വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങൾ യഹോവയെ പരീക്ഷിച്ചു

ഞങ്ങൾ യഹോവയെ പരീക്ഷിച്ചു

ജീവിത കഥ

ഞങ്ങൾ യഹോവയെ പരീക്ഷിച്ചു

പോൾ സ്‌ക്രിബ്‌നർ പറഞ്ഞ പ്രകാരം

“ഗുഡ്‌ മോർണിങ്‌, മിസ്സിസ്‌ സ്റ്റാക്ക്‌ഹൗസ്‌. ഞാൻ ഇന്ന്‌ ഈസ്റ്റർ കേക്കുകൾക്കുള്ള ഓർഡർ എടുക്കുകയാണ്‌. നിങ്ങളും ഒരെണ്ണം വാങ്ങാൻ ആഗ്രഹിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.” 1938-ലെ വസന്തകാലാരംഭം. ഐക്യനാടുകളിലെ ന്യൂ ജേഴ്‌സിയിലുള്ള അറ്റ്‌കോവിൽ, ജനറൽ ബേക്കിങ്‌ കമ്പനിയിൽ ജോലി നോക്കിയിരുന്ന ഞാൻ എന്റെ വിൽപ്പന റൂട്ടിൽ എനിക്ക്‌ ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ചിരുന്ന വീടുകളിൽ ഒന്നിലെ ഗൃഹനാഥയോടു സംസാരിക്കുകയായിരുന്നു. എന്നാൽ എന്നെ അതിശയിപ്പിച്ചു കൊണ്ട്‌ മിസ്സിസ്‌ സ്റ്റാക്ക്‌ഹൗസ്‌ പറഞ്ഞു:

“കേക്ക്‌ വേണ്ട, ഞങ്ങൾ ഈസ്റ്റർ ആഘോഷിക്കാറില്ല.”

ഈസ്റ്റർ ആഘോഷിക്കാറില്ലെന്നോ? എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ, ഇടപാടുകാർ പറയുന്നതാണ്‌ എല്ലായ്‌പോഴും ശരി എന്നതാണല്ലോ വിൽപ്പനക്കാർ ഓർത്തിരിക്കേണ്ട ആദ്യ ചട്ടം. ഇനിയിപ്പോൾ എന്തുചെയ്യും? ഏതായാലും ഒരു കൈ നോക്കിക്കളയാം എന്നു കരുതി ഞാൻ പറഞ്ഞു: “ഇത്‌ ഒന്നാന്തരം കേക്കാണ്‌ മാഡം. ഞങ്ങളുടെ കമ്പനിയുടെ സാധനങ്ങൾ മാഡത്തിന്‌ ഇഷ്ടമാണെന്ന്‌ എനിക്കറിയാം. ങ്‌ഹും . . . ഈസ്റ്റർ ആഘോഷിക്കില്ലെങ്കിൽ കൂടി ഒരെണ്ണം വാങ്ങി നോക്കിക്കൂടേ?”

“വേണ്ട” അവർ ആവർത്തിച്ചു, “എന്നാൽ മിസ്റ്റർ സ്‌ക്രിബ്‌നർ ഞാൻ താങ്കളോട്‌ ഒരു കാര്യത്തെ കുറിച്ചു സംസാരിക്കണമെന്നു വെച്ച്‌ ഇരിക്കുകയായിരുന്നു. ഇത്‌ അതിനു പറ്റിയ അവസരമാണെന്നു തോന്നുന്നു.” എന്റെ ജീവിതത്തിനു സമ്പൂർണ മാറ്റം വരുത്തിയ ഒരു സംഭാഷണം ആയിരുന്നു അത്‌! ന്യൂ ജേഴ്‌സിയിലെ യഹോവയുടെ സാക്ഷികളുടെ ബർളിൻ സഭയിലെ ഒരു അംഗമായിരുന്ന മിസ്സിസ്‌ സ്റ്റാക്ക്‌ഹൗസ്‌ ഈസ്റ്ററിന്റെ ഉത്ഭവത്തെ കുറിച്ച്‌ വിശദീകരിച്ചു. കൂടാതെ, സുരക്ഷ, മറനീക്കപ്പെട്ടിരിക്കുന്നു, സംരക്ഷണം (ഇംഗ്ലീഷ്‌) എന്നീ മൂന്നു ചെറുപുസ്‌തകങ്ങൾ എനിക്കു തരികയും ചെയ്‌തു. ആ ചെറുപുസ്‌തകങ്ങളുമായി വീട്ടിലേക്കു മടങ്ങവേ ആകാംക്ഷയും കുറച്ചൊരു സന്ദേഹവും തോന്നി എനിക്ക്‌. മിസിസ്സ്‌ സ്റ്റാക്ക്‌ഹൗസ്‌ പറഞ്ഞ കാര്യങ്ങൾ ചില ബാല്യകാല സ്‌മരണകളെ ഉണർത്തി.

ബൈബിൾ വിദ്യാർഥികളുമായുള്ള ആദ്യകാല സമ്പർക്കം

ആയിരത്തിത്തൊള്ളായിരത്തിയേഴ്‌ ജനുവരി 31-നാണ്‌ ഞാൻ ജനിച്ചത്‌. 1915-ൽ, എനിക്ക്‌ എട്ടു വയസ്സുള്ളപ്പോൾ എന്റെ പിതാവ്‌ കാൻസർ ബാധിച്ചു മരിച്ചു. അതേത്തുടർന്ന്‌, അമ്മയും ഞാനും മസാച്ചുസെറ്റ്‌സിലെ മാൽഡനിലുള്ള അമ്മവീട്ടിലേക്കു പോയി. ആ വലിയ വീട്ടിൽ അമ്മയുടെ മാതാപിതാക്കളെ കൂടാതെ, മൂന്നാം നിലയിൽ അമ്മയുടെ സഹോദരനായ ബെഞ്ചമിൻ റാൻസമും ഭാര്യയും താമസിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പിറവിക്കു മുമ്പുതന്നെ ബെൻ അങ്കിൾ അന്താരാഷ്‌ട്ര ബൈബിൾ വിദ്യാർഥികളുമായി (യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌) സഹവസിച്ചുതുടങ്ങിയിരുന്നു. എനിക്ക്‌ അങ്കിളിനെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ മെഥഡിസ്റ്റ്‌ സഭക്കാരായ കുടുംബത്തിലെ മറ്റുള്ളവർ അദ്ദേഹത്തെ ഒരു വിചിത്ര സ്വഭാവക്കാരൻ ആയിട്ടാണു കണ്ടിരുന്നത്‌. വർഷങ്ങൾ കഴിഞ്ഞ്‌, വിവാഹമോചനം നേടുന്നതിനു മുമ്പായി അങ്കിളിന്റെ ഭാര്യ മതപരമായ വിശ്വാസങ്ങളുടെ പേരിൽ അങ്കിളിനെ കുറച്ചു കാലത്തേക്ക്‌ ഒരു മനോരോഗ ആശുപത്രിയിലാക്കുക പോലും ചെയ്‌തു! എന്നാൽ അങ്കിളിന്‌ മാനസികമായി ഒരു കുഴപ്പവുമില്ലെന്ന്‌ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞ ഡോക്ടർമാർ ക്ഷമ ചോദിക്കുകയും അദ്ദേഹത്തെ അവിടെനിന്നു വിട്ടയയ്‌ക്കുകയും ചെയ്‌തു.

ബെൻ അങ്കിൾ ബോസ്റ്റണിലെ അന്താരാഷ്‌ട്ര ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങൾക്ക്‌ ചിലപ്പോഴൊക്കെ എന്നെയും കൊണ്ടുപോകുമായിരുന്നു, വിശേഷിച്ചും സന്ദർശക പ്രസംഗകരോ പ്രത്യേക പരിപാടികളോ ഒക്കെ ഉള്ളപ്പോൾ. ഒരു അവസരത്തിൽ സന്ദർശക പ്രസംഗകനായി വന്നത്‌ അന്നത്തെ പ്രസംഗപ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചിരുന്ന ചാൾസ്‌ ടെയ്‌സ്‌ റസ്സൽ ആയിരുന്നു. “സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിന്റെ പ്രദർശനം ആയിരുന്നു മറ്റൊരു വിശേഷാവസരം. അത്‌ 1915-ൽ ആയിരുന്നെങ്കിലും അബ്രാഹാം യിസ്‌ഹാക്കിനെ യാഗം അർപ്പിക്കാനായി മലമുകളിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന ചിത്രം ഇന്നും എന്റെ മനസ്സിൽ മായാതെ തങ്ങിനിൽപ്പുണ്ട്‌. (ഉല്‌പത്തി 22-ാം അധ്യായം) യഹോവയിൽ പൂർണ ആശ്രയം ഉണ്ടായിരുന്ന അബ്രാഹാമും മകനായ യിസ്‌ഹാക്കും ഒരു കെട്ടു വിറകുമായി മല കയറുന്നത്‌ എനിക്ക്‌ ഇപ്പോഴും വ്യക്തമായി കാണാം. എന്റെ പിതാവ്‌ മരിച്ചു പോയിരുന്നതിനാൽ ആ രംഗം എന്നെ വളരെയധികം സ്‌പർശിച്ചു.

പിന്നെ അങ്കിളും ഭാര്യയും മെയ്‌നിലേക്കു താമസം മാറി. അമ്മയുടെ പുനർവിവാഹത്തെ തുടർന്ന്‌ ഞങ്ങൾ ന്യൂ ജേഴ്‌സിയിലേക്കും പോയി. അതുകൊണ്ട്‌ പിന്നെ കുറെ കാലത്തേക്ക്‌ ബെൻ അങ്കിളുമായി എനിക്ക്‌ വലിയ സമ്പർക്കമൊന്നും ഉണ്ടായിരുന്നില്ല. എന്റെ കൗമാരകാലത്ത്‌ ന്യൂ ജേഴ്‌സിയിൽ വെച്ച്‌ ഞാൻ മാരിയൻ നെഫിനെ പരിചയപ്പെട്ടു. ഒരു പ്രെസ്‌ബിറ്റേറിയൻ കുടുംബത്തിലെ എട്ടു മക്കളിൽ ഒരാളായിരുന്നു അവൾ. ആ കുടുംബവുമായുള്ള സഹവാസം ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു. മിക്ക ഞായറാഴ്‌ച വൈകുന്നേരങ്ങളും ഞാൻ അവരോടും അവരുടെ പള്ളിയിലെ യുവ സംഘത്തോടുമൊപ്പം ചെലവഴിച്ചു. അങ്ങനെ ഒടുവിൽ ഞാനും അവരുടെ പള്ളിയിൽ ചേർന്നു. എന്നിരുന്നാലും ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങളിൽ സംബന്ധിച്ചപ്പോൾ കേട്ട ചില കാര്യങ്ങൾ അപ്പോഴും എന്റെ മനസ്സിൽ തങ്ങിനിന്നു. 1928-ൽ ഞാനും മാരിയനും വിവാഹിതരായി. 1935-ൽ മൂത്ത മകൾ ഡോറിസും 1938-ൽ രണ്ടാമത്തവൾ ലൂയിസും ജനിച്ചു. രണ്ടു കൊച്ചു കുഞ്ഞുങ്ങളുള്ള ഞങ്ങളുടെ കുടുംബത്തിൽ ആത്മീയ മാർഗനിർദേശത്തിന്റെ ആവശ്യമുണ്ടെന്ന്‌ ഞങ്ങൾക്കു രണ്ടുപേർക്കും തോന്നി.

ചെറുപുസ്‌തകങ്ങളിൽ നിന്നും സത്യം മനസ്സിലാക്കുന്നു

മാരിയനും ഞാനും ഞങ്ങൾക്കു ചേരാൻ പറ്റിയ ഒരു സഭ തേടി നടക്കുകയായിരുന്നു. ഓരോ ഞായറാഴ്‌ചയും ഒരാൾ കുട്ടികളെയും നോക്കി വീട്ടിൽ ഇരിക്കുമ്പോൾ മറ്റേയാൾ ഏതെങ്കിലുമൊരു പള്ളി സന്ദർശിക്കാമെന്ന്‌ ഞങ്ങൾ തീരുമാനിച്ചു. ഒരു ഞായറാഴ്‌ച മാരിയനായിരുന്നു ശരിക്കും വീട്ടിൽ ഇരിക്കേണ്ടിയിരുന്നത്‌. എന്നാൽ മിസ്സിസ്‌ സ്റ്റാക്ക്‌ഹൗസ്‌ തന്ന മൂന്നു ചെറുപുസ്‌തകങ്ങളിൽ ഒന്നായ സുരക്ഷ വായിക്കാൻ വേണ്ടി ഞാൻ പകരം ഇരിക്കാമെന്ന്‌ ഏറ്റു. ഒറ്റയിരിപ്പിന്‌ ഞാൻ ആ പുസ്‌തകം വായിച്ചുതീർത്തു! ഒരു സഭയിൽ നിന്നും ലഭിക്കാത്ത ഒന്നാണ്‌ ഞാൻ കണ്ടെത്തിയിരിക്കുന്നത്‌ എന്ന്‌ എനിക്കു കൂടുതൽ കൂടുതൽ ബോധ്യമായി. അടുത്ത ആഴ്‌ചയും അതുതന്നെ ആവർത്തിച്ചു. മറനീക്കപ്പെട്ടിരിക്കുന്നു എന്ന രണ്ടാമത്തെ ചെറുപുസ്‌തകം വായിച്ചുകൊണ്ട്‌ കുട്ടികളോടൊപ്പം ഞാൻ വീട്ടിലിരുന്നു. ഞാൻ വായിച്ച സംഗതികൾ കുറെയൊക്കെ പരിചയമുള്ളതു പോലെ തോന്നി. ഇതായിരുന്നോ ബെൻ അങ്കിൾ വിശ്വസിച്ചിരുന്നത്‌? അദ്ദേഹം ഒരു ഭ്രാന്തൻ മതത്തിന്റെ ഭാഗമാണെന്നാണ്‌ ഞങ്ങളുടെ കുടുംബക്കാരെല്ലാം കരുതിയിരുന്നത്‌. മാരിയൻ എന്തു വിചാരിക്കും? എന്നാൽ ഞാൻ അതിനെ കുറിച്ച്‌ ഓർത്ത്‌ വിഷമിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. മറനീക്കപ്പെട്ടിരിക്കുന്നു വായിച്ച്‌ ഏതാനും ദിവസത്തിനു ശേഷം ഒരു ദിവസം ജോലികഴിഞ്ഞ്‌ വീട്ടിൽ വന്നപ്പോൾ, എന്നെ അതിശയിപ്പിച്ചുകൊണ്ട്‌ മാരിയൻ പറഞ്ഞു: “ആ ചെറുപുസ്‌തകങ്ങൾ ഞാൻ വായിച്ചു. അവയിൽ വളരെ താത്‌പര്യജനകമായ വിവരങ്ങളാണ്‌ അടങ്ങിയിരിക്കുന്നത്‌.” അത്‌ എത്ര വലിയ ആശ്വാസമായിരുന്നു!

ആ ചെറുപുസ്‌തകങ്ങളുടെ പുറംതാളിൽ ആയിടെ പ്രസിദ്ധീകരിച്ച ശത്രുക്കൾ എന്ന പുസ്‌തകത്തെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നു. അത്‌ വ്യാജ മതത്തിന്റെ മുഖംമൂടി തുറന്നു കാട്ടുന്ന ശക്തമായ ഒരു പുസ്‌തകം ആയിരുന്നു. അതു വാങ്ങി വായിക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ തപാൽ വഴി അതിനുള്ള അപേക്ഷ അയയ്‌ക്കുന്നതിനു മുമ്പുതന്നെ ഒരു സാക്ഷി വീട്ടിൽ വന്ന്‌ ആ പുസ്‌തകം ഞങ്ങൾക്കു തന്നു. ഒരു തീരുമാനത്തിലെത്താൻ ആ പുസ്‌തകം ഞങ്ങളെ സഹായിച്ചു. പള്ളിതോറും സന്ദർശിക്കുന്നത്‌ നിറുത്തി ഞങ്ങൾ ന്യൂ ജേഴ്‌സിയിലെ യഹോവയുടെ സാക്ഷികളുടെ കാംഡെൻ സഭയിൽ യോഗങ്ങൾക്കു പോകാൻ തുടങ്ങി. ഏതാനും മാസങ്ങൾക്കു ശേഷം 1938 ജൂലൈ 31 ഞായറാഴ്‌ച, ഞങ്ങൾ ഏകദേശം 50 പേർ സ്റ്റാക്ക്‌ഹൗസ്‌ സഹോദരിയുടെ വീട്ടു മുറ്റത്ത്‌​—⁠ഞാൻ ഈസ്റ്റർ കേക്കുകൾ വിൽക്കാനായി പോയ വീട്‌​—⁠കൂടിവന്ന്‌ ജഡ്‌ജ്‌ റഥർഫോർഡ്‌ നടത്തിയ റെക്കോർഡ്‌ ചെയ്‌ത ഒരു സ്‌നാപന പ്രസംഗം ശ്രദ്ധിച്ചു. പിന്നെ അവരുടെ വീട്ടിൽവെച്ച്‌ വസ്‌ത്രം മാറിയ ശേഷം ഞങ്ങൾ 19 പേർ അടുത്തുള്ള ഒരു ആറ്റിൽ പോയി സ്‌നാപനമേറ്റു.

പയനിയർ ആകാൻ ദൃഢനിശ്ചയം ചെയ്യുന്നു

എന്റെ സ്‌നാപനത്തെ തുടർന്ന്‌ ഞങ്ങളുടെ സഭയിലെ ഒരു സഹോദരി, പരസ്യ ശുശ്രൂഷയെ തങ്ങളുടെ ജീവിതത്തിലെ മുഖ്യ പ്രവർത്തനമാക്കുന്ന പയനിയർമാർ എന്നറിയപ്പെടുന്ന വ്യക്തികളെ കുറിച്ച്‌ എന്നോടു പറഞ്ഞു. ഉടനെ എനിക്ക്‌ അവരെക്കുറിച്ചു കൂടുതൽ അറിയാൻ ആകാംക്ഷ ആയി. അധികം താമസിയാതെ, ഞാൻ ഒരു പയനിയർ കുടുംബത്തെ പരിചയപ്പെട്ടു. കോണിഗ്‌ എന്നു പേരുള്ള പ്രായമുള്ള സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും പ്രായപൂർത്തിയായ മകളും ഒരു സമീപ സഭയിൽ പയനിയർമാരായി സേവിക്കുകയായിരുന്നു. ഒരു യുവ കുടുംബനാഥനെന്ന നിലയിൽ, ശുശ്രൂഷയിൽ കോണിഗ്‌ കുടുംബത്തിനു ലഭിച്ചിരുന്ന ആഴമായ സന്തോഷം എന്നെ വളരെയധികം സ്‌പർശിച്ചു. പലപ്പോഴും ഞാൻ എന്റെ ബേക്കറി ട്രക്ക്‌ അടുത്തെവിടെയെങ്കിലും പാർക്ക്‌ ചെയ്‌തിട്ട്‌ അവരോടൊപ്പം വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുമായിരുന്നു. പെട്ടെന്നുതന്നെ എനിക്കു പയനിയറിങ്‌ ചെയ്യാനുള്ള ആഗ്രഹം ഉണ്ടായി. എന്നാൽ അതെങ്ങനെ സാധിക്കുമായിരുന്നു? ഞങ്ങൾക്ക്‌ രണ്ടു കൊച്ചു കുട്ടികളുണ്ടായിരുന്നു. അതുപോലെ എന്റെ സമയത്തിൽ വലിയൊരു ഭാഗം എന്റെ ജോലിക്കു വേണ്ടി പോകുമായിരുന്നു. പ്രത്യേകിച്ചും യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ഐക്യനാടുകളിൽ കൂടുതൽ കൂടുതൽ യുവാക്കൾ സൈന്യത്തിൽ ചേരാൻ തുടങ്ങുകയും മറ്റു ജോലികളിൽ ശേഷിച്ചിരുന്നവരുടെ ജോലി ഭാരം വർധിക്കുകയും ചെയ്‌തു. കൂടുതൽ വിൽപ്പന റൂട്ടുകൾ ഏറ്റെടുക്കാനുള്ള സമ്മർദം എന്റെ മേൽ ഉണ്ടായിരുന്നു. ആ അവസ്ഥയിൽ പയനിയറിങ്‌ ചെയ്യുക അസാധ്യമാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.

പയനിയറിങ്‌ ചെയ്യാനുള്ള എന്റെ ആഗ്രഹത്തെ കുറിച്ച്‌ കോണിഗ്‌ സഹോദരനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “യഹോവയുടെ സേവനത്തിൽ കഠിനാധ്വാനം ചെയ്യുന്നതിൽ തുടരുകയും താങ്കളുടെ ലക്ഷ്യം പ്രാർഥനയിൽ അവനെ അറിയിക്കുകയും ചെയ്യുക. അതിൽ എത്താൻ അവൻ തീർച്ചയായും സഹായിക്കും.” ഒരു വർഷത്തിൽ കൂടുതൽ ഞാൻ അതുതന്നെ ചെയ്‌തു. നമുക്ക്‌ ആവശ്യമുള്ളത്‌ എന്താണെന്ന്‌ യഹോവയോടു യാചിക്കുന്നതിനു മുമ്പുതന്നെ അവനറിയാം എന്ന ഉറപ്പു നൽകുന്ന മത്തായി 6:8 പോലുള്ള വാക്യങ്ങളെ കുറിച്ച്‌ ഞാൻ പലപ്പോഴും ധ്യാനിക്കുമായിരുന്നു. അതുപോലെ ഒന്നാമതു ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ എന്ന മത്തായി 6:​33-ലെ ബുദ്ധിയുപദേശം ബാധകമാക്കുന്നതിൽ തുടരാനും ഞാൻ ശ്രമിച്ചു. മേഖലാ ദാസനായിരുന്ന (ഇപ്പോൾ സർക്കിട്ട്‌ മേൽവിചാരകൻ എന്നറിയപ്പെടുന്നു) മെൽവിൻ വിൻചെസ്റ്റർ സഹോദരനും എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു.

ഞാൻ എന്റെ ലക്ഷ്യങ്ങളെ കുറിച്ചു മാരിയനുമായി സംസാരിച്ചു. യഹോവയെ പരീക്ഷിച്ച്‌, അവൻ നമ്മുടെമേൽ അനുഗ്രഹം ചൊരിയുമോ ഇല്ലയോ എന്ന്‌ കാണാൻ ആഹ്വാനം ചെയ്യുന്ന മലാഖി 3:​10 ഞങ്ങൾ ചർച്ച ചെയ്‌തു. അവളുടെ പ്രതികരണം വളരെ പ്രോത്സാഹനം നൽകുന്നതായിരുന്നു: “പയനിയറിങ്‌ ചെയ്യണമെന്ന്‌ ആഗ്രഹമുണ്ടെങ്കിൽ ചെയ്‌തോളൂ. എന്നെക്കുറിച്ച്‌ ഓർത്ത്‌ അതു ചെയ്യാതിരിക്കരുത്‌. കുട്ടികളുടെ കാര്യം ഞാൻ നോക്കിക്കോളാം. നമുക്ക്‌ ഏതായാലും അധികം ഭൗതിക സമ്പത്തിന്റെയൊന്നും ആവശ്യമില്ലല്ലോ.” അതുവരെയുള്ള 12 വർഷത്തെ വിവാഹജീവിതത്തിൽനിന്ന്‌ മാരിയൻ വളരെ ശ്രദ്ധിച്ചു മാത്രം ചെലവുകൾ നടത്തുന്ന ഒരു വീട്ടമ്മയാണെന്ന്‌ ഞാൻ മനസ്സിലാക്കിയിരുന്നു. ഈ വർഷങ്ങളിൽ എല്ലാം അവൾ ഒരു ഉത്തമ പയനിയർ പങ്കാളി ആയിരുന്നിട്ടുണ്ട്‌. 60 വർഷത്തോളം മുഴുസമയ ശുശ്രൂഷയിൽ വിജയകരമായി തുടരാൻ ഞങ്ങൾക്കു സാധിച്ചിരിക്കുന്നതിന്റെ രഹസ്യങ്ങളിൽ ഒന്ന്‌ അൽപ്പം കൊണ്ട്‌ തൃപ്‌തിപ്പെടാനും ഉള്ളതുകൊണ്ട്‌ സമൃദ്ധിയിലെന്നപോലെ കഴിയാനുമുള്ള മാരിയന്റെ കഴിവാണ്‌.

പല മാസങ്ങളിലെ പ്രാർഥനാപൂർവകമായ ആസൂത്രണത്തിന്റെ ഫലമായി 1941-ലെ വേനൽക്കാലമായപ്പോഴേക്കും ഞങ്ങൾക്കു കുറച്ചു പണം സ്വരുക്കൂട്ടാൻ സാധിച്ചു. ആ പണംകൊണ്ട്‌ ഞങ്ങൾ താമസിക്കാനും യാത്ര ചെയ്യാനും സാധിക്കുന്ന 5.5 മീറ്റർ നീളമുള്ള ഒരു ട്രെയിലർ വാങ്ങിച്ചു. 1941 ജൂലൈയിൽ ഞാൻ എന്റെ ജോലി നിറുത്തി, സാധാരണ പയനിയർ സേവനം ആരംഭിച്ചു. അന്നു മുതൽ ഇന്നോളം ഞാൻ മുഴുസമയ ശുശ്രൂഷയിൽ തുടർന്നിരിക്കുന്നു. ആഗസ്റ്റ്‌ ആദ്യം ഞങ്ങളുടെ കൺവെൻഷൻ നടക്കാനിരുന്ന മിസൗറിയിലെ സെന്റ്‌ ലൂയിസിനും ന്യൂജേഴ്‌സിക്കും ഇടയിലെ റൂട്ട്‌ 50-ൽ ഉള്ള പത്ത്‌ സ്റ്റോപ്പുകൾ ആയിരുന്നു എന്റെ ആദ്യ നിയമനം. ആ റൂട്ടിൽ താമസിക്കുന്ന സഹോദരങ്ങളുടെ പേരും മേൽവിലാസവും ഒക്കെ എനിക്കു കിട്ടി. ഓരോ സ്ഥലത്തെയും സഹോദരങ്ങൾക്ക്‌ എന്നെ എപ്പോൾ പ്രതീക്ഷിക്കണമെന്ന്‌ അറിയിച്ചുകൊണ്ടുള്ള കത്തുകൾ ഞാൻ അയച്ചു. കൺവെൻഷൻ സ്ഥലത്ത്‌ എത്തിക്കഴിയുമ്പോൾ ഞാൻ പയനിയർ ഡിപ്പാർട്ടുമെന്റിൽ പോയി അടുത്ത നിയമനം വാങ്ങേണ്ടിയിരുന്നു.

‘ഞാൻ യഹോവയെ പരീക്ഷിക്കാൻ പോകുകയാണ്‌’

ഞങ്ങളുടെ കൊച്ച്‌ ട്രെയിലറിൽ സാഹിത്യങ്ങളും നിറച്ച്‌ ഞങ്ങൾ കാംഡെനിലെ ഞങ്ങളുടെ അവസാന യോഗത്തിനു പോയി സഹോദരങ്ങളോടു യാത്ര പറഞ്ഞു. കൺവെൻഷനു ശേഷം എങ്ങോട്ടുപോകും എന്നതിനെ കുറിച്ച്‌ യാതൊരു പിടിപാടുമില്ലാതെ, രണ്ട്‌ കൊച്ചു കുട്ടികളുമായി പുറപ്പെടുകയായിരുന്ന ഞങ്ങളുടെ പരിപാടികൾ ചില സഹോദരങ്ങൾക്കു വളരെ അപ്രായോഗികമെന്നു തോന്നിയിരിക്കാം. പലരും ഞങ്ങളോടു പറഞ്ഞു: “അധികം കഴിയുന്നതിനു മുമ്പ്‌ നിങ്ങൾ തിരിച്ചെത്തും.” അവരോടെല്ലാം ഇങ്ങനെ പറഞ്ഞതായി ഞാൻ ഓർക്കുന്നു: “കൊള്ളാം, തിരിച്ചുവരില്ല എന്നൊന്നും ഞാൻ പറയുന്നില്ല. എന്നെ പരിപാലിക്കുമെന്നാണ്‌ യഹോവ പറഞ്ഞിരിക്കുന്നത്‌, ഞാൻ അവനെ പരീക്ഷിക്കാൻ പോകുകയാണ്‌.”

മസാച്ചുസെറ്റ്‌സ്‌ മുതൽ മിസ്സിസ്സിപ്പി വരെയുള്ള 20 പട്ടണങ്ങളിലെ ആറു ദശാബ്ദകാലത്തെ പയനിയറിങ്ങിനു ശേഷം യഹോവ തന്റെ വാഗ്‌ദാനം നിശ്ചയമായും പാലിച്ചിരിക്കുന്നു എന്ന്‌ ഞങ്ങൾക്കു പറയാനാകും. 1941-ൽ എനിക്കു സ്വപ്‌നം കാണാൻ പോലും കഴിയുകയിലാഞ്ഞ വിധത്തിലാണ്‌ അവൻ തന്റെ അനുഗ്രഹം മാരിയന്റെയും എന്റെയും ഞങ്ങളുടെ പുത്രിമാരുടെയും മേൽ ചൊരിഞ്ഞിരിക്കുന്നത്‌. സമീപ സഭകളിൽ ഞങ്ങളുടെ മക്കൾ വിശ്വസ്‌ത പയനിയർമാരായി സേവിക്കുന്നതും ഐക്യനാടുകളുടെ കിഴക്കൻ തീരപ്രദേശത്തുടനീളം നൂറോളം (അവസാനത്തെ കണക്കു പ്രകാരം) ആത്മീയ പുത്രന്മാരും പുത്രിമാരും ഉണ്ടായിരിക്കുന്നതും ആ അനുഗ്രഹങ്ങളിൽ പെടും. യഹോവയാം ദൈവത്തിനു തങ്ങളുടെ ജീവിതം സമർപ്പിക്കുന്ന പടിയോളം പുരോഗമിക്കാൻ ഞാൻ 52 പേരെയും മാരിയൻ 48 പേരെയും സഹായിച്ചിട്ടുണ്ട്‌.

ഞങ്ങൾ, 1941 ആഗസ്റ്റിൽ സെന്റ്‌ ലൂയിസിൽ എത്തി. ബെഥേലിൽനിന്നുള്ള ടി. ജെ. സളിവൻ സഹോദരൻ അവിടെ വന്നിരുന്നു. അദ്ദേഹത്തിന്റെ കൈവശം എന്നെ ശുശ്രൂഷകനായി നിയമിച്ചുകൊണ്ടുള്ള കത്ത്‌ ഉണ്ടായിരുന്നു. യുദ്ധഭീഷണിയും നിർബന്ധിത സൈനിക സേവനത്തിലേക്കുള്ള റിക്രൂട്ടിങ്ങും നിലവിൽ ഉണ്ടായിരുന്നതിനാൽ എനിക്ക്‌ ആ കത്ത്‌ ആവശ്യമായിരുന്നു. എന്റെ ഭാര്യ എന്റെയത്രയും തന്നെ സമയം ശുശ്രൂഷയിൽ ചെലവഴിക്കുന്നുണ്ടെന്നും അവളും പയനിയറിങ്‌ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ഞാൻ സളിവൻ സഹോദരനോടു പറഞ്ഞു. കൺവെൻഷന്റെ പയനിയർ ഡിപ്പാർട്ടുമെന്റ്‌ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ലായിരുന്നെങ്കിലും സളിവൻ സഹോദരൻ അപ്പോൾത്തന്നെ മാരിയന്റെ പേര്‌ പയനിയർമാരുടെ പട്ടികയിൽ ചേർക്കുകയും കൺവെൻഷനു ശേഷം ഞങ്ങൾ എവിടെയാണ്‌ പയനിയറിങ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നു ചോദിക്കുകയും ചെയ്‌തു. അതിനെ കുറിച്ച്‌ ഞങ്ങൾക്ക്‌ ഒരു നിശ്ചയവും ഇല്ലായിരുന്നു. അദ്ദേഹം പറഞ്ഞു: “വിഷമിക്കേണ്ട, പയനിയർമാരെ ആവശ്യമുള്ള ഒരു പ്രദേശത്തുനിന്ന്‌ എത്തിയിരിക്കുന്ന ആരെയെങ്കിലും കൺവെൻഷൻ സമയത്ത്‌ നിങ്ങൾ കണ്ടുമുട്ടും. എല്ലാം ശരിയാകും. നിങ്ങൾ എവിടെയാണെന്ന്‌ ഞങ്ങളെ ഒന്ന്‌ എഴുതി അറിയിച്ചാൽ മതി. അവിടെ നിങ്ങളെ നിയമിക്കാം.” അതുതന്നെയാണു സംഭവിച്ചത്‌. ഒരു മുൻ മേഖലാ ദാസനായിരുന്ന ജാക്ക്‌ ഡെവിറ്റ്‌ സഹോദരന്‌ വെർജിനീയയിലെ ന്യൂ മാർക്കറ്റിലുള്ള ചിലരെ അറിയാമായിരുന്നു. അവർക്ക്‌ അവിടെ ഒരു പയനിയർ ഭവനം ഉണ്ടായിരുന്നു. അവിടേക്ക്‌ കുറച്ചു പയനിയർമാരെക്കൂടി അവർ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട്‌ കൺവെൻഷനു ശേഷം ഞങ്ങൾ ന്യൂ മാർക്കറ്റിലേക്കു തിരിച്ചു.

ന്യൂ മാർക്കറ്റിൽ വളരെ അപ്രതീക്ഷിതമായ ഒരു സന്തോഷാനുഭവം ഉണ്ടായി. പയനിയർ ശുശ്രൂഷയിൽ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഫിലദെൽഫിയയിൽനിന്ന്‌ എത്തിയത്‌ ആരായിരുന്നെന്നോ? ബെഞ്ചമിൻ റാൻസം, സാക്ഷാൽ ബെൻ അങ്കിൾതന്നെ! ബോസ്റ്റണിൽ വെച്ച്‌ അദ്ദേഹം എന്റെ ഹൃദയത്തിൽ സത്യത്തിന്റെ വിത്തുകൾ പാകി. 25 വർഷങ്ങൾക്കു ശേഷം ഇപ്പോൾ അദ്ദേഹത്തോടൊപ്പം വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കുക എന്നത്‌ എത്ര വലിയ സന്തോഷമായിരുന്നു! കുടുംബത്തിൽനിന്നുള്ള പീഡനം, നിസ്സംഗത, പരിഹാസം ഇവയൊക്കെ വർഷങ്ങളോളം സഹിക്കേണ്ടി വന്നെങ്കിലും യഹോവയോടും അവന്റെ ശുശ്രൂഷയോടുമുള്ള അങ്കിളിന്റെ സ്‌നേഹം ഒരിക്കലും നഷ്ടപ്പെട്ടിരുന്നില്ല.

ന്യൂ മാർക്കറ്റിലെ പയനിയർ ഭവനത്തിൽ സന്തോഷകരമായ എട്ടു മാസം ഞങ്ങൾ ചെലവഴിച്ചു. ആ കാലത്ത്‌ ഞങ്ങൾ പല കാര്യങ്ങളും പഠിച്ചു, സാഹിത്യങ്ങൾക്കു പകരമായി കോഴിയും മുട്ടയും മറ്റും വാങ്ങുന്ന രീതി ഉൾപ്പെടെ. പിന്നെ, ബെൻ അങ്കിളിനെയും എന്നെയും മാരിയനെയും മറ്റു മൂന്നു പേരെയും പെൻസിൽവേനിയയിലെ ഹാനോവറിൽ പ്രത്യേക പയനിയർമാരായി നിയമിച്ചു. 1942 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ ഞങ്ങൾക്കു പെൻസിൽവേനിയയിൽ ലഭിക്കാനിരുന്ന ആറ്‌ നിയമനങ്ങളിൽ ആദ്യത്തേത്‌ ആയിരുന്നു അത്‌.

രണ്ടാം ലോകമഹായുദ്ധ കാലത്തെ പ്രത്യേക പയനിയർ സേവനം

രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ നിഷ്‌പക്ഷ നിലപാടു സ്വീകരിച്ചതു നിമിത്തം ഞങ്ങൾക്കു പലപ്പോഴും എതിർപ്പു നേരിടേണ്ടി വന്നു. എന്നാൽ അപ്പോഴെല്ലാം യഹോവ ഞങ്ങളെ പിന്താങ്ങി. ഒരിക്കൽ മസാച്ചുസെറ്റ്‌സിലെ പ്രോവിൻസ്‌ടൗണിൽവെച്ച്‌ ഞാൻ ഓടിച്ചിരുന്ന എന്റെ പഴയ ബ്യൂയിക്ക്‌ നിന്നുപോയി. ഒരു മടക്കസന്ദർശനം നടത്താനായി എനിക്ക്‌ ശത്രുത നിറഞ്ഞ ഒരു കത്തോലിക്കാ പ്രദേശത്തുകൂടെ ഏതാനും കിലോമീറ്റർ നടക്കേണ്ടി വന്നു. ഞാൻ ഒരു യുവ റൗഡി സംഘത്തെ കടന്നു പോയപ്പോൾ അവർ എന്നെ തിരിച്ചറിയുകയും ബഹളം കൂട്ടുകയും ചെയ്‌തു. ധൃതിയിൽ നടക്കവേ ദേഹത്തു തൊട്ടുതൊട്ടില്ലാ എന്ന പോലെ എന്റെ നേരെ കല്ലുകൾ പാഞ്ഞു വരുന്നുണ്ടായിരുന്നു. അവർ എന്റെ പുറകേ വരല്ലേ എന്ന്‌ ആശിച്ചുകൊണ്ട്‌ ഞാൻ നടന്നു. കുഴപ്പമൊന്നും സംഭവിക്കാതെ താത്‌പര്യക്കാരന്റെ വീട്ടിൽ എത്തിച്ചേരാൻ എനിക്കു കഴിഞ്ഞു. എന്നാൽ അമേരിക്കൻ ലീജിയണിന്റെ ഒരു ആദരണീയ അംഗമായ അദ്ദേഹം ക്ഷമചോദിച്ചു കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ഇന്നു രാത്രി നമുക്ക്‌ ചർച്ച നടത്താൻ കഴിയില്ല. ഞങ്ങൾ സിനിമ കാണാൻ പട്ടണത്തിൽ പോകുകയാണ്‌. അക്കാര്യം താങ്കളെ അറിയിക്കാൻ ഞാൻ മറന്നുപോയി.” ഞാൻ വരുന്നതും കാത്ത്‌ വഴിയിൽ നിൽക്കുന്ന ആ റൗഡികളുടെ കാര്യം ഓർത്തപ്പോൾ എനിക്കു ഭയമായി. എന്നാൽ അദ്ദേഹം പറഞ്ഞു: “താങ്കൾക്കും ഞങ്ങളോടൊപ്പം നടന്നുകൂടേ? അങ്ങനെയാകുമ്പോൾ വഴിയിൽവെച്ചു നമുക്കു സംസാരിക്കാമല്ലോ.” എനിക്കു സമാധാനമായി. അങ്ങനെ അദ്ദേഹത്തിന്‌ സാക്ഷ്യം കൊടുക്കാനും അപകട മേഖല സുരക്ഷിതമായി കടക്കാനും എനിക്കു സാധിച്ചു.

കുടുംബ ഉത്തരവാദിത്വങ്ങളും ശുശ്രൂഷയും ഒരുമിച്ചു കൊണ്ടുപോകൽ

യുദ്ധശേഷം ഞങ്ങൾക്ക്‌ വെർജിനീയയിൽ പല ഇടങ്ങളിലും നിയമനം ലഭിച്ചു. അക്കാലത്ത്‌ ഷാർലെറ്റ്‌സ്‌വില്ലിൽ പ്രത്യേക പയനിയറിങ്ങും സാധാരണ പയനിയറിങ്ങും ചെയ്‌തുകൊണ്ട്‌ ഞങ്ങൾ എട്ടു വർഷം താമസിച്ചു. 1956 ആയപ്പോഴേക്കും കുട്ടികളുടെ വിവാഹമൊക്കെ കഴിഞ്ഞിരുന്നു. അപ്പോൾ മാരിയനും ഞാനും വീണ്ടും മറ്റു സ്ഥലങ്ങളിൽ പോയി സേവിക്കാൻ തുടങ്ങി. ഹാരിസൺബർഗിലും വെർജിനീയയിലും സാധാരണ പയനിയർമാരായും ലിങ്കൺടണിലും നോർത്ത്‌ കരോലിനയിലും പ്രത്യേക പയനിയർമാരായും ഞങ്ങൾ സേവിച്ചു.

ആയിരത്തിത്തൊള്ളായിരത്തറുപത്താറിൽ എന്നെ സർക്കിട്ട്‌ വേലയ്‌ക്കായി നിയമിച്ചു. 30-കളിൽ ന്യൂജേഴ്‌സിയിൽ വെച്ച്‌ വിൻചെസ്റ്റർ സഹോദരൻ എന്നെ പ്രോത്സാഹിപ്പിച്ചതു പോലെ സഭകൾ സന്ദർശിച്ച്‌ ഞാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. രണ്ടു വർഷം ടെനെസിയിലുള്ള ഒരു സർക്കിട്ടിലെ സഭകൾ ഞാൻ സന്ദർശിച്ചു. തുടർന്ന്‌ മാരിയനും എനിക്കും ഞങ്ങൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന വേലയായ പ്രത്യേക പയനിയറിങ്‌ ചെയ്യാനുള്ള നിയമനം വീണ്ടും ലഭിച്ചു. 1968 മുതൽ 1977 വരെ തെക്കേ അമേരിക്കയിൽ ജോർജിയയ്‌ക്കും മിസ്സിസ്സിപ്പിക്കും ഇടയ്‌ക്കുള്ള പല സ്ഥലങ്ങളിലും ഞങ്ങൾ പ്രത്യേക പയനിയർമാരായി സേവിച്ചു.

ജോർജിയയിലെ ഈസ്റ്റ്‌മൻ സഭയിൽ പവൽ കിർക്‌ലൻഡ്‌ എന്ന പ്രായമായ സഹോദരനു പകരമായി എന്നെ സഭാ മേൽവിചാരകനായി (ഇപ്പോഴത്തെ അധ്യക്ഷ മേൽവിചാരകൻ) നിയമിച്ചു. അനേകം വർഷം സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചിരുന്ന പ്രിയപ്പെട്ട ആ സഹോദരന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം വളരെ വിലമതിപ്പും പിന്തുണയും പ്രകടിപ്പിച്ചു. പ്രമുഖർ ഉൾപ്പെടെ സഭയിലെ ചിലർക്ക്‌ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ പിന്തുണ വളരെ പ്രധാനമായിരുന്നു. പ്രശ്‌നം വളരെ ഗുരുതരമായി. ഞാൻ യഹോവയോടുള്ള പ്രാർഥനയിൽ വളരെയധികം സമയം ചെലവഴിച്ചു. സദൃശവാക്യങ്ങൾ 3:​5, 6 പോലുള്ള വാക്യങ്ങളെ കുറിച്ചു ഞാൻ ചിന്തിച്ചു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” എപ്പോഴും ആശയവിനിമയത്തിന്റെ വാതിലുകൾ തുറന്നിടാൻ കഴിവതും പരിശ്രമിച്ചു കൊണ്ട്‌ സഭയെ ഏകീകരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അത്‌ എല്ലാവരുടെയും നന്മയിൽ കലാശിച്ചു.

ആയിരത്തിത്തൊള്ളായിരത്തെഴുപത്തേഴ്‌ ആയപ്പോഴേക്കും പ്രായത്തിന്റേതായ പ്രശ്‌നങ്ങൾ ഞങ്ങളിൽ തലപൊക്കാൻ തുടങ്ങി. ഞങ്ങളെ വീണ്ടും, മക്കൾ രണ്ടു പേരും കുടുംബസമേതം താമസിച്ചിരുന്ന ഷാർലെറ്റ്‌സ്‌വിൽ പ്രദേശത്തേക്കു നിയമിച്ചു. കഴിഞ്ഞ 23 വർഷമായി ഞങ്ങൾ സന്തോഷത്തോടെ ഈ പ്രദേശത്തു സേവിക്കുകയാണ്‌. വെർജിനീയയിലെ റക്കർസ്‌വിൽ സഭ സ്ഥാപിക്കുന്നതിൽ പങ്കുണ്ടായിരിക്കാനും ഞങ്ങളുടെ ആദ്യകാല ബൈബിൾ വിദ്യാർഥികളുടെ മക്കളും കൊച്ചുമക്കളുമൊക്കെ വളർന്ന്‌ സഭാ മൂപ്പന്മാരും പയനിയർമാരും ബെഥേൽ അംഗങ്ങളുമൊക്കെ ആയിത്തീരുന്നതു കാണാനും ഞങ്ങൾക്കു കഴിഞ്ഞിരിക്കുന്നു. മാരിയനും എനിക്കും ഇപ്പോഴും വയൽസേവനത്തിൽ നല്ല പങ്കുണ്ടായിരിക്കാൻ സാധിക്കുന്നുണ്ട്‌. ഷാർലെറ്റ്‌സ്‌വില്ലിലെ ഈസ്റ്റ്‌ സഭയിൽ മൂപ്പൻ എന്ന നിലയിൽ സജീവമായി പ്രവർത്തിക്കാനുള്ള പദവി എനിക്കുണ്ട്‌. കൂടാതെ, ഒരു പുസ്‌തകാധ്യയനം നിർവഹിക്കാനും പരസ്യപ്രസംഗങ്ങൾ നടത്താനും എനിക്കു സാധിക്കുന്നുണ്ട്‌.

കഴിഞ്ഞുപോയ വർഷങ്ങളിൽ എല്ലാവരെയും പോലെതന്നെ ഞങ്ങൾക്കും പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്‌. ഉദാഹരണത്തിന്‌, സഹായിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട്‌ ഡോറിസ്‌ തന്റെ കൗമാരത്തിന്റെ അവസാന നാളുകളിൽ ആത്മീയമായി തണുത്തുപോകുകയും സാക്ഷിയല്ലാത്ത ഒരാളെ വിവാഹം കഴിക്കുകയും ചെയ്‌തു. എന്നാൽ അവൾ ഒരിക്കലും യഹോവയെ പൂർണമായി മറന്നു കളഞ്ഞില്ല. അവളുടെ മകൻ ബിൽ ന്യൂയോർക്കിലെ വാൾക്കിൽ ബെഥേലിൽ കഴിഞ്ഞ 15 വർഷമായി സേവിക്കുന്നു. ഡോറിസും ലൂയിസും ഇപ്പോൾ വിധവമാരാണ്‌. എന്നിരുന്നാലും അവർ അടുത്തുതന്നെയുള്ള പ്രദേശത്ത്‌ സാധാരണ പയനിയർമാരായി സന്തോഷപൂർവം സേവിക്കുന്നു.

വർഷങ്ങളിലൂടെ പഠിച്ച പാഠങ്ങൾ

യഹോവയെ സേവിക്കുന്നതിൽ വിജയിക്കാൻ ആവശ്യമായ ലളിതമായ ഏതാനും കാര്യങ്ങൾ ബാധകമാക്കാൻ ഞാൻ പഠിച്ചിരിക്കുന്നു: ലളിതമായ ഒരു ജീവിതം നയിക്കുക. സ്വകാര്യ ജീവിതം ഉൾപ്പെടെയുള്ള ജീവിതത്തിന്റെ എല്ലാ തുറകളിലും നല്ല മാതൃക ആയിരിക്കുക. “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ മാർഗനിർദേശങ്ങൾ എല്ലാ കാര്യങ്ങളിലും ബാധകമാക്കുക.​—⁠മത്തായി 24:​45, NW.

കുട്ടികളെ വളർത്തുന്ന ഉത്തരവാദിത്വത്തോടൊപ്പം പയനിയറിങ്ങും വിജയകരമായി നടത്തുന്നതിന്‌ ആവശ്യമായ കാര്യങ്ങളുടെ ഒരു ചെറിയ, എന്നാൽ വളരെ ഫലപ്രദമായ ലിസ്റ്റ്‌ മാരിയൻ തയ്യാറാക്കിയിട്ടുണ്ട്‌: പ്രായോഗികമായ ഒരു പട്ടിക തയ്യാറാക്കി അതു പിൻപറ്റുക. പയനിയർ ശുശ്രൂഷയെ നിങ്ങളുടെ ജീവിതവൃത്തിയാക്കുക. ആരോഗ്യകരമായ ഒരു ഭക്ഷണക്രമം ഉണ്ടായിരിക്കുക. നല്ല വിശ്രമം എടുക്കുക. അമിതമായ വിനോദം ഒഴിവാക്കുക. ശുശ്രൂഷയുടെ എല്ലാ വശങ്ങളും ഉൾപ്പെടെ സത്യത്തെ നിങ്ങളുടെ കുട്ടികളുടെ ജീവിതത്തിലെ സന്തോഷകരമായ ഒരു അനുഭവമാക്കിത്തീർക്കുക. എല്ലാ സമയങ്ങളിലും ശുശ്രൂഷ അവർക്ക്‌ രസകരമാക്കിത്തീർക്കാൻ ശ്രദ്ധിക്കുക.

ഞങ്ങൾക്കിരുവർക്കും ഇപ്പോൾ 90 വയസ്സു കഴിഞ്ഞിരിക്കുന്നു. സ്റ്റാക്ക്‌ഹൗസ്‌ ഭവനത്തിൽ വെച്ച്‌ ഞങ്ങൾ ഞങ്ങളുടെ സ്‌നാപന പ്രസംഗം കേട്ടിട്ട്‌ ഇപ്പോൾ അറുപത്തിരണ്ട്‌ വർഷം പിന്നിട്ടിരിക്കുന്നു. 60 വർഷം ഞങ്ങൾ മുഴുസമയ ശുശ്രൂഷയിൽ ചെലവഴിച്ചു. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ പൂർണമായും തൃപ്‌തരാണെന്ന്‌ എനിക്കും മാരിയനും സത്യസന്ധമായി പറയാൻ കഴിയും. ഒരു യുവ പിതാവായിരുന്നപ്പോൾ ആത്മീയ ലക്ഷ്യങ്ങളെ ഒന്നാമതു വെച്ചുകൊണ്ട്‌ അവ എത്തിപ്പിടിക്കുന്നതിനായി പരിശ്രമിക്കാൻ എനിക്കു കിട്ടിയ പ്രോത്സാഹനത്തിന്‌ ഞാൻ അതീവ നന്ദിയുള്ളവനാണ്‌. ഈ വർഷങ്ങളിലെല്ലാം എന്റെ പ്രിയപ്പെട്ട ഭാര്യ മാരിയനും രണ്ടു മക്കളും എനിക്കു നൽകിയിട്ടുള്ള പിന്തുണയ്‌ക്ക്‌ എനിക്ക്‌ വളരെയധികം നന്ദിയുണ്ട്‌. ഞങ്ങൾക്ക്‌ ഭൗതിക സമ്പത്തൊന്നും ഇല്ലെങ്കിലും സഭാപ്രസംഗി 2:​25 (NW) എന്റെ കാര്യത്തിൽ സത്യമാണെന്ന്‌ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്‌: “എന്നെക്കാൾ മെച്ചമായി ആരാണു തിന്നുകുടിക്കുന്നത്‌?”

സത്യമായും ഞങ്ങളുടെ കാര്യത്തിൽ യഹോവ മലാഖി 3:​10-ലെ തന്റെ വാഗ്‌ദാനം വളരെ വലിയ അളവിൽ നിവർത്തിച്ചിരിക്കുന്നു. തീർച്ചയായും അവൻ ‘സ്ഥലം പോരാതെവരുവോളം ഞങ്ങളുടെമേൽ അനുഗ്രഹം പകർന്നിരിക്കുന്നു!’

[29-ാം പേജിലെ ചതുരം/ചിത്രം]

യുദ്ധവർഷങ്ങളെ കുറിച്ചുള്ള സ്‌മരണകൾ

യുദ്ധം കഴിഞ്ഞിട്ട്‌ ഏകദേശം 60 വർഷം ആയെങ്കിലും മുഴു കുടുംബത്തിനും ആ കാലത്തെ കുറിച്ച്‌ വളരെ വ്യക്തമായ ഓർമകൾ ഉണ്ട്‌.

“പെൻസിൽവേനിയയിൽ ചിലപ്പോൾ അതികഠിനമായ തണുപ്പ്‌ അനുഭവപ്പെട്ടിരുന്നു. ഒരു രാത്രി താപനില -35 ഡിഗ്രി സെൽഷ്യസ്‌ വരെയായി” എന്നു ഡോറിസ്‌ പറയുന്നു. ലൂയിസ്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു, “ഞങ്ങളുടെ പഴയ ബ്യൂയിക്കിന്റെ പിൻസീറ്റിൽ ഇരിക്കുമ്പോൾ കാലു തണുക്കാതിരിക്കുന്നതിനു വേണ്ടി ഞാൻ ഡോറിസിന്റെ കാലിലും ഡോറിസ്‌ എന്റെ കാലിലും കയറി ഇരിക്കുമായിരുന്നു.”

“പക്ഷേ ഞങ്ങൾക്ക്‌ ഒരിക്കൽപ്പോലും ദരിദ്രരാണെന്നോ എന്തൊക്കെയോ നഷ്ടപ്പെടുന്നുവെന്നോ ഉള്ള തോന്നൽ ഉണ്ടായിട്ടില്ല,” ഡോറിസ്‌ പറയുന്നു. “മിക്ക ആളുകളെയും അപേക്ഷിച്ച്‌ കൂടുതൽ പ്രാവശ്യം ഞങ്ങൾക്കു താമസം മാറേണ്ടി വരുന്നുണ്ട്‌ എന്ന്‌ ഞങ്ങൾക്ക്‌ അറിയാമായിരുന്നു. എന്നാൽ ഞങ്ങൾക്ക്‌ എപ്പോഴും സുഭിക്ഷമായ ആഹാരവും വളരെ നല്ല വസ്‌ത്രങ്ങളും ഉണ്ടായിരുന്നു. ഒഹായോയിലെ ചില സുഹൃത്തുക്കൾ അൽപ്പം കൂടെ പ്രായമുള്ള അവരുടെ പെൺകുട്ടികളുടെ വസ്‌ത്രങ്ങൾ ഏതാണ്ട്‌ പുത്തനായിരിക്കുമ്പോൾ തന്നെ ഞങ്ങൾക്കു തരുമായിരുന്നു.”

“ഡാഡിയും മമ്മിയും എപ്പോഴും ഞങ്ങൾ സ്‌നേഹിക്കപ്പെടുന്നവരാണെന്നും വിലമതിക്കപ്പെടുന്നവരാണെന്നുമുള്ള തോന്നൽ ഞങ്ങളിൽ ഉളവാക്കി,” ലൂയിസ്‌ ചൂണ്ടിക്കാട്ടുന്നു. “ശുശ്രൂഷയിൽ ഞങ്ങൾക്ക്‌ അവരോടൊപ്പം വളരെയധികം സമയം ചെലവഴിക്കാൻ സാധിച്ചിരുന്നു. ഞങ്ങൾ അവർക്കു വളരെ വേണ്ടപ്പെട്ടവരാണെന്നു തോന്നുന്നതിനും അവരോട്‌ കൂടുതൽ അടുക്കുന്നതിനും ഇത്‌ ഇടയാക്കി.”

പോൾ ഇങ്ങനെ അനുസ്‌മരിക്കുന്നു: “എനിക്ക്‌ ഒരു 1936 മോഡൽ ബ്യൂയിക്ക്‌ സ്‌പെഷ്യൽ ഉണ്ടായിരുന്നു. ഇടയ്‌ക്കിടയ്‌ക്ക്‌ ആക്‌സൽ ഒടിയുന്ന കാര്യത്തിൽ ആ മോഡൽ വണ്ടി പ്രശസ്‌തമായിരുന്നു. അതിന്റെ മറ്റു ഭാഗങ്ങൾക്ക്‌ എഞ്ചിന്റെ ശക്തി താങ്ങാൻ കഴിഞ്ഞിരുന്നില്ല എന്നു തോന്നുന്നു. ഇത്‌ എപ്പോഴും മാസത്തിലെ ഏറ്റവും തണുപ്പുള്ള രാത്രി തന്നെ സംഭവിച്ചിരുന്നതു പോലെ തോന്നിയിരുന്നു. ഓരോ പ്രാവശ്യവും ഇതു സംഭവിക്കുമ്പോൾ ഉപേക്ഷിച്ച കാറുകൾ കിടക്കുന്ന സ്ഥലത്തു പോയി ഞാൻ ഒരു ആക്‌സൽ എടുത്തുകൊണ്ട്‌ വരുമായിരുന്നു. ആക്‌സൽ മാറ്റുന്ന കാര്യത്തിൽ ഞാൻ വിദഗ്‌ധനായിത്തീർന്നു.”

“റേഷൻ കാർഡുകളുടെ കാര്യം മറക്കല്ലേ,” മാരിയൻ പറയുന്നു. “ഇറച്ചി, പെട്രോൾ, കാറിന്റെ ടയർ എന്നുവേണ്ട സകലതും റേഷൻ അടിസ്ഥാനത്തിലാണു കിട്ടിയിരുന്നത്‌. ഓരോ പ്രാവശ്യവും ഒരു പുതിയ നിയമനം കിട്ടുമ്പോൾ ഞങ്ങൾ പ്രാദേശിക അധികാരികളുടെ അടുത്തു പോയി പുതിയ റേഷൻ കാർഡിനു വേണ്ടി അപേക്ഷ സമർപ്പിക്കണമായിരുന്നു. അതു ശരിയായി കിട്ടാൻ മാസങ്ങൾ വേണ്ടി വരും. ഓരോ പ്രാവശ്യവും കാർഡ്‌ കിട്ടുമ്പോഴേക്കും അടുത്ത നിയമന സ്ഥലത്തേക്കു പോകേണ്ട സമയമാകുമായിരുന്നു. എന്നാൽ യഹോവ എല്ലായ്‌പോഴും ഞങ്ങളെ കാത്തു പരിപാലിച്ചു.”

[ചിത്രം]

മാരിയനും ഞാനും ഡോറിസിനോടും (ഇടത്ത്‌) ലൂയിസിനോടും ഒപ്പം, 2000

[25-ാം പേജിലെ ചിത്രം]

1918-ൽ 11 വയസ്സുള്ളപ്പോൾ ഞാൻ അമ്മയോടൊപ്പം

[26-ാം പേജിലെ ചിത്രം]

1948-ൽ കുട്ടികൾ സ്‌നാപനമേറ്റപ്പോൾ എടുത്ത ഒരു കുടുംബ ചിത്രം

[26-ാം പേജിലെ ചിത്രം]

ഞങ്ങളുടെ വിവാഹ ഫോട്ടോ, 1928 ഒക്‌ടോബർ

[26-ാം പേജിലെ ചിത്രം]

കുട്ടികളും (ഇടത്തേയറ്റത്തും വലത്തേയറ്റത്തും) ഞാനും യാങ്കീ സ്റ്റേഡിയത്തിൽ, 1955