വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊയ്‌ത്തു വേലയിൽ സ്ഥിരോത്സാഹം പ്രകടമാക്കുവിൻ!

കൊയ്‌ത്തു വേലയിൽ സ്ഥിരോത്സാഹം പ്രകടമാക്കുവിൻ!

കൊയ്‌ത്തു വേലയിൽ സ്ഥിരോത്സാഹം പ്രകടമാക്കുവിൻ!

“കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.”​—⁠സങ്കീർത്തനം 126:⁠5.

1. ഇന്ന്‌ ‘കൊയ്‌ത്തിന്റെ യജമാനനോടു കൊയ്‌ത്തിലേക്കു വേലക്കാരെ അയയ്‌ക്കാൻ യാചിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

ഗലീലയിലെ മൂന്നാമത്തെ പ്രസംഗ പര്യടനത്തിനു ശേഷം യേശുക്രിസ്‌തു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “കൊയ്‌ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം.” (മത്തായി 9:37) യെഹൂദ്യയിലെ സ്ഥിതിയും സമാനമായിരുന്നു. (ലൂക്കൊസ്‌ 10:⁠2) അതായിരുന്നു ഏതാണ്ട്‌ 2,000 വർഷങ്ങൾക്കു മുമ്പുള്ള അവസ്ഥ. എന്നാൽ ഇന്നോ? കഴിഞ്ഞ സേവന വർഷത്തിൽ 60,00,000-ത്തിൽ അധികം വരുന്ന യഹോവയുടെ സാക്ഷികൾ ലോകത്തിലെ 600,00,00,000 ജനങ്ങളുടെ ഇടയിൽ തങ്ങളുടെ ആലങ്കാരിക കൊയ്‌ത്തു വേല ഉത്സാഹത്തോടെ നിർവഹിച്ചു. അവരിൽ അനേകരും “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമാ”ണ്‌. അതുകൊണ്ട്‌, “കൊയ്‌ത്തിന്റെ യജമാനനോടു കൊയ്‌ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ” എന്ന യേശുവിന്റെ ആഹ്വാനം നൂറ്റാണ്ടുകൾക്കു മുമ്പത്തേതുപോലെ തന്നെ ഇന്നും ബാധകമാണ്‌.​—⁠മത്തായി 9:​36, 38.

2. ജനങ്ങൾ നമ്മെ ശ്രദ്ധിക്കാൻ ഇടയാക്കുന്നത്‌ എന്ത്‌?

2 കൂടുതൽ വേലക്കാർക്കായുള്ള അപേക്ഷ കൊയ്‌ത്തിന്റെ യജമാനനായ യഹോവയാം ദൈവം ചെവിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ മാർഗനിർദേശത്തിൻ കീഴിൽ നടത്തപ്പെടുന്ന ഈ കൊയ്‌ത്തു വേലയിൽ ഒരു പങ്കുണ്ടായിരിക്കുക എന്നത്‌ എത്ര വലിയ സന്തോഷമാണ്‌! ജനതകളുമായുള്ള താരതമ്യത്തിൽ നമ്മുടെ എണ്ണം കുറവാണെങ്കിലും തീക്ഷ്‌ണതയോടെയുള്ള നമ്മുടെ രാജ്യപ്രസംഗ-ശിഷ്യരാക്കൽ പ്രവർത്തനം ലോകം നമ്മെ ശ്രദ്ധിക്കാൻ ഇടയാക്കിയിരിക്കുന്നു. പല ദേശങ്ങളിലും മാധ്യമങ്ങളിൽ നമ്മെ കുറിച്ചുള്ള പരാമർശങ്ങൾ കൂടെക്കൂടെ വരുന്നു. ഉദാഹരണത്തിന്‌, ഡോർബെല്ല്‌ ശബ്ദിക്കുമ്പോൾ ‘യഹോവയുടെ സാക്ഷികൾ വാതിൽക്കൽ വന്നിട്ടുണ്ടായിരിക്കും’ എന്നതുപോലുള്ള അഭിപ്രായങ്ങൾ ടെലിവിഷൻ പരിപാടികളിൽ പറഞ്ഞുകേൾക്കുന്നത്‌ അപൂർവമല്ല. അതേ, ആലങ്കാരിക കൊയ്‌ത്തു വേലക്കാരെന്ന നിലയിലുള്ള നമ്മുടെ ക്രിസ്‌തീയ പ്രവർത്തനം ഈ 21-ാം നൂറ്റാണ്ടിൽ സുപ്രസിദ്ധമാണ്‌.

3. (എ) ഒന്നാം നൂറ്റാണ്ടിലെ രാജ്യപ്രസംഗ പ്രവർത്തനം ജനശ്രദ്ധ പിടിച്ചുപറ്റിയെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (ബി) ദൂതന്മാർ നമ്മുടെ ശുശ്രൂഷയെ പിന്തുണയ്‌ക്കുന്നുണ്ടെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

3 ഒന്നാം നൂറ്റാണ്ടിലെ രാജ്യപ്രസംഗ പ്രവർത്തനങ്ങളും ലോകത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അവർ സുവാർത്ത ഘോഷകരെ പീഡിപ്പിച്ചു. തത്‌ഫലമായി അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്‌ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്‌തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.” (1 കൊരിന്ത്യർ 4:⁠9) സമാനമായി, പീഡനങ്ങൾക്കു മധ്യേയും രാജ്യഘോഷണത്തിൽ നാം പ്രകടമാക്കുന്ന സ്ഥിരോത്സാഹം ലോകം നമ്മെ ശ്രദ്ധിക്കാൻ ഇടയാക്കിയിരിക്കുന്നു. ദൂതന്മാരും ഈ വേലയിൽ തത്‌പരരാണ്‌. വെളിപ്പാടു 14:6 പറയുന്നു: “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ [യോഹന്നാൻ അപ്പൊസ്‌തലൻ] കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.” അതേ, നമ്മുടെ ശുശ്രൂഷയിൽ, കൊയ്‌ത്തു വേലയിൽ, നമുക്ക്‌ ദൂത പിന്തുണയുണ്ട്‌!​—⁠എബ്രായർ 1:​13, 14.

“എല്ലാവരും നിങ്ങളെ പകെക്കും”

4, 5. (എ) യേശു തന്റെ ശിഷ്യന്മാർക്ക്‌ എന്തു മുന്നറിയിപ്പു നൽകി? (ബി) യഹോവയുടെ ആധുനികകാല ദാസർ ‘എല്ലാവരാലും പകെക്കപ്പെടാൻ’ കാരണം എന്ത്‌?

4 കൊയ്‌ത്തു വേലക്കാർ എന്ന നിലയിൽ അയയ്‌ക്കപ്പെട്ടപ്പോൾ അപ്പൊസ്‌തലന്മാർ “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ” എന്ന യേശുവിന്റെ നിർദേശം അനുസരിച്ചു. യേശു അവരോട്‌ ഇങ്ങനെയും കൂടെ പറഞ്ഞു: “മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്‌പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കൻമാർക്കുംമുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും. . . . എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവനോ രക്ഷിക്കപ്പെടും.”​—⁠മത്തായി 10:​16-22.

5 “സർവ്വലോകവും ദുഷ്ടന്റെ,” ദൈവത്തിന്റെയും അവന്റെ ജനത്തിന്റെയും മുഖ്യ ശത്രുവായ പിശാചായ സാത്താന്റെ “അധീനതയിൽ കിടക്കുന്ന”തിനാലാണ്‌ ഇന്ന്‌ ‘എല്ലാവരും നമ്മെ പകെക്കുന്നത്‌.’ (1 യോഹന്നാൻ 5:19) നമ്മുടെ ശത്രുക്കൾ നാം അനുഭവിക്കുന്ന ആത്മീയ സമൃദ്ധി നിരീക്ഷിക്കുന്നുണ്ട്‌. എന്നാൽ അത്‌ യഹോവയിൽനിന്ന്‌ ഉള്ളതാണെന്ന്‌ അംഗീകരിക്കാൻ അവർ വിസമ്മതിക്കുന്നു. പുഞ്ചിരിക്കുന്ന മുഖങ്ങളുമായി കൊയ്‌ത്തു വേലയിൽ ഏർപ്പെടുന്ന നമ്മുടെ സന്തോഷം അവർ ശ്രദ്ധിക്കുന്നുണ്ട്‌. നമ്മുടെ ഐക്യത്തിൽ അവർ അതിശയം കൊള്ളുന്നു! തങ്ങളുടെ ദേശത്തുള്ള യഹോവയുടെ സാക്ഷികൾ ചെയ്യുന്ന അതേ വേലതന്നെ മറ്റു ദേശങ്ങളിലുള്ള സാക്ഷികളും ചെയ്യുന്നത്‌ കാണാൻ ഇടയാകുമ്പോൾ മനസ്സില്ലാമനസ്സോടെയെങ്കിലും അവർ ഇത്‌ അംഗീകരിച്ചേക്കാം. നമ്മെ പിന്തുണയ്‌ക്കുന്നവനും നമ്മുടെ ഐക്യത്തിന്റെ ഉറവുമായ യഹോവയെക്കുറിച്ച്‌ ശത്രുക്കൾ പോലും തക്കസമയത്ത്‌ അറിയാനിടയാകും എന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ട്‌.​—⁠യെഹെസ്‌കേൽ 38:​10-12, 23.

6. കൊയ്‌ത്തു വേലയിൽ ഏർപ്പെടവേ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌, എന്നാൽ ഏതു ചോദ്യം ഉയർന്നു വരുന്നു?

6 കൊയ്‌ത്തിന്റെ യജമാനൻ തന്റെ പുത്രനായ യേശുക്രിസ്‌തുവിന്‌ ‘സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും നൽകിയിരിക്കുന്നു.’ (മത്തായി 28:18) അതുകൊണ്ട്‌ കൊയ്‌ത്തു വേലയ്‌ക്ക്‌ മേൽനോട്ടം നൽകാൻ യഹോവ ഉപയോഗിക്കുന്നത്‌ യേശുവിനെയാണ്‌. സ്വർഗീയ ദൂതന്മാരെയും ഭൂമിയിലെ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെയും ഉപയോഗിച്ച്‌ യേശു അതു നിർവഹിക്കുന്നു. (മത്തായി 24:​45-47, NW; വെളിപ്പാടു 14:​6, 7) എന്നാൽ ശത്രുക്കളുടെ എതിർപ്പിനെ നേരിടാനും കൊയ്‌ത്തു വേലയിൽ സ്ഥിരോത്സാഹം കാണിക്കവേ സന്തോഷം നിലനിറുത്താനും നമുക്ക്‌ എങ്ങനെ സാധിക്കും?

7. എതിർപ്പിനെയോ പീഡനത്തെയോ നേരിടുമ്പോൾ ഏതു മനോഭാവം നിലനിറുത്താൻ നാം ശ്രമിക്കണം?

7 എതിർപ്പിനെയോ നേരിട്ടുള്ള പീഡനത്തെയോ പോലും അഭിമുഖീകരിക്കുമ്പോൾ പൗലൊസിന്റേതു പോലുള്ള ഒരു മനോഭാവം നിലനിറുത്താൻ കഴിയേണ്ടതിനു നമുക്ക്‌ ദൈവത്തിന്റെ സഹായം തേടാം. അവൻ എഴുതി: “[ഞങ്ങൾ] ശകാരം കേട്ടിട്ടു ആശീർവ്വദിക്കുന്നു; ഉപദ്രവം ഏററിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.” (1 കൊരിന്ത്യർ 4:​12, 13) ഈ മനോഭാവവും അതോടൊപ്പം നയപൂർവമുള്ള നമ്മുടെ പരസ്യ ശുശ്രൂഷയും ചിലപ്പോൾ എതിരാളികൾക്കു മാറ്റം വരുത്തുന്നു.

8. മത്തായി 10:​28-ലെ യേശുവിന്റെ വാക്കുകളിൽനിന്നു നിങ്ങൾക്ക്‌ എന്തു ധൈര്യമാണു ലഭിക്കുന്നത്‌?

8 മരണ ഭീഷണി പോലും കൊയ്‌ത്തു വേലക്കാരെന്ന നിലയിലുള്ള നമ്മുടെ തീക്ഷ്‌ണതയെ കെടുത്തിക്കളയുന്നില്ല. രാജ്യസന്ദേശം നാം നിർഭയം, ആവുന്നത്ര പരസ്യമായി പ്രഖ്യാപിക്കുന്നു. യേശുവിന്റെ പിൻവരുന്ന വാക്കുകളിൽനിന്നു നാം പ്രോത്സാഹനവും ധൈര്യവും ഉൾക്കൊള്ളുന്നു: “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.” (മത്തായി 10:28) നമ്മുടെ സ്വർഗീയ പിതാവാണ്‌ ജീവന്റെ ഉറവെന്നു നമുക്ക്‌ അറിയാം. തന്നോടു നിർമലത പാലിക്കുകയും കൊയ്‌ത്തു വേലയിൽ വിശ്വസ്‌തമായി തുടരുകയും ചെയ്യുന്നവരെ അവൻ തീർച്ചയായും അനുഗ്രഹിക്കും.

ജീവരക്ഷാകരമായ ഒരു സന്ദേശം

9. ചിലർ യെഹെസ്‌കേലിന്റെ വാക്കുകളോടു പ്രതികരിച്ചത്‌ എങ്ങനെ, സമാനമായ ഒരു സംഗതി ഇന്നു സംഭവിക്കുന്നത്‌ എങ്ങനെ?

9 “മത്സരികളായ” ഇസ്രായേലിനും യഹൂദയ്‌ക്കുമെതിരെയുള്ള യഹോവയുടെ ന്യായവിധി സന്ദേശങ്ങൾ യെഹെസ്‌കേൽ പ്രവാചകൻ ധീരമായി പ്രഖ്യാപിച്ചപ്പോൾ അവ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന ചിലരുണ്ടായിരുന്നു. (യെഹെസ്‌കേൽ 2:⁠3) അവരെ കുറിച്ച്‌ യഹോവ ഇപ്രകാരം പറഞ്ഞു: “നീ അവർക്കു മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു.” (യെഹെസ്‌കേൽ 33:32) യെഹെസ്‌കേലിന്റെ വാക്കുകൾ ഇഷ്ടപ്പെട്ടെങ്കിലും അവയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഇന്ന്‌ എന്താണ്‌ സംഭവിക്കുന്നത്‌? അഭിഷിക്ത ശേഷിപ്പും അവരുടെ കൂട്ടാളികളും ധൈര്യപൂർവം യഹോവയുടെ സന്ദേശങ്ങൾ പ്രഖ്യാപിക്കുമ്പോൾ ചിലർ രാജ്യാനുഗ്രഹങ്ങളെ കുറിച്ചു കേൾക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ അവർ അതിനോട്‌ വിലമതിപ്പോടെ പ്രതികരിച്ച്‌ ശിഷ്യരായിത്തീരുകയും കൊയ്‌ത്തു വേലയിൽ പങ്കുചേരുകയും ചെയ്യുന്നില്ല.

10, 11. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നമ്മുടെ ജീവരക്ഷാകര സന്ദേശം പരസ്യപ്പെടുത്തുന്നതിന്‌ എന്തു ശ്രമങ്ങൾ നടന്നു, ഫലം എന്തായിരുന്നു?

10 നേരെ മറിച്ച്‌, മറ്റുപലരും കൊയ്‌ത്തു വേലയോട്‌ അനുകൂലമായി പ്രതികരിക്കുകയും ദൈവത്തിന്റെ സന്ദേശങ്ങൾ പ്രഖ്യാപിക്കുന്നതിൽ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഉദാഹരണത്തിന്‌, 1922 മുതൽ 1928 വരെ നടന്ന ക്രിസ്‌തീയ കൺവെൻഷൻ പരമ്പരയിൽ സാത്താന്റെ ദുഷ്ട വ്യവസ്ഥിതിക്ക്‌ എതിരെയുള്ള ന്യായവിധി സന്ദേശങ്ങൾ വ്യക്തമായി ഘോഷിക്കപ്പെട്ടു. സമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെട്ട ഈ അപലപന സന്ദേശങ്ങൾ റേഡിയോ സ്റ്റേഷനുകൾ പ്രക്ഷേപണം ചെയ്‌തു. അതിനുശേഷം, ദൈവജനം അവയുടെ ദശലക്ഷക്കണക്കിന്‌ അച്ചടിച്ച പ്രതികൾ വിതരണം ചെയ്‌തു.

11 ആയിരത്തിത്തൊള്ളായിരത്തിമുപ്പതുകളുടെ അവസാന വർഷങ്ങളിൽ മറ്റൊരു രീതിയിലുള്ള സാക്ഷീകരണ പ്രവർത്തനം ആരംഭിച്ചു​—⁠വിജ്ഞാപന ജാഥകൾ. ആദ്യമൊക്കെ യഹോവയുടെ ജനം പരസ്യപ്രസംഗങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ അടങ്ങുന്ന പ്ലാക്കാർഡുകളാണു പ്രദർശിപ്പിച്ചിരുന്നത്‌. പിന്നീട്‌, അവർ “മതം ഒരു കെണിയും വഞ്ചനയുമാകുന്നു,” “ദൈവത്തെയും രാജാവായ ക്രിസ്‌തുവിനെയും സേവിക്കുക” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ പ്ലാക്കാർഡുകൾ വഹിച്ചു. അവയും ധരിച്ച്‌ തെരുവീഥികളിലൂടെ നടന്ന അവർ വഴിപോക്കരുടെ ശ്രദ്ധ ആകർഷിച്ചു. ‘യഹോവയുടെ സാക്ഷികളിലേക്ക്‌ ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിലും അവരെ ശക്തീകരിക്കുന്നതിലും ഇതു വളരെ വലിയ പങ്കുവഹിച്ചു’ എന്ന്‌ ലണ്ടനിലെ (ഇംഗ്ലണ്ട്‌) തിരക്കേറിയ വീഥികളിൽ ക്രമമായി ഈ വേലയിൽ പങ്കുപറ്റിയിരുന്ന ഒരു സഹോദരൻ അഭിപ്രായപ്പെട്ടു.

12. ദൈവത്തിന്റെ ന്യായവിധി സന്ദേശങ്ങൾക്കു പുറമേ ശുശ്രൂഷയിൽ മറ്റെന്തും കൂടെ നാം വിശേഷവത്‌കരിച്ചിരിക്കുന്നു, സുവാർത്ത പ്രസംഗിക്കുന്നതിൽ ഇപ്പോൾ ആരെല്ലാം ഒരുമിച്ചു പ്രവർത്തിക്കുന്നു?

12 ദൈവത്തിന്റെ ന്യായവിധി സന്ദേശങ്ങൾ അറിയിക്കവേ രാജ്യസന്ദേശത്തിന്റെ ഭാഗമായ വാഗ്‌ദത്ത അനുഗ്രഹങ്ങളിലേക്കും നാം ആളുകളുടെ ശ്രദ്ധ തിരിക്കുന്നു. ലോകരംഗത്തെ നമ്മുടെ ധീരമായ സാക്ഷ്യവേല യോഗ്യരായവരെ അന്വേഷിച്ചു കണ്ടുപിടിക്കാൻ നമ്മെ സഹായിക്കുന്നു. (മത്തായി 10:11) 1920-കളിലും 1930-കളിലും അഭിഷിക്ത വർഗത്തിലെ അവസാന അംഗങ്ങളിൽ മിക്കവരും കൊയ്‌ത്തിനായുള്ള സുവ്യക്തമായ ആഹ്വാനത്തോടു പ്രതികരിച്ചു. പിന്നീട്‌, 1935-ൽ നടന്ന ഒരു കൺവെൻഷനിൽ, ‘വേറെ ആടുകളുടെ’ ഒരു ‘മഹാപുരുഷാരത്തിന്‌’ ഒരു ഭൗമിക പറുദീസയിൽ ലഭിക്കാനിരിക്കുന്ന അനുഗൃഹീത ഭാവിയെ കുറിച്ചുള്ള അത്ഭുതകരമായ വാർത്ത വന്നു. (വെളിപ്പാടു 7:9; യോഹന്നാൻ 10:16) അവർ ദൈവത്തിന്റെ ന്യായവിധി സന്ദേശങ്ങൾക്കു ചെവികൊടുക്കുകയും ജീവരക്ഷാകരമായ സുവാർത്ത പ്രസംഗിക്കുന്നതിൽ അഭിഷിക്തരോടു ചേരുകയും ചെയ്‌തിരിക്കുന്നു.

13, 14. (എ) സങ്കീർത്തനം 126:​5, 6-ൽ നിന്ന്‌ എന്ത്‌ ആശ്വാസമാണു ലഭിക്കുന്നത്‌? (ബി) നടുന്നതിലും നനയ്‌ക്കുന്നതിലും നാം തുടരുന്നെങ്കിൽ എന്തു സംഭവിക്കും?

13 സങ്കീർത്തനം 126:​5, 6-ലെ വാക്കുകൾ ദൈവത്തിന്റെ കൊയ്‌ത്തു വേലക്കാർക്ക്‌, വിശേഷിച്ചും പീഡനം അനുഭവിക്കുന്നവർക്ക്‌ വളരെ ആശ്വാസം നൽകുന്നു: “കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കററ ചുമന്നും ആർത്തുംകൊണ്ടു വരുന്നു [“വിത്തു ചുമന്നുകൊണ്ട്‌ വിലാപത്തോടെ വിതയ്‌ക്കാൻ പോകുന്നവൻ കറ്റ ചുമന്നുകൊണ്ട്‌ ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും,” പി.ഒ.സി. ബൈ.].” പുരാതന ബാബിലോണിയൻ അടിമത്തത്തിൽനിന്നു മടങ്ങിവന്ന ശേഷിപ്പിനോടുള്ള യഹോവയുടെ കരുതലിനെയും അവരുടെമേലുള്ള അവന്റെ അനുഗ്രഹത്തെയും വ്യക്തമാക്കുന്നതാണ്‌ വിതയ്‌ക്കുന്നതിനെയും കൊയ്യുന്നതിനെയും കുറിച്ചുള്ള സങ്കീർത്തനക്കാരന്റെ വാക്കുകൾ. സ്വതന്ത്രരാക്കപ്പെട്ടതിൽ അവർ വളരെ സന്തുഷ്ടരായിരുന്നു. എന്നാൽ 70 വർഷത്തെ പ്രവാസകാലത്ത്‌ വേല ചെയ്യാതെ തരിശ്ശായി കിടന്നിരുന്ന നിലത്ത്‌ വിത്ത്‌ വിതച്ചപ്പോൾ അവർ കരഞ്ഞിട്ടുണ്ടാകണം. എന്നിരുന്നാലും കൃഷിയും മറ്റു നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയവർക്ക്‌ തങ്ങളുടെ അധ്വാനത്തിന്റെ ഫലവും സംതൃപ്‌തിയും ആസ്വദിക്കാൻ കഴിഞ്ഞു.

14 പരിശോധനകളെ നേരിടുമ്പോഴും നമുക്കോ സഹവിശ്വാസികൾക്കോ “നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി” വരുമ്പോഴും നാം കരഞ്ഞേക്കാം. (1 പത്രൊസ്‌ 3:14) ശുശ്രൂഷയിലെ നമ്മുടെ ശ്രമങ്ങൾക്കു തെളിവായി ചൂണ്ടിക്കാണിക്കാൻ ഒന്നുമില്ലാത്തതിനാൽ കൊയ്‌ത്തു വേലയിൽ ആദ്യമൊക്കെ നമുക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടേക്കാം. എന്നാൽ നടുന്നതിലും നനയ്‌ക്കുന്നതിലും നാം തുടരുന്നെങ്കിൽ ദൈവം അവ വളരുമാറാക്കും, പലപ്പോഴും നമ്മുടെ പ്രതീക്ഷകളെയെല്ലാം കവച്ചുവെക്കുന്ന വിധത്തിൽ തന്നെ. (1 കൊരിന്ത്യർ 3:⁠6) ബൈബിളുകളും തിരുവെഴുത്തു പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്‌തിരിക്കുന്നതിലൂടെ ലഭിച്ചിട്ടുള്ള ഫലങ്ങൾ ഇതിനു തെളിവാണ്‌.

15. കൊയ്‌ത്തു വേലയിൽ ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങൾ എത്ര പ്രയോജനപ്രദമാണെന്നു കാണിക്കുന്ന ഒരു ദൃഷ്ടാന്തം നൽകുക.

15 ഉദാഹരണത്തിന്‌, ജിമ്മിന്റെ കാര്യമെടുക്കുക. അമ്മ മരിച്ചപ്പോൾ അവരുടെ സാധനങ്ങളുടെ കൂട്ടത്തിൽ ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? * എന്ന പുസ്‌തകവും അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹം അത്‌ താത്‌പര്യപൂർവം വായിച്ചു. തെരുവിൽവെച്ച്‌ തന്നെ സമീപിച്ചു സംസാരിച്ച ഒരു സാക്ഷിയുമായുള്ള ചർച്ചയിൽ ജിം ഒരു മടക്കസന്ദർശനത്തിനു സമ്മതിച്ചു. ഇത്‌ ഒരു ബൈബിളധ്യയനത്തിലേക്കു നയിച്ചു. അദ്ദേഹം സത്വരം ആത്മീയ പുരോഗതി കൈവരിക്കുകയും യഹോവയ്‌ക്കു തന്നെത്തന്നെ സമർപ്പിച്ചു സ്‌നാപനമേൽക്കുകയും ചെയ്‌തു. താൻ പഠിച്ച കാര്യങ്ങളെ കുറിച്ച്‌ അദ്ദേഹം കുടുംബത്തിലെ മറ്റുള്ളവരോടു സംസാരിച്ചു. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ സഹോദരനും സഹോദരിയും സാക്ഷികളായിത്തീർന്നു. പിന്നീട്‌, ലണ്ടൻ ബെഥേലിൽ മുഴുസമയ സ്വമേധയാസേവകൻ എന്ന നിലയിൽ പ്രവർത്തിക്കുന്നതിനുള്ള പദവി ജിമ്മിനു ലഭിച്ചു.

പീഡിപ്പിക്കപ്പെടുമ്പോഴും സന്തുഷ്ടർ

16. (എ) കൊയ്‌ത്തു വേലയിൽ വിജയം വരിക്കാൻ കഴിഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) സുവാർത്തയുടെ ഫലത്തെ കുറിച്ച്‌ യേശു എന്തു മുന്നറിയിപ്പു നൽകി, എന്നാൽ നാം ആളുകളെ സമീപിക്കുന്നത്‌ ഏതു മനോഭാവത്തോടെയാണ്‌?

16 കൊയ്‌ത്തു വേലയിൽ ഇത്ര വലിയ വിജയം കൈവരിക്കാൻ കഴിഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അഭിഷിക്ത ക്രിസ്‌ത്യാനികളും അവരുടെ സഹകാരികളും യേശുവിന്റെ പിൻവരുന്ന നിർദേശം അനുസരിച്ചു പ്രവർത്തിച്ചിരിക്കുന്നു എന്നതാണ്‌ അതിന്റെ കാരണം: “ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ.” (മത്തായി 10:27) എന്നിരുന്നാലും നമുക്ക്‌ ബുദ്ധിമുട്ട്‌ പ്രതീക്ഷിക്കാൻ കഴിയും. കാരണം യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്‌പിക്കും; അമ്മയപ്പന്മാർക്കു എതിരായി മക്കൾ എഴുന്നേററു അവരെ കൊല്ലിക്കും.” യേശു തുടർന്നു പറഞ്ഞു: “ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.” (മത്തായി 10:​21, 34) യേശു മനഃപൂർവം കുടുംബം കലക്കാൻ ശ്രമിച്ചില്ല. എന്നിരുന്നാലും, സുവാർത്ത ചില സമയങ്ങളിൽ അങ്ങനെയൊരു ഫലം ഉളവാക്കി. ഇന്നത്തെ ദൈവദാസന്മാരുടെ കാര്യത്തിലും ഇതു സത്യമാണ്‌. കുടുംബങ്ങളെ സന്ദർശിക്കുമ്പോൾ അവരെ തമ്മിലടിപ്പിക്കണം എന്നതല്ല നമ്മുടെ ഉദ്ദേശ്യം. എല്ലാവരും സുവാർത്ത സ്വീകരിക്കാനാണ്‌ നാം ആഗ്രഹിക്കുന്നത്‌. അതുകൊണ്ട്‌ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ദയാപൂർവകമായ ഒരു വിധത്തിൽ സമീപിക്കാൻ നാം ശ്രമിക്കുന്നു. അത്തരമൊരു സമീപനം “നിത്യജീവന്‌ ചേർന്ന ശരിയായ മനോനിലയുള്ളവർക്ക്‌” നമ്മുടെ സന്ദേശം കൂടുതൽ ആകർഷകമാക്കുന്നു.​—⁠പ്രവൃത്തികൾ 13:⁠48, NW.

17. ദൈവത്തിന്റെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നവർ വേർതിരിക്കപ്പെടുന്നത്‌ എങ്ങനെ, ഇതിന്റെ ഒരു ഉദാഹരണം എന്ത്‌?

17 ദൈവത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നവരെ രാജ്യസന്ദേശം വേർതിരിച്ചു നിറുത്തിയിരിക്കുന്നു. ഉദാഹരണത്തിന്‌, ജർമനിയിലെ നാഷണൽ സോഷ്യലിസത്തിന്റെ കാലത്ത്‌ “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്ന കൽപ്പന അനുസരിച്ചതിന്റെ ഫലമായി നമ്മുടെ സഹാരാധകർ വ്യത്യസ്‌തരായി നിലകൊണ്ടത്‌ എങ്ങനെയെന്നു പരിചിന്തിക്കുക. (ലൂക്കൊസ്‌ 20:25) ക്രൈസ്‌തവലോക സഭകളിലെ മതനേതാക്കന്മാരിൽനിന്നും അവയിലെ അംഗങ്ങളായ നാമധേയ ക്രിസ്‌ത്യാനികളിൽനിന്നും വ്യത്യസ്‌തരായി യഹോവയുടെ ദാസന്മാർ ബൈബിൾ തത്ത്വങ്ങൾ ലംഘിക്കുന്നതിനു വിസമ്മതിച്ചുകൊണ്ട്‌ ഉറച്ചുനിന്നു. (യെശയ്യാവു 2:4; മത്തായി 4:10; യോഹന്നാൻ 17:16) നാസി രാഷ്‌ട്രവും പുതിയ മതങ്ങളും (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ, പ്രൊഫസർ ക്രിസ്റ്റീൻ കിങ്‌ ഇപ്രകാരം എഴുതി: “സാക്ഷികളോടു മാത്രമേ [നാസി] ഗവൺമെന്റ്‌ പരാജയപ്പെട്ടുള്ളൂ, അവർ ആയിരക്കണക്കിന്‌ യഹോവയുടെ സാക്ഷികളെ വധിച്ചെങ്കിലും സാക്ഷികളുടെ പ്രവർത്തനം തുടർന്നു, 1945 മേയ്‌ ആയപ്പോൾ യഹോവയുടെ സാക്ഷികളുടെ പ്രസ്ഥാനം സജീവമായിരുന്നു, എന്നാൽ നാഷണൽ സോഷ്യലിസം മൺമറഞ്ഞിരുന്നു.”

18. പീഡനങ്ങൾക്കു മധ്യേയും യഹോവയുടെ ജനം എന്തു മനോഭാവം പ്രകടിപ്പിക്കുന്നു?

18 പീഡനത്തെ അഭിമുഖീകരിക്കുമ്പോൾ യഹോവയുടെ ജനം പ്രകടമാക്കുന്ന മനോഭാവം ശ്രദ്ധേയമാണ്‌. നമ്മുടെ വിശ്വാസം ലൗകിക അധികാരികളിൽ മതിപ്പുളവാക്കിയേക്കാം എന്നിരിക്കെ നാം ശത്രുതയും നീരസവും വെച്ചുപുലർത്താത്തതിൽ അവർ അതിശയം കൊള്ളുന്നു. ഉദാഹരണത്തിന്‌, നാസി കൂട്ടക്കൊലയെ അതിജീവിച്ച സാക്ഷികൾ പലപ്പോഴും തങ്ങളുടെ അനുഭവങ്ങളിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ സന്തോഷവും സംതൃപ്‌തിയും പ്രകടിപ്പിക്കുന്നു. യഹോവ തങ്ങൾക്കു “സാധാരണയിലും കവിഞ്ഞ ശക്തി” നൽകിയെന്ന്‌ അവർക്ക്‌ അറിയാം. (2 കൊരിന്ത്യർ 4:⁠7, NW) നമ്മുടെ ഇടയിലെ അഭിഷിക്തർക്ക്‌ തങ്ങളുടെ ‘പേർ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിട്ടുണ്ടെന്ന’ ഉറപ്പുണ്ട്‌. (ലൂക്കൊസ്‌ 10:20) അവരുടെ സഹിഷ്‌ണുത ഭംഗം വരാത്ത അഥവാ നിരാശയിലേക്കു നയിക്കാത്ത ഒരു പ്രത്യാശ ഉളവാക്കുന്നു. ഭൗമിക പ്രത്യാശയുള്ള വിശ്വസ്‌ത കൊയ്‌ത്തു വേലക്കാർക്കും സമാനമായ ബോധ്യമുണ്ട്‌.​—⁠റോമർ 5:​4, 5.

കൊയ്‌ത്തു വേലയിൽ സ്ഥിരോത്സാഹം പ്രകടമാക്കുക

19. ക്രിസ്‌തീയ ശുശ്രൂഷയിൽ ഉപയോഗിച്ചിരിക്കുന്ന ഫലപ്രദമായ രീതികൾ ഏതെല്ലാം?

19 ആലങ്കാരിക കൊയ്‌ത്തു വേലയിൽ ഏർപ്പെടുന്നതിന്‌ യഹോവ എത്രകാലം കൂടെ നമുക്ക്‌ അനുവദിച്ചിട്ടുണ്ട്‌ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. അതുവരെയുള്ള സമയത്ത്‌ കൊയ്‌ത്തുകാർക്ക്‌ തങ്ങളുടെ വേല ചെയ്യുന്നതിന്‌ ചില പ്രത്യേക രീതികൾ ഉണ്ടെന്ന കാര്യം നാം മനസ്സിൽ പിടിക്കേണ്ടതുണ്ട്‌. അതുപോലെ, പരീക്ഷിച്ചു വിജയപ്രദമെന്നു തെളിഞ്ഞിട്ടുള്ള സാക്ഷീകരണ രീതികൾ ഉപയോഗിക്കുന്നതിലെ നമ്മുടെ വിശ്വസ്‌തത നല്ല ഫലങ്ങൾ കൈവരുത്തുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. പൗലൊസ്‌ തന്റെ സഹവിശ്വാസികളോട്‌ ഇപ്രകാരം പറഞ്ഞു: “എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.” (1 കൊരിന്ത്യർ 4:16) മിലെത്തോസിൽ വെച്ച്‌ എഫെസൊസിലെ മൂപ്പന്മാരുമായി യോഗം ചേർന്നപ്പോൾ “പരസ്യമായും വീടുതോറും” അവരെ പഠിപ്പിക്കുന്നതിൽ നിന്ന്‌ താൻ പിന്മാറി നിന്നിട്ടില്ല എന്ന കാര്യം പൗലൊസ്‌ അവരെ ഓർമിപ്പിച്ചു. (പ്രവൃത്തികൾ 20:​20, 21) പൗലൊസിന്റെ സഹപ്രവർത്തകനായിരുന്ന തിമൊഥെയൊസ്‌, അപ്പൊസ്‌തലൻ ഉപയോഗിച്ച രീതികൾ പഠിച്ചിരുന്നു. അതുകൊണ്ട്‌ കൊരിന്തിൽ ഉള്ളവർക്ക്‌ അവ വിശദീകരിച്ചു കൊടുക്കാൻ അവനു കഴിഞ്ഞു. (1 കൊരിന്ത്യർ 4:17) പൗലൊസിന്റെ പഠിപ്പിക്കൽ രീതികളുടെ മേൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നു. സമാനമായി, വീടുതോറും, മടക്കസന്ദർശനങ്ങളിലും ബൈബിളധ്യയനങ്ങളിലും അതുപോലെതന്നെ ആളുകളെ കണ്ടുമുട്ടാൻ കഴിയുന്ന എല്ലായിടങ്ങളിലും പരസ്യമായി സുവാർത്ത പ്രസംഗിക്കുന്നതിലുള്ള നമ്മുടെ സ്ഥിരോത്സാഹത്തെയും അവൻ അനുഗ്രഹിക്കും.​—⁠പ്രവൃത്തികൾ 17:17.

20. ഒരു വമ്പിച്ച ആത്മീയ കൊയ്‌ത്തു വേല മുമ്പിലുണ്ടെന്ന്‌ എങ്ങനെയാണ്‌ യേശു സൂചിപ്പിച്ചത്‌, സമീപ വർഷങ്ങളിൽ ഇതു സത്യമെന്നു തെളിഞ്ഞിരിക്കുന്നത്‌ എങ്ങനെ?

20 പൊ.യു. 30-ൽ സുഖാറിന്‌ അടുത്തുവെച്ച്‌ ഒരു ശമര്യക്കാരിയോട്‌ സാക്ഷീകരിച്ചതിനു ശേഷം യേശു ആത്മീയ കൊയ്‌ത്തിനെ കുറിച്ചു സംസാരിച്ചു. അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്‌ത്തിന്നു വെളുത്തിരിക്കുന്നതു കാണും. . . . വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.” (യോഹന്നാൻ 4:​34-36) ഒരുപക്ഷേ, ശമര്യ സ്‌ത്രീയുമായുള്ള തന്റെ സംഭാഷണത്തിന്റെ ഫലങ്ങൾ, അവളുടെ സാക്ഷ്യത്തിന്റെ ഫലമായി പലരും തന്നിൽ വിശ്വാസം അർപ്പിക്കുന്നത്‌, യേശുവിന്‌ അപ്പോൾത്തന്നെ കാണാൻ കഴിഞ്ഞിരുന്നു. (യോഹന്നാൻ 4:39) സമീപ വർഷങ്ങളിൽ, പല രാജ്യങ്ങളും യഹോവയുടെ സാക്ഷികളുടെ മേലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുകയോ അവർക്കു നിയമാംഗീകാരം നൽകുകയോ ചെയ്‌തിരിക്കുന്നു. അങ്ങനെ കൊയ്‌ത്തിനായുള്ള പുതിയ വയലുകൾ തുറക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഫലമായി ഇപ്പോൾ ഒരു വമ്പിച്ച ആത്മീയ കൊയ്‌ത്തു നടന്നുകൊണ്ടിരിക്കുകയാണ്‌. ആത്മീയ കൊയ്‌ത്തിൽ സന്തോഷപൂർവം തുടരവേ ലോകവ്യാപകമായി നാം സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്‌.

21. സന്തുഷ്ട കൊയ്‌ത്തു വേലക്കാർ എന്ന നിലയിൽ തുടരുന്നതിന്‌ നമുക്ക്‌ കാരണമുള്ളത്‌ എന്തുകൊണ്ട്‌?

21 വിളവു കൊയ്‌ത്തിനു പാകമാകുമ്പോൾ പണിക്കാർ അടിയന്തിരതയോടെ പ്രവർത്തിക്കണം. ഒട്ടും സമയം പാഴാക്കാതെ അവർ അധ്വാനിക്കേണ്ടതുണ്ട്‌. ഇന്നു നാം ജീവിക്കുന്നത്‌ “അന്ത്യകാല”ത്തായതിനാൽ അടിയന്തിരതാ ബോധത്തോടെ നാം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്‌. (ദാനീയേൽ 12:⁠4) നമുക്ക്‌ പരിശോധനകൾ ഉണ്ടാകുന്നു എന്നതു ശരിയാണ്‌. എന്നാൽ യഹോവയുടെ ആരാധകരുടെ എന്നത്തേതിലും വലിയ ഒരു കൊയ്‌ത്താണ്‌ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്‌. അതിനാൽ ഇതു സന്തോഷത്തിന്റെ സമയമാണ്‌. (യെശയ്യാവു 9:⁠3) അപ്പോൾ, സന്തുഷ്ട വേലക്കാർ എന്ന നിലയിൽ നമുക്കു കൊയ്‌ത്തു വേലയിൽ സ്ഥിരോത്സാഹം പ്രകടമാക്കാം!

[അടിക്കുറിപ്പുകൾ]

^ ഖ. 15 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച്‌ വിതരണം ചെയ്‌തിരിക്കുന്നത്‌.

നിങ്ങളുടെ ഉത്തരം എന്ത്‌?

കൂടുതൽ വേലക്കാർക്കായുള്ള അപേക്ഷയോട്‌ കൊയ്‌ത്തിന്റെ യജമാനൻ എങ്ങനെ പ്രതികരിച്ചിരിക്കുന്നു?

‘എല്ലാവരാലും പകെക്കപ്പെടുന്നെങ്കിലും’ നാം ഏതു മനോഭാവം വെച്ചു പുലർത്തുന്നു?

പീഡിപ്പിക്കപ്പെടുമ്പോഴും നാം സന്തുഷ്ടർ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അടിയന്തിരതാ ബോധത്തോടെ കൊയ്‌ത്തു വേലയിൽ സ്ഥിരോത്സാഹം പ്രകടമാക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16, 17 പേജിലെ ചിത്രങ്ങൾ]

ആത്മീയ കൊയ്‌ത്തിൽ ഏർപ്പെടുന്നവർക്ക്‌ ദൂത പിന്തുണയുണ്ട്‌

[18-ാം പേജിലെ ചിത്രം]

വിജ്ഞാപന ജാഥകൾ പലരും രാജ്യസന്ദേശം ശ്രദ്ധിക്കാൻ ഇടയാക്കി

[18-ാം പേജിലെ ചിത്രം]

നാം നടുകയും നനയ്‌ക്കുകയും ചെയ്യുന്നു, ദൈവമത്രേ വളരുമാറാക്കുന്നത്‌