വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നല്ല വിദ്യാഭ്യാസം, ആരോഗ്യം, കൈ നിറയെ പണം. എന്നിട്ടും, ബിൽ എന്ന ചെറുപ്പക്കാരൻ അസംതൃപ്‌തനായിരുന്നു. ലക്ഷ്യബോധമില്ലാത്ത ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. ഇത്‌ അദ്ദേഹത്തെ വല്ലാതെ അലട്ടി. ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താനുള്ള ശ്രമത്തിൽ അദ്ദേഹം പല മതങ്ങളിലും പരിശോധന നടത്തി. എന്നാൽ താൻ തിരഞ്ഞുനടന്നത്‌ അദ്ദേഹത്തിന്‌ അവിടെയെങ്ങും കണ്ടെത്താനായില്ല. അങ്ങനെയിരിക്കെ 1991-ൽ യഹോവയുടെ സാക്ഷികളിൽ ഒരാളെ അദ്ദേഹം കണ്ടുമുട്ടി. ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം വെളിപ്പെടുത്തുന്ന ഒരു പുസ്‌തകം ആ വ്യക്തിയിൽനിന്ന്‌ അദ്ദേഹത്തിനു ലഭിച്ചു. ബില്ലിന്‌ അതും അതുപോലുള്ള മറ്റു വിഷയങ്ങളും മനസ്സിലാക്കാൻ കഴിയത്തക്കവണ്ണം ഒരു ബൈബിൾ അധ്യയനം ക്രമീകരിക്കപ്പെട്ടു.

ബിൽ പറയുന്നു: “ഞങ്ങളുടെ ആദ്യത്തെ അധ്യയന ദിവസം ഞാൻ ഓർക്കുന്നു. ഞങ്ങൾ കൂടെക്കൂടെ ബൈബിൾ എടുത്തുനോക്കി. ഞാൻ അത്രയും നാൾ തേടിനടന്നത്‌ കണ്ടെത്തിയിരിക്കുന്നു എന്ന്‌ അപ്പോൾ എനിക്കു മനസ്സിലായി. ബൈബിൾ നൽകിയ ഉത്തരങ്ങൾ എന്നെ ആവേശം കൊള്ളിച്ചു. അന്ന്‌ പഠനം കഴിഞ്ഞപ്പോൾ ഞാൻ എന്റെ ട്രക്ക്‌ എടുത്ത്‌ മലമുകളിലേക്കു പോയി. എന്നിട്ട്‌ അവിടെയിറങ്ങി സന്തോഷം സഹിക്ക വയ്യാതെ ഞാൻ ആർത്തുവിളിച്ചു. എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണല്ലോ ലഭിച്ചുകൊണ്ടിരിക്കുന്നത്‌ എന്നോർത്തപ്പോൾ ഞാൻ പുളകിതനായി.”

ബൈബിൾ സത്യം കണ്ടെത്തുന്ന എല്ലാവരുമൊന്നും സന്തോഷം കൊണ്ട്‌ അക്ഷരീയമായി ആർത്തുവിളിക്കുന്നില്ല എന്നതു ശരിതന്നെ. എന്നിരുന്നാലും, ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മനസ്സിലാക്കുന്നത്‌ പലരെ സംബന്ധിച്ചും ആഹ്ലാദകരമായ ഒരു അനുഭവമാണ്‌. യേശുവിന്റെ ഉപമയിലെ, വയലിൽ ഒളിച്ചുവെച്ച നിധി കണ്ടെത്തിയ മനുഷ്യനെ പോലെ അവർക്കു തോന്നുന്നു. യേശു പറഞ്ഞു: ‘ആ മനുഷ്യൻ തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിററു ആ വയൽ വാങ്ങി.’​—⁠മത്തായി 13:⁠44.

ഉദ്ദേശ്യപൂർണമായ ജീവിതത്തിനുള്ള സൂത്രവാക്യം

ബിൽ ഉത്തരം തേടി നടന്നിരുന്ന അടിസ്ഥാന ചോദ്യം ഇതായിരുന്നു: ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌? തത്ത്വചിന്തകരും ദൈവശാസ്‌ത്രജ്ഞരും ശാസ്‌ത്രകാരന്മാരും ആ ചോദ്യവുമായി പയറ്റാൻ തുടങ്ങിയിട്ട്‌ സഹസ്രാബ്ദങ്ങളായി. അതിന്‌ ഉത്തരം നൽകാനുള്ള ശ്രമത്തിൽ ആളുകൾ എഴുതിക്കൂട്ടിയിരിക്കുന്ന പുസ്‌തകങ്ങൾക്കു കയ്യുംകണക്കുമില്ല. അവരുടെ ശ്രമങ്ങളെല്ലാം പാഴായിരിക്കുന്നു. ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ കഴിയില്ലെന്ന നിഗമനത്തിൽ പലരും എത്തിച്ചേർന്നിരിക്കുന്നു. എന്നാൽ അതിന്‌ ഉത്തരമുണ്ട്‌ എന്നതാണു വാസ്‌തവം. അത്‌ ഗഹനമേറിയതാണെങ്കിലും സങ്കീർണമല്ല. ബൈബിളിലാണ്‌ അത്‌ ഉള്ളത്‌. സന്തോഷപ്രദവും ഉദ്ദേശ്യപൂർണവുമായ ഒരു ജീവിതത്തിനുള്ള സൂത്രവാക്യം ഇതാണ്‌: നമ്മുടെ സ്രഷ്ടാവും സ്വർഗീയ പിതാവുമായ യഹോവയുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കുക. അത്തരമൊരു ബന്ധം എങ്ങനെ നേടിയെടുക്കാനാകും?

ദൈവത്തോട്‌ അടുക്കുന്നതിനു പരസ്‌പരവിരുദ്ധമായ രണ്ടു വശങ്ങൾ ഉള്ളതായി തോന്നാം. അവനോട്‌ അടുത്തുചെല്ലുന്നവർ അവനെ ഭയപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. ഈ പ്രസ്‌താവനയെ പിന്തുണയ്‌ക്കുന്ന രണ്ടു തിരുവെഴുത്തുകൾ നമുക്കു പരിചിന്തിക്കാം. ദീർഘനാൾ മുമ്പ്‌, ജ്ഞാനിയായ ശലോമോൻ രാജാവ്‌ മനുഷ്യവർഗത്തെ കുറിച്ച്‌ ശ്രദ്ധാപൂർവം പഠിക്കുകയും താൻ മനസ്സിലാക്കിയ കാര്യങ്ങൾ ബൈബിൾ പുസ്‌തകമായ സഭാപ്രസംഗിയിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്‌തു. താൻ കണ്ടെത്തിയ കാര്യങ്ങളെ അവൻ ഈ വാക്കുകളിൽ സംക്ഷേപിച്ചു: “എല്ലാററിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (സഭാപ്രസംഗി 12:13) നൂറ്റാണ്ടുകൾക്കു ശേഷം, മോശെയ്‌ക്കു നൽകപ്പെട്ട ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന ഏതായിരുന്നെന്നു ചോദിച്ചപ്പോൾ യേശു ഇങ്ങനെ മറുപടി പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (മത്തായി 22:37) നാം ഒരേസമയം തന്നെ ദൈവത്തെ ഭയപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യണമെന്നത്‌ നിങ്ങൾക്കു വിചിത്രമായി തോന്നുന്നുവോ? ഭയത്തിന്റെയും സ്‌നേഹത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും അവ ഒത്തുചേർന്ന്‌ ദൈവവുമായി സംതൃപ്‌തികരമായ ഒരു ബന്ധം സാധ്യമാക്കിത്തീർക്കുന്നത്‌ എങ്ങനെയെന്നും നമുക്കു പരിശോധിക്കാം.

ദൈവത്തെ ഭയപ്പെടുക എന്നതിന്റെ അർഥം

നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കണമെങ്കിൽ നമ്മുടെ ഭാഗത്ത്‌ ആദരവോടുകൂടിയ ഭയം ഉണ്ടായിരിക്കേണ്ടത്‌ അനിവാര്യമാണ്‌. ബൈബിൾ ഇപ്രകാരം പറയുന്നു: “യഹോവാഭക്തി [“യഹോവാ ഭയം,” NW] ജ്ഞാനത്തിന്റെ ആരംഭമാകുന്നു.” (സങ്കീർത്തനം 111:10) അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്‌ക.” (എബ്രായർ 12:28) സമാനമായി, ആകാശമധ്യേ പറക്കുന്നതായി അപ്പൊസ്‌തലനായ യോഹന്നാൻ ദർശനത്തിൽ കണ്ട ദൂതൻ സുവിശേഷം അറിയിച്ചു തുടങ്ങിയത്‌ “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ” എന്നു പറഞ്ഞുകൊണ്ടാണ്‌.​—⁠വെളിപ്പാടു 14:6, 7.

ഉദ്ദേശ്യപൂർണമായ ജീവിതത്തിന്‌ ഇത്രയേറെ അനിവാര്യമായ ഈ ദൈവഭയം, അനാരോഗ്യകരമായ കൊടുംഭീതിയല്ല. ക്രൂരനും അപകടകാരിയുമായ ഒരു കുറ്റവാളിയിൽനിന്ന്‌ ഭീഷണി നേരിടുമ്പോൾ നമുക്കു കൊടുംഭീതി തോന്നിയേക്കാം. എന്നാൽ ദൈവഭയം സ്രഷ്ടാവിനോടു തോന്നുന്ന ഭയാദരവാണ്‌. ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഭയവും അതിൽ ഉൾപ്പെടുന്നു. കാരണം അനുസരണക്കേടു കാണിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള ശക്തിയും അധികാരവും ഉള്ള പരമോന്നത ന്യായാധിപനും സർവശക്തനും ആണ്‌ അവൻ.

ഭയവും സ്‌നേഹവും ഒത്തുചേർന്നു പ്രവർത്തിക്കുന്നു

എന്നിരുന്നാലും, തന്നോട്‌ ഭയാദരവ്‌ തോന്നുന്നതുകൊണ്ടു മാത്രം ആളുകൾ തന്നെ സേവിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. യഹോവ അത്യന്തം സ്‌നേഹവാനായ ഒരു ദൈവമാണ്‌. അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ എഴുതാൻ പ്രേരിതനായി: “ദൈവം സ്‌നേഹം തന്നേ.” (1 യോഹന്നാൻ 4:8) യഹോവയാം ദൈവം മനുഷ്യവർഗത്തോട്‌ അങ്ങേയറ്റം സ്‌നേഹത്തോടെ ഇടപെട്ടിരിക്കുന്നു. തന്നെ തിരിച്ചു സ്‌നേഹിച്ചുകൊണ്ട്‌ മനുഷ്യർ ഇതിനോടു പ്രതികരിക്കാൻ അവൻ ആഗ്രഹിക്കുന്നു. എന്നാൽ, അത്തരം സ്‌നേഹം ദൈവഭയവുമായി എങ്ങനെ ചേർന്നു പോകും? വാസ്‌തവത്തിൽ, ആ രണ്ടു വികാരങ്ങളും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. സങ്കീർത്തനക്കാരൻ എഴുതി: “കർത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവർക്കുള്ളതാണ്‌.”​—⁠സങ്കീർത്തനം 25:​14, പി.ഒ.സി. ബൈബിൾ.

കരുത്തനും ജ്ഞാനിയും ആയ തന്റെ പിതാവിനോട്‌ ഒരു കുട്ടിക്കു തോന്നുന്ന ബഹുമാനത്തെ കുറിച്ചും ഭയാദരവിനെ കുറിച്ചും ചിന്തിക്കുക. അതേസമയം തന്നെ, ആ കുട്ടി തന്റെ പിതാവിന്റെ സ്‌നേഹത്തോടു പ്രതികരിക്കും. പിതാവിൽ വിശ്വാസം അർപ്പിക്കുകയും അദ്ദേഹത്തിന്റെ മാർഗനിർദേശം പ്രയോജനങ്ങൾ കൈവരുത്തും എന്ന ഉറപ്പോടെ, മാർഗനിർദേശത്തിനായി അദ്ദേഹത്തിലേക്കു നോക്കുകയും ചെയ്യും. സമാനമായി, നാം യഹോവയെ സ്‌നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന പക്ഷം അവന്റെ മാർഗനിർദേശം അനുസരിക്കും. അത്‌ നമുക്ക്‌ അനേകം പ്രയോജനങ്ങൾ കൈവരുത്തും. ഇസ്രായേല്യരെ കുറിച്ച്‌ യഹോവ എന്താണു പറഞ്ഞതെന്നു ശ്രദ്ധിക്കുക: “അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്‌പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവർക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.”​—⁠ആവർത്തനപുസ്‌തകം 5:⁠29.

അതേ, ദൈവഭയം അടിമത്തത്തിനു പകരം സ്വാതന്ത്ര്യത്തിലേക്കും ദുഃഖത്തിനു പകരം സന്തോഷത്തിലേക്കും ആണു നയിക്കുന്നത്‌. യെശയ്യാവ്‌ യേശുവിനെ കുറിച്ച്‌ ഇപ്രകാരം പ്രവചിച്ചു: “അവന്റെ പ്രമോദം യഹോവാഭക്തിയിൽ [“യഹോവാ ഭയത്തിൽ,” NW] ആയിരിക്കും.” (യെശയ്യാവു 11:3) സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവയെ ഭയപ്പെട്ടു, അവന്റെ കല്‌പനകളിൽ ഏററവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].”​—⁠സങ്കീർത്തനം 112:⁠1.

എന്നാൽ നാം ദൈവത്തെ അറിയുന്നില്ലെങ്കിൽ നമുക്ക്‌ അവനെ ഭയപ്പെടാനോ സ്‌നേഹിക്കാനോ കഴിയില്ല. അതുകൊണ്ടാണ്‌ ബൈബിൾ പഠിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത്‌. അത്തരം പഠനം ദൈവത്തിന്റെ വ്യക്തിത്വം മനസ്സിലാക്കാനും അവന്റെ മാർഗനിർദേശം പിൻപറ്റുന്നതിലെ ജ്ഞാനം വിലമതിക്കാനും നമ്മെ സഹായിക്കുന്നു. നാം ദൈവത്തോടു കൂടുതൽ അടുത്തുചെല്ലവേ, അവന്റെ ഇഷ്ടം ചെയ്യാൻ നാം ആഗ്രഹിക്കുകയും അവന്റെ കൽപ്പനകൾ നമുക്കു പ്രയോജനം ചെയ്യുമെന്നു മനസ്സിലാക്കിക്കൊണ്ട്‌ അവ അനുസരിക്കാൻ നാം പ്രേരിതരായിത്തീരുകയും ചെയ്യുന്നു.​—⁠1 യോഹന്നാൻ 5:⁠3.

നാം ശരിയായ മാർഗത്തിലാണ്‌ ജീവിതം നയിക്കുന്നത്‌ എന്ന അറിവ്‌ നമുക്കു സന്തോഷം കൈവരുത്തും. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച ബില്ലിന്റെ കാര്യത്തിൽ ഇതു സത്യമാണ്‌. അദ്ദേഹം അടുത്തയിടെ ഇങ്ങനെ പറയുകയുണ്ടായി: “ആദ്യ ബൈബിൾ അധ്യയനത്തിനു ശേഷം ഒമ്പതു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഈ വർഷങ്ങൾ കൊണ്ട്‌ യഹോവയുമായുള്ള എന്റെ ബന്ധം ശക്തമായിത്തീർന്നിരിക്കുന്നു. എനിക്ക്‌ ആദ്യം തോന്നിയ ആ ആഹ്ലാദത്തിമിർപ്പ്‌ ശരിക്കും ആഹ്ലാദകരമായ ഒരു ജീവിതരീതിയായി വികാസം പ്രാപിച്ചിരിക്കുന്നു. ജീവിതത്തെ കുറിച്ച്‌ എനിക്ക്‌ എപ്പോഴും ശുഭാപ്‌തിവിശ്വാസമാണുള്ളത്‌. ഉല്ലാസങ്ങൾക്കു വേണ്ടിയുള്ള ലക്ഷ്യബോധമില്ലാത്ത ഒരു പരക്കംപാച്ചിലല്ല ഇപ്പോൾ എന്റെ ജീവിതം. ദിവസവും അർഥപൂർണമായ പ്രവർത്തനങ്ങളിൽ ഞാൻ മുഴുകുന്നു. യഹോവ എനിക്ക്‌ ഇപ്പോൾ ഒരു യഥാർഥ വ്യക്തിയാണ്‌. എന്റെ ക്ഷേമത്തിൽ അവൻ ശരിക്കും തത്‌പരനാണെന്ന്‌ എനിക്കറിയാം.”

യഹോവയെ കുറിച്ചുള്ള പരിജ്ഞാനം ജീവിതത്തിൽ ബാധകമാക്കുന്നവർക്ക്‌, അത്‌ സന്തോഷവും പ്രയോജനങ്ങളും കൈവരുത്തുന്നത്‌ എങ്ങനെയെന്ന്‌ പിൻവരുന്ന ലേഖനത്തിൽ നാം കൂടുതലായി പരിചിന്തിക്കുന്നതായിരിക്കും.

[5-ാം പേജിലെ ആകർഷക വാക്യം]

ദൈവത്തോട്‌ അടുക്കുക എന്നാൽ നാം അവനെ സ്‌നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുക എന്നാണ്‌ അർഥം

[6-ാം പേജിലെ ചിത്രം]

യഹോവാ ഭയത്തിൽ യേശു പ്രമോദം കണ്ടെത്തി