വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നീതിമാന്‌ അനുഗ്രഹങ്ങൾ ലഭിക്കും’

‘നീതിമാന്‌ അനുഗ്രഹങ്ങൾ ലഭിക്കും’

‘നീതിമാന്‌ അനുഗ്രഹങ്ങൾ ലഭിക്കും’

“ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല” എന്ന്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ തന്റെ വാർധക്യകാലത്ത്‌ പറഞ്ഞു. (സങ്കീർത്തനം 37:25) യഹോവയാം ദൈവം നീതിമാന്മാരെ സ്‌നേഹിക്കുകയും അവർക്കായി കരുതുകയും ചെയ്യുന്നു. നീതി അന്വേഷിക്കാൻ തന്റെ വചനമായ ബൈബിളിലൂടെ അവൻ സത്യാരാധകരെ പ്രോത്സാഹിപ്പിക്കുന്നു.​—⁠സെഫന്യാവു 2:⁠3.

നന്മയും തിന്മയും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളോടുള്ള അനുരൂപപ്പെടലിനെയാണ്‌ നീതി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ദൈവേഷ്ടവുമായി അനുരൂപപ്പെടുന്നവർ ആസ്വദിക്കുന്ന അനേകം ആത്മീയ അനുഗ്രഹങ്ങളിലേക്കു വിരൽ ചൂണ്ടിക്കൊണ്ട്‌ സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്‌തകത്തിന്റെ 10-ാം അധ്യായം അങ്ങനെ ചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. സമൃദ്ധമായ അളവിലുള്ള പോഷകപ്രദമായ ആത്മീയ ആഹാരം, പ്രതിഫലദായകവും തൃപ്‌തികരവുമായ വേല, ദൈവവും മനുഷ്യനും ആയുള്ള നല്ല ബന്ധം എന്നിവ ആ അനുഗ്രഹങ്ങളിൽ പെടുന്നു. അങ്ങനെയെങ്കിൽ, നമുക്കിപ്പോൾ സദൃശവാക്യങ്ങൾ 10:​1-14 വരെയുള്ള വാക്യങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യാം.

ഉത്‌കൃഷ്ടമായ ഒരു പ്രേരകഘടകം

ഈ അധ്യായത്തിന്റെ പ്രാരംഭ വാക്കുകൾ അതിന്റെ എഴുത്തുകാരൻ ആരാണ്‌ എന്നു വ്യക്തമായി പറയുന്നു. അവ ഇങ്ങനെ വായിക്കുന്നു: “ശലോമോന്റെ സദൃശവാക്യങ്ങൾ.” ശരിയായ പാത പിൻപറ്റുന്നതിനുള്ള ഉത്‌കൃഷ്ടമായ ഒരു പ്രേരകഘടകത്തെ തിരിച്ചറിയിച്ചുകൊണ്ട്‌ പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ശലോമോൻ പറയുന്നു: “ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.”​—⁠സദൃശവാക്യങ്ങൾ 10:⁠1.

തങ്ങളുടെ മക്കളിൽ ഒരാൾ ജീവനുള്ള സത്യദൈവത്തിന്റെ ആരാധന ഉപേക്ഷിക്കുമ്പോൾ അതു മാതാപിതാക്കൾക്ക്‌ എത്ര വലിയ ദുഃഖമാണ്‌ കൈവരുത്തുന്നത്‌! അമ്മയുടെ ദുഃഖം ഒരുപക്ഷേ കൂടുതൽ ആഴമുള്ളതാണെന്നു സൂചിപ്പിച്ചുകൊണ്ട്‌ ജ്ഞാനിയായ രാജാവ്‌ അവളുടെ വ്യസനത്തെ കുറിച്ച്‌ എടുത്തുപറയുന്നു. ഡോറിസിന്റെ * കാര്യത്തിൽ ഇതു സത്യമായിരുന്നു. അവർ ഇങ്ങനെ പറയുന്നു: “21 വയസ്സുള്ള ഞങ്ങളുടെ മകൻ സത്യം ഉപേക്ഷിച്ചപ്പോൾ എന്റെയും ഭർത്താവ്‌ ഫ്രാങ്കിന്റെയും ഹൃദയം തകർന്നുപോയി. വൈകാരികമായി ഫ്രാങ്കിനെക്കാൾ കൂടുതൽ തളർന്നു പോയത്‌ ഞാനായിരുന്നു. 12 വർഷത്തിനു ശേഷവും ആ മുറിവ്‌ ഉണങ്ങിയിട്ടില്ല.”

കുട്ടികളുടെ നടത്തയ്‌ക്ക്‌ അവരുടെ പിതാവിന്റെ സന്തോഷത്തെ ബാധിക്കാനും മാതാവിനു ഹൃദയവേദന വരുത്താനും കഴിയും. ജ്ഞാനികളായിരുന്നുകൊണ്ടു നമുക്ക്‌ നമ്മുടെ മാതാപിതാക്കൾക്കു സന്തോഷം കൈവരുത്താം. അതിലും പ്രധാനമായി നമുക്ക്‌ നമ്മുടെ സ്വർഗീയ പിതാവായ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാം.

‘നീതിമാനു തൃപ്‌തി ലഭിക്കും’

രാജാവു പറയുന്നു: “ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.” (സദൃശവാക്യങ്ങൾ 10:⁠2) അന്ത്യത്തിന്റെ പരമാന്ത്യത്തിൽ ജീവിക്കുന്ന സത്യക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ വളരെ മൂല്യവത്താണ്‌. (ദാനീയേൽ 12:⁠4) ഇന്നത്തെ അഭക്ത ലോകം നാശത്തിന്റെ വക്കിലാണ്‌. അടുത്തു വന്നുകൊണ്ടിരിക്കുന്ന ‘മഹോപദ്രവത്തിൽ’ സുരക്ഷിതത്വത്തിനുള്ള മനുഷ്യന്റെ ഒരു മാർഗവും​—⁠വസ്‌തുവകകളോ സമ്പത്തോ സൈനികശക്തിയോ​—⁠സംരക്ഷണം പ്രദാനം ചെയ്യുകയില്ല. (വെളിപ്പാടു 7:​9, 10, 13, 14, NW) “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്‌കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 2:​21) അതേ, അവർ മാത്രമേ നാശത്തെ അതിജീവിക്കുകയുള്ളൂ. അതുകൊണ്ട്‌ നമുക്കിപ്പോൾ, “മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷി”ക്കുന്നതിൽ തുടരാം.​—⁠മത്തായി 6:⁠33.

യഹോവയുടെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിന്‌ അവന്റെ ദാസന്മാർക്ക്‌ വാഗ്‌ദത്ത പുതിയ ലോകം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. “യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.” (സദൃശവാക്യങ്ങൾ 10:⁠3) യഹോവയാം ദൈവം “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെ സമൃദ്ധമായ ആത്മീയ ആഹാരം പ്രദാനം ചെയ്‌തിരിക്കുന്നു. (മത്തായി 24:​45, NW) നീതിമാന്മാർക്കു തീർച്ചയായും “ഹൃദയാനന്ദംകൊണ്ടു ഘോഷിക്കു”ന്നതിനു തക്കതായ കാരണമുണ്ട്‌. (യെശയ്യാവു 65:14) പരിജ്ഞാനം സമ്പാദിക്കുന്നത്‌ അവനെ ആനന്ദിപ്പിക്കുന്നു. ആത്മീയ നിധികൾക്കായി തിരയുന്നതിൽ അവൻ സന്തോഷം കണ്ടെത്തുന്നു. എന്നാൽ ദുഷ്ടൻ ഈ സന്തോഷങ്ങളൊന്നും ആസ്വദിക്കുന്നില്ല.

‘ഉത്സാഹം ഒരുവനെ സമ്പന്നനാക്കുന്നു’

നീതിമാൻ മറ്റൊരു വിധത്തിലും അനുഗ്രഹിക്കപ്പെടുന്നു. “മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്‌തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു. വേനൽക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്‌ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.”​—⁠സദൃശവാക്യങ്ങൾ 10:​4, 5.

കൊയ്‌ത്തുകാലത്തെ ജോലിക്കാരെ സംബന്ധിച്ചിടത്തോളം രാജാവിന്റെ വാക്കുകൾ വിശേഷിച്ചും അർഥവത്താണ്‌. ഉറങ്ങുന്നതിനുള്ള സമയമല്ല കൊയ്‌ത്തുകാലം. മണിക്കൂറുകളോളം ഉത്സാഹപൂർവം പണിയെടുക്കേണ്ട സമയമാണ്‌ അത്‌. അതേ, അടിയന്തിര ബോധത്തോടെ പ്രവർത്തിക്കേണ്ട സമയമാണത്‌.

ധാന്യത്തിന്റെയല്ല മറിച്ച്‌ ആളുകളുടെ കൊയ്‌ത്തിനെ കുറിച്ച്‌ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “കൊയ്‌ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്‌ത്തിന്റെ യജമാനനോടു [യഹോവയാം ദൈവത്തോട്‌] കൊയ്‌ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്തായി 9:​35-38) 2000-ാമാണ്ടിൽ 1 കോടി 40 ലക്ഷത്തിലധികം​—⁠യഹോവയുടെ സാക്ഷികളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം​—⁠ആളുകൾ യേശുവിന്റെ മരണത്തിന്റെ സ്‌മാരകത്തിനായി കൂടിവന്നു. അപ്പോൾ, ‘നിലങ്ങൾ കൊയ്‌ത്തിന്നു വെളുത്തിരിക്കുന്നു’ എന്ന വസ്‌തുതയെ ആർക്കാണു നിഷേധിക്കാൻ കഴിയുക? (യോഹന്നാൻ 4:35) യജമാനനോട്‌ കൂടുതൽ വേലക്കാർക്കായി അപേക്ഷിക്കുമ്പോൾത്തന്നെ സത്യാരാധകർ തങ്ങളുടെ പ്രാർഥനകൾക്കു ചേർച്ചയിൽ ശിഷ്യരാക്കൽ വേലയിൽ തീക്ഷ്‌ണതയോടെ കഠിനാധ്വാനം ചെയ്യുന്നു. (മത്തായി 28:​19, 20) അവരുടെ ശ്രമങ്ങളെ യഹോവ എത്ര സമൃദ്ധമായാണ്‌ അനുഗ്രഹിച്ചിരിക്കുന്നത്‌! സേവനവർഷം 2000-ത്തിൽ പുതുതായി 2,80,000-ത്തിലധികം പേർ സ്‌നാപനമേറ്റു. ഇവരും ദൈവവചനം പഠിപ്പിക്കുന്നവർ ആയിരിക്കാൻ കഠിനശ്രമം ചെയ്യുന്നു. ശിഷ്യരാക്കൽ വേലയിൽ പൂർണമായി പങ്കുപറ്റിക്കൊണ്ട്‌ ഈ കൊയ്‌ത്തുകാലത്ത്‌ നമുക്ക്‌ സന്തോഷവും സംതൃപ്‌തിയും ആസ്വദിക്കാം.

‘അവന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു’

ശലോമോൻ ഇങ്ങനെ തുടരുന്നു: “നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു [“വാ അക്രമം മറച്ചുവയ്‌ക്കുന്നു,” പി.ഒ.സി. ബൈബിൾ].”​—⁠സദൃശവാക്യങ്ങൾ 10:⁠6.

നിർമലവും നീതിനിഷ്‌ഠവുമായ ഒരു ഹൃദയമുള്ള വ്യക്തി താൻ നീതിമാനാണ്‌ എന്നതിനു മതിയായ തെളിവു നൽകും. അയാളുടെ സംഭാഷണം ദയയോടു കൂടിയതും പരിപുഷ്ടിപ്പെടുത്തുന്നതും ആയിരിക്കും. കൂടാതെ, ഔദാര്യത്തോടെയും കെട്ടുപണി ചെയ്യുന്ന രീതിയിലും ആയിരിക്കും അയാൾ പ്രവർത്തിക്കുക. മറ്റുള്ളവർ അയാളുമായുള്ള സഹവാസം ഇഷ്ടപ്പെടും. അവർ അയാളെ കുറിച്ചു നല്ലതു സംസാരിക്കുന്നു എന്ന അർഥത്തിൽ അയാൾ അവരുടെ ആദരവ്‌ അഥവാ അനുഗ്രഹം നേടിയെടുക്കുന്നു.

നേരെ മറിച്ച്‌ ദുഷ്ടന്റെ ഉള്ളിൽ നിറയെ വിദ്വേഷവും പകയുമാണ്‌. മറ്റുള്ളവരെ ദ്രോഹിക്കുക എന്നതാണ്‌ അയാളുടെ അടിസ്ഥാനപരമായ ഉദ്ദേശ്യം. തേനൂറുന്ന മധുരസംഭാഷണത്തിലൂടെ തന്റെ ഹൃദയത്തിൽ ഒളിഞ്ഞുകിടക്കുന്ന ‘അക്രമത്തെ മറച്ചുവയ്‌ക്കാൻ’ അയാൾക്കു കഴിഞ്ഞേക്കാം. എന്നാൽ എപ്പോഴെങ്കിലും അയാൾ വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ ഉള്ള ആക്രമണത്തിനു മുതിരുകതന്നെ ചെയ്യും. (മത്തായി 12:​34, 35) അല്ലെങ്കിൽ, ‘ദുഷ്ടന്മാരുടെ വായെ സാഹസം മൂടും.’ ഒരു ദുഷ്ട വ്യക്തിക്ക്‌ മിക്കപ്പോഴും അയാൾ മറ്റുള്ളവരോടു പ്രകടമാക്കുന്ന ശത്രുത തന്നെ അവരിൽനിന്നു തിരിച്ചു ലഭിക്കുമെന്ന്‌ ഇതു സൂചിപ്പിക്കുന്നു. ഇത്‌ അയാളുടെ വായെ മൂടിക്കളയുന്നു അല്ലെങ്കിൽ സംസാരം നിലച്ചുപോകാൻ ഇടയാക്കുന്നു. ഇത്തരമൊരു വ്യക്തിക്ക്‌ മറ്റുള്ളവരിൽനിന്ന്‌ എന്ത്‌ അനുഗ്രഹമാണു പ്രതീക്ഷിക്കാനാവുക?

ഇസ്രായേലിന്റെ രാജാവ്‌ തുടർന്ന്‌ ഇങ്ങനെ എഴുതുന്നു: “നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.” (സദൃശവാക്യങ്ങൾ 10:⁠7) നീതിമാനെ കുറിച്ചു മറ്റുള്ള ആളുകൾക്ക്‌, പരമപ്രധാനമായി യഹോവയാം ദൈവത്തിന്‌ നല്ല ഓർമകളാണ്‌ ഉണ്ടായിരിക്കുക. മരണപര്യന്തം വിശ്വസ്‌തത പാലിച്ചുകൊണ്ട്‌ യേശു ‘ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായിത്തീർന്നു.’ (എബ്രായർ 1:​3, 4) വിശ്വസ്‌തരായിരുന്ന ക്രിസ്‌തീയപൂർവ സ്‌ത്രീപുരുഷന്മാരെ അനുകരണ യോഗ്യർ എന്ന നിലയിൽ സത്യക്രിസ്‌ത്യാനികൾ ഇന്ന്‌ ഓർക്കുന്നു. (എബ്രായർ 12:​1, 2) ദുഷ്ടന്മാരുടെ അറപ്പും വെറുപ്പും ഉളവാക്കുന്ന പേരിൽനിന്ന്‌ എത്ര വ്യത്യസ്‌തം! അതേ, “ഏറെ സമ്പത്തിനെക്കാൾ സൽപേരാണ്‌ അഭിലഷണീയം, മതിപ്പാണ്‌ വെള്ളിയെയും സ്വർണത്തെയുംകാൾ ഉത്തമം.” (സദൃശവാക്യങ്ങൾ 22:​1, ഓശാന ബൈബിൾ) നമുക്ക്‌ യഹോവയുമായും സഹമനുഷ്യരുമായും ഒരു നല്ല പേർ സമ്പാദിക്കാം.

“നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു”

ജ്ഞാനിയും ഭോഷനും തമ്മിലുള്ള വ്യത്യാസം എടുത്തു കാണിച്ചുകൊണ്ട്‌ ശലോമോൻ പറയുന്നു: “ജ്ഞാനഹൃദയൻ കല്‌പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.” (സദൃശവാക്യങ്ങൾ 10:⁠8) “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല” എന്ന വസ്‌തുത ജ്ഞാനിയായ ഒരു വ്യക്തി തിരിച്ചറിയുന്നു. (യിരെമ്യാവു 10:23) യഹോവയുടെ മാർഗനിർദേശം തേടേണ്ടതിന്റെ ആവശ്യം അയാൾ മനസ്സിലാക്കുകയും ദൈവ കൽപ്പനകളെ മടികൂടാതെ കൈക്കൊള്ളുകയും ചെയ്യുന്നു. നേരെ മറിച്ച്‌, വിടുവായനായ ഭോഷൻ ഈ അടിസ്ഥാന വസ്‌തുത മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു. നിരർഥകമായ ചിലയ്‌ക്കൽ അയാളെ നാശത്തിലേക്കു നയിക്കുന്നു.

ദുഷ്ടനു ലഭിക്കാത്ത ഒരു തരം സുരക്ഷിതത്വം ആസ്വദിക്കാനും നീതിമാനു സാധിക്കുന്നു. “നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടു വരും. കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു [“വിടുവായനായ ഭോഷനോ വീണുപോകും,” ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം].”​—⁠സദൃശവാക്യങ്ങൾ 10:​9, 10.

നേരുള്ള ഒരു വ്യക്തി തന്റെ എല്ലാ ഇടപെടലുകളിലും സത്യസന്ധനായിരിക്കും. അയാൾ മറ്റുള്ളവരുടെ ആദരവും വിശ്വാസവും നേടുന്നു. സത്യസന്ധനായ ഒരു വ്യക്തി വിലമതിക്കപ്പെടുന്ന ഒരു തൊഴിലാളി ആയിരിക്കും. പലപ്പോഴും അതിന്റെ ഫലമായി അയാൾക്ക്‌ കൂടുതലായ ഉത്തരവാദിത്വങ്ങൾ ലഭിക്കുന്നു. സത്യസന്ധനെന്ന നിലയിൽ അയാൾ സമ്പാദിച്ചിരിക്കുന്ന പേർ തൊഴിലവസരങ്ങൾ ദുർലഭമായിരിക്കുമ്പോൾ പോലും ജോലി ഉണ്ടായിരിക്കാൻ അയാളെ സഹായിക്കുന്നു. കൂടാതെ, വീട്ടിലെ സന്തുഷ്ടവും സമാധാനപരവുമായ ഒരു അന്തരീക്ഷത്തിനും സത്യസന്ധത സംഭാവന ചെയ്യുന്നു. (സങ്കീർത്തനം 34:​13, 14) തന്റെ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിൽ അയാൾക്ക്‌ സുരക്ഷിതത്വം അനുഭവപ്പെടുന്നു. നേരായ നടത്തയ്‌ക്കു ലഭിക്കുന്ന ഒരു ഫലമാണ്‌ സുരക്ഷിതത്വം.

സ്വാർഥ നേട്ടങ്ങൾക്കായി സത്യസന്ധമല്ലാത്ത മാർഗങ്ങൾ അവലംബിക്കുന്ന ഒരു വ്യക്തിയുടെ അവസ്ഥ വളരെ വ്യത്യസ്‌തമാണ്‌. വക്രമായ സംഭാഷണത്തിലൂടെയോ ഭാവപ്രകടനങ്ങളിലൂടെയോ സത്യസന്ധതയില്ലായ്‌മ മറയ്‌ക്കാൻ ഒരു വഞ്ചകൻ ശ്രമിച്ചേക്കാം. (സദൃശവാക്യങ്ങൾ 6:​12-14) വിദ്വേഷത്തോടെയോ വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെയോ കണ്ണു കാണിക്കുന്നത്‌ വഞ്ചനയ്‌ക്ക്‌ ഇരയാകുന്നവരുടെ വർധിച്ച മാനസിക വ്യഥയ്‌ക്ക്‌ ഇടയാക്കിയേക്കാം. എന്നാൽ ഇന്നല്ലെങ്കിൽ നാളെ അയാളുടെ വക്രത വെളിപ്പെട്ടുവരും. അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “ചില മനുഷ്യരുടെ പാപങ്ങൾ വിസ്‌താരത്തിന്നു മുമ്പെതന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ. സൽപ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.” (1 തിമൊഥെയൊസ്‌ 5:​24, 25) ഉൾപ്പെട്ടിരിക്കുന്നത്‌ ആരായിരുന്നാലും​—⁠മാതാപിതാക്കളിൽ ആരെങ്കിലുമോ സുഹൃത്തോ ഇണയോ പരിചയക്കാരനോ, ആരായിരുന്നാലും ശരി​—⁠വഞ്ചന ഒടുവിൽ വെളിച്ചത്താകും. സത്യസന്ധതയില്ലായ്‌മയ്‌ക്കു പേരുകേട്ട ഒരുവനെ ആർക്കാണു വിശ്വസിക്കാനാവുക?

“നീതിമാന്റെ വായ്‌ ജീവന്റെ ഉറവാകുന്നു”

ശലോമോൻ പറയുന്നു: “നീതിമാന്റെ വായ്‌ ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു.” (സദൃശവാക്യങ്ങൾ 10:11) വായിൽനിന്നു പുറപ്പെടുന്ന വാക്കുകൾക്ക്‌ സുഖപ്പെടുത്താനും മുറിപ്പെടുത്താനുമുള്ള കഴിവുണ്ട്‌. ഒരു വ്യക്തിക്കു നവോന്മേഷം അല്ലെങ്കിൽ പുതുജീവൻ പകരാനുള്ള ശക്തി അതിനുണ്ട്‌. എന്നാൽ അയാളുടെ മനസ്സിനെ ഇടിച്ചുകളയാനും അതിനാവും.

സംസാരത്തിനു പിന്നിലെ പ്രേരകഘടകത്തെ തിരിച്ചറിയിച്ചുകൊണ്ട്‌ രാജാവ്‌ പറയുന്നു: “പക വഴക്കുകൾക്കു കാരണം ആകുന്നു; സ്‌നേഹമോ; സകലലംഘനങ്ങളെയും മൂടുന്നു.” (സദൃശവാക്യങ്ങൾ 10:12) പക മനുഷ്യ സമൂഹത്തിൽ വഴക്കുകൾക്കും പോരാട്ടങ്ങൾക്കും കാരണമാകുന്നു. യഹോവയെ സ്‌നേഹിക്കുന്നവർ തങ്ങളുടെ ജീവിതത്തിൽനിന്നു പകയെ പിഴുതുമാറ്റണം. എങ്ങനെ? സ്‌നേഹം നട്ടുവളർത്തിക്കൊണ്ട്‌. “സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.” (1 പത്രൊസ്‌ 4:⁠8) സ്‌നേഹം “എല്ലാം പൊറുക്കുന്നു,” അതായത്‌, “എല്ലാ സംഗതികളെയും അതു മൂടുന്നു.” (1 കൊരിന്ത്യർ 13:7; രാജ്യ വരിമധ്യ ഭാഷാന്തരം) ദൈവികസ്‌നേഹം അപൂർണ വ്യക്തികളിൽനിന്നു പൂർണത പ്രതീക്ഷിക്കുകയില്ല. മറ്റുള്ളവരുടെ തെറ്റുകൾ കൊട്ടിഘോഷിക്കുന്നതിനു പകരം ഗുരുതരമല്ലാത്ത പാപങ്ങൾ വിട്ടുകളയാൻ അത്തരം സ്‌നേഹം നമ്മെ പ്രാപ്‌തരാക്കും. വയൽ ശുശ്രൂഷയിലോ ജോലിസ്ഥലത്തോ സ്‌കൂളിലോ ഒക്കെ നമുക്കു നേരിടേണ്ടി വരുന്ന അപമര്യാദയായ പെരുമാറ്റത്തെയും സ്‌നേഹം സഹിക്കുന്നു.

ജ്ഞാനിയായ രാജാവ്‌ ഇങ്ങനെ തുടരുന്നു: “വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടികൊള്ളാം.” (സദൃശവാക്യങ്ങൾ 10:13) വിവേകിയുടെ ജ്ഞാനം അയാളുടെ ചുവടുകളെ നയിക്കുന്നു. അയാളുടെ അധരങ്ങളിലെ പരിപുഷ്ടിപ്പെടുത്തുന്ന വാക്കുകൾ നീതിയുടെ മാർഗത്തിൽ നടക്കാൻ മറ്റുള്ളവരെ സഹായിക്കുന്നു. അയാളെയോ അയാളുടെ വാക്കുകൾ കേൾക്കുന്നവരെയോ നിർബന്ധിച്ച്‌, ശിക്ഷണമാകുന്ന വടി ഉപയോഗിച്ച്‌ ശരിയായ വഴിയിൽ നടത്തേണ്ടതില്ല.

‘പരിജ്ഞാനം സംഭരിക്കുക’

നമ്മുടെ വാക്കുകൾ നിസ്സാര കാര്യങ്ങളുടെ നീരൊഴുക്ക്‌ ആയിരിക്കുന്നതിനു പകരം ‘ജ്ഞാനത്തിന്റെ ഒഴുക്കുള്ള തോടു’പോലെ ആയിരിക്കാൻ എന്തു സഹായിക്കും? (സദൃശവാക്യങ്ങൾ 18:⁠4) ശലോമോൻ ഉത്തരം നൽകുന്നു: “ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു [“സംഭരിച്ചുവയ്‌ക്കുന്നു,” പി.ഒ.സി. ബൈ.]; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.”​—⁠സദൃശവാക്യങ്ങൾ 10:⁠14.

ആദ്യമായി നമ്മുടെ മനസ്സിനെ ദൈവത്തിന്റെ പരിപുഷ്ടിപ്പെടുത്തുന്ന പരിജ്ഞാനം കൊണ്ടു നിറയ്‌ക്കേണ്ടതുണ്ട്‌. ആ പരിജ്ഞാനം ഒരൊറ്റ ഉറവിൽനിന്നു മാത്രമേ ലഭിക്കൂ. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ്‌ 3:​16, 17) നാം പരിജ്ഞാനം സംഭരിക്കുകയും മറഞ്ഞിരിക്കുന്ന ഒരു നിക്ഷേപത്തിനു വേണ്ടി തിരയുന്നതു പോലെ ദൈവവചനത്തിൽ ആഴത്തിൽ കുഴിച്ചിറങ്ങുകയും വേണം. അത്തരമൊരു തിരച്ചിൽ എത്ര ആവേശജനകവും പ്രതിഫലദായകവും ആയിരിക്കും!

നമ്മുടെ അധരങ്ങളിൽ ജ്ഞാനം കണ്ടെത്തണമെങ്കിൽ തിരുവെഴുത്തു പരിജ്ഞാനം നമ്മുടെ ഹൃദയത്തിൽ എത്തേണ്ടതുണ്ട്‌. യേശു തന്റെ ശ്രോതാക്കളോട്‌ ഇപ്രകാരം പറഞ്ഞു: “നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽനിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്‌താവിക്കുന്നതു.” (ലൂക്കൊസ്‌ 6:45) അതുകൊണ്ട്‌ പഠിക്കുന്ന കാര്യങ്ങളെ കുറിച്ചു നാം പതിവായി ധ്യാനിക്കേണ്ടതുണ്ട്‌. പഠനത്തിനും ധ്യാനത്തിനും ശ്രമം ആവശ്യമാണ്‌ എന്നതു ശരിയാണ്‌. എന്നാൽ അത്തരം പഠനം ആത്മീയമായി എത്ര പരിപുഷ്ടിപ്പെടുത്തുന്നതാണ്‌! വിടുവായനായ ഒരു വ്യക്തിയുടെ നാശകരമായ പാത ആരും പിൻപറ്റേണ്ടതില്ല.

അതേ, ജ്ഞാനിയായ ഒരു വ്യക്തി ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യുകയും മറ്റുള്ളവരെ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. അയാൾക്ക്‌ സമൃദ്ധമായ ആത്മീയ ഭക്ഷണം ആസ്വദിക്കാനും കർത്താവിന്റെ പ്രതിഫലദായകമായ വേലയിൽ ധാരാളം ചെയ്യാനും കഴിയുന്നു. (1 കൊരിന്ത്യർ 15:58) സത്യസന്ധനായ ഒരു വ്യക്തി ആയതിനാൽ അയാൾക്കു സുരക്ഷിതത്വവും ദൈവാംഗീകാരവും ലഭിക്കും. നീതിമാന്റെ അനുഗ്രഹങ്ങൾ തീർച്ചയായും വളരെയാണ്‌. നന്മയും തിന്മയും സംബന്ധിച്ച ദൈവിക നിലവാരങ്ങളുമായി നമ്മുടെ ജീവിതത്തെ അനുരൂപപ്പെടുത്തിക്കൊണ്ട്‌ നമുക്കു നീതി അന്വേഷിക്കാം.

[അടിക്കുറിപ്പുകൾ]

^ ഖ. 6 പേരിനു മാറ്റം വരുത്തിയിട്ടുണ്ട്‌.

[25-ാം പേജിലെ ചിത്രം]

സത്യസന്ധത ഒരു സന്തുഷ്ട കുടുംബജീവിതത്തിനു സംഭാവന ചെയ്യുന്നു

[26-ാം പേജിലെ ചിത്രം]

‘ജ്ഞാനി പരിജ്ഞാനം സംഭരിക്കുന്നു’