിച്ചു പ്രവർത്തിക്കുമ്പോൾ നമ്മുടെ ജീവിതത്തിന്‌ യഥാർഥ അർഥം കൈവരുന്നു. ദൈവത്തിന്റെ ‘കൂട്ടുവേലക്കാരിൽ’ ഒരാളായി എണ്ണപ്പെടുക എന്നത്‌ എന്തൊരു അനുഗ്രഹമാണ്‌! (1 കൊരിന്ത്യർ 3:9) ഈ സുവിശേഷ പ്രസംഗവേലയിൽ ദൂതന്മാർക്കു പോലും ഒരു പങ്കുണ്ട്‌ എന്നറിയുന്നത്‌ നമ്മെ കോൾമയിർക്കൊള്ളിക്കുന്നില്ലേ?​—⁠വെളിപ്പാടു 14:6, 7.

6. നാം ആത്മീയ കൊടുക്കലിൽ പങ്കുചേരവേ ആർ നമ്മുടെ സ്‌നേഹിതർ ആയിത്തീരുന്നു?

6 വാസ്‌തവത്തിൽ, ആത്മീയ കൊടുക്കലിന്റേതായ ഈ വേലയിൽ പങ്കെടുക്കുക വഴി നമുക്ക്‌ ദൈവത്തിന്റെ കൂട്ടുവേലക്കാർ മാത്രമല്ല, അവന്റെ നിത്യ സ്‌നേഹിതർതന്നെ ആയിത്തീരാൻ കഴിയും. തന്റെ വിശ്വാസം നിമിത്തം അബ്രാഹാം യഹോവയുടെ സ്‌നേഹിതൻ എന്നു വിളിക്കപ്പെട്ടു. (യാക്കോബ്‌ 2:23) നാം ദൈവേഷ്ടം ചെയ്യാൻ യത്‌നിക്കവേ നമുക്കും ദൈവത്തിന്റെ സ്‌നേഹിതർ ആയിത്തീരാൻ കഴിയും. അപ്രകാരം ചെയ്യുന്ന പക്ഷം നാം യേശുവിന്റെയും സ്‌നേഹിതരായിത്തീരും. അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു നിങ്ങളെ സ്‌നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.” (യോഹന്നാൻ 15:15) വലിയ സ്വാധീനവും പദവിയുമൊക്കെ ഉള്ളവരുടെ സ്‌നേഹിതരായി കണക്കാക്കപ്പെടുന്നതിൽ അനേകരും സന്തോഷിക്കുന്നു. എന്നാൽ ഒന്നോർത്തു നോക്കൂ, മുഴു പ്രപഞ്ചത്തിലെയും ഏറ്റവും വലിയ രണ്ടു വ്യക്തികളുടെ സ്‌നേഹിതരായിത്തീരാനുള്ള പദവിയാണ്‌ നമുക്കുള്ളത്‌!

7. (എ) ഒരു സ്‌ത്രീ ഒരു യഥാർഥ സ്‌നേഹിതയെ സമ്പാദിച്ചത്‌ എങ്ങനെ? (ബി) നിങ്ങൾക്ക്‌ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടോ?

7 കൂടാതെ, ദൈവത്തെ അറിയാൻ നാം ആളുകളെ സഹായിക്കുമ്പോൾ അവരും നമ്മുടെ സ്‌നേഹിതർ ആയിത്തീരുന്നു. ഇത്‌ നമുക്ക്‌ ഒരു പ്രത്യേക സന്തോഷം കൈവരുത്തുന്നു. ഐക്യനാടുകളിൽ താമസിക്കുന്ന ജോൺ, തെൽമ എന്നു പേരുള്ള ഒരു സ്‌ത്രീയെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. തെൽമയ്‌ക്ക്‌ കുടുംബത്തിൽനിന്ന്‌ എതിർപ്പു നേരിട്ടെങ്കിലും അവർ പഠനം തുടരുകയും ഒരു വർഷത്തിനു ശേഷം സ്‌നാപനമേൽക്കുകയും ചെയ്‌തു. ജോൺ എഴുതി: “ഞങ്ങളുടെ ബന്ധം അവിടം കൊണ്ട്‌ അവസാനിച്ചില്ല; പകരം അത്‌, ഒരു യഥാർഥ സൗഹൃദമായി വികാസം പ്രാപിച്ചു. ഏതാണ്ട്‌ 35 വർഷത്തിനു ശേഷവും ഞങ്ങൾ സുഹൃത്തുക്കളായി തുടരുന്നു. ശുശ്രൂഷയിലും കൺവെൻഷനുകളിലും ഞങ്ങൾ പലപ്പോഴും ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്‌. പിന്നീട്‌, ഞാൻ 800 കിലോമീറ്റർ അകലെയുള്ള ഒരു പുതിയ വീട്ടിലേക്കു താമസം മാറ്റി. എങ്കിലും, തെൽമ എനിക്ക്‌ ക്രമമായി കത്തുകൾ അയയ്‌ക്കുന്നു, സ്‌നേഹവും ഊഷ്‌മളതയും തുളുമ്പുന്ന കത്തുകൾ. എന്നെക്കുറിച്ച്‌ അതിയായ സ്‌നേഹത്തോടെ ഓർക്കാറുണ്ടെന്നും ഞാൻ അവരുടെ സുഹൃത്തും മാതൃകയും ആയിരിക്കുന്നതിലും അവർക്കു ബൈബിൾ സത്യം പഠിപ്പിച്ചു കൊടുത്തതിലും നന്ദിയുണ്ടെന്നും അവർ പ്രത്യേകം എഴുതാറുണ്ട്‌. അത്തരം ഒരു പ്രിയ സുഹൃത്ത്‌ ഉണ്ടായിരിക്കുന്നത്‌ യഹോവയെ കുറിച്ചു പഠിക്കാൻ അവരെ സഹായിക്കുന്നതിനു ഞാൻ ചെയ്‌ത ശ്രമത്തിനുള്ള അത്ഭുതകരമായ ഒരു പ്രതിഫലമാണ്‌.”

8. ശുഭാപ്‌തിവിശ്വാസത്തോടു കൂടിയ ഏതു മനോഭാവം ശുശ്രൂഷയിൽ നമ്മെ സഹായിക്കും?

8 സത്യം പഠിക്കാൻ ആഗ്രഹമുള്ള ആരെയെങ്കിലും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ, കണ്ടുമുട്ടുന്നവരിൽ പലരും യഹോവയുടെ വചനത്തിൽ ഒട്ടുംതന്നെ താത്‌പര്യം കാണിക്കുന്നില്ലെങ്കിൽ പോലും പിടിച്ചുനിൽക്കാൻ നമ്മെ സഹായിക്കും. ആളുകളുടെ നിസ്സംഗത നമ്മുടെ വിശ്വാസത്തിനും സഹിഷ്‌ണുതയ്‌ക്കും വെല്ലുവിളി ഉയർത്തിയേക്കാം. എങ്കിലും ശുഭാപ്‌തിവിശ്വാസം നമ്മെ സഹായിക്കും. ഗ്വാട്ടിമാലയിൽനിന്നുള്ള ഫൗസ്റ്റോ ഇപ്രകാരം പറഞ്ഞു: “മറ്റുള്ളവരോടു സാക്ഷീകരിക്കുന്ന സമയത്ത്‌, ഞാൻ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ഒരു ആത്മീയ സഹോദരൻ അല്ലെങ്കിൽ സഹോദരി ആയിത്തീർന്നാൽ അത്‌ എത്ര വിസ്‌മയാവഹമായിരിക്കും എന്നു ഞാൻ ചിന്തിക്കുന്നു. ഞാൻ കണ്ടുമുട്ടാൻ പോകുന്ന ഒരു വ്യക്തിയെങ്കിലും ഒടുവിൽ ദൈവവചനത്തിലെ സത്യം സ്വീകരിക്കാനിടയുണ്ട്‌ എന്നു ഞാൻ ന്യായവാദം ചെയ്യുന്നു. ആ ചിന്ത സാക്ഷീകരണം തുടരാൻ എന്നെ സഹായിക്കുന്നു. അത്‌ എനിക്ക്‌ യഥാർഥ സന്തോഷം കൈവരുത്തുകയും ചെയ്യുന്നു.”

സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കൽ

9. സ്വർഗത്തിലെ നിക്ഷേപങ്ങളെ കുറിച്ച്‌ യേശു എന്തു പറഞ്ഞു, ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

9 നമ്മുടെ കുട്ടികളെയായാലും മറ്റു വ്യക്തികളെയായാലും ശിഷ്യരാക്കുന്നത്‌ എല്ലായ്‌പോഴും എളുപ്പമുള്ള കാര്യമല്ല. അതിന്‌ സമയവും ക്ഷമയും സ്ഥിരോത്സാഹവും ആവശ്യമായിരുന്നേക്കാം. എന്നിരുന്നാലും ഒരു കാര്യം ഓർമിക്കുക. നിലനിൽക്കാത്തതും സാധാരണഗതിയിൽ തങ്ങൾക്കു സന്തോഷം കൈവരുത്താത്തതുമായ ഭൗതിക വസ്‌തുക്കൾ സ്വരുക്കൂട്ടുന്നതിനു വേണ്ടി കഠിന പ്രയത്‌നം ചെയ്യാൻ പലരും ഒരുക്കമുള്ളവരാണ്‌. ആത്മീയ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതിനു വേണ്ടി പ്രയത്‌നിക്കുന്നതാണു മെച്ചമെന്ന്‌ യേശു തന്റെ ശ്രോതാക്കളോടു പറയുകയുണ്ടായി. അവൻ പറഞ്ഞു: “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.” (മത്തായി 6:19, 20) ശിഷ്യരെ ഉളവാക്കുക എന്ന സുപ്രധാന വേലയിൽ പങ്കെടുക്കുന്നത്‌ ഉൾപ്പെടെയുള്ള ആത്മീയ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ, നാം ദൈവേഷ്ടമാണു ചെയ്യുന്നതെന്നും അവൻ നമുക്കു പ്രതിഫലം തരുമെന്നും അറിയുന്നതിലുള്ള സംതൃപ്‌തി നമുക്ക്‌ അനുഭവിക്കാൻ കഴിയും. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”​—⁠എബ്രായർ 6:⁠10.

10. (എ) യേശുവിന്‌ ആത്മീയ നിക്ഷേപങ്ങൾ ഉണ്ടായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) യേശു തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തത്‌ എങ്ങനെ, അത്‌ മറ്റുള്ളവർക്ക്‌ എന്ത്‌ മഹത്തായ പ്രയോജനം കൈവരുത്തി?

10 ശിഷ്യരെ ഉളവാക്കുന്നതിനായി ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്ന പക്ഷം, യേശു പറഞ്ഞതിനു ചേർച്ചയിൽ നാം “സ്വർഗ്ഗത്തിൽ നിക്ഷേപം” സ്വരൂപിക്കുകയാണു ചെയ്യുന്നത്‌. ഇത്‌ നമുക്ക്‌ സ്വീകരിക്കുന്നതിന്റെ സന്തോഷം കൈവരുത്തുന്നു. നിസ്വാർഥമായി കൊടുക്കുന്ന പക്ഷം നാം നമ്മെത്തന്നെ സമ്പന്നരാക്കിത്തീർക്കുകയാവും ചെയ്യുക. യേശു യഹോവയെ ശതകോടിക്കണക്കിനു വർഷങ്ങൾ വിശ്വസ്‌തമായി സേവിച്ചിരുന്നു. അവൻ സ്വർഗത്തിൽ സ്വരൂപിച്ചിരുന്ന നിക്ഷേപങ്ങളെ കുറിച്ചു ചിന്തിക്കുക! എന്നിരുന്നാലും, യേശു സ്വന്തം താത്‌പര്യങ്ങൾ അന്വേഷിച്ചില്ല. ‘[യേശു] നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ [“തന്നെത്തന്നെ,” NW] ഏല്‌പിച്ചുകൊടുത്തു’ എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (ഗലാത്യർ 1:3) യേശു ശുശ്രൂഷയിൽ തന്നെത്തന്നെ നിസ്വാർഥമായി ഏൽപ്പിച്ചുകൊടുത്തതിനു പുറമേ, തന്റെ ജീവൻപോലും മറുവിലയായി കൊടുത്തു. അങ്ങനെ സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള അവസരം മറ്റുള്ളവർക്കും ലഭിച്ചു.

11. ആത്മീയ സമ്മാനങ്ങൾ ഭൗതിക സമ്മാനങ്ങളെക്കാൾ മെച്ചപ്പെട്ടവ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 ദൈവത്തെ കുറിച്ച്‌ ആളുകളെ പഠിപ്പിക്കുക വഴി, അക്ഷയമായ ആത്മീയ നിക്ഷേപങ്ങൾ അവർക്കും സ്വരൂപിക്കാൻ കഴിയുന്നതെങ്ങനെ എന്നു കാണാൻ നാം അവരെ സഹായിക്കുന്നു. ഇതിലും മഹത്തായ എന്തു സമ്മാനമാണ്‌ നിങ്ങൾക്കു നൽകാൻ കഴിയുക? നിങ്ങൾ ഒരു സുഹൃത്തിന്‌ വിലകൂടിയ വാച്ചോ കാറോ ഒരു വീടു തന്നെയോ കൊടുക്കുന്നുവെന്നു വിചാരിക്കുക. സാധ്യതയനുസരിച്ച്‌ ആ സുഹൃത്ത്‌ സന്തുഷ്ടനും നിങ്ങളോടു നന്ദിയുള്ളവനും ആയിരിക്കും, നിങ്ങൾക്കാകട്ടെ കൊടുക്കുന്നതിന്റെ സന്തോഷവും ലഭിക്കും. എന്നാൽ ഒരു 20-ഓ 200-ഓ 2000-മോ വർഷം കഴിയുമ്പോൾ ആ സമ്മാനത്തിന്റെ സ്ഥിതി എന്തായിരിക്കും? അതേസമയം, യഹോവയെ സേവിക്കുന്നതിനായി ഒരു വ്യക്തിയെ സഹായിക്കാൻ തക്കവണ്ണം നിങ്ങൾ നിങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നെങ്കിൽ, അവന്‌ അല്ലെങ്കിൽ അവൾക്ക്‌ ആ സമ്മാനത്തിൽനിന്ന്‌ എന്നേക്കും പ്രയോജനം അനുഭവിക്കാൻ കഴിയും.

സത്യ സ്‌നേഹികളെ അന്വേഷിച്ചു കണ്ടുപിടിക്കൽ

12. മറ്റുള്ളവരെ ആത്മീയമായി സഹായിക്കാൻ പലരും തങ്ങളെത്തന്നെ വിട്ടുകൊടുത്തിരിക്കുന്നത്‌ എങ്ങനെ?

12 ആത്മീയമായി കൊടുക്കുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരുന്നതിനായി യഹോവയുടെ ജനം ഭൂമിയുടെ അറ്റങ്ങളോളം പോയിരിക്കുന്നു. മിഷനറി സേവനം ഏറ്റെടുക്കുന്നതിനായി ആയിരങ്ങൾ വീടും കുടുംബവും വിട്ട്‌ മറ്റു ദേശങ്ങളിലേക്കു പോയിരിക്കുന്നു. അവിടെ അവർക്ക്‌ പുതിയ ഭാഷകളും സംസ്‌കാരങ്ങളുമായി പൊരുത്തപ്പെടേണ്ടി വന്നിരിക്കുന്നു. മറ്റുചിലർ സ്വന്തം രാജ്യത്തു തന്നെ രാജ്യ ഘോഷകരുടെ ആവശ്യം കൂടുതൽ ഉള്ളിടത്തേക്ക്‌ മാറിപ്പാർത്തിരിക്കുന്നു. ഇനിയും ചിലർ തങ്ങളുടെ സ്വന്തം പ്രദേശങ്ങളിലെ കുടിയേറ്റക്കാരായ ജനസമൂഹങ്ങളോടു പ്രസംഗിക്കുന്നതിനു വേണ്ടി ഒരു വിദേശ ഭാഷ പഠിച്ചെടുത്തിരിക്കുന്നു. ഉദാഹരണത്തിന്‌, രണ്ടു മക്കളെ വളർത്തി വലുതാക്കിയശേഷം​—⁠അവർ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത്‌ സേവിക്കുകയാണ്‌​—⁠അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള ഒരു ദമ്പതികൾ പയനിയറിങ്‌ ആരംഭിക്കുകയും ചൈനീസ്‌ ഭാഷ പഠിച്ചെടുക്കുകയും ചെയ്‌തു. മൂന്നു വർഷം കൊണ്ട്‌ അവർ അടുത്തുള്ള ഒരു കോളെജിൽ പഠിച്ചുകൊണ്ടിരുന്ന, ചൈനീസ്‌ ഭാഷക്കാരായ 74 പേർക്ക്‌ ബൈബിൾ അധ്യയനങ്ങൾ നടത്തി. ശിഷ്യരാക്കൽ വേലയിൽ കൂടുതൽ സന്തോഷം കണ്ടെത്താൻ കഴിയത്തക്കവണ്ണം നിങ്ങളുടെ ശുശ്രൂഷ ഏതെങ്കിലും വിധത്തിൽ വികസിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ?

13. നിങ്ങളുടെ ശുശ്രൂഷ കൂടുതൽ ഫലകരമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഏവ?

13 ഒരുപക്ഷേ ഒരു ബൈബിൾ അധ്യയനം നടത്താൻ ആഗ്രഹിച്ചിട്ടും നിങ്ങൾക്ക്‌ ഇതുവരെ അതിനു കഴിഞ്ഞിട്ടില്ലായിരിക്കും. ചില ദേശങ്ങളിൽ താത്‌പര്യക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്‌. ഒരുപക്ഷേ നിങ്ങൾ കണ്ടുമുട്ടുന്ന ആളുകൾ ബൈബിളിൽ ഒരു താത്‌പര്യവും കാണിക്കുന്നില്ലായിരിക്കാം. അങ്ങനെയെങ്കിൽ, യഹോവയും യേശുക്രിസ്‌തുവും ഈ വേലയിൽ അങ്ങേയറ്റം തത്‌പരരാണെന്നും അവർ നിങ്ങളെ ചെമ്മരിയാടു തുല്യരായ ആളുകളുടെ അടുത്തേക്ക്‌ നയിച്ചേക്കാമെന്നും ഉള്ള അറിവോടെ നിങ്ങൾക്ക്‌ നിങ്ങളുടെ ആഗ്രഹം പ്രാർഥനയിൽ കൂടുതലായി ഉൾപ്പെടുത്താൻ കഴിഞ്ഞേക്കും. കൂടുതൽ അനുഭവപരിചയം ഉള്ളവരോ ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരോ ആയ നിങ്ങളുടെ സഭയിലെ ആളുകളുടെ നിർദേശങ്ങൾ തേടുക. ക്രിസ്‌തീയ യോഗങ്ങളിൽ നൽകപ്പെടുന്ന പരിശീലനവും നിർദേശങ്ങളും പ്രയോജനപ്പെടുത്തുക. സഞ്ചാര മേൽവിചാരകന്മാരുടെയും അവരുടെ ഭാര്യമാരുടെയും ബുദ്ധിയുപദേശം ബാധകമാക്കുക. സർവോപരി, ഒരിക്കലും ശ്രമം ഉപേക്ഷിക്കാതിരിക്കുക. ജ്ഞാനിയായ ശലോമോൻ ഇങ്ങനെ എഴുതി: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു [“വൈകുന്നേരം വരെ,” NW] നിന്റെ കൈ ഇളെച്ചിരിക്കരുതു; . . . ഏതു സഫലമാകും എന്നു . . . നീ അറിയുന്നില്ലല്ലോ.” (സഭാപ്രസംഗി 11:6) അതിനിടയിൽ, നോഹയെയും യിരെമ്യാവിനെയും പോലുള്ള വിശ്വസ്‌ത പുരുഷന്മാരെ ഓർമിക്കുക. അവർ പ്രസംഗിച്ചതിനോട്‌ വളരെ കുറച്ച്‌ ആളുകളേ അനുകൂലമായി പ്രതികരിച്ചുള്ളൂ എങ്കിലും, അവരുടെ ശുശ്രൂഷ ഒരു വിജയമായിരുന്നു. സർവോപരി അത്‌ യഹോവയെ പ്രസാദിപ്പിച്ചു.

നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യൽ

14. തന്റെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കു പ്രായമാകുമ്പോൾ യഹോവ അവരെ എങ്ങനെയാണു വീക്ഷിക്കുന്നത്‌?

14 ശുശ്രൂഷയിൽ ആഗ്രഹിക്കുന്ന അളവോളം പ്രവർത്തിക്കാൻ നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല എന്നതായിരിക്കാം പ്രശ്‌നം. ഉദാഹരണത്തിന്‌, പ്രായാധിക്യം മൂലം നിങ്ങൾക്ക്‌ യഹോവയുടെ സേവനത്തിൽ വേണ്ടത്ര ഉൾപ്പെടാൻ കഴിയുന്നില്ലായിരിക്കാം. എങ്കിലും ജ്ഞാനിയായ ശലോമോന്റെ വാക്കുകൾ ഓർമിക്കുക: “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.” (സദൃശവാക്യങ്ങൾ 16:31) തന്റെ സേവനത്തിൽ ചെലവഴിക്കപ്പെട്ട ഒരു വ്യക്തിയുടെ ആയുഷ്‌കാലം യഹോവയുടെ ദൃഷ്ടിയിൽ ശോഭയുള്ളതാണ്‌. തിരുവെഴുത്തുകൾ കൂടുതലായി ഇങ്ങനെ പറയുന്നു: “നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ [യഹോവ] അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്‌തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.” (യെശയ്യാവു 46:4) തന്റെ വിശ്വസ്‌തരെ പുലർത്തുകയും പിന്തുണയ്‌ക്കുകയും ചെയ്യുമെന്ന്‌ നമ്മുടെ സ്‌നേഹവാനായ സ്വർഗീയ പിതാവ്‌ വാഗ്‌ദാനം ചെയ്യുന്നു.

15. യഹോവ നിങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന്‌ നിങ്ങൾ കരുതുന്നുവോ? എന്തുകൊണ്ട്‌?

15 ഒരുപക്ഷേ നിങ്ങൾ ഒരു രോഗവുമായി മല്ലിടുകയോ ഭാരിച്ച കുടുംബ ഉത്തരവാദിത്വങ്ങൾ വഹിക്കുകയോ ചെയ്യുന്ന വ്യക്തിയായിരിക്കും. അല്ലെങ്കിൽ അവിശ്വാസിയായ ഇണയിൽനിന്നുള്ള എതിർപ്പിനെയോ ദുഷ്‌കരമായ മറ്റെന്തെങ്കിലും പ്രശ്‌നത്തെയോ നേരിടുന്ന ആളായിരിക്കാം. യഹോവ നമ്മുടെ പരിമിതികളും സാഹചര്യങ്ങളും മനസ്സിലാക്കുന്നു. അവനെ സേവിക്കുന്നതിനായി നാം ചെയ്യുന്ന ആത്മാർഥ ശ്രമങ്ങളെ പ്രതി അവൻ നമ്മെ സ്‌നേഹിക്കുന്നു. നാം ചെയ്യുന്നത്‌ മറ്റുള്ളവർ ചെയ്യുന്നതിനെക്കാൾ കുറവായിരുന്നേക്കാമെങ്കിൽ പോലും ഇതു സത്യമാണ്‌. (ഗലാത്യർ 6:​4, NW) നാം അപൂർണരാണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. നമുക്ക്‌ കഴിയുന്നതിൽ കവിഞ്ഞ്‌ യാതൊന്നും അവൻ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ല. (സങ്കീർത്തനം 147:11) നാം കഴിവിന്റെ പരമാവധി ചെയ്യുന്ന പക്ഷം ദൈവത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണെന്നും നമ്മുടെ വിശ്വസ്‌ത പ്രവൃത്തികൾ അവൻ മറക്കില്ലെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.​—⁠ലൂക്കൊസ്‌ 21:1-4.

16. ഒരു ശിഷ്യനെ ഉളവാക്കുന്നതിൽ മുഴു സഭയും പങ്കുചേരുന്നത്‌ എങ്ങനെ?

16 ശിഷ്യരാക്കൽ വേല ഒരു കൂട്ടായ പ്രവർത്തനം ആണെന്ന കാര്യവും ഓർമിക്കുക. ഒരൊറ്റ മഴത്തുള്ളിക്ക്‌ ഒരു ചെടിയുടെ ദാഹം ശമിപ്പിക്കാനാവാത്തതുപോലെ തന്നെ, ഒരൊറ്റ വ്യക്തി ഒരു ശിഷ്യനെ ഉളവാക്കുന്നില്ല. ഒരു താത്‌പര്യക്കാരനെ കണ്ടെത്തുന്നതും ബൈബിൾ അധ്യയനം നടത്തുന്നതും ഒരു സാക്ഷി ആയിരുന്നേക്കാമെന്നതു ശരിതന്നെ. എന്നാൽ ആ പുതിയ ആൾ രാജ്യഹാളിൽ വന്നു കഴിഞ്ഞാൽ പിന്നെ, മുഴു സഭയും ചേർന്ന്‌ സത്യം തിരിച്ചറിയാൻ അദ്ദേഹത്തെ അല്ലെങ്കിൽ അവരെ സഹായിക്കുന്നു. സഹോദരവർഗത്തിന്റെ ഊഷ്‌മളത ദൈവാത്മാവിന്റെ സ്വാധീനം ഉണ്ടെന്നുള്ളതിനു തെളിവു നൽകുന്നു. (1 കൊരിന്ത്യർ 14:24, 25) കുട്ടികളും കൗമാരപ്രായക്കാരും പറയുന്ന പ്രചോദനാത്മകമായ അഭിപ്രായങ്ങൾ, നമ്മുടെ ചെറുപ്പക്കാർ ലോകത്തിലെ ചെറുപ്പക്കാരിൽനിന്നു വ്യത്യസ്‌തരാണെന്ന്‌ പുതിയ വ്യക്തിക്ക്‌ കാണിച്ചുകൊടുക്കുന്നു. സഭയിലെ രോഗികളും ദുർബലരും പ്രായമായവരും സഹിഷ്‌ണുതയിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു എന്നു പുതിയവർക്കു പഠിപ്പിച്ചുകൊടുക്കുന്നു. അങ്ങനെ നാം ഏതു പ്രായക്കാരായാലും നമുക്ക്‌ എന്തൊക്കെ പരിമിതികളുണ്ടെങ്കിലും, ബൈബിൾ സത്യത്തോടുള്ള സ്‌നേഹം വർധിക്കാനും സ്‌നാപനത്തിലേക്കു പുരോഗമിക്കാനും പുതിയവരെ സഹായിക്കുന്നതിൽ നാമേവരും സുപ്രധാനമായ പങ്കു വഹിക്കുന്നു. നാം ശുശ്രൂഷയിൽ ചെലവഴിക്കുന്ന ഓരോ മണിക്കൂറും ഓരോ മടക്കസന്ദർശനവും രാജ്യഹാളിൽ വെച്ച്‌ ഒരു താത്‌പര്യക്കാരനുമായി നടത്തുന്ന ഓരോ സംഭാഷണവും അതിൽത്തന്നെ നിസ്സാരമായി കാണപ്പെട്ടേക്കാം. എന്നാൽ യഹോവ നിർവഹിച്ചുകൊണ്ടിരിക്കുന്ന ഒരു മഹത്തായ വേലയുടെ ഭാഗമാണ്‌ അവയെല്ലാം.

17, 18. (എ) ശിഷ്യരാക്കൽ വേലയിൽ പങ്കെടുക്കുന്നതിനു പുറമേ മറ്റേതെല്ലാം വിധങ്ങളിൽ നമുക്ക്‌ കൊടുക്കുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരാൻ കഴിയും? (ബി) കൊടുക്കുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരുമ്പോൾ നാം ആരെയാണ്‌ അനുകരിക്കുന്നത്‌?

17 ശിഷ്യരെ ഉളവാക്കുകയെന്ന സുപ്രധാന വേലയിൽ പങ്കുചേരുന്നതിനു പുറമേ, ക്രിസ്‌ത്യാനികളായ നാം മറ്റു വിധങ്ങളിലും കൊടുക്കുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരുന്നു. നിർമല ആരാധനയെ പിന്തുണയ്‌ക്കുന്നതിനായി സംഭാവനയിടുന്നതിനും സഹായം ആവശ്യമായിരിക്കുന്നവരെ സഹായിക്കുന്നതിനുമായി നമുക്ക്‌ പണം നീക്കിവെക്കാൻ കഴിയും. (ലൂക്കൊസ്‌ 16:9; 1 കൊരിന്ത്യർ 16:1, 2) മറ്റുള്ളവർക്ക്‌ ആതിഥ്യമരുളുന്നതിനുള്ള അവസരങ്ങൾ നമുക്കു തേടാൻ കഴിയും. (റോമർ 12:13ബി) ‘എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്യാനായി’ നമുക്കു കഠിനമായി യത്‌നിക്കാൻ കഴിയും. (ഗലാത്യർ 6:10) ഒരു കത്ത്‌, ഒരു ടെലിഫോൺ കോൾ, ഒരു സമ്മാനം, സഹായഹസ്‌തം, ഒരു പ്രോത്സാഹന വാക്ക്‌ ഇങ്ങനെ ലളിതമെങ്കിലും പ്രധാനപ്പെട്ട വിധങ്ങളിൽ നമുക്ക്‌ കൊടുക്കലിന്റേതായ മനോഭാവം പ്രകടിപ്പിക്കാവുന്നതാണ്‌.

18 കൊടുക്കുന്നതിലൂടെ നാം നമ്മുടെ സ്വർഗീയ പിതാവിനെ അനുകരിക്കുന്നുവെന്നു കാണിക്കുന്നു. കൂടാതെ സത്യ ക്രിസ്‌ത്യാനികളുടെ തിരിച്ചറിയിക്കൽ അടയാളമായ സഹോദര സ്‌നേഹം പ്രകടമാക്കുകയും ചെയ്യുന്നു. (യോഹന്നാൻ 13:35) ഈ കാര്യങ്ങൾ ഓർമിക്കുന്നത്‌ കൊടുക്കുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരാൻ നമ്മെ സഹായിക്കും.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ആത്മീയമായി കൊടുക്കുന്നതിൽ യഹോവയും യേശുവും മാതൃക വെച്ചിരിക്കുന്നത്‌ എങ്ങനെ?

• നമുക്ക്‌ നിത്യ സ്‌നേഹിതരെ സമ്പാദിക്കാൻ കഴിഞ്ഞേക്കാവുന്നത്‌ എങ്ങനെ?

• ശുശ്രൂഷ കൂടുതൽ വിജയകരമാക്കാൻ നമുക്ക്‌ എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും?

• സഭയിലുള്ള എല്ലാവർക്കും കൊടുക്കുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരാൻ കഴിയുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രങ്ങൾ]

പരിശീലനത്തോട്‌ മക്കൾ അനുകൂലമായി പ്രതികരിക്കുമ്പോൾ മാതാപിതാക്കൾക്ക്‌ വലിയ സന്തോഷവും സംതൃപ്‌തിയും അനുഭവപ്പെടുന്നു

[15-ാം പേജിലെ ചിത്രം]

ശിഷ്യരെ ഉളവാക്കുകവഴി നമുക്ക്‌ യഥാർഥ സ്‌നേഹിതരെ സമ്പാദിക്കാൻ കഴിയും

[16-ാം പേജിലെ ചിത്രം]

യഹോവ പ്രായാധിക്യത്തിൽ നമ്മെ താങ്ങുന്നു

[17-ാം പേജിലെ ചിത്രങ്ങൾ]

ലളിതമെങ്കിലും പ്രധാനപ്പെട്ട വിധങ്ങളിൽ, നാം കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു