വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണാനന്തര ജീവിതം ഉണ്ടോ?

മരണാനന്തര ജീവിതം ഉണ്ടോ?

മരണാനന്തര ജീവിതം ഉണ്ടോ?

“മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?” ഏതാണ്ട്‌ 3,500 വർഷം മുമ്പ്‌ ഗോത്രപിതാവായിരുന്ന ഇയ്യോബ്‌ അങ്ങനെ ചോദിച്ചു. (ഇയ്യോബ്‌ 14:14) സഹസ്രാബ്ദങ്ങളായി മനുഷ്യവർഗത്തെ കുഴക്കിയിരിക്കുന്ന ഒരു ചോദ്യമാണ്‌ ഇത്‌. യുഗങ്ങളിലുടനീളം, എല്ലാ സമൂഹങ്ങളിലും പെട്ട ആളുകൾ ഈ വിഷയത്തെ കുറിച്ചു ചിന്തിക്കുകയും വ്യത്യസ്‌ത സിദ്ധാന്തങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ക്രിസ്‌ത്യാനികളെന്നു പറയുന്ന അനേകരും സ്വർഗത്തിലും നരകത്തിലും വിശ്വസിക്കുന്നു. ഹിന്ദുക്കളാകട്ടെ പുനർജ്ജന്മത്തിലും. ഇതു സംബന്ധിച്ച മുസ്ലീങ്ങളുടെ വീക്ഷണത്തെ കുറിച്ച്‌ ഒരു ഇസ്ലാമിക മത കേന്ദ്രത്തിലെ ഉപ അധ്യാപകനായ ഇമിർ മൂവാവിയാ ഇങ്ങനെ പറയുന്നു: “മരണാനന്തരം ഒരു ന്യായവിധി ദിവസം ഉണ്ടെന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ, അള്ളാഹുവിന്റെ, സന്നിധിയിലേക്കു പോകേണ്ടി വരുമ്പോൾ അത്‌ ഒരു കോടതി മുറിയിൽ പ്രവേശിക്കുന്നതു പോലെ ആയിരിക്കും.” അന്ന്‌ അള്ളാഹു എല്ലാവരുടെയും ജീവിതഗതി പരിശോധിച്ച്‌ ഓരോരുത്തരെയും ജന്നത്തിലേക്കോ (സ്വർഗം) ദോസക്കിലേക്കോ (നരകം) അയയ്‌ക്കും എന്നാണ്‌ ഇസ്ലാമിക വിശ്വാസം.

ശ്രീലങ്കയിൽ, ബുദ്ധമതക്കാരും കത്തോലിക്കരും വീട്ടിൽ ഒരു മരണം നടന്നാൽ വാതിലുകളും ജാലകങ്ങളും മലർക്കെ തുറന്നിടുന്നു. ഒരു എണ്ണവിളക്ക്‌ കത്തിക്കുകയും മരിച്ച ആളുടെ കാലുകൾ മുൻവാതിലിന്‌ അഭിമുഖമായി വരത്തക്കവിധം ശവപ്പെട്ടി വെക്കുകയും ചെയ്യുന്നു. മരിച്ച വ്യക്തിയുടെ ആത്മാവ്‌ പുറത്തേക്കു പോകാൻ ഇതെല്ലാം സഹായിക്കും എന്നാണ്‌ അവരുടെ വിശ്വാസം.

“മനുഷ്യർ ആത്മീയമായി അക്ഷയരാണ്‌” എന്ന്‌ ഓസ്‌ട്രേലിയൻ ആദിവാസികൾ വിശ്വസിക്കുന്നതായി പശ്ചിമ ഓസ്‌ട്രേലിയൻ സർവകലാശാലയിലെ റോണൾഡ്‌ എം. ബെർൺട്ട്‌ പറയുന്നു. ചില ആഫ്രിക്കൻ ഗോത്രവർഗക്കാർ വിശ്വസിക്കുന്നത്‌ മരണാനന്തരം സാധാരണക്കാർ ഭൂതങ്ങളായിത്തീരുന്നെന്നും അതേസമയം പ്രമുഖ വ്യക്തികൾ സമുദായത്തിലെ അദൃശ്യ നേതാക്കന്മാരെന്ന നിലയിൽ ബഹുമാനിക്കപ്പെടുകയും അപേക്ഷകൾ അർപ്പിക്കപ്പെടുകയും ചെയ്യുന്ന നല്ല പൂർവികാത്മാക്കളായിത്തീരുന്നെന്നും ആണ്‌.

ചില ദേശങ്ങളിൽ, മരിച്ചവരുടെ അവസ്ഥയെ കുറിച്ചുള്ള വിശ്വാസങ്ങൾ പ്രാദേശിക പാരമ്പര്യങ്ങളും നാമധേയ ക്രിസ്‌ത്യാനിത്വത്തിന്റെ പല വശങ്ങളും കൂടിച്ചേർന്ന്‌ ഉണ്ടായതാണ്‌. ഉദാഹരണത്തിന്‌, വീട്ടിൽ ആരെങ്കിലും മരിച്ചാൽ കണ്ണാടികൾ മൂടിയിടുന്നതാണ്‌ പശ്ചിമ ആഫ്രിക്കയിലെ അനേകം കത്തോലിക്കരുടെയും പ്രൊട്ടസ്റ്റന്റുകാരുടെയും ഇടയിലുള്ള രീതി. മരിച്ച ആളുടെ ആത്മാവിനെ കണ്ണാടിയിൽ ആരും കാണാതിരിക്കാനാണത്രേ അവർ അങ്ങനെ ചെയ്യുന്നത്‌.

അതേ, ‘നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?’ എന്ന ചോദ്യത്തിന്‌ പലരും പല വിധത്തിലുള്ള ഉത്തരങ്ങളാണു നൽകുന്നത്‌. എന്നാൽ എല്ലാവരുംതന്നെ ഒരു അടിസ്ഥാന കാര്യത്തിൽ യോജിക്കുന്നതായി കാണാം. മനുഷ്യന്റെ ഉള്ളിൽ അമർത്യമായ എന്തോ ഒന്ന്‌ ഉണ്ടെന്നും മരണശേഷവും അത്‌ അസ്‌തിത്വത്തിൽ തുടരുന്നുവെന്നും അവർ വിശ്വസിക്കുന്നു. ആ ‘എന്തോ ഒന്നിനെ’ ചിലർ ആത്മാവ്‌ എന്നു വിളിക്കുന്നു. ആഫ്രിക്കയുടെയും ഏഷ്യയുടെയും പല ഭാഗങ്ങളിലും പോളിനേഷ്യ, മെലനേഷ്യ, മൈക്രൊനേഷ്യ എന്നീ പസിഫിക്‌ പ്രദേശങ്ങളിൽ ഉടനീളവും വസിക്കുന്ന ആളുകളുടെ കാര്യത്തിൽ ഇതു സത്യമാണ്‌.

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക്‌ ആത്മാവുണ്ടോ? മരിക്കുമ്പോൾ ആ ആത്മാവ്‌ വാസ്‌തവത്തിൽ ശരീരത്തെ വിട്ടു പോകുന്നുവോ? അങ്ങനെയാണെങ്കിൽ, അതിന്‌ എന്തു സംഭവിക്കുന്നു? മരിച്ചവർക്ക്‌ എന്തു പ്രത്യാശയാണ്‌ ഉള്ളത്‌? അവഗണിച്ചു കളയാവുന്ന ചോദ്യങ്ങളല്ല ഇവ. നിങ്ങളുടെ മത-സാംസ്‌കാരിക പശ്ചാത്തലം എന്തുതന്നെ ആയിരുന്നാലും മരണം എന്ന വസ്‌തുതയെ നിങ്ങൾ അഭിമുഖീകരിച്ചേ തീരൂ. അതുകൊണ്ട്‌ ഈ ചോദ്യങ്ങൾ നിങ്ങളെ വളരെ വ്യക്തിപരമായ ഒരു വിധത്തിൽ ബാധിക്കുന്നു. ഈ വിഷയത്തെ കുറിച്ചു കൂടുതലായി പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌.